TopTop
Begin typing your search above and press return to search.

കലാഭവന്‍ മണി: കടങ്ങള്‍ വഴിയുള്ള കള്ളക്കടത്ത്

കലാഭവന്‍ മണി: കടങ്ങള്‍ വഴിയുള്ള കള്ളക്കടത്ത്

'കടങ്ങള്‍ വീട്ടി മണി യാത്രയായി, മണി വീട്ടിയ ഏഴ് കടങ്ങള്‍' എന്നത് ശ്രീ കലാഭവന്‍ മണിയുടെ അപ്രതീക്ഷിത മരണവുമായി ബന്ധപ്പെട്ട് ഈസ്റ്റ് കോസ്റ്റ് ഡെയിലിയില്‍ കണ്ട ഒരു തലക്കെട്ടാണ്. കലാഭവന്‍ മണിയെപ്പോലെ താരമെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു പോലെ ജനപ്രിയനായിരുന്ന ഒരാളിന്റെ അപ്രതീക്ഷിത നിര്യാണം ഈസ്റ്റ് കോസ്റ്റ് പോലൊരു സൈബര്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുമ്പോള്‍ ഇത്തിരി അതികാല്‍പനികതയും മെലോഡ്രാമയും കൂട്ടിക്കലര്‍ത്തുന്നത് നാട്ടുനടപ്പായതിനാല്‍ അതില്‍ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല. ഉള്ളടക്കം ഊഹിക്കാവുന്നതേയുള്ളൂ എന്ന തോന്നലില്‍ ആദ്യമത് വായിച്ചുമില്ല. പലരാലും പങ്കുവയ്ക്കപ്പെട്ട് പലതവണ ഇത് ചുമരില്‍ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഏതാണീ ഏഴുകടങ്ങള്‍, ആര്‍ക്കൊക്കെയാണ് പുള്ളി തിരിച്ചുകൊടുത്തിട്ടുണ്ടാവുക എന്നറിയാന്‍ ഒരു കൗതുകം ഉണ്ടായത്. പഴയ ദാരിദ്ര്യകാലത്ത് പലരില്‍ നിന്ന് പറ്റിയ ചെറിയ ചെറിയ കടങ്ങള്‍, വന്നവഴി മറക്കാതിരിക്കുക എന്ന പലിശയും ചേര്‍ത്ത് കൊടുക്കാനായ ഭാഗ്യത്തെ കുറിച്ച് എളിമയോടെ ആ കലാകാരന്‍ ഓര്‍ത്ത് പറയുന്നത് പല ടെലിവിഷന്‍ പരിപാടികളിലായി കേട്ടിട്ടുള്ളതു കൊണ്ട് ആ ഒരു ദിശയിലായിരുന്നു ഊഹങ്ങളും.കടമല്ല, കടമകള്‍
കുറിപ്പ് വായിച്ചതോടെ അത് മാറി. മണി വീട്ടിയ കടങ്ങള്‍ പോലീസിനോട്, അച്ഛനോട്, ഓട്ടോക്കാരോട്, സ്‌കൂളിനോട്, പള്ളിയോട്, പുഴയോട്, മനുഷ്യരോട് എന്നിങ്ങനെ ഏഴായി തിരിച്ചുള്ള വിവരണം നല്‍കുന്ന ചിത്രം അത്തരം വ്യക്തിഗത കൊടുക്കല്‍ വാങ്ങലുകളുടെ, അവയിലെ സഹജാവബോധത്തിന്റെ, നന്മയുടെ ഒരു ചെറിയ നാട്ടുചിത്രമല്ല. അതിന്റെ വിവക്ഷകള്‍ സാധാരണ കൈവായ്പകളുടെയുമല്ല, മറിച്ച് കടമകളുടെയാണ്. വാങ്ങിയ പണം തിരികെ കൊടുക്കുക ഒരു കടമയല്ല എന്നല്ല. അത് കടമ തന്നെയാണ്, പക്ഷേ അതില്‍ വീരസ്യമില്ലല്ലൊ. ഈ ഏഴ് കടങ്ങളുടെ വീട്ടലെന്ന ആഖ്യാനത്തിലൂടെ മണിയിലെ മാനവികമായ നന്മകളെ ആവിഷ്‌കരിക്കാനാണ് ആഖ്യാതാവിന്റെ ശ്രമം എന്ന് വായനക്കാര്‍ക്ക് തോന്നാം. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ഇതിലൂടെ ഒളിച്ച് കടത്തപ്പെടുന്നത് മണിയുടെ മൂല്യങ്ങളല്ല, അയാളുടെ 'കടങ്ങള്‍' ആണ് എന്നത് അദ്ദേഹത്തിന്റെ ദളിത് പശ്ചാത്തലത്തില്‍ അത്ര ലളിതവുമല്ല. പക്ഷേ പിന്നെയും തോന്നിയ ഒരു സംശയം ഈസ്റ്റ് കോസ്റ്റ് പോലുള്ള ഒരു സൈബര്‍ പ്രസിദ്ധീകരണത്തില്‍ വരുന്ന ഒരു കുറിപ്പ് ഗൗരവമുള്ള പ്രതികരണം അര്‍ഹിക്കുന്നുവോ എന്നതാണ്. പങ്കുവയ്ക്കലുകളിലൂടെ പെരുകുകയും, നിശബ്ദതയിലൂടെ അംഗീകരിക്കപ്പെടുകയും ചെയ്യുന്ന മൂല്യങ്ങളിലൂടെയാണ് പിന്നെ എത്ര അരിച്ചാലും കിട്ടാത്ത സാംസ്‌കാരിക ഹെഗമണിയുടെ അംശങ്ങള്‍ പൊതുബോധത്തില്‍ കലരുന്നത്, സാധാരണത്വം ആര്‍ജ്ജിക്കുന്നത് എന്ന് ഓര്‍ക്കുമ്പോള്‍ ഇത് വെറും സ്ഥൂലവല്‍ക്കരണമോ, സത്താവാദമോ ആവില്ല എന്ന് തോന്നുന്നു.കടവും കടമയും തമ്മിലുള്ള വ്യത്യാസം എന്താണ്? കടം വ്യക്തിതലത്തിലും, കടമ സാമൂഹ്യതലത്തിലും നിലനില്ക്കുന്ന ബാധ്യതകളാണ്. പെങ്ങമ്മാരെ കെട്ടിച്ച് വിടുന്നത് മുത്ത ആങ്ങളയുടെ കടമയാണ് എന്ന പൊതുബോധത്തിന്റെ ലളിതമായ ഉദാഹരണം മാത്രമെടുത്താല്‍ മതി അതിന്. സമൂഹം മാറുമ്പോള്‍ ഈ കടമയും മാറുന്നു. അറേബ്യന്‍ സമൂഹങ്ങളില്‍ ഇത് ആങ്ങളയുടെ കടമയല്ല. വിവാഹം കഴിക്കുക ആണിന്റെ കടമയാണ്, അതിനുള്ള സമ്പത്ത് കണ്ടെത്തുകയും. പക്ഷേ അറേബ്യയിലായാലും ഏഷ്യയിലായാലും ഏനാത്ത് മുക്കിലായാലും വാങ്ങിയ കടം തിരിച്ച് കൊടുക്കുക എന്നത് സാമാന്യമര്യാദയും. ഇതിനെ രണ്ടിനെയും പരസ്പരം കൂട്ടിക്കെട്ടുന്നതിലൂടെ നടക്കുന്നത് ചില അദൃശ്യ സാമൂഹ്യ വ്യവസ്ഥകളോടുള്ള സാംസ്‌കാരികവിധേയത്വത്തിന്റെ പരോക്ഷമായ ഒളിച്ചുകടത്തലാണ്. മണിയുടെ കടങ്ങള്‍ എന്ന് ഇവിടെ എണ്ണിപ്പറയുന്നവ കടമല്ല, നിലനില്‍ക്കുന്ന സാമൂഹ്യവ്യവസ്ഥ പരോക്ഷമായി ആവശ്യപ്പെടുന്നതും, പ്രത്യക്ഷമായി പ്രോത്സാഹിപ്പിക്കുന്നതും ആയ ചില കടമകളാണ്. സമൂഹത്തിനോട്, വ്യവസ്ഥയോട്, ഹെഗമണിയോട് ഒരു പൗരനുണ്ടായിരിക്കേണ്ട വിധേയത്വമാണ് പ്രമേയം. ആഖ്യാനം തീരെ രേഖീയമല്ലെന്ന് മാത്രം!

ഏഴ് കടങ്ങളും തീര്‍ത്ത്
ഇഹലോകത്തു നിന്ന് പരലോകത്തേക്കുള്ള സുഗമമായ യാത്ര ആവശ്യപ്പെടുന്ന മുന്‍വ്യവസ്ഥകളുടെ അംഗീകൃത രേഖകളാണ് ഓരോ മതപ്രത്യയശാസ്ത്രവും. ഇവയനുസരിച്ച് മനുഷ്യന്‍ ജനിക്കുന്നത് തന്നെ നിരവധി കടമകളും ബാധ്യതകളുമായാണ്. അവയൊക്കെ കര്‍മ്മനിരതമായ ഒരു ജീവിതത്തിലൂടെ ഒന്നേ, രണ്ടേ എന്ന് ചെയ്ത് തീര്‍ക്കുന്നവര്‍ക്കേ സ്വര്‍ഗ്ഗമുള്ളു. ഈ പ്രമേയം തന്നെ കലാഭവന്‍ മണിയുടെ മരണത്തെ സാര്‍ത്ഥകമാക്കാനായി ജനപ്രിയ ജേര്‍ണലിസ്റ്റുകള്‍ ഉപയോഗിക്കുന്നതും. പക്ഷേ ഇത് ആധുനിക മാനവിക, ജനാധിപത്യ മൂല്യങ്ങളുമായി ഒത്തുപോകുന്നവയല്ല താനും. എന്നാല്‍ ജനപ്രിയനായ ഒരു കീഴാള കമ്യൂണിസ്റ്റിന്റെ അപ്രതീക്ഷിത മരണവുമായി ബന്ധപ്പെട്ട വൈകാരിക സാഹചര്യങ്ങളില്‍ അത്തരം ആഖ്യാനങ്ങളില്‍ കടന്നുകൂടുന്ന ഫ്യൂഡല്‍, ബ്രാഹ്മണിക്ക് അംശങ്ങള്‍ സാധാരണഗതിയില്‍ അവഗണിക്കപ്പെടും എന്ന് മാത്രമല്ല, അവയെ വിമര്‍ശിക്കാനുള്ള ശ്രമങ്ങള്‍ സന്ദര്‍ഭത്തിന് അനുചിതം എന്ന വിമര്‍ശനവും നേരിടേണ്ടിവരും എന്ന് ഉറപ്പാണ്. പക്ഷേ ഹിന്ദുത്വ ബ്രാഹ്മണിക്ക് ഹെഗമണി അതിന്റെ ഫ്യൂഡല്‍ മൂല്യങ്ങളെ പ്രച്ഛന്നമാക്കി പലവഴികളിലൂടെ പൊതുസമൂഹത്തിലേയ്ക്ക് കടത്തിക്കൊണ്ടിരിക്കുന്ന സമകാലിക സാഹചര്യത്തില്‍ അത്തരം വിമര്‍ശനങ്ങളെ അവഗണിക്കുകയേ നിവര്‍ത്തിയുള്ളു.മീഡിയ ആഘോഷിക്കുന്ന ഏഴ് കടങ്ങളില്‍ പലതും പല തലങ്ങളില്‍ മണി തന്നെ ഏറ്റ് പറഞ്ഞിട്ടുള്ളവയോ, ഓര്‍ത്തെടുത്തിട്ടുള്ളവയോ ആവാം. പക്ഷെ അവയെ അതിന്റെ വ്യക്തിഗത ആഖ്യാനത്തിന്റെ തലത്തില്‍ നിന്ന് വേര്‍പെടുത്തി അയാളുടെ കടമയായി സ്ഥിതീകരിക്കുന്നത് ഒരു തരത്തില്‍ ആ കൃത്യങ്ങളില്‍ ഒരു വ്യക്തി എന്ന നിലയില്‍ അയാള്‍ക്കുള്ള വ്യതിരിക്ത ഏജന്‍സിയെ നിഷേധിക്കുന്നത് തന്നെയാണ്. ഈ പറയുന്ന ഏഴ് കടങ്ങളുടെ വിശദീകരണത്തിലും അത് കാണാനാവും.ചെയ്ത ജോലിക്ക് വാങ്ങിയ കൂലിയും കടം!
'ഏഴാം ക്ലാസില്‍ പഠിക്കുമ്പോള്‍ പോലീസുകാര്‍ക്ക് യൂണിഫോം തുന്നിക്കൊടുത്ത് പണം കണ്ടെത്തിയ ചാലക്കുടി പോലീസ് സ്‌റ്റേഷന് രണ്ടാം നില നിര്‍മ്മിച്ചു കൊടുത്തു മണി. അതേ പോലീസ് സ്‌റ്റേഷന്റെ മുറ്റമടിച്ചു കൊടുത്ത് പണമുണ്ടാക്കിയ ബാല്യത്തിന്റെ കടം വീട്ടലായി ആ കെട്ടിട സമര്‍പ്പണം' എന്ന ആദ്യ കടത്തിന്റെ വിശദീകരണം നോക്കുക. ജോലിക്ക് വാങ്ങിയ കൂലിയാണ്, പോലീസ്‌കാരോട് വാങ്ങിയ കൈവായ്പ പോലുമല്ല ഇവിടെ 'കടം'! നാട്ടിലെ പോലീസ് സ്‌റ്റേഷന് രണ്ടാം നില നിര്‍മ്മിച്ചു കൊടുത്തെങ്കില്‍ അത് മണിയുടെ ഔദാര്യമല്ലേ? അതെങ്ങനെ കടമാകും? ബാല്യത്തിലായാലും, കൗമാരത്തിലായാലും പോലീസ് സ്‌റ്റേഷന്‍ കേന്ദ്രമാക്കി മണി പണം ഉണ്ടാക്കിയിട്ടുണ്ടെങ്കില്‍ അത് ജോലി ചെയ്തിട്ടാണ്. ശ്രദ്ധിക്കുക, ഈ യുക്തിപ്രകാരം തമ്പ്രാന്റെ പാടത്ത് പണിയെടുത്ത് പട്ടിണി മാറ്റിയ ബാല്യമാണ് മണിക്ക് ഉണ്ടായിരുന്നതെങ്കില്‍ അദ്ദേഹത്തിന് കൊട്ടാരം വച്ചുകൊടുക്കേണ്ടതും അയാള്‍ 'വീട്ടേണ്ട കടം' ആയി വന്നേനേ!രണ്ടാം കടം അച്ഛനോടുള്ളതാണ്. 'അച്ഛന്‍ എല്ലുമുറിയെ പണിയെടുത്ത് കൊണ്ടു വരുന്ന തുച്ഛമായ തുക കൊണ്ട് കഞ്ഞി കുടിച്ചിരുന്ന ബാല്യം. അച്ഛന്‍ കൂലിപ്പണിയെടുത്തിരുന്ന ചാലക്കുടി പുഴയോരത്തെ പറമ്പ് സ്വന്തമാക്കി അവിടെ വീട് വെച്ച് ആ കടവും വീട്ടി'. ഇതും കടമാകുന്നതിന്റെ യുക്തി വിചിത്രമാണ്. ഒരു മനുഷ്യന് ഒരു പ്രത്യേക സ്ഥലത്തോട്, മണ്ണിനോട് തോന്നുന്ന തികച്ചും വ്യക്തിപരമായ താല്‍പര്യത്തിന്റെ യുക്തിയും വ്യക്തിപരമായിരിക്കും. തന്റെ അച്ഛന്‍ പണിയെടുത്തിരുന്ന പറമ്പിനോട് മണിക്കുള്ള താല്‍പര്യവും അതേ. പക്ഷേ അതൊരു കടം ആകുന്നതെങ്ങനെ? ഇവിടെ ആ വസ്തു അതിന്റെ ഉടമയ്ക്ക് ബോധിക്കുന്ന വില കൊടുത്ത് വാങ്ങുക മണിയുടെ അച്ഛനോടുള്ള കടമയായി വ്യാഖ്യാനിക്കപ്പെടുകയാണ്. ആ സ്ഥലം വിറ്റ തമ്പ്രാനോ, കൊടുത്ത കടം തിരികെ കിട്ടി എന്ന് മാത്രം! പക്ഷേ എന്താണാ കടം? എല്ലുമുറിയെ പണി എടുപ്പിച്ചതോ? അതോ നിവര്‍ത്തികെട്ട് തമ്പ്രാന്‍ ഭൂമി വില്‍ക്കാന്‍ തീരുമാനിച്ചപ്പോള്‍ പണം കൊടുത്ത് അത് വാങ്ങാന്‍ തീരുമാനിച്ചതോ? ഇവിടെ കടം ഭാഗികമായെങ്കിലും വീട്ടിയത് അത് വിറ്റ 'തമ്പ്രാ'നാണ്, കലാഭവന്‍ മണിയല്ല.ഇനി അപ്പനെ ദ്രോഹിച്ച വ്യവസ്ഥയോട്, അതിന്റെ അപ്പനായി പ്രതികാരം ചെയ്യുക എന്നതാണെങ്കില്‍ അത് ഒരു ഉത്തരാധുനിക സവര്‍ണ്ണ പ്രമേയമാണ്; എണ്ണമറ്റ ജനപ്രിയ സിനിമകളില്‍ സവര്‍ണ്ണ നായക സ്വരൂപങ്ങള്‍ ആടിക്കണ്ട ഒന്ന്. ദളിത് രാഷ്ട്രീയത്തിന്റെ ഉള്ളടക്കം അതല്ല.


സാമൂഹ്യപ്രതിബദ്ധതയും വെറും കടംവീട്ടല്‍!
മൂന്നാമത്തെ കടം ഓട്ടോക്കാരോട്. താന്‍ പണ്ട് വാടകയ്ക്ക് ഓടിയിരുന്ന സ്റ്റാന്‍ഡില്‍ സ്വന്തമായി ഒരു ഓട്ടോ കിടക്കട്ടെ എന്ന മണിയുടെ തീരുമാനവും ഇവിടെ കടമാണ്. ആരോടുള്ള കടം എന്നതൊട്ട് വ്യക്തവുമല്ല. ഓട്ടോ തൊഴിലാളിക്ക് സ്വന്തമായി ഒരു ഓട്ടോ വാങ്ങാന്‍ കഴിയുന്നില്ല എന്നത് കര്‍ഷകന് കൃഷിഭൂമിയില്ല എന്നതുപോലെ ഒരു പ്രശ്‌നമാണ്. അത് ജനാധിപത്യ ഭരണകൂടങ്ങള്‍ ജനസമൂഹത്തോട് വീട്ടേണ്ട ഒരു കടമാണ്. അതില്‍ അയവുള്ള വ്യവസ്ഥകളുമായി, ഒരുപക്ഷേ വ്യവസ്ഥകളേ ഇല്ലാതെ ഒന്നോ, പല ഓട്ടോകളോ സ്റ്റാന്‍ഡില്‍ ഇറക്കുന്ന ഒരു വ്യക്തി ചെയ്യുന്നത് അയാളുടെ വ്യക്തിപരമായ ഒരു ഇനിഷ്യേറ്റീവാണ്. അതിനെയും കടം വീട്ടലായി കാണുന്നത് ലളിതമായി പറഞ്ഞാല്‍ ജനാധിപത്യവിരുദ്ധമാണ്. വ്യക്തിഗത ഔദാര്യങ്ങളിലൂടെ നടക്കേണ്ടുന്ന സാമൂഹ്യ ദൗത്യങ്ങള്‍ക്ക് ഇടനിലക്കാരനാവുക മാത്രമാണ് ഭരണകൂടത്തിന്റെ റോള്‍ എന്നത് ഒരു വലത് രാഷ്ട്രീയ ആഖ്യാനമാണ്. അതിനെ ഒരു കമ്യൂണിസ്റ്റുകാരനായിരുന്ന മണിയുടെ ചിലവില്‍ മുമ്പോട്ട് 'തള്ളു'ന്നത് മര്യാദയുടെ ഭാഷയില്‍ പറഞ്ഞാല്‍ അപമര്യാദയാണ്.അതുപോലെ സ്‌കൂളിനോടും പള്ളിയോടുമുള്ള നാലും അഞ്ചും കടങ്ങള്‍. 'സ്‌കൂളില്‍ പോകാന്‍ സാഹചര്യമില്ലാതിരുന്നിട്ടും ചാലക്കുടി ഗവ. ബോയ്‌സ്, ഗേള്‍സ് സ്‌കൂളുകളില്‍ താന്‍ പഠിച്ച കാലം. അന്ന് സഹപാഠികളും അധ്യാപകരും കാട്ടിയ സ്‌നേഹം. ഉള്ളിലെ കലയെ ഉള്ളുപൊള്ളുന്ന ജീവിതാനുഭവങ്ങള്‍ക്കിടയിലും വേദിയില്‍ കൊണ്ടുവരാന്‍ നല്‍കിയ അവസരത്തെ മറന്നില്ല. സ്‌കൂളിന് എപ്പോഴും താങ്ങായി. കയ്യില്‍ കിട്ടിയ പണമെല്ലാം കൂട്ടിവെച്ച് ബസും മറ്റ് ഉപകരണങ്ങളും വാങ്ങി നല്‍കി' എന്നാണ് സ്‌കൂള്‍ 'കട'ത്തിന്റെ വിശദീകരണം. സ്‌കൂള്‍ വിദ്യാഭ്യാസം ഏതൊരു പൗരന്റെയും അവകാശമാണ്. അതിന് സഹായകരമായ നിലപാടെടുത്ത സ്‌കൂള്‍ അധികൃതര്‍ മണിയോട് ഒരു ഔദാര്യം ചെയ്യുകയായിരുന്നില്ല, മറിച്ച് സ്വന്തം കടമ നിര്‍വഹിക്കുകയായിരുന്നു. സര്‍ക്കാര്‍, ഏയിഡഡ് സ്‌കൂളുകള്‍ ഒക്കെയും നമ്മളുടെ നികുതിപ്പണം കൊണ്ട് നടക്കുന്നവയാണ്. അതിന്റെ നടത്തിപ്പില്‍ അധിക സാമ്പത്തിക സഹായം നല്‍കുക എന്നത് വ്യക്തിയുടെ ഹൃദയവിശാലതയുടെ പ്രതീകമാണ്, അയാള്‍ വീട്ടേണ്ട കടത്തിന്റെയോ, പൗരനെന്ന നിലയിലെ കടമയുടെയോ അല്ല. പഠിച്ച സ്‌കൂളിന്റെ തുടര്‍ന്നുള്ള നിലനില്‍പ്പ് പൗരസമൂഹത്തിന്റെ കൂടി കടമയാണെങ്കില്‍ ഒരോ നികുതിദായകരും അത് ചെയ്യുന്നുണ്ട്.'പെരുന്നാളുകാലത്ത് ആ പള്ളിയിലെ നേര്‍ച്ചയൂണു കൊണ്ട് ഞാന്‍ വിശപ്പടക്കിയിട്ടുണ്ട്,' എന്നത് ചേനാത്ത് പള്ളിയിലെ പെരുനാള്‍ ഏറെനാള്‍ ഏറ്റെടുത്ത് നടത്തിയതിനെ കുറിച്ച് ചോദിച്ചപ്പോള്‍ മണി തന്നെ പറഞ്ഞത് എന്ന് കരുതപ്പെടുന്ന വിശദീകരണം. താന്‍ പഠിച്ച സ്‌കൂളിന്റെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുക, തന്റെ നാട്ടിലെ പള്ളിയിലെ പെരുനാള്‍ ഏറ്റെടുത്ത് നടത്തുക തുടങ്ങിയവയൊക്കെ ഒരു വ്യക്തി എന്ന നിലയില്‍ മണിയുടെ നല്ല മനസിനെ, വ്യക്തിത്വമഹിമയെ അടയാളപ്പെടുത്തുന്നവയാണ്. പ്രത്യേകിച്ചും മണി എന്ന വ്യക്തിയുടെ വിശപ്പടക്കാനല്ല പള്ളിയില്‍ നേര്‍ച്ചയൂണ് എന്ന സംവിധാനം ഉണ്ടായതും നിലനിന്ന് പോന്നതും എന്ന് പരിഗണിക്കുമ്പോള്‍. അത് വിശ്വാസബന്ധിയായ ഒന്നാണ്. അതിന്റെ ആത്യന്തിക ഗുണഭോക്താക്കള്‍ വിശ്വാസി സമൂഹവുമാണ്. അവിടെ പരോക്ഷ ഗുണഭോക്താക്കള്‍ മാത്രമാണ് മണിയും, മണിയെപ്പോലെ ആ നേര്‍ച്ച ചോറുണ്ട വിവിധ ജാതിമതസ്ഥരായ ദരിദ്രരും. വിശപ്പ് എന്ന പൊതുയാഥാര്‍ത്ഥ്യത്തിന് ഇത്തരം ചടങ്ങുകളും വിശ്വാസങ്ങളും ഒക്കെ ഒരു പ്രായോഗിക പരിഹാരമാകുന്നു എന്നത് മനസിലാക്കി അതിന്റെ തുടര്‍ച്ചയ്ക്കായി തന്നാലാവുന്നത് ചെയ്യുക എന്നതും ഇവിടെ മണി എന്ന വ്യക്തിയുടെ കടമോ കടമയോ ഒന്നുമല്ല, മറിച്ച് ദര്‍ശനമാണ്. അതിനെ ബഹുമാനിക്കണ്ട, പക്ഷേ വെറും കടംവീട്ടലായി അപഹസിക്കരുത്.

പോലീസ് പിടിക്കാത്ത കള്ളക്കടത്തുകള്‍
നിയമവിരുദ്ധമായി വസ്തുവകകളെ വിപണിയിലേയ്ക്ക് കൊണ്ടുവരുന്നതിനാണ് കള്ളക്കടത്ത് എന്ന് പറയുന്നത്. അത് വിപണി എന്ന അധികാരബന്ധിയായ സ്ഥാപനത്തിന്റെ നിലനില്‍പ്പിനെ അപകടത്തിലാക്കാം എന്നതുകൊണ്ട് അതിനെ നേരിടാന്‍ പ്രത്യേക ഭരണകൂടസന്നാഹങ്ങള്‍ തന്നെയുണ്ട്. പക്ഷേ ആശയങ്ങളുടെ പൊതുബോധത്തിലേക്കുള്ള കടത്തിനെ നിയന്ത്രിക്കാന്‍ അങ്ങനെ വ്യവസ്ഥാപിത സംവിധാനങ്ങളൊന്നുമില്ല. അത് ബുദ്ധിജീവികളുടെയും സാംസ്‌കാരിക നായകന്മാരുടെയും കടമയാണെന്നാണ് വയ്പ്പ്. പക്ഷേ വിജിലന്‍സ് കള്ളക്കടത്തുകാരുടെ സഖ്യകക്ഷിയായി പ്രവര്‍ത്തിക്കുന്ന അധോവിപണിക്കും പൊതുവിപണി പ്രശ്‌നാധിഷ്ഠിത പിന്തുണ നല്കുന്ന ഉത്തരാധുനിക കാലത്തുനിന്ന് അത് പ്രതീക്ഷിക്കാനാവില്ല.മണിയുടെ ഏഴ് കടങ്ങള്‍ വഴി അദ്ദേഹം കടത്തപ്പെടുന്നത് ബ്രാഹ്മണിക്ക് ഹിന്ദുത്വ ഹെഗമണിയിലേക്കാണ്. ജീവിച്ചിരുന്ന കാലം മുഴുവന്‍ പ്രത്യക്ഷമായി തന്നെ ഇടതുപക്ഷത്ത് നിലയുറപ്പിച്ച ഒരു മനുഷ്യന്റെ മൃതദേഹമാണ് ഇങ്ങനെ കടത്തപ്പെടുന്നത്. പ്രതിരോധിച്ചില്ലെങ്കില്‍ അപ്രോപ്രിയേറ്റ് ചെയ്യപ്പെടുന്നത് ഒരു വ്യക്തിയാവില്ല, ഒരു പറ്റം മൂല്യങ്ങള്‍ ഒട്ടാകെയാവും. മണി മരിച്ചിട്ടില്ല, ജീവിക്കുന്നു നമ്മളിലൂടെ എന്ന മുദ്രാവാക്യം കൊള്ളാം. പക്ഷേ അത് മണി തന്നെയാവണം, ആ മൃതദേഹത്തിനോടൊപ്പം സംഘി ഹെഗമണി കടത്തിയ കള്ളങ്ങള്‍ ആവരുത് എന്ന് മാത്രം.(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories