TopTop
Begin typing your search above and press return to search.

മണിയില്ലാ ഓണം

മണിയില്ലാ ഓണം

ജിഷ ജോര്‍ജ്ജ്

ഉത്രാട പാച്ചിലാണ്, എണ്‍പതു വയസ്സിന്റെ വാര്‍ദ്ധക്യം ഏതോ ഒരു ആവേശത്തില്‍ മറന്നു വച്ച് നാണിയമ്മ പായുകയാണ്. ഓണമാണ് , വയറു നിറച്ചൊന്ന് ഉണ്ട് ഒരു കോടി മുണ്ട് ഉടുക്കേണ്ടേ. അതാണ് മനസ്സില്‍. നടന്ന് നടന്ന് ഒടുവില്‍ ആ വീടിനു മുന്നില്‍ എത്തിയപ്പോള്‍ നാണിയമ്മയ്ക്ക് ഒരു പകപ്പ്, പതിവ് ബഹളങ്ങള്‍ ഇല്ല, ആളുകള്‍ ഇല്ല, പ്രായം മറച്ച ഓര്‍മ്മ പതിയെ തെളിഞ്ഞു, ഉള്ളില്‍ ഒരു നീറ്റല്‍ പടര്‍ത്തി...

ഈ ഓണത്തിന് മണിക്കുട്ടന്‍ ഉറങ്ങുകയാണല്ലൊ, മണ്ണിനടിയില്‍.

അടുത്തു വരുന്ന ഏതൊരു മനുഷ്യനെയും പരിധികള്‍ ഇല്ലാതെ സ്‌നേഹിച്ച വേണ്ടതെല്ലാം വാരിക്കോരി കൊടുത്ത ആ വലിയ മനുഷ്യന്‍ തന്റെ മരണം കൊണ്ട് സൃഷ്ടിച്ച ശൂന്യത ഇന്നും അംഗീകരിക്കാന്‍ പറ്റാതെ നാണിയമ്മയെപ്പോലെ എത്രയോ പേര്‍ ആറു മാസങ്ങള്‍ക്കുശേഷവും മരിച്ചു പോയ ഒരു മനുഷ്യനെ തേടി ഇപ്പോഴും എത്തുന്നു ഈ 'മണിക്കൂടാര'ത്തിലേക്ക്.

ചാലക്കുടി ടൗണില്‍ നിന്നും 2 കിലോമീറ്റര്‍ മാറിയുള്ള ചേനത്തുനാട് എന്ന പ്രദേശം ഒരു 'മണി ഗ്രാമം' തന്നെയായിരുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് വരെ തങ്ങള്‍ സനാഥരായിരുന്നു എന്നാണ് അവിടുത്തുകാര്‍ പറഞ്ഞിരുന്നത്. കലാഭവന്‍ മണി എന്ന കുന്നിശ്ശേരി രാമന്‍ മകന്‍ മണി ആ പ്രദേശത്തെ ഒരു സമാന്തര ഭരണ സംവിധാനം തന്നെയായിരുന്നു. ഏതൊരു ജനപ്രതിനിധിയും തങ്ങളുടെ നാടിനു വേണ്ടി ചെയ്തതിനെക്കാള്‍ പതിന്മടങ്ങ് നന്മകള്‍ ചെയ്ത ആളാണ് മണി എന്ന് ചേനത്തുനാട്ടിലെ എല്ലാ മനുഷ്യരും ഒരു പോലെ സമ്മതിക്കും. മണിയെക്കുറിച്ച് ചോദിക്കുമ്പോള്‍ പറയാനും അവര്‍ക്ക് വിശേഷങ്ങള്‍ ഏറെ. 'ആ ഓര്‍മ്മകള്‍ പോലും മനസ്സിനെ നീറ്റുന്നു, ഞങ്ങളുടെ എല്ലാമായിരുന്നു' എന്ന് പറഞ്ഞ് ചിലര്‍ വാക്കുകള്‍ ചുരുക്കിയപ്പോള്‍ മറ്റു ചിലര്‍ മണിയുമൊത്തുള്ള തങ്ങളുടെ അനുഭവങ്ങളെ കുറിച്ച് വാചാലരായി.


മിമിക്രിക്കാരന്‍ മണി
എണ്‍പതുകളുടെ അവസാനവും തൊണ്ണുറുകളുടെ ആദ്യവും മാറ്റി എഴുതപ്പെട്ട മലയാളികളുടെ കലാ ആസ്വാദനത്തിന്റെയും ജനകീയ കലകള്‍ എന്ന മാനത്തില്‍ വളര്‍ന്നു വന്ന മിമിക്രി, ഗാനമേള എന്നിവയുടെയും പശ്ചാത്തലത്തില്‍ ആയിരുന്നു ഒരു സാധാരണക്കാരനില്‍ നിന്നും ജനങ്ങള്‍ അറിയുന്ന കലാകാരന്‍ എന്ന നിലയില്‍ മണിയുടെ വളര്‍ച്ച. മണിയെപ്പോലെ കീഴാള പശ്ചാലത്തില്‍ നിന്നു വന്ന ഒരാള്‍ക്ക് വളരെ വേഗത്തില്‍ ഈ ജനകീയ കലാരൂപങ്ങളുടെ ഭാഗമാകാന്‍ കഴിഞ്ഞു. കാലക്രമേണ സ്‌റ്റേജ് ഷോകളിലെ ഏറ്റവും കൊഴുപ്പ് കൂടിയ വിഭവമായി മിമിക്രി മാറിയതിനൊപ്പം ഏറ്റവും വലിയ ആകര്‍ഷണമായി മണിയും വളര്‍ന്നു. ആ വളര്‍ച്ചയില്‍ കലാഭവനും മണിയും പരസ്പരപൂരകങ്ങള്‍ ആയിരുന്നു.നാടന്‍ പാട്ടുകാരന്‍ മണി
സമൂഹത്തില്‍ ഏറ്റവും താഴെ തട്ടിലുള്ളവരുടെ ജീവിതവും അറിവുകളും ആനന്ദവും വേദനകളും വിഹ്വലതകളുമാണ് നാടന്‍ പാട്ടുകള്‍ എന്ന് പൊതുജനം വിളിച്ച കീഴാള കവിതകളിലൂടെ മണി ആവിഷ്‌കരിച്ചത്. തന്റെ തന്നെ ജീവിതാനുഭവങ്ങളെയും ചാലക്കുടി എന്ന പ്രദേശത്ത് കണ്ടിരുന്ന നാട്ടു സംസ്‌കാരങ്ങളെയും വരികളിലാക്കിയ മണി അച്ഛന്‍ രാമന്റെയും കൂട്ടുകാരുടെയും നാടന്‍ ശീലുകളിലെ സംഗീതത്തെയും ആ വരികളില്‍ നിറച്ചു. തന്നെ തേടി വന്ന നാട്ടുകവികളെ അകമഴിഞ്ഞു പ്രോത്സാഹിപ്പിച്ചു. അതില്‍ തന്നെ മണി - അറുമുഖന്‍ വെങ്കിടങ്ങ് കൂട്ടുകെട്ടിന്റെ ഗാനങ്ങള്‍ ഇന്നും സൂപ്പര്‍ ഹിറ്റുകളായി നിലനില്‍ക്കുന്നു. അടിസ്ഥാനപരമായി ഒരു തിയേറ്റര്‍ ആര്‍ട്ടിസ്റ്റായിരുന്ന മണിയെ തത്സമയം കാണികള്‍ പ്രകടിപ്പിക്കുന്ന ആവേശം മണിയിലെ പ്രതിഭയെ കൂടുതല്‍ ഉയരങ്ങളില്‍ എത്തിച്ചിരുന്നു. പ്രതീക്ഷിച്ച ഹരം തരാതിരുന്ന കാണിക്കൂട്ടം മണിയെ തളര്‍ത്തുകയും ചെയ്തിരുന്നു.

സിനിമാ നടന്‍ മണി
മണി അഭിനയിച്ച ആദ്യ ചിത്രം 'സമുദായം' ആയിരുന്നു. അതില്‍ മാമുക്കോയയുടെ സഹായിയുടെ വേഷം. തുടര്‍ന്ന് 'അക്ഷരം' എന്ന ചിത്രം. എന്നാല്‍ മണിയെ മലയാളിക്ക് പരിചിതനാക്കിയത് സല്ലാപത്തിലെ ചെത്തുകാരന്‍ രാജപ്പനായിരുന്നു. അവിടുന്ന് ജനിച്ച സിനിമാ നടനായ മണി തന്റെ വളര്‍ച്ചയില്‍ പൊളിച്ചടുക്കിയത് 'സവര്‍ണ്ണ സദാചാര പുരുഷന്‍' എന്ന സിനിമാ സങ്കല്‍പ്പത്തെയായിരുന്നു. അഭിനയത്തിന്റെ അച്ചുകളില്‍ ഒതുങ്ങാതെ നിറഞ്ഞു കവിഞ്ഞ മണി നേടിയത് താരാരാധന അല്ലായിരുന്നു. ജനങ്ങളുടെ കലര്‍പ്പില്ലാത്ത സ്‌നേഹവായ്പ്പായിരുന്നു. താരാരാധനയുടെ സ്ഥാനത്ത് രൂപപ്പെട്ട ഈ വികാരം കൊണ്ടാണ് മലയാള സിനിമാ രംഗത്ത് പ്രേക്ഷകര്‍ പരിമിതപ്പെട്ട കാലത്തു പോലും മണിക്ക് കാഴ്ചക്കാരുണ്ടായിരുന്നത്.

അപാരമായ നിരീക്ഷണ പാടവം അഭിനയത്തിന്റെ തലങ്ങളെ വിപുലമാക്കാന്‍ മണിയെ സഹായിച്ചു. തുടര്‍ച്ചയായി 50 സിനിമകളില്‍ ഒരു കള്ളുകുടിയന്റെ വേഷം ചെയ്യാന്‍ പറഞ്ഞാല്‍ അന്‍പത് തരത്തില്‍ അവതരിപ്പിക്കാന്‍ കഴിഞ്ഞിരുന്ന പ്രതിഭയായിരുന്നു മണി.

മണി എന്ന ചാലക്കുടിക്കാരന്‍ ചങ്ങാതി
ചാലക്കുടി എന്ന ഭൂപ്രദേശത്തൊടും അവിടുത്തെ ജനങ്ങളോടും തന്റെ ഏത് ജീവിതാവസ്ഥയിലും അത്രമേല്‍ ചേര്‍ന്ന് നിന്നിരുന്നു മണി. എത്ര ഷൂട്ടിംഗ് തിരക്കുകള്‍ ഉണ്ടെങ്കിലും അതിനി ഏതു വലിയ പ്രോജക്ട് ആയിരുന്നെങ്കിലും ഓണം, വിഷു, ക്രിസ്മസ്, ചാലക്കുടി അമ്പു പെരുന്നാള്‍, കണ്ണമ്പുഴ താലപ്പൊലി, ഈ ദിവസങ്ങളില്‍ മണി ചാലക്കുടിയിലേക്ക് ഓടി എത്തിയിരുന്നു. പുല്ലു ചെത്തി നാടൊരുക്കുന്നത് മുതല്‍ അരിയും സാധനങ്ങളും ഒരു നാട്ടിലെ ജനങ്ങള്‍ക്ക് മുഴുവന്‍ വേണ്ടി കരുതുന്നതില്‍ വരെ എത്തിയിരുന്നു ആ കരുതല്‍. തന്റെ മുന്നില്‍ വന്ന ഏതെങ്കിലും ഒരു വ്യക്തിയെ മണി നിരാശയോടെ പറഞ്ഞയച്ചതായി ആരും കേട്ടിട്ടില്ല. അതിന്റെ തെളിവായിരുന്നു ആ മനുഷ്യന്റെ മരണത്തോടുള്ള ജനങ്ങളുടെ പ്രതികരണം.

പാഡിയുടെ മണി
അച്ഛന്‍ രാമന്‍ മുന്‍പ് പണിയെടുത്തിരുന്ന പുഴയോരത്തുള്ള പറമ്പ് വാങ്ങി മണി അവിടെ പാഡി ഒരുക്കി. പുഴയെ അനുഭവിച്ച് അച്ഛനെ അറിഞ്ഞ് ജീവിക്കാന്‍. ഒരു സിനിമാ താരത്തിന്റെ ഔട്ട് ഹൗസ് ഇവിടെ വന്നാല്‍ കാണാന്‍ കഴിയില്ല. ശീതീകരിച്ച മുറികളില്ല, മനം മയക്കുന്ന ഇന്റീരിയറുകള്‍ ഇല്ല, ആ ഒരു മാനത്തില്‍ പെട്ട ഒന്നും കാണാനില്ല. പകരം ഉള്ളത് തുറന്ന വാതിലുകള്‍ ഉള്ള ഒരു ഷെഡ്, കാറ്റിനും വെളിച്ചത്തിനും മനുഷ്യര്‍ക്കും ഏത് സമയത്തും കയറി ചെല്ലാമായിരുന്ന ഒരു ഷെഡ്. അവിടെ ഇരുന്ന് മണി പാടി, ഒരു പാട് തമാശകള്‍ പറഞ്ഞു, മറ്റുള്ളവരുടെ വേദനകള്‍ കേട്ട് കരഞ്ഞു.
മദ്യപിക്കുന്ന മണി
ഇന്നും കുടിച്ച് മരിച്ചവന്‍ എന്ന ലേബലില്‍ ചിലരെങ്കിലും കാണുന്ന മണി മദ്യപിക്കുമായിരുന്നു എന്നത് സത്യമാണ്, എന്നാല്‍ അദ്ദേഹത്തില്‍ ആരോപിക്കപ്പെട്ട മദ്യപാനം അതിനുമപ്പുറം ആയിരുന്നു. പലപ്പൊഴും കൂടെയുള്ള ആളുകളുടെ അത്തരം ശീലങ്ങളുടെ അവകാശി മണി ആയി മാറി. സുഹൃത്തുക്കള്‍ ചേരുന്ന ഉത്സവാന്തരീക്ഷത്തില്‍ മാത്രം ജീവിക്കാന്‍ കഴിയുമായിരുന്ന മണി ഒന്നും വിലക്കിയതുമില്ല.

മരണാനന്തരം മണി
മണി മരിച്ചു എന്ന സത്യം നേരില്‍ കണ്ടറിഞ്ഞിട്ടും അത് ഉള്‍ക്കൊള്ളാന്‍ കഴിയാത്ത ഒരു വലിയ സമൂഹം ഇന്നും ഉണ്ട് . ചേനത്തു നാടിനെയും ചാലക്കുടിയെയും സംബന്ധിച്ച് ആ മണി ചിരിയും മണി മുഴക്കവും നിലച്ച ഒരു ഓണം വേദനിപ്പിക്കുന്ന ഒരു തിരിച്ചറിവ് തന്നെയാണ്. ഇന്നലെ വരെ ഇവിടെ ഉണ്ടായിരുന്ന ഇനി ഒരിക്കലും ഉണ്ടാവാന്‍ ഇടയില്ലാത്ത ഒരു വലിയ മനുഷ്യന്‍ 'ഇന്ന് ഇല്ല' എന്ന ഓര്‍മ്മപ്പെടുത്തല്‍.

ന്യൂറോളജിയില്‍ 'മായിക അവയവം (phantom limbs) എന്ന ഒരവസ്ഥയുണ്ട്. ഏതെങ്കിലും കാരണം കൊണ്ട് ശരീരത്തില്‍ നിന്ന് മുറിച്ചുമാറ്റിയ അവയവം രോഗിക്ക് വീണ്ടും അറിയാന്‍ കഴിയുകയും ആ അവയവത്തിന്റെ വേദന കൊണ്ട് രോഗി വിഷമിക്കുകയും ചെയ്യുന്ന വിചിത്രമായ അവസ്ഥ. മണിയും ഇന്ന് ഒരു മായിക കരമായി ഇവിടെ പലരുടെയും ഉള്ളില്‍ ഉണ്ട്; ഇടയ്ക്കിടെ നീറ്റുന്ന ഒരു ഓര്‍മ്മയായി.

അതുകൊണ്ട് ചേനത്ത് നാട് പാടുകയാണ്...

'ഇക്കൊല്ലം നമുക്ക് ഓണമില്ലെടി കുഞ്ഞേച്ചിയെ,
കുട്ടേട്ടന്‍ തീരെ കിടപ്പിലല്ലെ,
കുട്ടേട്ടന്‍ നമുക്ക് കൂടെ പിറപ്പല്ലെ,
കുട്ടേട്ടനില്ലാത്തൊരൊണം വേണ്ട'


(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് ലേഖിക)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories