UPDATES

ന്യൂസ് അപ്ഡേറ്റ്സ്

ഒന്നിനും തെളിവില്ലെന്നു പൊലീസ്; ഉത്തരം കിട്ടാത്ത ചോദ്യമായി കലാഭവന്‍ മണിയുടെ മരണം

Avatar

അഴിമുഖം പ്രതിനിധി

ഉത്തരംകിട്ടാത്ത ചോദ്യമായി കലാഭവന്‍ മണിയുടെ മരണം. സംശയങ്ങളും ആരോപണങ്ങളും ഉയരുമ്പോഴും വ്യക്തിഹത്യയിലേക്കു നീളുന്ന പരസ്പരമുള്ള പഴിചാരലുകള്‍ തുടരുമ്പോഴും ഒന്നിനും ഉത്തരം പറയാതെ പൊലീസും ഉത്തരം തേടി മണിയുടെ കുടുംബവും. തങ്ങളിലേക്കു നീളുന്ന കുറ്റപ്പെടുത്തലില്‍ നിന്നും എങ്ങനെ ഒഴിയണമെന്നറിയാതെ മറ്റു ചിലരും.

ഇടതുസര്‍ക്കാര്‍ അധികാരമേറ്റ ഉടനെ നടത്തിയ ഉത്തരവുകളില്‍ പ്രധാനപ്പെട്ടതായിരുന്നു കലാഭവന്‍ മണിയുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണം സിബിഐക്ക് വിടുമെന്നത്. മണിക്ക് സ്മാരകം പണിയാന്‍ പണം അനുവദിച്ചുകൊണ്ട് ആ കലാകാരനോടുള്ള ആദരവ് സര്‍ക്കാര്‍ വ്യക്തമാക്കിയെങ്കിലും മലയാളികള്‍ക്ക് ഒന്നടങ്കം ഇപ്പോഴും മാറാത്ത സംശയത്തിന് മറുപടി പറയാന്‍ ആര്‍ക്കും കഴിയുന്നില്ലെന്നതാണ് ദുരൂഹമായി തുടരുന്നത്.

മണിയുടെ മരണവുമായി ബന്ധപ്പെട്ട വാര്‍ത്തയില്‍ ഏറ്റവും ഒടുവിലായി ഇടംപിടിച്ചിരിക്കുന്നത് മനുഷ്യാവകാശ കമ്മിഷന്റെ ഇടപെടലാണ്. പൊലീസിനോടും സര്‍ക്കാരിനോടും കമ്മിഷന്‍ വിവരങ്ങള്‍ തേടി. അന്വേഷണം സിബി ഐക്ക് വിട്ടിരിക്കുകയാണെന്നാണ് സര്‍ക്കാരിനുവേണ്ടി ഹാജരായി ആഭ്യന്തര സെക്രട്ടറി കമ്മിഷനു മറുപടി നല്‍കിയിരിക്കുന്നത്. കേസ് സിബിഐക്ക് വിടുന്നതിനായി ജൂണ്‍ 10ന് വിജ്ഞാപനം ഇറക്കിയിട്ടുണ്ടെന്നും കേന്ദ്രസര്‍ക്കാരിനെ ഇക്കാര്യമറിയിച്ചതായും ആഭ്യന്തര സെക്രട്ടറി അറിയിച്ചു. അതേസമയം മരണകാരണത്തില്‍ ഇപ്പോഴും വ്യക്തവരുത്താന്‍ കഴിഞ്ഞിട്ടില്ലെന്നാണ് ഡിജിപിക്കു വേണ്ടി തൃശൂര്‍ ജില്ല പൊലീസ് മേധാവി മനുഷ്യാവകാശ കമ്മിഷനെ ബോധിപ്പിക്കുന്നത്. ലഭ്യമായിരിക്കുന്ന ലാബ് റിപ്പോര്‍ട്ടില്‍ കൂടുതല്‍ വിദഗ്ധാഭിപ്രായം കിട്ടിയശേഷമെ എന്തെങ്കിലും നിഗമനത്തില്‍ എത്താന്‍ കഴിയൂ എന്ന് പൊലീസ് പറഞ്ഞൊഴിയുകയാണ്.

അന്വേഷണം നടക്കുന്നു; പക്ഷെ ഒന്നും തെളിഞ്ഞിട്ടില്ല 
പൊലീസിന് ഇപ്പോഴും മണിയുടേത് സ്വാഭാവിക മരണമാണോ കൊലപാതകമാണോ എന്ന കാര്യത്തില്‍ വ്യക്തമായ സൂചനകളൊന്നും ലഭിച്ചിട്ടില്ലെന്നാണ് അറിയാന്‍ കഴിയുന്നത്. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ റിപ്പോര്‍ട്ടില്‍ തന്നെ ഇക്കാര്യം സമ്മതിക്കുന്നുണ്ട്. 

മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിട്ടുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ആന്തരികാവയവങ്ങള്‍ ആദ്യം കാക്കനാട്ടെ ലാബിലും പിന്നീട് ഹൈദരാബാദിലെ കേന്ദ്രലാബിലും അയച്ച് പരിശോധിച്ചിരുന്നു. ഈ രണ്ടു ലാബ് റിപ്പോട്ടിലും ശരീരത്തില്‍ മീഥൈല്‍ ആല്‍ക്കഹോളിന്റെ സാന്നിധ്യം സ്ഥിരീകരിച്ചിരുന്നു. അതേപോലെ മണിയുടെ മരണകാരണം കീടനാശിനിയും വ്യാജമദ്യവുമാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും പറഞ്ഞിരുന്നു. കീടനാശിനിയായ ക്ലോര്‍പെറിഫോസ്, മീഥൈല്‍ കലര്‍ന്ന മദ്യം എന്നിവ അകത്ത് ചെന്നാണ് കലാഭവന്‍ മണിയുടെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. മുളങ്കുന്നത്തുകാവ് മെഡിക്കല്‍ കോളജിലെ ഫോറന്‍സിക് വിദഗ്ദ്ധനും അസിസ്റ്റന്റ്‌റ് പൊലീസ് സര്‍ജനുമായ ഡോ ഷേഖ് സക്കീര്‍ ഹുസൈന്‍ അന്വേഷണ സംഘത്തിന് കൈമാറിയ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. 

എന്നാല്‍ ഈ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ഉറപ്പുള്ളൊരു നിഗമനത്തിലേക്ക് എത്താന്‍ പൊലീസിന് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് ഇപ്പോഴും തുടരുന്ന ദുരൂഹതകകള്‍ക്ക് കാരണം. പൊലീസ് ഇപ്പോഴും പറയുന്നത് മരണത്തിലെ ദുരൂഹതിയിലേക്ക് വിരല്‍ ചൂണ്ടുന്ന തരത്തില്‍ തെളിവുകളൊന്നും കിട്ടിയിട്ടില്ലെന്നാണ്. മനുഷ്യാവകാശ കമ്മിഷന് ഡി.ജി.പി സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വിവിധ കാരണങ്ങളിലൂടെ നടത്തിയ അന്വേഷണങ്ങളും, മരണത്തിലെ ദുരൂഹതയെ സംശയിക്കുന്ന ഒന്നിനും തെളിവുകള്‍ കണ്ടത്തൊനായിട്ടില്ലെന്നു വ്യക്തമാക്കുന്നുണ്ട്.

പൊലീസ് ഇതുവരെ കണ്ടെത്തിയതെന്ത്?
മണിയുടെ മരണവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തില്‍ തങ്ങള്‍ കണ്ടെത്തിയതായി പൊലീസ് പറയുന്ന കാര്യങ്ങള്‍ മനുഷ്യാവകാശ കമ്മിഷനു നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്. ഇതനുസരിച്ച് മണിയുടെ മരണത്തില്‍ ഏഴ് ആക്ഷേപങ്ങളായി കൊലപാതകം, ആത്മഹത്യ, അബദ്ധത്തില്‍ വിഷബാധയേല്‍ക്കാനുള്ള സാഹചര്യം എന്നിങ്ങനെ തരംതിരിച്ച് അന്വേഷണം നടത്തി. റിയല്‍ എസ്‌റ്റേറ്റ് ബിസിനസ്, സിനിമാ മേഖല, സ്ത്രീകളുമായുള്ള ബന്ധം, അടുത്ത ബന്ധം പുലര്‍ത്തുന്ന സുഹൃത്തുക്കള്‍, ജോലിക്കാര്‍, ഗുണ്ടകള്‍, വീട്ടുകാരുമായി ഉണ്ടാകാവുന്ന ശത്രുത എന്നിവയില്‍ അന്വേഷണം നടത്തിയിട്ടുണ്ട്. മണിക്ക് സ്ത്രീകളുമായി ബന്ധമുള്ളതായും കുപ്രസിദ്ധ ഗുണ്ടകളായ ഗുണ്ടുകാട് സാബു, വെട്ടില്‍ സുരേഷ്, പ്രിയന്‍ പള്ളുരുത്തി തുടങ്ങിയവരുമായി ബന്ധമുണ്ടായിരുന്നുവെന്ന് അന്വേഷണത്തില്‍ കണ്ടത്തെിയെങ്കിലും ഇവരെയെല്ലാം ചോദ്യം ചെയ്തതിലും അന്വേഷിച്ചതിലും ഇവരുടെ മൊബൈല്‍ഫോണ്‍ കോള്‍ ഡീറ്റെയില്‍സ് പരിശോധിച്ചതിലും മണിയെ കൊലപ്പെടുത്താനുള്ള ഒരു കാര്യവും കണ്ടത്തൊനായില്ല.

2015 ഡിസംബര്‍ 25 മുതല്‍ വീട്ടില്‍ നിന്നും മാറിയാണ് മണി താമസിക്കുന്നത്. അടുത്ത കാലത്ത് മണി സ്‌റ്റേജ് ഷോകള്‍ അവതരിപ്പിക്കുന്നതില്‍ വൈമുഖ്യവും ഉല്‍സാഹ കുറവും കാണിച്ചിരുന്നു. മണിക്ക് ഷുഗറും ലിവര്‍ സിറോസിസും മറ്റ് അസുഖങ്ങളും ഉണ്ടായിരുന്നുവെങ്കിലും അവസാനനാളുകളിലെ പെരുമാറ്റവും മറ്റും പരിശോധിച്ചതില്‍ ഗുരുതരമായ മാനസിക പ്രശ്‌നങ്ങള്‍ ഉള്ളതായി അറിഞ്ഞിട്ടില്ല. മണിയോടൊപ്പം എപ്പോഴും സുഹൃത്തുക്കള്‍ ഉണ്ടായിരുന്നു. വിഷവസ്തുക്കള്‍ വാങ്ങിയതായി കണ്ടത്തെിയിട്ടില്ല. കാലി ടിന്നുകള്‍ പാഡിയില്‍ നിന്നും കണ്ടത്തെിയിട്ടില്ല. എയ്ഡ്‌സ് പോലുള്ള മാരകരോഗങ്ങളും യാതൊരു കുടുംബ, സാമ്പത്തിക പ്രശ്‌നങ്ങളോ ഇല്ലായെന്നും അറിവായി, ആത്മഹത്യാ സാഹചര്യങ്ങളും കണ്ടത്തൊനായിട്ടില്ല. മണിക്ക് വാറ്റ് ചാരായം കിട്ടിയതായോ, ഏതെങ്കിലും തരത്തിലുള്ള വിഷാംശങ്ങള്‍ മണിയുടെ ശരീരത്തില്‍ എത്താന്‍ സാധ്യതയുള്ളതായും കണ്ടെത്താനായില്ല. വിഷാംശം അടങ്ങിയ കാനുകളും മണിക്ക് എത്താവുന്ന ദൂരത്തില്‍ കണ്ടത്തൊനും കഴിഞ്ഞിട്ടില്ല. വിഷത്തിന് രൂക്ഷഗന്ധമുള്ളതുകൊണ്ട് അബദ്ധത്തില്‍ അകത്ത് ചെല്ലാനുള്ള സാധ്യതയില്ല. മാത്രവുമല്ല, ഇതുവരെയുള്ള അന്വേഷണത്തില്‍ ചോദ്യം ചെയ്തവരില്‍ നിന്നും മണി ബിയര്‍ മാത്രമേ കുടിച്ചിരുന്നുള്ളൂവെന്നും മറ്റ് മദ്യങ്ങളൊന്നും കുടിച്ചിരുന്നില്ലെന്നുമാണ് അറിഞ്ഞത്. അബദ്ധത്തില്‍ മെഥനോള്‍ മണിയുടെ ശരീരത്തില്‍ എത്താനുള്ള സാധ്യതയില്ല. മണിയെ ചികില്‍സിച്ച അമൃത ആശുപത്രിയിലെ ഡോക്ടര്‍മാരുടെ കേസ് ഷീറ്റ് വിദഗ്ദസംഘവുമായി പരിശോധിച്ചതില്‍ ഡോക്ടര്‍മാര്‍ക്ക് വീഴ്ച സംഭവിച്ചിട്ടില്ലെന്നും കണ്ടത്തെി. അബോധാവസ്ഥിയിലായ മണിയെ ആശുപത്രിയിലത്തെിക്കുന്നതിന് മുമ്പ് മണിയുടെ സഹോദരനെ മാനേജര്‍ ജോബി ബന്ധപ്പെട്ടിരുന്നുവെന്ന് കോള്‍ ഡീറ്റെയില്‍സില്‍ അറിഞ്ഞുവെന്നും, ആശുപത്രിയില്‍ പോകാന്‍ മണി വിസമ്മതിച്ചതു കൊണ്ടാണ് ഡോ.സുമേഷിന്റെ മേല്‍നോട്ടത്തില്‍ മയങ്ങാനുള്ള മരുന്ന് കുത്തിവെച്ചതെന്നും അന്വേഷണത്തില്‍ കണ്ടത്തെിയെന്ന് പൊലീസ് പറയുന്നു.

വിഷം കൊടുത്തു കൊന്നെന്ന ആരോപണം തള്ളി ഡിജിപി
മണിയുടെ മരണം ആത്മഹത്യയോ കൊലപാതകമോ രാസപദാര്‍ഥം ഉള്ളില്‍ച്ചെന്നുള്ള സ്വാഭാവിക മരണമോ എന്ന എന്നിങ്ങനെ മൂന്നു സാധ്യതകളെക്കുറിച്ചും പൊലീസ് അന്വേഷിച്ചതായാണ് പറയുന്നത്. 290 ലേറെ സാക്ഷികളുടെ മൊഴിയെടുത്തു. നിരവധി സാങ്കേതിക തെളിവുകള്‍ ശേഖരിച്ചു. ഇതില്‍ നിന്നൊന്നും മരണകാരണം കണ്ടത്തൊനായില്ലെന്നാണ് പൊലീസ് പറയുന്നത്. എറണാകുളത്തെ റീജ്യണല്‍ ലാബിലെ പരിശോധനാഫലത്തില്‍ കണ്ടത്തെിയ ക്‌ളോര്‍പൈരിഫോസ്, അമൃത ആശുപത്രിയിലും, കേന്ദ്രലാബിലും നടത്തിയ പരിശോധനയില്‍ കണ്ടത്തെിയിട്ടില്ലെന്നാണ് ഡി.ജി.പി റിപ്പോര്‍ട്ടില്‍ പറയുന്നത്. സുഹൃത്തുക്കള്‍ക്കും ജോലിക്കാര്‍ക്കുമൊപ്പമാണ് മണി മുഴുവന്‍ സമയവുമെന്നിരിക്കെ, ഇതിന് കഴിയില്ലെന്ന് വ്യക്തമാക്കി, മനപ്പൂര്‍വ്വം വിഷം കൊടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്ന ആരോപണവും ഡി.ജി.പി തള്ളിക്കളയുകയാണ്. ലാബ് റിപ്പോര്‍ട്ടിലെ പരിശോധനാഫലത്തിന്റെയും, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടും മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് വ്യക്തമാക്കുമ്പോഴാണ് യാതൊന്നിനും തെളിവുകള്‍ കണ്ടത്തൊന്‍ കഴിഞ്ഞില്ലെന്ന ഡി.ജി.പിയുടെ റിപ്പോര്‍ട്ടെന്നതാണ് ശ്രദ്ദേയം. 

സംശയിക്കുന്നവര്‍ക്ക് നുണപരിശോധന
അതേസമയം മണിയുടെ ദുരൂഹമരണം സംബന്ധിച്ച് ആറു സുഹൃത്തുക്കള്‍ക്കു നുണപരിശോധന നടത്താന്‍ പൊലീസ് തീരുമാനിച്ചിട്ടുണ്ട്. ചാലക്കുടി മജിസ്‌ട്രേറ്റ് കോടതിയില്‍ നല്‍കിയിരിക്കുന്ന അപേക്ഷയില്‍ അനുവാദം കിട്ടിയാല്‍ നുണപരിശോധന നടത്തും. ചലച്ചിത്രതാരങ്ങളായ സാബുമോന്‍(തരികിട സാബു, ജാഫര്‍ ഇടുക്കി, മണിയുടെ മറ്റ് സുഹൃത്തുക്കള്‍ എന്നിവര്‍ ആദ്യം മുതല്‍ സംശയത്തിന്റെ മുനയിലായിരുന്നു. മണിക്കൊപ്പം അവസാനമായി മദ്യപിച്ചിരുന്നവര്‍ ഇവരായിരുന്നു. മണിയുടെ മരണശേഷം അനുജന്‍ ആര്‍എല്‍വി രാമകൃഷ്ണന്‍ സാബുമോനെതിരെയും ജാഫര്‍ ഇടുക്കിയെയും സംശയിച്ച് രംഗത്തുവന്നിരുന്നു. പരിശോധന ഫലങ്ങളില്‍ മണിയുടെ ശരീരത്തില്‍ വിഷാംശം കലര്‍ന്നിരുന്നുവെന്ന കണ്ടെത്തല്‍ പുറത്തുവന്നതോടെ ഇവര്‍ക്കെതിരെയുള്ള രാമകൃഷ്ണന്റെ ആരോപണങ്ങള്‍ക്ക് ശക്തിയേറുകയും ഇരുവരെയും പൊലീസ് വേണ്ട രീതിയില്‍ ചോദ്യം ചെയ്താല്‍ സത്യം പുറത്തുവരുമെന്നു പറയുകയും ചെയ്തു. എന്നാല്‍ രാമകൃഷ്ണന്റെ ആരോപണങ്ങളോട് രൂക്ഷമായി പ്രതികരിച്ച സാബു, മണിയെ ഒറ്റപ്പെടുത്തുകയും പണം തട്ടിയെടുക്കാന്‍ ശ്രമിക്കുകയും ചെയ്തവരാണ് തനിക്കെതിരെ ആരോപണം ഉന്നയിക്കുന്നതെന്നു ചൂണ്ടിക്കാട്ടി വ്യക്തപരമായി അധിക്ഷേപിക്കുന്ന തരത്തിലേക്ക് നീങ്ങി രാമകൃഷ്ണനെതിരെ പ്രത്യാക്രമണം നടത്തി. ഈ സംഭവങ്ങള്‍ മണിയുടെ മരണത്തിന് പലവിധമുള്ള ചമത്കാരങ്ങള്‍ നല്‍കുകയാണ് ഉണ്ടായത്.

സത്യം തെളിയാതെ പിന്‍വാങ്ങില്ലെന്നു കുടുംബം
ലാബ് റിപ്പോര്‍ട്ടുകളിലെ കണ്ടത്തെലുകളെ അടിസ്ഥാനമാക്കി മണിയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നും, സഹായികളടക്കമുള്ളവരെ സംശയമുണ്ടെന്നും വ്യക്തമാക്കി മണിയുടെ സഹോദരന്‍ നല്‍കിയ പരാതിയിലായിരുന്നു മനുഷ്യാവകാശ കമ്മിഷന്‍ സര്‍ക്കാരിനോടും പൊലീസിനോടും റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്. ഇതുപ്രകാരം ആഭ്യന്തരസെക്രട്ടറിയും, ഡി.ജി.പിയും നല്‍കിയ റിപ്പോര്‍ട്ട് പഠിച്ച ശേഷം തുടര്‍നടപടികള്‍ സ്വീകരിക്കുമെന്ന് മണിയുടെ സഹോദരന്‍ ആര്‍.എല്‍.വി രാമകൃഷ്ണന്‍ പറയുന്നത്. ഇരു റിപ്പോര്‍ട്ടുകളുടെയും പകര്‍പ്പുകള്‍ ലഭിച്ചിട്ടുണ്ട്. വിശദാംശങ്ങള്‍ എന്തൊക്കെയാണെന്ന് പരിശോധിക്കണം. ജൂണ്‍ 10ന് സി.ബി.ഐക്ക് വിട്ടുവെന്ന സര്‍ക്കാര്‍ അറിയിപ്പ് ഇപ്പോഴാണ് അറിയുന്നത്. ഇതുമായി ബന്ധപ്പെട്ട് മറ്റ് വിശദാംശങ്ങളൊന്നും തങ്ങള്‍ക്ക് ലഭിച്ചിട്ടില്ല. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചപ്പോഴും അന്വേഷണം നടക്കുന്നുവെന്നാണ് പൊലീസ് പറഞ്ഞത്. സംശയിക്കുന്നവരെ നുണപരിശോധനക്ക് വിധേയരാക്കുന്നതിന് കോടതിയില്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്ന് ഡി.ജി.പി നല്‍കിയ റിപ്പോര്‍ട്ടിലുണ്ട്., എന്നാല്‍ നടപടികള്‍ ഇഴയുകയാണെന്നും രാമകൃഷ്ണന്‍ കുറ്റപ്പെടുത്തി.

ഇതിനിടെ കലാഭവന്‍ മണിയുടെ മരണം കഴിഞ്ഞ് മാസങ്ങള്‍ പിന്നിട്ടിട്ടും ദുരൂഹത മാറാത്തതിലും, നടപടികള്‍ ഇഴയുന്നതിലും പ്രതിഷേധിച്ച് കലാഭവന്‍ മണിയുടെ സുഹൃത്തുക്കളും ആരാധകരും ചേര്‍ന്ന് രൂപവത്കരിച്ച ആക്ഷന്‍ കൗണ്‍സില്‍ പ്രക്ഷോഭം തുടങ്ങാനും, കോടതി നടപടികളില്‍ കക്ഷി ചേരാനും തീരുമാനിച്ച് രംഗത്തത്തെിയിട്ടുണ്ട്. ആഗസ്റ്റ് 21ന് ചാലക്കുടിയില്‍ പ്രതിഷേധ കണ്‍വെന്‍ഷന്‍ സംഘടിപ്പിക്കുമെന്ന് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ സജി കുറുപ്പ് അറിയിച്ചു.

കേരളം എത്രമേല്‍ കലാഭവന്‍ മണിയെ സ്‌നേഹിച്ചിരുന്നുവെന്നും ആരാധിച്ചിരുന്നുവെന്നും അദ്ദേഹത്തിന്റെ മരണം വ്യക്തമാക്കിയതാണ്. നാളുകള്‍ കഴിഞ്ഞിട്ടും ഇന്നും മണി മങ്ങാത്തൊരു സാന്നിധ്യമായി മലയാളിയുടെ ഇടയില്‍ ഉണ്ട്. പക്ഷേ എല്ലാവരെയും ഒരുപോലെ വേദനിപ്പിക്കുന്നതും ആശങ്കയില്‍ ആഴ്ത്തിക്കൊണ്ടിരിക്കുന്നതും മണിയുടെ മരണത്തിലുള്ള ദുരൂഹതയാണ്. ആ ദുരൂഹതകള്‍ നീക്കിയെടുക്കുക എന്നതു തന്നെയാണ് മണിയ്ക്ക് നല്‍കുന്ന ബഹുമാനം… പൊലീസിനും ഭരണകൂടത്തിനും അതിനു കഴിയട്ടെ…

 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍