Top

ങ്യാഹ്ഹഹഹ...!

ങ്യാഹ്ഹഹഹ...!
കലാഭവന്‍ മണിയുടെ ആദ്യകാല അഭിമുഖത്തില്‍ വായിച്ചതോര്‍ക്കുന്നു. ഹക്കീം സംവിധാനം ചെയ്ത ദി ഗാര്‍ഡ് എന്ന ഒറ്റനായക സിനിമയുടെ ഷൂട്ടിംഗ് സൈലന്‍റ് വാലിയിലോ അട്ടപ്പാടിയിലോ മറ്റോ ഉള്ള ഉള്‍ക്കാടുകളില്‍ ഒന്നില്‍ നടക്കുന്നു. ഷൂട്ടിംഗ് കാണാന്‍ ആദിവാസി ഊരുകളില്‍ നിന്നു കുറച്ചു കുട്ടികള്‍ എത്തിയിട്ടുണ്ട്. അവര്‍ മണിയെ കണ്ട ഉടനെ ആ ട്രേഡ് മാര്‍ക്ക് ചിരി അങ്ങ് ചിരിച്ചു. ങ്യാഹ്ഹഹഹ...!

മണി അത്ഭുതപ്പെട്ടു പോയി. ഈ കൊടും കാട്ടിനുള്ളിലും തന്‍റെ ചിരിയോ?

ഇതായിരുന്നു കലാഭവന്‍ മണി മലയാളിക്ക്. 1990 കളുടെ പകുതിയോടെ ഒട്ടു മിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലയറുകള്‍ അവിഭാജ്യ ഘടകമായപ്പോള്‍ അവിടെ മണിയും എത്തി. നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി. സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്‍റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു.

അതോടൊപ്പം ഈ കാലത്ത് തന്നെയാണ് നമ്മുടെ ഉത്സവ പറമ്പുകള്‍ നാടകങ്ങളില്‍ നിന്നും മിമിക്സ് പരേഡിന് വഴി മാറി കൊടുത്തത്. മിമിക്രി ഒരു ദേശീയ കലാരൂപമായി മാറി. ആബേലച്ചന്‍റെ കൊച്ചിയിലെ കലാഭവനും സംഘവും ഇതിന് പ്രചുര പ്രചാരം നല്കി. സംവിധായകന്‍ സിദ്ധിക്കും ലാലും അന്‍സാറും ജയറാമും ദിലീപും നാദിര്‍ഷയും മണിയും സലീം കുമാറും സൈനുദ്ദീന്നുമൊക്കെ ഓഡിയോ വി എച്ച് എസ് കാസറ്റുകളായി സ്വീകരണ മുറിയിലേക്കും കടന്നു വന്നു. ഇവരില്ലാത്ത ഓണം വെറും പുട്ടുകച്ചവടം മാത്രമായി. ഒരു തരത്തില്‍ മലയാള സിനിമയിലേക്ക് ഹാസ്യ താരങ്ങളെ റിക്രൂട്ട് ചെയ്യുന്ന ഏജന്‍സിയായി കലാഭവന്‍ മാറി.  മലയാള സിനിമയിലെ ഹാസ്യ ഡിപ്പാര്‍ട്ടുമെന്‍റില്‍ കലാഭവനില്‍ നിന്നുള്ള കലാകാരന്‍മാര്‍ അധിപത്യമുറപ്പിച്ചു.സമുദായവും അക്ഷരവുമൊക്കെയാണ് കലാഭവന്‍ മണിയുടെ ആദ്യ സിനിമകളായി പറയുന്നതെങ്കിലും മണിയുടെ ട്രേഡ് മാര്‍ക്ക് ചിരിയുമായി പ്രത്യക്ഷപ്പെട്ട സല്ലാപത്തിലെ രാജപ്പന്‍ എന്ന കള്ളു ചെത്തുകാരന്‍ ഏവരുടെയും ശ്രദ്ധ പിടിച്ചു പറ്റി. തുടര്‍ന്ന് നിരവധി ഹാസ്യ വേഷങ്ങള്‍ക്ക് ശേഷം മണിയിലെ അഭിനേതാവ് മലയാളിയെ അത്ഭുതപ്പെടുത്തിയ പ്രകടനം കണ്ടു. അത് വിനയന്‍ സംവിധാനം ചെയ്ത വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രത്തിലെ അന്ധഗായകനായിരുന്നു. അതിലെ അഭിനയത്തിനു മണി മികച്ച നടനുള്ള സംസ്ഥാന പുരസ്കാരത്തിന്റെ പടിവാതില്‍ക്കല്‍ വരെ എത്തി. പക്ഷേ വാനപ്രസ്ഥത്തിലെ കഥകളി നടനെ അവതരിപ്പിച്ച മോഹന്‍ലാല്‍ ആ പുരസ്കാരം കൊത്തിയെടുത്ത് കൊണ്ടുപോയതറിഞ്ഞു മണി മോഹാലസ്യപ്പെട്ടു വീണത് വലിയ വാര്‍ത്തയും പിന്നീട് വിവാദവുമായി.

അതോടെ കറുത്ത ശരീരമുള്ള നടന്‍/നായകന്‍ എന്നത് വലിയ സംവാദങ്ങള്‍ക്ക് വഴി വെച്ചു. ശ്രീനിവാസന് ശേഷം കറുത്ത നിറത്തെ മലയാള സിനിമയുടെ വെള്ളിത്തിരയില്‍ നിരന്തരം പ്രത്യക്ഷപ്പെടുത്തിയ നടനായി മണി മാറി.  പക്ഷേ അതെല്ലാം അന്ധനും കള്ളനും മാനസിക വളര്‍ച്ച ഇല്ലാത്തവനും ചേരിയില്‍ നിന്നുവരുന്നവനും ഒക്കെയായിരുന്നു എന്നത് നിറത്തിന്റെ അബോധ രാഷ്ട്രീയം പോപ്പുലര്‍ സിനിമയില്‍ എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്നതിന് പ്രകട ഉദാഹരണങ്ങളായി ചൂണ്ടിക്കാണിക്കപ്പെട്ടു. ഇതിനിടയില്‍ ചില നടിമാര്‍ മണിയുടെ നായികമാര്‍ ആകാന്‍ വിസമ്മതിച്ചു എന്ന വാര്‍ത്തകളും വലിയ വിവാദം സൃഷ്ടിച്ചു. ഇതിനിടയില്‍ കലാഭവന്‍ മണി തമിഴിലും തെലുങ്കിലും തിരക്കുള്ള നടനായി മാറി.

സിനിമയുടെ വെള്ളിവെളിച്ചത്തില്‍ നില്‍ക്കുമ്പോഴും ചാലക്കുടിക്കാരന്‍ എന്ന നാടന്‍ ഗ്രാമീണ സ്വത്വം വിട്ടു കളിക്കാന്‍ മണി തയ്യാറായില്ല. ചാലക്കുടിയില്‍ എന്തിനും ഏതിനും മണി അനിവാര്യ സാന്നിധ്യമായി മാറി. ചാലക്കുടിക്കാരന്‍ ചങ്ങാതിയായി. മറ്റൊരു തരത്തില്‍ ദേശത്തെ പ്രമുഖ വ്യക്തി എന്ന സ്ഥാനം മണിയുടെ വിജയത്തിന്‍റെ തിളങ്ങുന്ന എടായി മാറി. തന്റെ ദളിത് അടിസ്ഥാന വര്‍ഗ്ഗ സ്വത്വം ഉയര്‍ത്തി പിടിക്കുന്നതിലും ഉറപ്പിക്കുന്നതിലും മണി ശ്രദ്ധിച്ചിരുന്നു. തന്‍റെ കമ്യൂണിസ്റ്റ് രാഷ്ട്രീയം തുറന്നു പറയാനും മണി പൊതു വേദികള്‍ ഉപയോഗിച്ചു.

20 വര്‍ഷക്കാലത്തെ സിനിമ-സംഗീത-പൊതു ജീവിതം കൊണ്ട് മലയാളിയുടെ മനസില്‍ ഒരിയ്ക്കലും മായാത്ത ഇരിപ്പിടം സ്വന്തമാക്കി എന്നത് തന്നെയാണ് കലാഭവന്‍ മണിയുടെ വിജയം. പുരസ്കാരങ്ങളുടെ അനവധി ഫലകങ്ങള്‍ നേടിയെടുക്കാന്‍ കഴിഞ്ഞില്ലെങ്കിലും മലയാളിയുടെ സ്നേഹലാളനങ്ങള്‍ ഏറ്റുവാങ്ങാന്‍ ഈ കലാകാരന് സാധിച്ചു എന്നു നമുക്ക് ഉറപ്പിച്ചു പറയാം.


Next Story

Related Stories