UPDATES

ന്യൂസ് അപ്ഡേറ്റ്സ്

സാമ്പത്തിക തിരിമറി നടത്തിയയാൾക്കും വി.സി ആകാം; ഇത് സംസ്‌കൃത സര്‍വകലാശാല- ഭാഗം 4

Avatar

പി കെ ശ്യാം

കേരളത്തിലെ സര്‍വകലാശാലകള്‍ക്ക് എന്താണ് സംഭവിച്ചു കൊണ്ടിരിക്കുന്നത്രാജ്യത്തിന്‍റെ ഭാവിയെ മാറ്റിമറിക്കേണ്ട ഉന്നതമായ പഠന കേന്ദ്രങ്ങള്‍ എന്ന നിലയില്‍ നിന്നും രാഷ്ട്രീയ പാര്‍ട്ടികളുടെയും ട്രേഡ് യൂണിയനുകളുടെയും അധികാര-അവകാശ പോരാട്ടങ്ങളുടെ വിളനിലമായി സര്‍വകലാശാലകള്‍ മാറിയിരിക്കുന്നു. വൈസ് ചാന്‍സലര്‍മാരുടെ നിയമനങ്ങള്‍ അടിക്കടി വിവാദങ്ങളില്‍ അകപ്പെടുന്നു. യു ആര്‍ അനന്തമൂര്‍ത്തിസുകുമാര്‍ അഴീക്കോട്കെ എന്‍ പണിക്കര്‍ തുടങ്ങി നിരവധി പ്രമുഖരായ വിദ്യാഭ്യാസ വിചക്ഷണര്‍ ഇരുന്ന സര്‍വകലാശാല ആസ്ഥാനങ്ങള്‍ ഇന്ന് കെടുകാര്യസ്ഥതയുടെയും അഴിമതിയുടെയും കൂത്തരങ്ങായി തീര്‍ന്നിരിക്കുന്നു. നമ്മുടെ സര്‍വകലാശാലകള്‍ അവയുടെ ലക്ഷ്യം മറക്കുകയാണോകേരളത്തിലെ സര്‍വകലാശാലകളെക്കുറിച്ച് അഴിമുഖം പ്രതിനിധി നടത്തുന്ന അന്വേഷണ പരമ്പര തുടരുന്നു. (പരമ്പരയിലെ ഒന്നും രണ്ടും മൂന്നും ഭാഗങ്ങള്‍ ഇവിടെ വായിക്കാം –കോണ്‍ഗ്രസ് ഗ്രൂപ്പ് പോരില്‍ അടിതെറ്റി കേരള സര്‍വകലാശാലപരീക്ഷയെഴുതാത്തവര്‍ പോലും റാങ്ക് പട്ടികയിൽ; അസിസ്റ്റന്‍റ് ഗ്രേഡ് നിയമനത്തിലെ അണിയറക്കഥകള്‍കാലിക്കറ്റിലെ ‘ഹിറ്റ്ലര്‍’; കാലിത്തൊഴുത്താകുന്ന സര്‍വകലാശാലകള്‍)

സാമ്പത്തിക തിരിമറിക്കേസില്‍ വിജിലന്‍സ് പ്രതിചേര്‍ത്തയാളെ വൈസ് ചാന്‍സലറാക്കുക, ഇങ്ങനെയൊരു നെറികേട് നടന്നതും കേരളത്തിലാണ്, അതും ശ്രീശങ്കരാചാര്യരുടെ പേരിലുള്ള സംസ്‌കൃത സര്‍വകലാശാലയില്‍. കൊച്ചിന്‍ കോളേജിലെ പി.ടി.എ ഫണ്ടില്‍ തിരിമറി നടത്തിയതിന് ഡോ.എം.സി ദിലീപ് കുമാറിനെതിരേ വിജിലന്‍സ് കേസ് നിലവിലുള്ളപ്പോഴാണ് അദ്ദേഹത്തെ വി.സിയാക്കിയതെന്നാണ് യു.ജി.സിയുടെ അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുള്ളത്. തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ് പ്രകാരമെടുത്ത വി.സി 42012സി. ആര്‍.ഇ എന്ന കേസ് എറണാകുളം വിജിലന്‍സ് ഇപ്പോള്‍ അന്വേഷിക്കുകയാണ്. കേസൊതുക്കാനും എഴുതിത്തള്ളാനും അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പിക്കു മേല്‍ വന്‍സമ്മര്‍ദ്ദമാണ്.

 

കോണ്‍ഗ്രസ് ഐ ഗ്രൂപ്പിലെ ഒരു ഉന്നതന്റേയും ഒരു പ്രബല സമുദായ നേതാവിന്റേയും പിന്തുണയോടെയാണ് ഡോ.ദിലീപ് കുമാര്‍ വി.സിയായത്. ഐ ഗ്രൂപ്പിലെ നേതാവ് അടുത്തിടെ സര്‍ക്കാരില്‍ ഉന്നതസ്ഥാനത്തേക്കെത്തിയതോടെയാണ് കേസ് എഴുതിത്തള്ളാന്‍ നീക്കം തുടങ്ങിയത്. പക്ഷേ സര്‍ക്കാര്‍ ഇപ്പോള്‍ കേസ് എഴുതിത്തള്ളിയാലും വി.സി നിയമനം സാധൂകരിക്കപ്പെടില്ല. യു.ജി.സിയുടേയും സര്‍വകലാശാലയുടേയും നിയമപ്രകാരം സാമ്പത്തിക തിരിമറിക്കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നയാളെ വൈസ് ചാന്‍സലറാക്കാന്‍ കഴിയില്ല. വിജിലന്‍സ് കേസില്‍ പ്രതിചേര്‍ക്കപ്പെട്ടുവെന്ന വിവരം മറച്ചുവച്ചാണ് ഇദ്ദേഹം വി.സിയായി പരിഗണി ക്കാനുള്ള അപേക്ഷ നല്‍കിയതെന്നും വ്യക്തമായിട്ടുണ്ട്.

 
കേസില്‍ പ്രതിയായിരിക്കേ വൈസ് ചാന്‍സലറായി നിയമനം നേടുകയും അസോസിയേറ്റ് പ്രൊഫസറാണെന്ന വിവരം ചാന്‍സലറായ ഗവര്‍ണര്‍ക്ക് നല്‍കിയ അപേക്ഷയില്‍ മറച്ചുവയ്ക്കുകയും ചെയ്തതിന് അദ്ദേഹത്തിനെതിരെ യു.ജി,സി നടപടിയെടുത്തേക്കും. നിയമനത്തിന് പരിഗണിക്കപ്പെടാന്‍ ദിലീപ് കുമാര്‍ നല്‍കിയ ബയോഡേറ്റ രാജ്ഭവനില്‍ നിന്നും കേസിന്റെ വിശദാംശങ്ങള്‍ വിജിലന്‍സ് ഉദ്യോഗസ്ഥരില്‍ നിന്നും യു.ജി.സി ശേഖരിച്ചു. ഇതോടെ എം.ജി.സര്‍വകലാശാല വി.സിയായിരുന്ന ഡോ.എ.വി ജോര്‍ജ്ജിനു പിന്നാലെ സംസ്‌കൃതസര്‍വകലാശാല വി.സിയും പുറത്താക്കലിന്റെ പാതയിലാണ്. കണ്‍സ്യൂമര്‍ഫെഡ് അഴിമതിക്കേസില്‍ കുടുങ്ങിയ ഡോ.റിജി.ബി.നായരെ സഹകരണ വിദ്യാഭ്യാസ അക്കാഡമിയുടെ (കേപ്പ്) ഡയറക്ടറാക്കിയെങ്കിലും വിജിലന്‍സ് കേസില്‍ പ്രതിയായതോടെ നിയമനം റദ്ദാക്കുകയായിരുന്നു.

പ്രൊഫസറല്ലാത്ത വി.സി

എം.ജി സര്‍വകലാശാലയ്ക്ക് കീഴിലുള്ള എയ്ഡഡ് കോളേജായ കൊച്ചിന്‍ കോളേജില്‍ കോമേഴ്‌സ് വിഭാഗം അസോസിയറ്റ് പ്രൊഫസറായിരിക്കേയാണ് ഡോ.എം.സി ദിലീപ് കുമാര്‍ വി.സിയായി നിയമിതനായത്. വി.സിയാകാന്‍ നല്‍കിയ അപേക്ഷയില്‍ കോമേഴ്‌സ് ആന്‍ഡ് റിസര്‍ച്ച് സെന്ററിന്റെ മേധാവിയെന്നാണ് രേഖപ്പെടുത്തിയത്. പ്രൊഫസറാണെന്ന് ദ്യോതിപ്പിക്കുന്ന prof.mcdk@gmail.com എന്ന ഇമെയില്‍ വിലാസം നല്‍കുകയും ചെയ്തു. എയ്ഡഡ് കോളേജുകളില്‍ പ്രൊഫസര്‍ പദവിയേയില്ല. സര്‍വകലാശാല വിഭാഗങ്ങളില്‍ മാത്രമാണ് പ്രൊഫസര്‍മാരുള്ളത്. പത്തുവര്‍ഷം പ്രൊഫസറായി പ്രവര്‍ത്തിച്ച പരിചയവും ഉയര്‍ന്ന ധാര്‍മ്മികബോധവുമുള്ള അക്കാഡമിക് വിദഗ്ദ്ധനെ മാത്രമേ വി.സിയായി നിയമിക്കാവൂ എന്ന് 2013 ജൂണ്‍ 13ന് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറപ്പെടുവിച്ചിരുന്നു. സംസ്‌കൃത സര്‍വകലാശാല നിയമത്തില്‍ വൈസ് ചാന്‍സലറുടെ യോഗ്യത നിശ്ചയിച്ചിട്ടില്ലാത്തതിനാല്‍ യു.ജി.സി നിര്‍ദ്ദേശം അതേപടി നടപ്പാക്കേണ്ടതാണ്. കേന്ദ്രത്തിന്റെ പ്രത്യേക വിജ്ഞാപനം പുറത്തിറങ്ങിയതിനു തൊട്ടുപിന്നാലെ ജൂണ്‍ 27ന് ഡോ.എം.സി ദിലീപ് കുമാറിനെ വി.സിയായി നിയമിക്കുകയായിരുന്നു.

 

എം.ജി സര്‍വകലാശാലാ ചട്ടപ്രകാരം സര്‍വകലാശാല ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ മാത്രമാണ് വകുപ്പ് മേധാവി പദവിയുള്ളത്. നിയമപ്രകാരമുള്ളതല്ലാത്ത അഫിലിയേറ്റഡ് കോളേജുകളിലെ വകുപ്പുകളുടെ ചുമതല ആലങ്കാരികം മാത്രമാണ്. ഭരണപരമായ സൗകര്യത്തിന് മാനേജര്‍മാര്‍ക്ക് ഏതൊരു അദ്ധ്യാപകനേയും വകുപ്പിന്റെ ചുമതലയേല്‍പ്പിക്കാനും എപ്പോഴും മാറ്റാനുമാവും. എം.ജിയിലെത്തന്നെ ചില എയ്ഡഡ് കോളേജുകളില്‍ അസി.പ്രൊഫസര്‍മാര്‍ക്ക് വകുപ്പുകളുടെ ചുമതലയുണ്ട്. ഏതൊരു അദ്ധ്യാപകനേയും വകുപ്പുകളുടെ ചുമതലയേല്‍പ്പിക്കാന്‍ എയ്ഡഡ് കോളേജ് മാനേജര്‍മാര്‍ക്ക് അധികാരം നല്‍കി സര്‍വകലാശാല പ്രത്യേക ഉത്തരവിറക്കിയെങ്കിലും ആക്‌ടോ സ്റ്റാറ്റിയൂട്ടോ ഭേദഗതി ചെയ്തിട്ടില്ല. സംസ്‌കൃത സര്‍വകലാശാല ആക്ടില്‍ വി.സിയുടെ യോഗ്യതകള്‍ നിര്‍ദ്ദേശിക്കാതെ നിയമനപ്രക്രിയ മാത്രമാണ് പരാമര്‍ശിച്ചിട്ടുള്ളത്. നിലവില്‍ വ്യവസ്ഥയില്ലാത്തതിനാല്‍ ഭേദഗതി പോലും ആവശ്യമില്ലാതെ യു.ജി.സിയുടെ യോഗ്യതാനിര്‍ദ്ദേശം നടപ്പാക്കേണ്ടതായിരുന്നു. നടപടിക്രമങ്ങള്‍ പാലിക്കാതെ വി.സി നിയമനം നടത്തിയതിന് ചട്ടം 5 എഫ് പ്രകാരം സര്‍വകലാശാലയുടെ അംഗീകാരം പിന്‍വലിക്കാനും, ചട്ടം 14, 12(1) പ്രകാരം വാര്‍ഷികധനസഹായം
തടയാനും യു.ജി.സിക്ക് കഴിയും. 

യോഗ്യത സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ പ്രത്യേക വിജ്ഞാപനം പുറത്തിറക്കിയ ശേഷം കേരളത്തില്‍ സംസ്‌കൃത, കേരള വി.സി നിയമനങ്ങള്‍ മാത്രമാണ് നടത്തിയത്. ഇവ പരിശോധിച്ച യു.ജി.സി ഉന്നതസംഘം കേരളസര്‍വകലാശാല വി.സി ഡോ.പി.കെ.രാധാകൃഷ്ണന് പ്രൊഫസറായി 18 വര്‍ഷത്തെ അധ്യാപകപരിചയമുണ്ടെന്ന് വിലയിരുത്തിയിട്ടുണ്ട്. യു.ജി.സി നിര്‍ദ്ദേശിച്ച യോഗ്യതയില്ലാതെ അസോസിയറ്റ് പ്രൊഫസറായിരിക്കേ മധുരകാമരാജ് സര്‍വകലാശാലയുടെ വൈസ് ചാന്‍സലറായ ഡോ.കല്യാണി മതിവനത്തിനെ കഴിഞ്ഞ ജൂണ്‍ 26ന് മദ്രാസ് ഹൈക്കോടതി പിരിച്ചുവിട്ടതും സമാനമായ സംഭവമാണ്. വി.സിക്കെതിരേ യു.ജി.സി നടപടിയെടുത്താല്‍ സംസ്‌കൃത സര്‍വകലാശാലയില്‍ അടുത്ത് നടത്താനിരിക്കുന്ന നിയമനങ്ങളും നിയമക്കുരുക്കിലാവും. പ്രൊഫസര്‍, അസിസ്റ്റന്റ് പ്രൊഫസര്‍, അസോസിയേറ്റ് പ്രൊഫസര്‍ തസ്തികകളില്‍ നിയമന നടപടികള്‍ പൂര്‍ത്തിയാവുകയാണ്. അദ്ധ്യാപകതസ്തികകളില്‍ യു.ജി.സിയുടെ യോഗ്യതാനിര്‍ദ്ദേശം അംഗീകരിച്ച് കേന്ദ്രം ഇറക്കിയ പ്രത്യേക വിജ്ഞാപന പ്രകാരമാണ് നിയമനം നടത്തുന്നത്. ഇന്റര്‍വ്യൂബോര്‍ഡിന്റെ തലവനായ വൈസ് ചാന്‍സലര്‍ക്ക് ഇതേ വിജ്ഞാപനപ്രകാരമുള്ള യോഗ്യതയില്ലാത്തതാണ് നിയമനങ്ങളെ കുരുക്കിലാക്കിയത്.

തിരഞ്ഞെടുപ്പ് കമ്മിഷനോട് പോകാന്‍ പറ…

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖാമൂലമുള്ള നിര്‍ദ്ദേശം അവഗണിച്ചു പോലും കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ നിയമനം നടത്തിയിരുന്നു. പെരുമാറ്റച്ചട്ട ലംഘനം ചൂണ്ടിക്കാട്ടി സിന്‍ഡിക്കേറ്റ് യോഗത്തില്‍ അംഗങ്ങള്‍ രജിസ്ട്രാര്‍ നിയമനം തടഞ്ഞെങ്കിലും രഹസ്യ സ്വഭാവത്തോടെ സൂക്ഷിക്കേണ്ട ഇന്റര്‍വ്യൂ ഫലം പ്രഖ്യാപിക്കപ്പെട്ടു. കുരുക്കാകുമെന്ന് മനസിലായപ്പോള്‍ ഇന്റര്‍വ്യൂ ഫലം പുറത്തുവിടരുതെന്ന ധാരണയിലാണ് സിന്‍ഡിക്കേറ്റ് എത്തിയത്. പക്ഷേ, ഇന്റര്‍വ്യൂ ഫലംപുറത്തുവരികയുംചെയ്തു. സംസ്‌കൃത സര്‍വകലാശാലയിലെ രജിസ്ട്രാര്‍ തിരഞ്ഞെടുപ്പും നിയമനവും തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലനില്‍ക്കുന്നത് വരെ മാറ്റിവയ്ക്കണമെന്ന് ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നളിനി നെറ്റോ സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നതാണ്. ഇന്റര്‍വ്യൂവും തുടര്‍ന്നുള്ള തിരഞ്ഞെടുപ്പും മാറ്റണമെന്ന് എറണാകുളം ജില്ലാ കളക്ടറുടെ ചുമതലയുണ്ടായിരുന്ന എ.ഡി.എം രാമചന്ദ്രന്‍ 14ന് സര്‍വകലാശാലയെ അറിയിക്കുകയും ചെയ്തു. നിര്‍ദ്ദേശം വകവയ്ക്കാതെ വൈസ് ചാന്‍സലര്‍ അദ്ധ്യക്ഷനും സ്റ്റാഫ് കമ്മിറ്റി കണ്‍വീനറായ ആറന്മുള എം.എല്‍.എ അഡ്വ. കെ. ശിവദാസന്‍ നായര്‍, വിഷയവിദഗ്ദ്ധനായ കണ്ണൂര്‍ സര്‍വകലാശാലാ വൈസ് ചാന്‍സലര്‍ ഖാദര്‍ മങ്ങാട് എന്നിവര്‍ അംഗങ്ങളുമായ സമിതി ഇന്റര്‍വ്യൂ നടത്തി ആദ്യ മൂന്നു റാങ്കുകാരുടെ പാനലിന് രൂപം നല്‍കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ രേഖ പരിശോധിച്ച സിന്‍ഡിക്കേറ്റംഗമായ കെ. ശിവദാസന്‍ നായര്‍ എം.എല്‍.എ നിയമന നടപടികളെല്ലാം മാറ്റിവയ്ക്കാനാണ് നിര്‍ദ്ദേശമെന്ന് യോഗത്തെ അറിയിച്ചു. ഇതിനിടെ, രജിസ്ട്രാര്‍ നിയമനത്തിനുള്ള പാനല്‍ അടങ്ങിയ കവറിന്റെ സീല്‍ പൊട്ടിച്ച് വൈസ് ചാന്‍സലര്‍ പേരുകള്‍ പ്രഖ്യാപിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ നിര്‍ദ്ദേശം മറികടന്ന് ഇന്റര്‍വ്യൂ നടത്തരുതായിരുന്നുവെന്ന് രജിസ്ട്രാറുടെ ചുമതല വഹിച്ച ഡോ. എന്‍. പ്രശാന്തകുമാര്‍ ചൂണ്ടിക്കാട്ടി. ഫലം പ്രഖ്യാപിക്കപ്പെട്ടെങ്കിലും അത് രേഖയില്‍ ഉള്‍പ്പെടുത്താതെ പുതിയ കവറില്‍ സീല്‍ ചെയ്ത് സൂക്ഷിക്കണമെന്നും വിവരം പുറത്തറിയാതെ രഹസ്യമായി സൂക്ഷിക്കാനും വി.സി തീരുമാനിക്കുകയായിരുന്നു.

സംസ്‌കൃതസര്‍വകലാശാലയുടെ തലപ്പത്ത് സംസ്‌കൃതം അറിയാത്തവര്‍

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയുടെ തലപ്പത്തിരി ക്കുന്നവരില്‍ ഭൂരിഭാഗം പേര്‍ക്കും സംസ്‌കൃതം അറിയില്ല. വിഖ്യാത ചരിത്ര പണ്ഡിതനായ കെ എന്‍ പണിക്കരെ എല്‍ഡിഎഫ് സര്‍ക്കാര്‍ വൈസ് ചാന്‍സലറാക്കിയപ്പോള്‍ സംസ്‌കൃതബിരുദമില്ലെന്ന പേരില്‍ എതിര്‍ത്തവരാണ് ചട്ടവും കീഴ്‌വഴക്കവും അട്ടിമറിച്ച് ദിലീപ് കുമാറിന്റെ നിയമനം നടത്തിയത്. കോമേഴ്‌സില്‍ അസോസിയേറ്റ് പ്രൊഫസറാണ് എം സി ദിലീപ് കുമാര്‍. ഇദ്ദേഹം ഡോക്ടറേറ്റ് നേടിയതാകട്ടെ സര്‍വകലാശാലയിലെ നാഷണല്‍ സര്‍വീസ് സ്‌കീം സംബന്ധിച്ച പ്രബന്ധത്തിനുമാണ്. വിസിയെ തെരഞ്ഞെടുക്കാനുള്ള സെര്‍ച്ച് കമ്മിറ്റി, ദിലീപ് കുമാറിന്റെ പേര് തിരസ്‌കരിക്കുകയും യോഗ്യരായവര്‍ക്കായി വീണ്ടും വിജ്ഞാപനം ചെയ്യണമെന്ന് നിര്‍ദേശിച്ചിരുന്നു. പാനലിലെ യുജിസി പ്രതിനിധി പുരി ജഗന്നാഥ സര്‍വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. നീലകണ്ഠപതിയാണ് ശക്തമായി എതിര്‍ത്തത്. എന്നാല്‍, ഈ നിര്‍ദേശം മറികടന്ന് കോണ്‍ഗ്രസ് അധ്യാപകസംഘടനയായ കെപിസിടിഎയുടെ സംസ്ഥാന പ്രസിഡന്റായ ദിലീപ് കുമാറിനെ വി.സിയാക്കുകയായിരുന്നു. നിലവിലെ പിവിസി ഡോ. സുചേതാ നായര്‍ക്ക് പത്രപ്രവര്‍ത്തനത്തിലാണ് ബിരുദം. ഏറെക്കാലം രജിസ്ട്രാറായിരുന്ന ഡോ. എം പ്രശാന്തകുമാറിന്റെ ബിരുദാനന്തര ബിരുദം ഇംഗ്ലീഷിലും. സര്‍വകലാശാല വിസി, പിവിസി, രജിസ്ട്രാര്‍ എന്നീ ഉന്നത പദവികളില്‍ ഒന്നിലെങ്കിലും സംസ്‌കൃത പണ്ഡിതര്‍ വേണമെന്ന ചട്ടംമറികടന്നാണ് സര്‍ക്കാരിന്റെ രാഷ്ട്രീയനിയമനങ്ങള്‍.

ഇപ്പോഴത്തെ പി.എസ്.സി ചെയര്‍മാന്‍ ഡോ. കെ എസ് രാധാകൃഷ്ണനെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ വിസിയാക്കിയപ്പോഴാണ് സമാനമായ അവസ്ഥയുണ്ടായത്. അന്നത്തെ രജിസ്ട്രാര്‍ ഡോ. എസ് പ്രേംജിത്തിന് മറൈന്‍ സയന്‍സിലായിരുന്നു വൈദഗ്ധ്യം. സര്‍വകലാശാല ആരംഭിച്ചപ്പോള്‍ 1993ല്‍ ആദ്യ വിസിയായ ചീഫ് സെക്രട്ടറി ആര്‍ രാമചന്ദ്രന്‍നായര്‍ സംസ്‌കൃത പണ്ഡിതനായിരുന്നു. തുടര്‍ന്ന് എല്‍ഡിഎഫ് കാലത്ത് വിസിയായ ഡോ. എന്‍ പി ഉണ്ണിയും റജിസ്ട്രാര്‍ ഡോ. കെ ജി പൗലോസും പ്രിന്‍സിപ്പല്‍ ഡീന്‍ ഡോ. എന്‍ വി പി ഉണിത്തിരിയും പ്രഗത്ഭരായ സംസ്‌കൃത പണ്ഡിതര്‍ ആയിരുന്നു. പിന്നീടാണ് കെ എന്‍ പണിക്കരെ വിസി ആക്കിയത്. ഭാരതദര്‍ശനത്തില്‍ ഡോക്ടറേറ്റ് നേടിയ ഇദ്ദേഹത്തെയാണ് സംസ്‌കൃത ബിരുദമില്ലെന്ന പേരില്‍ എതിര്‍ത്തത്. അന്നത്തെ പ്രിന്‍സിപ്പല്‍ ഡീന്‍ ഡോ. എന്‍ കെ ശങ്കരന്‍ സംസ്‌കൃത പണ്ഡിതനായിരുന്നു. കെ എസ് രാധാകൃഷ്ണനുശേഷം എല്‍ഡിഎഫ് കാലത്ത് വിസിയായ ഡോ. ജെ പ്രസാദിന്റെ ഡോക്ടറേറ്റും സംസ്‌കൃതത്തിലായിരുന്നു.

 

വി.സിമാരെ വിജിലന്‍സ് കുരുക്കി

കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയില്‍ ചട്ടവിരുദ്ധമായി രജിസ്ട്രാറെയും ജീവനക്കാരേയും നിയമിച്ചതും അപേക്ഷപോലും നല്‍കാത്ത സ്ഥാപനത്തിന് കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയതുമടക്കമുള്ള ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കാന്‍ കോടതി ഉത്തരവിട്ടിട്ടുണ്ട്. വൈസ്ചാന്‍സലര്‍ ഡോ.എം.സി ദിലീപ് കുമാര്‍, കണ്ണൂര്‍ സര്‍വകലാശാലാ വി.സി ഡോ.എം.കെ. അബ്ദുള്‍ഖാദര്‍ എന്നിവരടക്കമുള്ളവര്‍ക്കെതിരേയാണ് അന്വേഷണം. അദ്ധ്യാപകനായ കെ.എ.സതീഷ് കുമാര്‍ നല്‍കിയ ഹര്‍ജിയിലാണ് തൃശൂര്‍ വിജിലന്‍സ് കോടതിയുടെ ഉത്തരവ്. വി.സിമാര്‍ക്കെതിരേ എറണാകുളം വിജിലന്‍സ് സൂപ്രണ്ട് അന്വേഷണം നടത്താനാണ് നിര്‍ദ്ദേശം. രജിസ്ട്രാര്‍ നിയമനത്തിനുള്ള സമിതിയിലെ വിഷയവിദഗ്ദ്ധനായിരുന്നു കണ്ണൂര്‍ വി.സി.സ്റ്റാഫ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി തയ്യാറാക്കിയ നിയമന മാനദണ്ഡങ്ങള്‍ സിന്‍ഡിക്കേറ്റ് അംഗീകരിക്കുന്നതിന് 17 ദിവസം മുന്‍പ് രജിസ്ട്രാര്‍ നിയമനത്തിന് വിജ്ഞാപനം പുറത്തിറക്കിയിരുന്നു. സ്റ്റാറ്റിയൂട്ട് പ്രകാരമുള്ള മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെ വിജ്ഞാപനം പുറത്തിറക്കിയത് വന്‍ അഴിമതി ലക്ഷ്യമിട്ടാണെന്ന് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു. രജിസ്ട്രാര്‍ നിയമനത്തിന് മാനദണ്ഡങ്ങള്‍ നിശ്ചയിക്കാതെ ഇറക്കിയ വിജ്ഞാപനം നിലനില്‍ക്കുന്നതല്ല. അപേക്ഷകള്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി പരിശോധിക്കണമെന്ന വ്യവസ്ഥയും പാലിക്കപ്പെട്ടില്ല. വൈസ്ചാന്‍സലറുടെ സുഹൃത്തും അദ്ധ്യാപക യൂണിയനിലെ സഹപ്രവര്‍ത്തകനുമായിരുന്നയാളെയാണ് രജിസ്ട്രാറാക്കിയത്. രജിസ്ട്രാര്‍ക്ക് ഭരണപരമായ പരിചയം അത്യാവശ്യമാണെന്ന ചട്ടവും ലംഘിക്കപ്പെട്ടതായും ഹര്‍ജിയില്‍ പറയുന്നു. വ്യവസ്ഥകള്‍ മറികടക്കുന്നതിനെ എതിര്‍ത്ത് സിന്‍ഡിക്കേറ്റംഗം നല്‍കിയ കുറിപ്പ് മിനിട്ട്‌സില്‍ ഉള്‍പ്പെടുത്താതെ തള്ളിക്കളഞ്ഞു.

യു.ജി.സി ധനസഹായത്തോടെ സര്‍വകലാശാലയില്‍ നടത്തുന്ന നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അപേക്ഷ പോലും നല്‍കാത്ത എറണാകുളത്തെ സ്വാശ്രയ ആര്‍കിടെക്ട് കോളേജുടമയ്ക്കാണ് ചട്ടവിരുദ്ധമായി കണ്‍സള്‍ട്ടന്‍സി കരാര്‍ നല്‍കിയത്. കണ്‍സള്‍ട്ടന്‍സി കരാറിന് ആദ്യ ടെന്‍ഡര്‍ ക്ഷണിച്ചപ്പോള്‍ എറണാകുളത്തെ അജിത് അസോസിയേറ്റ്‌സ് കമ്പനി മാത്രമാണ് അപേക്ഷിച്ചത്. ഒറ്റ അപേക്ഷ മാത്രമുള്ളതിനാല്‍ ഈ ടെന്‍ഡര്‍ റദ്ദാക്കി വീണ്ടും അപേക്ഷ ക്ഷണിച്ചു. പൂനെയിലെ വി.കെ അസോസിയേറ്റ്‌സ്, തൃശൂരിലെ ശ്യാംകുമാര്‍ ആര്‍ക്കിടെക്ചര്‍, കടവന്ത്രയിലെ സനീറാനിസാന്‍ ആര്‍ക്കിടെക്ചര്‍ എന്നിവരായിരുന്നു രണ്ടാം ടെന്‍ഡറില്‍ അപേക്ഷിച്ചത്. പക്ഷേ അപേക്ഷ നല്‍കാത്ത അജിത് അസോസിയേറ്റ്‌സ്, അടക്കം മൂന്നുപേരെ അഭിമുഖത്തിന് ക്ഷണിക്കുകയും അജിത് അസോസിയേറ്റ്‌സിന് കരാര്‍ നല്‍കുകയുംചെയ്തു. ഇതിനെല്ലാം പുറമേ സര്‍വകലാശാലാ സ്റ്റാഫ് അസ്സോസിയേഷന്‍ മുന്‍ ജനറല്‍സെക്രട്ടറി പീറ്റര്‍ അഗസ്റ്റിന്റെ ഭാര്യയെ യൂണിവേഴ്‌സിറ്റി സെന്ററില്‍ അറ്റന്റന്റ് കം സ്വീപ്പറായും വി.സിയുടെ ഡ്രൈവര്‍ സി. എസ്.ജിബിയുടെ ഭാര്യയെ യൂണിവേഴ്‌സിറ്റി ലേഡീസ് ഹോസ്റ്റലിലെ കുക്കായും നിയമിച്ചത് ചട്ടവിരുദ്ധമാണെന്നും ഹര്‍ജിയിലുണ്ട്. സര്‍ക്കാരിനും സര്‍വകലാശാലയ്ക്കും സാമ്പത്തികനഷ്ടമുണ്ടാക്കിയെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും സൂപ്പര്‍

സര്‍വകലാശാലയുടെ തലപ്പത്ത് കെടുകാര്യസ്ഥതയാണെങ്കിലും അദ്ധ്യാപകരുടേയും വിദ്യാര്‍ത്ഥികളുടേയും നിലവാരം പരിഗണിച്ചു സര്‍വകലാശലകളേയും കോളേജുകളേയും വിലയിരുത്തുന്ന കേന്ദ്ര ഏജന്‍സിയായ നാഷണല്‍ അസസ്‌മെന്റ് ആന്‍ഡ് അക്രഡിറ്റേഷന്‍ കൗണ്‍സിലിന്റെ (നാക്ക്) സംസ്‌കൃത സര്‍വകലാശാലയ്ക്ക് എ ഗ്രേഡ് അംഗീകാരം നല്‍കി. ഈ പദ്ധതിക്കാലത്ത് പത്തുകോടിയിലേറെ രൂപയുടെ കേന്ദ്രസഹായം സംസ്‌കൃത സര്‍വകലാശാലയ്ക്ക് ലഭിക്കും. അടിസ്ഥാനസൗകര്യ വികസനത്തിനും ഗവേഷണത്തിനുമുള്ള യു.ജി.സിയുടെ ധനസഹായത്തിന് സര്‍വകലാശാലയ്ക്ക് മുഖ്യപരിഗണന ലഭിക്കും. ആദ്യഘട്ടമായി യു.ജി.സി രണ്ടരക്കോടിയുടെ സഹായം നല്‍കും. ഉന്നതവിദ്യാഭ്യാസ മേഖലയ്ക്കുള്ള ദേശീയ ഉന്നതവിദ്യാഭ്യാസം പദ്ധതിയില്‍ നിന്നും കോടികളുടെ സഹായം ലഭിക്കും. സംസ്‌കൃതഭാഷയുടെയും അനുബന്ധ വിജ്ഞാന ശാഖകളുടെയും പൂര്‍ണമായ വികാസം ലക്ഷ്യമിട്ടുള്ള അക്കാദമിക്ക് വികസനപ്രക്രിയ ലക്ഷ്യമിടുന്ന സര്‍വകലാശാലയ്ക്ക് 3.03 സ്‌കോറോടെയാണ് എ ഗ്രേഡ് ലഭിച്ചത്.

 

അദ്ധ്യാപകരുടെ യോഗ്യത, പാഠ്യപദ്ധതി, അദ്ധ്യയനത്തിന്റെ ഗുണനിലവാരം, ഗവേഷണരംഗത്തെ മികവ്, അവാര്‍ഡുകള്‍, അടിസ്ഥാനസൗകര്യം, പരിസ്ഥിതിസൗഹൃദ കാമ്പസ്, ആണ്‍പെണ്‍ തുല്യത എന്നിവയെല്ലാം പരിശോധിച്ച് സമിതി നല്‍കിയ റിപ്പോര്‍ട്ട് പരിഗണിച്ചാണ് സംസ്‌കൃത സര്‍വകലാശാലയ്ക്ക് എ ഗ്രേഡ് അനുവദിക്കാന്‍ നാക്ക് ഡയറക്ടര്‍ പ്രൊഫ.എ.എന്‍ റായിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന എക്‌സിക്യുട്ടീവ് കമ്മിറ്റി യോഗം തീരുമാനിച്ചത്. 

 

31 തസ്തികകള്‍ അനധികൃതമായി സൃഷ്ടിച്ചും പി.എഫ് പെന്‍ഷനില്‍ 4.40 കോടിയുടെ തിരിമറി നടത്തിയും സര്‍ക്കാരിന് കോടികളുടെ ബാദ്ധ്യതയുണ്ടാക്കിയ കാലടി സംസ്‌കൃത സര്‍വകലാശാലയ്‌ക്കെതിരേ സര്‍ക്കാര്‍ നടപടി തുടങ്ങിയിട്ടുണ്ട്. വൈസ് ചാന്‍സലര്‍, പ്രോ വൈസ്ചാന്‍സലര്‍, രജിസ്ട്രാര്‍ എന്നിവര്‍ക്കെതിരേ കര്‍ശനനടപടിയെടുക്കാന്‍ ഗവര്‍ണര്‍ പി.സദാശിവം സര്‍വകലാശാലയ്ക്ക് നിര്‍ദ്ദേശം നല്‍കി. അനധികൃത തസ്തികകളും സ്ഥാനക്കയറ്റങ്ങളും ഉടനടി റദ്ദാക്കാനും ധനകാര്യ പരിശോധനാവിഭാഗത്തിന്റെ ശുപാര്‍ശ ഉടനടി നടപ്പാക്കാനും ഗവര്‍ണര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.

 

ഒരു ജോയിന്റ് രജിസ്ട്രാര്‍, മൂന്ന് സെക്ഷന്‍ ഓഫീസര്‍, 13 അസിസ്റ്റന്റ്, ഒരുപ്രിന്റര്‍, നാല് ക്ലാസ്‌ഫോര്‍, ഏഴ് ക്ലറിക്കല്‍ അസിസ്റ്റന്റ്, വി.സി, പി.വി,സി, രജിസ്ട്രാര്‍ എന്നിവരുടെ പ്രൈവറ്റ്  സെക്രട്ടറി തസ്തികകളാണ് സര്‍വകലാശാല സര്‍ക്കാരിനെ അറിയിക്കാതെ സൃഷ്ടിച്ചത്. ലൈബ്രേറിയന്‍മാരുടെ ശമ്പള സ്‌കെയില്‍ കുത്തനേ ഉയര്‍ത്താനും ഉദ്യോഗക്കയറ്റത്തിന്റെ അനുപാതം കൂട്ടാനും സിന്‍ഡിക്കേറ്റ് തീരുമാനിച്ചു. 14 ലൈബ്രറി അസിസ്റ്റന്റ്, മൂന്ന് റഫറന്‍സ് അസിസ്റ്റന്റ് തസ്തികകളാണ് സര്‍ക്കാര്‍ അനുവദിച്ചിട്ടുള്ളതെങ്കിലും ടെക്‌നിക്കല്‍ അസിസ്റ്റന്റ് തസ്തികയിലേക്ക് ഏഴ് ലൈബ്രറി അസിസ്റ്റന്റുമാര്‍ക്ക് സ്ഥാനക്കയറ്റം നല്‍കി. സര്‍ക്കാര്‍ അറിയാതെ കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍മാരുടെ ശമ്പള സ്‌കെയില്‍ അസിസ്റ്റന്റിന് തുല്യമായി ഉയര്‍ത്തുകയും 2006 മുതല്‍ മുന്‍കാലപ്രാബല്യം നല്‍കുകയുംചെയ്തു.ഓവര്‍സിയര്‍, സെക്യൂരിറ്റി തസ്തികകളിലും ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ സര്‍വകലാശാല സ്വയംപരിഹരിച്ചു. 24 വിഭാഗങ്ങളിലായി 204 തസ്തികകളാണ് സര്‍വകലാശാലയ്ക്ക് അനുവദിച്ചിട്ടുള്ളതെങ്കിലും വിരമിക്കാന്‍ ഒന്നരവര്‍ഷം ബാക്കിയുണ്ടായിരുന്ന ഡെപ്യൂട്ടി രജിസ്ട്രാര്‍ ഗോപിനാഥിനെ ജോയിന്റ് രജിസ്ട്രാറാക്കാന്‍ അധികതസ്തിക സൃഷ്ടിച്ചു.

ഇതിനുപുറമേ ഏഴുപേര്‍ക്ക് അനധികൃതമായി സ്ഥാനക്കയറ്റം നല്‍കിയതായും ധനകാര്യപരിശോധനാ വിഭാഗംകണ്ടെത്തി. സര്‍വകലാശാലാചട്ടങ്ങള്‍ കാറ്റില്‍പറത്തിയാണ് ഓഫീസ് സൂപ്രണ്ട് നിയമനം നടത്തിയതെന്ന് റിപ്പോര്‍ട്ടില്‍കുറ്റപ്പെടുത്തുന്നു. വൈസ്ചാന്‍സലറുടെ ചുമതലവഹിക്കവേ ഇല്ലാത്തതസ്തികയില്‍ നിയമനവും സ്ഥാനക്കയറ്റവും നല്‍കിയ പ്രോവൈസ്ചാന്‍സലര്‍ സുചേത നായര്‍ ഗുരുതരമായവീഴ്ച വരുത്തി.
ജീവനക്കാരുടെ പി.എഫ്,പെന്‍ഷന്‍ ഫണ്ട് വിഹിതമായിസ്വരൂപിച്ച 7.33കോടിരൂപയില്‍ 6.72കോടി പെന്‍ഷനായും 2.07കോടി മറ്റാവശ്യങ്ങള്‍ ക്കായുംവകമാറ്റി. കഴിഞ്ഞമൂന്നുവര്‍ഷമായി പി.എഫില്‍ 4.40 കോടിയുടെ കുടിശികവരുത്തിയ സര്‍വകലാശാല തിരിച്ചുകയറാനാവാത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. സര്‍ക്കാരില്‍നിന്നും യു.ജി.സിയില്‍നിന്നും ലഭിച്ച കോടികളുടെ സഹായം ഓഡിറ്റിന് വിധേയമാക്കിയിട്ടില്ല. എല്ലാ ടൈപ്പിസ്റ്റു മാര്‍ക്കും മുന്‍കാലപ്രാബല്യത്തോടെ റേഷ്യോപ്രൊമോഷന്‍ നല്‍കിയത് ക്രമവിരുദ്ധമാണെന്നും ധനകാര്യപരിശോധനാവിഭാഗം കണ്ടെത്തി. ധനകാര്യപരിശോധനാവിഭാഗത്തിന്റെ റിപ്പോര്‍ട്ട് പരിശോധിച്ച ഗവര്‍ണര്‍ അടിയന്തരനടപടി നിര്‍ദ്ദേശിച്ച് സര്‍വകലാശാലയ്ക്ക് കൈമാറി.

 

ശുപാര്‍ശകള്‍

ചട്ടവിരുദ്ധമായുള്ള സ്ഥാനക്കയറ്റവും അനധികൃത തസ്തികകളും ഉടനടി റദ്ദാക്കണമെന്നും സര്‍വകലാശാല സ്വന്തംനിലയില്‍ ശമ്പളപരിഷ്‌കരണത്തിലെ അപാകതകള്‍ പരിഹരിച്ചത് അംഗീകരിക്കേണ്ടെന്നും ധനകാര്യപരിശോധ നാവിഭാഗം സര്‍ക്കാരിനോട് ശുപാര്‍ശചെയ്തു. സേവനകാലയളവില്‍ ഇളവുനല്‍കി അനുവദിച്ച സ്ഥാനക്കയറ്റങ്ങള്‍ റദ്ദാക്കണം. പി.വി.സി ഡോ.സുചേതാ നായര്‍ക്കെതിരേ അച്ചടക്കനടപടി സ്വീകരിക്കണം. അനധികൃത തസ്തിക, സ്ഥാനക്കയറ്റം വഴി സര്‍വകലാശാലയ്ക്കുണ്ടായ നഷ്ടം ഉദ്യോഗസ്ഥര്‍, ഗുണഭോക്താക്കള്‍ എന്നിവരില്‍നിന്ന് തിരിച്ചുപിടിക്കണം.

 

ഗ്രാന്റ് തടഞ്ഞ് സര്‍ക്കാര്‍ വലഞ്ഞു

അനധികൃത തസ്തിക സൃഷ്ടിക്കലും ധൂര്‍ത്തും കാരണം സംസ്‌കൃത സര്‍വകലാശാ ലയ്ക്കുള്ള സഹായം ഇതുവരെ ഇരുപതിലേറെ തവണ സര്‍ക്കാര്‍ തടഞ്ഞിട്ടുണ്ട്. സ്വന്തമായി ഒരു രൂപ പോലും വരുമാനമില്ലാത്ത സര്‍വകലാശാലയില്‍ ശമ്പളം നല്‍കാന്‍ പോലും സര്‍ക്കാരിനെ ആശ്രയിക്കേണ്ടതുണ്ട്. സര്‍വകലാശാലയ്ക്കു പ്രതിവര്‍ഷം പദ്ധതിവിഹിതമായി അഞ്ചുകോടി രൂപയും പദ്ധതിയേത രവിഹിതമായി 15 കോടിയുമാണ് സര്‍ക്കാര്‍ നല്‍കുന്നത്. ധനകാര്യപരിശോധനാ വിഭാഗത്തിന്റെ പരിശോധനയില്‍ വന്‍ക്രമക്കേട് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് ഗ്രാന്റ് തടയുന്നത്. 1400 വിദ്യാര്‍ത്ഥികള്‍ മാത്രമുള്ള സര്‍വകലാശാലയില്‍ വിവിധ വിഭാഗങ്ങളിലായി 800ല്‍ അധികം ജീവനക്കാരുണ്ട്. സര്‍ക്കാരിന്റെ അനുമതി വാങ്ങണമെന്ന വ്യവസ്ഥകള്‍പോലും ലംഘിച്ചാണു മിക്ക നിയമനങ്ങളും. ഇപ്രകാരം അനധികൃതനിയമനം നടത്തിയതിനാണു മഹാത്മാഗാന്ധി സര്‍വകലാശാലയുടെ ഗ്രാന്റ് നേരത്തേ തടഞ്ഞത്. എം.ജിയില്‍ സ്വാശ്രയ കോഴ്‌സുകളും മറ്റുമുള്ളതിനാല്‍ സാമ്പത്തിക ബുദ്ധിമുട്ടിനിടയിലും പിടിച്ചുനില്‍ക്കാന്‍ കഴിഞ്ഞു. എന്നാല്‍, സംസ്‌കൃതസര്‍വകലാശാലയ്ക്ക് അതും സാധ്യമാവില്ല. അനധികൃത തസ്തികകള്‍ മൂലമുള്ള ശമ്പളം/പെന്‍ഷന്‍ ബാധ്യതകള്‍ ബുദ്ധിമുട്ടു സൃഷ്ടിക്കുന്നതായി ധനവകുപ്പും ചൂണ്ടിക്കാട്ടുന്നു. വൈസ് ചാന്‍സലറുടെ പ്രൈവറ്റ്  സെക്രട്ടറി, പ്രോ വൈസ് ചാന്‍സലറുടെ  പ്രൈവറ്റ്  സെക്രട്ടറി, രജിസ്ട്രാറുടെ പ്രൈവറ്റ് സെക്രട്ടറി, ഫിനാന്‍സ് ഓഫീസറുടെ  പ്രൈവറ്റ് സെക്രട്ടറി, ട്യൂട്ടര്‍മാര്‍, പാര്‍ട്‌ടൈം സ്വീപ്പര്‍മാര്‍ തുടങ്ങി നിരവധി തസ്തികകളാണ് ചട്ടവിരുദ്ധമായി സൃഷ്ടിച്ചത്.

ധനവകുപ്പുരേഖകള്‍ പ്രകാരം ആകെ 51 അസിസ്റ്റന്റ് തസ്തികകളുണ്ട്. 2004ലെ സര്‍ക്കാര്‍ ഉത്തരവുപ്രകാരം 52 തസ്തികകള്‍ക്ക് അംഗീകാരം ലഭിച്ചിരുന്നു. ഇതില്‍ ഒരെണ്ണം 2010ല്‍ ലീഗല്‍ അസിസ്റ്റന്റ് തസ്തികയായി.

നിയമനങ്ങള്‍ സര്‍ക്കാരിനെ വെല്ലുവിളിച്ച്

നിലവില്‍ 51 തസ്തികകള്‍ക്കു മാത്രമാണ് ധനവകുപ്പിന്റെ അംഗീകാരം. എന്നാല്‍, സര്‍വകലാശാലയുടെ കണക്കുപ്രകാരം എഴുപതിലേറെ അസിസ്റ്റന്റുമാരുണ്ട്. ഒരു ജോയിന്റ് രജിസ്ട്രാര്‍ തസ്തികയ്ക്കു മാത്രം സര്‍ക്കാര്‍ അനുമതി യുള്ളപ്പോള്‍ ഈ തസ്തികയില്‍ രണ്ടുപേരുണ്ട്. സര്‍വകലാശാലാ നിയമപ്രകാരമുള്ള താല്‍കാലിക സ്ഥാനക്കയറ്റവ്യവസ്ഥയെ കൂട്ടുപിടിച്ചാണിത്. ഒരു പ്രിന്ററുടെ തസ്തികയ്ക്കാണ് അംഗീകാര മെങ്കിലും നിലവില്‍ രണ്ടെണ്ണമുള്ളതു സംവരണതത്വങ്ങള്‍പോലും അട്ടിമറിച്ചാണ്. സര്‍വകലാശാലാചട്ടപ്രകാരം പാര്‍ട്‌ടൈംഫുള്‍ടൈം സ്വീപ്പര്‍ തസ്തികകള്‍ മുന്‍കൂര്‍ സൃഷ്ടിക്കപ്പെട്ടിട്ടില്ലെങ്കിലും ഈ സ്ഥാനത്തു നിരവധിപേര്‍ പണിയെടുക്കുന്നു. അധ്യാപകതസ്തികകളിലും നിയമനം തോന്നിയപടി. നിലവില്‍ 200 സ്ഥിരം അധ്യാപകരും 170 ഗസ്റ്റ് അധ്യാപകരുമുണ്ട്. സ്ഥിരം അധ്യാപകതസ്തികകള്‍ക്കുപോലും സര്‍ക്കാര്‍ അംഗീകാരമില്ല. ഗസ്റ്റ് ലക്ചറര്‍മാരെ നിയമിക്കുന്നതില്‍ യാതൊരു വ്യവസ്ഥയുമില്ല. ഇതു പരിഹരിക്കണമെന്നു മുമ്പ് എ.ജി. ഓഡിറ്റില്‍ പറഞ്ഞിരുന്നെങ്കിലൂം നടപടിയായില്ല.

ബി.എ. മ്യൂസിക്, ഡാന്‍സ്, സംസ്‌കൃതം, ഫൈന്‍ ആര്‍ട്‌സ് ഉള്‍പ്പെടെ 23 വകുപ്പുകളുണ്ട്. ആകെ ഒമ്പതു കേന്ദ്രങ്ങളാണു സര്‍വകലാശാലയ്ക്കുള്ളത്. ഇതില്‍ പന്മന, ഏറ്റുമാനൂര്‍ കേന്ദ്രങ്ങളില്‍ അമ്പതില്‍താഴെ വിദ്യാര്‍ഥികള്‍ മാത്രം. എന്നാല്‍, ഇവിടെ 15 വീതം ജീവനക്കാരുണ്ട്! സര്‍ക്കാര്‍ അനുവദിക്കുന്ന പദ്ധതിയേതര ഗ്രാന്റ് ശമ്പളത്തിനു മാത്രമേ തികയൂ. നിലവില്‍ ഒന്നരക്കോടി രൂപയാണു പ്രതിമാസശമ്പളമായി വേണ്ടിവരുന്നത്. ഡോ: കെ.എസ്. രാധാകൃഷ്ണന്‍ വി.സിയായിരുന്നപ്പോള്‍ എട്ടുകോടിയുടെ യു.ജി.സി. ഗ്രാന്റ് ലഭിച്ചിരുന്നു.

ശമ്പളം നല്‍കാന്‍ നിവൃത്തിയില്ലെങ്കിലും ഇനിയും ജീവനക്കാര്‍ വേണമെന്നാണു സര്‍വകലാശാല അധികൃതരുടെ നിലപാട്. കഴിഞ്ഞയാഴ്ച സിന്‍ഡിക്കേറ്റ് അംഗത്തിന് ഇരട്ടസ്ഥാനക്കയറ്റമാണു നല്‍കിയത്. പുതിയ കോഴ്‌സുകള്‍ ആരംഭിക്കാനോ ഉള്ളതു നവീകരിക്കാനോ നീക്കമില്ല. 2006ല്‍ ഉണ്ടായിരുന്ന ഏഴു കോഴ്‌സുകള്‍ നിര്‍ത്തുകയും ചെയ്തിട്ടുണ്ട്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍