TopTop
Begin typing your search above and press return to search.

സ്വയംഭൂവായ ആത്മീയ കോമാളികളും സാറാജോസഫിന്റെ സ്ത്രീവിരുദ്ധതയും

സ്വയംഭൂവായ ആത്മീയ കോമാളികളും സാറാജോസഫിന്റെ സ്ത്രീവിരുദ്ധതയും

ആത്മീയതയോളം മലിനമായത് മറ്റൊന്നും ഉണ്ടെന്നു തോന്നുന്നില്ല. നമ്മുടെ പാര്‍വ്വതീപുത്തനാറുപോലും ആത്മീയതയേക്കാള്‍ എത്രയോ മാലിന്യമുക്തമാണ്. എത്ര കോടി മനുഷ്യരെ ആത്മീയതയുടെ പേര് പറഞ്ഞു നടക്കുന്ന മതങ്ങള്‍ ഇതിനകം കൊന്നൊടുക്കിയിട്ടുണ്ട്. എല്ലാ യുദ്ധങ്ങളിലും മരിച്ചതില്‍ കൂടുതല്‍ പേര്‍ കുരിശുയുദ്ധത്തില്‍ മാത്രം മരിച്ചിട്ടുണ്ട്. ലോകത്തെ നാണക്കേടിന്റെയും ദുഃഖത്തിന്റെയും നോക്കുകുത്തിയാക്കി മാറ്റിയ പുതിയ അഭയാര്‍ത്ഥി പ്രവാഹത്തിലും ആത്മീയത പറയുന്ന മതത്തിന്റെ കൊലച്ചിരിയുണ്ട്. സാത്താനെ കല്ലെറിയാന്‍ പോയി തിരക്കില്‍ പെട്ടു മരിച്ച മനുഷ്യരുടെ മൗനനൊമ്പരത്തിലും ആത്മീയതയുടെ മാലിന്യമുണ്ട്. ഹിന്ദുമതത്തിന്റെ അടിസ്ഥാന ശിലകളെ ചോദ്യം ചെയ്ത ബുദ്ധന്റെ ആത്മീയതയുടെ പേരില്‍ ഉണ്ടായ മതത്തെയും അതിന്റെ വിശ്വാസികളെയും അരുംകൊല ചെയ്ത് ബുദ്ധനെ അവതാരപുരുഷനാക്കി മാറ്റിയ ആര്‍ഷഭാരത സംസ്‌കാരത്തിന്റെ ധൃതരാഷ്ട്രാലിംഗനത്തിലും ആത്മീയതയുടെ പേരില്‍ നടന്ന മലീമസമായ കൊലച്ചിരിയുടെ അശ്ലീലതയുണ്ട്.

ഇത്തരം മാലിന്യ സമ്പന്നമായ അശ്ലീലതകളില്‍ നിന്നാണ് സ്ത്രീകളെ തൊടാപ്പാടകലെ നിര്‍ത്തുന്ന ബ്രഹ്മവിഹാരിദാസന്‍മാരുണ്ടാകുന്നത്. സ്വയംഭൂവാണെന്നു കരുതുന്ന ഇത്തരം ആത്മീയ കോമാളികള്‍ അവര്‍ സ്വയംഭൂവായവരല്ല എന്നും ഏതോ ഒരു പുരുഷന്റെ ബീജവും ഏതോ സ്ത്രീയുടെ അണ്ഡവും ചേര്‍ന്നുണ്ടായ ഒരു മനുഷ്യജന്മം തന്നെയാണ് തന്റേതെന്നും, ആ ജന്മം - അതെത്ര 'പുണ്യജന്മ'മാണെങ്കിലും - അതിനു മുന്നോടിയായി ഒരു പുരുഷനും സ്ത്രീയും തമ്മില്‍ ലൈംഗികബന്ധം പുലര്‍ത്തിയിരുന്നു എന്നും തിരിച്ചറിയുമ്പോഴാണ് ആത്മീയതയുടെ അടിത്തട്ട് വെളിവാകുന്നതും ആത്മീയതയും ഭൗതികതയും ഒന്നില്‍ നിന്നും മറ്റൊന്നു വേര്‍തിരിച്ചെടുക്കാന്‍ കഴിയാത്തവണ്ണം ഒന്നായിച്ചേര്‍ന്ന് ഒന്നായിത്തീര്‍ന്നതാണെന്ന് മനസ്സിലാക്കുന്നതും.

ആത്മസാക്ഷാത്ക്കാരത്തിന് വേണ്ടി ബുദ്ധന്‍ നിര്‍ദ്ദേശിച്ച ബ്രഹ്മവിഹാരങ്ങളായ സ്‌നേഹവും കരുണയും അനുതാപവും തുല്യതയും ബോധിവൃക്ഷത്തണലില്‍ തപസ്സിരുന്നു നേടിയ ബോധോദയവും വീട്ടിനുള്ളില്‍ വച്ചുതന്നെ നേടാന്‍ കഴിയാമായിരുന്നില്ലേ എന്ന് ബുദ്ധന്‍ ഉപേക്ഷിച്ചു പോയ ഭാര്യ യശോധര ചോദിച്ചപ്പോള്‍ ബോധോദയം സിദ്ധിച്ച ബുദ്ധന്‍ തലകുനിച്ചുനിന്നു. ഒരു ചോദ്യത്തിനു മുന്നില്‍ ഉത്തരമില്ലാതെ-അല്ലെങ്കില്‍ ചോദ്യത്തിനുള്ളിലെ ഉത്തരത്തിന്റെ പൊരുള്‍ താനിതുവരെ കണ്ടെത്തിയ പൊരുളുകളുടെയെല്ലാം പൊരുളായ ചോദ്യമായി തന്നെ തന്നെ തുറിച്ചുനോക്കുന്നു എന്ന പൊരുള്‍ തിരിച്ചറിഞ്ഞിട്ടാകാം - ബുദ്ധനങ്ങനെ നിശബ്ദനായി നിന്നുപോയത്. സ്ത്രീക്ക് പകര്‍ന്നുതരാന്‍ കഴിയാത്ത പൊരുളുകളൊന്നും പുരുഷന്‍ ഗ്രഹിക്കുന്നില്ല എന്ന ആത്മീയതയും അതിലുണ്ട്.

സ്ത്രീശരീരത്തില്‍ കൂടി മോഷപ്രാപ്തി ഉണ്ടാകില്ല എന്നതാണ് ദിഗംബര ജൈനവിശ്വാസം. സ്ത്രീശരീരത്തില്‍ എത്തുന്നതോടെ മോക്ഷസാക്ഷാത്കാരത്തിന്റെ പാത മലിനമാകുമത്രെ! അതുകൊണ്ട്, ജൈന സ്ത്രീക്ക് ആകെ കഴിയുന്നത് അടുത്ത ജന്മം പുരുഷനായി ജനിക്കാന്‍ പ്രാര്‍ത്ഥിക്കുക മാത്രമാണ്. പുരുഷനായി ജനിച്ച ശേഷം ആ ആത്മാവിന് മോക്ഷമുണ്ടാകും. എന്നാല്‍ 19-ാം തീര്‍ത്ഥങ്കരനായ മല്ലിനാഥ്, വാസ്തവത്തില്‍ സ്ത്രീയായിരുന്നു. സത്യം സത്യമായി അംഗീകരിക്കാന്‍ നമ്മള്‍ക്കൊന്നും കഴിയാത്തതുപോലെ ജൈനവിശ്വാസികള്‍ക്കും കഴിഞ്ഞില്ല. അവര്‍ മല്ലീനാഥനെ പുരുഷനാക്കി ചിത്രീകരിച്ചു. അതുകൊണ്ടുതന്നെ ദിഗംബരരായ 24 തീര്‍ത്ഥങ്കരന്‍മാരില്‍ ആരും സ്ത്രീകള്‍ ഉള്ളതായി നമുക്കു കാണാന്‍ കഴിയില്ല. 19-ാമത്തെ തീര്‍ത്ഥങ്കരയായ മല്ലീനാഥ എന്ന സ്ത്രീയുടെ മാറിടം പരത്തുകയും യോനിയുടെ സ്ഥാനത്ത് ലിംഗം കൊത്തിവച്ചുമാണ് ദിഗംബര ജൈനമതത്തിന്റെ അടിസ്ഥാന വിശ്വാസപ്രമാണങ്ങളിലൊന്നിനെ തകര്‍ത്തെറിഞ്ഞ സ്ത്രീയെ ജൈനമതവിശ്വാസികള്‍ പുരുഷലിംഗം കൊണ്ടു മറച്ചുവച്ചത്.

സര്‍വജ്ഞപീഠം കയറാനുള്ള ശങ്കരന്റെ വഴിക്ക് കുറുകെ നിന്നതും ഒരു സ്ത്രീ തന്നെ. ജ്ഞാനങ്ങളില്‍ ഒന്നായ കാമശാസ്ത്രത്തെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മുന്നില്‍ ശങ്കരന്‍ തോല്‍വി സമ്മതിച്ചു. പിന്നീട്, ആ അറിവുതേടി ശങ്കരന്‍ എത്തിയതും ഒരു സ്ത്രീയുടെ അടുത്തു തന്നെ. ഒരു ഗണികയുടെ അടുത്ത്. കാമം സ്ത്രീയില്‍ നിന്നാണ് പുരുഷന്‍ പഠിക്കേണ്ടതെന്ന താന്ത്രിക സങ്കല്‍പ്പത്തിന്റെ സ്വാംശീകരണം കൂടിയായിരുന്നു അത്. പക്ഷെ, അത് അങ്ങനെ കാണാന്‍ കഴിയാത്ത നമ്മള്‍ ശങ്കരന്‍ സ്വന്തം ആത്മാവിന്റെ പരകായപ്രവേശത്തിലൂടെ ഒരു രാജാവിന്റെ ശരീരത്തില്‍ കടന്നുവെന്നും രാജാവിന്റെ ശരീരം രാജ്ഞിയുമായി നടത്തിയ ലൈംഗികബന്ധത്തിന്റെ പൊരുള്‍ രാജാവിന്റെ ഉള്ളിലിരുന്ന ശങ്കരന്റെ ആത്മാവ് മനസ്സിലാക്കിയെന്നുമുള്ള വിഡ്ഢിത്തരങ്ങള്‍ ഉരുവിട്ടു പഠിച്ചു.

ക്രിസ്തുവിന്റെ ശിഷ്യരിലും സ്ത്രീകളില്ല. ശിഷ്യരില്‍ ഒരാളായി മാറിയ മഗ്ദലനമറിയ എന്ന വേശ്യയായിരുന്ന സ്ത്രീയെ അങ്ങനെ അംഗീകരിക്കാന്‍ പാപബോധത്തില്‍ നിന്ന് ഉരുത്തിരിഞ്ഞുവന്ന ക്രിസ്ത്യന്‍ വിശ്വാസങ്ങള്‍ക്ക് കഴിയുന്നില്ല.

മുഹമ്മദിന്റെ കാലത്ത് മുഹമ്മദിന്റെ ഭാര്യ തന്നെ നിസ്‌കാരത്തിന് നേതൃത്വം കൊടുത്തുവെങ്കിലും ഇസ്ലാം മതം സ്ത്രീയെ അകലെ നിര്‍ത്തുന്നു. ഇമാം ആയ സ്ത്രീകള്‍ ഉണ്ടോ? അറിയില്ല. ഏതായാലും 18 വര്‍ഷം മുമ്പ് തിരുവനന്തപുരം പാളയം പള്ളിയില്‍ നിസ്‌കാരത്തിന് സ്ത്രീകള്‍ക്ക് അനുവാദം കൊടുത്തത് (അത് പ്രത്യേകം ഒരു സ്ഥലത്തായിരുന്നുവെങ്കിലും) വലിയ വാര്‍ത്തയായിരുന്ന സ്ഥിതിക്ക് ഏതെങ്കിലും പള്ളിയിലെ ഇമാം സ്ത്രീയായിരിക്കാനുള്ള സാധ്യതയില്ല.

ബുദ്ധനേയും ക്രിസ്തുവിനേയും കൃഷ്ണനേയും നബിയേയും ഏതോ സ്ത്രീകള്‍ തന്നെയാണ് പ്രസവിച്ചതെന്നും അവരുടെ ഗന്ധത്തിന് സ്വന്തം അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ മണമുണ്ടായിരുന്നുവെന്നും നമ്മള്‍ എന്നാണ് തിരിച്ചറിയുക?

അങ്ങനെ തിരിച്ചറിഞ്ഞിരുന്നെങ്കില്‍ ബ്രഹ്മവിഹാരദാസന്‍മാരുണ്ടാകുമായിരുന്നില്ല. സ്ത്രീകള്‍ ഉള്ള ചടങ്ങില്‍ താന്‍ പങ്കെടുക്കില്ല എന്ന് പറയുമായിരുന്നില്ല. ആവശ്യമില്ലാത്ത ഒരു കോലാഹലം ഉണ്ടാകുമായിരുന്നില്ല. അപ്പോഴും അതിനൊരു ഗുണപരമായ വശമുണ്ട് - സംഭവിച്ചതെല്ലാം നല്ലതിന്. സംഭവിക്കുന്നതെല്ലാം നല്ലതിന്, ഇനി സംഭവിക്കാന്‍ പോകുന്നതും നല്ലതിന് - വാസ്തവത്തില്‍ ഈ സംഭവം കാരണമാണ് നമ്മള്‍ക്ക് നമ്മുടെ തീപാറും വനിതാരത്‌നങ്ങളുടെ പൂച്ചറിയാന്‍ കഴിഞ്ഞത്; നമ്മുടെ സാംസ്‌കാരിക നായകന്‍മാരുടെ തനിനിറം കാണാന്‍ കഴിഞ്ഞത്; സംഘികളുടെ അടുത്തടുത്ത് വരുന്ന സാംസ്‌കാരിക താലിബാനിസത്തിന്റെ കാലൊച്ച കേള്‍ക്കാന്‍ കഴിഞ്ഞത്; പിന്നെ, അബ്ദുല്‍ കലാം അയ്യരു സ്വാമിയുടെ പുതിയ വെളിപാടുകള്‍ കേള്‍ക്കാന്‍ കഴിഞ്ഞത്. വാസ്തവത്തില്‍ നാണക്കേടു തോന്നുന്നു - സ്ത്രീകള്‍ക്ക് പ്രത്യേക പരിഗണന ഉറപ്പുനല്‍കുന്ന ഇന്ത്യന്‍ ഭരണഘടനയുടെ സംരക്ഷകനായിരുന്ന അബ്ദുല്‍കലാം അയ്യരു സ്വാമി ഇമ്മാതിരി സ്ത്രീവിരുദ്ധനായ ഒരു ആത്മീയ കോമാളിയുടെ വിശ്വാസപ്രമാണങ്ങളെ ആത്മീയതയായി തെറ്റിദ്ധരിച്ചിരുന്നല്ലോ എന്നോര്‍ത്ത്. അബ്ദുല്‍ കലാം അയ്യരു സ്വാമിയെ ചരിത്രം ഒരു പക്ഷെ വിലയിരുത്തുക ഇത്തരത്തിലുള്ള അദ്ദേഹത്തിന്റെ നിലപാടിന്റെ പേരിലായിരിക്കും.

പ്രശ്‌നം സ്ത്രീവിഷയം മാത്രമാക്കി ഒതുക്കിതീര്‍ത്തതാണ് ചാനലുകള്‍ ചെയ്ത തെറ്റ്. ഇത് സ്ത്രീവിരുദ്ധമല്ല. ഇത് മനുഷ്യവിരുദ്ധമാണ്. ജന്മവിരുദ്ധമാണ്. ജീവവിരുദ്ധമാണ്. പ്രകൃതി വിരുദ്ധമാണ്. ആത്മീയവിരുദ്ധമാണ്. 'ആള്‍ക്കൂട്ടം' എന്ന നോവലില്‍ ആനന്ദ് പറയുന്നുണ്ട്. ''ബുദ്ധിജീവികള്‍ ലിറ്റ്മസ് പേപ്പര്‍ പോലെയാണ്. അമ്ലത്തോട് ചേര്‍ന്നാല്‍ അമ്ലം. ക്ഷാരത്തോട് ചേര്‍ന്നാല്‍ ക്ഷാരം.'' കേരളത്തില്‍, എന്തുകൊണ്ടോ ബുദ്ധിജീവികള്‍ ആരുമില്ല. ബുദ്ധി ഉപജീവനമായി മാറ്റിയവരേയുള്ളു. അവരെല്ലാം ലിറ്റ്മസ് പേപ്പറാകാന്‍ വെമ്പുന്നവരാണ്. ഇന്ത്യയില്‍ സംഘികള്‍ പിടിമുറുക്കുന്നു എന്നവര്‍ നായ്ക്കളെപ്പോലെ മണത്തറിയുന്നു. അതുകൊണ്ട്, പ്രതികരിക്കേണ്ട എന്നു കരുതി. പഴയ ഒപ്പിയാന്‍മാരുടെ സംഘത്തേയും കാണാനില്ല. ഒറ്റപ്പെട്ട ശബ്ദങ്ങള്‍ മാത്രം. എത്ര ദുര്‍ബ്ബലമാണെങ്കിലും അത് ഒറ്റപ്പെട്ടതാണ്. അതാണതിന്റെ സൗന്ദര്യവും.

സാഹിത്യകാരന്‍മാര്‍ക്കാണെങ്കില്‍ ലോകത്ത് ഏറ്റവും ഭയവും ബഹുമാനവുമുള്ളത് ഡി.സി ഒക്കെ അടങ്ങുന്ന മുതലാളിമാരോടാണ്. കൊച്ചുമുതലാളിയെ പിണക്കുന്നതൊന്നും സാഹിത്യ അടിയാന്‍മാര്‍ ചെയ്യില്ല. അതു മുതലാളിയ്ക്ക് അവര്‍ എഴുതി ഒപ്പിട്ടുകൊടുത്തിട്ടുള്ളതാണ്. സ്ത്രീകള്‍ പങ്കെടുക്കുന്ന ചടങ്ങില്‍ വരില്ല എങ്കില്‍, 'നീ വരെണ്ടടാ പുല്ലേ' എന്ന് ബ്രഹ്മവിഹാരദാസനോടു പറയാന്‍ പൊതുജനങ്ങളുടെ - ആണും പെണ്ണും ഉള്‍പ്പെട്ട കേരളത്തിലെ പൊതുജനം - പണം കൊണ്ടു നടത്തുന്ന കേരള സാഹിത്യ അക്കാദമിയില്‍ ആരുമില്ലേ?

കേരളത്തിലെ ശാക്തീകരിക്കപ്പെട്ട സ്ത്രീകള്‍ എന്നത് ഒരു വലിയ ഫലിതമാണ്. അവരെ സംബന്ധിച്ച് സ്ത്രീവിരുദ്ധത എന്നുവച്ചാല്‍ ലൈംഗികപീഢനം മാത്രം. ലൈംഗികമായല്ലാതെ മറ്റൊന്നും അവരുടെ മനസ്സില്‍ സ്ത്രീവിരുദ്ധതയായി വരില്ല. എന്നാല്‍ ആവശ്യമുള്ളിടത്ത് ആവശ്യമില്ലാത്ത കാര്യം മനസ്സിലാക്കാതിരിക്കാന്‍ സാറാജോസഫിനു കഴിയും. അതുകൊണ്ടാണ് കറന്റ് ബുക്‌സിന്റെ സ്ത്രീവിരുദ്ധതയ്‌ക്കെതിരെ ഒന്നും പറയാത്തത്. അതുകൊണ്ടാണ് കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ താന്‍ മത്സരിച്ച 'ആപ്പി'ന്റെ ദേശീയ നേതാവായ സോമനാഥ് ഭാരതിയുടെ സ്ത്രീവിരുദ്ധത സാറാജോസഫ് കാണാതെ പോയത്. പുസ്തക പ്രകാശനത്തിലെ സ്ത്രീവിരുദ്ധതയും സാറാജോസഫിന് മനസ്സിലായില്ല. കറന്റ് ബുക്‌സിന്റെ അഭിപ്രായമാണ് ഇക്കാര്യത്തില്‍ സാറാജോസഫിന് മഹദ്‌വചനം. അന്നമാണ് പ്രധാനം. മുതലാളിയാണ് ദൈവം.

പ്രശ്‌നത്തിലെ സ്ത്രീവിരുദ്ധത സാറാജോസഫിന് മനസ്സിലായില്ല എന്നു മാത്രമല്ല, താന്‍ മനസ്സിലാക്കിയതാണ് ശരി എന്നും സാറാജോസഫ് കരുതുന്നു. അബ്ദുല്‍ കലാം അയ്യരുസ്വാമിയുടെ പുസ്തകത്തിന്റെ പ്രകാശനം (ചടങ്ങിന് സ്ത്രീസാന്നിധ്യം പാടില്ല എന്ന ബ്രഹ്മവിഹാരദാസനെന്ന സ്വയംഭൂവായ ആത്മീയ കോമാളിയുടെ തിട്ടൂരം വിവാദമാക്കിയ ചടങ്ങില്‍) ആ സ്വയംഭൂവനു പകരം താന്‍ പുസ്തകപ്രകാശനം നടത്തിക്കൊള്ളാമെന്ന് തീരുമാനിച്ചതില്‍ തെറ്റില്ല എന്നും സാറാജോസഫ് പറയുന്നു. തീര്‍ന്നില്ല, തന്റെ സ്ത്രീപക്ഷ വീക്ഷണങ്ങളെ ആരും ചോദ്യം ചെയ്യണ്ട എന്നും താന്‍ ചെയ്യുന്നത് എന്താണെന്ന് തനിക്ക് വ്യക്തമായി ബോധ്യമുണ്ടെന്നും 'സാറാ ജോസഫ് ഗോബാക്ക്' എന്ന മുദ്രാവാക്യം മുഴങ്ങിക്കേള്‍ക്കെ തന്നെ സാറാജോസഫ് ചാനലുകളോട് ഉറക്കെ പറയുന്നുണ്ടായിരുന്നു.

തന്നെ ആരും ചോദ്യംചെയ്യണ്ടെന്നും താന്‍ ചെയ്യുന്നത് എന്താണെന്ന് തനിക്ക് നല്ലവണ്ണം അറിയാമെന്നുമുള്ള സാറാജോസഫിന്റെ വാക്കുകള്‍ക്ക് സമാനമായ രീതിയിലുള്ള പ്രസ്താവനകള്‍ നമ്മള്‍ ഈയടുത്ത കാലത്ത് ധാരാളമായി കേട്ടു. അത് മൂന്നാറില്‍ നിന്നായിരുന്നു. മൂന്നാറിലെ അംഗീകൃത തൊഴിലാളി നേതാക്കളില്‍ നിന്നായിരുന്നു. തൊഴിലാളി നേതാക്കളെ അത്രയും തള്ളിക്കളഞ്ഞ മൂന്നാറിലെ തൊഴിലാളി സ്ത്രീകള്‍ - ആവര്‍ത്തിച്ചു പറയട്ടെ, സ്ത്രീകള്‍ - നടത്തിയ സമരത്തക്കുറിച്ച് ചോദിച്ചപ്പോഴായിരുന്നു അംഗീകൃത തൊഴിലാളി നേതാക്കള്‍ അംഗീകൃത സ്ത്രീപക്ഷ വാദിയായ സാറാജോസഫിന്റെ സ്വരത്തില്‍ സംസാരിച്ചത്.

അതേ, അബ്ദുല്‍ കലാം അയ്യരുസ്വാമിയുടെ പുതിയ പുസ്തകത്തിന്റെ നടക്കാതെ പോയ പ്രകാശനകര്‍മ്മം നല്‍കിയ പുത്തന്‍ കാഴ്ചകളാണിവ. നന്ദി. നടക്കാതെ പോയ പ്രകാശനകര്‍മ്മത്തിനും സ്വയംഭൂവായ ബ്രഹ്മവിഹാരദാസനും നന്ദി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories