TopTop
Begin typing your search above and press return to search.

കല്‍ബുര്‍ഗിയുടെ അരുംകൊലയില്‍ നിന്ന് നാം പഠിക്കേണ്ടത്

കല്‍ബുര്‍ഗിയുടെ അരുംകൊലയില്‍ നിന്ന് നാം പഠിക്കേണ്ടത്

രാജേഷ് കോമത്ത്

നാസി ജര്‍മ്മനിയുടെ സര്‍വ്വാധിപതി ഹിറ്റ്‌ലറുടെ ഭീകരവാഴ്ചയ്‌ക്കെതിരെ ശബ്ദമുയര്‍ത്താന്‍ ധൈര്യം കാണിച്ച മാര്‍ട്ടിന്‍ നിമോളര്‍ എന്ന പ്രമുഖ പ്രൊട്ടസ്റ്റന്റ് പാതിരിയെ ലോകം ഇന്നു സ്മരിക്കുന്നത് അദ്ദേഹത്തിന്റെ ഒരു കവിതയിലൂടെയാണ്. അതിങ്ങനെയാണ്.

"First they come for the communists. and i did not speak out because I was not a Communsit.

Then they come for the socialists and I did not speak out, because I was not a socialist.

Then they came for the trade unionists and I did not speak out, because i was not a trade unionist.

Then they come for the Catholics and I did not speak out, because I was not a Catholic.

Then they come for the Jews and I did not speak out, because I was not a Jew.

Then they came for me, and There was no one left to speak for me."

നാസി ആക്രമണങ്ങള്‍ക്കെതിരെ നിശബ്ദമായിരുന്ന പ്രോട്ടസ്റ്റന്റ് പള്ളി മേധാവികള്‍ക്കെതിരായിരുന്നു നിമോളര്‍ ഈ വരികള്‍ എഴുതിയത്. ഇന്ത്യയിലെ വര്‍ത്തമാനകാല സാഹചര്യത്തില്‍ ഏറ്റവും പ്രസക്തമായ വരികളാണിതെന്നു ഞാന്‍ വിശ്വസിക്കുന്നു.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശങ്ങള്‍ക്കുവേണ്ടി താലിബാനെതിരെ ഇപ്പോഴും പോരാട്ടം തുടരുന്ന നോബല്‍ ജേതാവ് മലാല യൂസഫ് സായ് 'ഐ ആം മലാല' എന്ന ആത്മകഥയിലും ഈ കവിത ഉദ്ധരിക്കുന്നുണ്ട്. മലാലയുടെ ബാപ്പയുടെ കോട്ടിന്റെ കീശയില്‍ ഈ കവിതയുടെ പകര്‍പ്പ് എപ്പോഴും സൂക്ഷിച്ചിരുന്നുവത്രേ.

പെണ്‍കുട്ടികളുടെ വിദ്യാഭ്യാസാവകാശത്തിനു വേണ്ടി വാദിച്ചതുകൊണ്ടല്ല അവളുടെ മതേതര പ്രഘോഷണങ്ങള്‍ മൂലമാണവളെ വകവരുത്താന്‍ തീരുമാനിച്ചതെന്നായിരുന്നു താലിബാന്‍ നിലപാട്. മലാലയ്ക്ക് എന്തു സംഭവിച്ചുവെന്നതൊക്കെ ഇന്ന് ലോകത്തിലെ ഏതു കൊച്ചുകുട്ടിക്കും അറിയാം.

ബംഗ്ലാദേശിലെ തസ്‌ലിമയ്ക്ക് എന്തു സംഭവിച്ചു എന്നതു നമുക്കറിയുന്നതല്ലേ. ലോക പ്രശസ്ത ചിത്രകാരനായ എം.എഫ്. ഹുസൈനെ ഗള്‍ഫിലേക്ക് ഓടിപ്പോകാന്‍ ഇടയാക്കിയവരും പിറന്ന മണ്ണില്‍ മരിക്കാന്‍ അനുവദിക്കാതിരുന്നതും ആരാണെന്ന് നിനിങ്ങള്‍ക്കറിയില്ലേ? യു.ആര്‍. അനന്തമൂര്‍ത്തിക്ക് പാകിസ്ഥാനിലേക്ക് വിമാനടിക്കറ്റു നല്‍കാന്‍ ധൈര്യപ്പെട്ടവരുടെ മനോനിലയും. പെരുമാള്‍ മുരുകനെന്ന എഴുത്തുകാരന്റെ സര്‍ഗ്ഗാത്മക ജീവിതത്തിന് അന്ത്യം കുറിച്ച മതശക്തികളുടെ പ്രവര്‍ത്തനങ്ങളുടെയും അന്ധവിശ്വാസങ്ങള്‍ക്കെതിരെ നിലപാടുകൊണ്ട ഗോവിന്ദ് പന്‍സാരെയുടെയും (20 ഫെഫ്രുവരി 2015) നരേന്ദ്ര ദാബോല്‍ക്കറുടെയും (20 ആഗസ്റ്റ് 2015)യുടെയും കൊലപാതകങ്ങളുടെ തുടര്‍ച്ചയാണ് പ്രശസ്ത കന്നട സാഹിത്യകാരനും കന്നട സര്‍വ്വകലാശാല മുന്‍ വൈസ് ചാന്‍സലറുമായ ഡോ. എം.എം.കല്‍ബുര്‍ഗിയുടെ കൊലപാതകം. ഇന്ത്യയിലെ ജനാധിപത്യ സമൂഹത്തിന് വലിയ ഞെട്ടലും ഭീതിയുമാണ് ഈ സംഭവത്തിലൂടെ ഉണ്ടായിരിക്കുന്നത്.

ഇതൊക്കെ ഒറ്റപ്പെട്ട സംഭവങ്ങളായി നമ്മള്‍ കണ്ടുകൂട. കേരളത്തില്‍ ഇത് സംഭവിക്കില്ലെന്നും വര്‍ഗ്ഗീയഭ്രാന്ത് നമ്മുടെ നാട്ടിലില്ലെന്നും കരുതേണ്ടതില്ല. 22 വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ചേകന്നൂര്‍ മൗലവിയുടെ കൊല, ക്ലാസ് പരീക്ഷയുടെ ചോദ്യപേപ്പറിലെ ഒരു പേര് വിവാദമാക്കി കോളജ് അദ്ധ്യാപകനായ ജോസഫിന്റെ കൈ വെട്ടിയത്, 'മതമില്ലാത്ത ജീവന്‍' എന്ന ഒരു പാഠഭാഗത്തിന്റെ പേരിലുണ്ടായ ഹാലിളക്കങ്ങള്‍ ഇവയൊന്നും ജനാധിപത്യവിശ്വാസികള്‍ മറന്നിട്ടുണ്ടാവില്ല, മറക്കരുത്. അവിടെയെങ്ങനെയോ ഇവിടെയും അങ്ങനെ തന്നെയായിരിക്കും എന്നത് യാഥാര്‍ത്ഥ്യമാണ്.

വിശ്വാസികളെപ്പോലെ അവിശ്വാസികള്‍ക്കും ഇവിടെ ജീവിക്കാനും സംസാരിക്കാനും വിമര്‍ശിക്കാനുമുള്ള അവകാശം നമ്മുടെ ഭരണഘടന നല്‍കുന്നുണ്ട്. നാസ്തികത്വത്തെ വിശ്വാസികള്‍ വിമര്‍ശിക്കുകയും ശപിക്കുകയും ചെയ്യുന്നില്ലേ? അതുപോലെ നാസ്തികര്‍ വിശ്വാസികളെയും വിമര്‍ശിക്കുന്നതില്‍ എന്താണ് തെറ്റ്. മതവിമര്‍ശനവും ജനാധിപത്യത്തിന്റെ ഭാഗമാണെന്നു മനസ്സിലാക്കണം.

ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് ശ്രീനാരായണന്‍ പറഞ്ഞപ്പോള്‍ അദ്ദേഹത്തിന്റെ ശിഷ്യന്‍ സഹോദരന്‍ അയ്യപ്പന്‍ 'ജാതി വേണ്ട, മതം വേണ്ട, ദൈവം വേണ്ട മനുഷ്യന്' എന്നാണ് പറഞ്ഞത്. ശ്രീനാരായണ ഗുരുവിന് അയ്യപ്പനോട് അനിഷ്ടം തോന്നിയില്ല അയ്യപ്പന് ഗുരുവിനോടും ബഹുമാനം കുറഞ്ഞില്ല. ഇങ്ങനെയുള്ള മഹാന്‍മാരായ നവോത്ഥാന നായകരുണ്ടായിരുന്ന നാടാണ് കേരളം. മതത്തിന്റെ യുക്തിരാഹിത്യങ്ങളെ ചോദ്യംചെയ്ത ഡോ. കല്‍ബുര്‍ഗിയെപ്പോലുള്ളവര്‍ കൊല ചെയ്യപ്പോടുമ്പോള്‍ അക്കാദമിക് സമൂഹം ഇനിയും മൗനം അവലംബിച്ചുകൂടാ. രാഷ്ട്രീയഭേദമെന്യ ജനാധിപത്യ കൂട്ടായ്മകളാണ് ഇനിയുമുണ്ടാവേണ്ടത്.

കാമ്പസുകള്‍ ചെകുത്താന്റെ കൊലവിളി നടത്തുന്ന ഇടങ്ങളായി ഇന്നുമാറുന്നു. ബാഗിനു പകരം തോക്കെടുക്കുന്നവരുടെ സംഖ്യ വര്‍ദ്ധിക്കുകയാണ്. ഈ വിപത്തിനെതിരെ എല്ലാ ജനാധിപത്യ പ്രസ്ഥാനങ്ങളും, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും കൈകോര്‍ക്കണം. ഭരണഘടന മൂല്യങ്ങള്‍ സംരക്ഷിക്കാന്‍ പ്രതിജ്ഞയെടുക്കണം.

ഞാന്‍ പറഞ്ഞുവരുന്നത് ജനാധിപത്യത്തെ കൊലചെയ്യുന്നതിന് തുല്യമാണ് എതിര്‍വാദങ്ങള്‍, രാഷ്ട്രീയ പ്രത്യയശാസ്ത്രം എന്നിവ വച്ചുപുലര്‍ത്തുന്നവരെ ഇല്ലായ്മ ചെയ്യുക എന്നതാണ്. വര്‍ഗ്ഗീയതയില്‍ പോലും ജനാധിപത്യത്തിന്റെ അംശങ്ങള്‍ ഉണ്ട്. ഒരു സമുദായം, മതം തങ്ങളുടെ ആവശ്യങ്ങള്‍ക്ക് വേണ്ടി, അവകാശങ്ങള്‍ സംരക്ഷിക്കാന്‍ വേണ്ടി (ഭരണഘടനാ വിരുദ്ധമല്ലാത്ത) പോരാടുന്നതിനും സംഘടിക്കുന്നതിലും തെറ്റില്ല. എന്നാല്‍ അത്തരം രാഷ്ട്രീയം ഒരു മൗലികവാദമാകുമ്പോള്‍ മാനവരാശിയെ തന്നെയും അത് ഇല്ലായ്മ ചെയ്‌തേക്കാം. ഗുല്‍ബര്‍ഗിയുടെ കൊലപാതകം ഇന്ത്യയുടെ ജനാധിപത്യ വ്യവസ്ഥ നേരിടുന്ന വര്‍ഗ്ഗീയതയില്‍ നിന്നും മതമൗലികവാദത്തിലേക്ക് എന്ന ഒരു വഴിത്താരയില്‍ സംഭവിക്കുന്ന ഒരു കൊലകൂടിയാണ്. സഫ്ദര്‍ ഹാഷ്മി പാടിയതുപോലെ;

'സ്വാതന്ത്ര്യം എന്നാല്‍ വ്യത്യസ്ത വര്‍ണ്ണങ്ങള്‍ കൊണ്ട് ചരിത്രം വരയ്ക്കാനുള്ളത് കൂടിയാണ്.' പരസ്പരം കെട്ടിപ്പിടിക്കാനും പാട്ടുപാടാനും കഴിയണമെങ്കില്‍ ജനാധിപത്യത്തിന്റെ സത്ത നമുക്കിടയില്‍ ഉണ്ടാകണം.

(എം ജി സര്‍വകലാശാല സ്കൂള്‍ ഓഫ് സോഷ്യല്‍ സയന്‍സസില്‍ അസിസ്റ്റന്‍റ് പ്രൊഫസറാണ് രാജേഷ് കോമത്ത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Next Story

Related Stories