TopTop
Begin typing your search above and press return to search.

നമ്മള്‍ മറന്നുകഴിഞ്ഞ കല്ലേന്‍ പൊക്കുടന്‍

നമ്മള്‍ മറന്നുകഴിഞ്ഞ കല്ലേന്‍ പൊക്കുടന്‍

രാകേഷ് സനല്‍

പത്തുവര്‍ഷങ്ങള്‍ക്കു മുമ്പ്. തമ്പാനൂര്‍ റെയില്‍വേ സ്റ്റേഷനില്‍ കല്ലേന്‍ പൊക്കുടനെയും കാത്തു നില്‍ക്കുകയായിരുന്നു ഞങ്ങള്‍. ഒരു വെള്ളമുണ്ടും വെള്ള കുപ്പായവും ധരിച്ചിറങ്ങുന്ന പൊക്കുടേട്ടനെ ആയിരുന്നു പ്രതീക്ഷിച്ചിരുന്നത്. ട്രെയിന്‍ എത്തി. മുഴുവന്‍ ചളിപറ്റിയൊരു കുപ്പായവുമിട്ടിറങ്ങി വന്നു പൊക്കുടേട്ടന്‍ ഞങ്ങളെ ഞെട്ടിച്ചു. രണ്ടു ചാക്കുകെട്ടുകളും കൈവശമുണ്ടായിരുന്നു. അവ നിറച്ചും കണ്ടല്‍ തൈകളായിരുന്നു. ഈ മനുഷ്യനെക്കുറിച്ചാണോ റീഡേഴ്‌സ് ഡൈജസ്റ്റ് എഴുതിയത്! ഞങ്ങള്‍ക്കെല്ലാം അത്ഭുതമായിരുന്നു. പ്ലാറ്റ്‌ഫോമില്‍ നിന്നും വീണ്ടും ആ ചാക്കുകെട്ടുകള്‍ തോളില്‍ കയറ്റുമ്പോഴേക്കും ഞങ്ങളടുത്തു ചെന്നു. കാറു കൊണ്ടുവന്നിട്ടുണ്ട്... ആയിക്കോട്ടെ, പക്ഷേ അത് ഇതിനകത്തേക്ക് കയറി വരില്ലല്ലോ. നിങ്ങള് വണ്ടീടുത്തേക്കു പോയ്‌ക്കോളൂ, ഞാനിതും ചുമന്നങ്ങോട്ടു വന്നോളാം; പൊക്കുടേട്ടന്‍ റെയില്‍വേ സ്‌റ്റേഷനു പുറത്തേക്കു നടന്നൂ..
(കല്ലേന്‍ പൊക്കുടന്റെ മകന്‍ ആനന്ദനോട് ഗവ. അഡീഷണല്‍ ഡയറക്ടര്‍ ശ്രീകുമാര്‍ ഒരിക്കല്‍ പങ്കുവച്ച അനുഭവം)

ശ്രീകുമാറിന് മാത്രമല്ല, ലോകത്തിനു തന്നെ എന്നും അത്ഭുതമായിരുന്നു വെറും രണ്ടാം ക്ലാസ് വിദ്യാഭ്യാസം മാത്രമുള്ള, മുപ്പതുവര്‍ഷത്തോളം ജീവിതം പരിസ്ഥിതിക്കുള്ള വളമാക്കിയ കല്ലേന്‍ പൊക്കുടന്‍ എന്ന കണ്ടല്‍ മനുഷ്യന്‍.

പക്ഷേ ആ മനുഷ്യനെ കേരളം ഇത്ര വേഗത്തില്‍ മറന്നോ?

കല്ലേന്‍ പൊക്കുടന്‍ ജീവിച്ചിരുന്നപ്പോള്‍ വാഴ്ത്തിയവര്‍, ഇപ്പോള്‍ ഓര്‍ക്കുന്നുണ്ടോ?

ഉണ്ടായിരുന്നെങ്കില്‍ തന്റെ സ്വപ്‌നമായി താലോലിച്ച കണ്ടല്‍ സ്‌കൂള്‍ യാഥാര്‍ത്ഥ്യമാകുന്നതു കണ്ടിട്ടേ അദ്ദേഹം മരിക്കുമായിരുന്നുള്ളൂ. യുനെസ്‌കോ അംഗീകരിച്ച, അമേയ്‌സിംഗ് ഇന്ത്യന്‍ ആയി ദേശീയ ചാനലായ ടൈംസ് നൗ തെരഞ്ഞെടുത്ത ഒരു വ്യക്തിത്വത്തെ സ്വന്തം നാട് എങ്ങനെയാണ്അവഗണിക്കുന്നതെന്നു മനസിലാക്കണമെങ്കില്‍ പഴയങ്ങാടി മീന്‍ മാര്‍ക്കറ്റിലൂടെ കടന്നു കായലോരത്തെ റോഡിലൂടെ രണ്ടു കിലോമീറ്ററിനടുത്തു സഞ്ചരിച്ചാല്‍ ചെന്നെത്തുന്ന പൊക്കുടന്റെ വീട്ടില്‍ ചെല്ലണം.

അവിടെ കെട്ടിവാര്‍ത്തിട്ടിരിക്കുന്നൊരു കെട്ടിടമുണ്ട്. പൊക്കുടന്‍ സ്വപ്‌നം കണ്ട കണ്ടല്‍ സ്‌കൂള്‍... ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തിനത് പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. മരിച്ചിട്ടിപ്പോള്‍ അഞ്ചുമാസമാകാന്‍ പോകുന്നു.

പൊക്കുടന്‍ മരിച്ച ദിവസം അദ്ദേഹത്തെക്കുറിച്ചു വാവിട്ടു പറഞ്ഞ സാംസ്‌കാരിക മന്ത്രി കെ സി ജോസഫ് അടിവരയിട്ടെന്നപോലെ പറഞ്ഞൊരു കാര്യമുണ്ട്; പൊക്കുടേട്ടന്റെ സ്‌കൂള്‍ യാഥാര്‍ത്ഥ്യമാക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്!

എന്റെ പേരിലെ കെ എന്നാല്‍ കല്ലേന്‍ ആണെന്നുവരെ പറഞ്ഞൊപ്പിച്ചു കളഞ്ഞ മന്ത്രി, എന്തുകൊണ്ട് അങ്ങയുടെ സര്‍ക്കാര്‍ ഇത്രയും നാളായിട്ടുംആ കടമ നിര്‍വഹിക്കാത്തത്?

ലോകവും രാജ്യവും അംഗീകരിച്ചപ്പോഴും സ്വന്തം നാട് അയിത്തം കാണിച്ചിരുന്നൊരു മനുഷ്യനോട് മരണശേഷം അതിലുമൊക്കെ അപ്പുറം കാണിക്കാമെന്നാണോ?കണ്ടല്‍ സ്‌കൂള്‍
കല്ലേന്‍ പൊക്കുടന്‍ ഇല്ലാത്ത വീടിനു മുന്നില്‍ ഒരു കൊച്ചുവള്ളം അതിന്റെ അവസാന മിനുക്കു പണിയിലാണ്. കരിയോയില്‍ പൂശി കഴിഞ്ഞിരിക്കുന്നു. ഇപ്പോള്‍ നില്‍ക്കുന്ന വീടിന്റെ പിന്നിലായിട്ടായിരുന്നു പണ്ട് കുടുംബ വീട് നിന്നിരുന്നത്. അവിടെയാണ് പൂമുഖവും നീളന്‍ ഹാളും പിന്നിലൊരു ചെറിയ മുറിയുമായി സ്‌കൂള്‍ കെട്ടാന്‍ തുടങ്ങിയത്.

അഞ്ഞൂറിലധികം സ്‌കൂളുകളിലും കോളേജുകളിലുമായി ക്ലാസ് എടുക്കാന്‍ പോയിട്ടുണ്ട് പൊക്കുടന്‍. പിന്നീട് പ്രായമായപ്പോള്‍ ഒരിടത്തും പോയി സംസാരിക്കാന്‍ ആരോഗ്യമനുവദിക്കാതെയായി. പക്ഷേ പ്രകൃതിയെ കുറിച്ചു പറഞ്ഞുകൊടുക്കാതെയും വയ്യാ. താന്‍ മൂലം ആര്‍ക്കും നിരാശയുണ്ടാവാന്‍ പാടില്ല. അങ്ങനെയാണ് കണ്ടല്‍ സ്‌കൂള്‍ എന്നൊരാശയം പൊക്കുടനില്‍ ഉണ്ടാവുന്നത്. ഇവിടെ വരുന്നവര്‍ക്ക് കണ്ടല്‍ക്കാടുകളെക്കുറിച്ചും പരിസ്ഥിതിയെക്കുറിച്ചും പറഞ്ഞുകൊടുക്കാനും അവര്‍ക്ക് ക്ലാസുകളെടുത്തു നല്‍കാനും ഗവേഷക വിദ്യാര്‍ത്ഥികള്‍ക്ക് താമസിച്ചു പഠനം നടത്താനുമൊക്കെയായി ഒരു കേന്ദ്രമായിരുന്നു പൊക്കുടന്‍ ലക്ഷ്യമിട്ടത്. ക്ലാസ് മുറികളിലരുന്നല്ല പരിസ്ഥിതിയെക്കുറിച്ചു പഠിക്കേണ്ടത്, അത് മണ്ണിലും വെള്ളത്തിലും ഇറങ്ങി തന്നെ പഠിക്കണമെന്നു നിര്‍ബന്ധമുള്ളയാളായിരുന്നു പൊക്കുടന്‍. ഇപ്പോള്‍ വീട്ടുമുറ്റത്ത് പണി തീരാറായിരിക്കുന്ന വള്ളം പോലും അതിനായി ഉണ്ടാക്കുന്നതാണ്. ആ വള്ളത്തില്‍ കയറ്റി വിദ്യാര്‍ത്ഥികളെ പഴയങ്ങാടി കായലിന്റെ ഓരങ്ങളില്‍ തഴച്ചു നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ കാണിച്ചു കൊടുക്കണം, പറഞ്ഞുകൊടുക്കണം.

സ്വന്തം പുരയിടത്തില്‍ തന്നെ ഒന്നര സെന്റ് സ്ഥലം അതിനായി നീക്കിവച്ചു പൊക്കുടന്‍. പഴയ തറവാട് വീട് പുതുക്കിയാണ് സ്‌കൂള്‍ കെട്ടിടം പണിതു തുടങ്ങിയത്. പുരസ്‌കാരങ്ങളായി കിട്ടിയ തുകയും അടുത്ത സുഹൃത്തുക്കളില്‍ നിന്നു ശേഖരിച്ച കുറച്ചു പണവുമൊക്കെ ചേര്‍ത്ത് കെട്ടി പൂര്‍ത്തിയാക്കി. ഇനി തേപ്പും തറയിടലുമൊക്കെ ബാക്കിയാണ്.

സംസ്ഥാന സര്‍ക്കാരിന്റെ പല വേദികളില്‍വച്ചും ഇത്തരമൊരു സ്‌കൂള് തുടങ്ങുന്നതിനെക്കുറിച്ചും അതിന്റെ പ്രാധാന്യത്തെക്കുറിച്ചും പൊക്കുടന്‍ പലകുറി സൂചിപ്പിച്ചിരുന്നതാണ്. അന്നൊന്നും ഒരു മന്ത്രിയും അതു ചെവിക്കൊണ്ടില്ല. പല വാഴ്ത്തലുകളും ആത്മാര്‍ത്ഥത തൊട്ടുതീണ്ടിയിട്ടില്ലാത്തതാണെന്നു പണ്ടേ തിരിച്ചറിഞ്ഞൊരു മനുഷ്യനായിരുന്നു കല്ലേന്‍ പൊക്കുടന്‍. രാഷ്ട്രീയ-സാമൂഹിക-സാമുദായിക രംഗങ്ങളിലെല്ലാം പ്രവര്‍ത്തിച്ചു ഒടുവില്‍ തനിക്കു യോജിച്ചുപോകാന്‍ കഴിയാത്തൊരു ഘട്ടത്തില്‍ എല്ലാത്തില്‍ നിന്നുമകന്ന് പിന്നീടുള്ള ജീവിതം മുഴുവന്‍ കണ്ടല്‍ നടീലിനായി മാറ്റിവച്ച ഒരാള്‍ക്ക്, പക്ഷേ താന്‍ കണ്ടൊരു സ്വപ്‌നം പൂര്‍ത്തിയാക്കാനാവാതെ പോയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം ഇവിടുത്തെ ഭരണകൂടത്തിനു തന്നെയാണ്.എങ്ങനെയാണ് സര്‍ക്കാര്‍ പൊക്കുടനെ ആദരിച്ചത്?
കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ കണ്ണൂര്‍ കെഎംസി ഹോസ്പിറ്റലില്‍ ചികിത്സയിലായിരുന്ന സമയം. ആരോഗ്യസ്ഥിതി ആശങ്കാജനകമാണ്. കണ്ണൂര്‍ സര്‍വകലാശാല ആചാര്യ പുരസ്‌കാരം പ്രഖ്യാപിക്കുന്നു. അത്രദൂരം സഞ്ചരിച്ചു പുരസ്‌കാരം വാങ്ങുന്നതിനോട് ഡോക്ടര്‍മാര്‍ക്ക് എതിര്‍പ്പായിരുന്നു. ആ വിവരം മൂന്നാണ്‍മക്കളോടും പറഞ്ഞു. പക്ഷേ പൊക്കുടന്‍ വാശിയിലായിരുന്നു. അന്നേനാള്‍വരെ ഒരു പുരസ്‌കാരസ്വീകരണത്തിനായും ആവേശം തെല്ലും കാട്ടിയിട്ടില്ലാത്തൊരാളുടെ അപ്രതീക്ഷിത പെരുമാറ്റം എല്ലാവരെയും അമ്പരപ്പിച്ചു. ആരു സമ്മതിച്ചില്ലെങ്കില്‍ ഞാന്‍ പോകുമെന്ന് തീരുമാനത്തില്‍ നിന്നു പൊക്കുടനെ പിന്തിരിപ്പിക്കാന്‍ ആര്‍ക്കും കഴിയില്ലായിരുന്നു.

പുരസ്‌കാരമേറ്റു വാങ്ങിക്കൊണ്ട് അഞ്ചു മിനിട്ട് നേരത്തെ പ്രസംഗമായിരുന്നു പൊക്കുടന് അനുവദിച്ചിരുന്നത്. പക്ഷേ പൊക്കുടന്‍ തന്റെ സംസാരം ആരംഭിച്ചത് ഇപ്രകാരമായിരുന്നു; നാലായിരം രൂപ കാറു കൂലി കൊടുത്ത് ഞാനിവിടെ വരെ വന്നത് അഞ്ചു മിനിട്ട് പ്രസംഗിക്കാനല്ല. അങ്ങനെയാണെങ്കില്‍ ഞാന്‍ പോകുന്നു. സദസിലുണ്ടായിരുന്ന ഗവര്‍ണര്‍ പൊക്കുടനെ പ്രോത്സാഹിപ്പിച്ചു. പുരസ്‌കാരനേട്ടത്തെക്കുറിച്ചോ തന്നെക്കുറിച്ചോ അരമണിക്കൂറോളം നീണ്ട ആ പ്രസംഗത്തില്‍ പൊക്കുടന്‍ ഒരക്ഷരം മിണ്ടിയില്ല. പകരം ആദിവാസികളെയും ദളിതരെയും പരിസ്ഥിതിയെയും കുറിച്ചു വ്യാകുലപ്പെട്ടു. അതിവേഗ പാതപോലുള്ള വികസനങ്ങളെക്കുറിച്ചു ആശങ്കപ്പെട്ടു.

പറയാനുള്ളത് പറഞ്ഞിട്ടുപോകാനുള്ളൊരു വാശി ആ പ്രസംഗത്തിലുണ്ടായിരുന്നു.

ഒരാഴ്ച്ചയ്ക്കിപ്പുറം കല്ലേന്‍ പൊക്കുടന്‍ മരിച്ചു.

പൊക്കുടന്റെ ആശങ്കകള്‍, ഭരണകൂടവും സമൂഹവും ഇപ്പോഴും ഒരു ദളിതനോട്, ആദിവാസിയോട് എങ്ങനെ പെരുമാറുന്നു എന്നു കാണിക്കുന്നുണ്ട്. അതേ മാറ്റിനിര്‍ത്തലാണ് താനും അനുഭവിക്കുന്നതെന്ന് അദ്ദേഹം തിരിച്ചറിഞ്ഞിരുന്നു. പൊക്കുടന്‍ അനുശോചന പ്രസംഗം നടത്തിയതിനു പിന്നാലെ തന്നെയാണ് സര്‍ക്കാര്‍ മുന്‍കൈയെടുത്ത് പാപ്പിനിശേരിയില്‍ രണ്ടേക്കറോളം ഉപ്പൂറ്റി കണ്ടല്‍ സിമന്റ് മാലിന്യം ഒഴിച്ചു നശിപ്പിച്ചത്. പഴയങ്ങാടിയിലും മുണ്ടേരിയിലും കണ്ടല്‍ കുരുതികള്‍ നടത്തിയത്. കണ്ണൂര്‍ വെള്ളിക്കയില്‍ 500 ഏക്കര്‍ കണ്ടല്‍ക്കാടുകള്‍ സംരക്ഷിതമേഖലായി സര്‍ക്കാര്‍ ഏറ്റെടുത്തപ്പോള്‍ സംരക്ഷിത കണ്ടല്‍ക്കാടിന് പൊക്കുടന്റെ പേര് നല്‍കാന്‍ ആര്‍ക്കും തോന്നിയില്ല! ആ ചടങ്ങില്‍ കല്ലേന്‍ പൊക്കുടനെ ഓര്‍ത്തു ഗദ്ഗദപ്പെട്ട പരിസ്ഥിതി മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് അവിടെ നിന്നും പത്തോ പന്ത്രണ്ടോ കിലോമീറ്റര്‍ വന്നിരുന്നെങ്കില്‍ കല്ലേന്‍ പൊക്കുടന്റെ വീട്ടില്‍ വരാമായിരുന്നു. പഴയങ്ങാടി പുഴയോരത്ത് കണ്ടല്‍ തണലുകള്‍ക്കു കീഴെയുള്ള പൊക്കുടന്റെ സ്മൃതികുടീരം കാണാമായിരുന്നു, പാതിവഴിയില്‍ നില്‍ക്കുന്ന പൊക്കുടന്റെ ആ വലിയ സ്വപ്‌നം കാണാമായിരുന്നു.

രാജ്യത്തെ അഞ്ചു പ്രമുഖരെ പിന്തള്ളി പരിസ്ഥിതി സംരക്ഷകന്‍ എന്ന നിലയില്‍ ടൈംസ് നൗ ചാനലിന്റെ അമെയ്‌സിംഗ് ഇന്ത്യന്‍ പുരസ്‌കാരം നേടിയ ഒരു മലയാളിയെ ഒരു വാക്കു കൊണ്ടുപോലും സംസ്ഥാനം അനുമോദിച്ചിട്ടില്ല.

കെ സുധാകരന്‍ വനം മന്ത്രി ആയിരുന്നകാലത്ത് മാന്‍ഗ്രോവ് ഫോറസ്റ്റ് ഗാര്‍ഡായി കല്ലേന്‍ പൊക്കുടനെ നിയമിക്കുകയുണ്ടായി. മാസം മൂവായിരം രൂപ ശമ്പളത്തില്‍. മൂന്നുമാസമേ ആ കുപ്പായം പൊക്കുടനിട്ടുള്ളൂ. വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എങ്ങനെയാണ് ഗാര്‍ഡുമാരോടും വാച്ചര്‍മാരോടും പെരുമാറന്നതെന്ന് സ്വന്തം അനുഭവത്തില്‍ നിന്നും മനസിലായതോടെയാണ് ആ ഔദാര്യം വേണ്ടെന്നുവച്ചത്.

പിന്നീടൊരിക്കലും സര്‍ക്കാരിന്റെ മുന്നില്‍ കൈ നീട്ടാന്‍ പോയില്ല. കേരളത്തിലെ പന്ത്രണ്ടു ജില്ലകളിലും കണ്ടല്‍ തൈകള്‍ നടുപിടിപ്പിക്കാന്‍ പോയിട്ടുള്ളത് സ്വന്തം കൈയില്‍ നിന്നും പണം മുടക്കിയായിരുന്നു. ആര്‍ക്കെങ്കിലും അതില്‍ പങ്കുപറയാനുണ്ടെങ്കില്‍ അതു ഡി സി ബുക്‌സിനാണെന്ന് പൊക്കുടന്‍ ഒരിക്കല്‍ പറഞ്ഞിട്ടുണ്ട്. ഡി സി തരുന്ന റോയല്‍റ്റിയുടെ കാര്യമാണ് (പക്ഷേ പിന്നീട് പൊക്കുടന്‍ ഡി സിയുമായി തെറ്റി. തന്റെ ഒരു പുസ്തകത്തിന്റെയും പ്രസിദ്ധീകരണാവകാശം ഡി സിക്കു നല്‍കില്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു).അച്ഛന്റെ ആഗ്രഹം പൂര്‍ത്തിയാക്കുന്ന മക്കള്‍
സര്‍ക്കാര്‍ അവഗണിക്കുകയാണെങ്കിലും കണ്ടല്‍ സ്‌കൂള്‍ എന്ന അച്ഛന്റെ സ്വപ്‌നം സഫലമാക്കാനുള്ള ശ്രമത്തിലാണ് കല്ലേന്‍ പൊക്കുടന്റെ മക്കളായ, ആനന്തനും രഘുനാഥും ശ്രീജിത്ത് പൈതലാനും. മരിക്കും മുമ്പ് മാന്‍ഗ്രോവ് ട്രീ ട്രസ്റ്റ് എന്ന പേരില്‍ ഒരു ട്രസ്റ്റ് അച്ഛന്‍ ഉണ്ടാക്കിയിരുന്നു. ഞങ്ങള്‍ ആറുമക്കളും (മൂന്നാണും മൂന്നുപെണ്ണുമാണ് പൊക്കുടന്‍-മീനാക്ഷി ദമ്പതികള്‍ക്ക്) ട്രസ്റ്റ് അംഗങ്ങള്‍. മൂത്തമകനും പയ്യാമ്പലം ഗവ. സ്‌കൂള്‍ അധ്യാപകനുമായ ആനന്ദന്‍ മാഷാണ് ട്രസ്റ്റിന്റെ സെക്രട്ടറി.

അച്ഛന്റെ സ്വപ്നമാണിത്. അത് നിറവേറ്റേണ്ടത് മക്കള്‍ എന്ന നിലയില്‍ ഞങ്ങളുടെ കടമയാണ്. ഒരുപക്ഷേ സര്‍ക്കാര്‍ മുന്‍ കൈയെടുത്തിരുന്നെങ്കില്‍ കണ്ടല്‍ സ്‌കൂള്‍ അച്ഛനുള്ളപ്പോള്‍ തന്നെ യാഥാര്‍ത്ഥ്യമാകുമായിരുന്നു. പലതവണ അച്ഛന്‍ ഈയൊരാഗ്രഹം സര്‍ക്കാര്‍ പരിപാടികള്‍ക്കിടയില്‍ സൂചിപ്പിച്ചിരുന്നതാണ്. ഒരു നടപടിയും ഉണ്ടായില്ല. അച്ഛന്‍ മരിച്ചു കഴിഞ്ഞപ്പോള്‍ വീണ്ടും വാഗ്ദാനങ്ങളുമായി എത്തി. എന്നിട്ടെന്തായി? മന്ത്രിമാര്‍ക്ക് പ്രസംഗിക്കാന്‍ ഒരു വിഷയം മാത്രമായിരിക്കാം കല്ലേന്‍ പൊക്കുടന്‍. ഞങ്ങള്‍ക്കതല്ല. പരിസ്ഥിതി എന്താണെന്നും കണ്ടല്‍ എന്താണെന്നും അച്ഛന്‍ ഞങ്ങളെ അനുഭവിപ്പിച്ചു പഠിപ്പിച്ചിട്ടുണ്ട്. മുപ്പതുവര്‍ഷത്തോളം അതിനുവേണ്ടി മാത്രം ജീവിച്ചൊരാളാണ്. എന്നിട്ടും ഈ നാട് തിരിച്ചെന്തു നല്‍കി?

അച്ഛന് കഴിയാതെ പോയത് ഞങ്ങള്‍ക്കു ചെയ്തുകൊടുക്കണം. ഒന്നാം ചരമവാര്‍ഷികദിനത്തില്‍ കണ്ടല്‍ സ്‌കൂള്‍ തുറക്കണമെന്നുണ്ട്. അതിനുവേണ്ടിയാണ് ജോലിപോലും ഉപേക്ഷിച്ചു ഞാനിപ്പോള്‍ വീട്ടില്‍ നിന്നു ആവശ്യമായ മേല്‍നോട്ടങ്ങള്‍ നടത്തുന്നത്. എല്ലാം ഞങ്ങളെ കൊണ്ട് കൂട്ടിയാല്‍ കൂടില്ലെന്നറിയാം. സര്‍ക്കാര്‍ സഹായിക്കേണ്ടതാണ്. കണ്ടല്‍ സ്‌കൂളുമായി ബന്ധപ്പെട്ട ഡിറ്റെയല്‍ പ്രൊജകട് റിപ്പോര്‍ട്ട് സര്‍ക്കാരിനു സമര്‍പ്പിക്കാന്‍ പോവുകയാണ്. അവര്‍ എന്തെങ്കിലും ചെയ്താല്‍ സന്തോഷം, ഇല്ലെങ്കിലും ഞങ്ങളത് ചെയ്യും; പൊക്കുടന്റെ രണ്ടാമത്തെ മകന്‍ രഘുനാഥ് പറയുന്നു.

കല്ലേന്‍ പൊക്കുടന്‍ മാന്‍ഗ്രോവ് റിസര്‍ച്ച് സെന്റര്‍ എന്നപേരില്‍ സ്‌കൂള്‍ പ്രവര്‍ത്തനമാരംഭിക്കാനാണ് ഞങ്ങളുടെ ലക്ഷ്യം. ഇന്ത്യയിലെ ആദ്യത്തെ കണ്ടല്‍-നീര്‍ത്തട പഠന ഗവേഷണ കേന്ദ്രമായി ഇതു മാറണം. യൂണിവേഴ്‌സിറ്റി അഫിലിയേഷനോടുകൂടി ലോകത്തിനു തന്നെ മാതൃകയാകുന്നൊരു പ്രൊജക്ടാണിത്. അത്തരത്തില്‍, ഞങ്ങള്‍ ലക്ഷ്യമിടുന്നതെന്തൊക്കെയാണോ അതെല്ലാം വിശദീകരിക്കുന്ന ഡിപിആര്‍ സര്‍ക്കാരിന് ഉടന്‍ തന്നെ സമര്‍പ്പിക്കും; ആനന്ദന്‍ പറയുന്നു.

ആദ്യത്തെ രണ്ടു വര്‍ഷം മാന്‍ഗ്രോവ് സ്‌കൂള്‍ എന്ന നിലയിലായിരിക്കും പ്രവര്‍ത്തനം. അടുത്ത രണ്ടുവര്‍ഷം മാന്‍ഗ്രോവ് വെറ്റ്‌ലാന്‍ഡ് ട്രെയിനിംഗ് സെന്റര്‍ എന്ന നിലയിലേക്ക് ഉയര്‍ത്തും. അഞ്ചാം വര്‍ഷം മുതല്‍ യൂണിവേഴ്‌സിറ്റി അഫിലിയേഷനോടു കൂടി ആയ്യായിരത്തോളം പുസ്തകങ്ങളുള്ള ലൈബ്രററി, മ്യൂസിയം എന്നിവയോടെ ലോകത്തിനു തന്നെ മാതൃകയായി ഇതിനെ മാറ്റണം; ഈ നിലയ്ക്ക് അഞ്ചുവര്‍ഷത്തേക്കുള്ള വിശദമായ പ്ലാനിംഗോടുകൂടിയാണ് ഞങ്ങള്‍ സര്‍ക്കാരറിനു ഡിപിആര്‍ നല്‍കുന്നത്.

വിശദമായ പ്രൊജകട് റിപ്പോര്‍ട്ട് നല്‍കാത്തതുകൊണ്ടാണ് സംസ്ഥാന സര്‍ക്കാര്‍ അച്ഛനുവേണ്ടി ഒന്നും ചെയ്യാതിരിക്കുന്നതെങ്കില്‍ ആ പരാതി തീര്‍ക്കാം. പക്ഷേ ഒന്നോര്‍ക്കണം. ഞങ്ങളങ്ങോട്ടു പോയി ചോദിച്ചിട്ടല്ലായിരുന്നു, അച്ഛന്റെ സ്വപ്‌നം നമുക്ക് എത്രയും വേഗം യാഥാര്‍ത്ഥ്യമാക്കാമെന്ന താത്പര്യത്തോടെ സര്‍ക്കാര്‍ ഞങ്ങളെയായിരുന്നു സമീപിക്കേണ്ടത്. കല്ലേന്‍ പൊക്കുടന്‍ ജീവിച്ചതും പ്രവര്‍ത്തിച്ചതും കുടുംബത്തിനും മക്കള്‍ക്കും വേണ്ടിയല്ലായിരുന്നു. നാടിനും ജനങ്ങള്‍ക്കും വേണ്ടിയായിരുന്നു.

ഒരുപക്ഷേ സര്‍ക്കാര്‍ വിചാരിക്കുന്നത് കല്ലേന്‍ പൊക്കുടന്‍ മരിക്കുന്നതോടെ അദ്ദേഹത്തിനൊരു തുടര്‍ച്ച ഉണ്ടാകില്ലെന്നായിരുന്നു. അത് തെറ്റിദ്ധാരണയാണ്. അച്ഛന്റെ തുടര്‍ച്ചയാണ് ഞങ്ങള്‍ മക്കള്‍. അച്ഛന്റെ ജ്ഞാനം എന്താണെന്നു മനസിലാക്കിയവരാണ് ഞങ്ങള്‍. യുനെസ്‌കോ അംഗീകരിച്ച വ്യക്തിയാണ് കല്ലേന്‍ പൊക്കുടന്‍. കേന്ദ്രസര്‍ക്കാര്‍ അദ്ദേഹത്തിന്റെ മഹത്വം തിരിച്ചറിഞ്ഞിരുന്നു. പ്രധാനമന്ത്രിയുടെ വെബ്‌സൈറ്റില്‍ എക്കോവെറ്റ്‌ലാന്‍ഡ് പ്രൊട്ടക്ഷന്‍ കണ്‍സര്‍വേഷന്‍ ഏരിയായില്‍ ഉള്‍പ്പെടുത്തി സ്‌കൂള്‍ പ്രൊജക്ട് റിപ്പോര്‍ട്ട് സബ്മിറ്റ് ചെയ്യാന്‍ നിര്‍ദേശമുണ്ടായതാണ്. എത്രയും കുറഞ്ഞ സമയത്തിനുള്ളില്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കാമെന്നാണവര്‍ ഉറപ്പു തരുന്നത്. പക്ഷേ കേരള സര്‍ക്കാരിന് മാത്രം പൊക്കുടന്റെ കാര്യത്തില്‍ വലിയ താതപര്യമില്ല. ഞങ്ങള്‍ സമര്‍പ്പിക്കുന്ന ഡിആര്‍പിയില്‍ അനുകൂല തീരുമാനം എടുക്കുന്നില്ലെങ്കില്‍ ഈ പദ്ധതി യുനസ്‌കോയെ ഏല്‍പ്പിക്കാനുള്ള ശ്രമം നടത്തും, അതല്ലെങ്കില്‍ കേന്ദ്ര സര്‍ക്കാരിനെ തന്നെ സമീപിക്കും.

അച്ഛന്‍ ഒരിക്കല്‍ ഞങ്ങളോടു പറഞ്ഞിരുന്നു; ഞാനൊരു ഒറ്റയാനെപ്പോലെയാണ് ജീവിച്ചത്. നിങ്ങള്‍ അങ്ങനെയാകരുത്. പക്ഷേ ഞങ്ങളോട് എന്തുകൊണ്ട് സര്‍ക്കാര്‍ ഈ അകല്‍ച്ച കാണിക്കുന്നു? തോറ്റുപോയവന്റെ കൂടെ ചേര്‍ന്നു നില്‍ക്കാനും സമരം നടത്താനും ശബ്ദം ഉയര്‍ത്താനും ഇവിടെയൊരു രാഷ്ട്രീയമുണ്ട്. പൊക്കുടന്‍ ജീവിച്ചതു ജയിച്ചൊരു ദളിതനായായിരുന്നു. ആ ദളിതനെ അംഗീകരിക്കാന്‍ ഇവിടുത്തെ ദളിത് ആക്ടിവിസ്റ്റുകള്‍ക്കു പോലും താത്പര്യമില്ലായിരുന്നു. മരിച്ചു കഴിഞ്ഞപ്പോള്‍ അവരെല്ലാവരും ചേര്‍ന്ന് അച്ഛനെ പാടെ മറന്നു കളയുന്നു; ആനന്ദന്‍ പറഞ്ഞു നിര്‍ത്തുന്നു.പഴയങ്ങാടിയില്‍ നിന്നും ഏഴോമിലേക്കു നടക്കുമ്പോള്‍ പുഴയിലേക്കിറങ്ങി നില്‍ക്കുന്ന കണ്ടല്‍ക്കാടുകള്‍ കാണാം. പണ്ട് ഈ വഴി നടക്കുമ്പോള്‍ ശക്തമായി കാറ്റുവീശുന്ന നേരം ആളുകള്‍ പറന്നുപോയി പുഴയില്‍ വീഴുമായിരുന്നു. കുട്ടികളടക്കം ഇങ്ങനെ അപകടത്തില്‍പ്പെടുമായിരുന്നു. അങ്ങനെയാണ് പൊക്കുടന്‍ പുഴയോരങ്ങളിലായി കണ്ടല്‍ തൈകള്‍ വച്ചു പിടിപ്പിക്കുന്നത്. ഇപ്പോള്‍ നട്ടുച്ചനേരത്തും ഈ ടാര്‍ റോഡിലൂടെ നടന്നുപോകുമ്പോള്‍ തഴുകിയെത്തുന്ന കാറ്റിനു പുഴയുടെ കുളിരുണ്ട്...ആ കാറ്റേല്‍ക്കുമ്പോള്‍ ആരെങ്കിലുമൊക്കെ പൊക്കുടനെ ഓര്‍ക്കുമോ?

പ്രകൃതിയാണെന്റെ ദൈവം; പിന്നെ ജനങ്ങളും എന്ന് വിളിച്ചു പറഞ്ഞൊരാളോടാണ് ഈ അവഗണനയെന്ന് ഓര്‍ക്കണം...

(അഴിമുഖം സീനിയര്‍ റിപ്പോര്‍ട്ടറാണ് രാകേഷ്)


Next Story

Related Stories