TopTop
Begin typing your search above and press return to search.

കല്‍മാഡിയും ചൗട്ടാലയും വീണ്ടും ഒളിമ്പിക് അസോസിയേഷന്‍ തലപ്പത്ത്; പുറകെ വിവാദവും

കല്‍മാഡിയും ചൗട്ടാലയും വീണ്ടും ഒളിമ്പിക് അസോസിയേഷന്‍ തലപ്പത്ത്; പുറകെ വിവാദവും

കായിക മേഖലയുമായി ബന്ധപ്പെട്ട ഏറ്റവും വലിയ അഴിമതികളിലൊന്നിന് ചുക്കാന്‍ പിടിച്ച രാഷ്ട്രീയ നേതാവ്, ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ അംഗീകാരം വരെ റദ്ദാക്കപ്പെടുന്നതിലേക്ക് എത്തിച്ച മറ്റൊരാള്‍- ഇരുവരും വീണ്ടും തങ്ങളുടെ പഴയ പദവികളിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. 2010 കോമണ്‍വെല്‍ത്ത് അഴിമതിക്കേസിലെ മുഖ്യനായകന്‍ സുരേഷ് കല്‍മാഡിയും ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ മുന്‍ പ്രസിഡന്റ് അഭയ് സിംഗ് ചൗട്ടാലയുമാണ് അസോസിയേഷന്റെ ആജീവാനന്ത പ്രസിഡന്റുമാരായി നിയമിതരായത്. ഇന്നലെ ചെന്നൈയില്‍ നടന്ന അസോസിയേഷന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗമാണ് ഇരുവരേയും തെരഞ്ഞെടുത്തത്. എന്നാല്‍ നിയമനത്തിനെതിരെ കേന്ദ്ര കായിക മന്ത്രാലയം രംഗത്തു വന്നതോടെ കായിക മേഖലയുമായി ബന്ധപ്പെട്ട മറ്റൊരു വിവാദത്തിനും കളമൊരുങ്ങിയിട്ടുണ്ട്.

1996 മുതല്‍ 2011 വരെ ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്റെ പ്രസിഡന്റായിരുന്ന കല്‍മാഡി കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് അഴിമതിക്കേസില്‍ 10 മാസം ജയില്‍ ശിക്ഷയും അനുഭവിച്ചിരുന്നു. ഗൂഡാലോന, കൃത്രിമരേഖ ചമയ്ക്കല്‍, സ്വഭാവദൂഷ്യം എന്നിവയ്ക്കു പുറമെ അഴിമതി നിരോധന നിയമം എന്നിവയായിരുന്നു കല്‍മാഡിയുടെ ശിക്ഷയിലേക്ക് നയിച്ചത്. 10 മാസത്തെ ജയില്‍ വാസത്തിനു ശേഷം കല്‍മാഡിക്ക് ജാമ്യവും ലഭിച്ചു.

ഒളിമ്പിക്‌സ് അടക്കമുള്ള അന്താരാഷ്ട്ര കായിക മേളകളില്‍ മെഡലുകള്‍ നേടാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നതിനിടയ്ക്കാണ് ഇതിനെ പുറകോട്ടടിക്കുന്ന രീതിയില്‍ അസോസിയേഷന്‍ അഴിമതിക്കാരായ രണ്ടു പേരെ വീണ്ടും സംഘടനയുടെ തലപ്പത്തേക്ക് കൊണ്ടുവരുന്നത്. കല്‍മാഡിയുടെ നിയമനത്തില്‍ ആശങ്ക പ്രകടിപ്പിച്ച കേന്ദ്ര കായിക മന്ത്രി വിജയ് ഗോയല്‍ ഇത് ഗൗരവകരമായ കാര്യമാണെന്നും അഭിപ്രായപ്പെട്ടു. എന്നാല്‍ ആജീവാനന്ത പ്രസിഡന്റ് എന്നത് ആലങ്കാരിക പദവി മാത്രമാണെന്നും ഇവര്‍ക്ക് വോട്ടവകാശമില്ലെന്നുമാണ് അസോസിയേഷന്റെ അവകാശവാദം. മുന്‍ പ്രസിഡന്റുമാരെ ആജീവാനന്ത പ്രസിഡന്റുമാരായി തെരഞ്ഞെടുക്കുന്ന കീഴ്‌വഴക്കം മുമ്പുമുണ്ടായിട്ടുണ്ടെന്നും അവര്‍ പറയുന്നു. ബി.ജെ.പി നേതാവ് വി.കെ മല്‍ഹോത്ര ഇത്തരത്തില്‍ ഈ പദവി വഹിച്ചയാളാണ്. അസോസിയേഷന്റെ തീരുമാനത്തില്‍ യാതൊരു പ്രശ്‌നവുമില്ലെന്നും ഇക്കാര്യത്തില്‍ തങ്ങള്‍ക്ക് ആരുടേയും അനുമതി ആവശ്യമില്ലെന്നും സംഘടനയുടെ വൈസ് പ്രസിഡന്റ് വ്യക്തമാക്കി.

മുന്‍ പാര്‍ലമെന്റംഗം കൂടിയായ കല്‍മാഡി കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സംഘാടക സമിതി ചെയര്‍മാനായിരുന്നു. എന്നാല്‍ അദ്ദേഹത്തിനെതിരെ അഴിമതി ആരോപണം ഉയരുകയും അധികാരം ദുര്‍വിനിയോഗം ചെയ്തു എന്ന പരാതികള്‍ ഉയരുകയും ചെയ്തതോടെ ഈ പദവിയില്‍ നിന്ന് പുറത്താവുകയും 90 കോടി രുപയുടെ അഴിമതി നടന്നിട്ടുണ്ടെന്ന് വ്യക്തമാവുകയും ചെയ്തു. തുടര്‍ന്ന് നടന്ന സി.ബി.ഐ അന്വേഷണത്തെ തുടര്‍ന്നാണ് കല്‍മാഡി ജയിലിലാകുന്നത്. കോണ്‍ഗ്രസ് പാര്‍ട്ടി കല്‍മാഡിയെ 2010-ല്‍ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

കായിക ചരിത്രത്തില്‍ ഇന്ത്യന്‍ കായിക മേഖലയില്‍ നിന്നുള്ള ഏറ്റവും ശക്തനായ മേധാവികളിലൊരാളായാണ് കല്‍മാഡി അറിയപ്പെട്ടിരുന്നത്. 2000 മുതല്‍ 2013 വരെ അദ്ദേഹം ഏഷ്യന്‍ അത്‌ലറ്റിക് അസോസിയേഷന്റെ പ്രസിഡന്റായിരുന്നു. കഴിഞ്ഞ വര്‍ഷം അദ്ദേഹശത്ത ഈ സംഘടനയുടെ ആജീവാനന്ത പ്രസിഡന്റായി തെരഞ്ഞെടുത്തിരുന്നു. ഇപ്പോള്‍ 72 വയസുള്ള കല്‍മാഡി 2001 മുതല്‍ 2013 വരെ ഇന്റര്‍നാഷണല്‍ അത്‌ലറ്റിക് ഫെഡറേഷന്റെ കൗണ്‍സില്‍ അംഗവുമായിരുന്നു.

ഇന്ത്യന്‍ അമച്വര്‍ ബോക്‌സിംഗ് ഫെഡറേഷന്റെ പ്രസിഡന്റായിരുന്ന ചൗട്ടാലയെ പിന്നീട് സംഘടനയിലേക്കുള്ള തെരഞ്ഞെടുപ്പില്‍ കൃത്രിമം നടത്തിയെന്ന് കണ്ടെത്തി 2013-ല്‍ പുറത്താക്കിയിരുന്നു. എന്നാല്‍ ഇരുവരേയും കായിക മേലഖയിലെ ഉത്തരവാദിത്തപ്പെട്ട പദവികളിലേക്ക് മടക്കിക്കൊണ്ടു വന്നിരിക്കുകയാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ ഇപ്പോള്‍.

റിയോ ഒളിംപിക്സിനിടെ മന്ത്രി വിജയ് ഗോയലും കൂട്ടരും ഒളിംപിക്സിന്‍റെ തത്വങ്ങള്‍ക്ക് നിരക്കാത്ത രീതിയില്‍ പെരുമാറുകയും ഭാരവാഹികളോട് മോശമായി പെരുമാറുകയും ഒക്കെ ചെയ്തതിന്റെ പേരില്‍ ഒളിംപിക്സ് കമ്മിറ്റിയുടെ താക്കീത് ഏറ്റുവാങ്ങുകയും പുറത്താക്കല്‍ ഭീഷണി നേരിടുകയും ചെയ്തത് രാജ്യത്തിനാകെ നാണക്കേടുണ്ടാക്കിയിരുന്നു. അതിനു പിന്നാലെയാണ് ഇന്ത്യന്‍ കായിക മേഖലയെ വീണ്ടും നാണംകെടുത്തിക്കൊണ്ട് അഴിമതിക്കറ പുരണ്ടവരെ നേതൃസ്ഥാനത്തേക്ക് കൊണ്ടുവരാനുള്ള തീരുമാനം.


Next Story

Related Stories