TopTop
Begin typing your search above and press return to search.

അവരെ നാം അനുവദിച്ചു, എല്ലാ നായക ബിംബങ്ങളോടും മുഖത്തു നോക്കി സംസാരിക്കാന്‍

അവരെ നാം അനുവദിച്ചു, എല്ലാ നായക ബിംബങ്ങളോടും മുഖത്തു നോക്കി സംസാരിക്കാന്‍

ചാർളി കണ്ടപ്പോഴാണോർത്തത് കല്പന എന്ന അപാര സാദ്ധ്യതകൾ ഉള്ള നടിയെയും മെല്ലെ മറന്നു പോകുകയാണല്ലോ എന്ന്. സിനിമയുടെ തരം മാറിയത് മുതൽ കാരണങ്ങൾ ഒരുപാടുണ്ടാവാം ഈ മറവിക്ക്.. തലമുറകളെ മനം നിറയെ ചിരിപ്പിച്ചവർ ഭൂരിഭാഗവും മരിച്ചു പോയി..ബാക്കിയായവർ സിനിമയുടെ ഓരോരോ ഓരത്തു പതുങ്ങിയും സ്വന്തം വേഷമറിയാതെ പകച്ചും നില്ക്കുന്നുണ്ട്.

1982 ൽ പോക്കുവെയിലിൽ അഭിനയിക്കുമ്പോൾ കല്പന കൌമാരത്തിലായിരുന്നു. അസ്തിത്വ ദുഃഖം പേറി നടക്കുന്ന ചുള്ളിക്കാടിന്റെ കൂടെ നടന്നിരുന്ന ഒരു ചെറിയ പെൺകുട്ടി..അവിടെ നിന്ന് ചാർലിയിൽ എത്തിയപ്പോൾ കടന്നു പോയത് മൂന്നു ദശാബ്ദത്തിലേറെ. തമിഴിലും മലയാളത്തിലുമായി വിരലിലെണ്ണാവുന്ന സിനിമകളിലേ കല്‍പ്പന നായിക ആയിട്ടുള്ളൂ. പിന്നീടു വന്ന സിനിമകളിലെ അവരുടെ കഥാപാത്രങ്ങളിൽ അധികവും ഒരേ അച്ചിൽ വാർത്തവയായിരുന്നു. ഒന്നുകിൽ നായകനെ ഏകപക്ഷീയമായി പ്രണയിച്ച് മണ്ടി ആവുന്നവൾ. അല്ലെങ്കിൽ നായകനൊപ്പം നില്‍ക്കുന്ന സഹനടന്റെ പ്രണയിനി. ഈ രണ്ടു റോളുകളും കല്‍പ്പനയെ പോലെ മടുപ്പിക്കാതെ അവതരിപ്പിക്കാൻ മറ്റാർക്കും ഇതുവരെ കഴിഞ്ഞിട്ടില്ല. മോഹൻലാലിനോടും മമ്മൂട്ടിയോടും കമല്‍ഹാസനോടും അതിനു ശേഷം വന്ന എല്ലാ നായക ബിംബങ്ങളോടും ഇവർ മുഖത്തു നോക്കി വർത്തമാനം പറഞ്ഞു. അതിനുള്ള അനുമതി സിനിമാ ലോകവും പ്രേക്ഷകരും ഒരു പോലെ നല്കിയ നടിയായിരുന്നു അവർ.

ശയനത്തിൽ പുഞ്ചിരിച്ചു കൊണ്ട് ആത്മഹത്യ ചെയ്യുന്നവളും ഇന്നത്തെ പ്രോഗ്രാമിലെ മണികുട്ടിയും ഒരാളാണെന്ന് വിശ്വസിക്കാൻ പ്രയാസം തോന്നും. പകൽനക്ഷത്രങ്ങളിലെ രാജിയായി വന്നു ഇടക്കെപ്പോഴോ ഞെട്ടിച്ചു. ബാംഗ്ലൂര്‍ ഡെയ്സിലെ കുട്ടന്റെ അമ്മയായി വന്നു ഒന്നും സംഭവിക്കാത്ത പോലെ വീണ്ടും ചിരിപ്പിച്ചു. അത്രമേൽ, അത്രമേൽ സ്വാഭാവികമായി അവർ കഥാപാത്രങ്ങളായി മാറി. ഒടുവിൽ ചാർലിയിൽ കടലോളങ്ങളിൽ അഭയം തേടിയ മറിയയായി വന്നു ചെറിയ മുറിവ് തന്നാണ് അവർ മടങ്ങുന്നത്. ഒറ്റ രംഗം കൊണ്ട്, കാര്യമായ ഡയലോഗുകൾ ഒന്നുമില്ലാതെ, നോട്ടം കൊണ്ട് വേദനിപ്പിച്ച്....തലമുറകൾ കൈമാറിക്കൊണ്ടിരിക്കുന്ന കുറെ ചിരികളാണ് മലയാള സിനിമയുടെ ഏറ്റവും മൌലികമായ സംഭാവന. ആ ചിരികളിൽ കല്‍പ്പന കണ്ണി ചേർക്കപ്പെട്ടിരിക്കുന്നു. ആ ചിരികൾ തന്നവർ പലരും മടങ്ങി പോയത് കൊണ്ട് കൂടിയാണ് മലയാള സിനിമ കഥയിലായ്മയിലെക്കും കോപ്പി അടിയിലെക്കും പിന്നീട് ഇപ്പോൾ കാണുന്ന ഭാവുകത്വ പരിണാമത്തിലെക്കും കളം മാറി ചവിട്ടിയത്. ഈ ചിരികളിൽ നിറഞ്ഞു കണ്ട അപൂർവ പെണ്‍സാന്നിധ്യമായിരുന്നു കല്‍പ്പന. സുകുമാരിയും കെ പി എസ് സി ലളിതയും ഉർവശിയും പോലെ മലയാളി ശരീര ഭാഷയും ചലനങ്ങളും സ്വാഭാവികതയും ഒത്തു ചേർന്ന വിരളമായ കാഴ്ചാനുഭവം.

ജനുവരിയിലെ പ്രത്യേകതകൾ ഒന്നുമില്ലാത്ത തിങ്കളാഴ്ച്ച പകൽ അവരുടെ മരണ വാർത്തകൾ കൊണ്ട് നിറയുന്നു. തികച്ചും അപ്രതീക്ഷിതമായ ഒന്ന്. 'തനിച്ചല്ല ഞാൻ' എന്ന സിനിമക്ക് മികച്ച സഹനടിക്കുള്ള ദേശിയ അവാർഡ്‌ വരെ നേടിയിട്ടാണ് അവർ പിരിഞ്ഞു പോകുന്നത്. തിരിഞ്ഞു നോക്കുമ്പോൾ ചിരിപ്പിക്കുക എന്ന ഏറ്റവും ബുദ്ധിമുട്ടുള്ള ജോലിയെ ലളിതമായി ഏറ്റെടുത്ത ഭൂരിഭാഗം പേരും മരിച്ചു പോയി. ഗുരുതരമായ അപകടം സംഭവിച്ച ജഗതി ശ്രീകുമാർ രണ്ടു വർഷത്തിലേറെയായി അഭിനയിച്ചിട്ട്. സിനിമകൾ വീണ്ടും വീണ്ടും വന്നു കൊണ്ടിരിക്കുന്നു. ഇവരൊക്കെ ഇല്ലാതെ നമ്മൾ ചിരിക്കാൻ കഷ്ടപ്പെടുന്നു. കാലം നിസ്സംഗമായി നോക്കി നില്ക്കുന്നു. സിനിമയും നമ്മളും സ്വാഭാവിക മറവിയിലേക്ക് കൂപ്പുകുത്തി അടുത്ത വെള്ളിയാഴ്ച റിലീസിനായി കാത്തിരിക്കുന്നു. അതിനിടയിൽ ഇത് പോലുള്ള ചില പകലുകൾ ഓർമിപ്പിക്കുന്നു, വന്മരങ്ങൾക്കിടയിൽ ഇത് പോലെ നമുക്കിടയിൽ ചേർന്ന് പോകുന്ന ചിലരും കൂടി ചേർന്നതാണ് സിനിമ എന്ന്. നമുക്കേറെ പ്രിയപ്പെട്ട അവരെ ഇങ്ങനെ ഓർക്കാനും അവരുടെ നേട്ടങ്ങളുടെ കണക്ക് കൂട്ടാനും മരണം വേണ്ടി വരുന്നു എന്ന്...

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


അഴിമുഖം യൂടൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories