സിനിമാ വാര്‍ത്തകള്‍

വിദ്യ ബാലന്‍ ഇല്ലെങ്കിലും ആമി വരും: കമല്‍

കമലാദാസിന്റെ മതം മാറ്റം പോലുള്ള വിഷയങ്ങള്‍ ചിത്രത്തിലുള്ളതിനെക്കുറിച്ചുള്ള ആശങ്കയാണോ വിദ്യയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് സംശയമുണ്ട്. എന്തായാലും, തൊഴില്‍പരമായ മാന്യതയില്ലായ്മയും അധാര്‍മികവുമായ പ്രവൃത്തിയാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്.

പുതിയ ചിത്രമായ ആമിയില്‍ കമല സുരയ്യയായി മാറിയ മാധവിക്കുട്ടിയെ അവതരിപ്പിക്കുന്നതില്‍ നിന്ന് പിന്മാറിയ വിദ്യാബാലനെതിരെ രൂക്ഷ വിമര്‍ശനവുമായി സംവിധായകന്‍ കമല്‍. “അണ്‍പ്രഫഷനല്‍ ആന്‍ഡ് അണ്‍എത്തിക്കല്‍” എന്നാണ് ചിത്രീകരണം തുടങ്ങാനുള്ള എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായ ശേഷം വ്യക്തമായ കാരണം പോലും പറയാതെ ചിത്രത്തില്‍ നിന്ന് പിന്‍മാറിയ വിദ്യാബാലന്റെ നടപടിയെ കുറിച്ച് കമല്‍ പറയുന്നത്. മനോരമ ഓണ്‍ലൈന് നല്‍കിയ അഭിമുഖത്തിലാണ് കമല്‍ ഇക്കാര്യം പറഞ്ഞത്.

കേരളത്തില്‍ വേരുകളുള്ള ബോളിവുഡ് സൂപ്പര്‍ താരം ഷൂട്ടിങ് ആരംഭിക്കാനിരിക്കെ അപ്രതീക്ഷിതമായി ചിത്രത്തില്‍ നിന്ന് പിന്‍മാറിയത് നിരവധി അഭ്യൂഹങ്ങള്‍ക്ക് കാരണമായിട്ടുണ്ട്. കമലിനും വിദ്യയ്ക്കും ചിത്രത്തെക്കുറിച്ച് വ്യത്യസ്ത സമീപനം ആയതിനാലാണ് പിന്‍മാറുന്നതെന്നാണ് വിദ്യയുടെ പിആര്‍ഒയുടെ വിശദീകരണം. അതേ സമയം വിദ്യ ബാലന്‍ ഇല്ലെങ്കിലും ചിത്രം മുന്നോട്ട് പോകുമെന്ന് കമല്‍ വ്യക്തമാക്കി. ആരായിരിക്കും ഇനി മാധവിക്കുട്ടിയെ അവതരിപ്പിക്കുകയെന്ന് തീരുമാനിച്ചിട്ടില്ല. ഇക്കാര്യം നിര്‍മ്മാതാവുമായി ആലോചിച്ച് തീരുമാനിക്കും’- കമല്‍ പറയുന്നു.

ചിത്രത്തെക്കുറിച്ച് ഒരു വര്‍ഷമായി വിദ്യയുമായി ഞാന്‍ ആശയവിനിമയം നടത്തിയിരുന്നു. അവരെ മുംബൈയില്‍ പോയിക്കണ്ടു. സ്‌ക്രിപ്റ്റ് അയച്ചുകൊടുത്തു. വായിച്ചു കൊടുക്കാന്‍ ആളെ ഏര്‍പ്പാടാക്കി. ഗംഭീരമായ സ്‌ക്രിപ്‌റ്റെന്ന് അവര്‍ അഭിപ്രായവും പറഞ്ഞു. ഫോട്ടോ ഷൂട്ട് നടത്തി. കോസ്റ്റ്യൂം പ്ലാന്‍ ചെയ്തു. മറ്റ് ആര്‍ടിസ്റ്റുകളെ തീരുമാനിച്ചു. കഴിഞ്ഞ ഡിസംബറില്‍ ഒറ്റപ്പാലത്ത് ചിത്രീകരണം തുടങ്ങാനുള്ള ഒരുക്കങ്ങളെല്ലാം ചെയ്തു. ഷൂട്ട് തുടങ്ങുന്നതിന് ആറേഴു ദിവസം മുന്‍പാണു പറ്റില്ല എന്നറിയിക്കുന്നത്. ‘ക്യാരക്ടറാകാന്‍ എനിക്കു കഴിയുന്നില്ല’ എന്നായിരുന്നു വിദ്യയുടെ മെസേജ്. വിദ്യയ്ക്ക് തിരക്കഥയെക്കുറിച്ച് അഭിപ്രായ വ്യത്യാസം ഉണ്ടായിരുന്നുവെന്ന് തോന്നുന്നില്ല. ഉണ്ടായിരുന്നെങ്കില്‍ അതു നേരത്തെ പറയേണ്ടതല്ലേ. ചിത്രീകരണം തുടങ്ങുന്നതിനു തൊട്ടു മുന്‍പല്ലല്ലോ പറയേണ്ടത്. സത്യത്തില്‍, അവരുടെ പിന്‍മാറ്റത്തിന്റെ വ്യക്തമായ കാരണം ഇപ്പോഴും എനിക്കറിയില്ല. – കമല്‍ പറയുന്നു.

അതേസമയം ദേശീയഗാന വിവാദങ്ങളുടെ പേരിലാണ് വിദ്യ പിന്‍മാറിയതെന്നു താന്‍ കരുതുന്നില്ലെന്ന് കമല്‍ പറഞ്ഞു. അതിന് സാധ്യതയും കുറവാണ്. എന്നാല്‍, കമലാദാസിന്റെ മതം മാറ്റം പോലുള്ള വിഷയങ്ങള്‍ ചിത്രത്തിലുള്ളതിനെക്കുറിച്ചുള്ള ആശങ്കയാണോ വിദ്യയുടെ പിന്‍മാറ്റത്തിന് കാരണമെന്ന് സംശയമുണ്ട്. എന്തായാലും, തൊഴില്‍പരമായ മാന്യതയില്ലായ്മയും അധാര്‍മികവുമായ പ്രവൃത്തിയാണ് അവരുടെ ഭാഗത്ത് നിന്നുണ്ടായത്.

വിദ്യ ബാലന്‍ ആദ്യമായി നായികയായി അഭിനയിച്ചത്് കമലിന്റെ ‘ചക്രം’ എന്ന മലയാള ചിത്രത്തിലാണ്. മോഹന്‍ലാലും ദിലീപും പ്രധാന വേഷങ്ങളില്‍ അഭിനയിച്ച ചിത്രം പക്ഷേ, 16 ദിവസത്തെ ഷൂട്ടിനു ശേഷം മുടങ്ങി. ചിത്രത്തിന്റെ തിരക്കഥാകൃത്തായിരുന്ന ലോഹിതദാസാണ് പിന്നീട് പൃഥ്വിരാജിനെയും മീരാ ജാസ്മിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി പുതിയ ‘ചക്രം’ ഒരുക്കിയത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍