UPDATES

സിനിമ

കമ്മട്ടിപ്പാടം; നഗരം വിഴുങ്ങിയ ചരിത്രത്തിന്റെ വീണ്ടെടുപ്പ്

Avatar

സഫിയ ഒ സി

‘നാം പൊത്തിയ പൊക്കാളിക്കര
എങ്ങേപോയ് പൊന്നച്ഛാ?
നീവാരിയ ചുടുചോറൊപ്പം
വെന്തേപോയ് പൊന്‍മകനേ

അക്കാണും മാമലയൊന്നും
നമ്മുടേതല്ലെന്മകനെ
ഇക്കായൽ കയവുംകരയും
ആരുടേം.. അല്ലെൻ മകനേ’ 

കമ്മട്ടിപ്പാടത്തിലെ ഗംഗ ചൊല്ലിയാടുന്ന അന്‍വര്‍ അലിയുടെ ഈ വരികളിലുണ്ട് എല്ലാം. അതേ, രാജീവ് രവിയുടെയും ചങ്ങാതിമാരുടെയും പുതിയ ചിത്രം കമ്മട്ടിപ്പാടം ഒരു ഓര്‍മ്മപ്പെടുത്തലാണ്. നമ്മള്‍ പുളച്ചു മദിക്കുന്ന അഹങ്കാര സൌധങ്ങള്‍ക്ക് കീഴെ നിരവധി കമ്മട്ടിപ്പാടങ്ങളുണ്ടെന്ന്. മൂന്നു മണിക്കൂര്‍ ദൈര്‍ഘ്യമുണ്ടെങ്കിലും അത്രമേല്‍ കാച്ചിക്കുറുക്കിയതാണ് ഇതിന്റെ സത്ത. ഒരു തുള്ളി മതി. അതില്‍ തിളച്ചു മറിയുന്ന ജീവിതത്തിന്റെ തീരാ പെടപ്പ് കാണാം.

കൊച്ചിയിലെ മട്ടാഞ്ചേരിയുടെ പശ്ചാത്തലത്തില്‍ ഒരുക്കിയ അന്നയും റസൂലിനും,  തിരുവനന്തപുരത്തിന്റെ പശ്ചാത്തലത്തില്‍ വിഭ്രമിപ്പിച്ച ഞാന്‍ സ്റ്റീവ് ലോപ്പസിനും ശേഷം കൊച്ചിയിലെ കമ്മട്ടിപ്പാടത്തേക്ക് എത്തുകയാണ് രാജീവ് രവി, തിരക്കഥാകൃത്ത് പി ബാലചന്ദ്രന്‍, ഛായാഗ്രാഹകന്‍ മധു നീലകണ്ഠന്‍, എഡിറ്റര്‍ അജിത്ത്, കവി അന്‍വര്‍ അലി തുടങ്ങിയര്‍. അത് മലയാള സിനിമ ഇതുവരെ കണ്ടിട്ടില്ലാത്ത തീവ്രമായ രാഷ്ട്രീയ പ്രസ്താവമായി മാറിയിരിക്കുന്നു.

ഏറണാകുളം കെ എസ് ആര്‍ ടി സി ബസ് സ്റ്റാന്‍ഡിനും റെയില്‍വേ ട്രാക്കിനും സമീപം 40 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഉണ്ടായിരുന്ന കമ്മട്ടിപ്പാടത്തെയും അവിടുത്തെ ദളിത് ജീവിതത്തെയും പൊള്ളുന്ന റിയലിസത്തോടെ അവതരിപ്പിക്കുകയാണ് ചിത്രത്തില്‍. മുകളിലോട്ടു പൊങ്ങിപ്പൊങ്ങി പരക്കുന്ന ഒരു നഗരം എങ്ങനെയാണ് ഏറ്റവും അടിത്തട്ടിലെ ചേറ് മനുഷ്യരെ പ്രാന്തങ്ങളിലേക്ക് ചിന്നി ചിതറിക്കുന്നത് എന്നു പറയുകയാണ് ചിത്രം. പലപ്പോഴും നാം കൊണ്ടാടുന്ന വികസനമെന്ന മിഥ്യാഭിമാനം അധികാര വര്‍ഗ്ഗം നടത്തുന്ന അധിനിവേശം തന്നെയാണ്. അത് റെഡ് ഇന്ത്യന്‍സിന്റെ മണ്ണും വെള്ളവും കാടും കയ്യേറിയ വെള്ളക്കാരുടെ കഥയായി അമേരിക്ക തന്നെ നമ്മുടെ മുന്‍പില്‍ നെഞ്ച് വിരിച്ച് ഗര്‍വ്വോടെ നില്‍ക്കുന്നുണ്ട്. നമുക്ക് ചുറ്റും ഒരുപാട് കമ്മട്ടിപ്പാടങ്ങളും ബാലനും ഗംഗയും കൃഷ്ണനും അനിതയുമൊക്കെ ഉണ്ടെന്ന് പറഞ്ഞു വെക്കുകയാണ് സിനിമ.

അന്നയും റസൂലിലും സ്റ്റീവ് ലോപ്പസിലും കണ്ട ആഖ്യാന രീതിയുടെ തുടര്‍ച്ച കമ്മട്ടിപ്പാടത്തിലും കാണാം. നായകനെ അന്വേഷിക്കുന്ന അയാളുടെ ജീവിതത്തെ കുറിച്ചു പറയുന്ന ഒരു നറേറ്റര്‍-റസൂലിന്റെ കഥ ആഷ്ലിയിലൂടെ, ഹരിയുടെ കഥ ലോപ്പസിലൂടെ, ഇതില്‍ ഗംഗയുടെ കഥ കൃഷ്ണനിലൂടെ. ഒരു പാതിരാത്രി വന്ന ഗംഗയുടെ കോളാണ് കൃഷ്ണനെ കമ്മട്ടിപ്പാടത്തേക്ക് എത്തിക്കുന്നത്. കൊച്ചിയിലെത്തുന്ന കൃഷ്ണന്‍ അമ്പേ മാറിയ കൊച്ചിയെ ആണ് കാണുന്നത്. അവിടെ അയാള്‍ക്ക് ഗംഗയെ കണ്ടെത്തുക അത്ര എളുപ്പമായിരുന്നില്ല.

കൃഷ്ണന്റേയും ഗംഗയുടെയും സൌഹൃദമാണ് ചിത്രത്തിന്റെ കേന്ദ്രം. ഒപ്പം ബാലന്‍ എന്ന മനുഷ്യന്റെ ജീവിതവും. തല്ലിയും കുത്തിയും വാറ്റ് ചാരായം കടത്തിയും റിയല്‍ എസ്റ്റേറ്റ് കച്ചവടക്കാര്‍ക്ക് വേണ്ടി ആളുകളെ ഭീക്ഷണിപ്പെടുത്തി കുടിയൊഴിപ്പിച്ചും ഇന്നത്തെ കൊച്ചിക്ക് വേണ്ട മണ്ണൊരുക്കിയത് ബാലനെയും ഗംഗയെയും കൃഷ്ണനെയും പോലുള്ള മധ്യവര്‍ഗ്ഗ മലയാളിയുടെ കണ്ണിലെ ‘സംസ്കാര ശൂന്യ’രാണ്. അവരുടെ ജീവിതത്തില്‍ പ്രതികാരവും പ്രണയവും സൌഹൃദവും കുടുംബ ബന്ധങ്ങളും രാഷ്ട്രീയവും ഒക്കെ ഉണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ നമ്മുടെ മുഖ്യധാര സിനിമയുടെ കേട്ടു കാഴ്ചകളില്‍ അരിക് വല്‍ക്കരിക്കപ്പെട്ട കുറേ മനുഷ്യരുടെ അതിജീവന ശ്രമങ്ങളുടെ കഥയാണ് കമ്മട്ടിപ്പാടം പറയുന്നത്. കമ്മട്ടിപ്പാടം നമ്മുടെ പാഠ പുസ്തകങ്ങളില്‍ പഠിപ്പിക്കാത്ത ചരിത്രമാണ്. എവിടേയും ആരാലും രേഖപ്പെടുത്തപ്പെടാത്ത ചരിത്രം. നഗരം വിഴുങ്ങിയ ഈ ചരിത്രത്തെ വീണ്ടെടുക്കുകയാണ് രാജീവ് രവി. 

വികസനമെന്ന പേരില്‍ വിഹരിച്ചു നടന്ന അവരുടെ വിശാല ലോകം തുണ്ടുതുണ്ടായി മാറുന്നു. ഒരു തരത്തില്‍ അവരെ ഉപയോഗിച്ച് കൊണ്ട് തന്നെയാണ് പുത്തന്‍ മുതലാളിമാര്‍ ഇത് സാധിക്കുന്നത്. ഗംഗ ഒടുവില്‍ ആശാന്‍ എന്ന മുതലാളി കഥാപാത്രത്തിന്റെ വീട്ടില്‍ ചെല്ലുന്നുണ്ട്. മദ്യ ലഹരിയിലാണെങ്കിലും പുത്തന്‍ കൊട്ടാര സാദൃശ്യമായ വീട് ഇപ്പോള്‍ നില്‍ക്കുന്നത് ആരുടെയൊക്കെ തുണ്ട് ഭൂമികളായിരുന്നു എന്നു അവന്‍ ഓര്‍മ്മിച്ചു പറയുന്നു. വാസ്തുഹാരകളുടെ ദുരന്തം! പെരുമ്പാവൂരെ ജിഷയും അമ്മയും എങ്ങനെയാണ് പെരിയാര്‍ ബണ്ട് കനാലിന്റെ ഒരത്തെത്തിയത് എന്നതിന് ഉത്തരവും ഈ ചിത്രം തരുന്നുണ്ട്.

കമ്മട്ടിപ്പാടത്തിലെ എടുത്തു പറയേണ്ടുന്ന മറ്റൊരു പ്രത്യേകത ഇതിലെ കാസ്റ്റിംഗ് തന്നെയാണ്. ഗംഗയായി വന്ന വിനായകനും ബാലനായി വന്ന മണികണ്ഠനും ശരീരഭാഷ കൊണ്ട് നമ്മളെ സംഭ്രമിപ്പിക്കുക തന്നെ ചെയ്യും. വിനായകന്‍ എന്ന നടനോട് മലയാള സിനിമ കാണിച്ച നീതികേടിനുള്ള മറുപടി കൂടിയാണ് ഈ ചിത്രം. ഒപ്പം കറുത്തവരെ മനുഷ്യ വിരുദ്ധരായി ചിത്രീകരിക്കുന്ന മുഖ്യധാര സിനിമയുടെ പ്രൌഡ സംസ്കാരത്തിനുള്ള അടിയും. ഇരുത്തം വന്ന അഭിനയത്തിലൂടെ പ്രായ പകര്‍ച്ചകള്‍ അവതരിപ്പിച്ച ദുല്‍ഖര്‍ ഇനി ഏത് കഥാപാത്രം കയ്യില്‍ കിട്ടിയാലും ചെയ്യാന്‍ പ്രാപ്തനാണ് എന്നു തെളിയിച്ചിരിക്കുന്നു. നായിക ഷോണ്‍ റോമിയും ഗംഗയുടെ അച്ഛനും ആച്ചാച്ചനും തിരക്കഥാകൃത്ത് പി ബാലചന്ദ്രന്റെ കൃഷ്ണന്റെ അച്ഛനും പിന്നെ ആദ്യം പ്രത്യക്ഷപ്പെടുന്ന കവലചട്ടമ്പിവരെ ഒന്നിനൊന്ന മികച്ച പ്രകടനമാണ് പുറത്തെടുക്കുന്നത്.

മട്ടാഞ്ചേരിയുടെ സൌന്ദര്യത്തെ അനുഭവിപ്പിച്ച അന്നയും റസൂലിനും ശേഷം കൊച്ചിയുടെ പരുക്കന്‍ ലോകത്തേക്ക് തുറന്നു വെച്ച മധു നീലകണ്ഠന്റെ ക്യാമറ മികച്ച ദൃശ്യാനുഭവമായി. പ്രമേയം ആവശ്യപ്പെടുന്ന നിറ വിന്യാസത്തിലൂടെ പ്രേക്ഷകരുടെ ഉള്ളിലേക്ക് കയറി ഇരിക്കാന്‍ ദൃശ്യങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. കമ്മട്ടിപ്പാടത്തിന്റെ ഹരിതാഭയും മാറിയ പ്രകാശ പൂരിതമായ കൊച്ചിയുടെയും വിപരീത ഭാവങ്ങള്‍ ചിത്രത്തിന്റെ പ്രമേയത്തെ കരുത്തുറ്റതാക്കി. ഒപ്പം സംവിധായകന്റെ ചിന്തകളെ മൂര്‍ച്ചയേറിയ ദൃശ്യാനുഭവമാക്കാന്‍ എഡിറ്റര്‍ ബി അജിത്ത് കുമാറിനും സാധിച്ചു.  

മൂന്ന് മണിക്കൂര്‍ എന്ന ഈ കാലത്തെ അസാധാരണ ദൈര്‍ഘ്യം മറികടക്കുന്ന രീതിയില്‍ അനുനിമിഷം ഉദ്യോഗം ജനിപ്പിക്കുന്ന പി ബാലചന്ദ്രന്റെ തിരക്കഥയെ പുകഴ്ത്താതിരിക്കാന്‍ ആവില്ല. ഒപ്പം ആ കല്യാണ വീട്ടില്‍ ഗംഗ ചൊല്ലിയാടുന്ന അന്‍വര്‍ അലിയുടെ വരികളും. ഒരു നിമിഷം മലയാളിക്ക് മുന്‍പി‌ല്‍ ‘നിങ്ങളെന്‍റെ കറുത്ത മക്കളെ ചുട്ടു തിന്നില്ലേ..’ എന്നു പാടി കുറത്തിയായി ആടി ഉറഞ്ഞ കടമ്മനിട്ടയെ ഓര്‍മ്മിച്ചു പോയതില്‍ അത്ഭുതമില്ല. കുറത്തിയും കമ്മട്ടിപ്പാടവും വ്യത്യസ്ഥ ഭാഷകളിലൂടെ നമ്മളോട് പറയാന്‍ ശ്രമിക്കുന്നത് ഒരേ കാര്യം തന്നെ.

ഒരു വ്യവസായമെന്ന നിലയില്‍ മുഖ്യധാര സിനിമയുടെ കൂടെ നില്‍ക്കുമ്പോള്‍ തന്നെ ശക്തമായ രാഷ്ട്രീയ പ്രസ്താവങ്ങളായി തുളച്ചു കയറുന്ന സിനിമകളാണ് രാജീവ് രവിയുടെ. ചലച്ചിത്ര സൌന്ദര്യ ദര്‍ശനങ്ങളോടുള്ള കലര്‍പ്പില്ലാത്ത സ്വയം സമര്‍പ്പണം തന്നെയാണ് അതിന്റെ അന്തര്‍ധാര. അതുകൊണ്ടാണ് ഓരോ അണുവിലും ഈ ചിത്രങ്ങള്‍ക്ക് നമ്മളോട് സംവദിക്കാനും നമ്മുടെ മനസില്‍ ഒരു മുറി ബ്ലേഡ് കൊണ്ടെന്നപോലെ നീറ്റലുള്ള മുറിവുകള്‍ ഉണ്ടാക്കാന്‍ കഴിയുന്നതും.

ഈ സിനിമയുടെ നിര്‍മ്മാണ കൂട്ടായ്മയെ കുറിച്ചു അല്പം. പൂനെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നു വിവിധ മേഖലകളില്‍ പ്രാവീണ്യം നേടിയ ചങ്ങാതിമാരാണ് ഇവര്‍. നിര്‍മ്മാണ രീതിയില്‍ തന്നെ ഒരു സമാന്തര സ്വഭാവം കൊണ്ടുവന്നിട്ടുള്ള ഇവരാണ് യഥാര്‍ത്ഥത്തില്‍ മലയാളത്തിലെ നവതരംഗത്തിന്റെ പ്രോദ്ഘാടകര്‍.

ഓര്‍മ്മകള്‍ ഉണ്ടായിരിക്കണം: അമേരിക്കന്‍ ഭരണകൂടത്തിനെ അഭിസംബോധന ചെയ്തു സിയാറ്റില്‍ മൂപ്പന്‍ നടത്തിയ പ്രസംഗം ചരിത്ര പ്രസിദ്ധമാണ്. അതില്‍ ഇങ്ങനെ പറയുന്നു. ആകാശത്തെ വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നതെങ്ങനെ? ആ ചിന്ത ഞങ്ങള്‍ക്ക് അപരിചിതമാണ്. അന്തരീക്ഷത്തിന്റെ നവനൈര്‍മ്മല്യവും വെള്ളത്തിന്റെ വെട്ടിത്തിളക്കവും ഞങ്ങളുടേതല്ലാതിരിക്കേ നിങ്ങള്‍ക്ക് അവ എങ്ങനെ വാങ്ങാന്‍ കഴിയും? 

(സ്വതന്ത്ര മാധ്യമ പ്രവര്‍ത്തകയാണ് സഫിയ)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions) 

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍