TopTop
Begin typing your search above and press return to search.

കാനം മാര്‍ക്‌സിന്റെ കണ്ടെത്തലും കുടത്തില്‍ നിന്ന് പുറത്തു ചാടിയ ഭൂതവും

കാനം മാര്‍ക്‌സിന്റെ കണ്ടെത്തലും കുടത്തില്‍ നിന്ന് പുറത്തു ചാടിയ ഭൂതവും

ശരത് കുമാര്‍

ന്യൂനപക്ഷം പ്രീണനം എന്ന കുഴപ്പിക്കുന്ന വിഷയമാണല്ലോ കേരളക്കരയില്‍ ഇപ്പോള്‍ അലയടിച്ചുകൊണ്ടിരിക്കുന്നത്. കുടത്തിലെ ഭൂതത്തെ തുറന്ന് വിട്ടത് ഇത്രയും അനുകൂല സാഹചര്യം ഉണ്ടായിട്ടും അരുവിക്കര ഉപതിരഞ്ഞെടുപ്പിലും തോറ്റ് തുന്നംപാടിയതിന്റെ വിഷമം എങ്ങനെ തീര്‍ക്കണമെന്ന് അറിയാതെ ഉഴലുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും. അമിതമായ ന്യൂനപക്ഷ പ്രീണനം നിമിത്തം തങ്ങളുടെ വോട്ട് ബാങ്കുകള്‍ ചോരുന്നത് ഇടതുപക്ഷം തിരിച്ചറിയണം എന്നാണ് കാനം മാര്‍ക്‌സിന്റെ കണ്ടെത്തല്‍. സംഭവത്തെ ന്യായീകരിച്ചു കൊണ്ട് ഇപ്പോഴും മാടമ്പിയാണെന്ന് സ്വയം വിശ്വസിക്കുന്ന ഈഴവരുടെ ആഗോള മാര്‍പ്പാപ്പയും രംഗത്തെത്തി. കേരളത്തില്‍ ഇപ്പോള്‍ ഉടമകള്‍ പിച്ചയെടുക്കേണ്ട ഗതിയാണെന്നോ മറ്റോ ആയിരുന്നു അദ്ദേഹത്തിന്റെ അരുളപ്പാട്.

ഇടതുപക്ഷത്തിന്റെ അമതിമായ ന്യൂനപക്ഷ പ്രീണനം മൂലം ഭൂരിപക്ഷം തങ്ങളില്‍ നിന്നും അകന്ന് പോകുന്നു എന്നായിരുന്ന മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടി എന്ന് അവകാശപ്പെടുന്ന സിപിഐയുടെ സംസ്ഥാന സെക്രട്ടറി കണ്ടുപിടിച്ചത്. ഇടതുപാര്‍ട്ടികളുടെ വോട്ട് ബാങ്കില്‍ വീഴുന്ന വിള്ളലാണ് അദ്ദേഹത്തെ അലട്ടുന്നത്. ആ അലട്ടലില്‍ നിന്നും ഉതിര്‍ന്ന കടുത്ത വിലയിരുത്തലിന്റെ ഫലമായിരുന്നു ഈ കണ്ടുപിടിത്തം എന്ന് വേണം കരുതാന്‍.

പക്ഷെ ഈ വിലയിരുത്തലിന്റെ കോപ്പി റൈറ്റ് കാനത്തിന് അവകാശപ്പെടാന്‍ മാര്‍ഗ്ഗമില്ല. സദാചാര രാഷ്ട്രീയത്തിന്റെ ആള്‍ദൈവം സാക്ഷാല്‍ എകെ ആന്റണിയാണ് ഈ വെടി ആദ്യം പൊട്ടിച്ചത്. ഇരുവരുടെയും ആകുലത വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ മാത്രം ഒതുങ്ങുന്നു. ഇന്ത്യന്‍ ജനാധിപത്യം കണ്ട ഏറ്റവും കറുത്ത ദിനങ്ങളായിരുന്ന അടിയന്തരാവസ്ഥ കാലത്ത് കോണ്‍ഗ്രസിന്റെ പുതപ്പിന്റെ ചൂടില്‍ അധികാരം പങ്കിട്ട 'കമ്മ്യൂണിസ്റ്റ്' പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറി എന്ന നിലയില്‍ ആന്റണിയുടെ സ്വരം കാനത്തില്‍ പ്രതിഫലിക്കുന്നതില്‍ വലിയ അത്ഭുതത്തിന് അവകാശമില്ല. പ്രത്യേകിച്ചും ഇരുവരുടെയും ഉദ്ദേശലക്ഷ്യങ്ങള്‍ വോട്ട് ബാങ്ക് രാഷ്ട്രീയം എന്ന പരിമിത ലക്ഷ്യത്തില്‍ മാത്രം അഭിരമിക്കുമ്പോള്‍.പക്ഷെ ഈ രണ്ട് നേതാക്കളും തെളിച്ച് പറഞ്ഞില്ലെങ്കിലും, അവര്‍ ഉദ്ദേശിച്ച ന്യൂനപക്ഷം ആരാണെന്ന ചോദ്യമാണ് ഇവിടെ പ്രസക്തമാകുന്നത്. സംഘടിത വിലപേശല്‍ ശക്തികളായി മാറിക്കഴിഞ്ഞ മുന്നോക്ക ക്രിസ്ത്യന്‍ വിഭാഗങ്ങളെയും മുസ്ലീം സമുദായത്തിലെ സമ്പന്ന വര്‍ഗ്ഗങ്ങളെയും ആണ് ഇരുവരും ഉദ്ദേശിച്ചതെന്ന് വ്യക്തം. അവരാണല്ലോ കേരളത്തിലെയെങ്കിലും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന്റെ ഗതിവിഗതികള്‍ നിശ്ചയിക്കുന്നതില്‍ ഗണ്യമായ പങ്ക് വഹിക്കുന്നത്. അതുകൊണ്ട് തന്നെ അധികാര സ്ഥാനങ്ങളിലും സര്‍ക്കാര്‍ നയങ്ങളിലും തങ്ങള്‍ക്ക് വേണ്ടത് നേടിയെടുക്കാന്‍ അവര്‍ക്ക് നിഷ്പ്രയാസം സാധിക്കുകയും ചെയ്യുന്നു. മാത്രമല്ല, എത് മുന്നണി ഭരിച്ചാലും നയങ്ങള്‍ രൂപീകരിക്കുന്നതിന് മുമ്പ് ഈ രണ്ട് മതവിഭാഗങ്ങളിലേയും മേലാളന്മാരുടെ അനുമതി തേടുന്നതില്‍ ഭരണക്കാര്‍ ബദ്ധശ്രദ്ധരായിരിക്കുകയും ചെയ്യുന്നു. ഇതേ രാഷ്ട്രീയം കളിക്കണമെന്നാണ് ഹിന്ദുസമുദായത്തിലെ മേല്‍ജാതിക്കാരായ നായന്മാരുടെയും ഈഴവരുടെയും ആഗ്രഹമെങ്കിലും ചില താണുവണങ്ങലുകള്‍ ലഭിക്കുന്നു എന്നതിനപ്പുറമുള്ള പ്രാധാന്യമൊന്നും ഈ സമുദായങ്ങളിലെ നേതാക്കള്‍ക്ക് ലഭിക്കുന്നില്ല. ഈ സമുദായത്തിലെ സാധാരണക്കാരും അവയുടെ നേതാക്കളും തമ്മില്‍ നിലനില്‍ക്കുന്ന വലിയ അന്തരമാണ് കേരളത്തെ പിന്‍സീറ്റിലിരുന്ന് ഭരിക്കാനുള്ള സുകുമാരന്‍ നായര്‍, വെള്ളാപ്പള്ളി ആദികളുടെ മോഹത്തിന് വിലങ്ങുതടിയാവുന്നത്. എന്‍എസ്എസും എസ്എന്‍ഡിപിയും രൂപീകരിച്ച രാഷ്ട്രീയ പാര്‍ട്ടികള്‍ മുളയിലേ കരിഞ്ഞ് പോയത് ഈ അന്തരം നിലനില്‍ക്കുന്നത് കൊണ്ടാണ്.

അപ്പോള്‍ പറഞ്ഞുവന്നത് ന്യൂനപക്ഷത്തെ കുറിച്ചാണ്. ന്യൂനപക്ഷം എന്നതുകൊണ്ട് കാനം രാജേന്ദ്രനും ആന്റണിയും മനസിലാക്കിയിരിക്കുന്നത് ഈ പറഞ്ഞ വിലപേശല്‍ ശക്തികളെയാണ്. എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആരാണ് ന്യൂനപക്ഷം? ആ ചോദ്യത്തിന്റെ ഉത്തരം ലഭിക്കണമെങ്കില്‍ മുഖ്യധാര കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍ സ്വീകരിച്ചിരിക്കുന്ന വര്‍ഗ്ഗ സമീപനം എന്താണ് എന്ന് പരിശോധിക്കേണ്ടി വരും. ഇവിടെ ഒരു സൈദ്ധാന്തിക വിലയിരുത്തല്‍ അല്ല ഉദ്ദേശിക്കുന്നത്. ഈ പറയുന്ന വോട്ട് ബാങ്ക് രാഷ്ട്രീയത്തില്‍ തന്നെ അവര്‍ സ്വീകരിച്ചിരിക്കുന്ന നിലപാടുകള്‍ പരിശോധിക്കുമ്പോഴാണ് ഇവര്‍ യഥാര്‍ത്ഥത്തില്‍ ആര്‍ക്ക് വേണ്ടിയാണ് നിലകൊള്ളുന്നത് എന്ന ചോദ്യം പ്രസക്തമാകുന്നത്. എന്നാല്‍ യഥാര്‍ത്ഥ ന്യൂനപക്ഷങ്ങളായ ദളിതര്‍, അവശ ക്രൈസ്തവര്‍, ആദിവാസികള്‍, മറ്റ് പ്രാന്തവല്‍കൃത വിഭാഗങ്ങള്‍ എന്നിവരെ കുറിച്ചുള്ള യാതൊരു വേവലാതിയും ഈ നേതാക്കള്‍ക്ക് ഇല്ല. കാരണം ഒരു മണ്ഡലത്തിലും ഒറ്റയ്ക്ക് ഒരു സ്ഥാനാര്‍ത്ഥിയെ ജയിപ്പിക്കാനുള്ള ശക്തിയും സംഘബോധവും വിലപേശാനുള്ള കഴിവും ഈ വിഭാഗങ്ങള്‍ക്കില്ല എന്നത് തന്നെ.

ഐക്യ കേരളത്തില്‍ നടന്ന ആദ്യ തിരഞ്ഞെടുപ്പ് മുതല്‍ പരിശോധിച്ചാല്‍ ഒരു ഒറ്റ ദളിതനെ പോലും സംവരണ മണ്ഡലത്തിലല്ലാതെ പൊതു മണ്ഡലത്തില്‍ മത്സരിപ്പിച്ചതിന് തെളിവുകളില്ല. ആദ്യ ഇഎംഎസ് മന്ത്രിസഭയിലെ അംഗമായിരുന്ന പികെ ചാത്തന്‍ മാസ്റ്റര്‍ ചാലക്കുടി സംവരണ മണ്ഡലത്തില്‍ നിന്നും ജയിച്ചാണ് നിയമസഭയില്‍ പ്രവേശിച്ചത്. ഇക്കാര്യത്തില്‍ ഒരു ഒറ്റപ്പെട്ട ഉദാഹരണം എന്ന നിലയില്‍ തളിപ്പറമ്പില്‍ നിന്നും ജയിച്ച സികെപി പത്മനാഭനോ മറ്റോ കാണുമായിരിക്കും. അതിന് ശേഷം ഇന്നോളം നടന്ന തിരഞ്ഞെടുപ്പുകളിലൊന്നില്‍ പോലും ഒരു ദളിതനെയോ ആദിവാസിയെയോ പൊതു നിയോജകമണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ സാമൂഹിക സമത്വത്തിന്റെ വലിയ തത്വങ്ങള്‍ പറയുന്ന മുഖ്യധാര ഇടതുപാര്‍ട്ടികള്‍ ഒന്നും തയ്യാറായിട്ടില്ല. അവര്‍ എല്ലാക്കാലത്തും വെള്ളം കോരാനും വിറക് വെട്ടാനും മാത്രമുള്ളവരായിരുന്നു. അംബേദ്കര്‍ സംവരണം കണ്ടുപിടിച്ചില്ലായിരുന്നെങ്കില്‍ ഈ വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ ഈ പറയുന്ന ഔദാര്യം പോലും ലഭ്യമാകുമായിരുന്നു.തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് അവശ-ന്യൂനപക്ഷ വിഭാഗങ്ങളോടുള്ള സമീപനം ഇതായിരുന്നെങ്കില്‍ നയങ്ങളുടെ കാര്യം പരിശോധിക്കുമ്പോള്‍ സ്ഥിതിഗതി ഇതിലും പരുങ്ങലിലാണെന്ന് വരും. ഔദ്ധ്യോഗിക സംവരണത്തിന് അപ്പുറം സ്വന്തം കാലില്‍ നില്‍ക്കുന്നതിനും അസ്ഥിത്വം ഉറപ്പിക്കുന്നതിനും ഭൂമിയുടെ ഉടമസ്ഥതയാണ് ആവശ്യം എന്ന് ദളിത്-ആദിവാസി വിഭാഗങ്ങള്‍ തിരിച്ചറിഞ്ഞിട്ട് ഏറെക്കാലം ആയിട്ടില്ല. കുടിയാന് ഭൂമി നല്‍കിയ കൊട്ടിഘോഷിക്കപ്പെട്ട കേരളത്തിലെ ഭൂപരിഷ്‌കരണം കര്‍ഷകത്തൊഴിലാളിക്ക് ഒരു തുണ്ട് ഭൂമിയും നല്‍കിയില്ലെന്ന തിരിച്ചറിവ് അവര്‍ക്ക് കൈവന്നത് വളരെ കാലത്തിന് ശേഷമാണല്ലോ. അതുവരെ അവര്‍ ഇരു കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളും മാറി മാറി ഘോഷിച്ച ഭൂപരിഷ്‌കരണ ധോരണികളില്‍ കുടുങ്ങിക്കിടക്കുകയായിരുന്നു. അതുകൊണ്ട് തന്നെ ഈ പാര്‍ട്ടികളുടെ പ്രകടനങ്ങള്‍ക്ക് ആളെ കൂട്ടാനും സമ്മേളനങ്ങളും യോഗങ്ങളും കൊഴുപ്പിക്കാനും അവര്‍ കൂട്ടം കൂട്ടമായി എത്തി. നാളെയെങ്കിലും ഒരു തുണ്ട് ഭൂമി ലഭിക്കുമെന്ന പ്രതീക്ഷയില്‍. എന്നാല്‍, സമൂഹത്തിലെ മദ്ധ്യവര്‍ഗ്ഗത്തിനപ്പുറത്തേക്ക് നോക്കാനുള്ള കഴിവ് നമ്മുടെ മുഖ്യധാര ഇടതുപാര്‍ട്ടികള്‍ക്ക് ഇല്ല എന്ന തിരിച്ചറിവില്‍ നിന്നാണ് സ്വന്തമായി ഭൂമിക്ക് വേണ്ടി അവര്‍ സ്വയം സമരം ചെയ്യാന്‍ തയ്യാറായത്. വയനാട്ടിലും മറ്റും സികെ ജാനുവിന്റെ നേതൃത്വത്തില്‍ നടന്ന ഭൂസമരം, ളാഹ ഗോപാലന്റെ നേതൃത്തില്‍ നടന്ന ചെങ്ങറ ഭൂസമരം, ശ്രീരാമന്‍ കൊയ്യാന്റെ നേതൃത്വത്തില്‍ നടക്കുന്ന അരിപ്പ സമരം ഒക്കെ ഇതില്‍ പ്രധാനമായിരുന്നു. യഥാര്‍ത്ഥ ആദര്‍ശങ്ങളില്‍ അഭിരമിക്കുകയായിരുന്നു നമ്മുടെ മുഖ്യധാര ഇടതുപക്ഷ പാര്‍ട്ടികളെങ്കില്‍, ജീവസന്ധാരണാര്‍ത്ഥം പ്രാന്തവല്‍കൃത സമൂഹങ്ങള്‍ നടത്തുന്ന ഇത്തരം സമരങ്ങളെ പിന്തുണയ്ക്കുകയായിരുന്നില്ലെ ചെയ്യേണ്ടിയിരുന്നത്? അതിന് പകരും ഈ സമരങ്ങള്‍ക്കെതിരെ ഏറ്റവും കൂടുതല്‍ എതിര്‍പ്പുയര്‍ത്തിയത് ഈ വ്യവസ്ഥാപിത ഇടതുപക്ഷമായിരുന്നു എന്ന സത്യം തിരിച്ചറിയാന്‍ കാനം രാജേന്ദ്രന്‍ ഒന്നു കണ്ണാടി നോക്കി സ്വയം വിലയിരുത്തിയാല്‍ മതി.

തങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളെ പിന്തുണയ്ക്കാത്തവരെ ഈ വിഭാഗങ്ങള്‍ പിന്തുണയ്ക്കണം എന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? മുന്‍ പറഞ്ഞ 'ന്യൂനപക്ഷങ്ങള്‍' എന്ന് വിളിക്കപ്പെടുന്ന വിഭാഗങ്ങളായിരുന്നില്ല ഒരു കാലത്തും ഈ ഇടതുപാര്‍ട്ടികളുടെ വോട്ട് അടിത്തറയെന്നും ഈ പ്രാന്തവല്‍ക്കരിക്കപ്പെട്ട അദ്ധ്വാനവര്‍ഗ്ഗങ്ങള്‍ ആയിരുന്നു എന്നും തങ്ങളോടൊപ്പം നിന്നിരുന്നത് എന്നും തിരിച്ചറിയാനുള്ള വിവേകം പോലുമില്ലാത്തവരാണ് രാവിലെ അലക്കിത്തേച്ച് കമ്മ്യൂണിസവും പ്രസംഗിച്ച് ഇറങ്ങുന്നത്. സ്വന്തം അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടത്തില്‍ കേരളത്തിന്റെ സാമൂഹിക പരിഷ്‌കരണത്തില്‍ ശ്രീനാരായണ ഗുരുവിനെ പോലെ തന്നെ സംഭാവന നല്‍കിയ അയ്യങ്കാളിയുടെ പേരില്‍ ദളിതര്‍ ഡിഎച്ച്ആര്‍എം എന്നൊരു സംഘടന രൂപീകരിച്ചപ്പോള്‍ അവരെ സ്വന്തം ചേരിയില്‍ നിറുത്തി സംരക്ഷിക്കുന്നതിന് പകരം അടിച്ചൊതുക്കാനും തീവ്രവാദികള്‍ എന്ന് മുദ്രകുത്തി ഒറ്റപ്പെടുത്താനും ശ്രമിച്ചവരാണ് ഇപ്പോള്‍ നഷ്ടപ്പെടുന്ന വോട്ട് ബാങ്കിനെ കുറിച്ച് വേവലാതിപ്പെടുന്നത്.

സ്വയം വിമര്‍ശനം എന്നൊരു പരിപാടി ഇപ്പോഴും ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ ഇപ്പോഴാണ് സര്‍, ഇതുവരെ സ്വീകരിച്ചിരുന്ന നയങ്ങളെ കുറിച്ച് ഒന്ന് വിലയിരുത്തേണ്ടത്. സമൂഹത്തിലെ പ്രാന്തവല്‍കൃത ജനവിഭാഗങ്ങളോടുള്ള സമീപനം ഇത്തരത്തില്‍ ആണെങ്കില്‍ ഇതേ വാശിയോടെ തന്നെയാണ് പ്രാന്തവല്‍കൃതവും എന്നാല്‍ ജനകീയവുമായ പ്രശ്‌നങ്ങളോടും സമീപിക്കുന്നത്. മാവൂരില്‍ ക്യാന്‍സര്‍ എന്ന മഹാമാരി പടര്‍ത്തുകയും നമ്മുടെ വനസമ്പത്ത് ചൂഷണം ചെയ്യുകയും ഒരു പുഴ തന്നെ സമ്പൂര്‍ണമായി നശിപ്പിക്കുകയും ചെയ്ത ഗ്വാളിയാര്‍ റയോണ്‍സിനെതിരെ അവിടെ ജനകീയ സമരം പൊട്ടിപ്പുറപ്പെട്ടപ്പോള്‍ അതിനെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചത് പോലീസ് ആയിരുന്നില്ലെന്നും നിങ്ങളുടെ തൊഴിലാളി യൂണിയനുകളാണെന്നും ഇനിയെങ്കിലും തിരിച്ചറിയണം. മൂലമ്പള്ളിയിലും കാതികൂടത്തും ഉള്‍പ്പെടെയുള്ള എണ്ണമറ്റ സമരങ്ങളില്‍ നിങ്ങളുടെ നിലപാട് ഇതുതന്നെയായിരുന്നില്ലെ എന്ന് സ്വയം വിലയിരുത്തണം. അപ്പോള്‍ മനസിലാവും നിങ്ങള്‍ ആരുടെ കൂടെയാണെന്ന്.

ഇപ്പോള്‍ കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള പാറമടകള്‍ മുഴുവന്‍ വെടിവെച്ചിടുമ്പോള്‍ അതുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്‌നം എന്താണെന്ന് പഠിക്കണം. നാളെത്തെ നമ്മുടെ തലമുറയ്ക്കും ഇവിടെ ജീവിക്കാന്‍ അവകാശമുണ്ടെന്ന് തിരിച്ചറിയണം. അത് തിരിച്ചറിഞ്ഞ് ഇത്തരം പ്രകൃതി ധ്വംസനങ്ങള്‍ക്കെതിരായി ജനകീയ പ്രക്ഷോഭങ്ങള്‍ നടത്തുന്നവരോടൊപ്പം അണിചേരാന്‍ തയ്യാറാവണം. അല്ലാതെ, പാറ മുതലാളിയുടെയും പാടം നികത്തി ആശുപത്രി പണിഞ്ഞ് വികസനം നടത്താന്‍ ഇറങ്ങിത്തിരിക്കുന്നവരുടെയും കൈയില്‍ നിന്ന് ചില്ലറ മേടിച്ച് പോക്കറ്റിലിട്ടിട്ട്, അവരെ സംരക്ഷിക്കാന്‍ ജനങ്ങള്‍ക്കെതിരെ ഗുണ്ടാപ്പണി നടത്തുന്നതല്ല ഇടതുപക്ഷ രാഷ്ട്രീയ പ്രവര്‍ത്തനമെന്ന് അണികളെ പറഞ്ഞ് പഠിപ്പിക്കണം. മക്കളെ ഉണ്ടാക്കാന്‍ മാത്രമല്ല അവര്‍ക്ക് ആരോഗ്യകരമായി വളരാനുള്ള സാഹചര്യം കൂടി നമ്മള്‍ ബാക്കി വെയ്ക്കണമെന്ന് അണികളോട് പറയണം. അങ്ങനെയൊക്കെ ചെയ്യുമ്പോള്‍ വോട്ട് ബാങ്ക് താനെ ഉണ്ടായിക്കൊള്ളും സര്‍. അതിന് ഇത്ര വലിയ സിദ്ധാന്തമൊന്നും കണ്ടുപിടിച്ചുകൊണ്ട് വരണമെന്നില്ല. അല്ലാതെ പണം മേടിച്ച് സീറ്റ് വില്‍ക്കുകയും മണ്ഡലത്തിലെ ജാതി വോട്ടുകളുടെ എണ്ണം നോക്കി സ്ഥാനാര്‍ത്ഥിയെ നിശ്ചിയിക്കുമ്പോഴുമൊക്കെ അരുവിക്കരകള്‍ ആവര്‍ത്തിച്ചു കൊണ്ടേയിരിക്കും. ഇടത് രാഷ്ട്രീയത്തെ സംബന്ധിച്ചിടത്തോളം ലക്ഷ്യം മാര്‍ഗ്ഗത്തെ സാധൂകരിക്കില്ല എന്ന് തിരിച്ചറിയാനുള്ള വിവേകം ഇനിയെങ്കിലും കാണിക്കണം. അവിടെ ലക്ഷ്യത്തെക്കാള്‍ പ്രധാനമാണ് മാര്‍ഗ്ഗം എന്ന് മനസിലാക്കാനുള്ള ചെറുപ്പമൊക്കെ ഇപ്പോഴും കാനം രാജേന്ദ്രനുണ്ട്.

സ്വന്തം അധികാരമോഹങ്ങള്‍ക്ക് വേണ്ടിയാണെങ്കില്‍ പോലും ഇത്തരം പ്രാന്തവല്‍കൃത ജനകീയ രാഷ്ട്രീയത്തെ ഉയര്‍ത്തിപ്പിടിക്കുന്ന വിഎസ് അച്യൂതാനന്ദന്‍ എന്ന വൃദ്ധന്റെ ആര്‍ജ്ജവമെങ്കിലും ഇടതുപാര്‍ട്ടികളുടെ ഈ പുതു നേതൃത്വങ്ങള്‍ക്ക് ഉണ്ടാവേണ്ടിയിരിക്കുന്നു. അല്ലാതെ പെരുന്നയിലും കണിച്ചിക്കുളങ്ങരയിലും സകല അരമനകളിലും പോയി കൈ മുത്തിയത് കൊണ്ടും കാലുപിടിച്ചത് കൊണ്ടും ഇടതുപക്ഷ രാഷ്ട്രീയം വളരില്ല.കാനത്തിന്റെ പ്രസ്താവനയ്‌ക്കെതിരെ സഖാവ് പിണറായി വിജയന്‍ രംഗത്തെത്തിയതും കൗതുകകരമായി. യഥാര്‍ത്ഥ രാഷ്ട്രീയം പറഞ്ഞായിരുന്നു അദ്ദേഹം കാനത്തെ നേരിട്ടിരുന്നതെങ്കില്‍ മനസിലാവുമായിരുന്നു. മറിച്ച് ഇത്തരം പ്രസ്താവനകള്‍ ഹിന്ദുവര്‍ഗ്ഗീയത വളര്‍ത്താനെ ഉപകരിക്കൂ എന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. അതിനപ്പുറം ആലോചിക്കാനുള്ള രാഷ്ട്രീയ ബുദ്ധി അദ്ദേഹത്തിന് ഉണ്ടായിരുന്നെങ്കില്‍ കേരളത്തിന്റെ ഇന്നത്തെ അവസ്ഥ ഒരു പക്ഷെ ഇങ്ങനെ ആവില്ലായിരുന്നു എന്ന് പരിതപിക്കാനേ മാര്‍ഗ്ഗമുള്ളു.

പാര്‍ട്ടിയിലെ ചെറുപ്പക്കാര്‍ പാര്‍ലമെന്ററി വ്യാമോഹത്തിന് അടിപ്പെടുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പണ്ട് എകെജി ഓരോ പുതിയ എംപിയുടേയും ഡല്‍ഹിയിലെ താമസസ്ഥലത്ത് പതിവായി സന്ദര്‍ശനം നടത്തുമായിരുന്നു എന്ന് കേട്ടിട്ടുണ്ട്. പക്ഷെ ഇന്നത് പ്രതീക്ഷിച്ചു കൂടാ. കാരണം തിരഞ്ഞെടുപ്പ് രാഷ്ട്രീയമല്ലാതെ മറ്റൊന്നും ആലോചിക്കാനില്ലാത്തവരാണ് നമ്മുടെ വ്യവസ്ഥാപിത ഇടതു രാഷ്ട്രീയ കക്ഷികള്‍. എങ്ങനെ സമ്പന്ന പാര്‍ട്ടിയായി തീരാം എന്നതാണ് എല്ലാവരും പരീക്ഷിക്കുന്നത്. അതിനിടയില്‍ എന്ത് ജനകീയ പ്രശ്‌നങ്ങള്‍? പാര്‍ട്ടി വളര്‍ത്തുക എന്നാല്‍ പാര്‍ട്ടിയുടെ സമ്പത്ത് വളര്‍ത്തുക എന്നതായി തീര്‍ന്നിട്ട് കാലം കുറെ ആയല്ലോ?

വ്യവസ്ഥാപിത ഇടതുപക്ഷങ്ങളുടെ സ്ഥിതി ഇതാണെങ്കില്‍ സായുധ സമരത്തിന്റെ ആദര്‍ശവും ആവേശവുമായി മുന്നോട്ട് പോകുന്ന മാവോയിസ്റ്റുകളെ കുറിച്ച് വരുന്ന വാര്‍ത്തകളും ഒട്ടും ആശാവഹമല്ല. ഇപ്പോള്‍ ഛത്തീസ്ഗഢില്‍ നിന്നും പുറത്ത് വരുന്ന പൊതുവിതരണ ശൃംഖലയിലെ ആയിരം കോടി രൂപയില്‍ അധികം വരുന്ന അഴിമതിയില്‍ അവരും പങ്കാളികളാണത്രെ. അവര്‍ക്ക് ലഭിക്കേണ്ട വിഹിതം കൃത്യമായി അവരുടെ കൈകളില്‍ എത്തിയിട്ടുണ്ടെന്നാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. ഒരിക്കല്‍ പോലും അധികാരത്തില്‍ ഏറാതെയാണ് ഈ നേട്ടം കൈവരിച്ചിരിക്കുന്നത്. ദണ്ഡകാരണ്യത്തിലെ ദരിദ്രനാരായണന്മാരുടെയും ആദിവാസികളുടെയും അവകാശങ്ങള്‍ക്കായി സ്വന്തം ജീവന്‍ ബലിയര്‍പ്പിച്ച് മാവോയിസ്റ്റുകള്‍ പോരാടുന്നു എന്നാണ് സങ്കല്‍പം. അവരുടെ പിച്ചച്ചട്ടിയില്‍ കൈയിട്ടു വാരിയതിന്റെ വിഹിതമാണ് അതേ മാവോയിസ്റ്റുകള്‍ക്ക് കൃത്യമായി ലഭിക്കുന്നത് എന്നാണ് പുറത്ത് വരുന്ന വാര്‍ത്തകള്‍ നമ്മോട് പറയുന്നത്. ആ മേഖലയിലെ ആദിവാസികള്‍ക്ക് സ്വച്ഛമായി തങ്ങളുടെ ഉപജീവന മാര്‍ഗ്ഗമായ വനവിഭവങ്ങള്‍ ശേഖരിക്കുന്നതിന് മാവോയിസ്റ്റ് സാന്നിധ്യം തടസമാവുന്നു എന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. പക്ഷെ അത് മുഖ്യധാര മാധ്യമങ്ങളുടെ സൃഷ്ടിയാണെന്ന് സമാശ്വസിച്ചിരുന്നവരെ പോലും ഞെട്ടിക്കുന്നതാണ് ഇപ്പോള്‍ പുറത്ത് വരുന്ന വാര്‍ത്തകള്‍.

ജനങ്ങള്‍ ബിജെപിക്കോ കോണ്‍ഗ്രസിനോ വോട്ട് ചെയ്താല്‍ അവരെ കുറ്റം പറയരുത്. ഒന്നുമല്ലെങ്കിലും വായില്‍ കൊള്ളാത്ത വാക്കുകളും സാധാരണക്കാര്‍ക്ക് മനസിലാവാത്ത സിദ്ധാന്തങ്ങളും പ്രത്യശാസ്ത്ര പ്രശ്‌നങ്ങളുമൊന്നും അവര്‍ തട്ടിമൂളിക്കില്ല. നേരെ വാ, നേരെ പോ സ്വഭാവക്കാരാണവര്‍. 'ഉദരനിമിത്തം ബഹുകൃതവേഷം' എന്ന് നേരെ ചൊവ്വെ പറയുന്നവരാണവര്‍. ഇത്തരം ഇടതുപക്ഷ വൈകൃതങ്ങളെക്കാള്‍ എന്തുകൊണ്ടും നല്ലത് കാര്യം നേരിട്ട് പറഞ്ഞ് കൈയിട്ടുവാരുന്നവര്‍ തന്നെയല്ലെ?

(അഴിമുഖം കണ്‍സള്‍ട്ടന്‍റ് എഡിറ്ററാണ് ശരത് കുമാര്‍)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories