TopTop
Begin typing your search above and press return to search.

കാരക്കോണത്തിന് പിന്നാലെ തട്ടിപ്പിന്റെ കഥയുമായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ്

കാരക്കോണത്തിന് പിന്നാലെ തട്ടിപ്പിന്റെ കഥയുമായി കണ്ണൂര്‍ മെഡിക്കല്‍ കോളേജ്

വി ഉണ്ണികൃഷ്ണന്‍

കാരക്കോണം മെഡിക്കല്‍ കോളേജിലെ ഹൌസ് സര്‍ജന്മാരുടെ സമരം വിജയിച്ചതിന്റെ ആഹ്ളാദം മായുന്നതിനു മുന്‍പേ കേരളത്തിലെ മെഡിക്കല്‍ വിദ്യാഭ്യാസ രംഗത്തിനു കളങ്കം ചാര്‍ത്തിക്കൊണ്ട് ഒരു മെഡിക്കല്‍ കോളേജിന്‍റെ സാമ്പത്തിക ചൂഷണത്തിന്റെ വിവരങ്ങള്‍ കൂടി പുറത്തു വരികയാണ്. കാരക്കോണത്തു ബലിയാടുകള്‍ ആവാന്‍ വിധിക്കപ്പെട്ടത് ഹൌസ് സര്‍ജന്മാര്‍ മാത്രമാണെങ്കില്‍ ഇവിടെ ക്ലീനിംഗ് സ്റ്റാഫ് മുതല്‍ പിജി ചെയ്യുന്ന ഡോക്ടര്‍മാര്‍ വരെയാണ്. കാരക്കോണത്തെ ഹൗസ് സർജന്മാരേക്കാൾ കഷ്ടമാണ് അഞ്ചരക്കണ്ടി കണ്ണൂർ മെഡിക്കൽ കോളേജിലെ പി ജി, ഹൗസ് സർജന്മാരുടെ അവസ്ഥ.

അഞ്ചരക്കണ്ടിയിലെ ഹൗസ് സര്‍ജന്മാരുടെ സ്റ്റെപ്പന്റ്റ് മാസം 4500 രൂപയും പിജിക്കാരുടെ ശമ്പളം 5000 രൂപയുമാണ്. പിജി റസിഡന്‍റ് ഡോക്ടര്‍മാര്‍ക്ക് 45000 രൂപ മാസശമ്പളം നല്കണം എന്ന് കേരള യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിന്റെ ഉത്തരവ് തലയ്ക്ക് മേലെ തൂങ്ങുമ്പോഴാണ് മാനേജ്മെന്റ് ഇത്തരം ഒരു നടപടിക്കു മുതിരുന്നത്. പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളില്‍ ഇതൊരു പുതിയ കാര്യമല്ലെങ്കില്‍പ്പോലും ഭീമമായ വായ്പകളും ബാധ്യതകളും കടന്ന് ഏറെ പ്രതീക്ഷകളുമായി ആതുരസേവനരംഗത്തേക്ക് വരുന്ന പുതുതലമുറയെ മടുപ്പിക്കുന്ന തരത്തിലുള്ള പലതും ഇവിടെ നടക്കുന്നു.

അഞ്ചരക്കണ്ടിയില്‍ മെഡിക്കല്‍ കോളേജ് തുടങ്ങിയ കാലം മുതല്‍ക്കു തന്നെ ഇതാണ് കോളേജ് ചെയര്‍മാനായ ഡോക്ടര്‍ എം അബ്ദുള്‍ ജബ്ബാറിന്റെയും അദ്ദേഹത്തിന് ഒത്താശ ചെയ്യുന്ന മാനേജ്മെന്റിന്റെയും നിലപാട് എന്നാണ് പേര് വെളിപ്പെടുത്താനാവാത്ത ഒരു വിദ്യാര്‍ഥി പറഞ്ഞത്. കാരക്കോണത്തേതു പോലെ ഇവിടെയും അനീതിക്കെതിരെ ശബ്ദമുയര്‍ത്തിയാല്‍ പ്രതികാര നടപടികള്‍ നേരിടേണ്ടി വരും. എന്നിട്ടും പ്രതികരിച്ചാല്‍ അവസാന വര്‍ഷം കോഴ്സ് കമ്പ്ലീറ്റ് ചെയ്ത സര്‍ട്ടിഫിക്കറ്റ് കിട്ടില്ല. ഒടുക്കം പ്രതികരിച്ച കുറ്റത്തിന് ഒരു ലക്ഷം രൂപ വരെ പിഴ ഒടുക്കേണ്ടതായും വരും.

മേല്‍പ്പറഞ്ഞ അനുഭവമുണ്ടായത് 2007 ലെ ബാച്ച് ഹൌസ് സര്‍ജന്മാര്‍ക്കാണ്.

സ്റ്റെപ്പന്‍റ്റ് കൂട്ടി ലഭിക്കാനായി സമരം ചെയ്തപ്പോള്‍ അവര്‍ക്ക് നല്‍കിയ ശിക്ഷയാണ് തലയൊന്നിന് ഒരു ലക്ഷം രൂപ. ഒടുക്കം അത് 20000 രൂപയില്‍ ഒതുങ്ങിയെങ്കിലും വിദ്യാര്‍ഥികള്‍ക്ക് നീതി ലഭിക്കുകയുണ്ടായില്ല. സമരം പിന്നീടും ഉണ്ടായി, എന്നാല്‍ അടിച്ചമര്‍ത്താന്‍ പുതിയ തന്ത്രങ്ങള്‍ മാനേജ്മെന്റ് കണ്ടെത്തിക്കൊണ്ടുമിരുന്നു.

ഓരോ തവണയും സമരം ചെയ്യുന്നവരുടെ പേരില്‍ കള്ളക്കേസുകള്‍ പെരുകും. ക്രമസമാധാനം തകര്‍ക്കുന്നു എന്ന കേസാവും കൂടുതല്‍ തവണ ഇവിടത്തെ വിദ്യാര്‍ഥികളുടെ പേരില്‍ വന്നിട്ടുണ്ടാവുക. കോളേജിന്റെ വസ്തുവകകള്‍ നശിപ്പിച്ചു എന്നുള്ളത് പിറകേ.

സമാനമായ സംഭവങ്ങള്‍ എല്ലാ തവണയും ഉണ്ടാവാറുണ്ട്. ഒരു തവണ സമരം ചെയ്ത ഹൌസ് സര്‍ജന്മാരുടെ പേരില്‍ വന്നത് ആംബുലന്‍സിന്റെ വഴി തടഞ്ഞു എന്നുള്ള കേസ് ആയിരുന്നു. സംഭവിച്ചത് മറ്റൊന്നായിരുന്നു. ഇത് പറഞ്ഞത് ഒരു ജീവനക്കാരന്‍ തന്നെയാണ്.‘അന്ന് മെഡിക്കല്‍ കോളേജിനു സമീപം സമരം നടന്നപ്പോള്‍ ചെയര്‍മാന്‍ സ്ഥലത്തുണ്ടായിരുന്നു. കുറച്ചു കഴിഞ്ഞപ്പോള്‍ ആശുപത്രിയിലെ ആംബുലന്‍സ് കൊണ്ടുവന്നു സമരപ്പന്തലിന്റെ പിന്നില്‍ ഇട്ടു. പിന്നെ വന്നത് സമരം ചെയ്തവര്‍ക്ക് നേരെയുള്ള കേസായിരുന്നു, ഗത്യന്തരമില്ലാതെ അവര്‍ സമരം നിര്‍ത്തി’- ഇപ്പോഴും അവിടെത്തന്നെ ജോലി ചെയ്യുന്നതിനാല്‍ മാനേജ്മെന്‍റ്റിന്റെ ശത്രുതയ്ക്ക് പാത്രമാകുമെന്നതുകൊണ്ട് പേര് വെളിപ്പെടുത്താന്‍ നിര്‍വ്വാഹമില്ലെന്ന് അയാള്‍ പറഞ്ഞു.

അവിടെ നടന്ന മറ്റൊരു സംഭവം കൂടി പറയാം.

സര്‍വ്വകലാശാലയുടെ ടീം പരിശോധനയ്ക്കായി വന്നപ്പോള്‍ ഹൌസ് സര്‍ജന്മാര്‍ സ്റ്റെപ്പന്റ് വിഷയം അവരെ ബോധിപ്പിക്കും എന്ന് തീരുമാനിച്ചിരുന്നു. അതിനായി ചെന്ന ഹൌസ് സര്‍ജന്മാര്‍ ഡ്യൂട്ടി ചെയ്യുന്നില്ല എന്ന പേരില്‍ പ്രിന്‍സിപ്പല്‍ എല്ലാ വിഭാഗങ്ങളുടെയും തലവന്മാര്‍ക്ക് നോട്ടീസ് അയച്ചാണ് പ്രതികാരം ചെയ്തത്. സമാനമായ സന്ദര്‍ഭം ഒരിക്കല്‍ക്കൂടി ഉണ്ടാവുകയും ചെയ്തു. അന്ന് പക്ഷേ പ്രിന്‍സിപ്പലിനെ കാണാന്‍ ചെന്ന വിദ്യാര്‍ഥികളുടെ പേരില്‍ വന്നത് ഇന്‍സ്പെക്ഷന്‍ തടഞ്ഞു എന്നുള്ള ആരോപണമായിരുന്നു.

അതേ തുടര്‍ന്ന് അസിസ്റ്റന്റ് പോലീസ് കമ്മീഷണര്‍ മെഡിക്കല്‍ കോളേജില്‍ എത്തുകയുണ്ടായി. എസിപിയുടെ നേതൃത്വത്തില്‍ നടന്ന ചര്‍ച്ചയില്‍ തങ്ങളുടെ നിരപരാധിത്വം വിദ്യാര്‍ഥികള്‍ ബോധിപ്പിച്ചിരുന്നു. ചോദ്യങ്ങള്‍ക്ക് മറുപടി പറയാനാകാതെ വന്നപ്പോള്‍ പ്രിന്‍സിപ്പലായ ഡോക്ടര്‍ ഭാസ്കരന്‍ ചര്‍ച്ചയില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

സ്റ്റെപ്പന്റ് വര്‍ദ്ധനവിനായി സമരം ചെയ്ത വിദ്യാര്‍ഥികള്‍ മെഡിക്കല്‍ കൌണ്‍സില്‍ ഓഫ് ഇന്ത്യയെ (എംസിഐ) സമീപിച്ചിരുന്നു. സര്‍ക്കാര്‍ വിജ്ഞാപനം ചെയ്ത പ്രകാരമുള്ള തുക നല്‍കണം എന്നും അതിനു തെളിവ് ഹാജരാക്കണം എന്നും മെഡിക്കല്‍ കൌണ്‍സില്‍ ആവശ്യപ്പെട്ടിരുന്നു. അത് ഡോക്ടര്‍ അബ്ദുള്‍ ജബ്ബാറിന് കീഴിലുള്ള മാനേജ്മെന്‍റിന് മറ്റൊരു വഴിയാണ് തുറന്നു കൊടുത്തത് എന്ന് ഒരു ഹൌസ് സര്‍ജന്‍ പറയുന്നു.

‘മെഡിക്കല്‍ കൌണ്‍സിലിന്റെ ഉത്തരവിറങ്ങിയ ശേഷം മാനേജ്മെന്‍റ് പുതിയൊരു പദ്ധതിയുമായാണ്‌ രംഗത്തെത്തിയത്. ഞങ്ങളോട് പുതിയ ബാങ്ക് അക്കൌണ്ട് എടുക്കാന്‍ ആവശ്യപ്പെട്ടു. ഉത്തരവ് പ്രകാരമുള്ള 45000 രൂപ അക്കൌണ്ടില്‍ വരും. എന്നാല്‍ എടുക്കാന്‍ സാധിക്കുക 5000 മാത്രം. ബാക്കിയുള്ള 40000 അവര്‍ തന്നെ പിന്‍വലിക്കും. പാസ്ബുക്കും എടിഎം കാര്‍ഡും മാനേജ്മെന്റിനെ ഏല്‍പ്പിക്കണം എന്നാണ് നിര്‍ദ്ദേശം. എംസിഐ യെ പറ്റിക്കുകയും കള്ളപ്പണം വെളുപ്പിക്കുകയും ഒരേ സമയം നടത്താം. ഹൌസ് സര്‍ജന്മാര്‍ക്ക് ലഭിക്കുന്ന 4000 രൂപയില്‍ നിന്നും റൂം വാടക എന്ന പേരില്‍ 1500 രൂപയും ഇവര്‍ കൈപ്പറ്റുന്നു. ചുരുക്കത്തില്‍ ഹൌസ് സര്‍ജന്മാര്‍ക്ക് ലഭിക്കുക 2500 ഉം പിജിക്കാര്‍ക്ക് 5000 ഉം’- ഹൌസ് സര്‍ജന്‍ വ്യക്തമാക്കി.

സര്‍ട്ടിഫിക്കറ്റ് ലഭിക്കുന്നതില്‍ തടസ്സമുണ്ടാകും എന്ന ഭീതിയില്‍ അയാള്‍ പേര് വെളിപ്പെടുത്താന്‍ തയ്യാറായില്ല. അത് കൂടാതെ ഗുണ്ടകളുടെ ആക്രമണവും ഉണ്ടാവും.പ്രശ്നങ്ങള്‍ തീരുന്നില്ല. ഇനിയുമുണ്ട് നിരവധി.

ഉള്ളതില്‍ പകുതി സീറ്റുകള്‍ മെറിറ്റ്‌ അടിസ്ഥാനത്തില്‍ നല്‍കണം എന്ന നിയമം നിലവില്‍ ഉണ്ടെങ്കിലും ഇവിടെ അതൊന്നും പ്രാവര്‍ത്തികമാകാറില്ല. എംബിബിഎസിന് 150 ഉം പിജിയ്ക്ക് 11 സീറ്റും ആണ് ഇവിടെയുള്ളത്. 75 ശതമാനം സീറ്റുകളിലും മാനെജ്മെന്റ് വാങ്ങുന്നത് കോടികളാണ്. 11 സീറ്റ് പിജിയില്‍ ഉള്ളതില്‍ ആകെ രണ്ടെണ്ണമാണ് സര്‍ക്കാര്‍ അലോട്ട്മെന്‍റ്റിനു നല്‍കിയത്. കഴിഞ്ഞ രണ്ടു വര്‍ഷത്തെ സീറ്റ് അലോട്ട്മെന്റ് പരിശോധിക്കുകയാണെങ്കില്‍ ഇത് വ്യക്തമാവും എന്ന് വിദ്യാര്‍ഥികള്‍ തന്നെ വ്യക്തമാക്കുന്നു. നിയമത്തെ കാറ്റില്‍പ്പറത്തി പണം വരാനുള്ള ഒരു വഴിയായി മാത്രമാണ് ഇവര്‍ ആതുരസേവനരംഗത്തെ കാണുന്നത് എന്ന് കോട്ടയം മെഡിക്കല്‍ കോളേജ് ലെക്ചറര്‍ ആയ ഡോക്ടര്‍ ജിനേഷ് പിഎസ് അഭിപ്രായപ്പെടുന്നു.

‘അവിടെയുള്ള 150എംബിബിഎസ് സീറ്റിലേക്കും 11 പി ജി സീറ്റിലേക്കും പ്രവേശനം നടത്തുന്നത് മാനേജ്‌മെന്റാണ്. പകുതി സീറ്റുകളിലേക്ക് സർക്കാർ ഫീസിൽ സർക്കാർ ലിസ്റ്റിൽ നിന്നും പ്രവേശനം നടത്തണം എന്ന വ്യവസ്ഥ പാലിക്കപ്പെടുന്നില്ല. 2002ൽ ഓരോ സ്വകാര്യ മെഡിക്കൽ കോളേജുകളിലും പകുതി എംബിബിഎസ് സീറ്റുകളിലേക്ക് സ്റ്റേറ്റ് എന്ട്രൻസ് റാങ്ക് ലിസ്റ്റിൽ നിന്നും സർക്കാർ ഫീസ്‌ മാത്രം ഈടാക്കി വിദ്യാർത്ഥികളെ പഠിപ്പിക്കും എന്ന് വാക്ക് പറഞ്ഞ എല്ലാ സ്വകാര്യ കോളെജുകളും പണം മാത്രം ലക്ഷ്യമിട്ട് സർക്കാരിനേയും ജനങ്ങളെയും വഞ്ചിച്ചിരിക്കുന്നു.ഭീഷണിയുടെ നിഴലിൽ ജോലിചെയ്യുന്ന, പഠിക്കുന്ന, ജീവിക്കുന്ന ആ യുവ ഡോക്ടർമാരുടെ പ്രശ്നങ്ങളിൽ ഇടപെടേണ്ട സമയം അതിക്രമിച്ചു കഴിഞ്ഞിരിക്കുന്നു’- ഡോക്ടര്‍ ജിനേഷ് അഭിപ്രായപ്പെടുന്നു.

പണത്തിനായി ഇവര്‍ പിഴിയുന്നത് വിദ്യാര്‍ഥികളെ മാത്രമല്ല. ക്ലീനിംഗ് ജീവനക്കാര്‍ മുതല്‍ മുകളിലേക്കുള്ള എല്ലാവരും ഇവരുടെ ധനമോഹത്തിന്റെ ഇരകളാണ്. ഇവിടത്തെ 51 ജീവനക്കാരും മാനേജ്മെന്‍റും തമ്മില്‍ ലേബര്‍ കോര്‍ട്ടില്‍ ഇപ്പോഴും കേസ് നടന്നുകൊണ്ടിരിക്കുകയാണ്.

ജീവനക്കാരെ ഒരു വര്‍ഷം നിര്‍ത്തിയിട്ട് പിരിച്ചു വിടുക ഇവരുടെ സ്ഥിരം നടപടിയാണ്. എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ് വേണമെങ്കില്‍ 1000 രൂപ നല്‍കണം. ഇത്തരത്തില്‍ മാനേജ്മെന്റിന്റെ ചതിയില്‍ അകപ്പെട്ടവര്‍ ഏറെയാണ്. പലപ്പോഴും ഇതിനിരയാകുന്നത് നഴ്സുമാര്‍ ആണ്.

1995 മുതല്‍ ഇവിടെ ജോലിയെടുക്കുന്നവര്‍ക്ക് ലഭിക്കുന്നത് വളരെ തുച്ഛമായ ശമ്പളമാണ്. മറ്റ് ആനുകൂല്യങ്ങളും മാനെജ്മെന്റ് നല്‍കുന്നില്ല. ഇടയ്ക്ക് കോടതിയില്‍ വാദം നടന്ന സമയം ഇവര്‍ നിരത്തുന്ന ന്യായങ്ങള്‍ യുക്തിക്ക് നിരക്കാത്തതാണ് എന്ന് പറയാതെ വയ്യ എന്നാണ് ഒരു ജീവനക്കാരന്‍ അഭിപ്രായപ്പെടുന്നത്.ഇതൊരു മെഡിക്കല്‍ കോളേജ് ആണ്. വിദ്യാര്‍ത്ഥികള്‍ക്ക് പഠിക്കാന്‍ കുറച്ചു രോഗികള്‍ ഉണ്ടെന്നല്ലാതെ ഇവിടെ കാര്യമായ ചികിത്സകള്‍ നടക്കുന്നില്ല എന്നു പറഞ്ഞ മാനേജ്മെന്‍റ് അടുത്ത തവണ ഇതൊരു ക്ലിനിക് മാത്രമാണ് എന്ന് മാറ്റിപ്പറയുകയും ചെയ്തു. 2003ന് മുന്‍പ് ഒരു സമരം ഇവിടെ നടന്നിരുന്നു. അന്ന് ലേബര്‍ ഓഫീസ് ഇടപെടുകയും താല്‍ക്കാലിക ജീവനക്കാരെ സ്ഥിരമാക്കാം എന്നും നിലവിലുള്ള ജീവനക്കാര്‍ക്ക് മിനിമം വേജസ് ആക്റ്റ് പ്രകാരം ഉള്ള ശമ്പളം നല്‍കാം എന്നും എഗ്രിമെന്‍റ് ഒപ്പിടുകയും ചെയ്തിരുന്നു. അതും വെറും പേപ്പര്‍ മാത്രമായി മാറി.ഒരിക്കല്‍ ക്ലീനിംഗ് ജീവനക്കാര്‍ ശമ്പള വര്‍ദ്ധനവിനായി സമരം ചെയ്തിരുന്നു. അപ്പോള്‍ മാനെജ്മെന്റ് പ്രതിനിധികള്‍ മാലിന്യങ്ങള്‍ കൊണ്ടുവന്നു വാര്‍ഡുകളില്‍ ഇടുകയും ഡ്യൂട്ടി തടസ്സപ്പെടുത്തുന്നു എന്ന പേരില്‍ അവര്‍ക്കെതിരെ കേസ് എടുക്കുകയും ചെയ്തു’- മെഡിക്കല്‍ കോളേജിലെ ഒരു സുപ്രധാന വിഭാഗത്തിലെ ജീവനക്കാരന്‍ വെളിപ്പെടുത്തി.


കാരക്കോണത്തെ വിദ്യാര്‍ഥികള്‍ക്ക് പിന്തുണയുമായി മുന്‍നിരയില്‍ ഉണ്ടായിരുന്ന ഡോ. ജിനേഷിന് ഇക്കാര്യത്തില്‍ പറയാനുള്ളത് ഇതാണ്.

‘കാരക്കോണം മെഡിക്കല്‍ കോളേജ് കണ്ടതുപോലെ പ്രകടമായ പ്രതിഷേധം അഞ്ചരക്കണ്ടിയിലും മറ്റിടങ്ങളിലും ഉണ്ടാവണം, അങ്ങനെ നടന്നില്ലെങ്കില്‍ പണം മാത്രമാണ് വലുത് എന്ന ചിന്തയുള്ള മാനേജ്മെന്‍റ്റുകളെപ്പോലെ സമാനമായ വിശ്വാസം അടിയുറച്ചു പോയ ഒരു കൂട്ടം ഡോക്ടര്‍മാര്‍ ആവും പുറത്തുവരിക. ഇച്ഛാശക്തിയുള്ള ഒരു സർക്കാരിന്റെ ഇടപെടലാണ് ഇവിടെ ആവശ്യം’

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories