TopTop
Begin typing your search above and press return to search.

കണ്ണൂരിന്റെ കാര്യം അബ്ദുള്ളക്കുട്ടിയും പികെ രാഗേഷും തീരുമാനിക്കും

കണ്ണൂരിന്റെ കാര്യം അബ്ദുള്ളക്കുട്ടിയും പികെ രാഗേഷും തീരുമാനിക്കും

കെ എ ആന്റണി

കണ്ണൂര്‍ ജില്ലയിലെ ഉറച്ച യുഡിഎഫ് മണ്ഡലങ്ങളിലൊന്നാണ് കണ്ണൂര്‍ കോര്‍പറേഷന്‍ കൂടി ഉള്‍പ്പെടുന്ന കണ്ണൂര്‍ നിയമസഭ മണ്ഡലം. രണ്ട് തവണ ഒഴിച്ച് എല്ലാ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസിനേയും യുഡിഎഫിനേയും ജയിപ്പിച്ച ചരിത്രമേ കണ്ണൂര്‍ മണ്ഡലത്തിനുള്ളൂ. ഇതില്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ജയിച്ചത് 1957-ല്‍ മാത്രം.കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സി കണ്ണനായിരുന്നു ആ തെരഞ്ഞെടുപ്പില്‍ വിജയിച്ചത്. പിന്നീട് 1977-ല്‍ സിപിഐ-എം പിന്തുണയോടെ ഭാരതീയ ലോക് ദള്‍ സ്ഥാനാര്‍ത്ഥിയായി മത്സരിച്ച പി ഭാസ്‌കരനും വിജയം കണ്ടു.

പ്രഥമ കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ എല്‍ഡിഎഫും യുഡിഎഫും ഒപ്പത്തിനൊപ്പം വന്നുവെന്നത് മാത്രമാണ് ഇടതുമുന്നണിക്ക് ഈ മണ്ഡലം നല്‍കുന്ന ഏക പ്രതീക്ഷ. കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ പക്ഷേ, എല്‍ഡിഎഫിനെ തുണച്ചത് കോണ്‍ഗ്രസിലെ വിമത പ്രശ്‌നമായിരുന്നു. 2011-ലെ നിയമസഭ തെരഞ്ഞെടുപ്പിലും യുഡിഎഫ് വോട്ടില്‍ നേരിയ കുറവുണ്ടായി എന്നത് എല്‍ഡിഎഫിന് ആവേശം പകരുന്നു.

സിറ്റിങ് എംഎല്‍എ എപി അബ്ദുള്ളക്കുട്ടിയെ തലശേരിയിലേക്ക് മാറ്റിയ കോണ്‍ഗ്രസ് ഇത്തവണ കളത്തിലിറക്കിയിരിക്കുന്നത് കെ പി സി സി ജനറല്‍ സെക്രട്ടറി സതീശന്‍ പാച്ചേനിയേയാണ്. കോണ്‍ഗ്രസ് എസ് സംസ്ഥാന പ്രസിഡന്റും മുന്‍ മന്ത്രിയുമായ കടന്നപ്പള്ളി രാമചന്ദ്രനാണ് ഇടതു സ്ഥാനാര്‍ത്ഥി. ബിജെപിയിലെ കെ ഗിരീഷ് ബാബു ഇവിടെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നുണ്ട്. ബിജെപിക്ക് കാര്യമായ വേരോട്ടമില്ലാത്ത ഈ മണ്ഡലത്തില്‍ പതിവു പോലെ പ്രധാനമത്സരം യുഡിഎഫും എല്‍ഡിഎഫും തമ്മിലാണ്.

സതീശന്‍ പാച്ചേനിയും കടന്നപ്പള്ളി രാമന്ദ്രനും നേര്‍ക്കുനേര്‍ വരുമ്പോള്‍ ഒരര്‍ത്ഥത്തില്‍ കണ്ണൂര്‍ നിയമസഭ മണ്ഡലത്തിലേത് രണ്ട് ഗാന്ധിയന്‍മാര്‍ തമ്മിലെ മത്സരമാണ്. സൗമ്യതയും ജനസ്വീകാര്യതയുമാണ് ഇരു സ്ഥാനാര്‍ത്ഥികളുടേയും മുഖമുദ്രയെന്നതും ശ്രദ്ധേയമാണ്.

26-ാം വയസ്സില്‍ കാസര്‍ഗോഡ് ലോക്‌സഭ മണ്ഡലത്തില്‍ സാക്ഷാല്‍ ഇകെ നായനാരെ മലര്‍ത്തിയടിച്ച ആളാണ് കടന്നപ്പള്ളിയെങ്കില്‍ 2001-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ വി എസ് അച്യുതാനന്ദനെ മലമ്പുഴ മണ്ഡലത്തില്‍ വെള്ളംകുടിപ്പിച്ചയാളാണ് പാച്ചേനി. കടന്നപള്ളിക്ക് അവകാശപ്പെടാന്‍ വിജയങ്ങളേറെയുണ്ട്; എന്നാല്‍ മത്സരിച്ച മൂന്നു തവണയും തോല്‍ക്കാനായിരുന്നു പാച്ചേനിയുടെ വിധി. ഇത് തിരുത്തുക എന്ന ലക്ഷ്യവുമായാണ് പാച്ചേനി ഇക്കുറി മത്സരിക്കാന്‍ ഇറങ്ങിയിട്ടുള്ളത്.

അബ്ദുള്ളക്കുട്ടിയെ മാറ്റിയതിനെതിരെ മുസ്ലിംലീഗ് കോട്ടയായ കണ്ണൂര്‍ സിറ്റിയില്‍ തുടക്കത്തിലുണ്ടായ മുറുമുറുപ്പുകള്‍ ശമിച്ചു തുടങ്ങിയെന്നത് സതീശന്‍ പാച്ചേനിക്ക് കരുത്തു പകരുമ്പോള്‍ 2011-ലെ നിയമസഭ തെരഞ്ഞെടുപ്പില്‍ അബ്ദുള്ളക്കുട്ടിയോട് തോറ്റെങ്കിലും ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ കഴിഞ്ഞുവെന്നത് കടന്നപ്പള്ളിക്ക് പ്രതീക്ഷ നല്‍കുന്നു. ഇരുസ്ഥാനാര്‍ത്ഥികളും തങ്ങളുടെ വിജയ പ്രതീക്ഷകള്‍ അഴിമുഖവുമായി പങ്കുവയ്ക്കുന്നു.

അബ്ദുള്ളക്കുട്ടി ഇഫക്ടില്ല, വിജയം സുനിശ്ചിതം: പാച്ചേനി
കെ എ ആന്റണി: അബ്ദുള്ളക്കുട്ടിയെ തലശേരിയിലേക്ക് മാറ്റിയതില്‍ പ്രതിഷേധിച്ച് താങ്കള്‍ക്കും കെ സുധാകരനും എതിരെ മണ്ഡലത്തില്‍ ഫ്ളക്‌സ് ബോര്‍ഡുകള്‍ ഉയര്‍ന്നിരുന്നു.

സതീശന്‍ പാച്ചേനി: തുടക്കത്തില്‍ ചില്ലറ മുറുമുറുപ്പുകള്‍ ഉണ്ടായിരുന്നുവെന്നത് ശരിയാണ്. അതൊക്കെ സ്വാഭാവികമല്ലേ. പ്രതിഷേധക്കാര്‍ വിരലിലെണ്ണാവുന്നവരായിരുന്നു. സത്യത്തില്‍ മറ്റു പ്രവര്‍ത്തകരുടെ ആവേശം വര്‍ദ്ധിപ്പിക്കാന്‍ അത് സഹായകരമായി. ഇപ്പോള്‍ എല്ലാവരും കൈമെയ് മറന്ന് വിജയത്തിനായി രംഗത്തുണ്ട്.

കെ എ ആന്റണി: കോണ്‍ഗ്രസ് വിമതന്‍ പികെ രാഗേഷ് ഇവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ടല്ലോ.

പാച്ചേനി: രാഗേഷിന് ഈ മണ്ഡലത്തില്‍ സ്വാധീനമൊന്നുമില്ല. അയാളുടെ അനുയായികള്‍ കൂടുതലുള്ളത് അഴീക്കോട് മണ്ഡലത്തില്‍പ്പെടുന്ന പ്രദേശങ്ങളിലാണ്.

കെ എ ആന്റണി: എന്നിട്ടും കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് പ്രഹരമേല്‍പ്പിക്കാന്‍ രാഗേഷിന് കഴിഞ്ഞല്ലോ.

പാച്ചേനി: ശരിയാണ്. പക്ഷേ, ആ സ്ഥിതി നിലവിലില്ല. രാഗേഷ് കോര്‍പ്പറേഷന്‍ കൗണ്‍സിലര്‍ സ്ഥാനം ആഗ്രഹിച്ചിരുന്നു. അയാള്‍ അതിന് അര്‍ഹനുമായിരുന്നു. വിമതനായാണെങ്കിലും രാഗേഷ് വിജയിച്ചതോടെ ആ പ്രശ്‌നം അവസാനിച്ചു.

കെ എ ആന്റണി: വോട്ടര്‍മാരുടെ പ്രതികരണം എങ്ങനെയാണ്?

പാച്ചേനി: വളരെ നല്ല പ്രതികരണമാണ്. ഇതൊരു ഉറച്ച യുഡിഎഫ് മണ്ഡലമാണ്. ഇവിടെ വിജയം സുനിശ്ചിതമാണ്. അക്കാര്യത്തില്‍ എനിക്ക് നൂറ്റൊന്നു ശതമാനം ഉറപ്പുണ്ട്.

ജനം മാറ്റം കാംഷിക്കുന്നു: കടന്നപ്പള്ളി
കെ എ ആന്റണി: താങ്കള്‍ രണ്ടാം തവണയാണ് ഈ മണ്ഡലത്തില്‍ മത്സരിക്കുന്നത്. എന്തു തോന്നുന്നു?

കടന്നപ്പള്ളി രാമചന്ദ്രന്‍: ജനങ്ങള്‍ ഒരു മാറ്റം ആഗ്രഹിക്കുന്നുണ്ട്. അബ്ദുള്ളക്കുട്ടിയെ മാറ്റേണ്ടി വന്ന സാഹചര്യം അറിയാമല്ലോ. യുഡിഎഫ് അത്രമേല്‍ ചീഞ്ഞു നാറിയിരിക്കുന്നു. യുഡിഎഫിനെ പിന്തുണയ്ക്കാന്‍ ജനം ഇനിയും തയ്യാറാകുമെന്ന് തോന്നുന്നില്ല.

കെ എ ആന്റണി: പക്ഷേ, കഴിഞ്ഞ തവണ താങ്കള്‍ പരാജയപ്പെട്ടിരുന്നു?

കടന്നപ്പള്ളി: അത്തവണ വോട്ടര്‍മാര്‍ക്കിടയില്‍ യുഡിഎഫ് അനുകൂല വികാരമുണ്ടായിരുന്നു. എന്നിട്ടും അബ്ദുള്ളക്കുട്ടിയുടെ ഭൂരിപക്ഷം ഗണ്യമായി കുറയ്ക്കാന്‍ എനിക്കു കഴിഞ്ഞു.

കെ എ ആന്റണി: അപ്പോള്‍ ഇത്തവണ യുഡിഎഫ് അനുകൂല വികാരം ഇല്ലെന്നാണോ?

കടന്നപ്പള്ളി: ഇത്തവണ അങ്ങനെയൊന്ന് ഇല്ലേയില്ല. അഴിമതിയില്‍ കുളിച്ചു നില്‍ക്കുന്ന ഈ സര്‍ക്കാര്‍ മാറുക തന്നെവേണമെന്നാണ് ജനങ്ങള്‍ ആഗ്രഹിക്കുന്നത്. ഈ ദുര്‍ഭരണം അവര്‍ക്കു മടുത്തു കഴിഞ്ഞു. ഞാന്‍ ഇതിനകം ഒട്ടേറെ കുടുംബ യോഗങ്ങളില്‍ പങ്കെടുത്തുകഴിഞ്ഞു. പല വീടുകളും സ്ഥാപനങ്ങളും കയറിയിറങ്ങി മണ്ഡലത്തിലെ പൗര പ്രമുഖരേയും കണ്ടു. എല്ലാവര്‍ക്കും ഒരേ മനസ്സാണ്. അവര്‍ ഒരു മാറ്റം ആഗ്രഹിക്കുന്നു. അവര്‍ നല്‍കുന്ന ആത്മവിശ്വാസമാണ് ഇത്തവണ എന്റെ കരുത്ത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories