TopTop
Begin typing your search above and press return to search.

കുരുതി നിര്‍ത്തു, കണ്ണൂരിലെ മനുഷ്യര്‍ക്കും ജീവിക്കണം

കുരുതി നിര്‍ത്തു, കണ്ണൂരിലെ മനുഷ്യര്‍ക്കും ജീവിക്കണം

കെ.എ ആന്റണി

ഒരു മണിക്കൂറിനിടയില്‍ കണ്ണൂരിലെ പയ്യന്നൂര്‍ മേഖലയില്‍ രണ്ടു വ്യത്യസ്ത ഇടങ്ങളില്‍ നടന്ന രണ്ടു കൊലപാതകങ്ങള്‍ ജില്ല വീണ്ടും കുരുതിക്കളമായി മാറുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. കൊലയാളി സംഘങ്ങള്‍ വേട്ടപ്പട്ടികളെപോലെ പാഞ്ഞു നടക്കുകയും കൊലക്കത്തികള്‍ മനുഷ്യശരീരങ്ങളെ ലക്ഷ്യമിട്ട് അവിരാമം ഉയര്‍ന്നു താഴുകയും ചെയ്തിരുന്ന ആ പഴയകാലത്തിലേക്ക് കണ്ണൂര്‍ തിരിച്ചുപോകുന്നുവെന്ന കൃത്യമായ സൂചനയായി തന്നെ വേണം ഇന്നലെ പയ്യന്നൂര്‍ മേഖലയില്‍ നടന്ന കൊലപാതകങ്ങളെ വായിച്ചെടുക്കാന്‍.


പയ്യന്നൂര്‍ രാമന്തളിക്കടുത്ത കുന്നരു കാരന്തോടും പയ്യന്നൂരിലെ അന്നൂരിലും ഒരു മണിക്കൂറിനിടയില്‍ നടന്ന കൊലപാതകങ്ങള്‍ നല്‍കുന്ന സൂചന അശാന്തിയുടെ ദിനങ്ങള്‍ ബാക്കിനില്‍ക്കുന്നു എന്നു തന്നെയാണ്. ആദ്യം കൊലചെയ്യപ്പെട്ടത് സിപിഎം പ്രവര്‍ത്തകന്‍ ധനരാജ്, രണ്ടാമത്തെ ഇര ബിഎംഎസ് പ്രവര്‍ത്തകന്‍ രാമചന്ദ്രന്‍. രണ്ടു കൊലപാതകങ്ങളും തമ്മിലുള്ള സമയദൂരദൈര്‍ഘ്യം പാനൂര്‍, തലശേരി, കൂത്തുപറമ്പ് മേഖലകളിലെ ഉരുളയ്ക്ക് ഉപ്പേരി ലൈനിലുള്ള കൊലപാതകങ്ങളെ സാക്ഷ്യപ്പെടുത്തുന്നു. പയ്യന്നൂരില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നേരത്തേയും നടന്നിട്ടുണ്ടെങ്കിലും ഇമ്മട്ടിലുള്ള സംഭവങ്ങള്‍ ഉണ്ടായിട്ടില്ല. അതുകൊണ്ടു തന്നെ കുപ്രസിദ്ധമായ പാനൂര്‍-കൂത്തുപറമ്പ്-തലശേരി ലൈന്‍ പയ്യന്നൂരിലേക്കും വ്യാപിച്ചു എന്നു തന്നെവേണം കാണാന്‍.

കണ്ണൂര്‍ ജില്ലയിലെ സംഘര്‍ഷസാധ്യതയുള്ള മേഖലകളിലെ സമഗ്രവിവരങ്ങള്‍ ശേഖരിക്കാനുള്ള ദ്രുതകര്‍മസേനയുടെ നടപടികള്‍ ആരംഭിച്ച ദിവസം തന്നെയാണ് ഈ രണ്ടുകൊലപാതകങ്ങളും അരങ്ങേറിയത് എന്നതും ഏറെ ശ്രദ്ധേയമാണ്. ആരൊക്കെയോ സമാധാനം കാംക്ഷിക്കുന്നില്ല എന്ന സന്ദേശം തന്നെയാണ് ഈ കൊലപാതകങ്ങള്‍ നല്‍കുന്നത്.

ഓരോരുത്തര്‍ക്കും വിശ്വസിക്കാന്‍ ഓരോരോ കാരണങ്ങള്‍ എന്നു പറഞ്ഞതുപോലെയാണ് സംഘര്‍ഷത്തില്‍ ഇരുഭാഗങ്ങളിലായി നിലകൊള്ളുന്ന രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കന്മാര്‍ നിരത്തുന്ന വിശദീകരണങ്ങള്‍. സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടറി പി ജയരാജനും ബിജെപി നേതാവ് എം ടി രമേശും ഉയര്‍ത്തുന്ന വാദങ്ങളില്‍ നിന്നും ഇതു വ്യക്തവുമാണ്. ജയരാജന്റെ വാദം അനുസരിച്ച് ആര്‍എസ്എസ് കേരളത്തില്‍ ലക്ഷ്യമിട്ടിട്ടുള്ള ഏകജില്ലയാണ് കണ്ണൂര്‍. കേട്ടുതഴമ്പിച്ച വാദമാണിത്. എങ്കിലും നരേന്ദ്ര മോദി ഭരണത്തിന്‍ കീഴില്‍ അമിത് ഷാ കാട്ടിക്കൂട്ടുന്ന കുതന്ത്രങ്ങളെയും കാണാതിരുന്നുകൂടാ. സിപിഎമ്മിന്റെ കേരളത്തിലെ കേന്ദ്ര കമ്മിറ്റി കണ്ണൂരിലാകയാല്‍ അതിനെ തകര്‍ക്കുക എന്ന ജയരാജന്റെ വാദത്തെ കമ്യൂണിസ്റ്റ് പാര്‍ട്ടി പിറവികൊണ്ട ഗ്രാമം കണ്ണൂര്‍ പിണറായിയിലെ പാറപ്പുറത്ത് ആണെന്നതു കൂട്ടിവായിക്കുക. കണ്ണൂരില്‍ തന്നെയാണ് ആദ്യമായി സിപിഎം-ആര്‍എസ്എസ് സംഘട്ടനം രൂപപ്പെട്ടത്. പൈതൃകമായി കിട്ടിയ ഒരു തര്‍ക്കംപോലെ ബന്ധുക്കളായി വഴിപിരിഞ്ഞവര്‍ തുടങ്ങിവച്ച ചോരക്കളിയുടെ ഏറ്റവും ഒടുവിലത്തെ ദൃഷ്ടാന്തമാണ് ഇന്നലെ പയ്യന്നൂര്‍ മേഖലയില്‍ നടന്ന രണ്ടു കൊലപാതകങ്ങള്‍.ശരി തെറ്റുകള്‍ എന്തു തന്നെ ആയിക്കൊള്ളട്ടെ, ഇക്കുറി തുടങ്ങിവച്ചത് ആര്‍എസ്എസ് തന്നെയാണെന്നു വേണം കരുതാന്‍. ബിജെപി നേതാവ് കെ സുരേന്ദ്രന്‍ അടക്കമുള്ളവര്‍ കൊല്ലപ്പെട്ട ധനരാജിന്റെ പേര് ചാനല്‍ ചര്‍ച്ചകളില്‍ പോലും ഉന്നയിച്ചു എന്ന വാദമാണ് സിപിഎം ജില്ല സെക്രട്ടറി മുന്നോട്ടുവയ്ക്കുന്നത്. ഇതിനെതിരെ ബിജെപി നേതാവ് എം ടി രമേശ് ഉന്നയിക്കുന്ന വാദങ്ങളും തികച്ചും ബാലിശമാണ്. സിപിഎമ്മുകാരന്‍ കൊല്ലപ്പെട്ടത് ഭരിക്കുന്ന സിപിഎമ്മിന്റെ പൊലീസ് അന്വേഷിക്കട്ടെ, തങ്ങള്‍ തികച്ചും വിശുദ്ധരാണ് എന്ന നിലപാടാണ് രമേശിന്റെത്. രമേശിന് മുകളിലുള്ള നേതാക്കളും ഇതേ നിലപാടില്‍ തന്നെ ആകുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല.

ആര് ആരെ ഭരിക്കുന്നു, ആര് ഭരണത്തില്‍ ഇരിക്കുന്നു എന്നതല്ല ഇവിടുത്തെ പ്രശ്‌നം. കണ്ണൂരിലെ എന്നല്ല, കണ്ണൂരിനു വെളിയിലുള്ള ജനങ്ങളും കാംക്ഷിക്കുന്നത് സമാധാനമാണ്. ഇതിനു വിരുദ്ധമായി പെരുമാറുന്നവര്‍ ആരു തന്നെയായാലും അവര്‍ സമാധാനത്തിനുമേല്‍ അഗ്നിമഴ പെയ്യിക്കുന്നവരാണ്.

മുഖ്യമന്ത്രി എന്ന നിലയില്‍ സഖാവ് പിണറായി വിജയന് ചെയ്യാന്‍ കഴിയുന്ന ഒട്ടേറെ കാര്യങ്ങളുണ്ടാകാം. അതില്‍ പലതും അദ്ദേഹം വൃത്തിയും വെടിപ്പുമായി ചെയ്യുന്നുണ്ടെന്നാണ് അധികാരത്തിലേറിയതു മുതല്‍ കാണുന്ന തീരുമാനങ്ങളില്‍ പലതും. കേവലം വികസന അജണ്ടകള്‍ക്കിപ്പുറം സമാധാനത്തിന്റെ പാതതേടാനും മുഖ്യമന്ത്രിക്കു കഴിയും. മാമന്‍ വാസുവിനെ വധിച്ചവര്‍ക്കെതിരെ പ്രത്യാക്രമണം നടത്തണമെന്ന് മുറവിളി കൂട്ടിയ ഒരു സംഘം പാര്‍ട്ടി പ്രവര്‍ത്തകരെ പിന്തിരിപ്പിക്കാന്‍ കഴിഞ്ഞ പിണറായി വിജയന് തന്നെ കണ്ണൂരിലും ശാശ്വതസമാധാനം കൊണ്ടുവരാന്‍ സാധ്യമാകൂം. ചര്‍ച്ചകള്‍ മേലെ തട്ടില്‍ തുടരട്ടെ. പ്രധാനമന്ത്രി മോദിയും സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനും മുഖാമുഖമൊന്ന് ഇരുന്ന് രാജ്യസുരക്ഷയെ കുറിച്ചും സംസ്ഥാനത്തെ സ്വൈര്യജീവിതത്തെ കുറിച്ചും ഒരിറ്റ് ആശയവിനിമയം നടത്തിയാല്‍ തീരാവുന്നതേയുള്ളൂ കണ്ണൂരിലെ പ്രശ്‌നവും. അമിത് ഷാ എന്നല്ല സംഘപരിവാറിലെ ഏത് പുംഗവന്‍മാരെയും സമാധാനത്തിനു വേണ്ടി ഒരു മൂലയ്ക്കിരുത്താന്‍ മോദിക്കു കഴിയണം. മുഖ്യമന്ത്രി എന്ന നിലയില്‍ സഖാവ് പിണറായി വിജയനില്‍ നിന്നും കേരള ജനത ആഗ്രഹിക്കുന്നത് താഴെക്കിടയിലുള്ള വൈര്യനിരാതനബുദ്ധിക്കാരായ പാര്‍ട്ടി നേതാക്കളെയും പ്രവര്‍ത്തകരെയും സമാധാനത്തിന്റെ പാതയില്‍ നിര്‍ത്തി, ചോരവീഴ്ത്തുന്ന കളി ഒഴിവാക്കി ഒരു സമാധാനസുന്ദര കേരളം സൃഷ്ടിക്കുക എന്നതാണ്.

(മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകനാണ് ലേഖകന്‍)


(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories