TopTop
Begin typing your search above and press return to search.

അലോസരപ്പെടുത്തും കന്യക ടാക്കീസിന്റെ ഈ ശീല്‍ക്കാരം

അലോസരപ്പെടുത്തും കന്യക ടാക്കീസിന്റെ ഈ ശീല്‍ക്കാരം

2013 ൽ ചിത്രീകരണം പൂര്‍ത്തിയാക്കിയ, 2014 ൽ നിരവധി അവാർഡുകൾ നേടിയ കെ ആര്‍ മനോജിന്റെ കന്യക ടാക്കീസ് ഒരു ഫെസ്റ്റിവല്‍ സിനിമ മാത്രമാകും എന്നുറപ്പിച്ച സമയത്താണ് തീയറ്ററുകളില്‍ എത്തിയത്. പി വി ഷാജി കുമാറിന്റെ 18+ എന്ന ചെറുകഥയുടെ ദൃശ്യാവിഷ്‌ക്കാരമാണ് ഈ ചിത്രം. പേര് സൂചിപ്പിക്കും പോലെ കന്യക ടാക്കീസ് പഴയ ഒരു തീയറ്ററിനെയും അതിനെ പലതരത്തില്‍ ആശ്രയിച്ചു പോന്ന കുറച്ചു ജീവിതങ്ങളുടെയും കഥയാണ്. മൂന്നു തരത്തിൽ മൂന്നു കാലങ്ങളിൽ ആ ടാക്കീസുമായി ബന്ധപ്പെട്ട ആളുകളാണ് സിനിമയെ മുന്നോട്ട് നയിക്കുന്നത്. മുരളി ഗോപിയുടെ മൈക്കിളച്ഛനും അലൻസിയർ ലേയുടെ യാക്കൂബും ലെനയുടെ ആൻസിയും ആണവർ.

തെക്കന്‍ കേരളത്തിലെ ഒരു മലയോര ഗ്രാമമായ കുയ്യാലിയിലാണ് കഥ നടക്കുന്നത്. അധികവും മസാല സിനിമകളും തിരുകി കേറ്റിയ ബിറ്റുകളും കളിച്ചിരുന്ന അവിടത്തെ കന്യക ടാക്കീസ് പൊളിച്ചു പള്ളിയാക്കുന്നു. അവിടെ വികാരിയായെത്തുന്ന മൈക്കിള്‍ അച്ചന്‍ തുടര്‍ച്ചയായി മുറുമുറുപ്പുകളും ശീല്‍ക്കാരങ്ങളും കേട്ട് അസ്വസ്ഥനാകുന്നു. കുമാരേട്ടാ എന്ന വിളി, പ്രണയ ഗാനങ്ങള്‍, എന്നെ വിടൂ എന്ന അലറിക്കരച്ചിലുകൾ, ആണും പെണ്ണും ഇണ ചേരുന്ന ശബ്ദങ്ങൾ...അയാള്‍ പാപബോധത്താല്‍ ഉഴറുന്നു. മറ്റാരും കേള്‍ക്കാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നതല്ല, ഒരു വൈദികന്‍ കേള്‍ക്കരുതാത്ത ശബ്ദങ്ങള്‍ കേള്‍ക്കുന്നു എന്നതാണ് അയാളെ വിഷമിപ്പിക്കുന്നത്. നല്ല അച്ചന്മാരും ചീത്ത അച്ചന്മാരും ഒരുപാടുള്ള മലയാള സിനിമയില്‍ മനുഷ്യനായ അച്ചനായി മൈക്കിള്‍ വേറിട്ട് നില്ക്കുന്നു.

മറ്റൊരു കഥ കന്യക ടാക്കീസ് മുതലാളി ആയിരുന്ന യാക്കൂബിന്റെതാണ്. തീയറ്ററില്‍ നീലച്ചിത്രങ്ങള്‍ ഓടികൊണ്ടിരിക്കുന്നതുകൊണ്ടാണ് തങ്ങളുടെ പെണ്മക്കള്‍ ഇഷ്ടപ്പെട്ടവരുടെ കൂടെ ജീവിക്കാന്‍ പോയതെന്ന് ഉറച്ചു വിശ്വസിക്കുന്ന യാക്കൂബിന്റെ ഭാര്യ ആത്മഹത്യ ചെയ്യുന്നു. ഈ ദുരന്തത്തിന്റെ ഭാരവും തീയറ്ററിന്റെ നഷ്ടവും താങ്ങാന്‍ വയ്യാതെ യാക്കൂബ് തീയറ്റര്‍ പള്ളിക്ക് എഴുതി നല്‍കുന്നു. അനാഥനായി, ചെറുകിട സിനിമാ വിതരണക്കാരനായി അയാള്‍ ജീവിതം തള്ളി നീക്കുന്നു.മൂന്നാമത്തെ കഥാപാത്രം ആന്‍സി ആണ്. തളര്‍ന്നവശനായ ഗുസ്തിക്കാരന്റെ മകളാണ് ആന്‍സി. നിത്യവൃത്തിക്കായി സിനിമയില്‍ എത്തുന്ന ഇവള്‍ മറ്റനേകം സ്ത്രീകളെയും പെണ്‍കുട്ടികളെയും പോലെ ചതിക്കപ്പെടുന്നു. പഴയ നീലച്ചിത്രങ്ങളില്‍ ശരീരമായും പിന്നീട് വന്ന പോണ്‍ വീഡിയോ ക്‌ളിപ്പുകളില്‍ മുഖം കൂടി ഉള്ളവളായും വന്ന ആന്‍സിയുടെ പുണ്യപാപങ്ങളുടെ കണക്കെടുക്കുന്നത് നാട്ടുകാരാണ്. പണ്ട് കന്യക ടാക്കീസില്‍ ശരീരം കണ്ടു കാമിച്ചവരുടെ പിന്മുറക്കാര്‍ അവളുടെ വീഡിയോ കണ്ട് ചേച്ചീ സഹിക്കുന്നില്ല എന്ന് വീട്ടിനു മുന്നില്‍ ചെന്ന് ആക്രോശിക്കുന്നു. തന്നെ അവര്‍ കൊല്ലാതെ വിട്ടതിന് ദൈവത്തോട് നന്ദി പറഞ്ഞ ആന്‍സി ആ നാട്ടില്‍ നിന്നും സിനിമയില്‍ നിന്ന് തന്നെയും അപ്രത്യക്ഷയാകുന്നു. തിരച്ചറിവുകളുടെ വലിയ ഭാരങ്ങളെയും ആൻസി പ്രേക്ഷകർക്ക്‌ തരുന്നുണ്ട്. തന്റെ ജീവിതത്തിനു യാതൊരു വിലയുമില്ലെന്നും താനൊന്നും ജീവിക്കണമെന്ന് ആരും ആഗ്രഹിക്കുന്നില്ലെന്നും അറിയുന്ന ആൻസി കുറെ സ്ത്രീകളുടെ പ്രതിനിധിയാകുന്നു.

കന്യക ടാക്കീസ് എന്തുകൊണ്ട് ടാക്കീസില്‍ പോയി കാണണം?ഈ മൂന്നു പേരെ വേണ്ട ഇടങ്ങളിൽ കൂട്ടിമുട്ടിക്കുകയും അല്ലാത്തിടത്ത് ഒറ്റയ്ക്ക് നടത്തുകയും ചെയ്യുന്നുണ്ട് സംവിധായകൻ. അനുഭവങ്ങളിൽ ഒറ്റയ്ക്കാവുമ്പോൾ തന്നെ സവിശേഷമായ ഒരു പങ്കുവെക്കൽ ഇവർക്കിടയിൽ ഉണ്ടാവുന്നുണ്ട്. പിന്നീടു കൂട്ടി യോജിപ്പിക്കാൻ വേണ്ടി മൂന്നു പ്ലോട്ടുകൾ ഉണ്ടാക്കുകയല്ല കെ ആർ മനോജ്‌ ചെയ്യുന്നത്. കന്യക ടാക്കീസ് എന്ന കേന്ദ്ര ബിന്ദുവിലേക്ക് സ്വാഭാവികമായി ഇവരെ കൂട്ടിചേർക്കുകയാണ്.

തീയറ്ററുകൾ ഒരു നാടിനെ എങ്ങനെ അടയാളപ്പെടുത്തുന്നു എന്ന് പറയുമ്പോഴും കന്യക ടാക്കീസ് പഴയ ഒരു തീയറ്ററിനെ പറ്റിയുള്ള കേവല ഗൃഹാതുരതകള്‍ അല്ല. പഴയ റീലുകള്‍ പൊള്ളുന്ന യാഥാര്‍ഥ്യമാണ് സിനിമയില്‍. നമ്മുടെ മാറിയ കാഴ്ചശീലത്തെക്കാള്‍ മാറാത്ത പൊതുബോധത്തെ കുറിച്ചാണ് സിനിമ സംസാരിക്കുന്നത്. എളുപ്പം കൈമാറാവുന്ന വീഡിയോ ക്ലിപ്പുകള്‍ ആയി പരിണമിച്ച പോണ്‍ സിനിമാ വ്യവസായം പിടിച്ചു നില്‍ക്കുന്നുണ്ടെങ്കിലും ഡിജിറ്റല്‍ സിനിമാ കാലത്ത് യാക്കൂബിനെ പോലൊരു പാവം പിടിച്ച ടാക്കീസ് മുതലാളിക്ക് പിടിച്ചു നില്ക്കുക എളുപ്പമല്ല.പുണ്യ പാപങ്ങളെ കുറിച്ചും മനുഷ്യരില്‍ അതുണ്ടാക്കുന്ന വിവിധ തരം ഭാരങ്ങളെ കുറിച്ചും വ്യക്തമായ കാഴ്ചപ്പാട് പുലര്‍ത്തുന്നുണ്ട് കന്യക ടാക്കീസ്. കന്യക ടാക്കീസിലെ സിനിമ ഓടുന്ന ഷോ റീലുകള്‍ അല്ല. അത് കാണുന്ന മനുഷ്യരാണ്. അത്ര 'നല്ലതല്ല' അവര്‍ തരുന്ന അനുഭവങ്ങള്‍. ഒന്നോ രണ്ടോ സീനിൽ വരുന്ന ജാരൻ സഖാവും യാക്കൂബിനോടും ആൻസിയോടും കുശലമന്വേഷിക്കുന്ന ബസ്‌ യാത്രക്കാരനുമെല്ലാം അതുകൊണ്ടുതന്നെ സിനിമയുടെ കൃത്യമായ പ്രതിനിധികൾ ആണ്. നീലച്ചിത്ര സമൃദ്ധിയിൽ അഭയ കേന്ദ്രമായിരുന്ന യാക്കൂബിന്റെ തീയറ്ററും ആൻസി യുടെ ശരീരവും പകൽ വെട്ടത്തിൽ പാപങ്ങൾ ആകുന്ന ഇരട്ടത്താപ്പിനെ, വളരെ സുന്ദരമായി തന്നെ പൊളിച്ചിടുന്നുണ്ട് സിനിമ. തീയറ്റർ പൊളിച്ചു മാറ്റി പള്ളി ഉണ്ടാക്കിയപ്പോൾ അല്ല, പൂട്ടിയിട്ട പഴയ കാഴ്ചകൾ കണ്‍നിറയെ കാണുമ്പോൾ ആണ് മൈക്കിൾ അച്ചനും യാക്കൂബും എല്ലാം വിശുദ്ധരാകുന്നത്. അവിടെയുള്ള പോണ്‍ നായികമാരുടെ ചിത്രങ്ങള്‍, കെട്ട് പിണഞ്ഞു കിടക്കുന്ന ഫിലിമുകള്‍,.. ആ മുറി ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് അച്ചനെയും പ്രേക്ഷകരെയും എത്തിക്കുന്നു.

കന്യക ടാക്കീസ് തരുന്ന ഏറ്റവും നല്ല അനുഭവം ശബ്ദമിശ്രണത്തിന്റെതാണ്. സിങ്ക് സൌണ്ടിനെ ഇത്ര മനോഹരമായി ഉപയോഗിച്ച മലയാള സിനിമ ഉണ്ടായിട്ടില്ലെന്നു തന്നെ പറയാം. മൈക്കിളച്ചന്‍ കേള്‍ക്കുന്ന ഓരോ മുറുമുറുപ്പും അതേ തീവ്രതയോടെ നമുക്ക് അനുഭവപ്പെടുന്നുണ്ട്. ഹരികുമാര്‍ മാധവന്‍ നായരും രാജീവന്‍ അയ്യപ്പനും സിനിമക്ക് ജീവന്‍ നല്‍കുന്നതില്‍ വഹിച്ച പങ്ക് വലുതാണ്. സൂക്ഷ്മാഭിനയത്തിന്റെ സാധ്യതകളെ മനോഹരമായി ഉപയോഗിച്ച മുരളി ഗോപിയും ഓരോ നോട്ടത്തിലും ആന്‍സി ആയി മാറിയ ലെനയും യാക്കൂബിന്റെ നിസ്സഹായതകളെ നന്നായി പ്രേക്ഷകരിലെക്കെത്തിച്ച അലന്‍സിയറും നല്ല തെരഞ്ഞെടുപ്പുകളാണ്. സുധീര്‍ കരമനയും ഇന്ദ്രന്‍സും മണിയന്‍പിള്ള രാജുവും എല്ലാം തങ്ങള്‍ക്കു കിട്ടിയ റോളുകള്‍ നന്നായി ചെയ്തു. അനിത തമ്പിയുടെ ഗാനരചന എന്‍ഡ് ക്രെഡിറ്റില്‍ പാതിയില്‍ നിര്‍ത്തിയ കവിത മാത്രമായി ഒതുങ്ങി.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories