TopTop

കന്യക ടാക്കീസ് തുറന്നിടുന്ന തുറസ്സിന്റെ നീതി

കന്യക ടാക്കീസ് തുറന്നിടുന്ന തുറസ്സിന്റെ നീതി

കാന്തന്‍

'മരണത്തെ കുറിച്ചൊരു ഐതിഹ്യ'ത്തിലെ കഥാപാത്രം പലപ്പോഴും ഷാജികുമാറായാണ് മുന്നിൽ പ്രത്യക്ഷപ്പെട്ടത്. അന്നു ഷാജിയേട്ടനെ നേരിട്ടറിവില്ല. പിന്നിലെ കവറിലെ മുഖമാണറിവ്. ഇത്ര ഉയരവും പ്രതീക്ഷിച്ചില്ല.

പിന്നീട് വായനയ്ക്ക് എഴുത്തുകാരനോടുള്ള വിധേയത്വം ഒഴിവായി. തന്റെ വീടിന് മുന്നിലെ റയിൽവെ ട്രാക്കിൽ നടക്കുന്ന അത്മഹത്യകളിൽ ആവേശംകൊണ്ട് അതൊരു ഡോഗ്മയായെടുത്ത് അതിനായി സ്വയം കുരുതി കൊടുക്കുവാൻ പോലും മടിക്കാത്ത മനുഷ്യൻ ഒരു ജീനിയസ്സായി തോന്നിയതും അപ്പോഴാണ്. മുണ്ടിന്റെ കാേന്തല കൊണ്ട് മുഖം ചീറ്റി തുടച്ച്, ' ഇതിനായിരുന്നെങ്കിൽ ഞാൻ വിടില്ലാരുന്നു അവരെ'യെന്നു പോലീസിനോട് കള്ളം പറയുന്നതും മരണത്തിൽ ആനന്ദിക്കുന്നതും ആ കഥാപാത്രത്തിന് ഒരു സീരിയൽ കില്ലറിന്റെ മനോഭാവമുണ്ടെന്നു തെളിയിക്കുന്നു. കൊലയിൽ നേരിട്ട് പങ്കാളിയാവുന്നില്ലെങ്കിലും സീരിയൽ കൊലപാതകികളുടെ ഗുണങ്ങളെല്ലാം അങ്ങിങ്ങായി കിടക്കുന്നുണ്ട്. നുണ പറച്ചിൽ, മരണത്തിൽ ആവേശം കൊള്ളൽ, മരണമില്ലെങ്കിലുള്ള അസ്വസ്ഥതകൾ, മരണങ്ങളിലെ പാറ്റേൺ (റയിൽവെ ട്രാക്കിൽ വച്ചുള്ള അത്മഹത്യകളാണ് ഇവിടത്തെ പാറ്റേൺ), അന്തർമുഖൻ (എല്ലാ സീരിയൽ കില്ലേർസും അന്തർമുഖരല്ലെങ്കിലും മിക്കവരിലും ഇതു പ്രകടമാണ് ). തുടരൻ കൊലകളുടെ മരണശൈലികളെല്ലാം തന്നെ കഥയിലുണ്ട്-മാസാമാസം കുറഞ്ഞത് ഒരു മരണമെങ്കിലും എന്ന കണക്കിൽ.

അങ്ങനെ ഒരിക്കൽ മാസാവസനാമായിട്ടും മരണമില്ലാതെ മരവിച്ചു കിടക്കുന്ന റയിൽവെ ട്രാക്കിലേക്ക് ഭാര്യ മരിച്ച ദുഃഖത്തിൽ ഒരാൾ എത്തുന്നു. കഥാപാത്രം അയാളെ സന്തോഷത്തോടെ തന്നെ സൽകരിക്കുന്നു . (മരണം കണാത്തപക്ഷം ഉറക്കം നഷ്ടപ്പെട്ടുന്ന വ്യക്തിക്ക് വരുന്നവൻ അതിഥിയാണ്, ദൈവമാണ്!.) അതിലൂടെ പൈശാചികമായൊരു ആനന്ദം അനുഭവിക്കുന്നുണ്ടയാൾ. പക്ഷേ തന്റെ പ്രതിക്ഷക്കളെ തകിടം മറിച്ചുകൊണ്ടു വന്നവൻ ജീവിതത്തിലേക്ക് തിരിച്ചു നടക്കുമ്പോൾ അയാൾ മരണത്തെ തന്നിലേക്ക് സന്നിവേശിച്ച് റയിൽപാളത്തിലേക്ക്‌ നടക്കുന്നു. അയാളെ അത്മഹത്യയിലേക്ക്(?) നയിച്ചത് എന്തായിരുന്നു? പാപബോധമോ അതോ മേപ്പടി പറഞ്ഞ പോലെ തുടർച്ചയുടെ അനിവാര്യതയോ ? (se7en എന്ന സിനിമയിൽ തുടർച്ചയുടെ അനിവാര്യതക്കായി സ്വയം മരണപ്പെടുന്ന കില്ലറിനെ ഓർക്കുക).
കന്യക ടാക്കിസിന്റെ അവസാന ഷോട്ടിലെ നീണ്ട തുറസ്സു കാണുമ്പോൾ ബാക്കിയാവുന്നത് ഇത്തരം ചോദ്യങ്ങളാണ്. പാപബോധമോ , ലൈംഗികബോധ്യമോ ഇതിനെക്കാൾ വിശാലമായ മറ്റെന്തങ്കിലുമോ? മേതിൽ വിശേഷിപ്പിച്ചത് പോലെ 'കൊല്ലുന്ന തുറസ്സാണ്' അവിടം. പ്രത്യയശാസ്ത്രത്തിന്റെ പാറക്കെട്ടുകളിലല്ലാതെ, ഒന്നിലേക്കും ബന്ധിക്കപ്പെടാതെ നീണ്ടു നീണ്ടു കിടക്കുന്ന തുറസ്സ്.

കന്യക ടാക്കീസ് തുടങ്ങുന്നത് മൊണ്ടാഷുകളിലൂടെയാണ്. പ്രൊജക്റ്റർ ചക്രവും ക്രിസ്തു രൂപവും ടാക്കീസ് ചുമരും നിറഞ്ഞു നിൽക്കുന്ന ഷോട്ടുകളിലൂടെ. സിനിമയിൽ ഉടനീളമുള്ള മത- സിനിമ-ടാക്കിസ് പാരസ്പര്യത്തിനുതകുന്ന തുടക്കം. ഇതിനെയെല്ലാം ബന്ധിപ്പിക്കുന്നതിനിടയ്ക്കുള്ള കാലത്തിൽ കാലൂന്നിക്കൊണ്ട് - യാക്കൂബ് പള്ളിക്ക് ടാക്കീസ് എഴുത്തിക്കൊടുത്തു നാട്ടുവിട്ട കാലം- സിനിമയാരംഭിക്കുന്നു. നാടുവിട്ടോടുന്ന യാക്കൂബിനെ യഥാർത്ഥത്തിൽ പാപബോധമാണോ നയിച്ചിരുന്നത്? രണ്ടാം മകളും ഒളിച്ചോടി പോയതിന്റെ ആഘാതത്തിൽ ആത്മഹത്യ ചെയ്ത ഭാര്യ അയാളിൽ അവശേഷിപ്പിച്ചത് ക്രൂരമായ എകാന്തതയാണ്. മതത്തെക്കാളധികം അയാളെ നോവിച്ചത് കുയാലിയിലെ ജനങ്ങളാണ്. യാക്കൂബ് പിന്നീട് തുടരുന്ന ജോലി ബി- ഗ്രേഡ് മൂവിസിന്റെ വിതരണക്കാരന്‍ ആയിട്ടായിരുന്നു എന്നുള്ളത് അയാളിൽ പാപബോധം അവശേഷിച്ചിരുന്നില്ല എന്നതിന്റെ തെളിവാണ്. ബസ് യാത്രയിൽ നിന്നും പാതിയിലേക്ക് ഇറങ്ങിപ്പോകുന്ന അയാൾ ജനങ്ങളുടെ അസഹ്യമായ വിചാരണയിൽ നിന്നും അഭയമനേഷിച്ചാണോ ഇറങ്ങിയത്? അപൂർണമായ യാത്രകളും ആളുകളും സിനിമയിൽ പക്ഷേ അപൂർവമല്ല.

യാക്കൂബ് ഇറങ്ങിയിടത്തിൽ നിന്നും സിനിമ നീങ്ങുന്നത് ആൻസിയിലേക്കാണ്. അവിടെയും മറ്റുള്ളവരുടെ ജീവിതത്തിലേക്ക് അമിതമായ കൗതുകത്തോടെ ചികയുന്നവരുണ്ട്. പേരന്താ , എങ്ങോട്ടാണ്, സ്ഥലത്തിന് പേരില്ലേ ? ഇത്യാദി ചോദ്യങ്ങൾ ചോദിക്കുന്ന സ്ത്രീയോട് ആൻസി(ലെന) പറയുന്ന ഉത്തരങ്ങൾ - പോകുന്ന സ്ഥലം ബോളിവിയ, ഭർത്താവിന്റെ ജോലി ഒളിപ്പോര് , പേര് ചെഗുവേര - മനസ്സിലാവുന്നിലെങ്കിലും അവർ തൃപ്തയാണ്. സാമൂഹ്യനീതികളെല്ലാം ഭദ്രമാണല്ലോ! ഹോം നേഴ്സായി ജോലി നോക്കിയിരുന്ന ആൻസിയുടെ സിനിമ മോഹം അവളെ എത്തിക്കുന്നത് നിർഭാഗ്യവശാൽ സിനിമയുടെ ഡാേർമട്രികളിലേക്കാണ്. കിടക്കയിൽ നിന്നും ഉയരാത്ത , കുളിച്ചു തീരാത്ത 'എ' പടങ്ങളെന്നു പൊതുവെ അറിയപ്പെടുന്ന ബി- ഗ്രേഡ് മൂവി ഇൻഡസ്ട്രിയിലേക്ക്. ചൂക്ഷിതർ ചൂക്ഷണപ്പെടാനായി എത്തുന്നൊരിടം. ആൻസിയുടെ അപര ജീവിതം കുയാലിക്കാർ അറിയുമ്പോൾ ആൻസിക്കും നാടുവിടേണ്ടി വരുന്നു. അവിടെയും തങ്ങളുടെ ഒളിഞ്ഞു നോട്ടങ്ങളെക്കാൾ, മറ്റുള്ളവരുടെ ജീവിതത്തെ കുറിച്ചുള്ള അമിതമായ കൗതുകത്തെക്കാൾ അവർ തെറ്റായി കരുതുന്നതു അന്യന്റെ ജീവിത ശൈലികളായിരുന്നു. അവർ തങ്ങളുടെ ജീവിതങ്ങളിൽ അപൂർവമായ നൈതികത മറ്റുള്ളവരിൽ പ്രതീക്ഷിക്കുന്നു.

യാക്കൂബിന്റെ ടാക്കീസിൽ വന്നിരുന്നു എ-പടം കാണുന്നവരും അയാൾ ചെയ്യുന്ന 'മോശപ്പെട്ട ' ജോലിയെ ചൊല്ലി കളിയാക്കുന്നു. ഭാര്യയുടെ അത്മഹത്യയും മക്കളുടെ ഒളിച്ചോട്ടവും ഇതേ മോശപ്പെട്ട തൊഴിലിന്റെ പരിണിത ഫലങ്ങളാണെന്ന് കുറ്റപ്പെടുത്തുന്നു. പ്രതീക്ഷ നശിച്ചാണ് രണ്ടു പേരും കുയാലി വിട്ടുന്നത് . അമിതമായ പ്രതീക്ഷ വെച്ചാണ് മൈക്കിള്‍ അച്ഛൻ കുയാലിയിൽ എത്തുന്നത്. പള്ളിക്കെട്ടിടത്തിൽ വച്ച് അദ്ദേഹം കേൾക്കുന്ന സ്ത്രീ ശബ്ദങ്ങൾ കേവലം ലൈംഗികതയുമായി മാത്രം ബന്ധപ്പെട്ടുത്താനാവില്ല. കാരണം ആ ശബ്ദങ്ങൾ യഥാർത്ഥ ലൈംഗികതയുമായി ചേർച്ച കുറവുണ്ട്. പലതും എ-പടങ്ങളിലുള്ള വ്യാജ സ്വരങ്ങളായിരുന്നു. ഇത്തരം സ്വരങ്ങൾ ജനങ്ങളുടെ ലൈംഗിക ബോധത്തെ സാരമായി തന്നെ ബാധിച്ചിട്ടുണ്ട്.
ഒരു കാലത്ത് മലയാള സിനിമ വ്യവസായം അമ്പേ പരാജയപ്പെട്ടിരിക്കുമ്പോൾ പ്രേക്ഷകരെ പിടിച്ചിരുത്താൻ ടാക്കീസുകളിൽ 'എ'പടങ്ങൾ എത്തി. പീന്നിടു സാങ്കേതിക മികവുമായി തിയേറ്ററുകൾ തിരിച്ചെത്തിയപ്പോൾ സാമ്പത്തികമായി പിന്നോക്കം നിന്ന ടാക്കീസുകളിൽ 'എ' പടങ്ങൾ തുടർന്നു. കന്യക ടാക്കീസും അത്തരമൊരു ടാക്കീസായിരുന്നു.

മൈക്കിള്‍ അച്ചനും അദ്ദേഹത്തിന് വേണ്ടന്തൊണന്ന് തിരിച്ചറിയാത്ത കഥാപാത്രമാണ്. ചെറുപ്പത്തിന്റെ പ്രസരിപ്പും ആകാംഷയുമുള്ള കഥാപാത്രം. അദ്ദേഹം കേൾക്കുന്ന ശബ്ദം പ്രായത്തിന്റെതാണെന്ന് നാട്ടുകാർ അഭിപ്രായപ്പെടുന്നുണ്ടെങ്കിലും കൗമാരത്തിൽ ഒരിക്കൽ പോലും കേൾക്കാത്ത ശബ്ദങ്ങളാണിവയെന്നതു സൈക്കോളജിസ്റ്റിനെ അത്ഭുതപ്പെടുത്തുന്നു. ശബ്ദത്താൽ അലോസരപ്പെടുന്ന അച്ചന് മന്ത്രച്ചരട് കൊണ്ടുകൊടുക്കുന്ന കപ്യാരോട് എകദൈവത്തിൽ വിശ്വസിക്കാൻ പറയുന്നുണ്ടെങ്കിലും സൈക്കോളജിസ്റ്റിനെ കാണുന്ന അച്ചന്‍ സ്വയമൊരു ഐറണിയാണ്. തുറസ്സുകളിലേക്ക് തുറക്കപ്പെടുന്ന മറ്റൊരിടമായത് മാറുന്നു. എകദൈവത്തോടുള്ള പ്രതീക്ഷ തകർന്നാണ് ഡോക്ടറെ കാണുന്നത്, എന്നാൽ അവിടെയും പ്രതീക്ഷയ്ക്കു വകയുണ്ടായില്ല.

ദൃശ്യത്തോടൊപ്പം തന്നെ ശബ്ദത്തിനും പ്രാധാന്യം കൽപ്പിക്കപ്പെട്ടുന്ന കന്യക ടാക്കീസിൽ രാജീവ് അയ്യപ്പന്റെ(sound designer) ഭാഗം പ്രശംസനീയമാണ്. കഥാപാത്രങ്ങളെല്ലാം തന്നെ നടി / നടന്മാരുടെ വഴക്കത്തിൽ ഒതുങ്ങി നിൽക്കുന്നു. പൊന്മുടിയിലെ മൂടൽ മഞ്ഞിന്റെ സാമീപ്യം അനുയോജ്യമായ കളർ ടോണാണ് സിനിമയ്ക്ക്ക്ക് നൽകുന്നത്.


ഷാജികുമാറിന്റെ 18+ എന്ന കഥയെ അധികരിച്ചാണ് സിനിമയെങ്കിലും loosely adapted എന്നേ വിശേഷിപ്പിക്കാനാവൂ . കാരണം 18+ ലെ കഥാപാത്രങ്ങൾക്ക് തങ്ങൾക്ക് എന്താണ് വേണ്ടതെന്ന് തീർച്ചയുണ്ട്. പൂർണമാണ് അവ. എന്നാൽ ടാക്കീസിൽ ഒന്നും പൂർണമല്ല. യാക്കൂബ് പാതിയിൽ ഇറങ്ങുമ്പോൾ പ്രതീക്ഷിച്ചത് തന്നെയാണോ പിന്നീടു തിരഞ്ഞെടുക്കുന്ന ജോലി? കുയാലി വിട്ടു പോകുന്ന ആൻസിയെ കുറിച്ചും, യാക്കൂബിന്റെ മക്കളെ കുറിച്ചും , മൈക്കിള്‍ അച്ചനെ കാണാൻ വരുന്ന സുഹൃത്തുക്കളെ കുറിച്ചും, സോളമന്റെ മകളെ കുറിച്ചുമൊന്നും പ്രേക്ഷകർക്ക് അറിവില്ല. ചുരുക്കി പറഞ്ഞാൽ കുയാലി വിട്ടുള്ള അറിവുകളൊന്നും പ്രേക്ഷകർക്കില്ല. കന്യക ടാക്കീസ് ഒരു കുയാലിക്കാരനാക്കി നമ്മളെ മാറ്റുന്നു.

മരുഭൂമികളായാലും കടലായാലും തുറസ്സിന്റെ നീതി കൊലയാണ്. അതിജീവനം അവിടൊരു മാജിക്കൽ റിയലിസത്തിന്റെ സാധ്യതയാണ്. 'അസാധ്യമായൊരു സാധ്യത'* മാത്രം.

* മേതിൽ, അൽഫ്രഡ്‌ ഹിച്ക്കോകിന്റെ പ്രേമഗാനം .

(ബി പി സി കോളേജ് പിറവത്ത് ബി എ ഇംഗ്ലീഷ് & ജേര്‍ണലിസം വിദ്യാര്‍ഥിയാണ് ലേഖകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുകNext Story

Related Stories