TopTop

കന്യക ടാക്കീസ്: പാപത്തിന്‍റെ രാഷ്ട്രീയം

കന്യക ടാക്കീസ്: പാപത്തിന്‍റെ രാഷ്ട്രീയം

ജോസ് വര്‍ഗ്ഗീസ്

തുറന്ന ആഖ്യാനങ്ങളെ പ്രസക്തമാക്കുന്നത് കാലം നീങ്ങുന്തോറും അതില്‍ വന്നടിയുന്ന അര്‍ത്ഥതലങ്ങളാണ്. ഇത്തരം കൃതികള്‍ എങ്ങനെ സ്വീകരിക്കപ്പെടണം എന്നതിനെപ്പറ്റി അതിന്‍റെ സ്രഷ്ടാക്കള്‍ക്ക് അവരുടെതായ ആദര്‍ശത്തിലൂന്നിയ വിശദീകരണങ്ങളും കാഴ്ചപ്പാടുകളും ഒക്കെയുണ്ടാവും. അതേസമയം ആഖ്യാനങ്ങള്‍ ബാഹ്യമായ ഒരു ഇടപെടലിനും സാധ്യതയില്ലാത്ത വിധം മുറുക്കിക്കെട്ടി ഭംഗിയായി അടുക്കിവെയ്ക്കാന്‍ അവര്‍ വിസമ്മതിക്കുകയോ മറന്നുപോകുകയോ ചെയ്യുമ്പോള്‍ അവയ്ക്ക് സ്വതന്ത്രമായ ഒരു ജീവിതം ലഭിക്കുന്നു. അങ്ങനെ ഒരു തലത്തിലേക്ക് 'കന്യക ടാക്കീസ്' (2013) എന്ന ചിത്രം ഉയരുന്നുണ്ട്. പല കാരണങ്ങളാല്‍ രണ്ടു വര്‍ഷം വൈകിയാണിത് തിയെറ്ററുകളില്‍ എത്തിയത്. ആഖ്യാനം ഒരു പ്രത്യേക സ്ഥലത്തിലും കാലത്തിലും ഒതുങ്ങി നില്‍ക്കുന്നെങ്കിലും സ്ഥലകാലങ്ങള്‍ക്കപ്പുറം സംവദിക്കുന്ന പല ഘടകങ്ങള്‍ ഉണ്ടെന്നതാവാം ഇതിന്‍റെ അതിജീവനരഹസ്യം. സിനിമ പോലെ ഉടനടി ചര്‍ച്ചചെയ്യപ്പെടേണ്ട ഒരു കലാസൃഷ്ടി വൈകി പ്രേക്ഷകരില്‍ എത്തുമ്പോള്‍ ഏറെ നഷ്ടം സഹിക്കേണ്ടി വരുന്നത് അതില്‍ സര്‍ഗാത്മക-മുതല്‍ മുടക്കുള്ളവര്‍ക്കാണ്. പക്ഷെ കന്യക ടാക്കീസ് വമ്പന്‍ ഉത്സവ/കമ്പോളസിനിമകള്‍ക്കിടയിലും പ്രേക്ഷകരില്‍ നിന്ന് നല്ല പ്രതികരണം എറ്റുവാങ്ങി രണ്ടാം വാരത്തിലെത്തുമ്പോള്‍ വ്യക്തമാകുന്നത് അതിനുള്ളിലെ ചില ആത്മാര്‍ഥമായ ഇടപെടലുകളുടെ ശക്തിയാണ്.

'കാമം, പാപം എന്നിവ വ്യാഖ്യാനിക്കുന്നതില്‍ അധിനിവേശങ്ങളും മതങ്ങളും ആശയസംഹിതകളും നടത്തുന്ന ഇടപെടലുകള്‍', 'ഇന്ത്യന്‍ കുടുംബ വ്യവസ്ഥയുടെ ശ്രേഷ്ഠമായ പതനം', 'അശ്ലീലചിത്രങ്ങളുടെ പൈശാചികമായ/രസകരമായ ഇടപെടലുകള്‍' എന്നൊക്കെ ചില പ്രചരണവാക്യങ്ങള്‍ ഉപയോഗിച്ചാല്‍ അത് ക്ലിഷേ എന്നതിനേക്കാള്‍ ലളിതവല്‍ക്കരണം ആയേക്കാം. മുഖ്യധാരാ സംസ്കാരത്തില്‍ നിന്നും ഒരു പരിധി വരെ സംരക്ഷിക്കപ്പെട്ട് ഒറ്റതിരിഞ്ഞു ജീവിക്കുന്ന ആളുകള്‍ ഇന്നും 'കുയ്യാലി' പോലത്തെ മലയോര ഗ്രാമങ്ങളില്‍ ഉണ്ടാവാം. അവരിലേയ്ക്ക് മതവും രാഷ്ട്രീയ പാര്‍ട്ടികളും വിനോദമാധ്യമങ്ങളും എത്തിക്കുന്ന ആശയങ്ങള്‍ വൈരുദ്ധ്യാത്മകവും അതെ സമയം പരസ്പരപൂരകങ്ങളും ആണ്. ഇതിനൊക്കെ എതിരെ വിരല്‍ ചൂണ്ടാന്‍ വളരെ എളുപ്പമാണ് താനും. പക്ഷെ അതിലുപരി സ്വത്വ നിര്‍മ്മാണത്തില്‍ ഒരു പ്രധാന പങ്ക് വഹിക്കേണ്ട ഇച്ഛാശക്തി ഇവിടെ പ്രവര്‍ത്തനക്ഷമമാണോ എന്നതാവണം വസ്തുനിഷ്ഠമായ അപഗ്രഥനങ്ങള്‍ അന്വേഷിക്കേണ്ടത്. സ്വയം എന്താവണം, എന്തൊക്കെയാണ് ആത്യന്തികമായും തങ്ങളുടെ തൃഷ്ണകള്‍, എന്നതൊക്കെ കണ്ടെത്താനുള്ള ഒരു ശ്രമം എങ്കിലും അവരില്‍ നിന്നുണ്ടായിട്ടുണ്ടോ, അതോ തനിക്ക് പുറത്തുള്ള ലോകത്തെ മുഴുവന്‍ പഴിച്ച് കാലം കഴിക്കാനുള്ള പ്രേരണയില്‍ അവരില്‍ പലരും സ്വയം നഷ്ടപ്പെടുത്തുന്നുവോ? സമൂഹം അംഗീകരിക്കുന്ന വ്യക്തികള്‍/പ്രസ്ഥാനങ്ങള്‍ ആയിത്തീരുവാനുള്ള തത്രപ്പാടില്‍ അവര്‍ തങ്ങളുടെ തന്നെ പരാജയം വിലയ്ക്കുവാങ്ങുന്നു. അപര്യാപ്തതകളും മോഹഭംഗങ്ങളും നേരിടാന്‍ അവര്‍ കണ്ടെത്തുന്നതാവട്ടെ അരോചകമായ വിധിപറയലുകളും. 'കന്യക ടാക്കീസ്' അങ്ങനെ കുറെയൊക്കെ ഒരു ഡിസ്റ്റോപ്പിയന്‍ (dystopian) ആഖ്യാനവുമാവുന്നു. ശബ്ദങ്ങളില്‍പ്പോലും ഏകാന്തതയും വിഷാദവും നിറഞ്ഞു നില്‍ക്കുന്ന ആദ്യ ഫ്രെയിമുകള്‍ കപടനാട്യങ്ങളുടെ ഒഴുക്കിലേക്ക്‌ തെന്നിനീങ്ങുന്നു - യാഥാര്‍ത്ഥ്യം തൊട്ടുതീണ്ടാത്ത കുടുംബ സദാചാര സങ്കല്പങ്ങള്‍, ലൈംഗികാഭിനിവേശങ്ങളിലെ ഇരട്ടത്താപ്പ്, എളുപ്പത്തില്‍ മുറിപ്പെടുത്താനാവുന്നവരെ തിരഞ്ഞുപിടിച്ച് ഉപദ്രവിക്കല്‍, മറ്റുള്ളവരുടെ സ്വകാര്യതകളിലേയ്ക്കുള്ള എത്തിനോട്ടങ്ങള്‍, അങ്ങനെ പലതും.കുയ്യാലി എന്ന പ്രകൃതിരമണീയമായ ഉറക്കംതൂങ്ങി ഗ്രാമത്തില്‍ ആകെയുള്ള സി - ക്ലാസ് സിനിമ തിയേറ്റര്‍ അടയ്ക്കേണ്ടി വരുന്നതിന്‍റെ പശ്ചാത്തലത്തിലാണ് കഥ നടക്കുന്നത്. കാലാനുസൃതമായി അവിടുത്തെ ഒരുപറ്റം ജനങ്ങള്‍ക്ക് വിനോദം പകര്‍ന്നു നല്‍കാന്‍ തിയേറ്റര്‍ ഉടമയായ യാക്കോബിന് (അലെന്‍സിയെര്‍ ലേ) പല മാര്‍ഗ്ഗങ്ങളും അവലംബിക്കേണ്ടി വരുന്നു. നഗരങ്ങളില്‍ ഒരുകാലത്ത് ജനങ്ങളെ കോരിത്തരിപ്പിച്ച ഹിറ്റ്‌ സിനിമകളും പഞ്ച് ഡയലോഗുകളും ഒക്കെ പഴകി ദ്രവിച്ച അവസ്ഥയില്‍ കന്യക ടാക്കീസില്‍ തണുത്തുറഞ്ഞു പോകുമ്പോള്‍ രക്ഷയ്ക്കെത്തുന്നത് മൃദുരതിച്ചിത്രങ്ങളും നീലച്ചിത്രങ്ങളുടെ തുണ്ടുകളും ആണ്. അങ്ങനെ രതി ആസ്വദിക്കുന്ന സ്ത്രീകളുടേതെന്നു കരുതപ്പെടുന്ന അടക്കിപ്പിടിച്ച ശബ്ദങ്ങളും ശീല്‍ക്കാരങ്ങളും വന്നു നിറയുന്നു ടാക്കീസില്‍. ഈ ശബ്ദങ്ങളില്‍ മുങ്ങിപ്പോവുന്ന വസ്തുത, കാഴ്ചക്കാരെ രസിപ്പിക്കുന്ന മിക്കവാറും എല്ലാ രതിദൃശ്യങ്ങളിലെയും സ്ത്രീകള്‍ അവ ചിത്രീകരിക്കുന്ന നേരത്ത് മാത്രമല്ല അതിനു മുന്‍പും ശേഷവും പീഡിപ്പിക്കപ്പെടുന്നു എന്നതാണ്. ഇത്തരം സിനിമകള്‍ കാണാന്‍ കന്യകയിലെത്തുന്ന ആള്‍ക്കാര്‍ പുരുഷന്മാര്‍ മാത്രമാണെന്നത് ആരെയും അതിശയിപ്പിക്കില്ല. അവരില്‍ പലരും മധ്യവയസ്ക്കരും, മിക്കവാറും എല്ലാവരും വിവാഹിതരും ആണ്. ഇതേ ആള്‍ക്കാര്‍ തിയേറ്റര്‍ ഉടമ യാക്കോബിന്‍റെ സ്വകാര്യജീവിതത്തിലെ തകര്‍ച്ച അയാളില്‍ അവര്‍ ദര്‍ശിക്കുന്ന ലൈംഗികസദാചാരത്തിന്‍റെ അഭാവവുമായി കൂട്ടിവായിച്ചു വിധിപറയുന്നു. മൂത്ത മകള്‍ കുടുംബത്തിന്‍റെ അന്തസ്സിനു ചേരാത്ത ബന്ധമുണ്ടാക്കി ഒളിച്ചോടിപ്പോവുമ്പോഴും പിന്നെ ഇളയ മകളെ കാണാതാവുമ്പോഴും അപമാനം താങ്ങാനാവാതെ കടുത്ത ദൈവവിശ്വാസിയായ ഭാര്യ ആത്മഹത്യ ചെയ്യുമ്പോഴുമൊക്കെ കൊള്ളിവാക്കുകളാല്‍ അയാളെ തളര്‍ത്തുന്നു ചുറ്റുമുള്ളവര്‍. സ്വന്തം ദുഖത്തെക്കാളേറെ ഈ രൂക്ഷപരിഹാസമാണ് യാക്കോബിനെ അവിടം വിടാന്‍ പ്രേരിപ്പിക്കുന്നത്. തിയേറ്റര്‍ ഒരു പള്ളിയാക്കാന്‍ അയാള്‍ ക്രിസ്ത്യന്‍ സഭയ്ക്ക് കൊടുക്കുന്നു.

കുയ്യാലിയിലെ ആദ്യത്തെ പള്ളിയില്‍ വികാരിയായെത്തുകയാണ് യുവത്വം നഷ്ടമായിട്ടില്ലാത്ത ഫാദര്‍ മൈക്കിള്‍. മുരളി ഗോപിയുടെ തീക്ഷ്ണമായ ആവിഷ്കാര ശൈലി ഈ കഥാപാത്രത്തെ ജീവസ്സുറ്റതാക്കുന്നു. ഒരു പറ്റം പാവം സത്യസന്ധരായ മനുഷ്യര്‍ എന്ന് കരുതപ്പെടുന്ന കുയ്യാലി നിവാസികള്‍ മൈക്കിളിന് ഒരു പ്രഹേളികയായി മാറുന്നു. ഒരു മുതിര്‍ന്ന വൈദികന്‍ നിരീക്ഷിക്കുന്നത് പോലെ മൈക്കിളിന്റെ മനസ്സില്‍ നിറയെ പ്രതീക്ഷയാണ്; യുവത്വത്തിന്റെ പ്രശ്നവും ഈ പ്രതീക്ഷ തന്നെയാണെന്ന് കരുതുന്നു ആ വൈദികന്‍. ദൈവവിളിക്ക് ചേര്‍ന്ന സത്യസന്ധമായ ജീവിതം നയിക്കാന്‍ മൈക്കിള്‍ ശ്രമിക്കുന്നുണ്ട്, പക്ഷെ കുയ്യാലിയുടെ 'പാപം നിറഞ്ഞ ഭൂതകാലം' അയാളെ പീഡിപ്പിക്കുന്നു. ഒരിക്കല്‍ അശ്ലീലം നിറഞ്ഞുനിന്ന തിയേറ്റര്‍ പള്ളിയായി പരിണമിക്കുമ്പോള്‍ മൈക്കിള്‍ പ്രാര്‍ത്ഥനകള്‍ക്കിടയിലൂടെ ചില ശബ്ദങ്ങള്‍ കേള്‍ക്കുന്നു. ഒരു മനോരോഗ വിദഗ്ധനരികില്‍ എത്തുന്ന മൈക്കിള്‍ വളരെ ബുദ്ധിമുട്ടി ഇവയെ സ്ത്രീകള്‍ ഉണ്ടാക്കുന്ന അശ്ലീലശബ്ദങ്ങള്‍ എന്ന് വിവരിക്കുന്നു. ശബ്ദങ്ങള്‍ ഈ ചിത്രത്തില്‍ വളരെ പ്രധാനപ്പെട്ട പങ്ക് വഹിക്കുന്നു. അതിനു നന്ദി പറയേണ്ടത് ഹരികുമാര്‍ മാധവന്‍ നായര്‍ മേല്‍നോട്ടം വഹിച്ച sync sound recording, രാജീവന്‍ അയ്യപ്പന്‍ ചെയ്ത സൌണ്ട് ഡിസൈനിംഗ്, മ്യൂസിക്, ഇവയ്ക്കൊക്കെയാണ്. മൈക്കിള്‍ കേള്‍ക്കുന്ന ശബ്ദങ്ങളുടെ ഉറവിടത്തെപ്പറ്റിയുള്ള അനിശ്ചിതത്വം ചിത്രത്തിനു അനവധി വിശകലന സാദ്ധ്യതകള്‍ നല്‍കുന്നു. മൈക്കെല്‍ ഹാനെക്കിയുടെ 'കാഷെ' (Cache/Hidden, 2005) എന്ന ചിത്രത്തില്‍ രഹസ്യവീഡിയോകള്‍ നിഗൂഢമായി ഉയര്‍ത്തുന്ന ഭയം, കുറ്റബോധം ഒക്കെ ഓര്‍മിപ്പിച്ചു അത്. ഫാദര്‍ മൈക്കിളിന്‍റെ ഭൂതകാലത്തെക്കുറിച്ചോ, അയാളിലെ വിശ്വാസവും അമര്‍ത്തിപ്പിടിച്ച തൃഷ്ണകളും തമ്മിലുള്ള ഏറ്റുമുട്ടലിനെക്കുറിച്ചോ, അതുമല്ലെങ്കില്‍ അവിശ്വസനീയമാം വിധം നിഷ്കളങ്കനായ അയാള്‍ കുയ്യാലി നിവാസികളുടെ പരാജയവും, കാമവും, കാപട്യവും, സഹനവും ഒക്കെ കണ്ടു മനസ്സുരുകുന്നതിനെക്കുറിച്ചോ ഒക്കെ ചില ഊഹാപോഹങ്ങള്‍ നടത്താനുള്ള പ്രേരണയാവുന്നു സ്കീസോഫ്രീനിയയുടെ വിശദീകരങ്ങളില്‍ ഒതുങ്ങാത്ത ഈ ശബ്ദങ്ങള്‍. മാജിക്‌ റിയലിസം എന്നൊക്കെ പറയാവുന്ന തരത്തില്‍ ഈ ശബ്ദങ്ങള്‍ കഥ പറയുന്നുണ്ട്; അതിന്റെ സാധ്യതകള്‍ ഒരല്‍പം കൂടി പരീക്ഷിക്കമായിരുന്നില്ലേ എന്നും തോന്നി. പ്രകൃതിരമണീയതയില്‍ മുങ്ങിനിവരും മുന്‍പ് പടിപടിയായി ഗ്രാമത്തില്‍ ഒളിഞ്ഞു കിടക്കുന്ന 'പാപ'ത്തിന്‍റെ ശൃംഘലകള്‍ വെളിവാക്കുന്ന ആഖ്യാനരീതി ഡേവിഡ്‌ ലിഞ്ചിന്‍റെ ട്വിന്‍ പീക്സ് സീരീസും സിനിമയും (Twin Peaks: Fire Walk with Me, 1992) ഓര്‍മ്മപ്പെടുത്തി; പക്ഷെ ഇവിടെ ശാരീരികമായ ഹിംസയേക്കാള്‍ വളരെയധികം പ്രാധാന്യം മാനസികമായവയ്ക്ക് കൊടുത്തിരിക്കുന്നു.ചിന്തിക്കാന്‍ മിനക്കെടുന്ന പ്രേക്ഷകരുടെ ഹൃദയത്തില്‍ ആഴമുള്ള മുറിവേല്‍പ്പിച്ച് നടന്നുമറയുന്ന ഒരു കഥാപാത്രമായ ആന്‍സി ലെനയുടെ അനായാസമായ അഭിനയത്തില്‍ നിറവ് നേടുന്നു. നഗരത്തില്‍ ഹോം നേഴ്സ് ആയ ആന്‍സിക്ക് അവളുടെ ജീവിതാഭിലാഷങ്ങള്‍ നിറവേറ്റാനുള്ള ശ്രമത്തില്‍ കാലിടറുന്നു - അസ്ഥിത്വമില്ലാത്ത എക്സ്ട്രാ നടിയായും പിന്നെ മൊബൈല്‍ പോണ്‍ വീഡിയോ ക്ലിപ്പുകളിലെ മുഖവും ശരീരവുമായും ഒക്കെയായും അവള്‍ സിനിമ വ്യവസായത്തിന്‍റെ ഇരുളടഞ്ഞ ഇടങ്ങളില്‍ നിരന്തരം ചൂഷണത്തിനിരയാവുന്നു. ഗ്രാമത്തില്‍ സ്വന്തം ഇരട്ടജീവിതം വെളിപ്പെടുമ്പോള്‍ ആന്‍സിക്കും അവിടം വിടേണ്ടി വരുന്നു. യാക്കോബ് പരിഹാസം സഹിക്കവയ്യാതെ താന്‍ സഞ്ചരിച്ചിരുന്ന ബസ്‌ നിര്‍ത്തി ചാടിയിറങ്ങി രക്ഷപ്പെടുകയാണ് ചെയ്തതെങ്കില്‍, ആന്‍സിക്ക് പള്ളിയിലെ ദൈവത്തോട് യാത്ര പറയാനെങ്കിലും പറ്റുന്നു. ഫാദര്‍ മൈക്കിളിനോട് കേട്ടുപഴകിയതെങ്കിലും പരമസത്യവും ചങ്കുപിളര്‍ക്കുന്നതുമായ ഒരു ചോദ്യവും എറിഞ്ഞിട്ടാണ് അവള്‍ പോകുന്നത്: "എന്‍റെയൊന്നും ജീവിതത്തിന് ഒരു വിലയുമില്ലേ അച്ചോ?"

അലോസരപ്പെടുത്തും കന്യക ടാക്കീസിന്റെ ഈ ശീല്‍ക്കാരം
കന്യക ടാക്കീസ് എന്തുകൊണ്ട് ടാക്കീസില്‍ പോയി കാണണം?
കന്യക ടാക്കീസില്‍ പ്രത്യക്ഷമാകുന്ന കുടുംബങ്ങളിലും പൊയ്മുഖങ്ങള്‍ നിറഞ്ഞു നില്‍ക്കുന്നു. വ്യഭിചാരം, നേരില്ലാത്ത സ്ത്രീപുരുഷ/ലൈംഗിക ബന്ധങ്ങള്‍, വ്യക്തികളുടെ സ്വകാര്യതയോടുള്ള അനാദരവ് ഒക്കെ മറ്റേതു സ്ഥലത്തുമെന്ന പോലെ ഇവിടെയും കാണാം - ഗ്രാമമെന്നോ നഗരമെന്നോ ഒരു വേര്‍തിരിവിന്‍റെ ആവശ്യം അവിടെ വരുന്നില്ല. ഇതിന്‍റെയൊക്കെ കാരണങ്ങള്‍ എന്താവാം? ചിതറിയ ചില സൂചനകള്‍ മാത്രമേ കന്യക ടാക്കീസ് തരാന്‍ ശ്രമിക്കുന്നുള്ളു. അതിന്‍റെ കാരണവും വ്യക്തമാണ്. ഒരു സദാചാര അന്വേഷണത്തില്‍ കലാമൂല്യം നഷ്ടപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ഒരു ചിത്രമാണിത്.

എന്‍റെ നോട്ടത്തില്‍ അശ്ലീല ചലച്ചിത്രവ്യവസായം മാത്രമല്ല കുയ്യാലിയിലെ വില്ലന്‍. ഇക്കിളിപ്പെടുത്തുന്ന 'രംഗങ്ങളുടെ നിര്‍മ്മാണത്തില്‍' സ്ത്രീകള്‍ കൃത്രിമമായി പുറപ്പെടുവിപ്പിക്കേണ്ടി വരുന്ന ശീല്‍ക്കാരങ്ങള്‍ ശാരീരികമായും മാനസികമായുമുള്ള അതിലംഘനങ്ങളുടെ വ്യവസായങ്ങള്‍ തുറക്കുന്നു നമുക്ക് ചുറ്റും. ഈ അതിലംഘനങ്ങള്‍ തിയേറ്ററുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മൃദുരതിച്ചിത്രങ്ങളിലോ നീലച്ചിത്രങ്ങളിലോ മൊബൈല്‍ ഫോണുകളിലൂടെ പ്രചരിക്കുന്ന വീഡിയോ ക്ലിപ്പിങ്ങുകളിലോ മാത്രം ഒതുങ്ങുന്നില്ല. പാവപ്പെട്ട മനുഷ്യര്‍ എന്നൊക്കെ വിശേഷിപ്പിക്കാവുന്ന പലരും നിത്യജീവിതത്തില്‍ നടത്തുന്ന അശ്ലീലം നിറഞ്ഞ ഒളിഞ്ഞുനോട്ടങ്ങളും വിധിപറച്ചിലുകളും ഈ അതിലംഘനങ്ങളുടെ ബാഹ്യലക്ഷണങ്ങള്‍ മാത്രം. ചിത്രത്തില്‍ പലയിടത്തും സൂചിപ്പിക്കുന്നത് പോലെ ലൈംഗിക അതൃപ്തി ആവാം ഇതിനൊക്കെ പുറകില്‍. നാട്ടുകാരുടെ സദാചാര പോലീസിങ്ങിന്‍റെ വികലമുഖം പലയിടത്തും കാണാം:1. ഒരു അവിവാഹിതനായ മനുഷ്യനോട്‌ കുടുംബമില്ലാത്ത അയാള്‍ക്ക് അഭിപ്രായം പറയാന്‍ അവകാശമില്ല എന്ന് പറഞ്ഞു അയാളുടെ വായടപ്പിക്കുന്നു. അയാള്‍ ചെയ്ത കുറ്റമാകട്ടെ അവര്‍ കാപട്യം നിറഞ്ഞ ഭാഷയില്‍ യാക്കോബ് തിയേറ്ററില്‍ പ്രദര്‍ശിപ്പിക്കുന്ന ചിത്രങ്ങളെ വിമര്‍ശിച്ചപ്പോള്‍ യാക്കോബിന്‍റെ വശം പറഞ്ഞു എന്നതാണ്.

2. ആന്‍സിയോടൊപ്പം യാത്ര ചെയ്യുന്ന ഒരു പ്രായമായ സ്ത്രീ അവളോട്‌ അനാവശ്യ ചോദ്യങ്ങള്‍ ചോദിക്കുന്നു - വൈകിയ നേരത്ത് എവിടെ പോകുന്നു, വിവാഹിതയാണോ, ഭര്‍ത്താവിന്‍റെ ജോലിയെന്ത്, പേരെന്ത് എന്നൊക്കെ.

3. ഫാദര്‍ മൈക്കിളിന്‍റെ സ്വഭാവത്തില്‍ വൈചിത്ര്യങ്ങളുണ്ടെന്നു കണ്ടെത്തുന്ന ഗ്രാമവാസികള്‍ അതിനു കാരണം അയാളുടെ ചെറുപ്പമാണെന്ന് ഊഹിക്കുന്നു. അയാള്‍ക്ക്‌ സന്യാസം, പൌരോഹിത്യം ഒക്കെ സാധ്യമാണോ എന്ന അനാവശ്യ ആകുലത ഇവിടെ വെളിവാകുന്നു.

സിനിമയിലെ ഏറ്റവും നല്ല നിമിഷം ആന്‍സി തന്‍റെതായ ചെറുത്തു നില്‍പ്പിന്‍റെ രീതിയില്‍ ചോദ്യങ്ങള്‍ക്കുത്തരം പറയുന്നതാണ്. ബസ് DYFI യുടെ ഒരു ചെഗുവേര പോസ്റ്ററിനെയും ഉച്ചഭാഷിണികളെയും കടന്നു പോകുമ്പോള്‍ ആന്‍സി താന്‍ പോകുന്നത് ബൊളിവിയയിലേയ്ക്കാണെന്നും, ഭര്‍ത്താവിന്‍റെ ജോലി ഒളിപ്പോരാണെന്നും, അയാളുടെ പേര് ചെഗുവേര എന്നാണെന്നും പറയുന്നു. വയസ്സായ സ്ത്രീ ഒന്നും മനസ്സിലാക്കാതെയാണെങ്കിലും ഉത്തരങ്ങളില്‍ സംതൃപ്തയാവുന്നു.

അന്യരുടെ സ്വകാര്യതയുടെ അതിരുകള്‍ ഭേദിച്ച് അവര്‍ക്ക് വിധികല്‍പ്പിക്കുന്നതില്‍ നിന്ന് ലഭിക്കുന്ന ആവേശം നിറഞ്ഞ ആനന്ദം തിയേറ്ററുകളിലും മൊബൈല്‍ ഫോണുകളിലും ഒക്കെ നഗ്നത കാണുന്നതില്‍ നന്ന് ലഭിക്കുന്ന ആനന്ദത്തില്‍ നിന്ന്‍ ഒട്ടും വ്യത്യസ്തമല്ല. ഏതായാലും ഇരകള്‍ മിക്കപ്പോഴും സ്ത്രീകളാണ് താനും - ഗ്രാമത്തില്‍ നിന്ന് കാണാതാവുന്ന പെണ്‍കുട്ടികളോ, ആത്മഹത്യ ചെയ്യുന്ന അമ്മയോ, മൊബൈല്‍ വീഡിയോ ക്ലിപ്പുകളിലൂടെ വ്യക്തിഹത്യ ചെയ്യപ്പെടുന്ന സ്ത്രീയോ, ആരുമാവട്ടെ.അശ്ലീലചലച്ചിത്ര വ്യവസായത്തെ മറ്റൊരു രീതിയിലും സമീപിക്കാവുന്നതാണ്. ഭാവനയുടെ അതിര്‍വരമ്പുകള്‍ക്കപ്പുറം ആനന്ദം നേടാനുള്ള വഴികളായി - പക്ഷെ അവിടെയും സദാചാരം കല്‍പ്പിക്കുന്നതല്ലാത്ത ചില പരിമിതികള്‍ ഉണ്ടാകും. കന്യക ടാക്കീസ് അങ്ങനെയൊരു അന്വേഷണം നടത്തുന്നില്ല. ലൈംഗികസദാചാരത്തിലെ കാപട്യമാണ് അത് കൂടുതല്‍ അന്വേഷിക്കുന്നത് - അതോടൊപ്പം ഒഴിവാക്കാനാവാത്ത സാമൂഹ്യ-സാംസ്കാരിക കാപട്യങ്ങളും.

പി വി ഷാജികുമാറിന്‍റെ '18+' എന്ന കഥയെ അടിസ്ഥാനമാക്കി കെ ആര്‍ മനോജാണ് ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. മുരളി ഗോപിയും ലെനയും ഹൃദയവും ആത്മാവുമര്‍പ്പിച്ച് അവരുടെ അഭിനയ ജീവിതത്തിലെ മികവുറ്റ കഥാപാത്രങ്ങളാക്കി മാറ്റുന്നു മൈക്കിളിനെയും ആന്‍സിയെയും. അലെന്‍സിയെര്‍, ഇന്ദ്രന്‍സ്, പാര്‍വതി ഒക്കെ അവരുടെ കഥാപാത്രങ്ങളോട് നൂറു ശതമാനം നീതിപുലര്‍ത്തിയിരിക്കുന്നു.

നമ്മെ അസ്വസ്ഥരാക്കുന്ന ഒരു സിനിമയാണിത്. ഒരുപക്ഷെ നിങ്ങള്‍ ഇതിലെ ശബ്ദങ്ങള്‍ മനസ്സില്‍ പേറിയാവും തിയേറ്റര്‍ വിടുക. സര്‍ഗാത്മകമായ അസ്വസ്ഥതയാവാം ഇതിന്‍റെ സൌന്ദര്യാനുഭൂതി; പാപത്തിന്റെ രാഷ്ട്രീയം നമുക്ക് ചുറ്റും നടക്കുന്ന ശാരീരികവും മാനസികവുമായ അതിലംഘനങ്ങളുടെയും. നിങ്ങള്‍ അതിന്റെ ഭാഗമല്ല എന്നുറപ്പുണ്ടെങ്കില്‍ പോലും അത് നടക്കുന്ന പലയിടത്തും നിശ്ശബ്ദരാണ് എന്നത് സമ്മതിക്കേണ്ടി വരും.


*ജോസ് വര്‍ഗ്ഗീസിന്റെ ബ്ലോഗ് സന്ദര്‍ശിക്കാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

http://dreamarines.blogspot.in

(ബ്ലോഗറും അദ്ധ്യാപകനുമാണ് ജോസ് വര്‍ഗ്ഗീസ്. ലെയ്ക്ക് വ്യൂ ഇന്‍റര്‍നാഷണല്‍ ജേര്‍ണല്‍ ഓഫ് ലിറ്ററേച്ചര്‍ ആന്‍ഡ് ആര്‍ട്ട്സ് എഡിറ്ററായി പ്രവര്‍ത്തിക്കുന്നു. ജസാന്‍ സര്‍വകലാശാലയില്‍ ഇംഗ്ലീഷ് അദ്ധ്യാപകന്‍)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Next Story

Related Stories