TopTop
Begin typing your search above and press return to search.

കാരക്കോണം മെഡിക്കല്‍ കോളേജ് സമരം; ഒടുവില്‍ മാനേജ്മെന്‍റ് മുട്ടുമടക്കി

കാരക്കോണം മെഡിക്കല്‍ കോളേജ് സമരം; ഒടുവില്‍ മാനേജ്മെന്‍റ് മുട്ടുമടക്കി

വി ഉണ്ണികൃഷ്ണന്‍

സ്റ്റെപ്പന്‍റ് വര്‍ദ്ധനവ് ആവശ്യപ്പെട്ടുകൊണ്ട് കാരക്കോണം മെഡിക്കല്‍കോളേജിലെ ഹൌസ് സര്‍ജന്മാര്‍ നടത്തിയ സമരം വിജയം കണ്ടിരിക്കുകയാണ്. പ്രതിമാസം 8000 രൂപ സ്റ്റെപ്പന്‍റ്റ് നല്‍കാന്‍ ഇന്നലെ നടന്ന ചര്‍ച്ചയില്‍ തീരുമാനമായി. ലീവ് എക്സ്റ്റന്‍ഷനില്‍ ഇളവു വരുത്തുമെന്നും സമരത്തിലേര്‍പ്പെട്ട ഹൌസ് സര്‍ജന്മാരുടെ പേരില്‍ അച്ചടക്ക നടപടികള്‍ ഉണ്ടാകില്ല എന്നും പ്രിന്‍സിപ്പല്‍ ഉറപ്പ് നല്കി. ഈ വിജയം ഒരു തുടക്കം മാത്രമാണ് എന്നാണ് ഹൌസ് സര്‍ജന്മാര്‍ പറയുന്നത്. രാജ്യമെമ്പാടുമുള്ള മെഡിക്കല്‍ കോളേജുകളില്‍ നടക്കുന്ന ചൂഷണങ്ങള്‍ക്കെതിരെ പ്രതികരിക്കാന്‍ തങ്ങളെപ്പോലെയുള്ളവര്‍ക്ക് ഇതൊരു പ്രചോദനമാകും എന്ന് ഇവര്‍ വിശ്വസിക്കുന്നു.

തൊഴിലാളി ദിനത്തില്‍ ആരംഭിച്ച ഈ സമരം ഏറെ കടമ്പകള്‍ കടന്നാണ് വിജയം കണ്ടിരിക്കുന്നത്. തുടക്കം മുതല്‍ ഹൌസ് സര്‍ജന്മാരുടെ പ്രതിഷേധത്തെ അടിച്ചമര്‍ത്താന്‍ ശ്രമിച്ചിരുന്ന മാനേജ്മെന്റ് ഒടുക്കം മുട്ടുമടക്കുകയായിരുന്നു.

മറ്റിടങ്ങളില്‍ 20000 രൂപയോളം സ്‌റ്റൈപ്പന്‍ഡ് നല്‍കുമ്പോള്‍ ഇവര്‍ക്ക് ലഭിക്കുന്നത് 3975 രൂപയായിരുന്നു. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളിലെ ഹൌസ് സര്‍ജന്മാര്‍ക്ക് നല്‍കുന്ന തുക തന്നെ പ്രൈവറ്റ് മെഡിക്കല്‍ കോളേജുകളിലും നല്‍കണം എന്ന വിജ്ഞാപനം നിലനില്‍ക്കുമ്പോഴായിരുന്നു മാനേജ്മെന്റിന്റെ പരസ്യമായ നിയമലംഘനം. ഇതിനെതിരെ പല രീതിയിലുള്ള പ്രതിഷേധങ്ങള്‍ ഹൌസ് സര്‍ജന്മാര്‍ നടത്തുകയുണ്ടായി.അനുവദിച്ചിട്ടുള്ള താമസസ്ഥലത്തു നിന്നും ഇറങ്ങിക്കൊടുക്കണം എന്ന് പ്രിന്‍സിപ്പല്‍ ഡോ. സുശീല കെ. പിള്ള ഇവര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. ഭീഷണിയെ മറികടന്ന് സമരവുമായി മുന്നോട്ടു പോയ ഇവരെ വരുതിയിലാക്കാന്‍ വനിതാ ഹൗസ് സർജൻമാരെ മര്‍ദ്ദിക്കാൻ ഗുണ്ടകളെ ഏർപ്പെടുത്തിയിട്ടുണ്ടെന്ന് അവരുടെ വീടുകളിലേക്ക് ഫോൺ വഴി ഭീഷണിപ്പെടുത്താനും മാനേജ്മെന്റ് ശ്രമിക്കുകയുണ്ടായി.

യൂണിവേഴ്‌സിറ്റിയില്‍ നിന്നും സര്‍ക്കുലര്‍ ലഭിച്ചിട്ടുണ്ടെങ്കിലും ഇത്തരത്തിലുള്ള സര്‍ക്കുലര്‍ ഇറക്കാന്‍ യൂണിവേഴ്‌സിറ്റിക്ക് അധികാരമില്ല എന്നാണ് കാരക്കോണം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ഡോ. സുശീല കെ. പിള്ള പ്രതികരിക്കുന്നത്. ഗവണ്‍മെന്റിന്റെ ഭാഗത്ത് നിന്നും ഇതുമായി ബന്ധപ്പെട്ട് അറിയിപ്പുകള്‍ ഒന്നും തങ്ങള്‍ക്കു ലഭിച്ചിട്ടില്ല എന്നും അവര്‍ പറയുന്നു.

താമസസ്ഥലത്തെ കുടിവെള്ളവും വൈദ്യുതിയും വിച്ഛേദിക്കുമെന്നായിരുന്നു ആക്റ്റിംഗ് പ്രിന്‍സിപ്പലിന്റെ വക ഭീഷണി. മാനേജ്മെന്റ് ഒരു തരത്തിലും അനുകൂല നിലപാടെടുക്കും എന്ന് പ്രതീക്ഷയില്ലാഞ്ഞതിനാല്‍ സമരത്തിന്റെ രൂപം മാറ്റാന്‍ 102 പേരോളം വരുന്ന ഹൌസ് സര്‍ജന്മാര്‍ തീരുമാനിക്കുകയായിരുന്നു. അതിന്റെ അടിസ്ഥാനത്തിലാണ് കാമ്പസിലും സെക്രട്ടേറിയറ്റ് പടിക്കലും ഒരേ സമയം സമരമിരിക്കാന്‍ ഹൌസ് സര്‍ജന്മാര്‍ ആരംഭിച്ചത്.

കേരളാ യൂണിവേഴ്സിറ്റി ഓഫ് ഹെല്‍ത്ത് സയന്‍സിലാണ് (കെയുഎച്ച്എസ്) കാരക്കോണം മെഡിക്കല്‍ കോളേജ് എംബിബിഎസ്. എംഡി എന്നിവയടക്കമുള്ള 12 കോഴ്സുകള്‍ നടത്താനായി അഫിലിയേഷന്‍ നേടിയിരിക്കുന്നത്. ഇതേ സര്‍വ്വകലാശാല തന്നെയാണ് സ്റ്റെപ്പന്‍റ്റ് തുക സര്‍ക്കാര്‍ നിഷ്കര്‍ശിച്ചതു തന്നെ ഹൌസ് സര്‍ജന്മാര്‍ക്ക് ലഭ്യമാക്കണം എന്ന് സര്‍ക്കുലര്‍ ഇറക്കുന്നത്‌. അതേ ഉത്തരവിന് പുല്ലുവില പോലും കല്‍പ്പിക്കാതെ മാനേജ്മെന്റ് തന്നിഷ്ടപ്രകാരമുള്ള സ്റ്റെപ്പന്‍റ്റ് നല്കിക്കൊണ്ടിരിക്കുകയായിരുന്നു.

2002 മുതല്‍ അഡ്മിഷന്‍ സമയത്ത് ഇവിടെ നടക്കുന്ന സീറ്റ് കച്ചവടത്തിന്റെ വിവരങ്ങള്‍ ചാനലുകള്‍ പുറത്തുകൊണ്ടുവന്നിരുന്നു. ഓരോ വര്‍ഷവും നടക്കുന്ന സീറ്റ് കച്ചവടത്തിന്റെ വിവരങ്ങള്‍ യഥാസമയത്ത് പുറത്തെത്തുന്നുണ്ടെങ്കിലും നടപടികളൊന്നും ഇവര്‍ക്കെതിരെ ഉണ്ടാവാറുമില്ല.

കാരക്കോണം മെഡിക്കല്‍ കോളേജിലെ ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥിനിയായ മീനാക്ഷി കോളേജ് ഹോസ്റ്റലില്‍ വച്ച് കുഴഞ്ഞു വീണ് മരിച്ചപ്പോള്‍ മാധ്യമ പ്രവര്‍ത്തകരെ അകത്തേയ്ക്ക് കടത്തിവിടാതെ കോളേജ് അധികൃതര്‍ ഇന്‍ക്വസ്റ്റ് നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കിയതിനെതിരെ പ്രതിഷേധം ഉയര്‍ന്നിരുന്നു. അകത്തേക്ക് കയറിയ മാധ്യമപ്രവര്‍ത്തകരെ കൈകാര്യം ചെയ്യാനും മാനേജ്മെന്‍റ്റിന്റെ കിങ്കരന്‍മാരായ സെക്യൂരിറ്റി ജീവനക്കാര്‍ തുനിഞ്ഞിരുന്നു.

അതേ സമയം ഹൌസ് സര്‍ജന്‍മാരുടെ സമരത്തിനോട് മുഖം തിരിച്ചു നില്‍ക്കുന്ന നിലപാടായിരുന്നു സംസ്ഥാന സര്‍ക്കാരിന്. ഭരണ സിരാകേന്ദ്രത്തിന്റെ മൂക്കിന് താഴെ ആയിട്ടും ഉത്തരവാദപ്പെട്ട ആരും തിരിഞ്ഞു നോക്കിയില്ല. ഒടുക്കം അങ്ങോട്ടു പോയി കണ്ടിട്ടും ആരോഗ്യമന്ത്രിയും വകുപ്പ് സെക്രട്ടറിയും കൈമലര്‍ത്തി. സ്വകാര്യ മെഡിക്കല്‍ കോളേജ് ആയതിനാല്‍ തങ്ങള്‍ക്ക് ഇടപെടാന്‍ ആകില്ല എന്നായിരുന്നു സമീപിച്ച ഹൌസ് സര്‍ജന്മാര്‍ക്ക് ലഭിച്ച മറുപടി. പ്രൊഫഷനല്‍ കോളേജുകളിലെ അഡ്മിഷനും ഫീസുമടക്കമുള്ളവയില്‍ തീരുമാനമെടുക്കാന്‍ ജെയിംസ് കമ്മിറ്റിയെ സമീപിക്കാനാണ് മന്ത്രിയും വകുപ്പ് സെക്രട്ടറിയും ഉപദേശിച്ചത്.

തങ്ങളുടെ അധീനതയിലുള്ള കോളേജില്‍ ഇത്തരത്തില്‍ ഒരു സംഭവം നടന്നിട്ടും സിഎസ്ഐ മഹായിടവകയുടെ സൗത്ത് കേരളാ ഡയോസ് ബിഷപ്പ് റവറന്റ് ധര്‍മ്മരാജ് റസാലം പറഞ്ഞത് റിട്ടണ്‍ കമ്പ്ലൈന്റ് കിട്ടാതെ തനിക്കൊന്നും ചെയ്യാനാകില്ല എന്നായിരുന്നു.

ഇതില്‍ സഭ ഇടപെടേണ്ട ആവശ്യം വരുന്നില്ല. അക്കാദമിക് വിഷയമായതിനാല്‍ അത് കൈകാര്യം ചെയ്യേണ്ടത് കോളേജ് മാനേജ്മെന്റ് തന്നെയാണ്. തൊഴിലാളികളുടെ കാര്യമോ മറ്റോ ആയിരുന്നെങ്കില്‍ സഭ ഇടപെടാന്‍ സാധിക്കുമായിരുന്നു. അവര്‍ എന്തിനു സമരം ചെയ്യുന്നു എന്നതിനെക്കുറിച്ച് എനിക്കിതുവരെ റിട്ടന്‍ കമ്പ്ലൈന്റ് തന്നിട്ടില്ല. ചെയര്‍മാന്‍ എന്ന നിലയില്‍ അവര്‍ക്കെപ്പോഴും എന്നെ സമീപിക്കാവുന്നതാണ്. എന്നാല്‍ അങ്ങനെയൊന്നുണ്ടായിട്ടില്ല’- ബിഷപ്പ് പറയുന്നു.എന്നാല്‍ ഇത് അടിസ്ഥാനരഹിതമാണ് എന്ന് ഹൌസ് സര്‍ജന്മാര്‍ പറയുന്നുണ്ട്. ഈ മാസം അഞ്ചാം തീയതി ബിഷപ്പിന് പരാതി നല്‍കിയതായി അവര്‍ വ്യക്തമാക്കുന്നു. തനിക്ക് പരാതി ലഭിച്ചില്ല എന്ന് ആവര്‍ത്തിക്കുന്ന ബിഷപ്പിന്റെ വാദം ഇതോടെ പൊളിയുകയാണ്.

'സഭ ഏറ്റെടുത്തു തീര്‍ക്കേണ്ട ഒന്നാണ് ഇതെന്ന്തോന്നുന്നില്ല. ഇതവിടുത്തെ തൊഴിലാളികളുടെ സമരമല്ല. അങ്ങനെയൊന്നുണ്ടായാല്‍ മാത്രമേ സഭ ഇടപെടേണ്ടതുള്ളു.' എന്നായിരുന്നു സഭയിലെ മറ്റൊരിടയനായ റവറന്റ് പോള്‍സണ്‍ അഭിപ്രായപ്പെട്ടത്.

ഹൌസ് സര്‍ജന്മാര്‍ അവിടത്തെ തൊഴിലാളികളല്ലല്ലോ. ഹൌസ് സര്‍ജന്‍സി അവരുടെ അക്കാദമിക്സിന്റെ ഭാഗമാണ്, അത് മാന്‍ഡേറ്ററി ആണ്. രണ്ടു മാസം മാത്രമാണ് അവരുടെ കോഴ്സ്തീരാന്‍ ഉള്ളത്. ആ സമയത്ത് എന്തിന് ഇങ്ങനെയൊരു സമരം അവര്‍ ചെയ്തു എന്ന് മനസ്സിലാവുന്നില്ല. കുട്ടികള്‍ അവര്‍ അനുഭവിക്കുന്ന സൗകര്യങ്ങള്‍ എത്രത്തോളം നന്‍മയായി കാണുന്നു എന്നെനിക്കറിയില്ല. അവര്‍ക്കുള്ള ഹോസ്റ്റല്‍ സൗകര്യം, വൈദ്യുതി എന്നിവയ്ക്ക് മാനേജ്മെന്റ് പണം നല്‍കണം. കൂടാതെ അവര്‍ അനുഭവിക്കുന്ന സൗകര്യങ്ങള്‍ക്കെല്ലാം ബാധ്യതയുണ്ടാവുന്നത് മാനേജ്മെന്‍റിനാണ്. കാരക്കോണത്തെ വിദ്യാര്‍ഥികള്‍ താമസിക്കുന്നത് ഒരു പൈസപോലും തരാതെയാണ്. ഇതെന്റെ പേഴ്സണല്‍ അഭിപ്രായമാണ്. സഭയെ സംബന്ധിച്ചിടത്തോളം ഇതൊരു ചര്‍ച്ചാവിഷയമായി വന്നിട്ടില്ല’ എന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.

എന്നാല്‍ സമരം കൂടുതല്‍ ശക്തിയാര്‍ജ്ജിക്കുകയും മറ്റുള്ള മെഡിക്കല്‍ കോളേജുകളില്‍ നിന്നും പിന്തുണ ലഭിക്കുകയും ഐഎംഎ പോലെയുള്ള സംഘടനകള്‍ ഇടപെടുകയും ചെയ്തതോടെയാണ് ഹൌസ് സര്‍ജന്മാര്‍ക്ക് അനുകൂലമായ തീരുമാനം എടുക്കാന്‍ സഭയും മാനേജ്മെന്‍റ്റും തയ്യാറായത്. മുഖ്യധാര മാധ്യമങ്ങള്‍ തമസ്കരിച്ചെങ്കിലും അഴിമുഖമടക്കമുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങളും സാമൂഹിക മാധ്യമങ്ങളും വിഷയം ഏറ്റെടുത്തതും മാനേജ്മെന്റിനെ സമരം അവസാനിപ്പിക്കാന്‍ മുന്‍കയ്യെടുക്കാന്‍ പ്രേരിപ്പിക്കുകയായിരുന്നു.

(അഴിമുഖം സ്റ്റാഫ് റിപ്പോര്‍ട്ടറാണ് ലേഖകന്‍)


Next Story

Related Stories