TopTop

കരിങ്കുന്നം സിക്‌സസ്; ഒരു കായിക സിനിമ മാത്രമല്ല

കരിങ്കുന്നം സിക്‌സസ്; ഒരു കായിക സിനിമ മാത്രമല്ല

പൊതുവെ കായിക സിനിമാ പരീക്ഷണങ്ങള്‍ വളരെ കുറവാണ് മലയാളത്തില്‍. ദീപു കരുണാകരന്‍ സംവിധാനം ചെയ്ത കരിങ്കുന്ന സിക്‌സ് ആ ഗണത്തില്‍പ്പെട്ട സിനിമയാണ്. മഞ്ജു വാര്യര്‍ ആദ്യമായി ഒരു വോളിബോള്‍ കോച്ചിന്റെ വേഷത്തില്‍ വരുന്ന സിനിമ. നടിയേക്കാള്‍ കൂടുതല്‍ നര്‍ത്തകിയുടെ വേഷത്തിലാണ് മഞ്ജു ഇപ്പോള്‍ തിളങ്ങുന്നതെന്നതിനാല്‍ തന്നെ അവരുടെ ഈ വ്യത്യസ്തവേഷം കരിങ്കുന്നം സിക്‌സ് കാണാനുള്ള ഒരു കാരണമാകുന്നുണ്ട്.

വന്ദന (മഞ്ജു വാര്യര്‍) ഒരു വീട്ടമ്മയാണ്. വിപ്ലവകരമായ പ്രണയ വിവാഹത്തിനു ശേഷം ഭര്‍ത്താവിന്റെ വോളിബോള്‍ ടീമിന്റെ സ്വപ്നങ്ങള്‍ക്കു കൂട്ടു നില്‍ക്കുകയാണ് അവര്‍ ചെയ്യുന്നത്. അയാളുടെ സ്വപ്ന പദ്ധതിയാണ് വോളിബോള്‍ പ്രീമിയര്‍ ലീഗ്. കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ വ്യാപാര താത്പര്യങ്ങളും സ്വന്തം ടീമംഗങ്ങളുടെ ചതിയും അപ്രതീക്ഷിതമായുണ്ടാവുന്ന അപകടവും ആ സ്വപ്നം പാതി വഴിയില്‍ ഉപേക്ഷിക്കാന്‍ അയാളെ നിര്‍ബന്ധിതനാക്കുന്നു. പിന്നീട് വന്ദന വോളിബോള്‍ കോച്ചിന്റെ റോള്‍ ഏറ്റെടുക്കുന്നു. ഒരുപാടു ചതികള്‍ക്കും അലച്ചിലിനുമൊടുവില്‍ ഒരു ടീമിനെ വാര്‍ത്തെടുക്കാനുള്ള വന്ദനയുടെ യാത്ര എത്തുന്നത് ജയില്‍ അന്തേവാസികള്‍ക്കടുത്താണ് അവിടെ അവര്‍ക്കു നേരിടേണ്ടി വരുന്ന വെല്ലുവിളികളും കരിങ്കുന്നം സിക്‌സ്‌സ് എന്ന അവരുടെ ടീമിന്റെ യാത്രകളുമൊക്കെയാണു സിനിമ.

നഗരവത്ക്കരണം ഇത്രയും വ്യപകമാകും മുന്നേ വോളിബോള്‍ മത്സരങ്ങള്‍ ഇല്ലാത്ത പാടങ്ങളും മൈതാനങ്ങളും കുറവായിരുന്നു. ജിമ്മി ജോര്‍ജും ഉദയകുമാറുമെല്ലാം നഗരങ്ങളിലെയും നാട്ടിന്‍പുറങ്ങളിലേയും ഹീറോകളായിരുന്നു. വോളിബോള്‍ മത്സരങ്ങളുള്ള വൈകുന്നേരങ്ങള്‍ നിത്യകാഴ്ച ആയ ഒരു കാലത്തെ എവിടെയൊക്കെയോ കരിങ്കുന്നം സിക്‌സസ് അടയാളപ്പെടുന്നുന്നുണ്ട്. സ്‌കൂള്‍ കോളേജ് മൈതാനങ്ങളില്‍, നഗരങ്ങളിലെ ചില ക്ലബുകളില്‍ ഒക്കെ കാണാറുണ്ടെങ്കിലും നാട്ടുമൈതാനങ്ങളില്‍ വനിത വോളിബോള്‍ കളിക്കാരെ കാണാറില്ല. ഒരു വനിതാ കോച്ച് എന്ന ആശയം അതുകൊണ്ടു തന്നെ കൗതുകം ഉണ്ടാക്കുന്നുണ്ട്. ജയില്‍ മൈതാനത്തു വന്ദന എടുത്ത ആ സ്മാഷ് ഈ കൗതുകത്തെ ഉള്‍ക്കൊള്ളുന്ന ഒരു രംഗം ആണ്. ജയിലില്‍ എത്തിയ വന്ദനയെ അവിടുത്തെ അന്തേവാസികള്‍ ആദ്യം കേവല ശരീരമായും പിന്നെ അവരുടെ നേതൃത്വത്തെ അംഗീകരിക്കുന്നതും പുരോഗമനപരമായ കാഴ്ചകള്‍ ആണ്. ഒരു കൂട്ടത്തെ അവരുടെ ഐക്യ ബോധത്തെ ഒക്കെ അംഗീകരിക്കാന്‍ ഒരു കായിക വിനോദത്തിലൂടെ സാധിക്കും.സിനിമ ചര്‍ച്ച ചെയ്യുന്ന മറ്റൊരു വിഷയം ജയില്‍ അന്തേവാസികളോടുള്ള മനോഭാവത്തില്‍ വരേണ്ട മാറ്റങ്ങളെ കുറിച്ചാണ്. ഇടക്കൊക്കെ പാളി പോയെങ്കിലും അവരോടുള്ള മനുഷ്യത്വപരമായ സമീപനത്തെ പറ്റി കരിങ്കുന്നം സിക്‌സസ് സംസാരിക്കുന്നുണ്ട്. കുറ്റവും ശിക്ഷയും ചുറ്റിപ്പറ്റിയുള്ള തര്‍ക്ക വിതര്‍ക്കങ്ങള്‍ നിലനില്‍ക്കുന്ന ഈ കാലത്ത് അറിഞ്ഞോ അറിയാതെയോ അതില്‍ പങ്കാളി ആകുന്നുണ്ട് കരിങ്കുന്നം സിക്‌സസ്. കേരളത്തിലെ കായിക മേഖലയിലെ അപചയം, സ്‌പോര്‍ട്‌സിന്റെ വാണിജ്യവത്കരണം, ബെറ്റിങ് മാഫിയകള്‍ ഉണ്ടാക്കുന്ന കൃത്രിമമായ അപ്രവചനീയതകള്‍, പ്രീമിയര്‍ ലീഗുകള്‍ പോലെ പണം ഇറക്കി കൊയ്യാന്‍ വേണ്ടി നടത്തുന്ന പരിപാടികള്‍ ഒക്കെ സ്പര്‍ശിച്ചു പോകുന്നുണ്ട് കരിങ്കുന്നം സിക്‌സസ്.

ഒരു വോളിബോള്‍ കോച്ചിലേക്ക് ശരീരത്തെ സന്നിവേശിപ്പിക്കാന്‍ മഞ്ജു വാര്യര്‍ക്ക് സാധിച്ചിട്ടുണ്ട്. ദ്വയാര്‍ത്ഥ അശ്ലീല തമാശകളില്‍ നിന്നും പൂര്‍ണമായി പുറത്തെത്താന്‍ കഴിഞ്ഞാല്‍ മലയാളത്തിലെ എണ്ണം പറഞ്ഞ നടന്മാരിലേക്കുള്ള സുരാജിന്റെ ദൂരം വളരെ കുറവാണ് എന്നു വീണ്ടും തെളിയിക്കുന്നുണ്ട് കരിങ്കുന്നം സിക്‌സസ്. അഭിനയിച്ച എല്ലാവരും സ്വന്തം ഭാഗം മികവുറ്റതാക്കാന്‍ ശ്രമിച്ചിട്ടുണ്ട്. വോളിബോള്‍ മത്സരങ്ങള്‍ വലിയ പരിക്കില്ലാതെ സിനിമയില്‍ അവതരിപ്പിച്ചിട്ടുണ്ട്. വന്ദനക്ക് കായിക ലോകത്ത് ഒരു വിദൂര ഭൂതകാലം ഉണ്ടെന്ന നൈമിഷിക പരാമര്‍ശങ്ങള്‍ ഒഴിച്ചാല്‍ അവരുടെ കോച്ചിങ് രംഗത്തേക്കുള്ള പെട്ടെന്നുള്ള കടന്നു വരവിനു ചെറിയ അവിശ്വസനീയത ഉണ്ട്. ക്യാമറ, പാട്ടുകള്‍ എഡിറ്റിംഗ് ഇവയെ പറ്റിയൊന്നും പ്രത്യേകിച്ചു പറയാനില്ല. പശ്ചാത്തല സംഗീതത്തിന്റെ അതിപ്രസരം സിനിമയെ പ്രതികൂലമായാണ് ബാധിച്ചിരിക്കുന്നത്. അതിഭാവുകത്വവും ചില രംഗങ്ങളില്‍ കല്ലുകടി ആവുന്നുണ്ട്.

മുഖ്യധാര സിനിമകളിലെ പരീക്ഷണങ്ങള്‍ ആസ്വദിക്കുന്നവര്‍ക്കും സ്‌പോര്‍ട്‌സ് സിനിമകളെ അതിന്റെ എല്ലാ പരിമിതികളോടെയും സ്വീകരിക്കുന്നവര്‍ക്കും മുഴുനീള സ്ത്രീകഥാപാത്രം കൊണ്ടുപോകുന്ന സിനിമ സന്തോഷിപ്പിക്കുന്നവര്‍ക്കും കരിങ്കുന്നം സിക്‌സസ് കാണാം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories