TopTop
Begin typing your search above and press return to search.

കരിപ്പൂരും കണ്ണൂരും; ചില ആര്‍മി/സിവിലിയന്‍ താരതമ്യങ്ങള്‍

കരിപ്പൂരും കണ്ണൂരും; ചില ആര്‍മി/സിവിലിയന്‍ താരതമ്യങ്ങള്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ നടന്ന സംഭവങ്ങളില്‍ അസ്വാഭാവികമായി ഒന്നും ഇല്ല. പട്ടാളക്കാരന്റെ മുന്നില്‍ എപ്പോഴും ഒരു ശത്രു ഉണ്ട്. ശത്രു ഇല്ലെങ്കില്‍ പിന്നെ പട്ടാളത്തിന്റെ ആവശ്യമെന്ത്? എന്ത് അസ്തിത്വം?

മനുഷ്യരെ കൊല്ലാന്‍ പഠിപ്പിക്കുന്ന കളരിയാണ് ഏത് രാജ്യത്തെയും പട്ടാളം. കൊല്ലുന്നതിലെ കലയും ക്രാഫ്റ്റുമാണ് കളരിയിലെ സിലബസ്. പണ്ടു കൊന്നവരാണ് ക്ലാസെടുക്കുന്നത്. കൊല്ലാനുള്ള ആയുധങ്ങള്‍ നിറഞ്ഞ full fledged laboratory ഏത് രാജ്യത്തിനും ഉണ്ടാകും. കൊല്ലാനുള്ള സ്പിരിറ്റ് നിലനിര്‍ത്താന്‍ മദ്യം യഥേഷ്ടം ലഭ്യം.

പഠനം പൂര്‍ത്തിയാക്കി പരീക്ഷ കാത്തിരിക്കുയാണ് ഓരോ പട്ടാളക്കാരനും. പഠിച്ചതു തന്നെ റിവൈസ് ചെയത്, വീണ്ടും മനഃപാഠമാക്കി, കൈവെള്ളകള്‍ പരസ്പരം ഉരച്ച് കാത്തിരിക്കുന്നു ഓരോ പട്ടാളക്കാരനും - താന്‍ പഠിച്ചതൊക്കെ പ്രവര്‍ത്തിപ്പിച്ചുകാണിക്കാന്‍. പ്രാക്ടിക്കല്‍ പരീക്ഷയാണ് യഥാര്‍ത്ഥ പരീക്ഷ. അവിടെയാണ് എത്രപേരെ കൊന്നു; എങ്ങനെ കൊന്നു തുടങ്ങിയ critical evaluation നടക്കുന്നത്. അതിന്റെ മാനദണ്ഡമനുസരിച്ചാണ് ചക്രവും വീരചക്രവും പരമവീരചക്രവുമൊക്കെ ലഭിക്കുക. ഓര്‍ക്കുക, ഒരു പരമ വീരചക്രക്കാരന്‍ പരമാവധിപേരെ കൊന്നിരിയ്ക്കും. ശത്രുക്കളെ. എത്ര പേരെ? എങ്ങനെ? അതാണ് പ്രധാനം. എത്ര പേരെ കൊന്നു എന്നത് പട്ടാളക്കാരന്റെ കിരീടത്തിലെ പൊന്‍തൂവലാണ്. പഴയ ചില പുരുഷകേസരികള്‍ എത്ര സ്ത്രീകളെ ഭോഗിച്ചു എന്നത് സ്വന്തം പൊന്‍തൂവലായി കൊണ്ടുനടക്കുന്നതുപോലെ. (അതുകൊണ്ടാണ്, മേജര്‍ തസ്തികയ്ക്കപ്പുറത്ത് പട്ടാളത്തില്‍ റാങ്കില്ല എന്ന മട്ടില്‍ സംസാരിക്കുന്ന പട്ടാള- ചലച്ചിത്ര ഉല്‍പ്പന്നമായ മേജര്‍ രവി, ''ഞാന്‍ ആറുപേരെ കൊന്നിട്ടുണ്ട്'' എന്ന് ഞെളിഞ്ഞിരുന്ന് പറയുന്നത്.)പട്ടാളം ശത്രുവിനെ കണ്ടെത്തുന്നത് ഒരു പ്രത്യേക രീതിയിലാണ്. അതിര്‍ത്തി കടന്നെത്തുന്ന മയക്കുമരുന്നു കച്ചവടക്കാരെയും ആയുധവ്യാപാരികളെയും തീവ്രവാദികളേയും അവര്‍ കാണില്ല. അതിര്‍ത്തി കടന്ന് പശുവിന് പുല്ലുപറിയ്ക്കാന്‍ വരുന്നവരേയും ദാരിദ്ര്യം സഹിക്കാന്‍ കഴിയാതെ അതിര്‍ത്തി കടന്ന് തൊഴില്‍ തേടിവരുന്നവരേയും അവര്‍ കാണും. അതിര്‍ത്തി കടന്നവരൊക്കെ നുഴഞ്ഞുകയറ്റക്കാരാണ്. അതിക്രമിച്ചുകടക്കുന്നവരാണ്. അവര്‍ ശത്രുക്കളാണ്. ശത്രുക്കള്‍ നിഗ്രഹിക്കപ്പെടേണ്ടവരാണ്.

സി ഐ എസ് എഫ് പട്ടാളമാണ്. 1969 ല്‍ 2800 പേരുമായി തുടങ്ങിയ സി ഐ എസ് എഫ് ഇന്നത്തെ ഘടനയിലും രൂപത്തിലുമാകുന്നത് 1983 ലാണ്. ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമായി സി ഐ എസ് എഫ് മാറുന്നതും അതു മുതല്ക്കാണ്. ഇതിനു വേണ്ടി 1983 ജൂണ്‍ 15 ന് പാര്‍ലമെന്റില്‍ നിയമവും കൊണ്ടുവന്നു. ഇന്ന് സി ഐ എസ് എഫില്‍ രണ്ടുലക്ഷത്തിലേറെ ഭടന്‍മാരുണ്ട്. ലോകത്തിലെ ഏറ്റവും വലിയ വ്യവസായ സംരക്ഷണസേനയാണ് സി ഐ എസ് എഫ്.

കേന്ദ്രസര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും വിമാനത്താവളങ്ങള്‍ക്കും ആണവനിലയങ്ങള്‍ക്കും ബഹിരാകാശ നിലയങ്ങള്‍ക്കും എണ്ണപ്പാടങ്ങള്‍ക്കും ഖനികള്‍ക്കും മാത്രമല്ല, ഇന്‍ഫോസിസ്, റിലയന്‍സ് തുടങ്ങിയ വമ്പന്‍ കോര്‍പ്പറേറ്റ് സ്ഥാപനങ്ങള്‍ക്കും സി ഐ എസ് എഫ് സുരക്ഷ നല്‍കുന്നു.

2000 വരെ വിമാനത്താവളങ്ങളുടെ സുരക്ഷ അതാത് സംസ്ഥാനത്തിന്റെ കീഴിലുള്ള എയര്‍പോര്‍ട്ട് പോലീസിനായിരുന്നു. എന്നാല്‍, 1999-ല്‍ ഇന്ത്യന്‍ എയര്‍ലൈന്‍സിന്റെ ഫ്‌ളൈറ്റ് 814 കാണ്ഡഹാറിലേക്ക് ഹര്‍കത്-ഉള്‍-മുജാഹിദിന്‍ തീവ്രവാദികള്‍ തട്ടിക്കൊണ്ടുപോയതിനെ തുടര്‍ന്നാണ് വിമാനത്താവളങ്ങളുടെ സുരക്ഷ സി ഐ എസ് എഫിന് നല്‍കിയത്.

സി ഐ എസ് എഫിനു തന്നെ സ്വന്തമായി ഒരു അഗ്നിശമന വിഭാഗമുണ്ട്. തൊണ്ണൂറിലേറെ യൂണിറ്റുകളുള്ള ഈ വിഭാഗത്തില്‍ ഏഴായിരത്തോളം അഗ്നിശമന പ്രവര്‍ത്തകരും ഉണ്ട്. ഏറ്റവും ആധുനികമായ സൗകര്യങ്ങളുള്ള ഈ അഗ്നിശമന വിഭാഗമാണ് എണ്ണശുദ്ധീകരണശാലകള്‍ക്കും വളനിര്‍മ്മാണശാലകള്‍ക്കും ബഹിരാകാശ സ്ഥാപനങ്ങള്‍ക്കും വന്‍കിട വ്യവസായ സ്ഥാപനങ്ങള്‍ക്കും അഗ്നിസുരക്ഷ നല്‍കിവരുന്നത്.

എന്നാല്‍ വിമാനത്താവളങ്ങളിലെ അഗ്നിശമന പ്രവര്‍ത്തനം നടത്തുന്നത് എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യ (AAI) യുടെ കീഴിലുള്ള Airport Rescue and Fire Fighting (ARFF) വിഭാഗമാണ്. തിണ്ണമിടുക്ക് കാണിക്കുന്ന രണ്ട് ഏജന്‍സികള്‍ തമ്മിലുള്ള ഈഗോ ക്ലാഷ് ആണ് കരിപ്പൂര്‍ വിമാനത്താവളത്തിലെ പൊട്ടിത്തെറിക്ക് കാരണമെന്ന് ഒറ്റനോട്ടത്തില്‍ തോന്നാം.

പക്ഷെ, അത് പൂര്‍ണ്ണമായും ശരിയല്ല. കാരണം, അങ്ങനെയാണെങ്കില്‍ ഇത്തരം പൊട്ടിത്തെറികള്‍ക്ക് കൂടുതല്‍ സാധ്യത, ദില്ലി, മുംബൈ, ചെന്നൈ എയര്‍പോര്‍ട്ടുകളിലാണ്. കാരണം, അത്രയും തിരക്കുപിടിച്ച വിമാനത്താവളമല്ല കരിപ്പൂര്‍. ഈ വിമാനത്താവളം പ്രധാനമായും ഉപയോഗിക്കുന്നത്, മലബാര്‍ മേഖലയിലെ പ്രവാസികളും കള്ളക്കടത്തുകാരുമാണ്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കള്ളക്കടത്ത് പിടിക്കുന്നത് കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നാണ്. അതുപക്ഷെ, പണം കൊടുത്ത് രാജ്യസഭാ സീറ്റ് വാങ്ങിയെന്ന് പറയപ്പെടുന്ന വഹാബിനെപ്പോലുള്ളവര്‍ പറയുന്നതുപോലെ ഉദ്യോഗസ്ഥരുടെ മിടുക്കുകൊണ്ടല്ല, കള്ളക്കടത്തുകാരുടെ ധാരാളിത്തം കൊണ്ടാണ്. കരിപ്പൂര്‍ വഴി നടക്കുന്ന കള്ളക്കടത്തിന്റെ ചെറിയ ഒരു ശതമാനം മാത്രമാണ് പിടിക്കപ്പെടുന്നത്. കേരളത്തിലെ പല ജ്വല്ലറികളിലേക്കും ഇതുവഴി കടത്തുന്ന സ്വര്‍ണ്ണം എത്തുന്നു. ഈ വിമാനത്താവളം വഴി നടത്തുന്ന കള്ളക്കടത്തിന്റെ കമ്പോളം കേരളം മാത്രമാണെന്ന് കരുതരുത്. ഇന്ത്യയിലെ തന്നെ പ്രധാനപ്പെട്ട കള്ളക്കടത്ത് കേന്ദ്രമാണ് കരിപ്പൂര്‍.ഇതിനൊരു ചരിത്ര പശ്ചാത്തലമുണ്ട്. മഹാരാഷ്ട്രയില്‍ കോണ്‍ഗ്രസ് കുത്തകപോയി ശിവസേന അധികാരത്തില്‍ വന്നതോടെ കള്ളക്കടത്ത് പ്രമുഖരുടെ മതത്തിന്റെ കാര്യത്തിലും മാറ്റം വന്നു. അതോടെ ഹാജി മസ്താനെപ്പോലുള്ള മഹാന്‍മാരായ കള്ളക്കടത്തുകാര്‍ കെട്ടിയുയര്‍ത്തിയ സാമ്രാജ്യത്തില്‍ മറ്റുമതസ്ഥര്‍ കൊടികുത്തി. പഴയ കള്ളക്കടത്തുകാര്‍ മുംബൈയില്‍ നിന്നും ചുവടുമാറ്റി പിടിച്ചു. അങ്ങനെ മാറ്റിയ ചുവടായിരുന്നു കരിപ്പൂര്‍. കേരളം കുറേക്കൂടി സുരക്ഷിത സ്ഥലമായിരുന്നു. കാരണം, ഇവിടുത്തെ രാഷ്ട്രീയ - ഉദ്യോഗസ്ഥര്‍ ചെറിയ തുകയില്‍ വീണുപോകുന്നവരായിരുന്നു. (കാലം മാറി, കേരളം ഇന്ന് ലോകഭൂപടത്തില്‍ തന്നെ സ്ഥാനംപിടിച്ചുകഴിഞ്ഞു.)

കള്ളക്കടത്തിന്റെ സുഗമമായ നടത്തിപ്പിന് വേണ്ട ഏജന്‍സികള്‍ രാഷ്ട്രീയ നേതൃത്വം, പോലീസ്, വിമാനത്താവള ഉദ്യോഗസ്ഥര്‍, കസ്റ്റംസ് ഉദ്യോഗസ്ഥര്‍ എന്നിവയാണ്. അവര്‍ക്ക് വേണ്ടത് പണവും പെണ്ണുമാണ്. അതിനുവേണ്ടി കൂണുപോലെ പലസ്ഥാപനങ്ങളും ഉയര്‍ന്ന് വന്നു അതിലൊന്നായിരുന്നു ശ്രീദേവിയുടെ ഐസ്‌ക്രീം പാര്‍ലര്‍. ഐസ്‌ക്രീം പാര്‍ലറില്‍ നിന്ന് പെണ്‍കുട്ടികളെ എയര്‍പോര്‍ട്ടില്‍ എത്തിച്ചിരുന്നു. പോലീസുകാര്‍ക്ക് കാഴ്ചവെച്ചിരുന്നു. രാഷ്ട്രീയക്കാര്‍ - ചുവപ്പും പച്ചയുമെന്ന വ്യത്യാസമില്ലാതെ - യഥേഷ്ടം ഇത്തരം താവളങ്ങളുടെ ചൂടേറ്റ് വളര്‍ന്നിരുന്നു.

ഐസ്‌ക്രീം പാര്‍ലര്‍ കേസ് - മഞ്ഞുമലയുടെ ഒരറ്റമായിരുന്നു. എന്നാല്‍, മറ്റുള്ളവരുടെ വ്യഭിചാര കഥകള്‍ കേട്ട് ഭോഗാലസ്യം ലഭിക്കുന്ന മലയാളി മഞ്ഞുമല കണ്ടില്ല. അതിന്റെ തുമ്പു മാത്രമേ കണ്ടുള്ളു. അതുകൊണ്ടാണ് കരിപ്പൂര്‍ വിമാനത്താവളം ഇന്ത്യയിലെ തന്നെ പ്രമുഖ കള്ളക്കടത്ത് കേന്ദ്രമായി മാറുന്നത് തടയാന്‍ നമുക്ക് കഴിയാതിരുന്നതും.

ഏറെക്കുറേ ഇതേ സമയത്തുതന്നെയാണ് വിമാനത്താവളത്തിന്റെ സുരക്ഷ സംസ്ഥാന സര്‍ക്കാരിന് കീഴിലുള്ള എയര്‍പോര്‍ട്ട് പൊലീസില്‍ നിന്ന് മാറ്റി കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള സി ഐ എസ് എഫിലേക്ക് മാറുന്നത്. കരിപ്പൂരിലെ പ്രശ്‌നങ്ങള്‍ക്ക് പതിനാലിലേറെ വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് രാഷ്ട്രീയക്കാര്‍ പറയുമ്പോള്‍ അവര്‍ പറയാതെ പോകുന്ന വസ്തുത ഇതാണ്. പണ്ട് സുരക്ഷ നല്‍കിയിരുന്ന മലയാളികളും എയര്‍പോര്‍ട്ട് ഉദ്യോഗസ്ഥരിലെ മലയാളികളും തമ്മിലുണ്ടായിരുന്ന പൊന്നില്‍ തീര്‍ത്ത ബന്ധം സി ഐ എസ് എഫുകാര്‍ സുരക്ഷയുടെ ചുമതലയേറ്റതോടെ കണ്ണിപൊട്ടി. വിളക്കി ചേര്‍ക്കാനുള്ള ശ്രമം പൂര്‍ണ്ണമായും വിജയിച്ചില്ല. ആ ഭാഗം അല്‍പ്പം മുഴച്ചിരിക്കുന്നു. അത് ഏച്ചുകെട്ടിയതാണ്. ചിലപ്പോള്‍ ചൊറിയും. അങ്ങനെ ഒരു ചൊറിച്ചില്‍ പരസ്പരം മാന്തിപ്പൊളിയ്ക്കലായതാണ് ഇപ്പോള്‍ നടന്ന പൊട്ടിത്തെറി.അതോടെ സി ഐ എസ് എഫ് കാര്‍ക്ക് അഗ്നിശമനസേന ശത്രുക്കളായി. മറിച്ചും. ശത്രുസംഹാരക്രിയകളാണ് തുടര്‍ന്ന് നടന്നത്. പിന്നെ, വിമാനത്താവളം അടിച്ചുപൊളിച്ചതും റണ്‍വേയിലെ ലൈറ്റുകള്‍ തകര്‍ത്തതും യാത്രക്കാരുടെ നേരെ മെക്കിട്ടുകയറിയതുമൊക്കെ ഏതു യുദ്ധത്തോടനുബന്ധിച്ചും നടത്തിപ്പോരാറുള്ള ചില കലാപരിപാടികളാണ്. ശത്രുരാജ്യത്ത് സൈന്യവുമായി യുദ്ധം ചെയ്യുന്നതിന്റെ അനുബന്ധമായി അവിടുത്തെ സ്ത്രീകളെ ബലാല്‍സംഗം ചെയ്യുന്നതും വസ്തുവകകള്‍ കൊള്ളയടിക്കുന്നതും നിരപരാധികളായ കുട്ടികള്‍ക്കു നേരെ നിറയൊഴിക്കുന്നതും ഏതൊരു പട്ടാളക്കാരനും അഭിമാനപൂര്‍വ്വം ചെയ്യുന്ന സൗജന്യസേവനങ്ങളാണ്. അതാരും ചോദ്യം ചെയ്യാറില്ല. തൊട്ടുമുകളിലുള്ള ഉദ്യോഗസ്ഥന്റെ കല്‍പ്പന അനുസരിക്കാതിരുന്നാല്‍ കോര്‍ട്ട് മാര്‍ഷല്‍. ശത്രുരാജ്യത്തെ സ്ത്രീകളെ ബലാല്‍സംഗം ചെയ്താല്‍ വിശിഷ്ട സേവാമെഡല്‍.

പട്ടാളച്ചിട്ടയില്‍ വാര്‍ത്തെടുത്തവര്‍ എങ്ങനെ യൂണിഫോമില്‍ നിന്ന് ഇങ്ങനെ അഴിഞ്ഞാടി എന്നാണ് പല സിവിലിയന്‍മാരും ചോദിക്കുന്നത്. വാസ്തവത്തില്‍ പട്ടാളച്ചിട്ടയെക്കുറിച്ച് പൊതുജനത്തിന് ഒരു ചുക്കും അറിയില്ല. (മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയെ കുറിച്ച് മാധ്യമപ്രവര്‍ത്തകര്‍ക്ക് ഒരു ചുക്കും അറിയില്ല എന്നതുപോലെ.) ചിട്ട പഠിപ്പിക്കുന്നത് കൊല്ലാനാണ്. കൊള്ളിവയ്ക്കാനാണ്. സ്‌കൂളുകളും ആശുപത്രികളും ബോംബിട്ട് തകര്‍ക്കാനാണ്. ജനങ്ങള്‍ കൂട്ടമായി താമസിയ്ക്കുന്ന ഇടങ്ങള്‍ തിരഞ്ഞുപിടിച്ച് carpet bombing നടത്താനാണ്. അതൊക്കെ തന്നെയേ ഇവിടെയും നടന്നുള്ളു. അതിന്റെ ഒരു mild doze. സി സി ടി വിയില്‍ പകര്‍ത്തപ്പെടുമെന്ന് രണ്ടു സേനക്കാര്‍ക്കും അറിയാമായിരുന്നു. അതില്‍ നോക്കി, ആളുകളെ കണ്ടെത്തി, മെഡല്‍ നല്‍കുമെന്നായിരുന്നു പ്രതീക്ഷ. അത്രയും ഉശിരന്‍ പ്രകടനമായിരുന്നു. (രജനീകാന്തും വിജയും നമ്മുടെ പാവം മമ്മൂട്ടിയും ലാലേട്ടനും ഒക്കെ സേനയുടെ സി സി ടി വിയില്‍ പതിഞ്ഞ പ്രകടനം കണ്ട് പുളകിതരാണ്. അടുത്ത സിനിമ 'കരിപ്പൂര്‍' ആണ്. അതിന്റെ ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു.)

എന്നാല്‍ സി സി ടി വി നോക്കി ആളെപിടിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയാണ് ചെയ്യുന്നത്. ഇതൊരു ചതിയാണ്. സി ഐ എസ് എഫിന്റെ ഭടന്‍മാരെ കൂട്ടത്തോടെ ബാംഗ്ലൂരിലേക്ക് സ്ഥലംമാറ്റി. അപ്പോള്‍, അതാണ് പ്രശ്‌നം. കോഴിക്കോട്ടത്തെ കാലാവസ്ഥ സി ഐ എസ് എഫുകാര്‍ക്ക് പിടിയ്ക്കുന്നില്ല. അതുകൊണ്ടാണ് ഇങ്ങനെയൊക്കെ പെരുമാറിയത്. ബാംഗ്ലൂര്‍ നല്ല സ്ഥലമാണ്.സേനയില്‍ നിന്നും മാറി സിവിലിയനിലേക്ക് വരുമ്പോള്‍ കഥയാകെ മാറി. സേന നിത്യവും ചെയ്യുന്ന പ്രവര്‍ത്തികളാണ് കണ്ണൂരിലെ സഖാക്കളും ഭാരതാംബയുടെ മക്കളും ചെയ്യുന്നത്. ശത്രുസംഹാരം. (സഖാക്കള്‍ക്ക് സമയമില്ലാത്തതുകൊണ്ടാണ് ഇപ്പോള്‍ ക്വട്ടേഷന്‍ കൊടുക്കുന്നത്.) പക്ഷെ, അതെല്ലാം പോലീസ് കേസ്. രണ്ടു രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മിലുള്ള അഭിപ്രായ വ്യത്യാസം സമാധാനപരമായി കൈകാര്യം ചെയ്യുന്നതിനു പകരം സി ഐ എസ് എഫും അഗ്നിശമനക്കാരും ചെയ്തതുപോലെ സംഭവസ്ഥലത്ത് വച്ചുതന്നെ തീര്‍ക്കുന്ന രീതിയാണ് കണ്ണൂര്‍കാര്‍ ചെയ്തുപോരുന്നത്. നരേന്ദ്ര മോദി മേയ്ക്ക് ഇന്‍ ഇന്ത്യ എന്നു പറഞ്ഞപ്പോള്‍ അത് ബോംബിനെക്കുറിച്ചായിരിക്കുമെന്ന് കണ്ണൂരിലെ സഖാക്കള്‍ മനസ്സിലാക്കിയത്. അങ്ങനെയാണ് അവര്‍ അനേകം മേയ്ക്ക് ഇന്‍ ഇന്ത്യ യൂണിറ്റുകള്‍ കണ്ണൂരില്‍ തുടങ്ങിയത്. അതാണ്, ചില സാങ്കേതികകാരണങ്ങളാല്‍, പൊട്ടിത്തെറിച്ചത്. 'ഞങ്ങള്‍ വേണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ വച്ചും ബോംബുണ്ടാക്കുമെന്ന്' പൊതുയോഗത്തില്‍ തലയുയര്‍ത്തി നിന്നു പറഞ്ഞ സഖാവാണ് കോടിയേരി ബാലകൃഷ്ണന്‍. പുതിയ പാര്‍ട്ടി സെക്രട്ടറി. കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ കാലത്ത് അഞ്ചുവര്‍ഷവും സഖാവ് ആഭ്യന്തരമന്ത്രിയായിരുന്നു. ഈ പൊലീസ് സ്റ്റേഷനുകളുടെ ഒക്കെ അധിപന്‍. അന്ന് കണ്ണൂരിലെ പൊലീസ് സ്റ്റേഷനുകളില്‍ ഓരോ മേയ്ക്ക് ഇന്‍ ഇന്ത്യ യൂണിറ്റുകള്‍ തുടങ്ങാമായിരുന്നു. നടന്നില്ല. അടുത്ത ഭരണം വരട്ടെ. മേയ്ക്ക് ഇന്‍ ഇന്ത്യയുടെ കണ്ണൂര്‍ യൂണിറ്റുകള്‍ക്ക് സി ഐ എസ് എഫിന് സുരക്ഷ ചുമതല കൊടുക്കും. അവരുടെ തന്നെ അഗ്നിശമന സേനാവിഭാഗത്തിനായിരിക്കും അഗ്നിശമനത്തിന്റെ ചുമതല. അപ്പോള്‍ പിന്നെ, കരിപ്പൂരിലുണ്ടായതുപോലെയുള്ള ദുരന്തങ്ങള്‍ ഉണ്ടാകില്ല. സഖാക്കള്‍ സശ്രദ്ധം പണി ചെയ്യുകയാണ്. മേയ്ക്ക് ഇന്‍ ഇന്ത്യ. അതാകട്ടെ ഭാരതാംബയുടെ മക്കള്‍ ഉണ്ടാക്കുന്നതിനേക്കാള്‍. മെച്ചപ്പെട്ടതായിരിക്കണം. ഐ എസ് ഐ മാര്‍ക്കുള്ള തനി 916.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories