Top

1848 ഫെബ്രുവരി 21: കാള്‍ മാര്‍ക്‌സും ഫെഡറിക് എംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു

1848 ഫെബ്രുവരി 21: കാള്‍ മാര്‍ക്‌സും ഫെഡറിക് എംഗല്‍സും കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ പ്രസിദ്ധീകരിച്ചു
കമ്മ്യൂണിസ്റ്റ് ലീഗ് എന്നറിയപ്പെടുന്ന ജര്‍മ്മനിയില്‍ ജനച്ച വിപ്ലവകാരികളുടെ ഒരു സംഘം ഫെഡറിക് എംഗല്‍സിന്റെ സഹായത്തോടെ കാള്‍ മാര്‍ക്‌സ് രചിച്ച കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ 1848 ഫെബ്രുവരി 21 ലണ്ടനില്‍ പുറത്തിറക്കി. 'ഇതുവരെയുള്ള എല്ലാ സമൂഹങ്ങളുടെയും ചരിത്രം വര്‍ഗ്ഗസമരത്തിന്റെ ചരിത്രമാണെന്നു', തൊഴിലാളി വര്‍ഗ്ഗത്തിന്റെ ആത്യന്തിക വിജയത്തില്‍ വര്‍ഗ്ഗ സമൂഹം എന്നെന്നേക്കുമായി ഇല്ലാതാകുമെന്നും, ചരിത്രത്തിലെ ഏറ്റവും സ്വാധീനം ചെലുത്തിയ രാഷ്ട്രീയ ലഘലേഖ വിളംബരം ചെയ്തു. ആദ്യമായി ജര്‍മ്മന്‍ ഭാഷയില്‍ മാനിഫെസ്റ്റ് ഡെര്‍ കൊമ്മ്യൂണിസ്റ്റിസ്‌ഷെചെന്‍ പാര്‍ട്ടി (കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ മാനിഫെസ്റ്റോ) എന്ന പേരില്‍ പ്രസിദ്ധീകരിക്കപ്പെട്ട അതിലെ ആശയങ്ങള്‍ 20-ാം നൂറ്റാണ്ടി വര്‍ദ്ധിച്ച ശക്തിയില്‍ മാറ്റൊലി കൊള്ളുകയും 1950-ഓടെ ലോകത്തിലെ പകുതിയോളം ജനസംഖ്യ കമ്മ്യൂണിസ്റ്റ് സര്‍ക്കാരുകള്‍ക്ക് കീഴില്‍ ജീവിക്കുകയും ചെയ്തു.


1818-ല്‍ ലൂഥറൈന്‍ മതത്തിലേക്ക് മാറിയ ഒരു ജൂത അഭിഭാഷകന്‍ പുത്രനായി പ്രഷ്യയിലെ ട്രൈയറിലാണ് കാള്‍ മാര്‍ക്‌സ് ജനിച്ചത്. അദ്ദേഹം ബര്‍ലിന്‍, ജെന സര്‍വകലാശാലകളില്‍ നിന്നും നിയമവും തത്വശാസ്ത്രവും പഠിച്ചു. ദ്വന്ദ്വാത്മകവും എല്ലാം ഉള്‍ക്കൊള്ളുന്നതുമായ ഒരു തത്വശാസ്ത്ര സംഹിതയ്ക്ക് വേണ്ടി അന്വേഷണങ്ങള്‍ നടത്തിക്കൊണ്ടിരുന്ന 19-ാം നൂറ്റാണ്ടിലെ ജര്‍മ്മന്‍ തത്വശാസ്ത്രജ്ഞന്‍ ജി ഡബ്ലിയു എഫ് ഹെഗലിന്റെ അനുയായി ആയിരുന്നു തുടക്കത്തില്‍ മാര്‍ക്‌സ്. 1842-ല്‍, കൊളോണില്‍ നിന്നുള്ള ഒരു ലിബറല്‍ ഡെമോക്രാറ്റിക് പത്രമായ റെയ്‌നിഷെ ഷെയ്തുങിന്റെ എഡിറ്ററായി മാര്‍ക്‌സ് നിയമിതനായി. മാര്‍ക്‌സിന്റെ മേല്‍നോട്ടത്തില്‍ പത്രത്തിന് വലിയ വളര്‍ച്ചയുണ്ടായെങ്കിലും കാര്യങ്ങള്‍ വളരെ വെട്ടിത്തുറന്ന് പറയുന്നു എന്ന് ആരോപിച്ച് പ്രഷ്യന്‍ അധികാരികള്‍ 1843-ല്‍ പത്രം അടച്ചുപൂട്ടി. ആ വര്‍ഷം പാരീസിലേക്ക് മാറിയ മാര്‍ക്‌സ്, ഒരു പുതിയ രാഷ്ട്രീയ വിമര്‍ശന പ്രസിദ്ധീകരണത്തിന്റെ സഹപത്രാധിപരായി മാറി. ഒരു സമ്പന്ന പരുത്ത വസ്ത്രനിര്‍മ്മാതാവിന്റെ മൂത്തപുത്രനായി പുത്രനായി പ്രഷ്യയിലെ ജൂലിച്ച്-ക്ലീവ്‌സ്-ബര്‍ഗ് പ്രവിശ്യയില്‍ (ഇപ്പോള്‍ ജര്‍മ്മനിയിലെ വൂപ്പര്‍ടെല്‍) 1820 നവംബര്‍ 20നാണ് ഫെഡറിക് എംഗല്‍സ് ജനിച്ചത്. അദ്ദേഹത്തിന്റെ പിതാവ് ഫെഡറിക് സീനിയര്‍ ഒരു പ്രോട്ടസ്റ്റന്റ് ഭക്തനായിരുന്നതിനാല്‍ ആ വിശ്വാസത്തിലാണ് എംഗല്‍സിനെ വളര്‍ത്തിയത്. അദ്ദേഹം വളര്‍ന്ന് വന്നതോടെ നിരീശ്വരവാദത്തിലേക്ക് അദ്ദേഹം ആകൃഷ്ടനാവുകയും അദ്ദേഹത്തിന്റെ മാതാപിതാക്കളുമായുള്ള ബന്ധം വഷളാവുകയും ചെയ്തു. കുടുംബസാഹചര്യങ്ങള്‍ മൂലം 17-ാം വയസില്‍ അദ്ദേഹത്തിന് ഹൈസ്‌കൂള്‍ പഠനം ഉപേക്ഷിക്കേണ്ടി വന്നു. 1938ല്‍ ബ്രെമെനിലെ ഒരു വാണീജ്യ സ്ഥാപനത്തില്‍ ശമ്പളമില്ലാത്ത ക്ലര്‍ക്കായി പണിയെടുക്കുന്നതിന് ആ യുവാവിനെ അദ്ദേഹത്തിന്റെ പിതാവ് അയച്ചു. ബ്രെമെനില്‍ ജീവിക്കുന്നതിനടയ്ക്കാണ് അദ്ദേഹം ജര്‍മ്മന്‍ തത്വശാസ്ത്രരംഗത്ത് മേല്‍ക്കോയ്മ നേടിയിരുന്ന ഹെഗലിന്റെ തത്വശാസ്ത്രം വായിക്കാന്‍ തുടങ്ങിയത്. കാള്‍ മാര്‍ക്‌സ് പത്രാധിപരായിരുന്ന റെയിനിഷം ഷെയതുങില്‍ അദ്ദേഹം പേര് വയ്ക്കാതെ, ഫാക്ടറി തൊഴിലാളികളുടെ മോശം തൊഴില്‍, ജീവിത സാഹചര്യങ്ങളെ കുറിച്ചുള്ള ലേഖനങ്ങള്‍ പ്രസിദ്ധീകരിച്ചു.

സോഷ്യലിസ്റ്റ് ചിന്താഗതികളുടെ കേന്ദ്രമായിരുന്നു അക്കാലത്ത് പാരീസ്. എന്നാല്‍, മുതലാളിത്ത ലോകത്തെ തച്ചുടയ്ക്കുന്ന തൊഴിലാളി വര്‍ഗ്ഗ വിപ്ലവത്തിന് ആഹ്വാനം ചെയ്യുന്ന സോഷ്യലിസത്തിന്റെ കുറെക്കൂടി ഉയര്‍ന്ന രൂപമായ കമ്മ്യൂണിസമായിരുന്നു മാര്‍ക്‌സ് സ്വീകരിച്ചത്. പാരീസില്‍ വച്ച് അദ്ദേഹത്തിന്റെ ആശയങ്ങളുമായി യോജിപ്പുള്ള എംഗല്‍സിനെ മാര്‍ക്‌സ് കണ്ടുമുട്ടുകയും അതൊരു ആജീവനാന്ത സഹവര്‍ത്തിത്വമായി തീരുകയും ചെയ്തു. 1945-ല്‍ മാര്‍ക്‌സിനെ ഫ്രാന്‍സില്‍ നിന്നും പുറത്താക്കി. തുടര്‍ന്ന് തന്റെ പ്രഷ്യന്‍ പൗരത്വം പുതുക്കുകയും മാര്‍ക്‌സ് ബ്രസല്‍സില്‍ താമസമാക്കുകയും ചെയ്തു. എംഗല്‍സ് അവിടെ മാര്‍ക്‌സിനോടൊപ്പം ചേര്‍ന്നു. അടുത്ത രണ്ടുവര്‍ഷങ്ങള്‍ കൊണ്ട്, കമ്മ്യൂണിസത്തെ കുറിച്ചുള്ള തങ്ങളുടെ തത്വശാസ്ത്രം വികസിപ്പിച്ച ഇരുവരും പിന്നീട് തൊഴിലാളിവര്‍ഗ്ഗ പ്രസ്ഥാനത്തിന്റെ ബൗദ്ധീക നേതാക്കന്മാരായി മാറി. 1847-ല്‍ തങ്ങളോടൊപ്പം ചേരാന്‍, ലണ്ടനില്‍ താമസിക്കുന്ന ജര്‍മ്മന്‍ തൊഴിലാളിവര്‍ഗ വിപ്ലവകാരികള്‍ രൂപം കൊടുത്ത ഒരു രഹസ്യസംഘടനയായ ലീഗ് ഓഫ് ദ ജസ്റ്റ് മാര്‍ക്‌സിനോട് ആവശ്യപ്പെട്ടു. മാര്‍ക്‌സ് അതിനെ അനുകൂലിക്കുകയും എംഗല്‍സിനോടൊപ്പം ചേര്‍ന്ന് സംഘടനയെ കമ്മ്യൂണിസ്റ്റ് ലീഗ് എന്ന് പുനര്‍നാമകരണം ചെയ്യുകയും യൂറോപ്പിലെമ്പാടുമുള്ള ജര്‍മ്മന്‍ തൊഴിലാളി സംഘടന കമ്മിറ്റികളെ ഏകോപിപ്പിക്കാന്‍ പദ്ധതിയിടുകയും ചെയ്തു. ലീഗിന്റെ ആശയങ്ങള്‍ ക്രോഢീകരിച്ചുകൊണ്ട് ഒരു മാനിഫെസ്റ്റോ തയ്യാറാക്കാന്‍ ഇരുവരും നിയോഗിക്കപ്പെട്ടു. 1947-ല്‍ ലീഗിനായി എംഗല്‍സ് എഴുതിയ ഒരു ലഘുലേഖയെ അടിസ്ഥാനമാക്കി 1848 ജനുവരിയില്‍ മാര്‍ക്‌സും എംഗല്‍സും ചേര്‍ന്ന് കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ എഴുതി തീര്‍ത്തു. ഫെബ്രുവരിയില്‍, മാര്‍ക്‌സ് തങ്ങളുടെ പുസ്തകം ലണ്ടനിലേക്ക് അയച്ചുകൊടുക്കുകയും ലീഗ് ഉടന്‍ തന്നെ തങ്ങളുടെ മാനിഫെസ്റ്റോ ആയി അംഗീകരിക്കുകയും ചെയ്തു. 'ഒരു ഭൂതം യൂറോപ്പിനെ വേട്ടയാടുന്നു-കമ്മ്യൂണിസത്തിന്റെ ഭൂതം,' എന്ന നാടകീയ വാക്കുകളോടെയാണ് മാനിഫെസ്റ്റോ ആരംഭിക്കുന്നത്. 'നിങ്ങളുടെ കൈവിലങ്ങുകളല്ലാത്തെ മറ്റൊന്നും നഷ്ടപ്പെടാനില്ല. നിങ്ങള്‍ക്ക് ഒരു ലോകം ജയിക്കാനുണ്ട്. സര്‍വലോക തൊഴിലാളികളെ, സംഘടിക്കുവിന്‍!' എന്നീ വാക്കുകളോടെയാണ് അത് അവസാനിക്കുന്നത്.


Next Story

Related Stories