TopTop
Begin typing your search above and press return to search.

'ഹിന്ദു ഭീകരത കെട്ടുകഥയല്ല'; ബന്‍സാലിക്ക് ഒപ്പം ബോളിവുഡ്

ഹിന്ദു ഭീകരത കെട്ടുകഥയല്ല; ബന്‍സാലിക്ക് ഒപ്പം ബോളിവുഡ്

രജപുത് രാജ്ഞിയുടെ ചരിത്രം തെറ്റായി വ്യാഖ്യാനം ചെയ്യുന്നുവെന്ന് ആരോപിച്ച് സംവിധായകന്‍ സഞ്ജയ് ലീല ബന്‍സാലിക്കു നേരെ തീവ്രഹിന്ദുത്വവാദി സംഘങ്ങളില്‍ ഒന്നായ കര്‍ണി സേന നടത്തിയ ആക്രമണത്തെ അപലപിച്ച് ബോളിവുഡ്. ഹിന്ദുഭീകരവാദമാണ് ബന്‍സാലിക്കു നേരെ നടന്നതെന്നും ഇതിനെതിരേ ഒന്നിച്ചു നില്‍ക്കണമെന്നു താരങ്ങളും അണിയറപ്രവര്‍ത്തകരും പറയുന്നു.

ബന്‍സാലിയുടെ പുതിയ ചിത്രമായ പദ്മാവതിയുടെ ജയ്പൂരിലെ ഷൂട്ടിംഗ് സെറ്റില്‍ എത്തിയായിരുന്നു കര്‍ണി സേന പ്രവര്‍ത്തകര്‍ സംവിധായകനെ ആക്രമിച്ചത്. ബന്‍സാലിയെ കൈയേറ്റം ചെയ്യുകയും അദ്ദേഹത്തിന്റെ മുടി പിഴുതെടുക്കുകയും ചെയ്തു. സെറ്റിലുള്ളവരെ മുഴുവന്‍ മോശം വാക്കുകള്‍ ഉപയോഗിച്ചു അധിക്ഷേപിച്ചു. ക്യാമറ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കു കേടുപാടുകള്‍ വരുത്തി.

ഈ സിനിമ റാണി പദ്മാവതിയെ കുറിച്ചുള്ള തെറ്റായ വ്യാഖ്യാനമാണ് നല്‍കുന്നത്. ചരിത്രം അസഹനീയമാംവിധം വളച്ചൊടിക്കുന്നതിനെതിരേയാണു ഞങ്ങളുടെ പ്രതിരോധം. ബന്‍സാലിക്കു ധൈര്യമുണ്ടോ ജര്‍മനിയില്‍ ചെന്നു ഹിറ്റ്‌ലര്‍ക്കെതിരേ ഒരു സിനിമ എടുക്കാന്‍? ജോധ അക്ബര്‍ എന്ന സിനിമ എടുത്തപ്പോഴും ഞങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയതാണ്. ഞങ്ങളുടെ രക്തം കലര്‍ന്ന ചരിത്രത്തെ അപമാനിക്കാന്‍ ആരെയും അനുവദിക്കില്ല; ബന്‍സാലിയെ മര്‍ദ്ദിച്ച സംഭവത്തെ ന്യായീകരിച്ചു കര്‍ണി സേന നേതാക്കള്‍ പറയുന്നു.

എന്നാല്‍ ഇന്നലെ നടന്ന സംഭവം ഹിന്ദു തീവ്രവാദം ഒരു അയഥാര്‍ത്ഥ കഥയല്ല, വാസ്തവം തന്നെയാണെന്നു പ്രതികരിച്ച അനുരാഗ് കശ്യപ് അടക്കമുള്ള ബോളിവുഡ് ചലച്ചിത്ര പ്രവര്‍ത്തകര്‍ കര്‍ണി സേനയുടെ നടപടിയെ നിശിതമായി വിമര്‍ശിച്ചു രംഗത്തെത്തി. ബന്‍സാലിക്ക് പിന്നില്‍ അണിനിരക്കാന്‍ അവര്‍ ബോളിവുഡ് ചലച്ചിത്ര ലോകത്തോട് ആവശ്യപ്പെട്ടു. ഒരു സിനിമയുടെ ഷൂട്ടിംഗ് മുതല്‍ അതിന്റെ റിലീസിംഗ് വരെ അനുഭവിക്കേണ്ട കുഴപ്പങ്ങള്‍ പലതാണ്. ബന്‍സാലിയുടെ ഇപ്പോഴത്തെ വികാരം എനിക്കു മനസിലാകും. ഞാന്‍ അദ്ദേഹത്തിനൊപ്പം നില്‍ക്കുന്നു. അദ്ദേഹത്തിനു നടന്നതിനെക്കുറിച്ച് ഞാന്‍ ഭയക്കുന്നു. എന്നാല്‍ ഈ സമയം ബോളിവുഡ് മൊത്തമായി അദ്ദേഹത്തിനൊപ്പം നില്‍ക്കണമെന്നാണു ഞാന്‍ ആവശ്യപ്പെടുന്നത്; കരണ്‍ ജോഹര്‍ പറഞ്ഞു.

കരണിനെക്കാള്‍ ശക്തമായ ഭാഷയില്‍ പ്രതികരിച്ചാണ് അനുരാഗ് കശ്യപ് രംഗത്ത് എത്തിയത്. ഇതുവരെ ആ സിനിമ പൂര്‍ണമായിട്ടില്ല, പക്ഷേ ലോകത്തിനു മുഴുവന്‍ എന്താണു കഥയെന്നു മനസിലായതുപോലെ. സിനിമലോകം മുഴുവന്‍ ബന്‍സാലിക്കൊപ്പം നില്‍ക്കണം; അനുരാഗ് കശ്യപ് കുറിച്ചു. ഒരു രജപുത്രന്‍ എന്ന നിലയില്‍ എനിക്കു സ്വയം നാണക്കേട് തോന്നുകയാണു നിങ്ങളുടെ പ്രവര്‍ത്തികൊണ്ടെന്നു കര്‍ണിസേനയേയും അനുരാഗ് വിമര്‍ശിക്കുന്നു. നട്ടെല്ല് ഇല്ലാത്ത ഭീരുക്കള്‍... ട്വിറ്ററില്‍ നിന്നും ഹിന്ദു ഭീകരവാദം യാഥാര്‍ത്ഥ്യലോകത്തേക്ക് ഇറങ്ങി വന്നിരിക്കുകയാണ്. ഹിന്ദു ഭീകരവാദം ഒരു കെട്ടുകഥയല്ലെന്നും കശ്യപ് തന്റെ രോഷം ട്വീറ്റിലൂടെ പ്രകടിപ്പിക്കുന്നു.

എന്നാല്‍ അനുരാഗ് കശ്യപിന്റെ ഈ ട്വീറ്റിന് ഒരാളുടെ മറുചോദ്യം ഇസ്ലാം തീവ്രവാദത്തെ കുറിച്ച് മിണ്ടാന്‍ ധൈര്യമില്ല എന്നായിരുന്നു. അതിനുള്ള അനുരാഗ് കശ്യപിന്റെ മറുപടി തന്റെ ബ്ലാക് ഫ്രൈഡേ എന്ന സിനിമ ഓര്‍മിപ്പിച്ചുകൊണ്ടായിരുന്നു. 1993 ലെ മുംബൈ സ്‌ഫോടനത്തെ ആസ്പദമാക്കിയുള്ള ചിത്രമാണ് ബ്ലാക്ക് ഫ്രൈഡെ.

സഞ്ജയ് ലീല ബന്‍സാലിക്കെതിരേ നടന്ന ആക്രമണത്തില്‍ പ്രതികരിച്ച് മറ്റു താരങ്ങളും രംഗത്തെത്തി. ഈ സംഭവം രോഷം ജനിപ്പിക്കുന്നൂവെന്നു ഹൃതിക് റോഷന്‍ അഭിപ്രായപ്പെട്ടപ്പോള്‍ ഒന്നിച്ചു നിന്നു പ്രതിരോധിക്കാന്‍ സമയമായി എന്നായിരുന്നു ഫര്‍ഹാന്‍ അക്തറിന്റെ പ്രതികരണം. ഇതു അസഹിഷ്ണുതയല്ലെന്നാണോ? ഇത്തരം പെരുമാറ്റങ്ങളോട് ഞങ്ങലില്‍ നിന്നും സഹിഷ്ണുത പ്രതീക്ഷിക്കരുത്. സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നടപടിയെടുക്കും എനന്നു പ്രതീക്ഷിക്കുന്നു; നടന്‍ അര്‍ജുന്‍ രാംപാലിന്റെ പ്രതികരണം ഇതായിരുന്നു. അര്‍ജുന്‍ കപൂര്‍, റിതേഷ് ദേശ്മുഖ്, സോനം കപൂര്‍, വിശാല്‍ ദദ്‌ലാനി തുടങ്ങിയവരും ബന്‍സാലിയോടുള്ള തങ്ങളുടെ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു.


Next Story

Related Stories