TopTop
Begin typing your search above and press return to search.

അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ച് വയസ്സുകാരന്‍, ടോയ്‌ലറ്റില്‍ കിടന്നുറങ്ങേണ്ടിവരുന്ന ആളുകള്‍; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്തെ ദളിത് കോളനികളിൽ ഇങ്ങനെയാണ് ജീവിതം

അമ്മയോടൊപ്പം ഉറങ്ങിക്കിടക്കുമ്പോള്‍ പാമ്പ് കടിയേറ്റ് മരിച്ച അഞ്ച് വയസ്സുകാരന്‍, ടോയ്‌ലറ്റില്‍ കിടന്നുറങ്ങേണ്ടിവരുന്ന ആളുകള്‍; ഉപതിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മഞ്ചേശ്വരത്തെ ദളിത് കോളനികളിൽ ഇങ്ങനെയാണ് ജീവിതം

'അമ്മയോടൊപ്പം ഉറങ്ങിക്കിടന്ന പിഞ്ചുകുഞ്ഞ് പാമ്പുകടിയേറ്റു മരിച്ചു'. കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വന്ന ഒരു ഒറ്റക്കോളം വാര്‍ത്തയുടെ തലക്കെട്ടാണിത്. ഏറെയൊന്നും പ്രാധാന്യമര്‍ഹിക്കാത്ത വാര്‍ത്തകളുടെ കൂട്ടത്തിലേക്ക് ഇതും വളരെപ്പെട്ടന്ന് വകമാറ്റപ്പെടുകയും ചെയ്തു. കാസര്‍കോട് ജില്ലയിലെ എന്‍മകജെ പഞ്ചായത്തില്‍ പെര്‍ളയ്ക്കടുത്ത് കാന്തപ്പയുടെ മകന്‍ രണ്ടരവയസ്സുകാരനായ ദീപക്കാണ് ദിവസങ്ങള്‍ക്കു മുന്നെ വീടിനകത്തു വച്ച് പാമ്പുകടിയേറ്റ് ദയനീയമായി മരിച്ചത്.

ദീപകിന്റെ വീടിന് ചുമരുകളില്ല. മണ്‍കട്ട കൊണ്ട് തറകെട്ടി, ഓലകൊണ്ട് മറച്ച്, പ്ലാസ്റ്റിക് ഷീറ്റുകള്‍ കൊണ്ട് മേല്‍ക്കൂര കെട്ടിയിട്ടുള്ള ദീപകിന്റെ വീട്ടില്‍ ഇതാദ്യമായല്ല ഇഴജന്തുക്കള്‍ കയറുന്നതും. പകല്‍ സമയത്തു പോലും വീടിനുള്ളില്‍ ഇഴജന്തുക്കളുടെ ശല്യമുള്ള ഈ വീട്ടില്‍വച്ചാണ്, വെറും നിലത്ത് അമ്മയ്ക്കൊപ്പം കിടന്നുറങ്ങവേ പുലര്‍ച്ചെ ദീപക് പാമ്പുകടിയേറ്റു മരിക്കുന്നത്. ദീപകിന്റെ വീടിന്റെ അതേ അവസ്ഥയില്‍ ഇനിയും മൂന്നു വീടുകള്‍ കൂടി ഇവിടെയുണ്ട്. അവിടെയെല്ലാം ദീപകിന്റെ സമപ്രായക്കാരായ പിഞ്ചു കുഞ്ഞുങ്ങളുമുണ്ട്. സ്ഥലം എം.എല്‍.എയുടെ ഭവന നിര്‍മാണ പദ്ധതിയ്ക്കു വേണ്ടി ഒരു കോടി രൂപ വകയിരുത്തിയിട്ടുള്ള കജംപാടി കോളനിയിലാണ് ചുമരുകള്‍ പോലുമില്ലാത്ത വീട്ടില്‍ രണ്ടരവയസ്സുകാരന്‍ പാമ്പുകടിയേറ്റു മരണപ്പെട്ടിരിക്കുന്നത്.

കജംപാടി കോളനി എന്ന പേരില്‍ അറിയപ്പെടുന്ന ഐ.എച്ച്.ഡി.പി (ഇന്റഗ്രേറ്റഡ് ഹാംലറ്റ് ഡവലപ്മെന്റ് പ്രോജക്ട്) കോളനി, ബദിയടുക്ക-പെര്‍ള പ്രദേശത്തെ ഒട്ടനവധി പട്ടികജാതി കോളനികളിലൊന്നാണ്. അന്‍പതിലേറെ വീടുകളുള്ള കോളനിയില്‍ മൊകേര വിഭാഗത്തില്‍പ്പെട്ടവരാണ് ഭൂരിഭാഗം താമസക്കാരും. കോളനിയില്‍ ദീപക്കിന്റേതടക്കം നാലു വീടുകള്‍ ഒട്ടും വാസയോഗ്യമല്ല എന്നതാണ് വസ്തുത. ഓലയും ഷീറ്റും വച്ച് മറച്ച അവസ്ഥയിലാണ് ഈ നാലു വീടുകളും. ബാക്കിയുള്ളവയിലാകട്ടെ, പാതിയോളം വീടുകള്‍ മാത്രമേ പൂര്‍ണമായും വാസയോഗ്യം എന്ന് ഉറപ്പിച്ചു പറയാനാകൂ എന്ന് പ്രദേശവാസികളും സാമൂഹികപ്രവര്‍ത്തകരും ചൂണ്ടിക്കാട്ടുന്നുണ്ട്. കോളനിയുടെ സമഗ്രവികസനത്തിനും കെട്ടിടങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി എം.എല്‍.എയുടെ ഫണ്ടടക്കം പാസ്സായിട്ടുള്ളതാണെന്നും, എങ്കിലും ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം അമ്പതോളം പട്ടികജാതി കുടുംബങ്ങള്‍ ഏറെ ബുദ്ധിമുട്ടിയാണ് കജംപാടി കോളനിയില്‍ ജീവിച്ചുപോരുന്നതെന്നുമാണ് പരാതി. ദീപക്കിന്റെ മരണത്തിനു കാരണമായതും ഇതേ അനാസ്ഥയാണെന്നും, ഇനി ഇത്തരമൊരു സംഭവം തങ്ങളുടെ നാട്ടില്‍ ആവര്‍ത്തിച്ചുകൂടെന്നും പ്രദേശവാസികള്‍ തന്നെ പറയുന്നു.

'മരിച്ച കുട്ടിയുടെ വീടും വളരെ മോശം അവസ്ഥയിലാണുള്ളത്. ഓല മാത്രം വച്ചാണ് ചുമരുകളുടെ ഭാഗം മറച്ചിരിക്കുന്നത്. യാതൊരു അടച്ചുറപ്പുമില്ല. അമ്പതിലേറെ വീടുകളുള്ളതില്‍ പാതിയും താമസയോഗ്യമല്ല. ഏറ്റവും മോശം അവസ്ഥയിലുള്ളത് മരിച്ച കുട്ടിയുടെ വീടടക്കം നാലു വീടുകളാണ്. എന്തോ രേഖകളുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ കാരണമാണ് ഈ നാലു വീടുകളും അങ്ങനെയിരിക്കുന്നതെന്നാണ് അധികൃതര്‍ പറയുന്നത്. എം.എല്‍.എയുടെ ഭവന വികസന ഫണ്ട് ഉപയോഗപ്പെടുത്തുന്ന കോളനിയാണിത്. എന്നിട്ടും വീടുകളുടെ അവസ്ഥ ഇത്രയേറെ മോശമാണ്. തൊട്ടടുത്ത് ഒരാശുപത്രിയില്ല. കോളനിയിലേക്ക് നല്ലൊരു റോഡില്ല. എന്തെങ്കിലും അത്യാവശ്യമുണ്ടായാല്‍പ്പോലും മുപ്പതു കിലോമീറ്ററോളം സഞ്ചരിച്ചാലേ നല്ല ചികിത്സ ലഭിക്കൂ എന്ന അവസ്ഥയാണ്.' ബദിയടുക്ക സ്‌കൂളിലെ അധ്യാപകനും കോളനിയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന സാമൂഹികപ്രവര്‍ത്തകനുമായ ഉണ്ണി പറയുന്നു. കോളനിയുടെ അവസ്ഥ ഏറെ പരിതാപകരമാണെന്നും വീടുകള്‍ പലതും വാസയോഗ്യമല്ലെന്നും പഞ്ചായത്തംഗങ്ങളും സമ്മതിക്കുന്നുണ്ട്. ദീപകിന്റെ മരണത്തിനു കാരണമായത് വീടിന്റെ അടച്ചുറപ്പില്ലായ്മ തന്നെയാണെന്ന് അംഗീകരിക്കുമ്പോള്‍ത്തന്നെ, ഇക്കാര്യത്തില്‍ തങ്ങളാലാകുന്നതെല്ലാം ചെയ്യുന്നുണ്ടെന്നാണ് എന്‍മകജെ പഞ്ചായത്ത് പ്രസിഡന്റ് രൂപവാണിയുടെ പക്ഷം.

'ഇവിടുത്തെ പട്ടികജാതി കോളനികളില്‍ വലിയ പ്രശ്നങ്ങളുണ്ട് എന്നത് ശരിയാണ്. കജംപാടി കോളനിയിലെ പല വീടുകള്‍ക്കും ചുമരു പോലുമില്ല എന്നതും സത്യമാണ്. പക്ഷേ, അത് ചില സാങ്കേതിക കാരണങ്ങള്‍ കൊണ്ടാണ്. മരിച്ച കുട്ടിയുടെ കുടുംബമടക്കം നാലു കുടുംബങ്ങള്‍ക്ക് സ്വന്തം പേരില്‍ ഭൂമിയില്ല. അതുകൊണ്ട് അവര്‍ക്ക് വീടു ശരിയാക്കി കൊടുക്കുന്നതില്‍ തടസ്സമുണ്ടായിട്ടുണ്ട്. അക്കാര്യത്തില്‍ നമുക്കും പല പരിമിതികളുമുണ്ട്. കോളനിയ്ക്കകത്തുള്ളവര്‍ തമ്മില്‍ത്തന്നെ തര്‍ക്കങ്ങളാണ്. അത് തീര്‍പ്പാക്കാന്‍ അവരും ശ്രമിക്കുന്നില്ല. മഞ്ചേശ്വരം ബ്ലോക്കിലെ ഏറ്റവും വലിയ കോളനിയാണ് കജംപാടി കോളനി. പഞ്ചായത്തും മറ്റും ശ്രമിച്ചാല്‍ അവിടെയുള്ള അമ്പതോളം വീടുകളുടെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ പറ്റുമോ എന്നും സംശയമാണ്. ഏതെങ്കിലും സാമൂഹിക സംഘടനകള്‍ മുന്നോട്ടു വരും എന്നാണ് വിചാരിക്കുന്നത്. ഈ സംഭവത്തിനു ശേഷം എല്ലാവരുടെയും ശ്രദ്ധ ഇതിലേക്കു വന്നിട്ടുണ്ട്. അതൊരു നല്ല കാര്യമായിട്ടാണ് എനിക്കു തോന്നുന്നത്. ചൈല്‍ഡ് ലൈന്‍, വനം വകുപ്പ് എന്നിവരെയും സഹകരിപ്പിച്ചുകൊണ്ട് ഇവര്‍ക്കായി അവശ്യമായതെല്ലാം ചെയ്യാന്‍ ശ്രമിക്കുന്നുണ്ട്.'

ദീപകിന്റെ മരണത്തിനു ശേഷം കോളനിയിലേക്ക് പൊതുജന ശ്രദ്ധ പതിഞ്ഞതും സഹായവാഗ്ദാനങ്ങളുമായി സന്നദ്ധസംഘടനകളടക്കമെത്തുന്നതും സ്വാഗതം ചെയ്യുന്നു എന്ന് പറയുമ്പോഴും, പഞ്ചായത്തു തലത്തില്‍ നടത്തേണ്ട ഇടപെടലുകള്‍ക്ക് പല പരിമിതികളുമുണ്ട് എന്ന വാദമാണ് അധികൃതര്‍ ആവര്‍ത്തിക്കുന്നത്. എം.എല്‍.എയുടെ ഫണ്ടില്‍ നിന്നും വകയിരുത്തപ്പെട്ട തുകയുടെ വിനിയോഗത്തെക്കുറിച്ചുള്ള ചോദ്യത്തിന് വ്യക്തമായ ഉത്തരമില്ലതാനും. അധികൃതര്‍ ശ്രദ്ധ ചെലുത്തിയാലുമില്ലെങ്കിലും, സുരക്ഷിതമല്ലാത്ത ചുറ്റുപാടുകളില്‍ ജീവിക്കേണ്ടി വന്നതിന്റെ പേരില്‍ ഇനിയാര്‍ക്കും ഇവിടെ ജീവഹാനിയുണ്ടാകില്ലെന്ന് ഉറപ്പുവരുത്തും എന്ന തീരുമാനത്തിലാണ് ഇവിടത്തുകാര്‍. ഉപതെരഞ്ഞെടുപ്പ് നേരിടാനൊരുങ്ങുന്ന മഞ്ചേശ്വരം നിയോജകമണ്ഡലത്തിലാണ് കജംപാടി.

പ്രദേശത്തെ പട്ടികജാതി-പട്ടികവര്‍ഗ്ഗ കോളനികളില്‍ ഒന്നു മാത്രമാണ് കജംപാടി കോളനി. ബദിയടുക്കയിലും പരിസരപ്രദേശങ്ങളിലുമുള്ള പല കോളനികളിലെയും ജീവിതസാഹചര്യങ്ങളുടെ ഒരു നേര്‍ചിത്രമാണ് കജംപാടിയില്‍ നിന്നും ലഭിക്കുന്നത്. കജംപാടിയില്‍ ചുമരുകളില്ലാത്ത വീട്ടില്‍ കഴിയുന്നവരാണുള്ളതെങ്കില്‍, ബദിയടുക്കയിലും മുണ്ടത്തടുക്കയിലുമുള്ളത് ഇടുങ്ങിയ ടോയ്ലറ്റുകളില്‍പ്പോലും കിടന്നുറങ്ങേണ്ടിവരുന്നവരാണ്. സര്‍ക്കാര്‍ ഭവന പദ്ധതികള്‍ പ്രകാരം നിര്‍മിച്ചു ലഭിക്കുന്ന വീടുകള്‍ പണിപൂര്‍ത്തിയാകാതെ പോകുന്നതു കാരണം പണിതീര്‍ന്ന ടോയ്ലറ്റുകളില്‍ അന്തിയുറങ്ങിയ കഥകള്‍ ബദിയടുക്ക കോളനിയിലെ കൊറഗര്‍ക്ക് പറയാനുണ്ട്. അംഗസംഖ്യയില്‍ വലിയ ഇടിവു നേരിടുന്ന, വംശനാശഭീഷണിയുള്ള പ്രാക്തന ഗോത്രവിഭാഗമായി കണക്കാക്കപ്പെടുന്ന കൊറഗര്‍ നിലവില്‍ രണ്ടായിരത്തില്‍ത്താഴെ മാത്രമാണ് കേരളത്തിലുള്ളത്. പ്രത്യേക പദ്ധതികള്‍ പ്രകാരം കൊറഗരെ സാമൂഹികമായും സാംസ്‌കാരികമായും സംരക്ഷിക്കാനുള്ള നീക്കങ്ങള്‍ പല തവണ സര്‍ക്കാര്‍ തലത്തിലുണ്ടായിട്ടും ഒന്നും ലക്ഷ്യം കണ്ടിട്ടില്ലെന്നു മാത്രം. ഉന്നത വിദ്യാഭ്യാസമുണ്ടായിട്ടും ജോലിയില്ലാതെ കഷ്ടപ്പെടുന്ന കൊറഗവിഭാഗത്തിലെ ആദ്യ എം.ഫില്‍ ബിരുദധാരി മീനാക്ഷിയെക്കുറിച്ചുള്ള വാര്‍ത്തകളും അടുത്തിടെ ചര്‍ച്ചയായിരുന്നു. മീനാക്ഷിയുടേതടക്കമുള്ള കൊറഗ കോളനികളിലെല്ലാം കജംപാടിയുടേതിന് സമാനമോ അതിലുമേറെ പരിതാപകരമോ ആയ സ്ഥിതിയാണുള്ളത്.

ബദിയടുക്ക, മുണ്ടത്തടുക്ക എന്നീ രണ്ട് കൊറഗ കോളനികളിലായി നൂറോളം കുടുംബങ്ങള്‍ അടിസ്ഥാന സൗകര്യങ്ങള്‍ പോലുമില്ലാതെ ബുദ്ധിമുട്ടുന്നതിനെക്കുറിച്ച് സാമൂഹികപ്രവര്‍ത്തകനായ സഞ്ജീവ് പറയുന്നതിങ്ങനെ. 'പട്ടികവര്‍ഗ്ഗക്കാര്‍ക്ക് പൊതുവിലും കൊറഗര്‍ക്ക് പ്രത്യേകമായും കോടിക്കണക്കിന് രൂപയുടെ ഫണ്ടാണ് കാസര്‍കോട് ജില്ലയില്‍ പാസ്സാക്കപ്പെടുന്നത്. വീടുകള്‍ക്കു വേണ്ടിയുള്ളതും അതില്‍പ്പെടും. പക്ഷേ, ഉദ്യോഗസ്ഥരുടെ അനാസ്ഥ കാരണം ഇപ്പോഴും ടോയ്ലറ്റുകളില്‍ താമസിക്കുന്നവര്‍ ബദിയടുക്കയിലെ കോളനികളിലുണ്ട്. ഒരുപാട് പണം ചെലവഴിച്ചിട്ടും എവിടെയും എത്താത്ത അവസ്ഥയാണ്. ഫണ്ടുകള്‍ പലതും ഉദ്യോഗസ്ഥര്‍ കൃത്യസമയത്ത് വിതരണം ചെയ്യാത്തതിനാല്‍ ലാപ്സായിപ്പോകുകയാണ്. പി.വി.ടി.ജി. എന്ന പേരില്‍ കൊറഗ സമുദായത്തിനു വേണ്ടി മാത്രമുള്ള ഒരു ഫണ്ടുണ്ടായിരുന്നു. അതൊന്നും ഇപ്പോള്‍ വരുന്നതേയില്ല. കോളനിയിലുള്ളവര്‍ക്ക് ഡെങ്കിപ്പനിയോ മലേറിയയോ വന്നാല്‍ അപ്പോള്‍ത്തന്നെ പഞ്ചായത്തില്‍ നിന്നും ആളുകളെത്തുന്നുണ്ട്. അല്ലാത്ത സമയത്ത് ഇവരെങ്ങനെ ജീവിക്കുന്നു എന്നന്വേഷിക്കാന്‍ ആരും വരാറില്ലെന്നു മാത്രം. ഊരുകൂട്ടത്തിന്റെ തീരുമാനമാണ് ആദിവാസി കോളനികളില്‍ നടപ്പിലാക്കേണ്ടത്. പക്ഷേ അധികൃതര്‍ മൂപ്പന്മാരെ കേള്‍ക്കാന്‍ തയ്യാറല്ല. എത്രയോ കാലമായി കോഴിക്കൂടു പോലുള്ള വീടുകളില്‍ കഴിയുന്നു. ഇവര്‍ക്ക് ഇത്രയൊക്കെ മതി എന്ന ചിന്തയാണ് ഉദ്യോഗസ്ഥര്‍ക്കും അധികൃതര്‍ക്കുമെല്ലാം.'

ഇടനിലക്കാരുടെ താല്‍പര്യങ്ങളും ഉദ്യോഗസ്ഥരുടെ കണ്ണടയ്ക്കലും കൂടിയാകുമ്പോള്‍ കൊറഗര്‍ക്കു വേണ്ടി വിഭാവനം ചെയ്യപ്പെട്ട ഭവനപദ്ധതികള്‍ പാതിവഴിയ്ക്കു നിന്നുപോകുകയാണ് പതിവെന്നാണ് ഇവരുടെ പരാതി. ഗുണനിലവാരമില്ലാത്തതും പാതി പണിതു നിര്‍ത്തുന്നതുമായ വീടുകളെപ്പറ്റി പ്രതികരിക്കാന്‍ ശ്രമിക്കുന്ന കൊറഗരെ ചെറിയ തുകകള്‍ കൊടുത്ത് തൃപ്തിപ്പെടുത്തുകയാണ് പതിവെന്നും സഞ്ജീവ് ആരോപിക്കുന്നുണ്ട്. കൊറഗ കോളനികളില്‍ ഭവന പദ്ധതികള്‍ വരുമ്പോള്‍ യഥാര്‍ത്ഥത്തില്‍ സംഭവിക്കുന്നതെന്താണെന്ന് അധ്യാപകനായ പത്മനാഭന്‍ ബ്ലാത്തൂര്‍ വിശദീകരിക്കുന്നത് ഇങ്ങനെയാണ്. 'പദ്ധതികളോ പണമോ ഒന്നും കൊറഗരിലേക്കെത്തിയിട്ടില്ല. വീടുകള്‍ കെട്ടാന്‍ വേണ്ടി പണം പാസ്സാകും, പക്ഷേ വീടുപണി മാത്രം പൂര്‍ത്തിയാകില്ല. ഇടനിലക്കാരും കരാറുകാരും ഒന്നുകില്‍ പാതിവീടുകള്‍ കെട്ടി അവസാനിപ്പിക്കും, അല്ലെങ്കില്‍ കമ്പിയും സിമന്റുമില്ലാതെ പൊളിഞ്ഞുവീഴുന്ന അവസ്ഥയിലുള്ള വീടുകള്‍ കെട്ടും. കൊറഗര്‍ ഇപ്പോഴും പഴയ അവസ്ഥയില്‍ത്തന്നെയാണ് ജീവിക്കുന്നത്. അധികപേരും അടച്ചുറപ്പില്ലാത്ത വീടുകളില്‍ത്തന്നെയാണ്. വിദ്യാഭ്യാസവും ജോലിയുമാണ് മറ്റൊരു പ്രശ്നം. ജോലിയുടെയും മറ്റും കാര്യത്തില്‍ പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കിടയില്‍ത്തന്നെ ധാരാളം വ്യത്യാസങ്ങളുണ്ടാകുന്നുണ്ട്. സാമൂഹികമായി അല്‍പം കൂടി മുന്നാക്കാവസ്ഥയിലുള്ള മറാട്ട വിഭാഗത്തില്‍പ്പെട്ട ഗോത്രവര്‍ഗ്ഗകാര്‍ക്കാണ് കൊറഗരേക്കാള്‍ ജോലിയും മറ്റു പ്രാതിനിധ്യവും ലഭിക്കുന്നത്. ബദിയടുക്കയിലെ കോളനികളില്‍ മാത്രം നാല്‍പതോളം കുട്ടികളാണ് കൊറഗ വിഭാഗത്തില്‍ നിന്നും എസ്.എസ്.എല്‍.സി പാസ്സായിട്ടുള്ളത്. ആരും തുടര്‍ന്നു പഠിക്കുന്നുമില്ല, ജോലിയും ലഭിച്ചിട്ടില്ല. അവരുടെ മാതൃഭാഷ മലയാളമല്ല. അവര്‍ക്ക് അവരുടേതായ ഗോത്രഭാഷയുണ്ട്. അവരുടേതല്ലാത്ത ഭാഷയില്‍ അധ്യയനം നടത്തുമ്പോള്‍ അവര്‍ അന്യവല്‍ക്കരിക്കപ്പെടുകയും സ്‌കൂളുകളില്‍ നിന്നും പുറത്താവുകയുമാണ് ചെയ്യുന്നത്.'

പുല്ലാഞ്ഞി കൊണ്ട് കുട്ടനെയ്ത് വില്‍ക്കുന്നതാണ് കൊറഗരുടെ പരമ്പരാഗത തൊഴില്‍. പുല്ലാഞ്ഞിയും ഈറ്റയും വളര്‍ന്നിരുന്ന പുറമ്പോക്കു ഭൂമി പുറത്തു നിന്നുള്ളവര്‍ കൈയേറുകയും, സര്‍ക്കാര്‍ ഭൂമിയില്‍പ്പോലും പുല്ലാഞ്ഞി വെട്ടി റബര്‍ വയ്ക്കുകയും ചെയ്തതോടെ ആകെയുള്ള ഉപജീവനമാര്‍ഗ്ഗത്തിനും തടസ്സം നേരിടുന്ന അവസ്ഥയിലാണ് കൊറഗര്‍. 'ഇപ്പോള്‍ സര്‍ക്കാര്‍ വീണ്ടും പുല്ലാഞ്ഞി വച്ചുപിടിപ്പിക്കുകയാണ്, കൊറഗന് വട്ടിയുണ്ടാക്കാന്‍. അവര്‍ക്ക് അത്രമതി എന്നൊരു ചിന്തയാണ്. അവര്‍ അവരുടെ സ്വാഭാവിക വാസസ്ഥലങ്ങളില്‍ നിന്നെല്ലാം പുറന്തള്ളപ്പെടുകയും കണ്ണായ സ്ഥലങ്ങളെല്ലാം ജന്മിമാര്‍ പിടിച്ചെടുക്കുകയും, സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന പാറമാത്രമുള്ള സ്ഥലങ്ങളിലേക്ക് ഇവരെ പറിച്ചുനടുകയും ചെയ്യുന്നുണ്ട്. അമ്പതോളം വീടുകളാണ് ബദിയടുക്കയില്‍ പണി പൂര്‍ത്തിയാകാതെ നില്‍ക്കുന്നത്. ഓലയും ഷീറ്റും മറ്റും വച്ചാണ് ഇവര്‍ താല്‍ക്കാലിക വീടുകള്‍ കെട്ടുന്നത്.' പത്മനാഭന്‍ ബ്ലാത്തൂര്‍ പറയുന്നു. പ്രൈമറി വിദ്യാര്‍ത്ഥികള്‍ക്കായി കൊറഗ കോളനികളില്‍ സ്ഥാപിച്ചിട്ടുള്ള ഏകാധ്യാപക വിദ്യാലയങ്ങളുടെ അവസ്ഥ പോലും ഏറെ ശോചനീയമാണ്. കൃത്യമായി പ്രവര്‍ത്തിക്കാന്‍ സാധിക്കുന്ന തരത്തില്‍ ഉപയോഗിക്കാവുന്ന നല്ല കെട്ടിടങ്ങള്‍ പോലും ഇത്തരം വിദ്യാലയങ്ങള്‍ക്കില്ലെന്ന് പ്രദേശവാസികള്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഇതെല്ലാം നിലനില്‍ക്കുന്ന വസ്തുതകളാണെന്നിരിക്കേ, വീടുകളുടെയും ജീവിതസാഹചര്യങ്ങളുടെയും നിലവാരമില്ലായ്മയ്ക്ക് കൊറഗരെത്തന്നെ പ്രതിസ്ഥാനത്തു നിര്‍ത്തുകയാണ് ബദിയടുക്ക പഞ്ചായത്ത് അധികൃതര്‍. വീടുകള്‍ നിര്‍മിക്കുന്നതിലും മറ്റു പദ്ധതികള്‍ നടപ്പാക്കുന്നതിലും വീഴ്ചകള്‍ പറ്റുന്നതല്ല, മറിച്ച് കൊറഗര്‍ക്ക് അവ എങ്ങനെ ഉപയോഗിക്കണം എ്ന്നതിനെക്കുറിച്ച് ബോധ്യമില്ലാത്തതാണ് പ്രശ്നങ്ങള്‍ക്കു കാരണമെന്ന് പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അന്‍വന്‍ ഒസോണ്‍ ആരോപിക്കുന്നു. 'ഫണ്ടുകള്‍ ധാരാളമുണ്ട്. പക്ഷേ വീടുകള്‍ കെട്ടിക്കൊടുത്തതിനു ശേഷം പോലും ഇവര്‍ ജീവിതരീതികള്‍ മാറ്റാന്‍ തയ്യാറല്ല. വൃത്തിയുള്ള വീടുകളില്‍ അവര്‍ നില്‍ക്കില്ല. നല്ല റൂമുകള്‍ ഉണ്ടെങ്കില്‍പ്പോലും സാധനങ്ങള്‍ നിറച്ച് സ്റ്റോര്‍റൂം പോലെയാക്കിയിടുകയാണ് പതിവ്. ടോയ്ലറ്റുകള്‍ ഉപയോഗിക്കില്ല, അവയില്‍ സാധനങ്ങള്‍ സൂക്ഷിക്കും. ഇതൊക്കെ ബദിയടുക്കയില്‍ത്തന്നെ കണ്ട കാര്യങ്ങളാണ്. അവര്‍ക്കൊരു ബോധവല്‍ക്കരണം കൊടുക്കുകയാണ് വേണ്ടത്. വിദ്യാഭ്യാസത്തിനോടൊന്നും ഇവര്‍ ഒട്ടും താല്‍പര്യം കാണിക്കുന്നില്ല. കഴിഞ്ഞ രണ്ടു മൂന്നു വര്‍ഷക്കാലത്തിനിടെ പ്രമോട്ടര്‍മാരും പഞ്ചായത്തംഗങ്ങളും ചേര്‍ന്ന് പലതും ഇവര്‍ക്കായി ചെയ്യുന്നുണ്ട്. വട്ടിയുണ്ടാക്കി വില്‍ക്കാനുള്ള സഹായങ്ങളും മറ്റും ചെയ്തു കൊടുക്കുന്നുണ്ട്. പക്ഷേ അതു വിറ്റു കിട്ടുന്ന പണം പോലും മദ്യത്തിനും മറ്റുമാണ് ഉപയോഗിക്കുക.'

സാമൂഹികവും സാമ്പത്തികവുമായ പിന്നാക്കാവസ്ഥ, പട്ടികവര്‍ഗ്ഗക്കാര്‍ക്കിടയില്‍ത്തന്നെ നേരിടുന്ന വിവേചനങ്ങള്‍, എണ്ണത്തിലുണ്ടാകുന്ന ഗണ്യമായ കുറവ്, ആരോഗ്യപരമായ പ്രശ്നങ്ങള്‍, പരമ്പരാഗത ജീവിതരീതികളുടെയും ഭാഷകളുടെയും അന്യവത്കരണം എന്നിങ്ങനെ ഒട്ടേറെ പ്രതിസന്ധികള്‍ക്കൊപ്പം തലചായ്ക്കാന്‍ നല്ല വീടുകള്‍ പോലുമില്ലാത്തതടക്കമുള്ള വെല്ലുവിളികളും നേരിടുകയാണ് കാസര്‍കോട്ടെ കൊറഗര്‍. ഇവര്‍ നേരിടുന്ന പ്രതിസന്ധികള്‍ക്കെല്ലാം കാരണക്കാരായി ഇവരെത്തന്നെ പഴിചാരുന്ന അധകൃതരാണ് ബദിയടുക്കയിലുള്ളതും. കൊറഗ കോളനികളിലും ഒപ്പം കജംപാടി പോലെയുള്ള പട്ടികജാതി കോളനികളിലും ഏറ്റവും അടിസ്ഥാന സൗകര്യങ്ങളെങ്കിലും ഉറപ്പാക്കാന്‍ സാധിച്ചില്ലെങ്കില്‍, ദീപക്കിനെപ്പോലുള്ള പിഞ്ചുകുഞ്ഞുങ്ങളുടെ മരണവാര്‍ത്തകള്‍ ഇനിയും ആവര്‍ത്തിച്ചേക്കും.

Photo Credit: The News Minute

Next Story

Related Stories