TopTop

ഒരു ജനാധിപത്യ രാജ്യത്തിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ കാശ്മീര്‍ ആവശ്യപ്പെടുന്നത്

ഒരു ജനാധിപത്യ രാജ്യത്തിന്റെ ധാര്‍മികതയാണ് ഇപ്പോള്‍ കാശ്മീര്‍ ആവശ്യപ്പെടുന്നത്
ഒരു പ്രൊഫഷണല്‍ ആര്‍മിയും സങ്കുചിതമനസ്‌കരായ തീവ്രവാദ സംഘടനകളും തമ്മില്‍ വ്യത്യാസമുണ്ടോ? ഉണ്ട് എന്നാണെങ്കില്‍ ആശങ്കപ്പെടാന്‍ ചില കാര്യങ്ങള്‍ നമുക്കുണ്ടെന്നാണ് നിലവിലെ അവസ്ഥ കാണിക്കുന്നത്. അതോടൊപ്പം, അത്തരമൊരു പ്രൊഫഷണല്‍ സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മോശം പ്രവര്‍ത്തികള്‍ക്ക് ഒരു ജനാധിപത്യ സമൂഹത്തിലെ വലിയൊരു വിഭാഗം ജനങ്ങള്‍ കൈയടിക്കുമ്പോള്‍ നാം കൂടുതല്‍ പേടിക്കേണ്ടതുണ്ട്.

ഈ രാജ്യത്തെ ജനാധിപത്യ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടണമെന്ന് ആഗ്രഹിക്കുന്ന ഓരോരുത്തരേയും വിഷമത്തിലാക്കുന്ന കാഴ്ച തന്നെയായിരുന്നു ഒരു യുവാവിനെ സൈനിക വാഹനത്തിന്റെ മുന്നില്‍ മനുഷ്യകവചമായി കെട്ടിവച്ചു കൊണ്ടുള്ള ദൃശ്യങ്ങള്‍.

ആ ദൃശ്യങ്ങള്‍ രണ്ടു കാര്യങ്ങള്‍ വെളിവാക്കുന്നുണ്ട്, അതു രണ്ടും അത്രയെളുപ്പം ദഹിക്കുന്നതുമല്ല. ഒന്ന്, ദശകങ്ങളായി തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിനു ശേഷം ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന ഒരു നിര്‍ണായക വഴിത്തിരിവില്‍ സുരക്ഷാ സൈന്യം നിസഹായരായി തുടങ്ങിയിരിക്കുന്നു: പോരാട്ടം ഇപ്പോള്‍ സുരക്ഷാ സൈന്യവും കാശ്മീരിലെ ജനങ്ങളുമായി മാറിയിരിക്കുന്നു.

രണ്ടാമത്തേതും എന്നാല്‍ ഏറെ ആശങ്കപ്പെടുത്തുന്നതുമായ കാര്യം, കാശ്മീരില്‍ സമാധാനം തിരികെ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ നടത്തുന്നുവെന്ന തോന്നല്‍ പോലും കേന്ദ്രത്തിലെ രാഷ്ട്രീയ നേതൃത്വം ഉപേക്ഷിച്ചിരിക്കുന്നു എന്നതാണ്. സുരക്ഷാ സേന ഇപ്പോള്‍ കാര്യങ്ങള്‍ നടത്തട്ടെ എന്ന നിലയിലായിരിക്കുന്നു കാര്യങ്ങള്‍.

ഒരു സൈനിക വാഹനത്തിന്റെ മുന്നില്‍ കെട്ടിവയ്ക്കപ്പെട്ട യുവാവിന്റെ ദൃശ്യം കാശ്മീരുമായി ബന്ധപ്പെട്ട് ദശകങ്ങളോളം ജനങ്ങളുടെ ഓര്‍മയില്‍ നിലനില്‍ക്കും. ഏറ്റവും സംഘര്‍ഷഭരിതമായ സാഹചര്യങ്ങളില്‍ പോലും അച്ചടക്കമുള്ള സുരക്ഷാ സൈന്യം ചെയ്യില്ലാത്ത കാര്യമാണ് അവിടെ നടന്നത്.

മുഖ്യമന്ത്രി മെഹബൂബാ മുഫ്തി, ആര്‍മി തലവന്‍ ജനറല്‍ ബിബിന്‍ റാവത്തിനോട് പറഞ്ഞത് ഈ നടപടിയും അതുപോലെ സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന മറ്റ് അനിഷ്ടകരമായ നടപടികളും കാശ്മീര്‍ താഴ്‌വരയില്‍ ഇതുവരെയുണ്ടായിട്ടുള്ള എല്ലാ സമാധാന, പുരോഗന ശ്രമങ്ങളും ഇല്ലാതാക്കി കളഞ്ഞു എന്നാണ്.

നിരവധി തവണ പാകപ്പിഴകളുണ്ടാവുകയും എന്നാല്‍ വീണ്ടും അതില്‍ നിന്ന് കരകയറുകയും ഒക്കെ ചെയ്തുകൊണ്ട് രാഷ്ട്രീയ നേതൃത്വവും ഒപ്പം സുരക്ഷാ സൈന്യവും വര്‍ഷങ്ങള്‍ കൊണ്ട് കുറെയധികം ദൂരം താണ്ടിയിരുന്നു.

ഇപ്പോഴുണ്ടായിട്ടുള്ള സംഭവങ്ങള്‍ അന്വേഷണത്തിന് വിധേയമാക്കുകയും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യേണ്ടത് അത്യാവശ്യമാണ്. ഇത്തരത്തിലുള്ള നടപടികള്‍ ഒരുവിധത്തിലും വച്ചു പൊറുപ്പിക്കില്ലെന്നുള്ള സന്ദേശം ജനറല്‍ റാവത്ത് കാശ്മീരിലുള്ള ഓരോ സൈനികരേയും ഒപ്പം രാജ്യമൊട്ടാകയും അറിയിക്കേണ്ടതുണ്ട്. കാരണം, ഇതുമൂലം ഇല്ലാതാകുന്നത് ഇന്ത്യന്‍ സൈന്യത്തിന്റെ പ്രതിച്ഛായ തന്നെയാണ്. അതോടൊപ്പം, കാശ്മീരില്‍ പ്രശ്‌നങ്ങളുണ്ടാക്കാന്‍ നോക്കുന്നവര്‍ക്ക് ഇന്ത്യയെ അടിക്കാന്‍ ഒരു വടി വെട്ടിക്കൊടുക്കുന്നതു പോലെയാണത്.

പലതരത്തിലുള്ള വാദഗതികള്‍ ഈ സംഭവത്തിനു മേലുയരുന്നുണ്ട്. കാശ്മീര്‍ താഴ്‌വരയിലെ കല്ലെറിയുന്നവരെ ഒരു പാഠം പഠിപ്പിക്കാനായി, ഈ വഴി സ്വീകരിച്ചതു കൊണ്ട് സൈനികര്‍ക്ക് ആരേയും വെടിവയ്‌ക്കേണ്ടി വന്നില്ല, അതുകൊണ്ട് ജീവനഷ്ടം ഉണ്ടായില്ല, മനുഷ്യനെ ജീപ്പിന്റെ ബോണറ്റില്‍ കെട്ടിവച്ചുകൊണ്ടാണെങ്കിലും സൈനികര്‍ക്ക് സ്വയം സംരക്ഷിക്കാന്‍ ഉള്ള അവകാശമുണ്ട് തുടങ്ങി നിരവധി വാദങ്ങള്‍. എന്നാല്‍ ഇതൊന്നും നിലനില്‍ക്കുന്നതല്ല. കാരണം, ഭരണകൂടത്തോട് എതിര്‍പ്പുള്ളവര്‍ ചെയ്യുന്ന അതേ മാതൃകയല്ല ഒരു ഭരണകൂടവും തിരിച്ച് ചെയ്യേണ്ടത്. അങ്ങനെ ചെയ്യുന്നതു വഴി ഇത്തരത്തില്‍ പ്രശ്‌നങ്ങള്‍ക്കുണ്ടാക്കുന്നവര്‍ക്കു മേല്‍ നടപടി സ്വീകരിക്കാനുള്ള ധാര്‍മികമായ സാധുത ഇല്ലാതായി പോകുകയാണ് ചെയ്യുന്നത്.

കാശ്മീരില്‍ ശ്രദ്ധ കൊടുക്കുകയും എന്നാല്‍ കാശ്മീരികളുടെ ആശങ്കകളും അവരുടെ സെന്‍സിറ്റീവിറ്റിയും കണ്ടില്ലാന്നു നടിക്കുകയും ചെയ്യുന്ന നടപടികളൊന്നും ഫലവത്താവുകയില്ല. കാരണം, ഒരു പ്രദേശം എന്നത് അവിടുത്തെ ജനങ്ങള്‍ കൂടി ചേര്‍ന്നതാണ്. ഇന്ത്യ എന്ന ആശയവുമായി കാശ്മീരിനെ ബന്ധിപ്പിക്കണമെങ്കില്‍, അവര്‍ക്കും അതില്‍ വിശ്വാസം ഉണ്ടാകണമെങ്കില്‍ ആദ്യം ചേയ്യേണ്ടത് കാശ്മീരിലെ ജനങ്ങളുമായി ബന്ധം സ്ഥാപിക്കുക എന്നതാണ്.

ടൂറിസം വേണോ ടെററിസം വേണോ എന്ന് പ്രധാനമന്ത്രി ഈയിടെ കാശ്മീരിലെ യുവാക്കളോട് ചോദിച്ചിരുന്നു. പക്ഷേ, കാശ്മീര്‍ പ്രശ്‌നത്തിലെ സങ്കീര്‍ണത ഇത്തരത്തിലുള്ള ബൈനറികളില്‍ ഒതുക്കാവുന്നത്ര നിസാരമല്ല. കാശ്മീരിലെ ജനങ്ങള്‍ക്ക് മേല്‍ അതിക്രമം അഴിച്ചു വിടുമ്പോള്‍, അവര്‍ക്കു നേരെ വെടിയുതിര്‍ക്കുമ്പോള്‍ അവിടെ കാശ്മീരികളെ തീവ്ര നിലപാടുകളിലേക്ക് തള്ളിവിടുന്നതിന്റെ കുറ്റാരോപണം ഉണ്ടാവുന്നത് സൈന്യത്തിനു മേലാണ്. അത്തരം യാഥാര്‍ത്ഥ്യങ്ങള്‍ നിലനില്‍ക്കുമ്പോള്‍ കാശ്മീരിലെ യുവാക്കള്‍ ടൂറിസ്റ്റ് ഗൈഡുകളായി മാറും എന്ന് നമുക്ക് പ്രതീക്ഷിക്കുക എളുപ്പമല്ല.ഇപ്പോള്‍ സംഭവിച്ചിരിക്കുന്ന കാര്യങ്ങള്‍ക്ക് സൈന്യത്തിനുള്ള അതേ ഉത്തരവാദിത്തം ഡല്‍ഹിയിലേയും ശ്രീനഗറിലേയും രാഷ്ട്രീയ നേതൃത്വത്തിനുമുണ്ട്. കാരണം, ഏതു സാഹചര്യത്തിലാണ് കാശ്മീര്‍ ഇപ്പോള്‍ മറ്റൊരു കൂട്ടക്കുഴപ്പത്തിലേക്ക് മാറിയത് എന്നോര്‍ക്കണം. സൈന്യത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്ന അനീതികള്‍, സാധാരണക്കാര്‍ക്കു നേരെയുണ്ടാകുന്ന അതിക്രമങ്ങള്‍, അതിന്റെ ഭാഗമായി ഇപ്പോള്‍ ആരംഭിച്ചിട്ടുള്ള വീഡിയോ യുദ്ധം ഒക്കെ സംഭവിക്കുന്നത് ഇവിടെ രാഷ്ട്രീയ പദ്ധതികള്‍ ഇല്ലാതായതു മൂലമുള്ള ശൂന്യതയിലാണ്.

ഇപ്പോള്‍ നിലനില്‍ക്കുന്ന കാര്യങ്ങള്‍ മുന്‍നിര്‍ത്തി വിലയിരുത്തുകയാണെങ്കില്‍ കാശ്മീരികളുമായുള്ള യാതൊരു വിധത്തിലുള്ള സംഭാഷണത്തിനും മോദി സര്‍ക്കാരിന് താത്പര്യമില്ല എന്നും അതിനു പകരം പൂര്‍ണ അടിച്ചമര്‍ത്തല്‍ നയത്തിലേക്ക് കാര്യങ്ങള്‍ പോകുന്നു എന്നുമാണ് പൊതുവെ കരുതപ്പെടുന്നത്. കാരണം, കഴിഞ്ഞ വര്‍ഷം കാശ്മീരില്‍ ആരംഭിച്ച പ്രശ്‌നങ്ങള്‍ 2017-ലേക്കും നീളുമ്പോള്‍ കാശ്മീരിലെ ജനങ്ങളിലേക്കെത്താനുള്ള നടപടികളൊന്നും കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടാകുന്നില്ല എന്നത് വ്യക്തമാണ്. ഇപ്പോള്‍ അടിയന്തരമായി ചെയ്യേണ്ട കാര്യം സുരക്ഷാ സൈന്യം തങ്ങളുടെ ഭാഗത്തുണ്ടായിട്ടുള്ള വീഴ്ചകള്‍ പരിശോധിക്കുകയും അത് തിരുത്തുകയുമാണ്. അതിനൊപ്പം, രാഷ്ട്രീയ പോംവഴികള്‍ വീണ്ടും തുടങ്ങിവയ്ക്കുകയൂം വേണം, കാരണം, ഒരുപാട് വൈകിക്കഴിഞ്ഞു.

കഴിഞ്ഞ ഒന്നര ദശകമായി, പ്രത്യേകിച്ച് അടല്‍ ബിഹാരി വാജ്‌പേയി പ്രധാനമന്ത്രിയായിരുന്ന സമയം മുതല്‍ കാശ്മീരിലെ ജനങ്ങളിലേക്ക് എത്താനുള്ള നിരവധി ശ്രമങ്ങള്‍ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നുണ്ടായിരുന്നു. ഈ ശ്രമങ്ങളാകട്ടെ, ഒരുപരിധി വരെ വിജയവുമായിരുന്നു. വലിയ തോതിലുള്ള അക്രമങ്ങള്‍, മരണങ്ങള്‍, സൈനിക നടപടികള്‍ ഒക്കെ അതിനനുസരിച്ച് കുറയുകയും ചെയ്തു. എന്നാല്‍ 2014-ല്‍ മോദി അധികാരത്തില്‍ വന്നതോടെ ഇത് കീഴ്‌മേല്‍ മറിഞ്ഞു എന്നതാണ് ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ തെളിയിക്കുന്നത്.

Next Story

Related Stories