TopTop
Begin typing your search above and press return to search.

12 വർഷങ്ങൾ... അതൊരു ചെറിയ സമയമല്ല; ഞങ്ങളുടെ ജീവീതം ആരു തിരിച്ചു തരും?

12 വർഷങ്ങൾ... അതൊരു ചെറിയ സമയമല്ല; ഞങ്ങളുടെ ജീവീതം ആരു തിരിച്ചു തരും?
ശ്രീനഗറിലെ കശ്മീര്‍ സര്‍വകലാശാലയിലെ ഷാ-ഇ-ഹമദാന്‍ ഇസ്ലാമിക പഠന ഇന്‍സ്റ്റിറ്റ്യൂട്ടിലെ തന്റെ ക്ലാസിലായിരുന്നു 2005 ഒക്ടോബര്‍ 29ന് ഉച്ചതിരിഞ്ഞ് മുഹമ്മദ് റഫീക് ഷാ. എംഎ വിദ്യാര്‍ത്ഥിയായ അദ്ദേഹത്തിന് തന്റെ ഔദ്യോാഗിക വിദ്യാഭ്യാസം പൂര്‍ത്തിയാക്കാന്‍ ഏതാനും മാസങ്ങള്‍ കൂടി മാത്രം മതിയായിരുന്നു. അദ്ദേഹത്തിന്റെ ക്ലാസ് അവസാനിക്കുകയും വീട്ടിലേക്ക് പോകാന്‍ തയ്യാറെടുക്കുകയും ചെയ്യുന്ന സമയത്താണ് ഡല്‍ഹിയിലെ ഗോവിന്ദപുരി പ്രദേശത്ത് ഒരു ബോംബ് പൊട്ടി നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുന്നത്.

2005 നവംബര്‍ 21ന് ഡല്‍ഹി പോലീസിലെ പ്രത്യേക സെല്ലിലെയും കാശ്മീര്‍ പോലീസിലെ പ്രത്യേക ദൗത്യസേനയിലെയും അംഗങ്ങള്‍ ഷായുടെ വീട്ടിലെത്തുകയും അറസ്റ്റ് ചെയ്യുകയും അദ്ദേഹത്തിന്റെ ജീവിതം ഇരുട്ടിലേക്ക് തള്ളിവിടുകയും ചെയ്തു.

ശ്രീനഗറില്‍ തന്നെ ഏതാനും കിലോമീറ്ററുകള്‍ അകലെ, ഒരു പ്രാദേശിക പള്ളിയില്‍ സായാഹ്ന പ്രാര്‍ത്ഥന കഴിഞ്ഞ് മുഹമ്മദ് ഹുസൈന്‍ ഫസിലി വീട്ടിലേക്ക് മടങ്ങി എത്തിയ ഉടനെയാണ് പോലീസ് വന്നത്. 67 പേരുടെ മരണത്തിന് കാരണമാകുകയും 200 പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത ഡല്‍ഹിയിലെ തുടര്‍ ബോംബ് സ്‌ഫോടനങ്ങളില്‍ പങ്ക് ആരോപിച്ച് അദ്ദേഹത്തെ അവര്‍ അറസ്റ്റ് ചെയ്തു.

ദീര്‍ഘകാലത്തെ ശാരീരിക, മാനസിക പീഢനങ്ങള്‍ക്കു ശേഷം തകര്‍ന്ന ജീവിതവുമായി ഇരുവരും ഇപ്പോള്‍ 12 വര്‍ഷത്തിന് ശേഷം കശ്മീരിലുണ്ട്. യുവവിദ്യാര്‍ത്ഥിയായിരുന്ന ഷായ്ക്ക് ഇപ്പോള്‍ മുപ്പത് വയസാകുന്നു. യുവാവായിരുന്ന ഫസിലിക്ക് ഇപ്പോള്‍ മധ്യവയസാകുന്നു. അവര്‍ക്ക് ചുറ്റുമുള്ള നഗരം മാറുകയും കശ്മീര്‍ ആഴത്തിലുള്ള ഭീതിയുടെയും കലാപങ്ങളുടെയും നാടായി മാറുകയും ചെയ്തിരിക്കുന്നു.

ഇന്ത്യന്‍ കുറ്റാന്വേഷകര്‍ തീവ്രവാദികള്‍ എന്ന് തെറ്റായി ആരോപിച്ച് അറസ്റ്റ് ചെയ്ത കാശ്മീരിലെ മറ്റ് നിരവധി നിരപരാധികളെ പോലെ ഇരുവരും സ്വയം ചോദിക്കുന്നു: തങ്ങളുടെ ജീവിതം നശിപ്പിച്ചതിന്റെ ഉത്തരവാദിത്വം ആര്‍ക്കാണ്? അതിന്റെ ഉത്തരവാദിത്വം ആരെങ്കിലും എപ്പോഴെങ്കിലും ഏറ്റെടുക്കുമോ?

യുവവിദ്യാര്‍ത്ഥിയായിരുന്ന ഷായെ പോലീസ് അറസ്റ്റ് ചെയ്തതിന് ശേഷം കടുത്ത പീഢനങ്ങള്‍ക്കാണ് ഇരയാക്കിയത്. 2008 ജനുവരി 31ന് കുറ്റം ചാര്‍ത്തപ്പെട്ടതുമായി ബന്ധപ്പെട്ട അദ്ദേഹത്തിന്റെ മൊഴിയില്‍, ഇത് പിന്നീട് ജഡ്ജി തന്റെ വിധിന്യായത്തില്‍ രേഖപ്പെടുത്തിയിരുന്നു, തന്നെ മൂത്രം കുടിപ്പിച്ചതായും, നഗ്നാക്കുകയും ലൈംഗീക പീഢനത്തിന് ഇരയാക്കുകയും ചെയ്തതായും ഷാ ആരോപിച്ചിരുന്നു. ഒരു പക്ഷെ അദ്ദേഹത്തിന്റെ മനോധൈര്യം ഇല്ലാതാക്കാനാവാം ഇത്തരം പീഢനങ്ങള്‍ നടത്തിയത്. അദ്ദേഹത്തിന്റെ ട്രൗസറിനുള്ളില്‍ എലികളെ ഇട്ടതായും തന്റെ മതവികാരത്തെ വൃണപ്പെടുത്താന്‍ ശ്രമിച്ചതായും ഷാ ആരോപിച്ചിരുന്നു. 'ഞാന്‍ ഒരു കശ്മീരി മുസ്ലിം ആയതുകൊണ്ട് മാത്രമാണ് ഇരയാക്കപ്പെട്ടത്,' നീതി ജയിക്കുമെന്നും പോലീസിന്റെ കള്ളത്തരം പുറത്തുവരുമെന്നും വിശ്വാസം പ്രകടിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

അഡീഷണല്‍ സെഷന്‍സ് ജഡ്ജി റിതേഷ് സിംഗ് ഇരുവരെയും കുറ്റവിമുക്തരാക്കിയതോടെ പന്ത്രണ്ട് വര്‍ഷത്തിന് ശേഷം വ്യാഴാഴ്ച ഷായും ഫസിലിയും സ്വതന്ത്രരായി പുറത്തിറങ്ങുമ്പോള്‍, പോലീസിന്റെ വിശ്വാസ്യതയെയും മനുഷ്യാവകാശ ധ്വംസനങ്ങളെയും കുറിച്ചുള്ള ഗൗരവതരമായ ചോദ്യങ്ങളാണ് ഉയരുന്നത്. 'തീവ്രവാദത്തെ ഫലപ്രദമായി നേരിടാന്‍ ഡല്‍ഹി പോലീസിന് സാധിക്കുന്നില്ല എന്ന പൊതുജനധാരണ മാറ്റുന്നതിനാണ് തന്നെ കുറ്റവാളിയാക്കിയത്' എന്നും 'താന്‍ ഒരു പ്രലോഭനീയ ലക്ഷ്യമാണെന്നും ബലിയാട് ആക്കുകയായിരുന്നു,' എന്നുമുള്ള റഫീക്കിന്റെ ആരോപണങ്ങള്‍ ശരിയായി വരികയും ചെയ്യുന്നു.തങ്ങളുടെ കേസ് തെളിയിക്കാനുള്ള ശ്രമത്തിനിടയില്‍, കുറ്റം നടക്കുന്ന സമയത്ത് താന്‍ മറ്റൊരിടത്തായിരുന്നു എന്ന അദ്ദേഹത്തിന്റെ വാദം പോലീസ് ബോധപൂര്‍വം അവഗണിച്ചു. സ്‌ഫോടനം നടന്ന ദിവസം താന്‍ ക്ലാസിലായിരുന്നു എന്ന് തെളിയിക്കാന്‍ സാധിക്കും എന്ന അദ്ദേഹത്തിന്റെ അപേക്ഷ അവര്‍ മുഖവിലയ്‌ക്കെടുത്തില്ല. പരസ്പര വിരുദ്ധമായ മൊഴികള്‍ പറഞ്ഞ സംശയകരമായ സാക്ഷികളെയാണ് അവര്‍ വിശ്വസിച്ചത് എന്ന് മാത്രമല്ല, തിരിച്ചറിയല്‍ പരേഡ് നടത്തുന്നതിന് മുമ്പ് ഷായെ നിരവധി ആളുകള്‍ക്ക് കാണിച്ചുകൊടുക്കുകയും ചെയ്തിരുന്നു.

ശ്രീനഗറിലെ തന്റെ കോളേജിലെ എംഎ ക്ലാസില്‍ ഇരിക്കുകയായിരുന്നു ഷായെന്ന് അദ്ദേഹത്തിന്റെ കോളേജിലെ പ്രിന്‍സിപ്പാള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പറഞ്ഞിരുന്നു.
എന്നാൽ ഡല്‍ഹി പോലീസ് തീര്‍ത്തും ഉത്തരവാദിത്വമില്ലാതെയാണ് പെരുമാറിയത്. ബസിലെ യാത്രക്കാരില്‍ ഒരാളായിരുന്ന ഒരു ധന്‍ബീര്‍ ശര്‍മ്മ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അവര്‍ ഒരു രേഖാചിത്രം നിര്‍മ്മിച്ചു. എന്നാല്‍ പിന്നീട് ഷായെ തിരിച്ചറിയാന്‍ ശര്‍മ്മയ്ക്ക് സാധിച്ചില്ല. രാജീവ് സിന്‍ഹ എന്ന മറ്റൊരു സാക്ഷി പിന്നീട് പ്രത്യക്ഷപ്പെട്ടെങ്കിലും രേഖചിത്രം സംശയകരമായ സാഹചര്യത്തില്‍ കാണാതായതായി ജഡ്ജി വിധിന്യായത്തില്‍ ചൂണ്ടിക്കാണിക്കുന്നു.

ബോംബ് വച്ച ആളെ കുറിച്ചുള്ള അദ്ദേഹത്തിന്റെയും ശര്‍മ്മയുടെയും മൊഴികള്‍ തമ്മില്‍ വൈരുദ്ധ്യമുണ്ടായിരുന്നു. 22-24 വയസുള്ള ഒരു യുവാവാണ് ആക്രമണകാരിയെന്നും ഫ്രഞ്ച് താടിയും നീണ്ട മൂക്കും വലതുവശത്ത് ന്യൂയോര്‍ക്കര്‍ എന്ന് എഴുതിയ തൊപ്പിയും ധരിച്ച ആളാണെന്നുമായിരുന്നു സിന്‍ഹയുടെ മൊഴി. ചാരനിറത്തില്‍ വരകളുള്ള വെള്ളക്കുപ്പായവും നീലയോ കറുപ്പോ കോട്ടണ്‍ പാന്റുമാണ് ബോംബ് വച്ചയാള്‍ ധരിച്ചിരുന്നതെന്നും സിന്‍ഹ മൊഴി നല്‍കി. എന്നാല്‍ അഞ്ച് അടി പത്ത് ഇഞ്ച് പൊക്കമുള്ള ഒരു കറുത്ത യുവാവാണ് ആക്രമണം നടത്തിയതെന്നാണ് ശര്‍മ്മ മൊഴി നല്‍കിയത്. ശര്‍മ്മയുടെ മൊഴി പ്രകാരം പ്രതി കൊക്കൊകോളയുടെ നിറത്തിലുള്ള ഷര്‍ട്ടും വെള്ള പാന്റുമാണ് ധരിച്ചിരുന്നത്.

ഷായെ അറസ്റ്റ് ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് പൂര്‍ണ വളര്‍ച്ചയെത്തിയ താടിയുണ്ടായിരുന്നതായി വാദിഭാഗം പിന്നീട് വാദിച്ചു. 2005 നവംബര്‍ 25ന് ബദ്രീഷ് ദത്ത് എന്ന ഇന്‍സ്‌പെക്ടര്‍, പ്രത്യേക സേനയുടെ ഓഫീസിലേക്ക് ഒരു ബാര്‍ബറെ വരുത്തുകയും ഷായ്ക്ക് ഫ്രഞ്ച് താടി വെപ്പിക്കുകയുമായിരുന്നു എന്ന് പിന്നീട് ആരോപണമുണ്ടായി. പിന്നീട് തന്റെ സെല്‍ഫോണില്‍ അദ്ദേഹം ഷായുടെ ഫോട്ടോ എടുത്തു.

തന്റെ ജീവിതം പുനര്‍നിര്‍മ്മിക്കാന്‍ ഷാ ശ്രമിക്കുന്നതിനിടയില്‍ നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരം ലഭിക്കണമെന്ന് അദ്ദേഹത്തിന് ആഗ്രഹമുണ്ട്. പക്ഷെ ആരോട് ചോദിക്കണമെന്ന് മാത്രം അറിയില്ല.

അതേസമയം തന്റെ ചുറ്റും നടക്കുന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ശ്രമിക്കുകയാണ് മുഹമ്മദ് ഹുസൈന്‍ ഫസിലി; അദ്ദേഹത്തിന്റെ സ്ഥലമായ ബുച്ചപോര ഊടുവഴികള്‍ ആളുകളെക്കൊണ്ട് നിറഞ്ഞിരിക്കുന്നു. എന്നാല്‍ തന്റെ മാതാപിതാക്കള്‍ അതിവേഗം വൃദ്ധരായി മാറിയതാണ് ശ്രീനഗറില്‍ നിന്നുള്ള ഈ 43കാരനായ കമ്പിളി തുന്നല്‍ക്കാരനെ അത്ഭുതപ്പെടുത്തുന്നത്. വാതം വന്ന് മാതാവിന്റെ ഒരു ഭാഗം തളര്‍ന്നിരിക്കുന്നു. പിതാവ് ഹൃദ്രോഗത്തോട് മല്ലടിക്കുന്നു.

'ചെയ്യാത്ത ഒരു കാര്യത്തിന്റെ പേരിലാണ് ഞങ്ങളെ പ്രതിയാക്കിയത്. എന്റെ ജീവിതത്തില്‍ നഷ്ടപ്പെട്ട 12 വര്‍ഷങ്ങള്‍ ആരാണ് മടക്കിത്തരാന്‍ പോകുന്നത്? എന്റെ മാതാപിതാക്കള്‍ സഹിച്ചത് ആര്‍ക്കെങ്കിലും ഇല്ലാതാക്കാന്‍ സാധിക്കുമോ?' ഫസിലി ചോദിക്കുന്നു.

Next Story

Related Stories