TopTop

വ്യവസായി Vs വ്യവസായി: ഒരു 'കത്തി'പ്പടം

വ്യവസായി Vs വ്യവസായി: ഒരു

എന്‍ രവിശങ്കര്‍

കൊച്ചി ബൈനാലേക്കാര്‍ കണ്ടാല്‍ അന്തംവിട്ടു പോകുന്ന ഒരു ഇന്‍സ്റ്റലേഷന്‍ ഉണ്ട് 'കത്തി' എന്ന വിജയ്/മുരുകദാസ് ചിത്രത്തില്‍. വില്ലന്റെ വിലങ്ങത്തില്‍ നായകന്‍ പ്രവേശിക്കുമ്പോള്‍ നിലവറ നിറയെ പൊട്ടിപ്പൊളിഞ്ഞ കലപ്പകളും വണ്ടിച്ചക്രങ്ങളും. വെള്ള ക്ഷാമത്താല്‍ പൊറുതിമുട്ടി കൃഷി തന്നെ ഉപേക്ഷിച്ച തമിഴ്‌നാടന്‍ ഗ്രാമങ്ങളില്‍ നിന്ന് ഇനിയൊരിക്കലും ആ മണ്ണില്‍ കൃഷി നടക്കരുതെന്ന ഉദ്ദേശത്തോടെ കോര്‍പ്പറേറ്റ് വില്ലന്മാര്‍ ശേഖരിച്ച് വച്ചിരിക്കുന്ന വസ്തുക്കളാണവ. ഒരു വള്ളത്തിനുള്ളില്‍ പാഴ്വസ്തുക്കള്‍ കുത്തിനിറച്ച്, അത് വിറ്റ് കോടിക്കണക്കിന് രൂപയുണ്ടാക്കിയ ആ ബൈനാലെ കലാകാരന്‍ ഈ ചിത്രത്തിലെ ആര്‍ട്ട് ഡയറക്ടറെ കണ്ടുപഠിയ്‌ക്കേണ്ടതാണ്. ഇവിടെ അവയൊക്കെ ചില മുദ്രകള്‍ മാത്രം, നാട് മുടിയുന്നതിന്റെ ചില ശ്ലഥബിംബങ്ങള്‍. വില്ലനെ നായകന്‍ വണ്ടിച്ചക്രത്തിന്റെ മുനയില്‍ തന്നെ ക്രൂശിയ്ക്കുന്നത് കാവ്യനീതി മാത്രം.

കത്തിയെന്നാല്‍ കത്തി തന്നെയാണ് തമിഴന്. മലയാളിയ്ക്ക് അതൊരു വേഷം കൂടിയാണ്. ഒരു വേഷപ്പകര്‍ച്ച. കത്തിയിവിടെ വില്ലനാണ്. മള്‍ട്ടിനാഷണല്‍ കോര്‍പ്പറേഷനാണ്. ആഗോളവല്‍ക്കരണമെന്ന ഭീകരതയാണ്. എംഎന്‍സിയുടെ പൈസ കൊണ്ട് നിര്‍മ്മിക്കുന്ന പടത്തില്‍ എംഎന്‍സി തന്നെയാകുന്നു വില്ലന്‍. അതുകൊണ്ട് ചിത്രത്തിന്റെ അവസാനം നമുക്കൊരു സന്ദേശം ലഭിക്കുന്നു- തങ്ങള്‍ക്കെതിരായ വിപ്ലവങ്ങളെപ്പോലും എംഎന്‍സികള്‍ തങ്ങള്‍ക്ക് വില്‍ക്കാനുള്ള ഉല്‍പന്നങ്ങളാക്കി മാറ്റുമെന്ന്. ദാരിദ്ര്യം ജനങ്ങള്‍ക്കിടയില്‍ പടരുമ്പോഴാണല്ലോ ദാരിദ്ര്യ സിനിമകള്‍ തിയേറ്ററകുളില്‍ നിറഞ്ഞോടുക! എല്ലാ ചെറുപ്പക്കാരും ചെഗുവേരയുടെ ടീഷര്‍ട്ടുകള്‍ ഇടുക, ബോബ് മോര്‍ലിയുടെ രൂപത്തില്‍ മുടികെട്ടി വെക്കുക!

'കത്തി' വളരെ രസകരമായ ചിത്രമാണ്. ആര്‍ത്തുല്ലസിക്കുന്ന ജനങ്ങള്‍ക്കിടയിലിരുന്ന് ഒരു സിനിമ കാണുകയെന്നത് ഒരനുഭവമാണ്. ഒരോ പത്തുമിനിട്ടിലും ഇവിടെ കൈയടികളുണ്ട്; ആര്‍പ്പുവിളികളുണ്ട്; വായുവില്‍ പറക്കുന്ന കടലാസ് തുണ്ടുകളുണ്ട്. എന്തിന്, എല്ലാ ആക്രോശങ്ങളും വളരെ കൃത്യമായ രംഗങ്ങളിലും സംഭാഷണങ്ങളിലും തന്നെ ഉയരുന്നുണ്ട്. വല്ലാത്ത political correctness! രാഷ്ട്രീയമായി ഇത്ര കൃത്യത പാലിക്കുന്ന ഒരു സദസിനെ അടുത്തെങ്ങും കണ്ടിട്ടില്ല. എംഎന്‍സികള്‍ക്ക് എതിരായ ഡയലോഗിനും ജനങ്ങളുടെ സപ്പോര്‍ട്ടുണ്ട്.ആകെ ഒരു പ്രശ്‌നമേ ഉള്ളു. കച്ചവട സിനിമാ തന്ത്രസമുച്ചയ പ്രകാരം നിര്‍മ്മിക്കപ്പെട്ട ഒരു യജ്ഞമാകയാല്‍ ചിലത് ഒഴിവാക്കാന്‍ പറ്റുന്നില്ല. അതായത്, നായകന് ഇരട്ട വേഷം വേണ്ടി വരുന്നു. പിന്നെയൊരു പെണ്ണും. നായകരിലൊരുത്തന്‍ കള്ളനാവണം. മറ്റവന്‍ ത്യാഗിയും. പണ്ടൊരു ഉണ്ണിയേട്ടന്‍ പുളിഞ്ചോട്ടിലിരുന്ന് ഞങ്ങള്‍ പിള്ളേര്‍ക്ക് 'എങ്കവീട്ടുപ്പിള്ളൈ' എന്ന പടത്തിന്റെ കഥ പറഞ്ഞ് തരുമായിരുന്നു. അതില്‍ രണ്ട് എംജിയുണ്ട്. (എംജിയാറിനെ അക്കാലത്ത് എംജി എന്നു മാത്രമേ പറയുള്ളു. ഈയെമ്മെസിനെ ഈയെം എന്ന് പറയുന്ന പോലെ). രണ്ട് എംജിമാരുണ്ട് പടത്തില്‍. അവരെ തിരിച്ചറിയാനായി ഉണ്ണിയേട്ടന്‍ അവരെ സാധു എംജി എന്നും സ്വന്തം എംജി എന്നും തരം തിരിക്കും. സാധു എംജി എന്നാല്‍ സാധാരണ എംജീയാറിന് ഒരു ചേരാത്ത വണ്ണം പഞ്ചപാവവവും സാധുവും വില്ലന്മാരുടെ ഇടിമേടിച്ചു കൂട്ടുകയും ചെയ്യുന്ന ഒരുത്തന്‍. സ്വന്തം എംജി ആകട്ടെ ആതീവ ഊര്‍ജ്ജസ്വലനും ക്ഷിപ്രകോപിയും വില്ലന്മാരെ നിലംപരിശാക്കുകയും ചെയ്യുന്ന റിയല്‍ എംജിയാര്‍. അതുപോലെ ഇവിടെ രണ്ട് വിജയ് ഉണ്ട്. സാധു വിജയും സ്വന്തം വിജയും. സാധു വിജയ് ഒരു ഗ്രാമത്തിലെ ജനങ്ങള്‍ക്ക് കുടിവെള്ളം എത്തിക്കുന്നതിനായി ഒരു എംഎന്‍സിയോട് പോരാടിക്കൊണ്ടിരുന്ന, എന്നാല്‍ കുതന്ത്രങ്ങളൊന്നും അറിയാത്ത വിജയ്. സ്വന്തം വിജയ് ആകട്ടെ പോക്കറ്റടിക്കാരനും ജയില്‍ ചാടിയവനും നാടു കടക്കാന്‍ പദ്ധതിയിട്ടവനും. സാധു വിജയ് ഒരു വധശ്രമത്തില്‍ ആശുപത്രിയിലായപ്പോള്‍ ആ സ്ഥാനം കള്ളത്തരത്തിനായി ഏറ്റെടുക്കാന്‍ വന്നവനാണ് സ്വന്തം വിജയ്. സാധു വിജയിന്റെ മഹത്വം തിരിച്ചറിഞ്ഞ സ്വന്തം വിജയ് പിന്നെ എംഎന്‍സിയെ തല്ലി പഞ്ചറാക്കുന്നതാണ് ചിത്രത്തിന്റെ ബാക്കി ഭാഗം.

ബെസ്റ്റ് ഓഫ് അഴിമുഖം


സിനിമാക്കഥയല്ല കാശ്മീരിയുടെ ജീവിതം; ഹൈദര്‍ നമ്മോട് പറയുന്നത്
ടമാര്‍ പടാര്‍: അരിക് ജീവിതങ്ങളിലേക്ക് ഒരു മുഖ്യധാരാ ഇടപെടല്‍
ബോളിവുഡ് മേരികോം; നമ്മുടെ നടിമാര്‍ കണ്ടുപഠിക്കേണ്ടതും
വെള്ളിമൂങ്ങ എന്നൊരു ചിരി സിനിമ
ഞാന്‍: ക്ലീഷേകളുടെ ഘോഷയാത്രയ്ക്കപ്പുറം കാണികളെ കാണാന്‍ പഠിപ്പിക്കുന്ന സിനിമ

പക്ഷെ, ചിത്രത്തിലെ ഏറ്റവും ദാരുണമായ രംഗങ്ങള്‍ ഒരു presentation വഴിയാണ് അവതരിപ്പിക്കുന്നത് എന്നതാണ് വിചിത്രം. സ്വന്തം വിജയിനെ സാധു വിജയിന്റെ മഹത്വം തിരിച്ചറിയാന്‍ സഹായിക്കുന്ന ഒരു വീഡിയോ ചിത്രമുണ്ട്. അത് ആര് സംവിധാനം ചെയ്തതാണെന്ന് ഒരു പിടിത്തവുമില്ല. അതിലൂടെയാണ് എംഎന്‍സി നടത്തിയ കൊലച്ചതിയുടെ വിവരങ്ങള്‍ മുഴുവന്‍ നമ്മെ അറിയിക്കുന്നത്. ഗ്രാമത്തിലെ അഞ്ച് വൃദ്ധ കൃഷിക്കാര്‍ തങ്ങളുടെ സമരത്തിന് മാധ്യമ ശ്രദ്ധ ലഭിക്കാന്‍ വേണ്ടി നടത്തിയ കൂട്ട ആത്മഹത്യയുടെ വിശദാംശങ്ങളും ആ വീഡിയോവില്‍ ലഭ്യമാണ്. നാട്ടുകാരുടെ കുടിവെള്ളവും കൃഷിയ്ക്കുള്ള വെള്ളവും മുട്ടിച്ച് അവിടെ നിന്ന് ജലമൂറ്റാനുള്ള എംഎന്‍സിയുടെ ക്രൂരപദ്ധതി സ്വന്തം വിജയ്ക്ക് ബോധ്യമാവുന്നത് അങ്ങിനെയാണ്.പിന്നീടങ്ങോട്ട് വിജയ് കത്തിക്കയറുകയാണ്. നാവിന്റെയും കത്തിയുടേയും മൂര്‍ച്ച് വില്ലന്മാര്‍ അനുഭവിക്കുന്നു. ഇന്ത്യയിലെ കര്‍ഷകരുടെ കൂട്ട ആത്മഹത്യകളെ കുറിച്ചും നാടിന്റെ സമ്പത്ത് കൊള്ളയടിക്കുന്നതിനെ കുറിച്ചും നെടുങ്കന്‍ ഡയലോഗുകളാണ് വിജയ് തൊടുത്ത് വിടുന്നത്. എല്ലാം ലേറ്റസ്റ്റ് ഇന്‍ഫൊര്‍മേഷന്‍സ് ആണ്. സ്റ്റാറ്റിസ്റ്റിക്‌സ് ആണ്. ഈ വിജയ് ചിത്രം കണ്ടിട്ടാവും തമിഴ്‌നാട്ടിലെ ഗ്രാമവാസികള്‍ തങ്ങളുടെ ദാരുണാവസ്ഥയെ കുറിച്ച് ചിന്തിച്ചുപോവുന്നത് പോലും. എല്ലാ ഡയലോഗിനും കൈയടി ലഭിക്കുന്നുണ്ട്. പറയുന്നതെല്ലാം കിറുകൃത്യമാണ് താനും. കേരളത്തിലെടുത്തിട്ടുള്ള ഡോക്യുമെന്ററികളില്‍ പോലും ഇത്രയും കുത്തി നിറച്ചിട്ടുണ്ടാവില്ല. മലയാളത്തില്‍ പറഞ്ഞാല്‍ വ്യവസായി Vs വ്യവസായി (തമിഴില്‍ കര്‍ഷകന്‍) പടമാണിത്.


ഇതിനിടയില്‍ സ്വന്തം വിജയ്ക്ക് ഡാന്‍സും ചെയ്യണം, പാട്ടും പാടണം. അതൊക്കെ എംഎന്‍സികളുടെ ഉത്ഭവനാടുകളില്‍ തന്നെ വേണം. കഷ്ടമല്ലേ! സാമന്തയെ പോലെ ഒരു പെണ്ണുള്ളപ്പോള്‍ എങ്ങനെ വിദേശത്ത് പോകാതിരിക്കും! പോകട്ടെ.

ചിത്രത്തിലെ ദാരുണമായ വീഡിയോ ചിത്രത്തെപ്പറ്റി പറഞ്ഞു. സംവിധായകനില്ലാത്ത ചിത്രം. സാധു വിജയും നിരാശരായ കുറെ കര്‍ഷകരും അവരുടെ ആത്മഹത്യയും മാത്രമുള്ള the real film- യഥാര്‍ത്ഥ ചിത്രം. ആ പത്തു മിനിറ്റ് ചിത്രം സ്‌പോണ്‍സര്‍ ചെയ്യുന്നതോ ലയണ്‍സ് ക്ലബ് ഇന്റര്‍നാഷണലും. അതേ, ലയണ്‍സ് ക്ലബാണ് സാധു വിജയുടെ ആ പത്ത് മിനിട്ട് യഥാര്‍ത്ഥ ചിത്രം നമ്മെ കാണിക്കുന്നത്. നഗരത്തിലെ എല്ലാ എംഎന്‍സികളും വ്യവസായികളും ഉന്നതാധികാരികളും കച്ചവടക്കാരും ഉയര്‍ന്ന പദവികളുള്ളവരും എല്ലാം ഒത്തുചേരുന്ന ലയണ്‍സ് ക്ലബാണ് ആ വിപ്ലവ ചിത്രത്തിന്റെ പ്രയോക്താക്കള്‍.70 കോടി മുതല്‍ മുടക്കില്‍ നിര്‍മ്മിച്ച 'കത്തി' യുടെ നിര്‍മ്മാതാക്കളില്‍ ഒന്നായ ലൈക്ക ഇന്റര്‍നാഷ്ണലും ശ്രീലങ്കന്‍ പ്രസിഡന്റ് രാജപക്‌സേയും തമ്മില്‍ കച്ചവടബന്ധങ്ങള്‍ ഉണ്ടെന്ന ആരോപണങ്ങള്‍ വന്നതിനെ തുടര്‍ന്ന് 65 ഓളം തമിഴ് സംഘടനകള്‍ ഒന്നിച്ച് ഈ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. നിരവധി ചര്‍ച്ചകള്‍ക്കൊടുവിലാണ് ചിത്രം റിലീസായത്.

ഒരു നിരൂപകന്റെ ഉദ്ധരിണി കടമെടുക്കുന്നു- 'കൃഷിയെ ഭംഗിയായി പൊതിഞ്ഞുകെട്ടിയ ഒരു കച്ചവടക്കളി!' പക്ഷെ, ആ പൊതിയുടെ ഡിസൈന്‍ അപാരം തന്നെ. 961 തനി തങ്കമാണ് നമ്മുടെ സ്വന്തം വിജയ്. തന്റെ കൂറ്റന്‍ കട്ടൗട്ടിന് മുകളില്‍ കയറി പാലഭിഷേകം നടത്തുന്നതിനിടയില്‍ താഴെ വീണ് മരിച്ച മലയാളിയായ രസികന്റെ കുടുംബത്തിലേക്ക് ഫോണ്‍ ചെയ്ത് ആശ്വസിപ്പിക്കാന്‍ ഇളയ ദളപതിക്ക് മാത്രമേ കഴിയൂ.

ആ സിനിമ കണ്ട നേരം മുതല്‍ ഇത്രയും എഴുതിയ നേരത്തിനിടയ്ക്ക് എത്ര കര്‍ഷകര്‍ കൂടി ആത്മഹത്യ ചെയ്തു കാണും?


Next Story

Related Stories