TopTop
Begin typing your search above and press return to search.

പെണ്ണായതിന്റെ പേരില്‍ തള്ളിമാറ്റപ്പെട്ട കാതറീന്‍ സ്വിറ്റ്‌സര്‍ 50 വര്‍ഷത്തിനിപ്പുറം വീണ്ടും മാരത്തോണില്‍ ഓടി; പഴയ 261 ആം നമ്പര്‍ ജേഴ്‌സിയില്‍ തന്നെ

പെണ്ണായതിന്റെ പേരില്‍ തള്ളിമാറ്റപ്പെട്ട കാതറീന്‍ സ്വിറ്റ്‌സര്‍ 50 വര്‍ഷത്തിനിപ്പുറം വീണ്ടും മാരത്തോണില്‍ ഓടി; പഴയ 261 ആം നമ്പര്‍ ജേഴ്‌സിയില്‍ തന്നെ

എല്ലാ വിവേചനങ്ങളെയും ശാരീരിക ആക്രമണങ്ങളെ പോലും അതിജീവിച്ചുകൊണ്ട് ബോസ്റ്റണ്‍ മാരത്തോണില്‍ ആദ്യമായി പങ്കെടുത്ത വനിതയായിരുന്നു കാതറിന്‍ സ്വിറ്റ്‌സര്‍. 1967ല്‍ നടന്ന ആ സംഭവം ലോക കായികവേദിയെ തന്നെ ഇളക്കി മറിച്ച സംഭവമായിരുന്നു. അമ്പത് വര്‍ഷത്തിന് ശേഷം അവര്‍, അതേ 261-ാം നമ്പര്‍ ജേഴ്‌സിയില്‍ ഇന്നലെ ബോസ്റ്റണ്‍ മാരത്തോണില്‍ വീണ്ടും ഓടി.

ഇപ്പോള്‍ എഴുപതാം വയസിലാണ് അവര്‍ മാരത്തോണ്‍ ഓടി പൂര്‍ത്തിയാക്കിയത്. കഴിഞ്ഞ നാല്‍പത്തിയാറു വര്‍ഷങ്ങള്‍ക്കിടയില്‍ ഓടിയ ഏറ്റവും വേഗതയുള്ള മാരത്തോണായിരുന്നു ഇന്നലത്തേത് എന്ന് അവസാന വര കടന്ന ശേഷം അവര്‍ എന്‍ബിസി ന്യൂസിനോട് പറഞ്ഞു. 'ഒരു വീട്ടമ്മ ഒരിക്കലും ഒരു മാരത്തോണും ഓടിയിട്ടില്ല' എന്ന് അവരെ പറഞ്ഞു പഠിപ്പിച്ച കോച്ചിനുള്ള മറുപടി പോലെയാണ് ആ വാക്കുകളെ ലോകം വീക്ഷിച്ചത്.

കെ വി സ്വിറ്റ്‌സര്‍ എന്ന പേരില്‍ രജിസ്റ്റര്‍ ചെയ്തുകൊണ്ട് അവര്‍ 1967ല്‍ നടത്തിയ പരീക്ഷണം ലോക കായികവേദിയെ ഇളക്കി മറിക്കുകയായിരുന്നു. ഓട്ടത്തിന്റെ ആദ്യത്തെ രണ്ട് മണിക്കൂര്‍ പിന്നിടുന്നതുവരെ അവര്‍ സ്ത്രീയാണെന്ന് ആരും തിരിച്ചറിഞ്ഞതുമില്ല. എന്നാല്‍ അപ്പോള്‍ അവര്‍ സ്ത്രീയാണെന്ന് തിരിച്ചറിയുകയും മത്സരം നിയന്ത്രിക്കുന്ന ഉദ്യോഗസ്ഥരില്‍ ഒരാളായിരുന്ന ജാക് സെമ്പിള്‍ ഓട്ടത്തെ അനുഗമിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നും വെളിയിലെത്തി അവരെ ബലം പ്രയോഗിച്ച് നീക്കം ചെയ്യാന്‍ ശ്രമിക്കുകയുമായിരുന്നു.

'അയാള്‍ എന്നെ കടന്നുപിടിക്കുകയും വലിച്ചെറിയാന്‍ ശ്രമിക്കുകയുമായിരുന്നു,' എന്ന് അവര്‍ ഓര്‍ക്കുന്നു. 'എന്റെ ഓട്ടമത്സരത്തില്‍ നിന്നും വിട്ടുപോവുക, ആ നമ്പര്‍ തിരിച്ചു തരിക,' അയാള്‍ ആക്രോശിച്ചു. അവരുടെ ജേഴ്‌സി നമ്പറായിരുന്നു സെമ്പിളിന് വേണ്ടിയിരുന്നത്. സ്വിറ്റ്‌സറിന്റെ കാമുകന്‍ സെമ്പിളിനെ പിടിച്ചുമാറ്റാന്‍ ശ്രമിക്കുന്നതിനിടയ്ക്കും അവര്‍ തന്റെ കര്‍മം തുടര്‍ന്നു കൊണ്ടേയിരുന്നു. അവര്‍ ഓടിക്കൊണ്ടേയിരുന്നു.

ബോസ്റ്റണ്‍ മാരത്തോണില്‍ ഒരു വനിതയോട് ചെയ്യുന്ന ഈ അതിക്രമത്തിന്റെ ചിത്രങ്ങള്‍ ലോക മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കപ്പെടുകയും അത് വനിത കായിക താരങ്ങള്‍ക്ക് വലിയ ഉത്തേജനമായി മാറുകയും ചെയ്തു. 'അത് എല്ലാത്തിനെയും മാറ്റിമറിച്ചു. അത് എന്റെ ജീവിതത്തെ മാറ്റിമറിച്ചു. അതോടൊപ്പം ലോകത്തുള്ള ദശലക്ഷക്കണക്കിന് വനിത കായികതാരങ്ങളുടെയും,' എന്ന് സ്വിറ്റ്‌സര്‍ അടിവരയിടുന്നു.

1967ലെ ഓട്ടത്തില്‍ അവരെ അയോഗ്യയാക്കി. മാത്രമല്ല, ചില മാധ്യമപ്രവര്‍ത്തകര്‍ ലക്ഷ്യത്തിന്റെ അവസാനവരയിലെത്തി അവരോട് 'യഥാര്‍ത്ഥ സ്ത്രീകള്‍ ഓടില്ല' എന്ന് ആക്രോശിക്കുകയും ചെയ്തു. തുടര്‍ന്ന് ലോക അത്‌ലറ്റിക് ഫെഡറേഷനും അവര്‍ക്ക് വിലക്ക് കല്‍പിച്ചു. അതോടെ അവര്‍ക്ക് അന്താരാഷ്ട്ര മത്സരങ്ങളില്‍ പങ്കെടുക്കാന്‍ സാധിക്കാതെയായി. പക്ഷെ പിന്മാറാന്‍ സ്വിറ്റ്‌സര്‍ തയ്യാറായിരുന്നില്ല. കാനഡയില്‍ സ്വന്തമായി ഒരു ക്ലബ് അവര്‍ സ്ഥാപിച്ചു. 'ഭാരങ്ങള്‍ ഒഴിവാക്കുന്ന കഴുതകളെ പോലെ,' തങ്ങള്‍ ഓടിക്കൊണ്ടേയിരുന്നു എന്നാണ് ക്ലബ്ബിനെ കുറിച്ച് അവര്‍ വിശേഷിപ്പിച്ചത്.

ക്ലബ് പിന്നീട് സ്വന്തമായി മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ തുടങ്ങി. പതുക്കെ പതുക്കെ അവര്‍ക്ക് ധനസഹായം ലഭിക്കാനും. ആ സംഘാടനം 27 രാജ്യങ്ങളില്‍ നിന്നുള്ള ദശലക്ഷക്കണക്കിന് വനിതകളുടെ ഓട്ടമത്സരങ്ങളിലേക്ക് വളര്‍ന്നു. 'അത് വളര്‍ന്നു, അത് വളര്‍ന്നു, അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്ക് ബോധ്യപ്പെടുന്ന രീതിയിലേക്ക് അത് വളര്‍ന്നു. അങ്ങനെ ഒളിമ്പിക് മത്സരങ്ങളില്‍ വനിത മാരത്തോണ്‍ മത്സരങ്ങള്‍ ഉള്‍പ്പെടുത്തപ്പെട്ടു,' എന്ന് അവരിന്ന് ആവേശം കൊള്ളുന്നു.

അവരുടെ ദീര്‍ഘദൃഷ്ടിയും വിജയവും ഇന്നും തുടരുന്നു. ഇന്നലെ ബോസ്റ്റണ്‍ മാരത്തോണിലെ പ്രധാന അതിഥിയായിരുന്നു അവര്‍. ആ പഴയ 261-ാം നമ്പര്‍ ജേഴ്‌സിയണിഞ്ഞ് അവര്‍ ഓട്ടം പൂര്‍ത്തിയാക്കുകയും ചെയ്തു. 'നിങ്ങള്‍ സങ്കല്‍പിക്കുന്നതിനേക്കാള്‍ വളരെ കൂടുതല്‍ കാര്യങ്ങള്‍ നിങ്ങള്‍ക്ക് ചെയ്യാനാവും എന്നാണ് കൊച്ചു പെണ്‍കുട്ടികള്‍ക്കുള്ള എന്റെ സന്ദേശം. അതിന് നിങ്ങള്‍ സങ്കല്‍പിച്ചേ മതിയാവു. നിങ്ങള്‍ ആദ്യ ചുവട് വെക്കുമ്പോള്‍ പിന്നീട് മൂന്ന് ചുവട് വെക്കാന്‍ സാധിക്കും. പിന്നീട് പത്ത്. അങ്ങനെ ഒടുവില്‍ നിങ്ങള്‍ക്ക് ഒരു മാരത്തോണ്‍ ഓടാന്‍ സാധിക്കും. നിങ്ങള്‍ക്ക് ഒരു മാരത്തോണ്‍ ഓടാന്‍ സാധിച്ചാല്‍ എന്തും ചെയ്യാന്‍ നിങ്ങള്‍ക്ക് സാധിക്കും,' കാതറിന്‍ സ്വിറ്റ്‌സര്‍ ലോകത്തിലുള്ള മുഴുവന്‍ കുട്ടികളോടും പറയുന്നു.

Next Story

Related Stories