TopTop
Begin typing your search above and press return to search.

എന്താണ് കവി ഉദ്ദേശിച്ചതെന്നു മനസിലായില്ല, എന്തെങ്കിലും ഉദ്ദേശിച്ചിരുന്നോയെന്നും അറിയില്ല

എന്താണ് കവി ഉദ്ദേശിച്ചതെന്നു മനസിലായില്ല, എന്തെങ്കിലും ഉദ്ദേശിച്ചിരുന്നോയെന്നും അറിയില്ല

പുലിമുരുഗനും തോപ്പില്‍ ജോപ്പനും വേണ്ടി ഉയര്‍ത്തിയ ആരവങ്ങള്‍ക്കിടയിലൂടെ വലിയ ബഹളങ്ങളൊന്നുമില്ലാതെയണു 'കവി ഉദ്ദേശിച്ചത്' റിലീസ് ആയത്. ആസിഫ് അലിയുടെ നിര്‍മാണ സംരംഭമായ ഈ സിനിമ സംവിധാനം ചെയ്തതു തോമസ് ലിജു തോമസ് ആണ്. സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായ രമണിയേച്ചിയുടെ നാമത്തില്‍ എന്ന ഷോര്‍ട്ട് ഫിലിം കൊണ്ട് ശ്രദ്ധിക്കപ്പെട്ട സംവിധായകനാണു തോമസ് ലിജു തോമസ്. അതായിരുന്നു ഈ സിനിമയെ പറ്റിയുള്ള പ്രേക്ഷകരുടെ പ്രതീക്ഷയും.

വോളിബോളിന്റെ ആവേശം നിറഞ്ഞ ഒരു നാടാണു കവി ഉദ്ദേശിച്ചതിലെ കഥാപരിസരം. ജിമ്മി (ആസിഫ് അലി) ആ നാട്ടില്‍ സജീവമായി നില്‍ക്കുന്ന ചെറുപ്പക്കാരനാണ്. കാര്യമായ തൊഴിലുകളൊന്നുമില്ലാത്ത, അത്യാവശ്യം അലമ്പെടുത്തു നടക്കുന്ന ചങ്ങാതിക്കൂട്ടത്തിന്റെ നേതാവ് കൂടിയാണ്. നാട്ടുകാരില്‍ എല്ലാം അലിഞ്ഞു കിടക്കുന്ന വോളിബോള്‍ ഭ്രമം ജിമ്മിക്കും ഉണ്ട്. വട്ടത്തില്‍ ബോസ്‌കോ(നരേന്‍) എന്ന പുത്തന്‍പണക്കാരനും അയാളുടെ സഹോദരങ്ങളും കൂട്ടാളികളുമാണ് ജിമ്മിയുടെ എതിരാളികള്‍. സ്‌കൂള്‍ കാലം മുതലേ തുടങ്ങിയ ശത്രുത അവര്‍ക്കിടയിലുണ്ട്. ജിമ്മി ബോസ്‌കോയുടെ സഹോദരിയെയും ബോസ്‌കോ ജിമ്മിയുടെ സഹോദരിയെയും പ്രണയിക്കുന്നു. പാരവെപ്പുകളും വെല്ലുവിളിയുമായി അവരുടെ ജീവിതം മുന്നോട്ട് നീങ്ങുന്നു. ഇതിനിടെ നാട്ടില്‍ ഒരു വോളിബോള്‍ മത്സരം നടക്കുന്നു. വട്ടത്തില്‍ വീട്ടുകാരുടെ ബദ്ധശത്രുവായ ഗ്ലാഡിസിന്റെയും(ലെന)പുറംനാട്ടുകാരനായ കോച്ച് മിന്നല്‍ സൈമന്റെയും(ബിജു മേനോന്‍ )സഹായത്തോടെ ജിമ്മിയും സംഘവും വമ്പന്മാരായ വട്ടത്തില്‍ക്കാരോട് മത്സരത്തിനിറങ്ങുന്നു. പിന്നീട് ഉണ്ടാവുന്ന നാടകീയമായ സംഭവികാസങ്ങളിലൂടെയും മത്സരങ്ങളിലൂടെയുമാണ് കവി ഉദ്ദേശിച്ചത് മുന്നോട്ട് നീങ്ങുന്നത് .

യൂട്യൂബും സമൂഹ മാധ്യമങ്ങളും ജനകീയമായതോടെ കേരളത്തില്‍ ഷോര്‍ട് ഫിലിം മേഖല വളരെ സജീവമായി. സിനിമയുടെ ലോകത്തേക്കു പ്രവേശിക്കാനുള്ള സ്വാഭാവികമായൊരു എളുപ്പമാര്‍ഗം, കുറഞ്ഞപക്ഷം ഒരു തുടക്കമെങ്കിലും ആയി കാണുന്നുണ്ട് ഈ മേഖല. ഷോര്‍ട്ട് ഫിലിം പരിചയം ഒരു പുതുമുഖ സംവിധായകന്റെ അപരിചിതത്വത്തില്‍ നിന്നും കുറച്ചെങ്കിലും വിടുതല്‍ നല്‍കി സിനിമയൊരുക്കാന്‍ സഹായകമാകും. കുഞ്ഞിരാമായണം സംവിധാനം ചെയ്ത ബേസിലിനുണ്ടായിരുന്ന അതേനേട്ടം തോമസ് ലിജു തോമസിനുമുണ്ടായി.

സാങ്കേതികമികവ് കൊണ്ട് കൂടി ശ്രദ്ധിക്കപ്പെട്ട ചെറു സിനിമയാണ് രമണിയേച്ചിയുടെ നാമത്തില്‍. കവി ഉദ്ദേശിച്ചതിലെ കിണറ്റിലിറങ്ങുന്ന രംഗത്തിലും ഇതേ സാങ്കേതികമികവ് ഉണ്ട്. ഒരു പുതുമുഖ സംവിധായകന്റെ ബ്രില്യന്‍സ് ആ സീക്വന്‍സിനുണ്ടായിരുന്നു. പക്ഷെ അതിനു മുന്നേയും പിന്നെയും കവി എന്താണുദ്ദേശിച്ചതെന്നു മനസിലായില്ല. സ്‌കൂള്‍ പ്രണയത്തിന്റെ മലയാളം സിനിമകളില്‍ സ്ഥിരം കാണുന്ന കാഴ്ചകളിലൂടെയാണ് സിനിമ തുടങ്ങുന്നത്. പുഴ, മഴ, ചായക്കട, വാഴത്തോട്ടം തുടങ്ങി 80 കളുടെ അവസാനം മുതല്‍ കാണിച്ച ലാന്‍ഡ്‌സ്‌കേപ്പിന് ഇപ്പോഴും ഒരു മാറ്റവും ഇല്ല, തൊഴില്ലാത്തവര്‍, പലിശക്കാര്‍, പൊങ്ങച്ചക്കാര്‍, മണ്ടന്മാര്‍ തുടങ്ങിയവരാണ് കവിയിലെ കഥാപാത്രങ്ങള്‍. പ്രണയം, വഴക്ക് തുടങ്ങിയവയും ക്ലീഷേകളാണ്. ദിലീപിന്റെ നരേഷനിലൂടെയാണ് സിനിമ തുടങ്ങുന്നത്. പക്ഷെ ആ വിവരണത്തിനോ സിനിമയുടെ പ്രധാന തീം എന്നു പറയുന്ന വോളിബോളിനോ പിന്നീട് കുറെ നേരത്തേക്കു സിനിമയില്‍ യാതൊരു റോളുമില്ല. എഡിറ്റിങ് എന്ന പ്രോസസ്സ് നടന്നോ എന്ന് സംശയിക്കാവുന്ന കുറെ രംഗങ്ങള്‍ ഇങ്ങനെ വന്നു കൊണ്ടേ ഇരിക്കുന്നു. ഇപ്പോഴത്തെ സിനിമകളില്‍ കണ്ടു വരുന്ന വാട്‌സാപ്പ് തമാശകളുടെ ദൃശ്യാവിഷ്‌കാരം കവി ഉദ്ദേശിച്ചതിലും ഉണ്ട്. പതിവില്‍ നിന്നും വിരുദ്ധമായി സംവിധായകന്‍ ഒരു മുന്‍കൂര്‍ ജാമ്യം എടുക്കുന്നുണ്ട് എന്നുമാത്രം. വായ്‌നോക്കുന്നതും ചമ്മുന്നതുമായി 90 കളില്‍ കലാഭവന്‍ സ്‌കിറ്റുകളില്‍ കണ്ട രംഗങ്ങളുടെ അനുകരണം മാത്രമാണ് പല സീനുകളും.ആദ്യ പകുതിയിലെ കുറെ രംഗങ്ങള്‍ ആസിഫ് അലിയുടെ ഹീറോയിസം കാണിക്കാന്‍ വേണ്ടി മാത്രം ഉണ്ടാക്കിയതാണ്. ഡയലോഗ് പറയുന്നു, തള്ളുന്നു, പ്രേമം നിരസിച്ചവളോട് നീയാരാടി എന്ന് കയര്‍ക്കുന്നു. ഇത്തരം രംഗങ്ങള്‍ക്കിടയില്‍ കൂട്ടുകാരും നാട്ടുകാരും വീട്ടുകാരും ഇടക്കു വന്നും പോയും ഇരിക്കുന്നു. സ്‌നേഹനിധിയായ 'അമ്മ, സ്വത്തു തട്ടിയെടുക്കാന്‍ വരുന്ന അളിയനും പെങ്ങളും മണ്ടന്മാരായ കൂട്ടുകാര്‍, മരമണ്ടന്മാരായ വില്ലന്മാര്‍ തുടങ്ങിയ ക്ലീഷേകളുടെ മഹാപ്രവാഹമാണ് ഈ സിനിമ. രണ്ടാം പകുതിയില്‍ ബിജു മേനോന്റെ ഹീറോയിസത്തിലേക്ക് അതുവഴിമാറുന്നു. അദ്ദേഹത്തിന്റെ ഹിറ്റ് ആയ രണ്ടാംഘട്ട കരിയറില്‍ കിട്ടിയ 90% റോളുകളുടെ തുടര്‍ച്ചയാണ് മിന്നല്‍ സൈമണ്‍. ആ ഇമേജ്, ശരീര ചലനങ്ങള്‍ ഒക്കെ അതെപടി ആവര്‍ത്തിക്കുക മാത്രമാണ് ഈ സിനിമയും ചെയ്തത്. വല്ലാത്ത ആവര്‍ത്തന വിരസത ഈ രംഗങ്ങള്‍ ഉണ്ടാക്കുന്നു. നരേന്‍ എന്ന നടന്റെ ഇത് വരെ കാണാത്ത തരം വേഷമായിരുന്നു വട്ടത്തില്‍ ബോസ്‌കോ. മുന്‍കാല ശരീരഭാഷയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമായ ആ കഥാപാത്രം പക്ഷെ പൂര്‍ണമായും അദ്ദേഹത്തിന്റെ കൈവിട്ടു പോയി. പതിവ് പോലെ വ്യത്യസ്തതരം ഷോ പീസുകളാവാന്‍ ആണ് സ്ത്രീകഥാപാത്രങ്ങള്‍ പലഘട്ടങ്ങളില്‍ വന്നത്.

ഒരു സ്‌പോര്‍ട്‌സ് സിനിമ എന്ന നിലയില്‍ കവി ഉദ്ദേശിച്ചതിനെ വിലയിരുത്തി കണ്ടു. അവസാന 10 മിനിറ്റ് കാണിക്കുന്ന വോളിബോള്‍ മത്സരങ്ങളും പിന്നെ അടിക്കടി വരുന്ന വോളിബോള്‍ പരാമര്‍ശങ്ങളും ആണ് അത്തരം വിലയിരുത്തലുകള്‍ക്ക് കാരണം എന്നു തോന്നുന്നു. കുറെ മത്സരങ്ങളുടെ വളരെ ദൈര്‍ഘ്യം കുറഞ്ഞ രംഗങ്ങള്‍ കാണിക്കുന്നുണ്ട്. അതില്‍ കവിഞ്ഞു സ്‌പോര്‍ട്‌സ് സിനിമ ഗണവുമായി സിനിമക്ക് ബന്ധമില്ല .

ടെലിഫിലിം- ഫീച്ചര്‍ ഫിലിം തമ്മിലുള്ള വ്യത്യാസങ്ങള്‍ വലിയ അക്കാദമിക പഠനങ്ങള്‍ക്ക് പോലും വിഷയമായ കാര്യമാണ്. വളരെ ലളിതമായി ഒരു സിനിമാ പ്രേക്ഷകന് ഇതിനെ നിര്‍വചിക്കാനാവുന്നുണ്ട്. ഈ രണ്ടു വിഭാഗങ്ങളും തമ്മില്‍ ഉണ്ടെന്നു പറയുന്ന അതിര്‍വരമ്പുകള്‍ ലംഘിക്കുന്നവയെ പരീക്ഷണമായി കാണുന്നുമുണ്ട്. പുതുമുഖ സംവിധായകരുടെ കുറഞ്ഞ ചിലവിലുള്ള സിനിമകളെ തീര്‍ച്ചയായും പ്രോത്സാഹിപ്പിക്കണം..പക്ഷെ കവി എന്താണ് ഉദ്ദേശിച്ചത് എന്ന് മനസിലായെങ്കിലും എന്തെങ്കിലും ഉദ്ദേശം ഉണ്ട് എന്ന തോന്നുകയെങ്കിലും വേണം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories