TopTop
Begin typing your search above and press return to search.

'പ്രേമ'ത്തിന് പിന്നാലെ പായുന്നവരേ, നിങ്ങള്‍ അനഘയുടെ മരണം (കൊലപാതകം?) ഓര്‍ക്കുന്നുണ്ടോ?

പ്രേമത്തിന് പിന്നാലെ പായുന്നവരേ, നിങ്ങള്‍ അനഘയുടെ മരണം (കൊലപാതകം?) ഓര്‍ക്കുന്നുണ്ടോ?

വിവാദമായ ഒരു പെണ്‍വാണിഭ കേസിന്റെ അന്വേഷണത്തിനിടയ്ക്ക് അതുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട ഒരു കുടുംബത്തിലെ അഞ്ചംഗങ്ങള്‍ ആത്മഹത്യ ചെയ്യുക; ആത്മഹത്യ വിവരം അറിഞ്ഞ ഉടന്‍ ഒരു വനിത രാഷ്ട്രീയ നേതാവ് മരിച്ച, പ്രായപൂര്‍ത്തിയാകാത്ത, പെണ്‍കുട്ടി കന്യകയായിരുന്നുവെന്ന് പത്രക്കാരോട് പറയുക; ആ കുടുംബത്തിന്റെ മരണവുമായി ബന്ധപ്പെട്ട് ഉന്നതരായ രാഷ്ട്രീയ നേതാക്കളുടെയും അവരുടെ സല്‍പുത്രന്‍മാരുടേയും പേരുകള്‍ ചേര്‍ത്ത് വാര്‍ത്തകള്‍ പുറത്തുവരിക; മരണപ്പെട്ട, പ്രായപൂര്‍ത്തിയാകാത്ത, പെണ്‍കുട്ടിയുടെ യോനിയില്‍ പുരുഷബീജത്തിന്റെ സാന്നിധ്യം ഉണ്ടായിരുന്നു എന്ന്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലും ഫോറന്‍സിക് റിപ്പോര്‍ട്ടിലും വ്യക്തമാക്കിയിട്ടും എട്ടുമാസത്തോളം കേസന്വേഷിച്ച കേരള പൊലീസോ തുടര്‍ന്നന്വേഷിച്ച സി ബി ഐയോ ആ ബീജാവശിഷ്ടത്തിന്മേല്‍ ഡി എന്‍ എ ടെസ്റ്റ് നടത്താതിരിക്കുക; പ്രത്യേകിച്ചും പെണ്‍കുട്ടിയ്ക്ക് 15 വയസ്സുമാത്രമേ ഉണ്ടായിരുന്നുള്ളു എന്നിരിക്കെ ഐ പി സി 375-ാം വകുപ്പനുസരിച്ച് ആ കുട്ടിയുമായി ബന്ധപ്പെട്ടവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസ് എടുക്കാമെന്നിരിക്കെ; അങ്ങനെ ബന്ധപ്പെട്ടവര്‍ ഉന്നത രാഷ്ട്രീയ നേതാക്കളും മന്ത്രിയും സ്വര്‍ണ്ണക്കച്ചവടക്കാരനും ഡി ഐ ജിയുമൊക്കെ ആണെന്ന ആരോപണം ഉള്ള കത്ത് ഹൈക്കോടജി ജഡ്ജിയ്ക്ക് എത്തിയതിനെ തുടര്‍ന്ന് ജഡ്ജ് അന്വേഷണ തലവന് എത്തിച്ചുകൊടുത്തു എന്നിരിക്കെ; കേസന്വേഷണം പൂര്‍ത്തിയാക്കി സി ബി ഐ കൊടുത്ത ചാര്‍ജ്ജ് ഷീറ്റ് തള്ളിയ കോടതി പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തിയ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്കുണ്ട് എന്നു പറയുന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാന്‍ ഉത്തരവിടുക. അങ്ങനെ ഉത്തരവിട്ടിട്ടും അതേക്കുറിച്ച് അന്വേഷിക്കാതെ, മകളെ അച്ഛന്‍ ബലാല്‍സംഗം ചെയ്തു എന്നും അതിനുശേഷം കുടുംബം ഒന്നടങ്കം ആത്മഹത്യ ചെയ്തു എന്ന റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കുക. കോടതി ആ റിപ്പോര്‍ട്ട് തള്ളി വീണ്ടും അന്വേഷണത്തിന് ഉത്തരവിടുക. അങ്ങനെ മൂന്ന് തുടര്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സി ബി ഐ കോടതി തന്നെ തള്ളുക. മൂന്നു തുടര്‍ അന്വേഷണത്തിലും അച്ഛന്‍ മകളെ ബലാല്‍സംഗം ചെയ്തു എന്ന തെളിവില്ലാത്ത നിഗമനത്തിലെത്തുക. മൂന്ന് തുടര്‍ അന്വേഷണത്തിലും, കോടതി വ്യക്തമായി ആവശ്യപ്പെട്ടിട്ടും, ആരോപണവിധേയരായ ഉന്നത രാഷ്ട്രീയ നേതാക്കളെ ചോദ്യം ചെയ്യുക പോലും ചെയ്യാതിരിക്കുക. എന്തിനേറെ, ഹൈക്കോടതിയില്‍ നിന്ന് അന്വേഷണ സംഘത്തിനയച്ച കത്തിനെക്കുറിച്ചോ കത്തില്‍ പറയുന്ന വ്യക്തികളുടെ പേരുകളെക്കുറിച്ചോ ആ കത്തിനെ കുറിച്ചുതന്നെയോ പരാമര്‍ശം പോലും നടത്താതെ റിപ്പോര്‍ട്ട് സമര്‍പ്പിക്കുക. കോടതിയുടെ വാക്കാലും രേഖാമൂലവും ഉള്ള ശകാരം ഏറ്റുവാങ്ങിയ ശേഷവും അതേ ഉദ്യോഗസ്ഥന്‍ തന്നെ കേസ് നാലാമതും തുടര്‍ അന്വേഷണം നടത്താന്‍ കോടതി ഉത്തരവിടുക. ഇതിനിടയില്‍, കൂട്ട ആത്മഹത്യ യഥാര്‍ത്ഥത്തില്‍, കൂട്ടക്കൊലപാതകമാണെന്ന വാര്‍ത്തകള്‍ പരക്കുക.

ഇതെല്ലാം നടക്കുന്നത് ബീഹാറിലോ ഉത്തര്‍ പ്രദേശിലോ അല്ല. കേരളത്തിലാണ്. എന്നിട്ടും, ബലാല്‍സംഗം ചെയ്തു കൊല്ലപ്പെടുന്ന പെണ്‍കുട്ടികളുടെ ഘാതകരുടെ വരിയുടയ്ക്കണമെന്നും തൂക്കിക്കൊല്ലണമെന്നുമൊക്കെ വീറോടെ വാദിക്കുന്ന നമ്മുടെ ചാനല്‍ ചര്‍ച്ചക്കാരും ശാക്തീകരിക്കപ്പെട്ട സ്ത്രീകളും അവരുടെ സംഘടനകളും മൗനം ദീക്ഷിക്കുന്നു.

2004 സെപ്തംബര്‍ 28-നാണ് കവിയൂരിലെ ചുമ്മത്തറ ശിവക്ഷേത്രത്തിലെ പൂജാരി നാരായണന്‍ നമ്പൂതിരി, ഭാര്യ ശോഭന, മൂത്തമകള്‍ അനഘ, രണ്ടാമത്തെ മകള്‍ അഖില, ഇളയമകന്‍ അക്ഷയ് എന്നിവരെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കണ്ണൂര്‍കാരനായ നാരായണന്‍ നമ്പൂതിരി ക്ഷേത്രത്തില്‍ ശാന്തിയായി ജോലി കിട്ടിയതിനെ തുടര്‍ന്നാണ് തിരുവല്ലയിലേക്ക് താമസം മാറ്റിയത്. ഒരു മുറിയില്‍ നാരായണന്‍ നമ്പൂതിരി ഫാനില്‍ തൂങ്ങി മരിച്ച നിലയിലും ഭാര്യയും ഇളയമകള്‍ അഖില (7 വയസ്), മകന്‍ അക്ഷയ് (5 വയസ്) എന്നിവര്‍ കിടക്കയിലും മരിച്ച നിലയിലാണ് കണ്ടെത്തിയത്. 15 വയസ്സുള്ള അനഘ തൊട്ടടുത്തുള്ള മുറിയിലാണ് മരിച്ചുകിടന്നത്.

കിളിരൂര്‍ പെണ്‍വാണിഭക്കേസിലെ മുഖ്യപ്രതി ലതാനായര്‍ നമ്പൂതിരിയുടെ വീട്ടില്‍ ഒളിച്ചു താമസിച്ചിരുന്നു എന്നും അനഘയുമായി ലതാനായര്‍ പുറത്തുപോകാറുണ്ടായിരുന്നു എന്നും അനഘയേയും ലതാനായര്‍ പലര്‍ക്കും എത്തിച്ചുകൊടുത്തുവെന്നുമുള്ള ആക്ഷേപം സഹിക്കാന്‍ വയ്യാതെയാണ് നമ്പൂതിരിയുടെ കുടുംബം കൂട്ട ആത്മഹത്യ ചെയ്തത് എന്നായിരുന്നു ആദ്യ വാര്‍ത്തകള്‍.എന്നാല്‍, ആ വാര്‍ത്തയ്ക്ക് പുതിയ ഒരു തലം നല്‍കിയത് പി കെ ശ്രീമതി സ്വമേധയാ നടത്തിയ ഒരു പ്രസ്താവനയാണ്. മരിച്ച അനഘ (15 വയസ്) കന്യകയായിരുന്നു എന്നാണ് ശ്രീമതി മാധ്യമങ്ങളോട് പറഞ്ഞത്. ശ്രീമതി അതു പറയുമ്പോള്‍ അനഘയെ പോസ്റ്റുമാര്‍ട്ടം ചെയ്തിട്ടില്ലായിരുന്നു. പോസ്റ്റുമോര്‍ട്ടം ചെയ്ത ഡോ. സരിതയുടെ റിപ്പോര്‍ട്ടിലും ഫോറന്‍സിക് വിഭാഗത്തിലെ ഡോ. സഖറിയയുടെ റിപ്പോര്‍ട്ടിലും (2004 സെപ്തംബര്‍ 29) അനഘയുടെ ശരീരഭാഗങ്ങളില്‍ മുമ്പ് ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതിന്റെ തെളിവുകള്‍ ഉണ്ടെന്നും കണ്ടെത്തിയിരുന്നു. ഇക്കാരണങ്ങള്‍ കൊണ്ടുതന്നെ ഡോ. സരിത അനഘയുടെ 'vaginal swab and smear' രാസപരിശോധനയ്ക്കയച്ചു. പരിശോധനയില്‍ അനഘയുടെ സ്വകാര്യഭാഗത്ത് മരണത്തിന് 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയില്‍ ബീജത്തിന്റെ അംശം ഉണ്ടായിരുന്നു എന്ന്‍ കണ്ടെത്തി.

ലത നായര്‍ ഒരു പിമ്പാണെന്നും അവര്‍ അനഘയെ പലയിടത്തും കൊണ്ടുപോയിട്ടുണ്ടെന്നും പോലീസ് തന്നെ നിഗമനത്തില്‍ എത്തിയ സ്ഥിതിക്ക് പൊലീസ് രണ്ടു കാര്യങ്ങള്‍ തീര്‍ച്ചയായും ചെയ്യണമായിരുന്നു. ഒന്ന്, ബീജത്തിന്റെ ഡി എന്‍ എ ടെസ്റ്റ് നടത്തണമായിരുന്നു. രണ്ട്, അനഘയുമായി ബന്ധപ്പെട്ടവര്‍ ആരൊക്കെയെന്ന് അന്വേഷിക്കണമായിരുന്നു. കാരണം 15 വയസ്സുള്ള ഒരു പെണ്‍കുട്ടിയുമായി ലൈംഗികബന്ധം പുലര്‍ത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. നിയമപ്രകാരം അത് ബലാല്‍സംഗമാണ്. എന്നാല്‍, 28-9-2004 മുതല്‍ 14-1-2005 വരെ തിരുവല്ല പോലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത ക്രൈം നമ്പര്‍ 663/04 എന്ന കേസില്‍ അന്വേഷണസംഘം അങ്ങനെയൊരു അന്വേഷണം നടത്തിയേയില്ല. 27-1-2005 ല്‍ കേസ് സി ബി ഐ ഏറ്റെടുത്തു.

ഇതിനിടയ്ക്കാണ് ഹൈക്കോടതി ജഡ്ജ് ബസന്തിന് ശ്രീകുമാരി എന്ന പേരില്‍ ഒരു കത്ത് ലഭിക്കുന്നത്. ഒന്നരപേജുള്ള മലയാളത്തില്‍ ടൈപ്പ് ചെയ്ത കത്തില്‍ ശ്രീകുമാരി സ്വയം അനഘയുടെ സുഹൃത്തായിട്ടാണ് അവതരിപ്പിച്ചിരിക്കുന്നത്. അനഘ തന്നോട് അവളുടെ വിഷമങ്ങള്‍ പറഞ്ഞിട്ടുണ്ടെന്നും ലതാനായര്‍ അവളെ പലര്‍ക്കും കൂട്ടിക്കൊടുത്തിട്ടുണ്ടെന്നും അങ്ങനെ അനഘയുമായി ബന്ധപ്പെട്ടവരില്‍ രണ്ട് പ്രമുഖ സി പി എം നേതാക്കളുടെ മക്കളും ഒരു ഡി ഐ ജിയും ഉണ്ടെന്നും പറഞ്ഞിരുന്നു. ജസ്റ്റിസ് ബസന്ത് കത്ത് പോലീസ് അന്വേഷണ സംഘത്തിന് അയച്ചുകൊടുത്തു. പോലീസിന്റെ കേസ് ഫയലില്‍ ആ കത്തും നമ്പരിട്ട് ചേര്‍ത്തിട്ടുണ്ട്.

പോലീസിന്റെ അന്വേഷണത്തില്‍ അങ്ങനെ ശ്രീകുമാരി എന്ന ഒരാളെ കണ്ടെത്തിയില്ല. അതു കൊണ്ടുതന്നെ അവര്‍ അതിനെക്കുറിച്ച് അന്വേഷിച്ചില്ലത്രെ! പ്രത്യേകിച്ചും അനഘയുടെ 'vaginal swab'ല്‍ പുരുഷബീജം ഉണ്ടായിരുന്നുവെന്നും മൂന്നുദിവസത്തില്‍ കൂടുതല്‍ ബീജത്തിന് അവിടെ നിലനില്‍പ്പില്ല എന്ന ശാസ്ത്രീയസത്യം നിലനില്‍ക്കെ! (പോലീസ് ഹെഡ് ക്വാര്‍ട്ടേഴ്‌സില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഒരു അജ്ഞാത സന്ദേശം വന്നാല്‍, സന്ദേശമയച്ചയാളുടെ അഡ്രസ് കണ്ടെത്താന്‍ കഴിയാത്തതുകൊണ്ട് ബോംബ് വച്ചിട്ടുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിക്കില്ലേ? ശരിയായ മേല്‍വിലാസമില്ലാത്ത ഒരു കത്തുപോലും റിട്ട് ആയി പരിഗണിച്ച് കേസന്വേഷണത്തിന് ഉത്തരവിട്ട നിരവധി സന്ദര്‍ഭങ്ങള്‍ ഉള്ള നിയമവാഴ്ച നിലനില്‍ക്കുന്ന ഒരു നാട്ടിലാണ് അഞ്ചുപേരുടെ മരണവുമായി ബന്ധപ്പെട്ട് ചില ആരോപണങ്ങള്‍ ഹൈക്കോടതി ജഡ്ജ് പോലീസിന് എത്തിച്ചുകൊടുത്തിട്ടും അതില്‍ അന്വേഷണം നടത്താത്തത്.)

കേസ് ഏറ്റെടുത്ത സി ബി ഐയും ഈ കാര്യങ്ങളെക്കുറിച്ച് യാതൊരു അന്വേഷണവും നടത്തിയില്ല. 9-1-2005-ല്‍ സി ബി ഐ കേസില്‍ ചാര്‍ജ്ജ് ഷീറ്റ് സമര്‍പ്പിച്ചു. കേസില്‍ ഒരു പ്രതിയേ ഉള്ളു. അത് ലത നായരാണ്. നാരായണന്‍ നമ്പൂതിരിയുടെ വീട്ടില്‍ നിന്നും കണ്ടെടുത്ത ആത്മഹത്യാക്കുറിപ്പില്‍ തങ്ങളുടെ മരണത്തിന് ഉത്തരവാദി ലത നായരാണെന്നും അവര്‍ക്കുവേണ്ടി ബാങ്കില്‍ നിന്നും തരപ്പെടുത്തിക്കൊടുത്ത ലോണുകളുടെ ഉത്തരവാദിത്തം തങ്ങളില്‍ വന്നുചേര്‍ന്നുവെന്നും കടം അടച്ചുതീര്‍ക്കാന്‍ മാര്‍ഗ്ഗമില്ലാത്തതുകൊണ്ട് ആത്മഹത്യ ചെയ്യുന്നുവെന്നും കുറിച്ചിരുന്നു. ആ കാരണം കൊണ്ട് ഐ പി സി 306 അനുസരിച്ച് ലതാ നായര്‍ക്കെതിരെ ചാര്‍ജ്ജ് കൊടുത്തു. അതായത് നമ്പൂതിരിയുടെ കുടുംബം ആത്മഹത്യ ചെയ്യാനുള്ള പ്രേരണ കുറ്റം. പക്ഷെ, അനഘയുടെ ശരീരത്തില്‍ ബീജം കണ്ടെത്തിയതിനെക്കുറിച്ച് സി ബി ഐ ഒരന്വേഷവും നടത്തിയതായി റിപ്പോര്‍ട്ടില്‍ ഇല്ല. അത്തരം ഒരന്വേഷണം സാധ്യമാകുന്നതല്ല എന്നാണ് സി ബി ഐ റിപ്പോര്‍ട്ടില്‍ രേഖപ്പെടുത്തിയത്.

റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ച ക്രൈം പത്രാധിപര്‍ ടി പി നന്ദകുമാര്‍ അനഘയെ ബലാല്‍സംഗം ചെയ്തതും ശരീരത്തില്‍ കണ്ടെത്തിയ ബീജം ലതാനായരുടേതാണോ എന്ന ചോദ്യമാണ് കോടതിയ്ക്കു മുന്നില്‍ വച്ചത്. റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ കോടതി തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു (20-6-2011).തുടര്‍ അന്വേഷണം നടത്തിയ സി ബി ഐയുടെ തിരുവനന്തപുരം ഓഫീസിലെ അഡീഷണല്‍ സൂപ്രണ്ട് നന്ദകുമാര്‍ നായര്‍ ഒരു കണ്ടെത്തല്‍ നടത്തി. അനഘയെ, അവള്‍ മരിക്കുന്നതിന് മുമ്പ്, ബലാല്‍സംഗം ചെയ്തത് അവളുടെ അച്ഛന്‍ നാരായണന്‍ നമ്പൂതിരി ആയിരുന്നു എന്നാണ് സി ബി ഐയുടെ കണ്ടെത്തല്‍. ഈ കണ്ടെത്തലുള്ള റിപ്പോര്‍ട്ട് 16-12-2011 ല്‍ തിരുവനന്തപുരത്തെ സി ബി ഐ കോടതിയില്‍ സമര്‍പ്പിച്ചു. റിപ്പോര്‍ട്ട് തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ട് നന്ദകുമാറും നാരായണന്‍ നമ്പൂതിരിയുടെ അനുജന്‍ ഉണ്ണികൃഷ്ണന്‍ നമ്പൂതിരിയും കോടതിയെ സമീപിച്ചു.

റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ കോടതി സി ബി ഐയോട് തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഉത്തരവില്‍ കോടതി ഒരു കാര്യം വ്യക്തമായി പറഞ്ഞു. '(The Investigation Officer) is directed to conduct further investigation about the allegaion that Anagha was subjected to sexual activities by several persons, including politicians.'

തുടര്‍ അന്വേഷണം നടത്തിയത് അതേ നന്ദകുമാര്‍ നായര്‍ തന്നെ. വ്യക്തമായ യാതൊരു തെളിവുമില്ലാതെ, അനഘയെ ബലാല്‍സംഗം ചെയ്തത് അച്ഛനാണെന്നും അത് ഭാര്യയും രണ്ടു മക്കളും കൂടി താമസിക്കുന്ന വീട്ടില്‍ വച്ചായിരുന്നു എന്നും യാതൊരു ഉളുപ്പുമില്ലാതെ എഴുതിയ റിപ്പോര്‍ട്ടിന്റെ തനിപകര്‍പ്പാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ 24-7-2012 ന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലും ആവര്‍ത്തിച്ചത്. അപ്പോഴും ആരോപണ വിധേയരായ 'several persons, including politicians' എന്ന് കോടതി നിര്‍ദ്ദേശിച്ച ആരെയും കുറിച്ച് എന്തെങ്കിലും അന്വേഷണം നടത്തിയില്ല.

ഈ റിപ്പോര്‍ട്ടിനേയും ക്രൈം എഡിറ്റര്‍ നന്ദകുമാറും നാരായണന്‍ നമ്പൂതിരിയുടെ അനുജനും കോടതിയില്‍ ചോദ്യം ചെയ്തു. മരണത്തിനു പിന്നിലെ ദുരൂഹത മാറ്റാനായി സി ബി ഐയുടെ ഭാഗത്തുനിന്നും യാതൊരു അന്വേഷണവും നടന്നിട്ടില്ലെന്നും ലതാനായര്‍ കൊടുത്ത മൊഴിയുടെ അടിസ്ഥാനത്തില്‍ മാത്രം സി ബി ഐതെറ്റായ നിഗമനത്തിലെത്തുകയായിരുന്നു എന്നുമുള്ള പരാതിക്കാരുടെ വാദം കോടതി ശരിവച്ചു. കേസ് വീണ്ടും അന്വേഷിക്കാനും അന്വേഷണം 'Anagha was subjected to sexual activities by several persons, including politicians.' എന്ന ആരോപണത്തിന്റെ നിജസ്ഥിതി കണ്ടെത്താനുള്ളതായിരിക്കണമെന്നും കോടതി 2-2-2013 ല്‍ ഉത്തരവിട്ടു.

നാലുമാസത്തിനുശേഷം, 12-6-2013 ന്, അന്വേഷണ ഉദ്യോഗസ്ഥന്‍ വീണ്ടും പഴയ കഥ തന്നെ ആവര്‍ത്തിച്ചു. ഇത്തവണ കൂടുതല്‍ വിശദീകരണങ്ങള്‍ കൂടി നല്‍കി. മരണത്തിന് 24 മണിക്കൂറിനും 72 മണിക്കൂറിനും ഇടയ്ക്ക് നടന്ന ലൈംഗികബന്ധത്തിന് മുമ്പ് നടന്ന ആദ്യത്തെ ലൈംഗികബന്ധത്തെക്കുറിച്ച് ഉള്ള അന്വേഷണം അസാധ്യമാണെന്നും അതിലേയ്ക്ക് നയിക്കുന്ന തെളിവുകള്‍ ഇല്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മാത്രമല്ല, അനഘയുടെ കൂട്ടുകാരി രമ്യരാജന്‍ പറഞ്ഞ മൊഴിപ്രകാരം അച്ഛനില്‍ നിന്നും മോശമായ പെരുമാറ്റം (ലൈംഗികബന്ധമെന്ന് വ്യക്തമായ സൂചനയില്ല) നടന്നുവരുന്നതായി അനഘ തന്നെ പറഞ്ഞിരുന്നതായും രേഖപ്പെടുത്തിയ സി ബി ഐ പറയാതെ പറയുന്ന കാര്യം ഇതാണ്: അനഘയെ അച്ഛന്‍ നിരന്തരമായി പീഡിപ്പിച്ചിരുന്നു; ഒടുവിലത്തേതാണ് മരണത്തിന് മുമ്പു നടന്നത്.

അനഘയ്ക്ക് സ്‌കൂളില്‍ നൂറുശതമാനം ഹാജര്‍ ഉണ്ടായിരുന്നു എന്ന് വ്യക്തമാക്കുന്ന സി ബി ഐ അതുകൊണ്ടുതന്നെ അനഘ മറ്റെവിടെയെങ്കിലും പോയി ആരെങ്കിലുമായി ലൈംഗിക ബന്ധം പുലര്‍ത്തിയെന്ന് കരുതാന്‍ കഴിയുന്നില്ല എന്നും സമര്‍ത്ഥിക്കുന്നു. പക്ഷെ, അനഘയുടെ സ്‌കൂളില്‍ രാവിലെ മാത്രമേ ഹാജര്‍ നോക്കിയിരുന്നുള്ളുവെന്നും ഉച്ചയ്ക്കുശേഷമോ സ്‌കൂള്‍ വിടുന്നതിനു മുമ്പോ വീണ്ടും ഹാജര്‍ നോക്കുന്ന പതിവ് ഇല്ലായിരുന്നുവെന്നുമുള്ള കാര്യം സി ബി ഐ സൗകര്യപൂര്‍വ്വം മറച്ചുവയ്ക്കുന്നു.

പരാതിക്കാരുടെ എതിര്‍വാദങ്ങളെ തുടര്‍ന്നാണ് 2015 ജൂലൈ 13-ാം തീയതി തിരുവനന്തപുരത്തെ സി ബി ഐ കോടതി സി ബി ഐയുടെ മൂന്നാമത്തെ തുടര്‍ അന്വേഷണ റിപ്പോര്‍ട്ടും തള്ളിയത്. വീണ്ടും കേസ് അന്വേഷിയ്ക്കാന്‍ ഇതേ നന്ദകുമാര്‍ നായരെ കോടതി ചുമതലപ്പെടുത്തി.

എന്നാല്‍ ഈ ഉത്തരവില്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ തെറ്റുകള്‍ കോടതി ചൂണ്ടിക്കാണിക്കുന്നുണ്ട്.

1. Despite the repeated further investigation by the CBI, the question whether Anagha was subjected to act coitus by several persons, including VIPs, Still remains in obscurity.

2. It is eivdent that the main exercise of the investigating officer was to impress upon the court that Anagha was subjected to coitus just 2 to 3 days prior to her death and that immoral activity was traceable to Narayanan Namboodiri, who is none other than her father.

3. There was Strong circumstantial evidence, that too konwn to the investigationg offciers, to suspect the commission of rape on the minor girl... But niether the intial investigating officer nor the CBI investigating officer had taken serious notice on the very serious offence alleged to have been committed against a minor girl, while she was alive.

4. If the investigating officer had taken the pain to conduct a proper investigation taking the thread of disclosures made by (the) witness as early as on 12-6-2005, he could have made some inroads into the alleged offences committed agaist Anagha.

5. A clean chit gives by the (CBI) to the earlier investigation officer (State Police) also seems to be misplaced / unwarranted for the simple reason that the earlier investigating officer had not made by attempt to preserve the samples of DNA inspite of strong suspicion exited regarding the commission of rape on a minor girl.കോടതി വിധിയിലെ ഈ പരാമര്‍ശങ്ങളുടെ പശ്ചാത്തലത്തില്‍ വേണം അനഘയുടെ മരണവാര്‍ത്ത വന്ന ഉടനെ (പോസ്റ്റുമോര്‍ട്ടം നടക്കുന്നതിന് മുമ്പുതന്നെ) അനഘ കന്യകയായിരുന്നു എന്ന പി കെ ശ്രീമതിയുടെ അനവസരത്തിലുള്ള പ്രസ്താവനയെ വിലയിരുത്തേണ്ടത്. അനഘയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന, ആരോപണ വിധേയരായ രാഷ്ട്രീയ നേതാക്കളെയും പോലീസുദ്യോഗസ്ഥരേയും സ്വര്‍ണ്ണക്കച്ചവടക്കാരേയും കുറിച്ച് തുടര്‍ അന്വേഷണം നടത്താനുള്ള കോടതിയുടെ മൂന്നു വിധികള്‍ കഴിഞ്ഞിട്ടും വഞ്ചി തിരുനക്കര തന്നെ എന്ന നിലയില്‍ അന്വേഷണ പ്രഹസനം നടത്തുന്ന സി ബി ഐയിലെ ഉദ്യോഗസ്ഥനെ ഒരു പരിഷ്‌കൃത സമൂഹം എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടത്? വ്യാപം അഴിമതിക്കേസിലെ സാക്ഷികളും പ്രതികളും ദുരൂഹ സാഹചര്യത്തില്‍ മരിക്കുകയും അവയെക്കുറിച്ചുള്ള പോലീസ് അന്വേഷണം പ്രഹസനമായതിനെ തുടര്‍ന്ന് സുപ്രീംകോടതി നിര്‍ദ്ദേശ പ്രകാരം സി ബി ഐ അന്വേഷണം ഏറ്റെടുത്തപ്പോള്‍ സത്യം പുറത്തുവരുമെന്നും ഉന്നതര്‍ പിടിയിലാകുമെന്നുമൊക്കെ ആശ്വസിക്കുന്ന ഒരു സമൂഹത്തിന്റെ മുന്നിലാണ് പതിനൊന്നു വര്‍ഷത്തിനു മുമ്പു നടന്ന ദുരൂഹ മരണങ്ങളെക്കുറിച്ചുള്ള ഒരു അന്വേഷണവും മൂന്നു തുടര്‍ അന്വേഷണങ്ങള്‍ക്കുമൊടുവില്‍ സി ബി ഐ സത്യം കണ്ടെത്താന്‍ ശ്രമിയ്ക്കുന്നില്ല എന്ന പരാമര്‍ശത്തോടെ കോടതി നാലാമതും തുടര്‍ അന്വേഷണത്തിന് ഉത്തരവിട്ടത്.

അടിക്കുറിപ്പ്
അനഘയുടെയും അവരുടെ കുടുംബത്തിന്റെയും മരണത്തിനു പിന്നില്‍ ദുരൂഹതയുണ്ടെന്നും അത് കൊലപാതകമാണെന്ന് സംശയിക്കാനുള്ള സാഹചര്യങ്ങള്‍ ഉണ്ടെന്നും, പ്രായപൂര്‍ത്തിയാകാത്ത അനഘയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടുവെന്ന ആരോപണവിധേയരായവരില്‍ പ്രമുഖ സി പി എം നേതാക്കളുടെ മക്കളും ഒരു ഡി ഐ ജിയും ഉള്‍പ്പെടുന്നു എന്നും അങ്ങനെ ഒരു ആരോപണത്തിനു പിന്നില്‍ ജസ്റ്റിസ് ബസന്തിന് ലഭിച്ച ഒരു കത്താണെന്നും കാണിച്ച് 2004 ഡിസംബറില്‍ തന്നെ ഞാന്‍ SAVVY മാഗസിനില്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു (അവരുടെ പെരുവിവരങ്ങള്‍ സഹിതം). കിളിരൂരിലെ ശാരിയുടെ മരണവും അനഘയുടേയും കുടുംബത്തിന്റെയും മരണവും സംബന്ധിക്കുന്ന പോലീസ് ഫയല്‍ മുഴുവന്‍ കണ്ടശേഷമായിരുന്നു ഞാന്‍ റിപ്പോര്‍ട്ട് തയ്യാറാക്കിയത്. സി പി എം നേതാക്കള്‍ എനിക്കെതിരെ 50 ലക്ഷം രൂപ വീതം മാനനഷ്ടത്തിനു നോട്ടീസയച്ചു. എന്റെ റിപ്പോര്‍ട്ട് രേഖകളെ അടിസ്ഥാനപ്പെടുത്തിയാണെന്നും ഉന്നതരുടെ പങ്കുണ്ടെന്ന ആരോപണം വരുമ്പോള്‍ ഇത്തരം കേസുകള്‍ തേച്ചുമാച്ചുകളയുന്നു എന്ന പ്രതീതിയാണ് പൊതുജനങ്ങള്‍ക്ക് ഉണ്ടാകുന്നതെന്നും ഞാനെന്റെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്നും നിയമനടപടികളുമായി മുന്നോട്ടുപോകാന്‍ തയ്യാറാണെന്നും കാണിച്ചുള്ള എന്റെ വക്കീല്‍ നോട്ടീസിന് നാളിതുവരെ മറുപടി കിട്ടിയിട്ടില്ല. ഇരുവരും എനിക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചതുമില്ല. വക്കീല്‍ നോട്ടീസയച്ചാല്‍ ചിലര്‍ വിരളും. ചിലര്‍ വിരളില്ല. അത്ര തന്നെ.

ഏതായാലും ശ്രീകുമാരി എന്ന പേരില്‍ ജസ്റ്റിസ് ബസന്തിനയച്ച, മൂന്ന് തുടര്‍ അന്വേഷണ ഉത്തരവുകള്‍ക്കും അടിസ്ഥാനമായ രേഖ, സി ബി ഐ നാളിതുവരെ കോടതി മുമ്പാകെ ഹാജരാക്കിയിട്ടുമില്ല. കോടതി ഇതുവരെ ആ രേഖ എവിടെ എന്ന് ചോദിച്ചിട്ടുമില്ല. നിരവധി ചോദ്യങ്ങള്‍ക്ക് ഉത്തരമില്ല. നിരവധി ചോദ്യങ്ങള്‍ ചോദ്യങ്ങളായി ഉയര്‍ന്നതുപോലുമില്ല.

'പ്രേമം സിനിമയുടെ പകര്‍പ്പ് ആരാണ് ഇന്റര്‍നെറ്റില്‍ ഇട്ടത്?' എന്നതാണ് നമ്മുടെ ഏറ്റവും വലിയ പ്രശ്‌നം.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

അഴിമുഖം യൂട്യൂബ് ചാനല്‍ സന്ദര്‍ശിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക


Next Story

Related Stories