TopTop
Begin typing your search above and press return to search.

നമ്മുടെ അദ്ധ്യാപകര്‍ക്കിടയില്‍ ഇപ്പോഴും സര്‍ സി പി മാരുണ്ടോ?

നമ്മുടെ അദ്ധ്യാപകര്‍ക്കിടയില്‍ ഇപ്പോഴും സര്‍ സി പി മാരുണ്ടോ?

കൊല്ലം ട്രിനിറ്റി സ്‌കൂളില്‍ സംഭവിച്ചത് ദൗര്‍ഭാഗ്യകരമാണ്. കൊല്ലത്ത് മാത്രമല്ല, ഏറെക്കുറെ കേരളത്തില്‍ പലയിടങ്ങളിലും ഇത്തരം സംഭവങ്ങള്‍ ദിനംപ്രതി നടക്കുന്നുണ്ട്. എന്തുകൊണ്ട് മനുഷ്യര്‍ ഇങ്ങനെ പെരുമാറുന്നു എന്ന ചോദ്യത്തിനു ശരിയായ വിശദീകരണം നല്‍കാന്‍ സാധിക്കുക മനശാസ്ത്രജ്ഞര്‍ക്കായിരിക്കും. ഒരദ്ധ്യാപകന്‍ എന്ന നിലക്ക് പ്രത്യേകിച്ചും മനശാസ്ത്രത്തെ അദ്ധ്യാപനത്തിനുവേണ്ടി ഉപയോഗിക്കുന്ന ഒരു അദ്ധ്യാപകന്‍ എന്ന നിലക്ക് ഇക്കാര്യം ശ്രദ്ധിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ചൂണ്ടികാട്ടണമെന്ന്‌ തോന്നുന്നു. ഒന്നാമതായി, വിദ്യാഭ്യാസരംഗത്ത് കുറെ പുതിയ ആശങ്ങള്‍ വന്നിട്ടുണ്ട്. നിരവധി പുതിയ കാഴ്ചപ്പാടുകളും പരീശീലന മാതൃകകളും ഉണ്ട്. എത്ര തന്നെ പരിശീലനം ലഭിച്ചാലും നമ്മുടെ ചില അദ്ധ്യാപകര്‍ ക്ലാസ് മുറിയിലെത്തുമ്പോള്‍ പരിശീലിച്ച പാഠങ്ങള്‍ മറക്കുകയും തങ്ങള്‍ കുട്ടികളായിരുന്നപ്പോള്‍ അന്നത്തെ അദ്ധ്യാപകര്‍ എങ്ങനെയാണോ പഠിപ്പിച്ചത് അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു.

പരിശീലനത്തിനു വരുമ്പോള്‍ അവരുടെ ബോധന രീതി എങ്ങനെ ആയിരുന്നോ അതില്‍ നിന്നും ഒരു മാറ്റവും ഉണ്ടാകുന്നില്ല. അവരുടെ ഉളളില്‍ നിലനില്‍ക്കുന്ന അതായത് ഒരു ഫോക്ക് പെഡഗോജിയെന്നു വിളിക്കാവുന്ന തരത്തിലുളള ബോധനശാസ്ത്രമാണ് പരിശിലനം നേടി കഴിഞ്ഞിട്ടും അവരില്‍ നിന്നും ഉണ്ടാകുന്നത്. അതിന്റെ ഒരു കാരണം, നമ്മള്‍ ഇപ്പോള്‍ മുന്നോട്ട് വെയ്ക്കുന്ന ബോധനശാസ്ത്രവും മനശാസ്ത്രവും നമ്മുടെ ഒരു ആര്‍ജിത ജീവിത സംസ്കാരത്തിന്റെ ഭാഗമല്ല എന്നതുകൊണ്ടുമാണ്. അദ്ധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കുമിടയില്‍ ഉണ്ടാവണമെന്ന് പുതിയ കാലം നിഷ്‌കര്‍ഷിക്കുന്ന ജനാധിപത്യബോധം നമ്മള്‍ ശരിയായി ഉള്‍ക്കൊണ്ടിട്ടില്ല. നമ്മള്‍ ഇപ്പോഴും ഒരു പുരുഷാധിപത്യ സമൂഹം തന്നെയാണ്. നമ്മുടെ അകത്ത് ഒരു ശക്തമായ പുരുഷകേന്ദ്രീകൃത വ്യവസ്ഥ ഇപ്പോഴും നിലനില്‍ക്കുന്നു. ഞാന്‍ ഒരു കുട്ടിയെ കാണുമ്പോള്‍ ആ കുട്ടി എന്നെപ്പോലെയാണെന്ന് തോന്നുന്ന ഒരു ജനാധിപത്യബോധം വളരേണ്ടതുണ്ട്. ഞാന്‍ പൂരോഗമന ബോധനശാസ്ത്രത്തെ പറ്റി പറയുമ്പോഴും എന്റെ ഉളളിലും ഒരു പാട്രിയാര്‍ക്കല്‍ ബിംബം തന്നെയാണ് തെളിയുന്നത്. ജനാധിപത്യം അതിവാശാലമായ കാഴ്ചപ്പാടാണ്. അതിനെ പറ്റി നമ്മള്‍ പറയുന്നതുപോലെ നനമ്മുക്ക് പ്രവര്‍ത്തിക്കാനാവുന്നില്ല.

ആലപ്പുഴ ജില്ലയില്‍ ഒരു കളിയുണ്ട്. പോത്തുകളിയെന്നാണ് പേര്. പൂഴിയുളള സ്ഥലങ്ങളിലാണ് കളിക്കുക. ആണ്‍കുട്ടികളാണ് അതിലുണ്ടാകുക. ഏതെങ്കിലും ഒരാളെ പോത്തായിട്ട് അഞ്ചെട്ട് ആണ്‍കുട്ടികള്‍ ചേര്‍ന്ന് പ്രഖ്യാപിക്കും. അങ്ങനെ പോത്തായ കുട്ടിയെ എല്ലാവരും ചേര്‍ന്ന് കമഴ്ത്തി കിടത്തും. എന്നിട്ട് ഒരോരുത്തരായിട്ട് ആ കുട്ടിയുടെ (പോത്തിന്റെ) ശരീര്‍ത്തില്‍ ചെന്ന് വീഴും. പോത്തായിട്ടുളള കുട്ടി തന്റെ ശരിരത്തില്‍ അട്ടിക്കട്ടിക്കായി കിടക്കുന്ന ഒരോരുത്തരേയും തട്ടിതെറുപ്പിച്ച് കഴിഞ്ഞാല്‍ അവന്‍ ജയിക്കും. മറ്റുകുട്ടികളെ വീഴ്ത്തി കുതറി രക്ഷപെടാനായില്ലെങ്കില്‍ അവന്‍ ഉച്ചത്തില്‍ വിളിച്ചു പറയണം ഞാന്‍ തോറ്റെന്ന്. ഇതൊരു നാടന്‍ കളിയാണ്. സത്യത്തില്‍ ഞാന്‍ തോറ്റേയെന്നു വിളിച്ചു പറയുന്ന ഒരവസ്ഥയിലേക്ക് രക്ഷിതാക്കളും കുട്ടികളും സമുഹവും സംവിധാനങ്ങളും എത്തിച്ചേരുകയാണിവിടെ. അത്രക്കു ഭാരമാണ് അദ്ധ്യാപകന്റെ മേലുളള സമ്മര്‍ദ്ദം.് ഏതാണ്ട് പോത്തുകളിയിലെ കുട്ടിയെപ്പോലയൊണ് നമ്മുടെ അദ്ധ്യാപകരുടെ സ്ഥിതി. അണ്‍എയ്ഡഡ് സ്‌കൂളുകളാണെങ്കില്‍ അദ്ധ്യാപകരുടെ മേലുളള സമ്മര്‍ദ്ദത്തിനു ഒരു നിയന്ത്രണവുമില്ല. പരസ്യമായി എഴുതിവെച്ച സര്‍ക്കാര്‍ ഡിമാന്റുകള്‍ക്കും അതിനുപുറമെ മാനേജമന്റ്ും രക്ഷിതാക്കളും നല്‍കുന്ന സമ്മര്‍ദ്ദവും എല്ലാം ചേര്‍ന്നുണ്ടാക്കുന്ന മാനസികാസ്ഥയുടെ പൊട്ടിത്തെറിയായും ഇതിനെ കണക്കാക്കേണ്ടതുണ്ട്. ഇവര്‍ ഒരേസമയം ഇരയും വേട്ടക്കാരും തന്നെയാണ്. ഇപ്പോള്‍ കൊല്ലം ട്രിനിറ്റി സ്‌കൂളില്‍ സംഭവിച്ചതിനെ അദ്ധ്യാപകന്റെ മേലുളള സമ്മര്‍ദ്ദത്തിന്റെ ഫലമായുണ്ടായതാണെന്നാണ് എനിക്കു തോന്നുന്നത്. ഇത് അവസ്ഥയെയാണ് സൂചിപ്പിക്കുന്നത്. ഇത് ഒരു രോഗംകൂടിയാണ്. ഇതിന്റെ മറ്റനേകം ലക്ഷണങ്ങളാണ് സ്‌കൂളുകളില്‍ വെച്ച് കുട്ടികളെ ലൈംഗിക പീഡനത്തിനു വിധേയമാക്കുന്നത് അടക്കമുളള സംഭവങ്ങള്‍ പ്രതിഫലിപ്പിക്കുന്നത്.

ഒട്ടും മനശാസ്ത്രപരമായല്ല നമ്മുടെ വിദ്യാഭ്യാസരീതി ചിട്ടപ്പെടുത്തിയിരിക്കുന്നത്. ഒരു പ്രീപ്രൈമറി വിദ്യാര്‍ത്ഥിക്ക് 18 പുസ്തകം പഠിക്കേണ്ട സാഹചര്യമാണിവിടെ. മാത്രമല്ല, ഇവിടെ കിന്‍ഡര്‍ഗാര്‍ട്ടന്‍ മുതല്‍ എട്ടാംതരം വരെ ഒറ്റ യുണിറ്റാണ്. അതെസമയം ഫിന്‍ലാന്‍ഡ് പോലുളള രാജ്യങ്ങളിലെ രീതി ഏറെ ഫലപ്രദവും വിജയകരവും എളുപ്പവമായി തോന്നുന്നു. കാരണം, ഒരോ വിഷയങ്ങളും പരസ്പരം ബന്ധിപ്പിച്ചുകൊണ്ടാണ് അവര്‍ പഠിപ്പിക്കുന്നത്. ക്ലാസ് മുറിയില്‍ ഇരുന്നു പഠിക്കുന്ന രീതിയും അവിടെയില്ല. നമ്മുക്കാണെങ്കില്‍ മര്‍ദ്ദനമുറയാണ് ബോധനശാസ്ത്രം. പീഡിപ്പിക്കാതെ പഠിപ്പിക്കാനാവില്ലെന്ന് ഒരു ധാരണ രക്ഷിതാക്കളിലും നിലനില്‍ക്കുന്നുവെന്നതാണ് വാസ്തവം. മാറിയ ജനാധിപത്യശിശുകേന്ദ്രീകൃത സങ്കല്‍പ്പങ്ങളുമായി ഒട്ടും പൊരുത്തമില്ലാത്ത ഒരുപാട് തെറ്റായ ധാരണകളാണ് നമ്മെ ഇപ്പോഴും നയിക്കുന്നത്.

(ഡയറ്റ്‌ കാസര്‍ക്കോഡ് പ്രിന്‍സിപ്പല്‍ കെഎം ഉണ്ണികൃഷ്ണനുമായി അഴിമുഖം പ്രതിനിധി ഫോണില്‍ സംസാരിച്ച് തയ്യാറാക്കിയത്)


Next Story

Related Stories