UPDATES

സ്വാമി സന്ദീപാനന്ദ ഗിരി

കാഴ്ചപ്പാട്

Guest Column

സ്വാമി സന്ദീപാനന്ദ ഗിരി

ക്ഷേത്രങ്ങളെ പറ്റി നിലവിളിക്കുന്നവര്‍, ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ അകറ്റി നിര്‍ത്തുന്നവര്‍; പൗരോഹിത്യ ചൂഷണത്തിന്റെ പല മുഖങ്ങള്‍: സ്വാമി സന്ദീപാനന്ദ ഗിരി

സുരേഷ്‌ഗോപിയും പ്രയാര്‍ ഗോപാലകൃഷ്ണനും ശശികലയും രാഹുല്‍ ഈശ്വറും കുമ്മനം രാജശേഖരനുമൊക്കെ സനാതന ധര്‍മ്മത്തിന്റെ പ്രമാണങ്ങള്‍ ഉദ്ധരിക്കാന്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്

പൗരോഹിത്യം ജനങ്ങളെ ചൂഷണം ചെയ്തുകൊണ്ടിരിക്കുകയാണ്. ആ ചൂഷണത്തിന് മേജര്‍ രവിയുള്‍പ്പെടെയുള്ള വ്യക്തികളും സംഘടനകളുമൊക്കെ എല്ലാ ഒത്താശയും ചെയ്യാന്‍ തയ്യാറാവുന്നു. അല്ലാതിപ്പോള്‍ ശരിയായ വിശ്വാസിക്കൊ ഭക്തര്‍ക്കോ ക്ഷേത്രത്തില്‍ പോവുന്നതിന് യാതൊരു തടസ്സവുമില്ല. പോയിക്കഴിഞ്ഞാല്‍ ഇന്ന വഴിപാട് ചെയ്യണമെന്നും നിര്‍ബന്ധമില്ല. പോവുക, തൊഴുക, എന്താണ് അതിന്റെ ഉദ്ദേശം എന്നുണ്ടെങ്കില്‍ അത് ചെയ്യുക, പോരുക. പക്ഷെ ഇക്കൂട്ടരുടെ ഉദ്ദേശമതല്ല. അവിടുത്തെ വരുമാനം ആര് ചെലവാക്കുന്നു, എങ്ങോട്ട് പോവുന്നു ഇതൊക്കെയാ്ണ് ഇവര്‍ ചര്‍ച്ച ചെയ്യുന്നത്.

ഗുരുവായൂര്‍ പാര്‍ഥസാരഥി ക്ഷേത്രത്തെ സംബന്ധിച്ച് പറയുകയാണെങ്കില്‍ ക്ഷേത്രത്തിലേക്ക് മാര്‍ച്ച് നടത്തുകയും, ക്ഷേത്രം അകത്തു നിന്ന് പൂട്ടുകയും, ഭക്ത ജനങ്ങള്‍ക്ക് അതിനുള്ളിലേക്ക് പ്രവേശനം കൊടുക്കാത്തതുമൊക്കെ ക്ഷേത്രവിശ്വാസികളും ക്ഷേത്ര ഭക്തന്മാരും എന്നു പറഞ്ഞിട്ടുള്ളവരാണ് ഇവിടെ ചെയ്തിട്ടുള്ളത്.

അവര്‍ക്കൊന്നും ശരിയായ ക്ഷേത്രസങ്കല്‍പ്പത്തെ സംരക്ഷിക്കണമെന്നോ, അങ്ങനെയെന്തിനെയെങ്കിലും കുറിച്ചുമുള്ള യാതൊരു ചിന്തയുമില്ല. ശരിയായ ആധ്യാത്മികതയില്‍ നിന്നും ആത്മീയതയില്‍ നിന്നും വ്യതിചലിച്ച് പോവുകയാണ് ചെയ്യുന്നത്. ആധ്യാത്മികതയില്ലാത്തതുകൊണ്ട് തന്നെയാണ് ഇത്തരം വര്‍ത്തമാനങ്ങള്‍ അവര്‍ പറയുന്നത്. ആധ്യാത്മികതയുണ്ടായിരുന്നെങ്കില്‍ സത്രീകള്‍ക്ക് ശബരിമലയില്‍ സന്ദര്‍ശിക്കാന്‍ പാടില്ലായെന്ന് ഇത്ര ആധികാരികമായി പറയാന്‍ പറ്റുമോ? പ്രയാര്‍ ഗോപാലകൃഷ്ണന്‍ പോലും പറഞ്ഞ പൊട്ടത്തരം നോക്കൂ. എന്നിട്ട് ഇപ്പോള്‍ അദ്ദേഹം പറഞ്ഞിരിക്കുന്നത് ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ തിരിച്ചയച്ചപ്പോള്‍ അത് അയ്യപ്പന്‍ ഇടപെട്ടതാണെന്നാണ്. അയ്യപ്പന്റെ ജോലി ഇതാണോ? ഇദ്ദേഹത്തിന്റെ യുക്തിക്കനുസരിച്ച് പ്രവര്‍ത്തിക്കുന്നയാളാണോ അയ്യപ്പന്‍? സുരേഷ്‌ഗോപിയും പ്രയാര്‍ ഗോപാലകൃഷ്ണനും ശശികലയും രാഹുല്‍ ഈശ്വറും കുമ്മനം രാജശേഖരനുമൊക്കെ സനാതന ധര്‍മ്മത്തിന്റെ പ്രമാണങ്ങള്‍ ഉദ്ധരിക്കാന്‍ പുറപ്പെട്ടുകഴിഞ്ഞാല്‍ വലിയ ബുദ്ധിമുട്ടാണ്. ഇവരൊക്കെ ധര്‍മ്മശാസ്ത്രം പഠിച്ചവരാണോ എന്ന് ചോദിച്ചാല്‍, അത് കണ്ടിട്ട് പോലുമുണ്ടാവില്ല. അതെല്ലാമാണ് നമ്മടെ വലിയ ദുര്യോഗം. ഇവരെല്ലാം ആധ്യാത്മികതയുടെ മൊത്തക്കച്ചവടക്കാരായി മാറുകയാണ്. പക്ഷെ ഇവരുടെ കുറച്ചാളുകള്‍ക്കേയുള്ളൂ ഇതെല്ലാം വലിയ വിഷയമായിട്ടുള്ളൂ.

എല്ലാ മതങ്ങളിലും പൗരോഹിത്യ വര്‍ഗം ജനങ്ങളെ ചൂഷണം ചെയ്യാന്‍വേണ്ടി, തങ്ങളുടെ ഇഷ്ടാനിഷ്ടങ്ങളെയാണ് സനാതനധര്‍മ്മം എന്നായി പറയുന്നത്. ഇത് ഇന്നും ഇന്നലെയും തുടങ്ങിയതല്ല. ശങ്കരാചാര്യര്‍ തൊട്ടുകൂടായ്മക്കും തീണ്ടിക്കൂടായ്മക്കും എതിരായി പ്രവര്‍ത്തിച്ചയാളാണ്. അതിന് വേണ്ടിയാണ് അദ്ദേഹം മാനിഷാപഞ്ചകം ഒക്കെ രചിക്കുന്നത്. ചണ്ഡാളന്‍ എതിരെ വരുന്നത് പോലുള്ള സന്ദര്‍ഭങ്ങള്‍, അദ്ദേഹം ഒരു കൃതി രചിക്കുന്നതിന് വേണ്ടിയാണ് അങ്ങനെ ഒരു ആമുഖം ചമച്ചത്. പൗരോഹിത്യ വര്‍ഗം അത് ശിവന്‍ വേഷം മാറി ചണ്ഡാളനായി വന്നതാണ് എന്ന് പറയുകയാണുണ്ടായത്. അതോടെ തൊട്ടുകൂടായ്മ ശങ്കരാചാര്യര്‍ക്ക് ശേഷവും നിലനിര്‍ത്താന്‍ അവര്‍ക്ക് സാധിച്ചു. ഇതാണ് ഇവര്‍ എക്കാലത്തും ചെയ്യുന്നത്.

ക്ഷേത്രം പിടിച്ചെടുത്തെന്ന് അലമുറയിടുന്നവര്‍ ക്ഷയിച്ചു പോയ ക്ഷേത്രങ്ങളെക്കുറിച്ചും ഓര്‍ക്കേണ്ടതുണ്ട്

ശ്രീനാരായണ ഗുരുദേവന്‍ ക്ഷേത്രപ്രതിഷ്ഠ നടത്തിയപ്പോള്‍ അത് ഈഴവ ശിവനാണെന്ന് പറഞ്ഞതും ഇവര്‍ തന്നെയാണ്. അല്ലാതെ ശ്രീനാരയണഗുരുവല്ല. ഇപ്പോള്‍ യദുകൃഷ്ണനെ ശാന്തിയായി നിയമിക്കുമ്പോഴും ഇവര്‍ ഓരോ കാര്യങ്ങള്‍ ഉയര്‍ത്തിക്കൊണ്ട് വരും. ഇവരെപ്പോഴും ഇവരുടെ വൃത്തികേടിനെ ന്യായീകരിക്കാന്‍ വേണ്ടി എല്ലാ വൃത്തികേടിനേയും ദൈവികം എന്ന് പറയും. ഗാന്ധിജി വൈക്കം സത്യാഗ്രഹ സമയത്ത് വന്നപ്പോള്‍ ശങ്കരാചാര്യരുടെ കൃതി കൊടുത്ത് അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചയാളുകളാണിത്. വാസ്തവത്തില്‍ ശങ്കരാചാര്യര്‍ അത്തരം കാര്യങ്ങളൊന്നും പറഞ്ഞിട്ടില്ല.

പക്ഷെ ശങ്കരാചാര്യരുടെ പേരില്‍ ആരോപിക്കുകയാണതെല്ലാം. ശങ്കരാചാര്യര്‍ അത് പറഞ്ഞു, അദ്ദേഹത്തിന്റെ പുസ്തകത്തില്‍ ഇത് പറഞ്ഞു എന്നൊക്കെ വെറുതെ ഇല്ലായ്മ പറയുകയാണ്. ആര്‍ത്തവം വ്രതത്തിന് ഭംഗമുണ്ടാക്കും എന്ന് പറയുന്നുണ്ടല്ലോ, ആധികാരികമായി എവിടെയെങ്കിലും അത് പറഞ്ഞിട്ടുണ്ടോ എന്ന് രാഹുല്‍ ഈശ്വര്‍ അടക്കമുള്ളവരോട് ചോദിച്ച് നോക്കൂ. അവര്‍ക്ക് ഒന്നും പറയാനുണ്ടാവില്ല. കാരണം ഒരു ഗ്രന്ഥവും അവര്‍ക്ക് ചൂണ്ടിക്കാണിക്കാനാവില്ല. കാരണം വ്രതവും ശരീരവും തമ്മില്‍ ഒരു ബന്ധവുമില്ല. വ്രതം സ്വീകരിക്കുന്നത് ശരീരമല്ല. അങ്ങനെയായിരുന്നെങ്കില്‍ കഴുതക്ക് വ്രതം സ്വീകരിക്കാമല്ലോ? മലകയറുന്ന കഴുതയല്ലേ അതിന് ഏറ്റവും നല്ലത്. പശുവിന്റെയും കഴുതയുടേയും കഴുത്തിലിരിക്കുന്ന മാലപോലെ എന്ന് പറഞ്ഞ് ശങ്കരാചാര്യര്‍ അതിനെയൊക്കെ വിമര്‍ശിക്കുന്നുമുണ്ട്. പശുവിന് അറിയില്ലല്ലോ വ്രതത്തിന്റെ ഭാഗമായി ഇട്ട മാലയാണ് കഴുത്തില്‍ കിടക്കുന്നതെന്ന്. പക്ഷെ നമ്മള്‍ അങ്ങനെയല്ല. നമുക്ക് അതിനെക്കുറിച്ചുള്ള അറിവുണ്ടാവും. അത് ശരീരത്തിന്റെ ധര്‍മ്മമല്ല, മറിച്ച് മനോബുദ്ധിയുടേതാണ്. വ്രതവും ഉപവാസവുമെല്ലാം മനോബുദ്ധികള്‍ സ്വീകരിക്കുന്നതാണ്. അപ്പോള്‍ എന്തടിസ്ഥാനത്തിലാണ് ഇതെല്ലാം പറയുന്നത്. ഇവര്‍ എപ്പോഴും ഇത്തരം പൊട്ടത്തരം പറഞ്ഞുകൊണ്ടിരിക്കും.

തെയ്യത്തിന്റെ വേഷപ്പകര്‍ച്ച: മുറിച്ചു മാറ്റുന്നത് കീഴാളത്തത്തിന്റെ പൊക്കിള്‍ക്കൊടി

ചതുര്‍മാസ വ്രതമാണ് ഭാരത്തിലെ ഏറ്റവും വലിയ വ്രതം. നാലുമാസം തുടര്‍ച്ചയായുള്ള അത് സ്ത്രീകളും കുട്ടികളും എല്ലാവരും കൂടിയെടുക്കുന്നതാണ്. ഗംഗയുടെ തീരത്ത് താമസിച്ചുകൊണ്ട് എടുക്കുന്ന വ്രതമാണത്. ഇപ്പോഴും ആ പാരമ്പര്യം നിലനില്‍ക്കുന്നുണ്ട്. കേരളത്തിലാണ് ആര്‍ത്തവം വലിയ പാപമാവുന്നത്. പണ്ടുകാലത്ത് സ്ത്രീകള്‍ ക്ഷേത്രക്കുളത്തിലുള്‍പ്പെടെ കുളിക്കുമായിരുന്നു. ആര്‍ത്തവമായ സ്ത്രീകള്‍ കുളിക്കുന്നത് അവിടെ ഒരു ഹൈജീന്‍ പ്രശ്‌നമായിരിക്കും. ആര്‍ത്തവമായിരിക്കുന്ന സമയത്ത് സ്വിമ്മിങ് പൂളില്‍ നമ്മളിറങ്ങില്ലല്ലോ? അത് ഒരു മര്യാദയുടെ ഭാഗമാണ്. അങ്ങനെയാണത് വന്നിട്ടുള്ളത്. അത് പിന്നീട് ക്ഷേത്രത്തിലേക്കുള്ള വിലക്ക് പോലെയായി. പണ്ടൊക്കെ ദൈവകോപമാണ്, പാപമാണ് എന്നൊക്കെ പറഞ്ഞാലല്ലേ ആളുകള്‍ക്ക് കുറച്ചെങ്കിലും ശ്രദ്ധയുണ്ടാവൂ. അതിനെല്ലാം ചിലര്‍ ഉപയോഗിച്ചിട്ടുണ്ടാവും. ഇത് മര്യാദയുടെ ഭാഷയില്‍ പറഞ്ഞുകൊടുത്തിരുന്നെങ്കില്‍ അന്ധവിശ്വാസമായിത്തീരില്ലായിരുന്നു. ഇതെല്ലാം നിലനിര്‍ത്തിക്കൊണ്ട് പോവുന്നത് ഞാന്‍ നേരത്തെ പറഞ്ഞപോലത്തെ കക്ഷികളാണ്. ഇതിലൂടെ നാല് വോട്ട്, അല്ലെങ്കില്‍ അവരുടെ അധികാരം സ്ഥാപിക്കുക ഇതൊക്കെയാണ് ആവശ്യമായിട്ടുള്ളത്.

എന്റെ പെണ്ണുങ്ങളെ, ഒഴുകട്ടെ; ഇരുമ്പിന്റെ മണമുള്ള ആ രക്തം

മറ്റൊന്നാണ് കോടികള്‍ ചെലവാക്കിയുള്ള ദേവപ്രശ്‌നവും മറ്റും. കുറേ നമ്പൂതിരിമാരെയെല്ലാമിരുത്തി കുറേ കലശവും അതില്‍ വെള്ളവും നിറച്ച് വെറുതെ സ്വാഹ പറഞ്ഞ് കോടികള്‍ കത്തിച്ചുകളയുകയാണ്. ഒരാവശ്യവുമില്ലാത്ത ഇത്തരം ആചാരങ്ങള്‍ കേരളത്തില്‍ മാത്രമേ കാണാനിടയുള്ളൂ. ഗോഡ്‌സ് ഓണ്‍ കണ്‍ട്രി എന്നു പറയുന്നതുകൊണ്ട് ഇവരുടെ വിചാരം ഇവിടെയാണ് ദൈവം ജനിച്ചുവളര്‍ന്ന് നില്‍ക്കുന്നത് എന്നാണ്. ഭാരതീയ സംസ്‌കാരത്തിന്റെ ഏറ്റവും മഹത്തരമായതെല്ലാം ഇരിക്കുന്നത് ഹിമാലയന്‍ ഭാഗത്താണ്. അവിടെയൊന്നും ഈ പ്രശ്‌നം വെക്കലും അമ്പലത്തിന് കൊടിമരമുണ്ടാക്കി വെക്കലും അതിന് സ്വര്‍ണം പൂശലും ഇല്ല. ഇതെല്ലാം ഇവിടുത്തെ തട്ടിപ്പുകളാണ്.

പുലയരുടെ കോട്ടങ്ങള്‍ക്കു മേല്‍ ബ്രാഹ്മണന്റെ വെജിറ്റേറിയന്‍ ദൈവങ്ങളെ ഒളിച്ചു കടത്തുന്ന നവഹിന്ദുത്വ

(സ്വാമി സന്ദീപാനന്ദ ഗിരിയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയാറാക്കിയത്)

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

സ്വാമി സന്ദീപാനന്ദ ഗിരി

സ്വാമി സന്ദീപാനന്ദ ഗിരി

ആത്മീയ പ്രഭാഷകന്‍, അധ്യാപകന്‍, സാമൂഹിക വിമര്‍ശകന്‍

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍