TopTop
Begin typing your search above and press return to search.

മലബാറില്‍ 'ബിന്‍ ലാദന്‍'മാരെ ഉണ്ടാക്കാന്‍ ശ്രമിക്കുന്നതാര്?

മലബാറില്‍
സംസ്ഥാനത്തിന്റെ ചില മേഖലകളില്‍ തീവ്രവാദ സംഘടനകളുടെ പോക്കറ്റുകളുണ്ട്. മുസ്ലീം ഭൂരിപക്ഷ മേഖലയിലെ അത്തരം പോക്കറ്റുകളില്‍ നിന്നാണ് ഐഎസ് പോലുളള സംഘടനകളിലേക്ക് മുഖ്യമായും റിക്രൂട്ട്‌മെന്റ് നടക്കുന്നത്. കണ്ണൂര്‍ ജില്ലയില്‍ കണ്ണൂര്‍ സിറ്റിയും ചേര്‍ന്നുകിടക്കുന്ന പ്രദേശങ്ങളും, മാട്ടൂല്‍ തുടങ്ങിയ പ്രദേശങ്ങള്‍ അത്തരം മേഖലയാണ്. ഇവിടെയുളള മുസ്ലിം ജനസംഖ്യയില്‍ ഒരു ചെറു ന്യുനപക്ഷം പ്രത്യേകിച്ചും ബാബരിമസ്ജിദ് തകര്‍ച്ചക്കു ശേഷം വലിയ രൂപത്തില്‍ വര്‍ഗ്ഗീയവാദികളായി തീര്‍ന്നിട്ടുണ്ട്. അവര്‍, എണ്ണത്തില്‍ ചെറിയ ഒരു വിഭാഗമാണ് ഒരു മൈക്രോ മൈനോറിറ്റി മാത്രം.

പൊതുവില്‍ ഈ പ്രദേശത്തെ മുസ്ലീംകള്‍ പൊതു ജനാധിപത്യപ്രസ്ഥാനങ്ങളുടെ ഭാഗമായി നില്‍ക്കുന്നവരാണ്. മുസ്ലിം ലീഗിലും കോണ്‍ഗ്രസിലും സിപിഎമ്മിലുമൊക്കെയായിട്ടാണ് രാഷ്ട്രീയമായി അവര്‍ നിലകൊളളുന്നത്. പക്ഷെ, അവര്‍ക്കിടയിലെ വളരെ ചെറിയ ഒരു ന്യൂനപക്ഷം ആളുകള്‍ വര്‍ഗീയവാദികളായി നീങ്ങിയിട്ടുണ്ട്. ആ ചെറിയ ഒരു ഗ്രൂപ്പില്‍ നിന്നാണ് ഐഎസിലേക്കുളള ഈ റിക്രൂട്ട്‌മെന്റ് ഉണ്ടാകുന്നത്. തൃക്കരിപ്പൂരില്‍ നിന്നും ഐഎസില്‍ ചേരാന്‍ പോയ 19 പേരും ആദ്യകാലത്ത് കണ്ണൂരില്‍ നിന്നും കശ്മീരിലെത്തി വെടിയേറ്റു കൊല്ലപ്പെട്ടവരും ഇപ്പോഴത്തെ പുതിയ റിക്രൂട്ട്‌മെന്റിലെ യുവാക്കളും ഈ പ്രദേശങ്ങളില്‍ നിന്നുളളവരാണ്. എന്നാല്‍, മലബാറിന്റെ പൊതുവായ രാഷ്ട്രീയ, സാംസ്‌കാരിക മാറ്റത്തിന്റെ പ്രതിഫലനമായി ഇതിനെ കാണാന്‍ കഴിയില്ല. മറിച്ച്, ചെറിയ പോക്കറ്റുകളിലാണ് ഈ പ്രതിഭാസം കണ്ടുവരുന്നത്.

എന്തുകൊണ്ടാണ് ഇത്തരം സംഭവങ്ങള്‍ ഉണ്ടാകുന്നതെന്നത് അന്വേഷിച്ച് അറിയേണ്ട ഒരു കാര്യമാണ്. എന്തുകൊണ്ട് ഭീകരവാദി ഉണ്ടാകുന്നുവെന്നതിന് യുറോപ്യന്‍ രാജ്യങ്ങളില്‍ സാമൂഹികവും സാംസ്‌കാരികവുമായ തലത്തില്‍ പഠനം നടക്കുന്നുണ്ട്. നമുക്ക് ഐബിയും പോലിസും നടത്തുന്ന അന്വേഷണങ്ങള്‍ മാത്രമാണുളളത്. അതാണെങ്കില്‍ ഭീകരവാദം എന്നത് ഒരു കുറ്റമാണെന്ന കാഴ്ചപ്പാടില്‍ മാത്രമുളളതാണ്. അതിനപ്പുറം, എന്തുകൊണ്ട് ഒരു ഭീകരവാദി ഉണ്ടാകുന്നു എന്നതാണ് അന്വേഷിക്കേണ്ടത്. അത് കേവലം പൊലിസ് അന്വേഷണത്തില്‍ കണ്ടെത്താന്‍ സാധിക്കുന്ന ഒന്നല്ല. വംശീയയവും പ്രദേശികവും സാംസ്‌കാരികവുമായി നിരവധി പശ്ചാത്തലത്തില്‍ നിന്നാവണം അത്തരം അന്വേഷണം.

http://www.azhimukham.com/keralam-popularfront-role-in-is-recrutiment/

ഇവിടെത്തെ തിവ്രവാദപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുന്നതില്‍ മുഖ്യപങ്കുണ്ടെന്ന വിമര്‍ശനം ഉയര്‍ന്നത് പോപ്പുലര്‍ഫ്രണ്ട് എന്ന സംഘടനയ്ക്ക് നേരെയാണ്. ഇപ്പോള്‍ കണ്ണൂരിലെ വളപട്ടണത്തുനിന്നും പൊലിസ് അറസ്റ്റ് ചെയ്ത അഞ്ച് പേരുടേയും പശ്ചാത്തലം പോപ്പുലര്‍ ഫ്രണ്ടാണ്. അഞ്ചുപേര്‍ക്കും പോപ്പുലര്‍ ഫ്രണ്ടുമായുളള ബന്ധം പ്രകടമാണ്. പൊലീസ് അതു സ്ഥീരീകരിച്ചിട്ടുണ്ട്. പൊലിസ് ഇന്റലിജന്‍സ് വിവരങ്ങളെ ആശ്രയിക്കുകയല്ലാതെ ഇക്കാര്യത്തില്‍ മറ്റ് പശ്ചാത്തലവിവരങ്ങള്‍ ലഭിക്കാന്‍ മാര്‍ഗ്ഗമില്ല.

സാമ്പത്തിക-സാമൂഹിക കാരണങ്ങളാണ് കേരളത്തില്‍ ഇത്തരം തീവ്രവാദ പ്രവര്‍ത്തനത്തിലേക്ക് ആളുകള്‍ ചേക്കേറുന്നതിനു പിന്നിലെന്ന് പറയാനാകില്ല. മറിച്ച് സാംസ്കാരികമാണെന്നാണ് എന്റെ അഭിപ്രായം. കാരണം, കേരളത്തിലെ പശ്ചിമഘട്ടം മുതല്‍ ഭോപ്പാല്‍ വരെ നീണ്ടു കിടക്കുന്ന റെഡ് കോറിഡോര്‍ എന്നറിയപ്പെടുന്ന മാവോയിസ്റ്റുകളെ പരിശോധിച്ചാല്‍ അതിന്റ നേതൃത്വത്തില്‍ റെഡ്ഡികളും മറ്റും ഉണ്ടെങ്കിലും പ്രവര്‍ത്തകര്‍ ഭൂരിഭാഗവും ട്രൈബല്‍സാണ്. മാവോയിസ്റ്റ് പ്രസ്ഥാനം മൊത്തം എടുത്താല്‍ അത് പ്രാന്തവല്‍ക്കരിക്കപെട്ടവന്റെ പ്രസ്ഥാനമാണെന്ന് കാണാം. അവരുടെ പോരാളികളുടെ ശരീരഘടന നോക്കിയാല്‍ തന്നെ നമ്മുക്ക് അത് മനസിലാകും. എന്നാല്‍ കേരളത്തില്‍ നിന്നും ഐഎസിലേക്ക് പോയവരെ എടുത്തു നോക്കിയാല്‍ എല്ലാവരും മധ്യവര്‍ഗ്ഗത്തില്‍ പെട്ടവരാണെന്ന് മനസിലാകും. അവര്‍ സാമ്പത്തികസ്ഥിരതയുളള കുടുംബങ്ങളില്‍ നിന്നുളളവരാണ്. മാത്രമല്ല, തൃക്കരിപ്പൂരില്‍ നിന്നും പോയവര്‍ എഞ്ചിനിയറിംങിനു പഠിക്കുന്ന വിദ്യാര്‍ത്ഥികളാണ്. സമൂഹത്തിലെ മിഡ്ഡില്‍ അല്ലെങ്കില്‍ അപ്പര്‍ മദ്ധ്യവര്‍ഗ്ഗത്തില്‍ പെടുന്ന മെഡിക്കല്‍ -എഞ്ചിനിയറിങ് വിദ്യാര്‍ത്ഥികളെയാണ് ഐഎസിലേക്ക് വലിയ തോതില്‍ റിക്രൂട്ട് ചെയ്യുന്നത്. ഇതെ പ്രക്രിയ തന്നെയാണ് സൗദി അറേബ്യയില്‍ ഉണ്ടായിരുന്നത്.

http://www.azhimukham.com/trending-mohammed-sabith-writing-about-isis-activist-shameer/സൗദിയില്‍ നിന്നും അല്‍ഖ്വായ്ദയിലേക്കു പോയിട്ടുളള ബിന്‍ലാദന്‍ അടക്കമുളളവര്‍ വിദ്യാഭ്യാസമുളള അതിസമ്പന്നരായിരുന്നു. ബിന്‍ലാദന്‍ പ്രഗല്‍ഭനായ എഞ്ചിനിയറുമായിരുന്നു. നമ്മുടെ നാട്ടിലും തീവ്രവാദ സംഘടനകളേിലേക്ക് ചേക്കേറുന്നതിനു കാരണം സാമ്പത്തിക പിന്നോക്കാവസ്ഥയല്ലെന്നും മനസിലാക്കാം. കേരളത്തിലെ തിവ്രവാദ പ്രസ്ഥാനങ്ങള്‍ അത് എന്‍ഡിഎഫ് ആകട്ടെ പോപ്പുലര്‍ ഫ്രണ്ട് ആകട്ടെ ഒരു പരിധി വരെ ആര്‍എ്‌സ്എസ് ആവട്ടെ അതില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഭൂരിഭാഗവും മധ്യവര്‍ഗ്ഗത്തില്‍ ഉള്‍പ്പെട്ടവരാണ്. ഇവരൊന്നും തന്നെ ഇവിടെ 40 കളില്‍ നടന്ന കര്‍ഷക സമരത്തില്‍ പങ്കെടുത്തവരൊന്നുമല്ല. ജീവിക്കാന്‍ വേണ്ടി ഇവിടെ കര്‍ഷക തൊഴിലാളികള്‍ സമരം നടത്തിയതുപോലെ ഒരു അതിജീവന പ്രശ്‌നം മുന്‍ നിര്‍ത്തിയിട്ടുളള സമരത്തിന്റെ ഭാഗമല്ലത്. വയനാട്ടിലെ ആദിവാസികളുടെ അതിജീവനസമരം പോലെ അതിനെ കണക്കാക്കാനാവില്ല. മുത്തങ്ങപ്പോലുളള സമരം വേരുകള്‍ നഷ്ടപ്പെട്ട ജനതയുടെ അതിജീവന സമരമാണ്. ഇത്തരം അതിജീവനത്തിന്റേതായ യാതൊരു പ്രശ്‌നവും ഇവര്‍ അനുഭവിക്കുന്നില്ല.

മതത്തിന്റെ പേരില്‍ കേരളത്തില്‍ ഒരിക്കലും ഒരു പീഡനവും നടന്നിട്ടില്ല. അതുകൊണ്ട് തന്നെ ചരിത്രപരമായ ഒരു സൃഷ്ടിയല്ല കേരളത്തിലെ തീവ്രവാദം. പത്തിരുപത് വര്‍ഷത്തിനകത്ത് നടന്ന ചില മാറ്റങ്ങളാണ് ഇത്. ഇത് സംസ്‌കാരികമാണ്. പ്രത്യയശാസ്ത്രപരമാണ്. ഒരു സംഘടിത കുറ്റം എന്ന നിലയിലല്ല ഇതിനെ കാണേണ്ടത്. പ്രത്യയാശസ്ത്ര കുറ്റവാളികളാണവര്‍. വളരെ തെറ്റായ രൂപത്തില്‍ ലോകവീക്ഷണം അവതരിപ്പിക്കുകയും അത് ആന്തരീകരിക്കുകയും ചെയ്തവരാണ് അവര്‍. ചരിത്രത്തിനു വംശീയ വ്യാഖ്യാനം നല്‍കിയപ്പോള്‍ ആണല്ലോ നാസിസം ഉണ്ടാവുന്നത്. മുസ്ലിം വര്‍ഗ്ഗീയവാദം ആകുമ്പോള്‍ ഈ ലോകം മുഴുവന്‍ മോശമാണ്, ഇസ്ലാമിനകത്തും വലിയ ഒരളവില്‍ അമുസ്ലീംകളാണ്, അത് ഞങ്ങള്‍ കുറച്ചുപേര്‍ നന്നാക്കും, ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിച്ച് ഞങ്ങള്‍ ലോകത്തെ നന്നാക്കും; ഈ രൂപത്തിലുളള തെറ്റായ ബോധനം നല്‍കിയാണ് ഇവിടെ ഇത്തരം തീവ്രചിന്തകള്‍ക്ക് ആളുകളെ ചേര്‍ക്കുന്നത്.

പുരോഗമന ചിന്തകള്‍ തകര്‍ക്കുന്നതിനായി 60 കളില്‍ തന്നെ പശ്ചിമേഷ്യയില്‍ അമേരിക്കന്‍ ഏജന്‍സികള്‍ ഈ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതാണ്. ജിഹാദിനു അമിതപ്രാധാന്യം നല്‍കുന്ന തരത്തില്‍ താലിബാന്‍ പ്രത്യേക ഖുര്‍ആന്‍ തന്നെ പ്രസിദ്ധപെടുത്തിയിരുന്നു. അതുപോലെ മസ്തിഷ്‌കപ്രക്ഷാളനം നടത്തുന്ന സംഘങ്ങള്‍ അന്താരാഷ്ട്ര തലത്തില്‍ തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്. അവര്‍ ധാരാളം പണം ഒഴുക്കുന്നുണ്ട്. പ്രാദേശിക തലത്തില്‍ ബൈക്കുകളും വേണ്ടത്ര പണവും നല്‍കിയാണ് ഇത്തരം സംഘങ്ങള്‍ യുവാക്കളെ സ്വാധീനിക്കുന്നത്. കൗമാരക്കാരെ ആകര്‍ഷിക്കാനായി ആയുധപരിശീലനവും നല്‍കുന്നു. ഇങ്ങനെ യുവജനങ്ങളില്‍ സ്വാധീനം ചെലുത്തിയാണ് ആദര്‍ശപരമായി വഴിതെറ്റിക്കുന്നത്. ഇത് ഒരു തരം പ്രത്യയശാസ്ത്രപരമായ ദുര്‍ബോധനമാണ്.

http://www.azhimukham.com/news-wrap-police-arrested-three-youths-in-connection-with-islamic-state-sajukomban/

(ഡോ. വിന്‍സെന്‍റ് പി ജെയുമായി അഴിമുഖം പ്രതിനിധി സംസാരിച്ച് തയ്യാറാക്കിയത്)

Next Story

Related Stories