TopTop
Begin typing your search above and press return to search.

ട്രംപിന്റെ പശ്ചിമേഷ്യന്‍ ഇടപ്പെടല്‍ ഇസ്ലാമിക ലോകത്തെ അനൈക്യത്തിന്റെ ഫലം

ട്രംപിന്റെ പശ്ചിമേഷ്യന്‍ ഇടപ്പെടല്‍ ഇസ്ലാമിക ലോകത്തെ അനൈക്യത്തിന്റെ ഫലം

പശ്ചിമേഷ്യയിലെ ശാക്തിക ബലാബലത്തില്‍ കാര്യമായ മാറ്റം സംഭവിച്ചിട്ടുണ്ട്. പ്രധാനമായും രണ്ട് ഘടകങ്ങളാണ് ഈ മാറ്റത്തിന്റെ കാരണം. ഒന്ന്, ഇറാന്റെ നേതൃത്വത്തില്‍ ഷിയ ഗ്രൂപ്പ് കൂടുതല്‍ സംഘടിതമായി. ഇതുമൂലം ഇറാന്‍ കൂടുതല്‍ ശാക്തീകരിക്കപ്പെട്ടു. ഇറാന്റെ ആണവപദ്ധതി വന്‍വിജയം കൈവരിച്ചിരിക്കുന്നു. നിലവില്‍ ആണവായുധങ്ങള്‍ ഉണ്ടാക്കാനുളള സാങ്കേതികവിദ്യയും റിയാക്ടറുകളും ഭൗതിക അടിസ്ഥാന സൗകര്യങ്ങളും ഇറാനുണ്ട്. ഇറാന്‍ അണുബോംബുണ്ടാക്കിയാല്‍ അത് സ്വാഭിവികമായും ഇസ്ലാമിക ലോകത്ത് വലിയ ആഘാതമാണ് ഉണ്ടാക്കുക. കാരണം ഇറാന്റെ ഭൂമിശാസ്ത്രപരമായ സ്ഥാനം ഇസ്ലാമിക ഹൃദയഭൂമിക്ക് അകത്താണ്.

അതുകൊണ്ട് ഇറാന്‍ ആണവശക്തിയായി മാറുന്നതില്‍ ഏറ്റവും വലിയ ഭീഷണി നേരിടുന്നത് പശ്ചിമേഷ്യയിലെ കുഞ്ഞ് രാഷ്ട്രങ്ങളാണ്. രണ്ടാഴ്ച മുമ്പ് ഒരു അഭിമുഖത്തില്‍ മുന്‍ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ കെറി വെളിപ്പെടുത്തിയത് 2015 ല്‍ ജര്‍മ്മനി ഉള്‍പ്പെടെയുളള 'ത്രി പ്ലസ് ടൂ' രാജ്യങ്ങളുമായി ഇറാന്‍ ഒരു ആണവ കരാര്‍ ഒപ്പിട്ടുവെന്നാണ്. ഇറാനെതിരായുളള ഉപരോധം പിന്‍വലിച്ചുകൊണ്ടാണ് ആ കരാര്‍ ഉണ്ടാക്കിയത്.

ആ കരാര്‍ പ്രബല്യത്തില്‍ വരുന്നതിനു മുമ്പ് തന്നെ ഇറാന്റെ ആണവ റിയാക്ടറുകളും ബോംബുകളും തകര്‍ക്കണമെന്ന് ഈജിപ്തും ഇസ്രയേലും സംയുക്തമായി അമേരിക്കയോട് നിരന്തരം ആവശ്യപ്പെട്ടിരുന്നുവെന്ന് ജോണ്‍ കെറി ആ അഭിമുഖത്തില്‍ വെളിപ്പെടുത്തുന്നുണ്ട്. ഇത് സുചിപ്പിക്കുന്നത് ഇറാന്റെ ആണവായുധങ്ങള്‍ തകര്‍ക്കാനും ഇറാനെ നിരായുധീകരിക്കാനും ഇസ്രായേലിനൊപ്പം തന്നെ ആ മേഖലയിലെ സുന്നി രാഷ്ട്രങ്ങളുമുണ്ട്. അതിന്റെ കാരണം പശ്ചിമേഷ്യയില്‍ ഇറാന്‍, ഇറാഖ്, സിറിയ, എന്നീ ഷിയ രാഷ്ട്രങ്ങളും യമനിലെ ഹൂദി ഭികരരും ലബനനിലെ ഹിസ്ബുല്ല പോരാളികളും ഒക്കെ ചേര്‍ന്ന് ഒരു ഷിയ സഖ്യം രൂപം പെട്ടിട്ടുണ്ട്. ഈ സഖ്യം പരസ്പരം ആയുധങ്ങളും സാങ്കേതികവിദ്യകളും കൈമാറുന്നുണ്ട്. പരിശീലനവും നല്‍കുന്നുണ്ട്. ഇതിനൊക്കെ നേതൃത്വം നല്‍കുന്നത് ഇറാനാണ്.

രണ്ടാമത്തെ സാഹചര്യം, സാമ്പ്രദായികമായ ഷിയ കൂട്ടുകെട്ടിനപ്പുറം ഇറാന്‍ അതിന്റെ സ്വാധീനം വ്യാപിപ്പിച്ചുണ്ട്. ഉദാഹരണത്തിന് ഖത്തര്‍ ഇപ്പോള്‍ ഇറാന്റെ ഭാഗമായി മാറി കഴിഞ്ഞു. സൗദി അറേബ്യയടക്കമുളള ആറ് രാജ്യങ്ങള്‍ ഖത്തറിനെതിരേ ഉപരോധം പ്രഖ്യാപിക്കാന്‍ പ്രധാനപെട്ട ഒരു കാരണം ഖത്തര്‍ ഇറാന്‍ ബന്ധങ്ങളാണ്. മാത്രമല്ല തുര്‍ക്കി, ഖത്തറിനും ഇറാനും അനുകൂലമായ സമീപനം സ്വീകരിച്ചുവരുന്നുണ്ട്. ചുരുക്കത്തില്‍ ഇറാന്റെ ആണവശേഷിയും ഖത്തറിന്റെ സാമ്പത്തിക ശക്തിയും ഒത്തുചേര്‍ന്നാല്‍ പശ്ചിമേഷ്യയിലെ സൗദി അറേബ്യ അടക്കമുളള കുഞ്ഞുരാഷ്ട്രങ്ങളുടെ മേല്‍കൈ നഷ്ടപ്പെടും.

http://www.azhimukham.com/world-i-will-return-saudi-arabia-to-moderate-islam-says-crown-prince/

അതുകൊണ്ട് ഇത്തരത്തിലുളള ഷിയ ഗ്രൂപ്പിങ് ഉണ്ടായതിന് എതിരേ സൗദി അറേബ്യയുടെ നേതൃത്വത്തില്‍ സുന്നി രാജ്യങ്ങളുടെ സഖ്യം ഉണ്ടാക്കിയിരിക്കുകയാണ്്. യമനിലെ ഹുദികളെ തകര്‍ക്കുകയാണ് അതിന്റെ പ്രഥമിക ലക്ഷ്യം. ആ സൈനിക സഖ്യത്തില്‍ സൗദിയുണ്ട്, ഒപ്പം ഈജിപ്ത്, ബഹ്‌റിന്‍, യുഎഇ തുടങ്ങിയ പശ്ചിമേഷ്യയിലെ സമാന സ്വഭാവമുളള രാജ്യങ്ങള്‍ ചേര്‍ന്നുളള ഒരു കൂട്ടായ്മയാണ് അത്.

സൗദി അറേബ്യയുടെ നേതൃത്വത്തിലുളള സുന്നി സഖ്യവും ഇറാന്റെ നേതൃത്വത്തിലുളള ഷിയ സഖ്യവും സംഘര്‍ഷത്തിന്റെ പാതയില്‍ രണ്ട് ചേരികളായി തീര്‍ന്നിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇസ്രയേലിന്റെ പിന്തുണ സുന്നി സഖ്യത്തിനുണ്ടെന്നതാണ് വസ്തുത. ഇസ്രയേല്‍, ഈജിപ്ത,് സൗദി അറേബ്യ സഖ്യം രൂപപ്പെട്ടു വരുന്നു. അതൊരു പ്രകടമായ മാറ്റമാണ്. അതുകൊണ്ടാണ് ട്രംപിന്റെ പശ്ചിമേഷ്യന്‍ സന്ദര്‍ശനത്തില്‍ നമ്മുക്ക് കാണാം അദ്ദേഹം സൗദി സന്ദര്‍ശിച്ചതിനു ശേഷം നേരെ പോയത് ഇസ്രയേലിലേക്കാണ്. ആ യാത്ര വളരെ പ്രതീകാത്മകമാണ്.

കുറച്ച് മുമ്പ് ഈജിപ്തിലെ സിനായിലെ സൂഫി പളളിക്ക് നേരെയുണ്ടായ ആക്രമണത്തിനു ശേഷം ഈജിപ്ത് ഇസ്രായേലുമായി സൈനിക സഖ്യം സ്ഥാപിച്ചു. അതായത് സൗദി അറേബ്യ, ഈജിപ്ത്, ഇസ്രയേല്‍ അച്ചുതണ്ട് പശ്ചിമേഷ്യയില്‍ രൂപപെട്ടിട്ടുണ്ട്. ഈ പശ്ചാത്തലത്തിലാണ് ജറൂസലേം ഇസ്രായേലിന്റെ തലസ്ഥാനമായി പ്രഖ്യാപിക്കാന്‍ ട്രംപിനെ പ്രേരിപ്പിച്ച ഘടകം.ഷിയ ഗ്രൂപ്പിനു പുറമെ സൗദിയും യുഎഇയും എല്ലാം നേരിടുന്ന മറ്റൊരു ഭീഷണിയാണ് ഐഎസ്. കാരണം രാജാധിപത്യത്തെ എതിര്‍ത്തുകൊണ്ട് ഇസ്ലാമിക ഖിലാഫത്ത് സ്ഥാപിക്കുകയാണ് ഐഎസിന്റെ ലക്ഷ്യം. ഇത് സൗദിക്കും യുഎഇക്കും ഒരുപോലെ ഭീഷണിയാണ്. കാരണം സൗദിയില്‍ രാജ്യഭരണമാണ്്. യുഎഇയിലാണെങ്കില്‍ അമീറാണ് ഭരിക്കുന്നത്. അത്തരം സംവിധാനങ്ങള്‍ അനിസ്ലാമികമാണെന്നാണ് ഐഎസ് കാഴ്ചപ്പാട്‌.

ഒരു ഭാഗത്ത് ഷിയ ഗ്രൂപ്പും മറുഭാഗത്ത് ഐഎസ്, അല്‍ ഖ്വയ്ദ തുടങ്ങിയിട്ടുളള അതി ഭീകരവാദ സംഘടനകളും സൗദി അറേബ്യ അടക്കമുളള അതിസമ്പന്ന സുന്നി രാജ്യങ്ങളെ ലക്ഷ്യം വെയ്ക്കുന്നു എന്ന സാഹചര്യത്തിലാണ് പുതിയ രാഷ്ട്രീയ കൂട്ടുകെട്ട് പശ്ചിമേഷ്യയില്‍ രൂപപ്പെടുന്നത്. ഇതിന്റെ രസകരമായ അവസ്ഥ ഈ സഖ്യത്തില്‍ ഇറാന്റെ കൂടെ റഷ്യ ഉണ്ടെന്നതാണ്. അതുപോലെ സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍-അസദിന് പരിപൂര്‍ണ പിന്തുണയാണ് റഷ്യ നല്‍കിവരുന്നത്. ഇങ്ങേയറ്റത്ത് ഇസ്രയേല്‍ അമേരിക്ക അച്ചുതണ്ട് ശക്തമായി നിലനില്‍ക്കുന്നു. ഫലത്തില്‍ ഈ രൂപത്തില്‍ പുതിയ ഒരു ഗ്രൂപ്പിങ് പശ്ചിമേഷ്യയില്‍ രൂപം കൊണ്ടിട്ടുണ്ട്. ഈ ഗ്രൂപ്പ് പശ്ചിമേഷ്യയിലെ രാഷ്ട്രീയ രംഗം കൂടുതല്‍ കലുഷിതമാക്കിയിരിക്കുകയാണ്.

http://www.azhimukham.com/newsupdate-international-saudi-prince-abdulazizbinhahd-alive/

പലസ്തീന്‍ പ്രശ്‌നത്തില്‍ ഷിയ-സുന്നി വ്യത്യാസമില്ലാതെ ഇസ്ലാമിക രാജ്യങ്ങള്‍ ഒന്നിച്ച് നിന്ന് നിലപാട് വ്യക്തമാക്കിയിട്ടുളളതാണ്. ഇപ്പോള്‍ നോക്കൂ, ഹമാസ് ഒരു ഭീകര സംഘമാണെന്ന് സൗദി അറേബ്യയിലെ ഗ്രാന്റ് മുഫ്തി ഫത്‌വ പുറപ്പെടുവിച്ചു. ജൂതന്മാര്‍ക്കെതിരേ യുദ്ധം ചെയ്യുന്നതും ജൂതന്മാരെ കൊല്ലുന്നതും അദ്ദേഹം വിലക്കി. മാത്രമല്ല ഹമാസ് ഒരു അനിസ്ലാമിക പ്രസ്ഥാനമാണെന്നും ഭീകരസംഘടനയാണെന്നും അദ്ദേഹം വ്യക്തമാക്കി. അതിനര്‍ത്ഥം ഹമാസ് അനിസ്ലാമികമാണെന്നും ജൂതന്മാരെ കൊല്ലാന്‍ പാടില്ലെന്നും പലസ്തീന്‍ സംഘടനകളായ ഹമാസ്, ഹിസ്ബുല്ല എന്നീ സംഘടനകള്‍ ചെയ്യുന്നത് ശരിയല്ലെന്ന നിലപാട് സൗദി അറേബ്യക്ക് ഉണ്ടെന്നുളള സന്ദേശമാണ് അത് പങ്കുവെയ്ക്കുന്നത്. സൗദി ഇസ്രായേല്‍ കൂട്ടുകെട്ടിന്റെ ഒരു ഫലമാണത്. ഇങ്ങനെയുളള മാറ്റം അവിടെ ഉണ്ടാകുന്നു.

ഇസ്ലാമിക ലോകം ഇങ്ങനെ വിഭജിക്കപ്പെട്ടതിന്റെ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ ട്രംപ് അമേരിക്കന്‍ എംബസി ടെല്‍ അവീവില്‍ നിന്നും മാറ്റി ജറൂസലേമിലേക്ക് മാറ്റാന്‍ തിരുമാനിച്ചതും ജറൂസലേം ഇസ്രയേലിന്റെ തലസ്ഥാനമായി പ്രഖ്യാപിച്ചതും. 1995 ല്‍ അത്തരം ഒരു നിയമം യുഎസ് പാസാക്കിയിട്ടുണ്ട്. അതിനു ശേഷം മുന്ന് പ്രസിഡന്റുമാര്‍ അധികാരത്തില്‍ വന്നുപോയെങ്കിലും ആരും അതിനുളള നടപടിക്ക് ശ്രമിച്ചിട്ടില്ല. കാരണം, സംഘടിതമായ ഇസ്ലാമിക ലോകത്തിന് അത് അതൃപ്തി ഉണ്ടാക്കുമെന്ന്് ആശങ്ക അവര്‍ക്കുണ്ടായിരുന്നു. ഇന്ന് ഇസ്ലാമിക ലോകം വിഭജിച്ചു. ഈ അവസരത്തില്‍ ട്രംപ് യു എസ് എംബസി ജറൂസലേമിലേക്ക് മാറ്റികൊണ്ടുളള നടപടിക്രമം ആരംഭിക്കുകയും ചെയ്തുവെന്നു വേണം കരുതാന്‍. ഇസ്ലാമിക ലോകത്തെ വിഭജനമാണ് ട്രംപിനെ കണ്ണും മൂക്കും നോക്കാതെ ഇത്തരം ഒരു നടപടി സ്വീകരിക്കുന്നതിനു പ്രേരിപ്പിച്ചത്.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)


Next Story

Related Stories