TopTop
Begin typing your search above and press return to search.

സീറ്റ് ചോദിച്ചാല്‍ വനിതകള്‍ നാണംകെടുകയേയുള്ളൂ കോണ്‍ഗ്രസില്‍; കെ സി റോസക്കുട്ടി ടീച്ചര്‍

സീറ്റ് ചോദിച്ചാല്‍ വനിതകള്‍ നാണംകെടുകയേയുള്ളൂ കോണ്‍ഗ്രസില്‍; കെ സി റോസക്കുട്ടി ടീച്ചര്‍

കെ.സി റോസകുട്ടി/അഴിമുഖം

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ പതിവുപോലെ ഇത്തവണയും സ്ത്രീ പ്രാതിനിധ്യം പേരിനു മാത്രം. അഞ്ച് സീറ്റുകളിലേക്കാണ് വനിതകളെ സ്ഥാനാര്‍ത്ഥികളാക്കിയിരിക്കുന്നതെങ്കിലും പാര്‍ട്ടിയുടെ സിറ്റിംഗ് സീറ്റ് നല്‍കിയിരിക്കുന്നത് ഒരാള്‍ക്ക് മാത്രം. നല്‍കിയവയില്‍ ഭൂരിപക്ഷവും വിജയസാധ്യത തീരെയില്ലാത്ത സീറ്റുകള്‍. വനിതകളെ നിരന്തരമായി അവഗണിക്കുന്നതിന് ഒരു ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ കോണ്‍ഗ്രസിന് എന്ത് മറുപടി നല്‍കാനുണ്ടാകും? സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ ഇത്തവണയും സ്ത്രീകളെ തീര്‍ത്തും തഴഞ്ഞതായാണ് വനിത കമ്മിഷന്‍ ചെയര്‍പേഴ്‌സണും സുല്‍ത്താന്‍ ബത്തേരി മുന്‍ എംഎല്‍എയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ കെ സി റോസകുട്ടി ടീച്ചര്‍ പറയുന്നത്. റോസകുട്ടിയുമായി നടത്തിയ സംഭാഷണത്തില്‍ നിന്ന്....

അഴിമുഖം: കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥി പട്ടികയില്‍ സ്ത്രീകള്‍ക്ക് അര്‍ഹമായ പ്രാതിനിധ്യം കിട്ടിയില്ലല്ലോ?

റോസകുട്ടി: ഓ.. ഒന്നും കിട്ടിയില്ല... ആന്റണിയും കരുണാകരനും സീറ്റ് വിഭജനം നടത്തിയ സമയം കോണ്‍ഗ്രസ്സ് ഇങ്ങനെയായിരുന്നില്ല. ആ സമയത്ത്‌ എനിക്ക് പുറമെ എം ടി പത്മ, ശോഭന ജോര്‍ജ്, അല്‍ഫേണ്‍സ ജോണ്‍, റോസമ്മ ചാക്കോ തുടങ്ങിയ സിറ്റിംഗ് എംഎല്‍എമാര്‍ക്കും മുന്‍ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട ജമീല ഇബ്രാഹിമിനും ജയിച്ചുവരാന്‍ കഴിയുന്ന സീറ്റുകകള്‍ തരാന്‍ അവര്‍ തയ്യാറായി. അതുകഴിഞ്ഞുള്ള ഒരു തെരഞ്ഞെടുപ്പിലും സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന കോണ്‍ഗ്രസില്‍ കിട്ടിയിടില്ല. രാജീവ് ഗാന്ധി ഉള്ളതുകൊണ്ടാണ് അന്ന് അങ്ങനെ സംഭവിച്ചത്. ഇവര്‍ നല്‍കിയ ലിസ്റ്റ് അദ്ദേഹം തിരിച്ചയച്ചു. മെമ്പര്‍ഷിപ്പ് പോലും ഇല്ലാത്ത സമയത്താണ് സുല്‍ത്താന്‍ ബത്തേരി മണ്ഡലത്തില്‍ സീറ്റ് കിട്ടിയത്. പുല്‍പ്പള്ളിയിലെ വെടിവെപ്പിന്റെ പശ്ചാത്തലത്തില്‍ മണ്ഡലത്തില്‍ ജയം ഉറപ്പാണെന്ന് കരുതിയാണ് സീറ്റ് തന്നത്. പിന്നീട് കെപിസിസി ജനറല്‍ സെക്രട്ടറിയായി. ഏക വനിത ജനറല്‍ സെക്രട്ടറിയെ പോലും സ്ഥാനാര്‍ത്ഥി പരിഗണനാ ലിസ്‌ററില്‍ ഉള്‍പ്പെടുത്തിയില്ല.

അ: സീറ്റിന് വേണ്ടി ക്ലെയിം ചെയ്‌തോ?

റോ: നമ്മള്‍ എവിടെ ക്ലെയിം ചെയ്യും? സുല്‍ത്താന്‍ ബത്തേരി സംവരണ മണ്ഡലമായി മാറിയതോടെ ഇവിടെ സീറ്റിനു വേണ്ടി ആവശ്യം ഉന്നയിക്കാന്‍ കഴിയില്ല. പിന്നെ തിരുവമ്പാടി. അവിടെ നിന്നും എന്റെ പേര് നിര്‍ദേശിക്കപ്പെട്ടിരുന്നു. എന്നാല്‍ തിരുവമ്പാടി സീറ്റ് ലീഗിനാണ് കിട്ടിയത്. ഈ സീറ്റിനു വേണ്ടി കോണ്‍ഗ്രസില്‍ നിന്ന് വലിയതോതില്‍ ആവശ്യം ഉയര്‍ന്നതുമില്ല. മുസ്ലിം ലീഗില്‍ നിന്ന് കുന്ദമംഗലം ഏറ്റെടുത്ത് അവിടെ സിദ്ദിഖിനെയാണ് നിര്‍ത്തിയത്. തിരുവമ്പാടി സീറ്റിന്റെ കാര്യം ഉമ്മന്‍ ചാണ്ടിയോട് നേരിട്ട് ആവശ്യപ്പെട്ടിരുന്നു. തിരുവമ്പാടി കോണ്‍ഗ്രസ്സിന് ലഭിക്കുകയാണെങ്കില്‍ അവിടെ ഞാനാകും സ്ഥാനാര്‍ത്ഥിയെന്നു പറഞ്ഞിരുന്നു.

അ: കെപിസിസി തലത്തില്‍ സീറ്റ് വിഭജനത്തിന് മാനദണ്ഡമുണ്ടോ? സ്ത്രീകള്‍ക്ക് അര്‍ഹമായ പരിഗണന വേണമെന്ന കാര്യം ഉന്നയിക്കാന്‍ പ്ലാറ്റ്‌ഫോമില്ലേ ?

റോ: അങ്ങനെയൊരു സംവിധാനമൊന്നും ഇപ്പോള്‍ അവിടെയില്ല. അഭിപ്രായം പറയാനുള്ള അവസരം നല്‍കാതെ കെ.പി.സി.സി മൂന്നു പേരെ ചുമതലപ്പെടുത്തി. അതാണ് ഇലക്ഷന്‍ കമ്മിറ്റിയുടെ ചുമതല. അവര്‍ അവര്‍ക്കാവശ്യമുള്ളവരെ തെരഞ്ഞെടുക്കും.അ: സ്ത്രീകളുടെ അവകാശം ബോധ്യപ്പെടുത്താന്‍ കഴിയുന്നില്ലേ ?

റോ: ഇല്ല, നാണം കെട്ട് പോകുകയാണ്. രാഷ്ട്രീയപാര്‍ട്ടികളൊന്നും സ്ത്രീകളോട് നീതി കാണിക്കുന്നില്ല. ഒരു പരിധിവരെ സിപിഐഎം ഒഴികെ. രാജ്യസഭ കാലാവധി കഴിഞ്ഞയുടനെ ടി എന്‍ സീമയ്ക്ക് മത്സരിക്കാന്‍ അവര്‍ സീറ്റ് നല്‍കി. ഓരോ ജില്ലയിലും ഒരു സ്ത്രീക്കെങ്കിലും പരിഗണന നല്‍കാന്‍ ഇടതു പക്ഷത്തിന് കഴിഞ്ഞു. അതൊരു ആശ്വാസമാണ്.

അ: മാര്‍ക്‌സ്‌സിസ്റ്റ് പാര്‍ട്ടിക്ക് തീരുമാനങ്ങളെടുക്കാന്‍ കഴിവുണ്ട്. യഥാര്‍ത്ഥത്തില്‍ പാര്‍ട്ടിയിലല്ലേ ഇത്തരം മാനദണ്ഡങ്ങള്‍ ഉണ്ടാവേണ്ടത്?

റോ: പാര്‍ട്ടിയില്‍ പ്രശ്‌നങ്ങള്‍ ഉന്നയിക്കാന്‍ സ്ത്രീകളില്ല. വൈസ് പ്രസിഡന്റായ ലാലി വിന്‍സന്റിനെ കൊണ്ടുപോയി തോമസ് ഐസക്കിനോട് മല്‍സരിക്കാന്‍ ഇട്ടു. അത് ഏറ്റെടുക്കാന്‍ പാടില്ല. ബിന്ദുകൃഷ്ണയും ഷാനിമോള്‍ ഉസ്മാനും അവരവരുടെ സീറ്റിനുവേണ്ടിയാണ് വാദിക്കുന്നത്. എല്ലാവരും ഒറ്റക്കെട്ടായി തോല്‍ക്കുന്ന സീറ്റ് ഞങ്ങള്‍ക്ക് വേണ്ട എന്ന് പറയണം. ഇങ്ങനെയെങ്കില്‍ പാര്‍ട്ടിയില്‍ നിന്നും ഒരു സീറ്റിലും ഞങ്ങള്‍ മത്സരിക്കില്ല എന്ന് തീരുമാനിക്കണം.

അ: വനിതാ നേതാക്കളുടെ കൂട്ടം ഉണ്ടാക്കാന്‍ കഴിയുന്നില്ലേ?

റോ: വനിതാ കമ്മിഷന്‍ അദ്ധ്യക്ഷയെന്ന നിലയില്‍ ഇപ്പോള്‍ എനിക്ക് അതിന് കഴിയില്ല. കഴിഞ്ഞ തവണ ഇത്തരമൊരു കൂട്ടം ഉണ്ടായിരുന്നു. ലോകസഭാ തെരഞ്ഞെടുപ്പില്‍ പരാജയം ഉറപ്പുള്ള സീറ്റ് എടുക്കില്ലെന്ന് ഞങ്ങള്‍ തീരുമാനിച്ചു. പക്ഷേ അതിനിടെ വനിതാ നേതാക്കളുമായുള്ള കൂടിയാലോചനകള്‍ ഒന്നുമില്ലാതെ ഷാഹിദ കമാല്‍ കാസര്‍ഗോഡ് സീറ്റ് ഏറ്റെടുത്തു. മലമ്പുഴയില്‍ മല്‍സരിക്കരുതെന്ന് ലതികയോടും സൂചിപ്പിച്ചിരുന്നു. പേര് കിട്ടാന്‍ വേണ്ടിയാണ് പലരും ഇങ്ങനെ ഇരകളാക്കപ്പെടുന്നത്.

അ: വനിതാ കമ്മിഷന്റെ പരിഗണനയില്‍ വരാവുന്ന ഒരു വിഷയം കൂടിയാണിത്?

റോ: അതെ, ജനാധിപത്യ പ്രക്രിയയില്‍ പങ്കാളിത്തം ലഭിച്ചില്ലെങ്കില്‍ മറ്റ് മേഖലകളില്‍ നിന്ന് സ്ത്രീകള്‍ക്ക് എങ്ങനെ നീതി ലഭിക്കും? സ്ത്രീകള്‍ക്ക് ബി യും ഡി യും ഗ്രേഡാണ് നല്‍കുന്നത്. ഭരണരംഗത്ത് സ്ത്രീകളെ പ്രവേശിപ്പിക്കാതെ അടിച്ചമര്‍ത്തുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍. ജനാധിപത്യപ്രക്രിയയില്‍ സ്ത്രീകള്‍ക്ക് പരിഗണന ലഭിക്കാത്ത കാലത്തോളം കേരളത്തില്‍ അവര്‍ക്ക് നീതി ലഭിക്കുമെന്ന് കരുതുന്നില്ല. സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കുമെതിരെ പ്രവര്‍ത്തിക്കുന്ന വനിതാ കമ്മിഷന്‍ സ്ത്രീകളോടുള്ള രാഷ്ട്രീയവിവേചനത്തില്‍ ഇടപെടാന്‍ കഴിയുന്നില്ല.


Next Story

Related Stories