TopTop
Begin typing your search above and press return to search.

മകനെ താക്കീത് ചെയ്യണമെന്ന് അപേക്ഷിച്ച ഒരമ്മയ്ക്ക് പോലീസ് നല്‍കിയ മറുപടിയാണ് ജോണ്‍സന്റെ മൃതദേഹം

മകനെ താക്കീത് ചെയ്യണമെന്ന് അപേക്ഷിച്ച ഒരമ്മയ്ക്ക് പോലീസ് നല്‍കിയ മറുപടിയാണ് ജോണ്‍സന്റെ മൃതദേഹം
പോലീസ് മര്‍ദ്ദിച്ചു കൊന്ന ജോണ്‍സണും അദ്ദേഹത്തിന്റെ കുടുംബത്തിനും നീതി ലഭിക്കുമോ? നീതി ലഭ്യമാക്കണമെന്ന് അധികൃതരോട് ആവശ്യപ്പെട്ട് ഒരു കുടുംബം കാത്തിരിക്കാന്‍ തുടങ്ങിയിട്ട് മൂന്ന് മാസമാവുന്നു. പോലീസ് കസ്റ്റഡിയില്‍ ക്രൂര മര്‍ദ്ദനത്തിന് വിധേയനായ ജോണ്‍സണ്‍ മരിച്ചിട്ട് ഡിസംബര്‍ 25 ആമ്പോള്‍ മൂന്ന് മാസം പൂര്‍ത്തിയാകും. പോലീസ് മര്‍ദ്ദിച്ച് കൊലപ്പെടുത്തിയതാണെന്ന നിരന്തര ആക്ഷേപങ്ങളും പരാതികളുമുണ്ടായിട്ടും, അന്വേഷണങ്ങള്‍ക്കോ നടപടികള്‍ക്കോ ഉള്ള വ്യക്തമായ കാരണങ്ങളുണ്ടായിട്ടും ഇതേവരെ അതുണ്ടായില്ല. പോലീസ് ക്രൂരത വെളിപ്പെടുത്തുന്ന പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് പോലും ഈ കുടുംബത്തിന് തുണയായില്ല.

എളമക്കര പുതുകുളങ്ങര പറമ്പ് പൈനാടത്ത് വീട്ടില്‍ ജോണ്‍സണ്‍ (46) ഒരു പെയിന്ററായിരുന്നു. വീട്ടുകാരുടെ ഭാഷയില്‍ പറഞ്ഞാല്‍ അല്‍പ്പം മദ്യപിക്കുമെങ്കിലും പൂര്‍ണ ആരോഗ്യവാന്‍. മദ്യപിച്ച് വീട്ടില്‍ വന്നാല്‍ ബഹളവും കശപിശയും പതിവായിരുന്നു. എന്നാല്‍ ആരെയും ദേഹോപദ്രമേല്‍പ്പിക്കാറില്ല. സെപ്തംബര്‍ 19ന് രാത്രി മദ്യപിച്ച് വീട്ടിലെത്തിയ ജോണ്‍സണ്‍ ബഹളം വക്കുകയും കലഹം ഉണ്ടാക്കുകയും ചെയ്തു. ഇത് കണ്ട് ജോണ്‍സന്റെ അമ്മ അമ്മിണി തന്നെയാണ് പോലീസ് സ്‌റ്റേഷനില്‍ പരാതി പറയുകയും പോലീസുകാരോട് വീട്ടിലേക്ക് വരണമെന്നാവശ്യപ്പെടുകയും ചെയ്തത്. രാത്രി ഒമ്പതിനും ഒമ്പതരയ്ക്കുമിടെ മൂന്ന് പോലീസുകാരെത്തി ജോണ്‍സനെ എളമക്കര പോലീസ് സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. പിന്നീടുണ്ടായ കാര്യങ്ങള്‍ ജോണ്‍സന്റെ അമ്മ അമ്മിണി പറയുന്നത് ഇങ്ങനെയാണ്;

'ഞാനായിട്ട് ചെയ്തതാണ്. അതാണിപ്പോള്‍ എന്റെ കുഞ്ഞിന്റെ ജീവനെടുത്തത്. വീട്ടില്‍ വയസ്സായ ഞാനും എന്റെ ഭര്‍ത്താവും ജോണ്‍സന്റെ ഭാര്യയും മൂന്ന് കുട്ടികളുമാണുള്ളത്. അവന്‍ ബഹളം വക്കുന്നത് കണ്ടപ്പോള്‍ വേറെ ഒന്നും ചെയ്യാനില്ലാതെ ഞാന്‍ തന്നെയാണ് പോലീസുകാരെ നേരില്‍ കണ്ട് പരാതി പറഞ്ഞത്. അവര്‍ വന്ന് അവനെ വിളിച്ചോണ്ട് പോയി. പക്ഷെ അവരിങ്ങനെ ഉപദ്രവിക്കുമെന്നോ അവന് ഇങ്ങനെ സംഭവിക്കുമെന്നോ സ്വപ്‌നത്തില്‍ പോലും കരുതിയില്ല. 19ന് രാത്രി പിടിച്ചോണ്ട് പോയിട്ട് 20ന് ഉച്ചക്ക് 12 മണി കഴിഞ്ഞാണ് ജോണ്‍സണ്‍ വീട്ടില്‍ തിരിച്ചെത്തുന്നത്. ഞാനും ഭര്‍ത്താവും രാവിലെ ജോലിക്ക് പോയാല്‍ വൈകിട്ടേ വരൂ. അവന്‍ വന്നപ്പോള്‍ ഞങ്ങളില്ല. പക്ഷെ അവന്‍ വന്നപ്പോള്‍ തന്നെ മുഖം വല്ലാതിരിക്കുന്നത് കണ്ട് അവന്റെ ഭാര്യയ്ക്കും പെങ്ങള്‍ക്കും സംശയം തോന്നി. ഇനി നിന്റെ ആങ്ങളെനെ ഒന്നിനും കൊള്ളില്ലെടീ എന്ന് പെങ്ങളോട് പറഞ്ഞുകൊണ്ടാണ് വീട്ടിലേക്ക് കയറി വന്നത്. അടുത്ത് തന്നെയുള്ള അവന്റെ പെങ്ങള്‍ടെ വീട്ടില്‍ നിന്ന് ചോറും മേടിച്ചുണ്ടു. വീട്ടിലെത്തിയപ്പോ തന്നെ പോലീസുകാര് ചെയ്ത കാര്യങ്ങള് അവന്‍ ഭാര്യയോട് പറഞ്ഞു. കൈ രണ്ടും പുറകിലേക്ക് കെട്ടി ജനലിനോട് ചേര്‍ത്ത് വിലങ്ങുവച്ചാണ് ഉപദ്രവിച്ചതെന്ന് അവന്‍ പറഞ്ഞു. പല പ്രാവശ്യം തല ഭിത്തിക്കിടിപ്പിച്ചെന്നും, ലാത്തികൊണ്ടും ബൂട്ടുകൊണ്ടുമെല്ലാം ഉപദ്രവിച്ചെന്നും പറഞ്ഞു. അവന്റെ പറച്ചിലില്‍ നിന്ന് തന്നെ അവര് കൊറേ ഉപദ്രവിച്ചെന്ന് മനസ്സിലായി. അവന്റെ പുറത്തും കാലിലുമെല്ലാം വേദനയുണ്ടായിരുന്നു. ഞങ്ങള്‍ വേദനയുണ്ടായിരുന്നിടത്തെല്ലാം മരുന്നിട്ട് തടവിക്കൊടുക്കുകയും ചൂടി പിടിക്കുകയും ഒക്കെ ചെയ്തു. ഇരുപതിന് രാത്രി അവന്‍ വീട്ടിലുണ്ടായിരുന്നു. എന്നാല്‍ അന്ന് രാത്രി, അതായത് 21 ന് വെളുപ്പിന് രണ്ട് മണിയൊക്കെയായപ്പോള്‍ വല്ലാതെ അസ്വസ്ഥതയോടെ അവന്‍ പെരുമാറാന്‍ തുടങ്ങി. തലവേദനിക്കുന്നു എന്ന് പറഞ്ഞു. എഴുന്നേറ്റ് നില്‍ക്കുമ്പോള്‍ വീണ് പോവുകയായിരുന്നു. പെങ്ങള്‍ടെ വീട്ടിലേക്ക് ഓടിച്ചെന്ന് തനിക്ക് വയ്യെന്ന് പറയുകയും ചെയ്തു. ഞങ്ങള്‍ക്കാര്‍ക്കും ഒന്നും മനസ്സിലായില്ല. നോക്കി നില്‍ക്കുമ്പോള്‍ മണ്ണിലേക്ക് മറിഞ്ഞുവീണു. ഞങ്ങള്‍ നോക്കുമ്പോ അവന് ബോധമില്ലായിരുന്നു.

http://www.azhimukham.com/kerala-dalit-boy-vinayak-commit-suicide-due-to-police-brutality/

എറണാകുളം ജനറല്‍ ആശുപത്രിയിലേക്കാണ് ആദ്യം കൊണ്ടുപോയത്. അവര് സ്‌കാന്‍ ചെയ്ത് കഴിഞ്ഞപ്പോ, തലയില്‍ അവിടവിടെയായിട്ട് രക്തം കട്ടപിടിച്ചിട്ടുണ്ടെന്നും സീരിയസാണെന്നും കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോവാനും പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് ആ സമയത്ത് കൊണ്ടുപോവുന്നത് എളുപ്പമല്ലായിരുന്നു. എന്നാല്‍ ലിസി ആശുപത്രിയിലേക്ക് കൊണ്ടുപോവാനാണ് ജനറല്‍ ആശുപത്രീന്ന് പറഞ്ഞത്. ലിസിയില്‍ എത്തിയപാടെ സ്‌കാന്‍ റിപ്പോര്‍ട്ട് പരിശോധിച്ചിട്ട് നേരെ വെന്റിലേറ്ററിലേക്കാണ് കയറ്റിയത്. രണ്ട് മൂന്ന് ദിവസം വെന്റിലേറ്ററില്‍ കിടക്കട്ടെ, മാറ്റമുണ്ടാവുമോ എന്ന് നോക്കാം എന്നാണ് ഡോക്ടര്‍ പറഞ്ഞത്. മാറ്റം ഉണ്ടാവും എന്നാണ് ഞങ്ങള്‍ പ്രതീക്ഷിച്ചത്. പോലീസ് പിടിച്ചുകൊണ്ട് പോയ കാര്യവും ഒന്നും ഞങ്ങള്‍ ആ സമയത്ത് ഡോക്ടറോട് പറഞ്ഞിരുന്നില്ല. മൂന്ന് ദിവസം കഴിഞ്ഞിട്ടും ഒരു മാറ്റവും ഉണ്ടായില്ല.

http://www.azhimukham.com/trending-pratheesh-rema-arrested-again-ernakulam-north-police-playing-tricky-game/

അവസാനം വെന്റിലേറ്ററില്‍ നിന്ന് പുറത്തെടുത്ത 25ന് പുലര്‍ച്ചെ നാല് മണിക്ക് മരിച്ചു. പോസ്റ്റ് മോര്‍ട്ടത്തിന് കളമശേരി മെഡിക്കല്‍ കോളേജിലേക്കാണ് കൊണ്ടുപോയത്. ഒരാഴ്ച കഴിഞ്ഞപ്പോള്‍ പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടി. ഞാനാണ് അത് വാങ്ങാന്‍ പോയത്. റിപ്പോര്‍ട്ടുമായി എനിക്ക് പരിചയമുള്ള ഒരു ഡോക്ടറുടെ അടുത്തെത്തി. തലച്ചോറിനേറ്റ ക്ഷതമാണ് മരണകാരണമായതെന്നും തലയില്‍ പലയിടത്തും രക്തം കട്ടപിടിച്ചിരുന്നെന്നും ശരീരമാസകലം മര്‍ദ്ദനമേറ്റ പാടുകളുണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ ഉണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. നല്ല ആരോഗ്യമുണ്ടായിരുന്ന എന്റെ മകന്‍ പോലീസുകാരുടെ കൈപ്രയോഗം കൊണ്ടാണ് മരിച്ചത്. അതിന് ഇതില്‍ കൂടുതല്‍ എന്തെങ്കിലും തെളിവ് വേണോ. അന്വേണം വേണമെന്നും അവനെ മര്‍ദ്ദിച്ച പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് ജില്ലാ പോലീസ് മേധാവി, ഡിജിപി, ഐജി, മുഖ്യമന്ത്രി, ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ എന്നിവര്‍ക്ക് പരാതി നല്‍കിയിട്ടുണ്ട്. പക്ഷെ ആരും ഒരു നടപടിയും എടുത്തിട്ടില്ല.'

http://www.azhimukham.com/sreejiths-hunger-strike-for-justice-on-his-brothers-custody-murder/

ജോണ്‍സണായിരുന്നു ഈ കുടുംബത്തിലെ പ്രധാന വരുമാന സ്രോതസ്സ്. ഭിന്നശേഷിക്കാരിയായ ഭാര്യ ആശയും മകളും രണ്ട് ആണ്‍കുട്ടികളുമടങ്ങുന്ന ജോണ്‍സന്റെ കുടുംബം അയാളെ മാത്രം ആശ്രയിച്ചായിരുന്നു കഴിഞ്ഞു പോന്നത്. ജോണ്‍സണ്‍ ഇല്ലാതായതോടെ ആറംഗ കുടുംബത്തിന്റെ ജീവിതവും വഴിമുട്ടിയ അവസ്ഥയിലാണ്. അമ്മ അമ്മിണി വീട്ടുജോലി ചെയ്തും അച്ഛന്‍ ആന്റണി ലോട്ടറിവിറ്റും കിട്ടുന്ന വരുമാനമാണ് ഇപ്പോള്‍ ഇവരുടെ ആശ്രയം. ആന്റണി വീടിന് സമീപത്തുള്ള ഒരു കടയില്‍ സഹായിയായി ജോലിചെയ്യുകയായിരുന്നു. എന്നാല്‍ ജോണ്‍സണ്‍ മരിച്ചതോടെ അവിടെ നിന്ന് കിട്ടുന്ന 100 രൂപ കൊണ്ട് കുടുംബം മുന്നോട്ട് പോവില്ലെന്നുകണ്ട് ലോട്ടറികച്ചവടം തുടങ്ങിയതാണ്.

http://www.azhimukham.com/sreejith-hunger-strike-brothers-death-by-kerala-police/

'ഈ വീട്ടുകാര്‍ക്ക് സ്വന്തമായി ഒന്നുമില്ല. തീര്‍ത്തും ദരിദ്രരാണ്. ജോണ്‍സണ്‍ ജോലി ചെയ്തുകൊണ്ടുവരുന്ന കാശാണ് ഇവരുടെ വയറ് നിറച്ചിരുന്നത്. ജോണ്‍സന്റെ മരണം പോലീസിന്റെ കൊടുംക്രൂരതയുടെ ഫലമായി സംഭവിച്ചതാണെന്നതിന് തെളിവുകളുണ്ട്. പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട് തന്നെ പരിശോധിച്ചാല്‍ മതി. തലച്ചോറിലെ ക്ഷതമുള്‍പ്പെടെ ശരീരമാസകലം ക്ഷതങ്ങളും പരിക്കുകളും പറ്റിയിരുന്നതിന്റെ തെളിവ് അതിലുണ്ട്. ശരീരത്തിന്റെ ആന്തരിക ഭാഗങ്ങളില്‍ പോലും ചോരകല്ലിച്ച് കിടന്നിരുന്നു എന്നത് റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. പതിമൂന്ന് പോയന്റുകളാക്കി പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറഞ്ഞിരിക്കുന്ന ക്ഷതങ്ങളുടെ കണക്കെടുത്താല്‍ അയാള്‍ അനുഭവിച്ച് പോലീസ് മൃഗീയത വ്യക്തമാവും. എന്നാല്‍ ഇതൊന്നും അധികൃതര്‍ കണക്കിലെടുത്തിട്ടില്ല. ഇതിനെതിരെയാണ് ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുള്ളത്. രാഷ്ട്രീയ നേതാക്കളുള്‍പ്പെടെ സമരങ്ങള്‍ക്ക് പിന്തുണ നല്‍കുന്നുണ്ട്. ഇനിയും പ്രക്ഷോഭം ശക്തമാക്കാനാണ് തീരുമാനം' ആക്ഷന്‍ കൗണ്‍സില്‍ ജനറല്‍ കണ്‍വീനറും വാര്‍ഡ് മെമ്പറുമായ സുധീര്‍ പറഞ്ഞു.

https://www.azhimukham.com/news-wrap-it-is-not-the-duty-fo-the-police-to-cut-hair-say-loknathbehra-sajukomban/

ജോണ്‍സണുമായി ബന്ധപ്പെട്ട കേസ് എന്താണെന്ന് പരിശോധിച്ചതിന് ശേഷം മാത്രമേ പറയാന്‍ കഴിയൂ എന്നാണ് പോലീസില്‍ നിന്ന് ലഭിച്ച മറുപടി. സംഭവത്തില്‍ പരാതികള്‍ ലഭിച്ചിട്ടും അന്വേഷണത്തിന് പോലും ഉത്തരവിടാന്‍ അധികാരികള്‍ തയ്യാറായിട്ടില്ല. മദ്യപിച്ച് ബഹളം വക്കുന്ന മകനെ താക്കീത് ചെയ്യണമെന്നും തങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും അപേക്ഷിച്ച ഒരമ്മയ്ക്ക് പോലീസ് നല്‍കിയ മറുപടിയാണ് ജോണ്‍സന്റെ മൃതദേഹം.

http://www.azhimukham.com/prabahavathi-mother-of-udayakumar-tortured-killed-in-fort-police-station-thiruvananthapuram-speaks-safiya/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories