Top

ഗൗരി നേഘ: മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും തെളിവിനായി കാത്തിരിക്കുന്ന പൊലീസ്; അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിന്

ഗൗരി നേഘ: മരിച്ചിട്ട് രണ്ടാഴ്ച കഴിഞ്ഞിട്ടും തെളിവിനായി കാത്തിരിക്കുന്ന പൊലീസ്; അധ്യാപകര്‍ മുന്‍കൂര്‍ ജാമ്യത്തിന്
അധ്യാപകരുടെ മാനസിക പീഡനം താങ്ങാനാവാതെ പതിനഞ്ചുകാരി ഗൗരി നേഘ ആത്മഹത്യ ചെയ്തിട്ട് രണ്ടാഴ്ച പിന്നിട്ടു. എന്നാല്‍ കേസന്വേഷണം വേണ്ടരീതിയില്‍ മുന്നോട്ട് കൊണ്ടുപോവാനോ പ്രതികളെ പിടികൂടാനോ പോലീസിനായിട്ടില്ല. സംഭവം നടന്ന അന്നു മുതല്‍ ഒളിവിലായിരിക്കുന്ന രണ്ട് അധ്യാപികമാരും ഇപ്പോള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. ജാമ്യാപേക്ഷ ഹൈക്കോടതി ഇന്ന് പരിഗണിക്കാനിരിക്കെ രണ്ടാഴ്ച സമയം ലഭിച്ചിട്ടും പോലീസ് പ്രതികളെ പിടികൂടാത്തതിന് പിന്നില്‍ ഒത്തുകളിയാണെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതിനിടെ ഹൈക്കോടതിയില്‍ സമര്‍പ്പിച്ചിരിക്കുന്ന മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതി പരിഗണിക്കുമ്പോള്‍, കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജി നല്‍കാനാണ് ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാറിന്റെ തീരുമാനം.

ഒക്ടോബര്‍ 20-ാംതീയതിയാണ് കൊല്ലം ട്രിനിറ്റി ലൈസിയം സ്‌കൂളിന്റെ മൂന്നാം നിലയില്‍ നിന്ന് സ്‌കൂളിലെ പത്താംക്ലാസ് വിദ്യാര്‍ഥിനിയായിരുന്ന ഗൗരി നേഘ ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പിന്നീട് മൂന്ന് ദിവസത്തോളം അബോധാവാസ്ഥയിലായ കുട്ടി ചികിത്സയ്ക്കിടെ മരിക്കുകയായിരുന്നു. കുട്ടിയുടെ മരണത്തിന് പിന്നില്‍ സ്‌കൂള്‍ അധികൃതരും അധ്യാപകരുമാണെന്ന് അപകടം നടന്ന ദിവസം തന്നെ ബന്ധുക്കളും നാട്ടുകാരും ആരോപിച്ചിരുന്നു.

ആത്മഹത്യാശ്രമം നടന്ന അന്നു തന്നെ കൊല്ലം വെസ്റ്റ് പോലീസ് സ്‌റ്റേഷന്‍ സംഭവത്തില്‍ കേസ് എടുത്തിരുന്നു. എന്നാല്‍ കേസന്വേഷണം തുടക്കം മുതല്‍ നല്ല രീതിയിലല്ല നടക്കുന്നതെന്ന് ബന്ധുക്കള്‍ ആരോപിക്കുന്നു. ഗൌരിയുടെ ചെറിയച്ഛന്‍ പ്രകാശന്‍ പറയുന്നതിങ്ങനെ
' സംഭവം നടന്ന അന്ന് ഞങ്ങള്‍ ആശുപത്രിയില്‍ നില്‍ക്കുമ്പോഴാണ് പോലീസ് മൊഴിയെടുക്കാനെത്തുന്നത്. ചാടിയതാണോ അതോ മറ്റെന്തെങ്കിലും സംഭവിച്ചതാണോ എന്ന് ഞങ്ങള്‍ പറയുമ്പോഴൊക്കെ ചാടിയതാണ് എന്നെഴുതാം, എന്നാലേ കേസ് നിലനില്‍ക്കൂ എന്നാണ് മൊഴി രേഖപ്പെടുത്തിയ പോലീസുകാരന്‍ പറഞ്ഞത്. അന്ന് ഞങ്ങളത് വിശ്വസിച്ചു. അങ്ങനെയാണെങ്കില്‍ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതിന് രണ്ട് അധ്യാപികമാര്‍ക്കെതിരെ കേസ് എടുക്കണമെന്നും ഞങ്ങള്‍ ആവശ്യപ്പെട്ടിരുന്നു. പക്ഷെ പലതും ഞങ്ങള്‍ മൊഴി നല്‍കിയത് പോലെയല്ല രേഖപ്പെടുത്തിയിരിക്കുന്നത്. അന്നു തന്നെ പ്രതികളെ രക്ഷിക്കാനുള്ള ശ്രമം പോലീസുകാരുടെ ഭാഗത്തു നിന്നുണ്ടായതായാണ് സംശയിക്കുന്നത്. സംഭവം നടന്ന ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പ്രതികള്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരുന്നു. എന്നാല്‍ കോടതി ജാമ്യം നല്‍കുന്നതിന് പകരം ഒക്ടോബര്‍ 31-ാം തീയതിയിലേക്ക് ജാമ്യാപേക്ഷ പരിഗണിക്കുന്നത് നീട്ടുകയാണുണ്ടായത്. അപ്പോള്‍ തന്നെ വേണ്ടത്ര സമയം ലഭിച്ചിട്ടും ഒളിവിലായ രണ്ട് അധ്യാപികമാരെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞില്ല. 31-ാം തീയതി ജാമ്യാപേക്ഷ പരിഗണിച്ച കോടതി ആറാം തീയതിയിലേക്ക് വീണ്ടും ഹര്‍ജി പരിഗണിക്കുന്നത് നീട്ടി. പോലീസ് അപൂര്‍ണമായ രീതിയിലാണ് കോടതിയില്‍ റിപ്പോര്‍ട്ട് നല്‍കിയത് എന്നാണ് അറിയുന്നത്. അതിനാലാണ് വീണ്ടും തീയതി നീട്ടിവച്ചത്.


http://www.azhimukham.com/trending-15-years-old-student-suicide-parents-still-asking-police-who-behind-it-kr-dhanya-report/

കുട്ടികള്‍ തമ്മിലുള്ള വഴക്കാണ് ഗൗരി ആത്മഹത്യ ചെയ്യാന്‍ കാരണമെന്ന തരത്തിലാണ് അധ്യാപികമാര്‍ ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യത്തിന് സമീപിച്ചിരിക്കുന്നത്. ഇളയകുട്ടിയെ ക്ലാസ്സില്‍ ആണ്‍കുട്ടികളുടെ ഇടക്ക് ഇരുത്തുന്നതുമായി ബന്ധപ്പെട്ട വിഷയമുണ്ടായപ്പോള്‍ വീട്ടുകാരും അതില്‍ ഇടപെട്ടിരുന്നു. സ്‌കൂള്‍ അധികൃതരും അധ്യാപികയും ഈ പ്രവൃത്തിക്ക് ക്ഷമാപണം നടത്തുകയുമുണ്ടായി. എന്നാല്‍ ഇടക്ക് ഇളയകുട്ടി മീരയുടെ ക്ലാസ്സില്‍ ചെന്ന് ഇക്കാര്യം നോക്കണമെന്ന് കുട്ടികളുടെ അമ്മ ഗൗരിയോട് പറഞ്ഞിരുന്നു. അതുകൊണ്ട് ഗൗരി മീരയുടെ ക്ലാസ്സില്‍ ഇടവേളകളില്‍ പോയി നോക്കാറുണ്ടായിരുന്നു. അങ്ങനെ നോക്കിയ ഒരവസരത്തില്‍ ആ ക്ലാസ്സിലെ കുട്ടികള്‍ ഗൗരിയുമായി എന്തോ ചെറിയ വാക്കുതര്‍ക്കമുണ്ടായിട്ടുണ്ടെന്ന് പറയുന്നു. എന്നാല്‍ അതൊക്കെ അപ്പോള്‍ തന്നെ തീര്‍ന്ന കാര്യമാണ്. അതുകഴിഞ്ഞാണ് കുട്ടി ക്ലാസ്സില്‍ ഇരുന്നതും ഉച്ചയ്ക്ക് ഭക്ഷണം കഴിക്കാനിരുന്നതും. ഭക്ഷണപ്പൊതി തുറന്നപ്പോഴാണ് രണ്ട് അധ്യാപികമാരുമെത്തി ഗൗരിയെ വിളിച്ചുകൊണ്ട് പോവുന്നത്. എന്നാല്‍ അതിന് ശേഷമുള്ള ഇരുപത്തിയഞ്ച് മിനിറ്റ് എന്താണ് സംഭവിച്ചതെന്ന് ആര്‍ക്കുമറിയില്ല. അതിന് ഉത്തരം പറയേണ്ടത് ആ അധ്യാപികമാരാണ്. അതിനവരെ പിടികൂടിയാലേ സാധിക്കൂ. പക്ഷെ അവര്‍ വലിയ പിടിപാടും രാഷ്ട്രീയബന്ധവുമുള്ളവരാണ്. അതിലൊരാള്‍ക്ക് പോലീസ് വകുപ്പില്‍ ബന്ധുവുണ്ട്. ഇതിനൊക്കെ പുറമെ സ്‌കൂളിന് ചീത്തപ്പേര് വരാതിരിക്കാന്‍ സഭയുടെ പിന്തുണയും അവര്‍ക്ക് ലഭിക്കുന്നുണ്ട്. അല്ലെങ്കില്‍ രണ്ടാഴ്ച കഴിഞ്ഞിട്ടും കേരള പോലീസിന് ഒളിവില്‍ കഴിയുന്ന രണ്ടുപേരെ പിടികൂടാന്‍ ഇന്നത്തെ കാലത്ത് വിഷമമുണ്ടോ?
പോലീസ് പ്രതികളെ സഹായിക്കുന്ന നിലപാടാണ് എടുക്കുന്നതെന്ന സംശയം ഞങ്ങള്‍ക്കുള്ളതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ കക്ഷി ചേരാന്‍ ഞങ്ങളൊരുങ്ങുന്നത്. ആത്മഹത്യയാണെന്ന് പറയുന്നുണ്ടെങ്കിലും ഞങ്ങള്‍ക്കത് വിശ്വസിക്കാന്‍ കഴിയില്ല. കൊച്ചുകുട്ടികള്‍ പഠിക്കുന്ന എല്‍.പി.സ്‌കൂള്‍ കെട്ടിടത്തില്‍ നിന്നാണ് ഗൗരി വീഴുന്നത്. ഹൈസ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് പതിയെ നടന്ന് എല്‍.പി. സ്‌കൂള്‍ കെട്ടിടത്തിലേക്ക് പോവുന്ന ഗൗരിയെ സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമായി കാണാം. കൊച്ചുകുഞ്ഞുങ്ങള്‍ പഠിക്കുന്ന ആ കെട്ടിടത്തിന്റെ മുകള്‍ നിലയിലെ ഗ്രില്‍ വാതില്‍ എപ്പോഴും അടച്ചിട്ടിരിക്കും. അവിടെ സെക്യൂരിറ്റി ജീവനക്കാരുമുണ്ട്. അപ്പോള്‍ ഗൗരിക്ക് വേണ്ടി എങ്ങനെയാണ് വാതില്‍ തുറക്കപ്പെട്ടത്. സ്‌കൂളിന്റെ ടെറസ്സില്‍ വെയിലത്ത് നിര്‍ത്തുന്ന ഒരു ശിക്ഷാരീതി സ്‌കൂളിലുണ്ടെന്ന് സ്‌കൂളിലെ ചില കുട്ടികള്‍ പറഞ്ഞിട്ടുണ്ട്. ചിലപ്പോള്‍ അങ്ങനെയൊരു ശിക്ഷ ഗൗരിയ്ക്ക് നല്‍കിയതാവാം. അല്ലെങ്കില്‍ ഇതൊരു കൊലപാതകമാവാം. ഇനി ആത്മഹത്യ തന്നെയാണെങ്കില്‍, അതിന് തക്കതായ മാനസിക പീഡനം അവള്‍ അനുഭവിച്ചിട്ടുണ്ടാവും. അല്ലാതെ ഞങ്ങളുടെ കുട്ടി അത് ചെയ്യില്ല.'


http://www.azhimukham.com/kerala-adv-roopa-speaks-on-torture-to-his-son-by-teachers-in-trinity-lyceum-where-gauri-negha-died/

എന്നാല്‍ ഒളിവില്‍ കഴിയുന്ന അധ്യാപികമാരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് തുടരുകയാണെന്ന് അന്വേഷണ ചുമതലയുള്ള കൊല്ലം കോസ്റ്റല്‍ സ്‌റ്റേഷന്‍ സി.ഐ. ആര്‍.ഷാബു പറഞ്ഞു. 'രണ്ട് അധ്യാപികമാരുടേയും ഫോണ്‍ ഓഫ് ആണ്. ബന്ധുക്കളെ ചോദ്യം ചെയ്തും മറ്റും അവരെ പിടികൂടാനുള്ള ശ്രമങ്ങള്‍ പോലീസ് നടത്തുന്നുണ്ട്. പ്രതികള്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുണ്ട്. 31-ാം തീയതി ജാമ്യാപേക്ഷ പരിഗണിച്ച കോടതി ഈ കേസില്‍ പ്രതികള്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം നിലനില്‍ക്കുമോ എന്ന കാര്യം ചോദിച്ചിട്ടുണ്ട്. അത്തരത്തില്‍ ചര്‍ച്ചകള്‍ വന്നതുകൊണ്ടാണ് അറസ്റ്റ് വൈകുന്നത്. ആത്മഹത്യാ പ്രേരണക്കുറ്റം തെളിയിക്കാന്‍ മാത്രമുള്ള തെളിവുകള്‍ ഉണ്ടോ എന്നാണ് കോടതി ചോദിച്ചത്. അതിനാല്‍ അറസ്റ്റ് ചെയ്താല്‍ വേണ്ടത്ര തെളിവുകളില്ലാതെ എന്തിന് അറസ്റ്റ് ചെയ്തു എന്ന് കോടതി പിന്നീടൊരിക്കല്‍ ചോദിച്ചാല്‍ പോലീസിന് പ്രശ്‌നമാവും. എന്നാലും കേസില്‍ നിര്‍ണായക മൊഴികള്‍ ഒളിവില്‍ കഴിയുന്ന അധ്യാപകരുടേതായതിനാല്‍ അവരെ കണ്ടെത്തുന്നതിനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമായി നടക്കുന്നുണ്ട്.'
ഷാബു പറയുന്നു.

ഗൗരി മരിച്ചതിനെ തുടര്‍ന്ന് ഒരാഴ്ചയിലധികം സ്‌കൂള്‍ അടച്ചിട്ടിരുന്നു. ഒരാഴ്ച മുമ്പ് സ്‌കൂളില്‍ ചേര്‍ന്ന പിടിഎ കമ്മിറ്റി യോഗവും സംഘര്‍ഷത്തിലാണവസാനിച്ചത്. പിന്നീട് സ്‌കൂള്‍ തുറക്കാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരുന്നു. എന്നാല്‍ തന്റെ കുട്ടിയുടെ മരണത്തിന് ഉത്തരവാദികളായ അധ്യാപകരെ പിടികൂടാതെ സ്‌കൂള്‍ തുറക്കരുതെന്നായിരുന്നു ഗൗരിയുടെ അച്ഛന്‍ പ്രസന്നകുമാറും മറ്റ് ബന്ധുക്കളും നാട്ടുകാരും ആവശ്യപ്പെട്ടത്. ഇത് സ്‌കൂള്‍ അധികൃതര്‍ ചെവിക്കൊണ്ടില്ല. ഇതിനിടെ സ്‌കൂളില്‍ കുട്ടികള്‍ക്ക് മാനസിക പീഡനം അനുഭവിക്കേണ്ടി വരുന്നതായി മറ്റ് രക്ഷിതാക്കളും പരാതിയുമായെത്തിയിട്ടുണ്ട്.

http://www.azhimukham.com/kazhchapadu-educational-expert-unnikrishanan-saying-about-our-pathetic-condition-of-education/

Next Story

Related Stories