Top

'താങ്ങാന്‍ പറ്റുന്നില്ല'; എട്ട് മാസത്തിനിടെ ജീവനൊടുക്കിയത് 16 പൊലീസുകാര്‍; മാനസിക പ്രശ്‌നങ്ങള്‍ പരിശോധിക്കാന്‍ ഡിജിപിയുടെ നിര്‍ദ്ദേശം

കഴിഞ്ഞ എട്ട് മാസത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 16 പൊലീസുകാര്‍. ഈ പ്രശ്‌നം പരിശോധിക്കാനും പൊലീസുകാര്‍ നേരിടുന്ന മാനസിക പ്രശ്‌നങ്ങളെക്കുറിച്ച് മനസിലാക്കി ആവശ്യമായ നടപടികള്‍ സ്വീകരിക്കാനും എല്ലാ എസ് പിമാര്‍ക്കും യൂണിറ്റ് ചീഫുമാര്‍ക്കും ഡിജിപി ലോക്‌നാഥ് ബെഹ്ര നിര്‍ദ്ദേശം നല്‍കി. തൊഴില്‍ സംബന്ധമായോ കുടുംബ പ്രശ്‌നങ്ങളുടെ ഭാഗമായോ ഇത് രണ്ടും ചേര്‍ന്നോ ഉണ്ടാകുന്ന മാനസിക സമ്മര്‍ദ്ദങ്ങളും സംഘര്‍ഷങ്ങളും മനസിലാക്കി പ്രതികരിക്കാനും റിപ്പോര്‍ട്ട് നല്‍കാനും യൂണിറ്റ് ചീഫുമാരോട് ഡിജിപി ആവശ്യപ്പെട്ടതായി ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്യുന്നു.

പെരുമാറ്റ പ്രശ്‌നങ്ങളുടെ പേരില്‍ താക്കീത് ചെയ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക കൈമാറാനും ഡിജിപി ആവശ്യപ്പെട്ടിട്ടുണ്ട്. പൊലീസ് സേനയുടെ ഏറ്റവും താഴേതട്ടിലാണ് ഈ പ്രശ്‌നം രൂക്ഷമായിരിക്കുന്നതെന്നും വളരെ ഗൗരവമായാണ് ഇതിനെ കാണുന്നതെന്നും ബെഹ്ര, ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. പൊലീസ് സ്റ്റേഷന്‍ തലവന്മാരായ എസ് എച്ച് ഒമാര്‍ക്ക് (സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍) സഹപ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് അടുത്തറിയാമായിരിക്കും എന്നതിനാല്‍ ഇവരോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത് - ബെഹ്ര പറയുന്നു. പൊലീസില്‍ മാര്‍ഗനിര്‍ദ്ദേശക സംവിധാനം ഉണ്ടാക്കണം. ഇതിനായി പരിചയസമ്പന്നരായ ഉദ്യോഗസ്ഥരുടെ സഹായം തേടണം. ഇത്തരത്തില്‍ ക്ലാസുകള്‍ എടുക്കുന്നവര്‍ക്ക് കീഴില്‍ അഞ്ച് മുതല്‍ 10 വരെ ഉദ്യോഗസ്ഥര്‍ വരണം. ആഴ്ചയില്‍ ഒരു തവണ ഓരോ ടീമിനും ക്ലാസെടുക്കുന്നവര്‍ അംഗങ്ങളുമായി അവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്ത് ആവശ്യമായ ഉപദേശങ്ങള്‍ നല്‍കണമെന്നും ഡിജിപി ആവശ്യപ്പെടുന്നു.

ഡിജിപിയുടെ ഇടപെടല്‍ വളരെ പോസിറ്റീവാണെന്ന് മാനസികാരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇത്തരത്തില്‍ നിരവധി കേസുകള്‍ വരുന്നുണ്ടെന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ അസിസ്റ്റന്റ് പ്രൊഫസര്‍ അരുണ്‍ ബി നായര്‍ പറയുന്നു. കടുത്ത മാനസികസമ്മര്‍ദ്ദം അനുഭവിക്കുന്നവരും ഉറക്കം നഷ്ടപ്പെടുന്നവരും എത്തുന്നുണ്ട്. ഏത് സമയത്തും ഡ്യൂട്ടിക്ക് സന്നദ്ധനായിരിക്കണമെന്നത് അടക്കമുള്ള കാര്യങ്ങള്‍ കുടുംബത്തിലുണ്ടാക്കുന്ന പ്രശ്‌നങ്ങളുണ്ട്. പലരും ഇത്തരം പ്രശ്‌നങ്ങളില്‍ നിന്ന് രക്ഷപ്പെടാന്‍ കടുത്ത മദ്യപാനത്തിലേയ്ക്ക് നീങ്ങുന്നു. ഇത് പ്രശ്‌നങ്ങളെ കൂടുതല്‍ സങ്കീര്‍ണമാക്കുകയാണ്. ഈ സാഹചര്യത്തില്‍ സഹപ്രവര്‍ത്തകരുമായി പ്രശ്‌നങ്ങള്‍ പങ്കുവയ്ക്കാന്‍ കഴിയുന്നൊരു സംവിധാനം നല്ലതാണ് - ഡോ.അരുണ്‍ പറഞ്ഞു. 2008ല്‍ പ്രമേഹ രോഗ വിദഗ്ന്‍ (ഡയബറ്റോളജിസ്റ്റ്) ഡോ.റഷീദ് ഷബീര്‍ തിരുവനന്തപുരം ജില്ലയിലെ പൊലീസുകാര്‍ക്കിടയില്‍ ഒരു ആരോഗ്യ സര്‍വേ നടത്തിയിരുന്നു. ജില്ലയിലെ 35 പൊലീസ് സ്റ്റേഷനുകളിലാണ് സര്‍വേ സംഘടിപ്പിച്ചത്. അമിത സമ്മര്‍ദ്ദം, പൊണ്ണത്തടി, അമിത മദ്യപാനം, തുടങ്ങിയവയെല്ലാം പൊലീസുകാര്‍ക്കിടയില്‍ കൂടുതലാണെന്ന് സര്‍വേ വ്യക്തമാക്കി. ജോലിയുമായി ബന്ധപ്പെട്ട മാനസിക സമ്മര്‍ദ്ദമാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണമാകുന്നത്.മറ്റ് തൊഴിലുകളില്‍ നിന്ന് വ്യത്യസ്തമായി വലിയ തോതില്‍ ഒറ്റപ്പെടുത്തലുകളും സമ്മര്‍ദ്ദങ്ങളും പൊലീസുകാര്‍ നേരിടുന്നുണ്ടെന്നും ഇവര്‍ക്ക് മനുഷ്യരെന്ന നിലയില്‍ മതിയായ പിന്തുണ മറ്റുള്ളവരില്‍ നിന്ന് ലഭിക്കുന്നില്ലെന്നും പൊലീസുകാരുടെ മാനസിക പ്രശ്‌നങ്ങള്‍ സംബന്ധിച്ച് നിരവധി ലേഖനങ്ങള്‍ എഴുതിയിട്ടുള്ള ക്രൈംബ്രാഞ്ച് ഡിജിപി എ ഹേമചന്ദ്രന്‍ അഭിപ്രായപ്പെട്ടു. പൊലീസ് വകുപ്പിന്റെ ആഭ്യന്തര ജേണലിലും ഹേമചന്ദ്രന്‍ ഇത് സംബന്ധിച്ച് എഴുതിയിരുന്നു. ജൂനിയര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥരാണ് കൂടുതലായും സമ്മര്‍ദ്ദങ്ങള്‍ നേരിടുന്നതെന്ന് കേരള പൊലീസ് അസോസിയേഷന്‍ പ്രസിഡന്റ് ടിഎസ് ബൈജു പറയുന്നു. എട്ട് മണിക്കൂര്‍ ഷിഫ്റ്റ് എന്നത് ഉറപ്പാക്കണമെന്ന് ഇതുകൊണ്ടാണ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടത്. കഴിയുന്നതും എല്ലാ പൊലീസ് സ്റ്റേഷനിലും എട്ട് മണിക്കൂര്‍ ഷിഫ്റ്റ് ഉറപ്പാക്കാന്‍ ശ്രമിക്കുമെന്ന് ആഭ്യന്തര വകുപ്പിന്റെ ചുമതല വഹിക്കുന്ന മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും ടിഎസ് ബൈജു പറയുന്നു.

മറ്റ് പ്രശ്‌നങ്ങള്‍ക്ക് പുറമെ സേനക്കകത്തെ വിഭാഗീയതയും സീനിയര്‍ ഉദ്യോഗസ്ഥരില്‍ നിന്ന് മതിയായ പിന്തുണ ലഭിക്കാത്തതുമെല്ലാം പൊലീസുകാരെ സമ്മര്‍ദ്ദത്തിലാക്കുന്നുണ്ടെന്ന് സര്‍വീസില്‍ നിന്ന് വിരമിച്ച മുന്‍ എസ് പി സുഭാഷ് ബാബു അഴിമുഖത്തോട് പറഞ്ഞു. ഇതിയൊന്നും അഡ്രസ് ചെയ്യാന്‍ ശക്തമായൊരു സംവിധാനം പൊലീസ് ഡിപ്പാര്‍ട്ട്‌മെന്റിലില്ല. സ്‌ട്രൈസ് മാനേജ്‌മെന്റ് എന്ന് പറഞ്ഞ് എവിടെയെങ്കിലും എന്തെങ്കിലും ക്ലാസ് എടുക്കുന്നു അല്ലാതെ ഒന്നും നടക്കുന്നില്ല. ഡിജിപിയുടെ നിര്‍ദ്ദേശം എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയണമെന്നും അദ്ദേഹം പറഞ്ഞു. പൊലീസുകാരുടെ തൊഴില്‍, കുടുംബ, സാമ്പത്തിക, മാനസിക പ്രശ്നങ്ങള്‍ മനസിലാക്കി അവര്‍ക്ക് ആവശ്യമായ ഉപദേശങ്ങളും കൌണ്‍സിലിംഗുമെല്ലാം കൊടുക്കണം, അതിലൂടെ സമ്മര്‍ദ്ദം ഒഴിവാക്കണം എന്നെല്ലാമാണ് പറയുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്ന് അറിയില്ല. ഇതിന് പലരും സമ്മതിക്കില്ല എന്നൊരു പ്രശ്നമുണ്ട്. പൊലീസുകാര്‍ക്ക് മറ്റ്‌ ജോലികള്‍ ചെയ്യുന്നവരേക്കാള്‍ സമ്മര്‍ദ്ദമുണ്ടാകും. പൊലീസുകാരില്‍ 10ല്‍ മൂന്ന് പേര്‍ക്കെങ്കിലും ഈ പ്രശ്നമുണ്ടാകും. ജോലി സംബന്ധമായ പ്രശ്നങ്ങള്‍ തന്നെയാണ് കൂടുതലും. കാര്യങ്ങള്‍ ചെയ്താലും ചെയ്തില്ലെങ്കിലും സമ്മര്‍ദ്ദമുണ്ടാകും. ചെയ്യുന്നതിലും ചെയ്യാത്തതിനും കുറ്റമുണ്ടാകും. പൊലീസുകാര്‍ക്ക് ട്രെയിനിംഗ് സമയത്ത് പേരിന് കൊടുക്കുന്ന അഞ്ചോ ആറോ ക്ലാസുകളൊന്നും ഫലപ്രദമല്ല.

Next Story

Related Stories