UPDATES

കമ്പ്യൂട്ടറുണ്ട്; കറന്റില്ല; വെള്ളവും ഇല്ല, കക്കൂസും ഇല്ല; വയനാട്ടിലെ ഒരു സ്കൂളിന്റെ അവസ്ഥയാണ്

തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്കൂളാണിത്.

“സ്കുളിൽ ബാത്ത് റൂം പോലും ഇല്ല. മൂത്രമൊഴിക്കാൻ ഞങ്ങൾ ഹൈസ്കൂളിലാണ് പോകുന്നത്. അവിടെ വലിയ തിരക്കായിരിക്കും. ഉച്ചയ്ക്ക് ക്ലാസ്സിലിരുന്ന് ഭക്ഷണം കഴിച്ചിട്ട് പാത്രം കഴുകാനും ഹൈസ്കൂളിലാണ് പോകുന്നത്. ഹയർ സെക്കന്‍ഡറി കെട്ടിടത്തിൽ വെള്ളമില്ല. കറണ്ടും ഇല്ല. കറണ്ട് ഇല്ലാത്തതിനാൽ കമ്പ്യൂട്ടർ ഒന്നും ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്നില്ല. 15 ലധികം കമ്പ്യൂട്ടറുകൾ സ്കൂളിലുണ്ട്. ഒന്നു പോലും ഞങ്ങൾക്ക് ഉപയോഗിക്കാൻ പറ്റുന്നില്ല. വളരെ ബുദ്ധിമുട്ടിയാണ് ഞങ്ങൾ പഠിക്കുന്നത്. സർക്കാർ അടിയന്തിരമായി ഞങ്ങൾക്ക് വൈദ്യുതിയും കക്കൂസും വെള്ളവും അനുവദിച്ച് തരണം”. പൊതുവിദ്യാഭ്യാസ യജ്ഞവും സമ്പൂർണ്ണ വൈദ്യുതീകരണവും ആഘോഷിക്കുന്ന കേരളത്തിലെ വയനാട് ജില്ലയിലെ പൊഴുതന പഞ്ചായത്തിലെ അച്ചൂർ സർക്കാർ ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാർത്ഥി സുഹൈലിന്റെ വാക്കുകളാണിത്.

തോട്ടം മേഖലയായ പൊഴുതന പഞ്ചായത്തിലെ ഏക സർക്കാർ ഹയർ സെക്കണ്ടറി സ്കൂളാണിത്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന പട്ടികജാതി, പട്ടികവർഗ്ഗ വിദ്യാർത്ഥികളുടെ ഏക ആശ്രയമായ സ്കൂളാണ് കക്കൂസ്, കുടിവെളളം, വൈദ്യുതി തുടങ്ങിയ പ്രാഥമിക സൗകര്യങ്ങളുടെ അഭാവത്തിൽ കഷ്ടതയനുഭവിക്കുന്നത്. കോമേഴ്‌സ്, ഹ്യുമാനിറ്റിസ് എന്നീ വിഭാഗങ്ങളിലായി 250-ലധികം വിദ്യാർത്ഥികൾ പഠിക്കുന്ന ഹയർ സെക്കണ്ടറി കെട്ടിടത്തിൽ വൈദ്യുതിയും വെള്ളവും അനുവദിക്കുന്നതിൽ ജില്ലാ പഞ്ചായത്ത് അടക്കമുള്ള സർക്കാർ സ്ഥാപനങ്ങൾ നടപടി എടുക്കുന്നില്ലെന്നാണ് ആക്ഷേപം.

നാട്ടുകാരുടെയും അധ്യാപകരുടെയും നിരന്തര ആവശ്യത്തിന്റെ ഫലമായി 2015-ൽ എം.എസ്.ഡി.പി പദ്ധതി പ്രകാരം നിർമ്മിച്ച ഹയർ സെക്കണ്ടറി കെട്ടിടത്തിൽ വൈദ്യുതിയും ജല വിതരണ സംവിധാനവും സ്ഥാപിക്കേണ്ടത് ജില്ലാ പഞ്ചായത്തിന്റെ ചുമതലയാണെന്നും അവർ ഇതിനായി നടപടിയെടുക്കുന്നില്ലെന്നും പ്രധാനാധ്യാപകൻ അടക്കമുള്ളവർ പറയുന്നു.

“അടിസ്ഥാന സൗകര്യങ്ങളുടെ അഭാവമാണ് സ്കൂൾ നേരിടുന്ന പ്രധാന പ്രശ്നം. വൈദ്യൂതി, ടോയിലറ്റ്, ജലം എന്നിവയ്ക്ക് വേണ്ടി നിരന്തരം അധികൃതരെ സമീപിക്കുന്നുണ്ട്. സ്കുളിൽ വൈദ്യുതീകരണം നടപ്പാക്കേണ്ടത് ജില്ലാ പഞ്ചായത്താണ്. എന്നാൽ ജില്ലാ പഞ്ചായത്ത് വൈദ്യുതീകരണത്തിനായി കൃത്യമായ ഇടപെടൽ നടത്തുന്നില്ല. വൈദ്യുതി ഇല്ലാത്തതിനാൽ  ഐടി@സ്കൂളിൽ നിന്നനുവദിച്ച കംമ്പ്യൂട്ടറുകൾ ഉപയോഗിക്കാൻ കഴിയുന്നില്ല. സ്മാർട്ട് ക്ലാസ് റൂമിനായി കെ.കെ രാഗേഷ് എം.പിയുടെ ഫണ്ടിൽ നിന്നും 10 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. എന്നാൽ വൈദ്യുതി ഇല്ലാത്തതിനാൽ അത് പാഴായിപ്പോകാൻ സാധ്യതയുണ്ട്.” പ്രധാനധ്യാപകൻ ഫൈസൽ കെ. പറയുന്നു.

2016 ഫെബ്രുവരിയിൽ കോഴിക്കോട് പി.ഡബ്ല്യു.ഡി ഇലക്ട്രിക്കൽ സെക്ഷൻ എക്സ്ക്യൂട്ടിവ് എഞ്ചിനീയർ വൈദ്യുതികരണത്തിനുള്ള എസ്റ്റിമേറ്റ് തയ്യാറാക്കി ജില്ലാ പഞ്ചായത്തിന് സമർപ്പിച്ചെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. “പട്ടികജാതി, പട്ടികവർഗ്ഗ, തോട്ടം മേഖലയിലെ കുട്ടികളാണ് ഭൂരിഭാഗവും. അവരോടുള്ള സർക്കാർ അവഗണന പൊറുക്കാനാകാത്തതാണ്. ബ്ലോക്ക് പഞ്ചായത്ത് കെട്ടിടം നിർമ്മിച്ച് ജില്ലാ പഞ്ചായത്തിന് കൈമാറിയതാണ്. ഇനി മറ്റു സൗകര്യങ്ങൾ ഉണ്ടാക്കേണ്ടത് ജില്ലാ പഞ്ചായത്തിന്റെ ചുമതലായാണ്. എന്നാൽ അവർ അതിൽ തികഞ്ഞ വീഴ്ചയാണ് കാണിക്കുന്നത്. ഇതിനെതിരെ മുഖ്യമന്ത്രിയും വിദ്യാഭ്യാസ മന്ത്രി അടക്കമുള്ളവർക്ക് പി.ടി.എ പരാതി നൽകി കഴിഞ്ഞു.”

കഴിഞ്ഞ വർഷങ്ങളിൽ 30 ശതമാനത്തിൽ താഴെ മാത്രം വിജയശതമാനമുണ്ടായിരുന്ന സ്കൂളിന് അധ്യാപകരുടെയും പി.ടി.എയുടെയും  ശ്രമഫലമായി ഇത്തവണ വിജയശതമാനം 70-ലേക്ക് ഉയർത്താൻ കഴിഞ്ഞു. എന്നാൽ ഇത്തരത്തിലുള്ള നേട്ടങ്ങളെ പിന്നോട്ടടിക്കുന്ന നടപടിയാണ് അധികൃതരിൽ നിന്നും ഉണ്ടാകുന്നത് എന്നതാണ് ഇവിടെ സംഭവിക്കുന്നത്. സാമൂഹികമായും സാമ്പത്തികമായും പിന്നോക്കം നിൽക്കുന്ന ഈ പ്രദേശത്തെ വിദ്യാർത്ഥികളോടുള്ള സർക്കാരിന്റെ അവഗണനയിൽ പ്രതിഷേധിച്ച് സ്റ്റുഡന്റ് ആക്ഷൻ കൗൺസിൽ രൂപികരിച്ച് സമരത്തിനൊരുങ്ങുകയാണ് വിദ്യാർത്ഥികൾ.

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

ആദര്‍ശ് ജോസഫ്

ആദര്‍ശ് ജോസഫ്

കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ ജേര്‍ണലിസം വിദ്യാര്‍ഥി

More Posts

Follow Author:
Facebook

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Share on

മറ്റുവാര്‍ത്തകള്‍