TopTop
Begin typing your search above and press return to search.

ഓഖി: കരള്‍ പിളര്‍ത്തും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിലെ ഈ ഉദ്യോഗസ്ഥന്റെ അനുഭവങ്ങള്‍

ഓഖി: കരള്‍ പിളര്‍ത്തും മറൈന്‍ എന്‍ഫോഴ്‌സ്മെന്റിലെ ഈ ഉദ്യോഗസ്ഥന്റെ അനുഭവങ്ങള്‍

ഓഖി ചുഴലിക്കാറ്റ് വിതച്ചിട്ടുപോയ നാശനഷ്ടങ്ങള്‍ ഇനിയും എണ്ണി തിട്ടപ്പെടുത്തി കഴിഞ്ഞിട്ടില്ല. ജീവന്റെയും ജീവിതത്തിന്റെയും തുടിപ്പുകള്‍ എവിടെയൊക്കെയോ സഹായഹസ്തങ്ങളെക്കാത്തുണ്ടെന്ന് പതിനാല് ദിവസങ്ങള്‍ പിന്നിട്ടിട്ടും നമ്മള്‍ വിശ്വസിക്കുന്നു. സര്‍ക്കാരും സുരക്ഷാ ഉദ്യോഗസ്ഥരും കഴിവിന്റെ പരമാവധി ശ്രമിക്കുന്നുണ്ടെങ്കിലും ഓഖി ദുരന്തം തീര്‍ത്തിട്ടുപോയ നാശനഷ്ടങ്ങള്‍ക്ക് ഒരു വിരാമമിടാന്‍ ദിവസമിത്ര പിന്നിട്ടിട്ടും കഴിഞ്ഞിട്ടില്ല. ദിവസങ്ങള്‍ നീണ്ട രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേവല്‍ ഡിപ്പാര്‍ട്ട്‌മെന്റിനൊപ്പം കോസ്റ്റല്‍ ഗാര്‍ഡും കേരളാ പോലീസും മത്സ്യ തൊഴിലാളികളും ഒരേ പോലെ പങ്കാളിത്തം വഹിച്ചുവരുന്നു. ദുരന്ത വ്യാപ്തി താരതമ്യേന കുറവുള്ള കോഴിക്കോട് ജില്ലയിലെ തീരദേശങ്ങളില്‍ മൃതദേഹങ്ങള്‍ക്കുള്ള തിരച്ചിലില്‍ പങ്കാളിയായ ബേപ്പൂര്‍ മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ വിചിത്രന്‍, രക്ഷാപ്രവര്‍ത്തനങ്ങളെ തന്റെ അനുഭവത്തില്‍ വിവരിക്കുന്നതിങ്ങനെ;

"തിരുവനന്തപുരം, കന്യാകുമാരി ഭാഗങ്ങളെ അപേക്ഷിച്ച് കോഴിക്കോട് പൊതുവെ ഭീമന്‍ തിരകളും നാശനഷ്ടങ്ങളും കുറവായിരുന്നു. കൃത്യമായ മുന്നറിയിപ്പുകളും സൂചനകളും സര്‍ക്കാര്‍ നല്‍കിയിട്ടില്ലെന്നാണ് ഇവിടുത്തെ മത്സ്യ തൊഴിലാളികള്‍ പറയുന്നത്. അറിയിപ്പ് ലഭിക്കുമ്പോഴേക്കും മറ്റെല്ലാ ദിവസങ്ങളെയും പോലെ വഞ്ചികളിലും ബോട്ടിലുമായി പുറംകടലിലേക്ക് നൂറുകണക്കിന് ആളുകള്‍ മത്സ്യബന്ധനത്തിന് പോയിക്കഴിഞ്ഞിരുന്നു. അറിയിപ്പുകള്‍ ലഭിച്ചതിനെത്തുടര്‍ന്ന്, കടലിലേക്ക് തിരിച്ച പലരെയും ബന്ധുക്കളും ബോട്ടുടമകളും ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും മിക്കതും പറ്റിയിരുന്നില്ല. ബന്ധപ്പെടാന്‍ കഴിഞ്ഞവരോടെല്ലാം ദ്വീപുകളില്‍ കയറി രക്ഷപ്പെടാന്‍ പറയുകയും, അങ്ങനെ ചെയ്തവരെല്ലാം സുരക്ഷിതരാവുകയും ചെയ്തു. ഓഖി സംഭവിച്ച ആദ്യ മൂന്ന് ദിവസങ്ങളില്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി ആര്‍ക്കും തന്നെ കടലിലേക്കിറങ്ങാന്‍ പോലും പറ്റിയിരുന്നില്ല. കടല്‍ അത്രയ്ക്ക് ക്ഷുഭിതമായിരുന്നു. രണ്ടാം ദിവസം രാത്രി കോഴിക്കോട് തീരത്തെ വീടുകളും കെട്ടിടങ്ങളും കടല്‍ വിഴുങ്ങി. അപ്പോഴും ആളപായമുണ്ടായിരുന്നില്ല. വിവിധ സ്റ്റേഷനുകളില്‍ നിന്നുള്ള പോലീസ് ഉദ്യോഗസ്ഥരുടെ നല്ല രീതിയിലുള്ള സേവനവും സുരക്ഷാ പ്രവര്‍ത്തനങ്ങളും ആ ദിവസങ്ങളിലെല്ലാം തീരദേശവാസികള്‍ക്ക് ലഭിച്ചിട്ടുണ്ട്.

സുനാമി മുന്നറിയിപ്പ് ലഭിച്ച മൂന്നാം ദിവസം നിയന്ത്രിക്കാനാകാത്ത രീതിയിലാണ് ആളുകള്‍ കടല്‍ കാണാനെത്തിയത്. ചെറുപ്പക്കാരായിരുന്നു കൂടുതല്‍. ഉച്ചയ്ക്ക് രണ്ടരയോടെ സുനാമി ഭീഷണിയുണ്ടെന്നറിഞ്ഞിട്ടും അത് പകര്‍ത്താന്‍ മൊബൈല്‍ ക്യാമറകളും മറ്റു റെക്കോര്‍ഡറുകളും ഓണ്‍ ചെയ്ത് കാത്തിരിക്കുകയായിരുന്നു ഇവര്‍. അത്രയുമധികം പേരെ ബീച്ചില്‍ നിന്നും തീരങ്ങളില്‍ നിന്നും കുറച്ചു മണിക്കൂര്‍ നേരത്തേക്കാണെങ്കില്‍ കൂടി മാറ്റിനിര്‍ത്താന്‍ പൊലീസുകാര്‍ വളരെയധികം ബുദ്ധിമുട്ടി. ഓരോ സ്റ്റേഷനിലുമുള്ള പോലീസുകാര്‍ക്കും വ്യത്യസ്ത സ്ഥലങ്ങളില്‍ ഡ്യൂട്ടി നല്‍കിക്കൊണ്ട് കടല്‍ത്തീരങ്ങളിലെല്ലാം തന്നെ പരമാവധി പോലീസ് സുരക്ഷ ഉറപ്പുവരുത്താന്‍ അധികാരികള്‍ നല്ല രീതിയില്‍ ശ്രമിച്ചിട്ടുമുണ്ട്. ബീച്ചുകളിലെ ചെറുകിട കച്ചവടക്കാരെയെല്ലാം ഒഴിപ്പിക്കാന്‍ ശ്രമിച്ചിരുന്നെങ്കില്‍ കൂടി പകുതിയിലധികം പേരും അതിന് വഴങ്ങിയിരുന്നില്ല. ആളുകളില്‍ നിന്നുള്ള ഇത്തരം നിസ്സഹകരണം ഓഖിയുടെ ആദ്യ ദിവസങ്ങളില്‍ പോലീസിനും ഭീഷണിയായിരുന്നു.

https://www.azhimukham.com/newswrap-ockhi-tamil-fisermen-demands-replicate-kerala-compensation-package-in-tamilnadu/

ഞങ്ങളും ജീവന്‍ പണയം വെച്ചുകൊണ്ടുതന്നെയാണ് ഡ്യൂട്ടി ചെയ്തത്. ഓരോ ആളുകളുടെയും ജീവന്‍ സുരക്ഷിതമാക്കാന്‍ ശ്രമിക്കുമ്പോഴും, പോലീസുകാര്‍ക്ക് സ്വന്തം ജീവന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ മാര്‍ഗങ്ങളൊന്നും തന്നെ ഉണ്ടായിരുന്നില്ല. എല്ലാ പൊലീസുകാരുടെയും വീട്ടുകാര്‍ തുടര്‍ച്ചയായി ഫോണില്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയായിരുന്നു. സുനാമി മുന്നറിയിപ്പ് കിട്ടിയ ദിവസങ്ങളില്‍ പോലും കടല്‍ തീരത്ത് തന്നെ ഞങ്ങള്‍ ഡ്യൂട്ടി ചെയ്തുകൊണ്ടിരുന്നത് ഞങ്ങളുടെയെല്ലാം വീട്ടുകാര്‍ക്ക് ഭയമുണ്ടാക്കി. പക്ഷെ ജനങ്ങളുടെ ജീവന് കാവല്‍ നില്‍ക്കുക എന്നത് പോലീസുകാരുടെ ജോലിയുടെ ഭാഗമാണ്. സ്വന്തം ജീവന്‍ സുരക്ഷിതമാണെന്ന് ഉറപ്പുവരുത്തി രക്ഷാപ്രവര്‍ത്തനം നടത്താന്‍ ഞങ്ങള്‍ക്ക് സാധിക്കാറില്ല. ജോലിയുടെ ഈ സ്വഭാവം ഞങ്ങളെപ്പോലെ തന്നെ ഞങ്ങളുടെ കുടുംബത്തിലുള്ളവരും ഉള്‍ക്കൊള്ളേണ്ടതുണ്ട്.

കടലിലിറങ്ങി നല്ല രീതിയില്‍ തെരച്ചിലും രക്ഷാപ്രവര്‍ത്തനങ്ങളും നടത്തിയത് ഓഖിയുടെ നാലാമത്തെ ദിവസം മുതലാണ്‌. വളരെ കാര്യക്ഷമതയോടുകൂടി പ്രവര്‍ത്തിക്കുന്ന കോസ്റ്റല്‍ പൊലീസിന്റെയും കോസ്റ്റ് ഗാര്‍ഡ് ഉദ്യോഗസ്ഥരുടെയും സഹായം മറൈന്‍ എന്‍ഫോഴ്സ്മെന്റ് പൊലീസിന് ലഭിച്ചിട്ടുണ്ട്. എല്ലാവരും കൈകോര്‍ത്ത് സമഗ്രമായ പ്രവര്‍ത്തനങ്ങളാണ് ജനങ്ങള്‍ക്ക് വേണ്ടി നടത്തിയത്. കോഴിക്കോട്ടെ വിവിധ സ്ഥലങ്ങളില്‍ നിന്നും പുറപ്പെട്ട മത്സ്യ തൊഴിലാളികള്‍ എല്ലാവരും തന്നെ ഓരോ ദ്വീപുകളിലും മറ്റു സംസ്ഥാനങ്ങളിലും സുരക്ഷിതരായി എത്തിച്ചേര്‍ന്നിട്ടുണ്ടെന്ന് അപ്പോഴേക്കും അറിയാന്‍ കഴിഞ്ഞിരുന്നു. തങ്ങള്‍ സുരക്ഷിതരാണെന്ന ഉറ്റവരുടെ വാക്കുകള്‍ നേരിട്ട് കേട്ട ശേഷമാണ് ഓരോ മത്സ്യ തൊഴിലാളികളുടെയും കുടുംബങ്ങളില്‍ പ്രാര്‍ത്ഥനകള്‍ അവസാനിച്ചത്. അച്ഛന്‍/ഭര്‍ത്താവ്/മകന്‍ ജീവനോടെയുണ്ടെന്നറിഞ്ഞ ശേഷമാണ് ഓരോ വീടുകളിലും ഭക്ഷണം പോലും വീണ്ടും വെച്ചുതുടങ്ങിയത്. എല്ലാവരും ഊണും ഉറക്കവുമില്ലാതെ പ്രാര്‍ത്ഥനയിലായിരുന്നു. കോഴിക്കോട് നിന്നും പുറപ്പെട്ട മത്സ്യ തൊഴിലാളികളിലാര്‍ക്കും തന്നെ ജീവന് അപായം സംഭവിച്ചിട്ടില്ല. മഹാരാഷ്ട്രയിലെ ദേവഗഢില്‍ എത്തിപ്പെട്ടവര്‍ക്കെല്ലാം അവിടുത്തെ സര്‍ക്കാരിന്റെ വലിയ സഹായങ്ങള്‍ ലഭിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുള്ളില്‍ അവരെല്ലാം സ്വന്തം നാട്ടില്‍ തിരിച്ചെത്തി. ദ്വീപുകളിലും മറ്റും അകപ്പെട്ടുപോയവരാണ് ഇനി തിരിച്ചെത്താന്‍ ശേഷിക്കുന്നത്. കടല്‍ പൂര്‍ണ്ണമായും ശാന്തമാകുന്ന പക്ഷം രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുള്ളില്‍ അവരും തിരിച്ചുവരുമെന്നാണ് അറിയാന്‍ കഴിഞ്ഞത്.

മനസ്സ് മരവിച്ച കാഴ്ച്ചകള്‍ ഈ കഴിഞ്ഞ മൂന്ന് ദിവസങ്ങളിലാണ് കാണാന്‍ കഴിഞ്ഞത്. തീരത്തുനിന്നും ഇരുപതും മുപ്പതും നോട്ടിക്കല്‍ മൈല്‍ അകലെ മൃതശരീരങ്ങള്‍ ഒഴുകി നടക്കുന്നുണ്ടെന്ന് മത്സ്യ തൊഴിലാളികള്‍ പറഞ്ഞതിനെത്തുടര്‍ന്ന് ചൊവ്വാഴ്ച്ച ഞങ്ങള്‍ മറൈന്‍ എന്‍ഫോഴ്സ്മെന്റ് ഉദ്യോഗസ്ഥരും കോസ്റ്റല്‍ പോലീസും കോസ്റ്റ് ഗാര്‍ഡും തിരച്ചിലിനിറങ്ങി. രാവിലെ തുടങ്ങിയ തിരച്ചില്‍ സന്ധ്യയ്ക്ക് ഏറെ വൈകിയാണ് അവസാനിപ്പിച്ചത്. ഓരോ തവണ തിരച്ചില്‍ അവസാനിപ്പിച്ച് തീരങ്ങളിലേക്ക് വന്നപ്പോഴും പത്തു മിനിറ്റിനകം തന്നെ വീണ്ടും മൃതദേഹങ്ങള്‍ക്കായി കടലിലേക്ക് പോകേണ്ടി വന്നു. അഴുകി, ഏറ്റവും വികൃതമായ, തിരിച്ചറിയാന്‍ സാധിക്കാത്ത ശരീരങ്ങളാണ് ഞങ്ങള്‍ക്ക് കടലില്‍ നിന്നും കണ്ടെടുക്കാനായത്. കൈവിരലുകളും തലച്ചോറും തുടങ്ങി ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ നഷ്ടപ്പെട്ട നിലയില്‍ ദ്രവിച്ച രൂപങ്ങളായിരുന്നു എല്ലാം. ആദ്യ കാഴ്ച്ച ഞങ്ങളില്‍ പലര്‍ക്കും അസ്വസ്ഥതയുണ്ടാക്കിയെങ്കിലും ഡ്യൂട്ടിയുടെ ഭാഗമായി അതെല്ലാം കടലില്‍ നിന്നും കരയിലെത്തിച്ചു. പന്ത്രണ്ടും പതിമൂന്നും ദിവസം പഴക്കമുള്ള, ഉപ്പുവെള്ളത്തില്‍ കിടന്ന മൃതദേഹങ്ങളെല്ലാം കാഴ്ച്ചയില്‍ ഒരേപോലെയായിരുന്നു എന്നതാണ് ഒരു സവിശേഷത. അഴുകി, ജീര്‍ണിച്ച് എല്ലാം ഒരേപോലെയായി മാറിയിരുന്നു.

http://www.azhimukham.com/ockhi-women-from-poonthura-have-something-to-say/

ഏറ്റവും കൗതുകകരമായ കണ്ട കാര്യം, ചൊവ്വാഴ്ച ലഭിച്ച മൃതദേഹങ്ങളില്‍ ഒന്നിന്റെ കയ്യില്‍ ഒരു വാച്ചുണ്ടായിരുന്നു. രണ്ടാഴ്ച്ചയോളം വെള്ളത്തില്‍ കിടക്കേണ്ടിവന്നിട്ടും ആ വാച്ച് ഇപ്പോഴും പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് ഞങ്ങളെയെല്ലാം അത്ഭുതപ്പെടുത്തി. അതൊരു തെളിവായി, മൃതദേഹം തിരിച്ചറിയാന്‍ ബന്ധുക്കളെ സഹായിക്കുമെന്നാണ് മനസ്സിലാക്കുന്നത്. എല്ലാ മൃതദേഹങ്ങളും മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ചൊവ്വാഴ്ച്ച മാത്രം എട്ട് മൃതദേഹങ്ങളാണ് കണ്ടെടുക്കാന്‍ സാധിച്ചത്. ഒരു ബോഡി, കോസ്റ്റ് ഗാര്‍ഡും രണ്ടെണ്ണം കോസ്റ്റല്‍ പോലീസും അഞ്ചെണ്ണം മറൈന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുമാണ് കണ്ടെത്തിയത്. തുടര്‍ന്നുള്ള ദിവസങ്ങളിലും സമാനമായി, കാര്യക്ഷമമായി തിരച്ചിലുകള്‍ നടത്തിവരുന്നു. ബുധനാഴ്ച്ച വെള്ളയില്‍ സ്റ്റേഷനില്‍ നിന്നും ഇരുപത് നോട്ടിക്കല്‍ മൈല്‍ അകലെ ഒന്‍പത് മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ സാധിച്ചു. ഒരു ദിവസം മുഴുവന്‍ നീണ്ടുനില്‍ക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്കൊടുവിലാണ് ഇത്രയും എണ്ണം മൃതദേഹം കണ്ടെത്താന്‍ കഴിയുന്നത്. മത്സ്യ തൊഴിലാളികളില്‍ നിന്നുമാണ് മൃതദേഹങ്ങള്‍ ഒഴുകി നടക്കുന്നുണ്ടെന്ന വിവരം ലഭിക്കുന്നത്. വ്യാഴാഴ്ച്ച കൊയിലാണ്ടി ഭാഗത്തുനിന്നും രണ്ടു ശരീരങ്ങള്‍ അവിടെയുള്ള മറൈന്‍ എന്‍ഫോഴ്സ്മെന്റ് വിഭാഗത്തിന് കണ്ടെടുക്കാന്‍ സാധിച്ചുവെന്ന് അറിയാന്‍ കഴിഞ്ഞു. മൊത്തത്തില്‍ മൂന്ന് ദിവസം കൊണ്ട് പത്തൊന്‍പത് മൃതദേഹങ്ങളാണ് കോഴിക്കോട് നിന്നും മാത്രം കണ്ടെടുക്കാനായത്.

എന്നാല്‍, ഇവയൊന്നും മലയാളികളുടേതല്ല എന്നാണ് പ്രാഥമിക നിഗമനം. കടലിന്റെ വടക്കോട്ടുള്ള ഗതിയനുസരിച്ച് തമിഴ്നാട് ഭാഗത്തുനിന്നുമുള്ള തൊഴിലാളികളുടെ മൃതശരീരങ്ങളാണ് ഇത്രയും ദിവസങ്ങള്‍ പിന്നിട്ട് ഇവിടെ എത്തിയിരിക്കുന്നത് എന്നുവേണം ഊഹിക്കാന്‍. മൃതദേഹങ്ങളുടെ വിശദാംശങ്ങള്‍ തിരുവനന്തപുരത്തും തമിഴ്നാട്ടിലും ബന്ധപ്പെട്ട ഉദ്യോഗസ്ഥരെ അറിയിച്ചിട്ടുണ്ട്.വിവരമറിഞ്ഞ് അവിടെനിന്നും ചിലരുടെയെല്ലാം ബന്ധുക്കള്‍ കോഴിക്കോട് എത്തിച്ചേര്‍ന്നിട്ടുണ്ട്. പക്ഷെ, ആര്‍ക്കും ആരുടെയും മൃതദേഹം തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. ഇത്ര പഴക്കം ചെന്ന, രൂപം നഷ്ട്ടപെട്ട ശരീരങ്ങള്‍ എങ്ങനെയാണ് ഒരാള്‍ക്ക് തിരിച്ചറിയാന്‍ കഴിയുക.?

ഡിഎന്‍എ ടെസ്റ്റാണ് മുന്നിലുള്ള ഒരേയൊരു ഓപ്ഷന്‍.

https://www.azhimukham.com/trending-ockhi-rubin-dcruzs-open-letter-to-general-vikar/

ഉറ്റവരുടെ മൃതദേഹം തേടി ഇവിടെയെത്തിയവരില്‍, ഒരാളെയും തിരിച്ചറിയാനാകാതെ നിരാശരായി കണ്ണുനിറഞ്ഞു നില്‍ക്കുന്നവരുടെ മുഖങ്ങള്‍ മനസ്സില്‍ നിന്നും മാഞ്ഞുപോകുന്നില്ല.

ഓഖി ദുരന്തം സംഭവിച്ചതിന്റെ ആദ്യ ദിവസം തുടങ്ങിയ ഓരോ കാഴ്ച്ചയും മനസ്സിനെ വേദനിപ്പിക്കുന്നതായിരുന്നു. കടലിലകപ്പെട്ട ഓരോ മത്സ്യ തൊഴിലാളികളുടെയും കുടുംബ ചിത്രങ്ങള്‍ എല്ലാവര്‍ക്കും വലിയ ദുഃഖമുണ്ടാക്കി.

രക്ഷാപ്രവര്‍ത്തനത്തിനും മറ്റും സര്‍ക്കാരിന്റെയും മറ്റു ബന്ധപ്പെട്ട അധികാരികളുടെയും ശക്തമായ നിര്‍ദേശങ്ങളും, നല്ല രീതിയിലുള്ള സഹകരണവും ഞങ്ങള്‍ക്കുണ്ടായിരുന്നു. ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടര്‍ മറിയം അസീന നേരിട്ടു വന്ന്, ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി പ്രവര്‍ത്തനങ്ങളിലേര്‍പ്പെട്ടു. സാങ്കേതികമായി കൂടുതല്‍ സൗകര്യപ്രദമായ പുതിയ ബോട്ടുകളാണ് സുരക്ഷാ സേനയ്ക്ക് ലഭിച്ചത്.

മൃതദേഹങ്ങള്‍ കണ്ടെടുക്കാന്‍ പോലീസ് കടലിലേക്ക് തിരിച്ചിട്ടുണ്ടെന്നറിഞ്ഞത് മുതല്‍ തീരത്ത് നാട്ടുകാര്‍ കൂടിയിരുന്നു, തിരിച്ചുകൊണ്ടുവരുന്ന ശരീരങ്ങള്‍ കാണാന്‍. അത്രയും പഴക്കം ചെന്ന, കണ്ടാല്‍ മനസ്സ് മരവിക്കും വിധം വികൃതമായ ശരീരങ്ങള്‍ ജനങ്ങള്‍ കാണാതിരിക്കാന്‍ കൃത്യമായ എണ്ണം ആംബുലന്‍സ് സര്‍വീസുകളെല്ലാം തീരത്ത് കാത്തുനില്‍പ്പുണ്ടായിരുന്നു. തീരത്തെത്തി, മിനുട്ടുകള്‍ക്കുള്ളിലാണ് എല്ലാ ദേഹങ്ങളെയും കൊണ്ട് ആംബുലന്‍സുകള്‍ മെഡിക്കല്‍ കോളേജിലേക്ക് തിരിച്ചത്. കൃത്യമായ മുന്നൊരുക്കങ്ങളോടുകൂടി തന്നെ കാര്യങ്ങള്‍ എല്ലാം നടന്നു.

ശാരീരിക ബുദ്ധിമുട്ടുകള്‍ ഒരുപാട് സാഹിച്ചാണ് മറൈന്‍ എന്‍ഫോഴ്സ്മെന്റും കോസ്റ്റല്‍ ഉദ്യോഗസ്ഥരും കോസ്റ്റ് ഗാര്‍ഡുമെല്ലാം ജോലി ചെയ്തത്. ഒരു മൃതദേഹം ലഭിക്കാന്‍ ഇരുപതും മുപ്പതും നോട്ടിക്കല്‍ മൈല്‍ അകലെ കടലില്‍ തിരച്ചില്‍ നടത്തണം. ഒന്നര-രണ്ടു മണിക്കൂറെടുക്കും അത് തീരത്തിക്കാന്‍. അടുത്ത അറിയിപ്പു കിട്ടുമ്പോള്‍ വീണ്ടും പുറപ്പെടും. അന്നത്തിനു വേണ്ടി കടലില്‍ പോയ ഒരു മത്സ്യ തൊഴിലാളിയുടെയും ബോഡി കുടുംബങ്ങള്‍ക്ക് കിട്ടാതെ പോകരുത്. ആ നിര്‍ബന്ധം ഞങ്ങള്‍ക്കുമുണ്ട്. ഈ ഓട്ടത്തിനിടയില്‍ പലരും ഭക്ഷണം പോലും കഴിച്ചെന്നു വരില്ല. പക്ഷെ, എല്ലാവരുടെയും ആത്മാര്‍ത്ഥതയും സഹകരണവും തന്നെയാണ് ഇത്തരം സാഹചര്യങ്ങളിലാവശ്യം. ഒരു പ്രകൃതി ദുരന്തം സംഭവിക്കുമ്പോള്‍ ജനങ്ങള്‍ ആദ്യം ഓടിയെത്തുന്നത് പോലീസിന്റെ സമീപമാണ്. അവര്‍ ഞങ്ങളിലര്‍പ്പിക്കുന്ന വിശ്വാസം, അത് നിലനിര്‍ത്തേണ്ടത് ഞങ്ങളുടെ ഉത്തരവാദിത്തമാണ്. സര്‍വീസിലിരിക്കുന്ന കാലം വരെ ജനങ്ങളോട് നീതിപുലര്‍ത്താന്‍ ശ്രമിക്കും", വിചിത്രന്‍ പറയുന്നു.

https://www.azhimukham.com/trending-church-stand-in-ockhi-tragedy-criticised-rajeshk/

http://www.azhimukham.com/newswrap-ockhi-reveals-failure-of-disaster-management-authority/

http://www.azhimukham.com/updates-ockhi-kerala-demand-special-package/

https://www.azhimukham.com/trending-saradakutty-making-reminding-actual-background-of-mercykutty-amma/

http://www.azhimukham.com/keralam-ajvijayan-problems-fisheries-sector/


Next Story

Related Stories