TopTop
Begin typing your search above and press return to search.

28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

28 വര്‍ഷമായി അടിമവേല; ഭക്ഷണമില്ല, ശമ്പളമില്ല, ജീവിച്ചിരിക്കുന്നതിന് തെളിവുമില്ല; കോഴിക്കോട്ടെ ഒരു വീട്ടില്‍ അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി സ്ത്രീയുടെ നരകജീവിതം

"ജോലിക്കു പോയ വീട്ടില്‍ വച്ചാണ് അവളെ കണ്ടത്. മാമ്പഴം മുറിച്ചു കഴിക്കുന്നതിനിടെ ഒരു കഷ്ണം അവള്‍ക്കു കൊടുത്തപ്പോള്‍ ആദ്യം വാങ്ങാന്‍ കൂട്ടാക്കിയില്ല. ഇത് ഇവിടെ ഇരിക്കുന്നതല്ലേ, നിനക്ക് എടുത്തു കഴിച്ചൂടേ എന്ന് ഞാന്‍ ചോദിച്ചു. സ്വയം ഒന്നും എടുത്തു കഴിക്കാറില്ലെന്നും, അങ്ങനെ ചെയ്താല്‍ വഴക്കു കേള്‍ക്കുമെന്നും അവള്‍ മറുപടി പറഞ്ഞപ്പോഴാണ് ഞാന്‍ ഞെട്ടിയത്. കൂടുതല്‍ ചോദിക്കാതെ തന്നെ അവള്‍ അത്ര നാള്‍ സഹിച്ച കഷ്ടപ്പാടിന്റെ കഥകളെല്ലാം പറഞ്ഞു. കരഞ്ഞുകൊണ്ട് അവള്‍ സംസാരിക്കുന്നത് ഇപ്പോഴും മനസ്സില്‍ നിന്നു പോയിട്ടില്ല. ഒന്നോ രണ്ടോ ദിവസത്തെ, അതും നാലഞ്ച് മണിക്കൂറുകളുടെ മാത്രം പരിചയമുള്ള എന്നോട് അവള്‍ ഇതെല്ലാം തുറന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, ഒന്നു മാറ്റി നിര്‍ത്തി ചോദിച്ചാല്‍ പോലീസുകാരോടും അവള്‍ സത്യം പറയും. എനിക്കുറപ്പാണ്", ഒറ്റ ശ്വാസത്തിലാണ് ഗീത ഇത്രയും പറഞ്ഞു തീര്‍ത്തത്. തൊഴിലിടത്തില്‍ വച്ച് ഒരിക്കൽ കണ്ടു സംസാരിച്ച ആദിവാസി യുവതിയുടെ അനുഭവങ്ങളെക്കുറിച്ചാണ് ഗീതയ്ക്കു പറയാനുള്ളത്. ഹോംനഴ്‌സായി ജോലി നോക്കുന്ന ഗീത, അടുത്തിടെ ജോലിക്കു പോയിരുന്ന വീട്ടില്‍ വച്ചാണ് അട്ടപ്പാടിയില്‍ നിന്നുള്ള ആദിവാസി യുവതിയെ പരിചയപ്പെടുന്നത്. 28 വര്‍ഷമായി കോഴിക്കോട് കല്ലായിക്കടുത്തുള്ള ഒരു വീട്ടില്‍ പുറത്തേക്കിറങ്ങാന്‍ പോലും അനുവാദമില്ലാതെ അടിമവേല ചെയ്യുകയാണ് യുവതിയെന്ന് ഗീത പറയുന്നു. അട്ടപ്പാടിയിലാണ് നാട് എന്നല്ലാതെ തന്റെ കുടുംബത്തെക്കുറിച്ച് മറ്റൊരു വിവരവും ഇവര്‍ക്കറിയില്ല. മാസശമ്പളം ഇല്ല. തിരിച്ചറിയല്‍ രേഖകള്‍ ഒന്നു പോലുമില്ല. പതിനൊന്നാം വയസ്സില്‍ കോഴിക്കോട്ടെ വീട്ടിലെത്തിയതിനു ശേഷം ഇന്നേവരെ നാട്ടില്‍ പോയിട്ടില്ല. പാലക്കാട്ടെയും വയനാട്ടിലെയും ആദിവാസി ഊരുകളില്‍ നിന്നും സമീപജില്ലകളിലെ നഗരങ്ങളിലെത്തി തുച്ഛമായ പ്രതിഫലത്തിനും പലപ്പോഴും പ്രതിഫലമില്ലാതെയും ജോലി ചെയ്യുന്ന സ്ത്രീകളുടെ ജീവിതങ്ങളിലേക്കു കൂടി വെളിച്ചം വീശുകയാണ് ഗീതയുടെ വെളിപ്പെടുത്തല്‍.

ആദിവാസി യുവതി ജോലി ചെയ്യുന്ന വീട്ടിലെ ഗൃഹനാഥന്റെ സഹോദരിയുടെ വീട്ടിലാണ് ഗീത ഹോംനഴ്‌സായി ജോലിക്കെത്തിയിരുന്നത്. യാദൃശ്ചികമായി വീട്ടില്‍ വച്ച് യുവതിയെ കാണുകയും സംസാരിക്കാനിടയാകുകയുമായിരുന്നെന്ന് ഗീത പറയുന്നു. കടുത്ത മനുഷ്യാവകാശലംഘനമാണ് യുവതിയോട് വീട്ടുകാര്‍ കാണിക്കുന്നതെന്നും, ഇക്കാര്യം പൊതുജനം അറിയാനാണ് സാമൂഹ്യപ്രവര്‍ത്തര്‍ക്ക് വിവരം കൈമാറിയതെന്നുമാണ് ഗീതയുടെ പക്ഷം. എന്നാല്‍, യുവതിയുടെ അവസ്ഥയെക്കുറിച്ച് ജില്ലാ കലക്ടറും പോലീസ് കമ്മീഷണറും എസ്.സി/എസ്.ടി കമ്മീഷനുമടക്കമുള്ളവരെ അറിയിച്ചെങ്കിലും നാളിതുവരെ നടപടികളൊന്നുമുണ്ടായിട്ടില്ലെന്നാണ് വിഷയത്തില്‍ ഇടപെട്ടിട്ടുള്ളവരുടെ പരാതി. പരാതി ലഭിച്ചതിനെത്തുടര്‍ന്ന് വിവരമന്വേഷിക്കാന്‍ യുവതി ജോലി ചെയ്യുന്ന വീട്ടില്‍ പോലീസുദ്യോഗസ്ഥര്‍ എത്തിയിരുന്നെങ്കിലും, ആരോപണങ്ങള്‍ തെറ്റാണെന്നും തനിക്ക് ആവശ്യമായ സൗകര്യങ്ങളെല്ലാം ഇവിടെയുണ്ടെന്നും യുവതി നേരിട്ടു മൊഴി നല്‍കിയതായും വിവരമുണ്ട്. എന്നാല്‍, ഭയവും സമ്മര്‍ദ്ദവും കാരണമാണ് യുവതി തെറ്റായ മൊഴി നല്‍കിയിരിക്കുന്നതെന്നും, ഇവര്‍ അനുഭവിക്കുന്ന കഷ്ടപ്പാടുകള്‍ നേരിട്ടു കണ്ടതാണെന്നും ഗീത ആവര്‍ത്തിക്കുന്നുണ്ട്.

സംഭവത്തെക്കുറിച്ച് ഗീത പറയുന്നതിങ്ങനെ: "വീട്ടുകാര്‍ ആശുപത്രിയിലോ മറ്റോ പോയപ്പോഴാണ് ഞാന്‍ ജോലിക്കു നിന്നിരുന്ന വീട്ടില്‍ അവളെ കൊണ്ടാക്കുന്നത്. ആ വീട്ടിലായാലും ഞാന്‍ നിന്നിരുന്ന വീട്ടിലായാലും എത്തിക്കഴിഞ്ഞാല്‍ പിന്നെ അവള്‍ അടുക്കളയില്‍ നിന്നു പുറത്തിറങ്ങില്ല. ഭയങ്കര വിഷമമുള്ള മുഖഭാവവും. സംസാരിച്ചു തുടങ്ങിയപ്പോഴേക്കും സങ്കടം മുഴുവന്‍ തുറന്നു പറഞ്ഞു. പതിനൊന്നാം വയസ്സില്‍ ജോലിക്ക് എത്തിയതാണ് ഇവിടെ. വീട്ടുടമയുടെ രണ്ടാമത്തെ കുട്ടിയെ നോക്കാനാണ് വന്നത്. ഇപ്പോള്‍ വന്നിട്ട് 28 കൊല്ലമായി. അച്ഛന്‍ ആദ്യമേ മരിച്ചിരുന്നു. അമ്മ പിന്നീട് കാട്ടാനയുടെ ആക്രമണത്തില്‍ മരിച്ചു. അമ്മ മരിച്ച കാര്യം പോലും ഒരാഴ്ച കഴിഞ്ഞാണ് അവളറിഞ്ഞത്. അപ്പോള്‍പ്പോലും വീട്ടിലേക്ക് വിട്ടില്ലത്രേ. അമ്മയുടെ രണ്ടാമത്തെ വിവാഹത്തില്‍ രണ്ടു സഹോദരങ്ങളുണ്ട് എന്നവള്‍ക്കറിയാം. അവരേയും പക്ഷേ ഇതുവരെ കണ്ടിട്ടില്ല. കണ്ടാല്‍പ്പോലും തിരിച്ചറിയില്ല. സഹോദരങ്ങളുടെ നമ്പര്‍ വീട്ടുടമയുടെ ഫോണിലാണുള്ളത്. ഇടയ്ക്ക് വിളിക്കുമ്പോള്‍ സംസാരിക്കാറുണ്ടെന്നു മാത്രം. ഇവിടുന്ന് എങ്ങനെയെങ്കിലും രക്ഷപ്പെടണമെന്നുണ്ട് എന്നെല്ലാമാണ് എന്നോട് പറഞ്ഞത്. വീട്ടില്‍ അവള്‍ക്ക് സ്വന്തമായി ഒരു മുറിയില്ല. സ്‌റ്റോര്‍ റൂമിലെ കാര്‍ഡ് ബോര്‍ഡ് പെട്ടിയില്‍ തുണികള്‍ അടുക്കിവച്ച് അടുക്കളയിലാണ് കിടന്നുറങ്ങുന്നത്. സ്വന്തമായി ഇന്നുവരെ ഭക്ഷണം പോലും ആവശ്യത്തിന് വിളമ്പിക്കഴിക്കാന്‍ വീട്ടുകാര്‍ അനുവദിച്ചിട്ടില്ല. തൊട്ടടുത്തുള്ള പലചരക്കു കടയിലേക്കല്ലാതെ മറ്റൊരിടത്തും വീടിനു പുറത്തേക്ക് അവള്‍ പോയിട്ടില്ല. വീട്ടുകാര്‍ പുറത്തേക്കു പോകുമ്പോള്‍ സഹോദരിയുടെ വീട്ടില്‍ ആക്കിയിട്ടു പോകും. ഫോണ്‍ കൈകാര്യം ചെയ്യാന്‍ പോലും അവള്‍ക്കറിയില്ല. രാവിലെ ആറുമണിക്ക് തുടങ്ങുന്ന ജോലി തീരാന്‍ രാത്രി പന്ത്രണ്ടുമണിയാകും. സഹിച്ചു മടുത്തു, രക്ഷപ്പെടണം എന്നാണ് എന്നോട് സംസാരിച്ച രണ്ടു ദിവസവും പറഞ്ഞത്. എന്നോടു മാത്രമല്ല, വീടിനടുത്തുള്ള പലരോടും അവള്‍ സങ്കടം പറയുകയും സഹായം ചോദിക്കുകയും ചെയ്തിട്ടുണ്ട്. ഈ പെണ്‍കുട്ടിയുടെ സങ്കടം കേട്ടിട്ടാണ് എന്റെ കൂടെ വന്നാല്‍ ഞാന്‍ ജോലി ചെയ്യുന്ന ഏജന്‍സിയില്‍ സംസാരിച്ച് ഹോംനഴ്‌സിന്റെ ജോലി വാങ്ങിത്തരാം എന്നു ഞാന്‍ പറഞ്ഞത്. ആധാര്‍ കാര്‍ഡൊന്നും ഇല്ലാത്തതുകൊണ്ട് ജോലി വാങ്ങിക്കുന്നതിനു മുന്നെ അത് ആദ്യം ശരിയാക്കണം എന്നൊക്കെ ഞാന്‍ പറഞ്ഞുകൊടുക്കുകയും ചെയ്തു. ഒന്നോ രണ്ടോ ദിവസം മാത്രം കണ്ടു പരിചയമുള്ള എന്റെ കൂടെ വരാന്‍ പോലും അവള്‍ തയ്യാറായി.

പതിനൊന്നാം വയസ്സില്‍ വന്നതല്ലേ. വീട്ടിലെ കുട്ടികള്‍ക്കൊപ്പം അവര്‍ കഴിക്കുന്ന ഭക്ഷണം എടുത്ത് അവര്‍ക്കൊപ്പം കഴിച്ചാല്‍പ്പോലും അക്കാലത്ത് ചീത്തകേള്‍ക്കുമായിരുന്നത്രേ. പിന്നെ ഒരിക്കല്‍ അലക്കി ക്ഷീണിച്ച് വിശന്നപ്പോള്‍ കുറച്ച് ചോറെടുത്ത് കഴിച്ചതിനും വഴക്കു കേട്ടു എന്നാണ് അവള്‍ പറഞ്ഞത്. അതിനു ശേഷം ഇവള്‍ കഴിക്കാതിരിക്കാന്‍ ഭക്ഷണം ഉണ്ടാക്കിക്കഴിഞ്ഞാല്‍ അടുക്കളയില്‍ നിന്നും എടുത്തു മാറ്റുമത്രേ. അത്രയും കഷ്ടപ്പാടാണ് അവള്‍ക്കവിടെ. കുറേയൊക്കെ ഞാനും നേരിട്ടു കണ്ടിട്ടുള്ളതാണ്. അടുക്കളയില്‍ നിന്നും പുറത്തിറങ്ങില്ല. അമ്മയുള്ള കാലത്ത് മാസം മുന്നൂറു രൂപ അവള്‍ക്കു ശമ്പളമുണ്ടായിരുന്നു. ഇടക്കിടെ അമ്മ വന്ന് ആ കാശും വാങ്ങിപ്പോകുമായിരുന്നു. അതിനു ശേഷം ഒറ്റപ്പൈസ പോലും ശമ്പളമായി കൊടുത്തിട്ടില്ല. ജീവിച്ചിരിക്കുന്നതായിപ്പോലും രേഖകളില്ല. സുഖമില്ലാത്തപ്പോഴെങ്കിലും ആരുടെയും വഴക്കു കേള്‍ക്കാതെ വിശ്രമിക്കാന്‍ സാധിക്കുന്ന ഒരു സ്ഥലം മാത്രം മതി എന്നാണ് അവള്‍ പറയുന്നത്. എന്റെ കൂടെ വരാന്‍ അവള്‍ സമ്മതിച്ചെങ്കിലും, എന്തെങ്കിലും പ്രശ്‌നമാകുമോ എന്ന് എനിക്കു പേടിയുണ്ടായിരുന്നു. അതുകൊണ്ടാണ് ഞാന്‍ ഇത്തരം വിഷയങ്ങളിലൊക്കെ ഇടപെടുന്ന സാമൂഹിക പ്രവര്‍ത്തകനെ വിവരമറിയിച്ചത്. എന്തു ചെയ്യണമെന്ന് കുട്ടിയോട് സംസാരിക്കാനായി അവള്‍ക്ക് ഫോണ്‍ കൊടുത്തതാണ് പ്രശ്‌നമായത്. അവള്‍ ഫോണില്‍ സംസാരിക്കുന്നത് വീട്ടുകാര്‍ കണ്ടു. എന്റെ ഫോണാണെന്ന് മനസ്സിലായതോടെ പ്രശ്‌നം വലുതായി. അന്ന് കരഞ്ഞുകൊണ്ട് പോയതാണ് അവള്‍. പിന്നെ ഞാന്‍ അവളെ കണ്ടിട്ടില്ല."

ഗീത വിവരം പുറത്തറിയിച്ചതോടെ, സാമൂഹ്യപ്രവര്‍ത്തകനായ മുജീബ് വിഷയത്തില്‍ ഇടപെട്ടിരുന്നു. ജില്ലാ കലക്ടര്‍ക്കും പോലീസ് കമ്മീഷണര്‍ക്കും പരാതി നല്‍കിയിട്ട് ദിവസങ്ങളായെങ്കിലും, തുടര്‍നടപടികളൊന്നുമുണ്ടായില്ലെന്നും മുജീബ് പറയുന്നു. നടപടികള്‍ക്ക് തടസ്സമായിരിക്കുന്നതാകട്ടെ, യുവതി പൊലീസിനു നേരിട്ടു നല്‍കിയ മൊഴിയും. പരാതിയില്‍ പറയുന്നതുപോലെ, തനിക്ക് അത്തരത്തിലുള്ള ഒരു വിവേചനവും നേരിടേണ്ടിവരുന്നില്ലെന്നും അടിമവേല ചെയ്യിക്കുന്നു എന്ന ആരോപണം അസ്ഥാനത്താണെന്നുമാണ് യുവതി പോലീസുദ്യോഗസ്ഥരോട് പ്രതികരിച്ചിരിക്കുന്നത്. "പത്രത്തില്‍ വിവരം കണ്ട് വിഷയം അന്വേഷിച്ചിരുന്നു. ഈ പറയുന്നതു പോലെയൊന്നുമില്ല. യുവതി ആ വീട്ടില്‍ വളരെ സന്തോഷമായാണ് കഴിയുന്നത്. സ്വന്തം അച്ഛനും അമ്മയും പോലെയാണ് നോക്കുന്നതെന്ന് അവര്‍ നേരിട്ടു മൊഴി തന്നിട്ടുണ്ട്. മറ്റെന്തോ കാര്യം മുന്നില്‍ക്കണ്ട് ഉണ്ടാക്കിയ പരാതിയാണത്", എന്നാണ് കോഴിക്കോട് കമ്മീഷണര്‍ എ.വി ജോര്‍ജിന്റെ പ്രതികരണം. എന്നാല്‍, യുവതി ജോലി ചെയ്യുന്ന വീട്ടില്‍, ആരോപണവിധേയനായ വീട്ടുടമയ്ക്കു മുന്നില്‍ വച്ച് ചോദ്യം ചെയ്താല്‍ ഭയം കാരണം സത്യം പറയാതിരിക്കാനേ വഴിയുള്ളൂ എന്നാണ് മുജീബ് അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നത്.

"പരിഷ്‌കൃത സമൂഹത്തിന് ചിന്തിക്കാന്‍ പോലും പറ്റാത്ത തരത്തിലുള്ള നഗ്നമായ മനുഷ്യാവകാശ ലംഘനമാണ് ഈ വിഷയത്തില്‍ സംഭവിക്കുന്നത്. ഇക്കാര്യം ശക്തമായി ഉയര്‍ത്തിക്കൊണ്ടു വന്നിട്ടും, വലിയ നിരാശയുണ്ടാക്കുന്ന രീതിയിലാണ് സംഭവങ്ങളുടെ പോക്ക്. ജില്ലാ പോലീസ് കമ്മിഷണര്‍ പോലും പറയുന്നത് ഈ സ്ത്രീക്ക് ജോലി ചെയ്യുന്ന വീട്ടില്‍ പരമസുഖമാണെന്നാണ്. മാസം ആറായിരം രൂപ ശമ്പളം, കൈയില്‍ ആവശ്യത്തിന് ആഭരണങ്ങള്‍, സ്വന്തമായി നല്ല സൗകര്യങ്ങളുള്ള മുറി എല്ലാം അവര്‍ക്കുണ്ട് എന്നാണ് പോലീസ് ഭാഷ്യം. വീട്ടുകാരുടെ സമ്മര്‍ദ്ദം നിലനില്‍ക്കുന്നതുകൊണ്ട്, വീട്ടില്‍ വച്ചു മൊഴിയെടുത്താല്‍ താനനുഭവിക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് കൃത്യമായി പറയാന്‍ അവര്‍ക്ക് സാധിക്കില്ലെന്ന് പരാതി കൊടുത്തപ്പോള്‍ അതില്‍ വ്യക്തമായി ചൂണ്ടിക്കാട്ടിയിരുന്നതാണ്. എന്തെല്ലാമോ ദുരൂഹതകള്‍ ഈ വിഷയത്തിലുണ്ട് എന്നത് സത്യമാണ്. ആദിവാസി വിഭാഗത്തില്‍ നിന്നുള്ളവര്‍ നേരിടുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് ഒരു പരാതി കിട്ടിയാല്‍, ഭരണഘടനാപരമായി പ്രത്യേക പരിഗണന അര്‍ഹിക്കുന്നവരായതിനാല്‍ ധ്രുതഗതിയിലുള്ള നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്നുമുണ്ടാകും എന്നാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ ഇക്കാര്യത്തില്‍ അങ്ങനെയല്ല ഉണ്ടായിരിക്കുന്നത്. ജില്ലാ കലക്ടറെ ആദ്യം തന്നെ വിഷയം ബോധ്യപ്പെടുത്തിയിരുന്നു. പരിശോധിച്ച് നടപടിയെടുക്കാം എന്ന് അദ്ദേഹം അറിയിക്കുകയും ചെയ്തിരുന്നു. അതിനു ശേഷം ഈ നിമിഷം വരെ കലക്ടറുമായി ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ല. സാമൂഹ്യ നീതി വകുപ്പിനെ വിവരമറിയിച്ചപ്പോഴാണെങ്കില്‍, കലക്ടര്‍ക്ക് പരാതി കൊടുത്തിട്ടുണ്ടെങ്കില്‍ തങ്ങള്‍ക്കാണ് ഫോര്‍വേഡ് ചെയ്യുക എന്ന് അവര്‍ പറയുകയും ചെയ്തു. കലക്ടര്‍ക്ക് പരാതി അയച്ചിട്ട് ദിവസങ്ങളായി, ഇതുവരെ നടപടിയെടുക്കുകയോ സാമൂഹ്യനീതിവകുപ്പിലേക്ക് അത് കൈമാറുകയോ ചെയ്തിട്ടില്ല. പരാതിയുമായി ഞങ്ങള്‍ നേരിട്ടു ബന്ധപ്പെട്ടിട്ടു പോലും അക്കാര്യം എ.ഡി.എം അന്വേഷിച്ചപ്പോള്‍ നിഷേധിക്കുകയാണ് സാമൂഹ്യനീതിവകുപ്പ് ഡയറക്ടര്‍ ചെയ്തിരിക്കുന്നത്. എല്ലാ കേന്ദ്രങ്ങളില്‍ നിന്നും അവഗണന മാത്രമാണ് ഇതുവരെ ഉണ്ടായിരിക്കുന്നത്", മുജീബ് പറയുന്നു.

ആധാര്‍ കാര്‍ഡോ തിരിച്ചറിയല്‍ കാര്‍ഡോ യുവതിയ്ക്കില്ലെന്ന് ഇവര്‍ പറയുന്നുണ്ട്. യുവതിയോട് സംസാരിക്കാനോ നേരിട്ടു കാണാനോ വീട്ടുടമസ്ഥന്‍ അനുവദിക്കുന്നില്ലെന്നും പരാതിയുണ്ട്. വീട്ടുകാര്‍ അവകാശപ്പെടുന്നതുപോലെ യുവതിക്ക് പ്രശ്‌നങ്ങളൊന്നും അനുഭവപ്പെടുന്നില്ലെങ്കില്‍, എന്തുകൊണ്ടാണ് നേരിട്ടു സംസാരിക്കാന്‍ അനുവദിക്കാത്തതെന്നും മുജീബ് ചോദിക്കുന്നു. ശകാരവും ഒറ്റപ്പെടുത്തലും സഹിക്കാനാകാതെ വന്നതോടെ, ഒരുതവണ വീട്ടിലേക്ക് തിരികെപ്പോകാന്‍ യുവതി ശ്രമിച്ചിരുന്നെങ്കിലും ഫലമുണ്ടായില്ലെന്ന് ഗീതയും പറയുന്നു. കാട്ടാനയുടെ ആക്രമണത്തില്‍ അമ്മ മരിച്ചതിന്റെ ധനസഹായം ലഭിക്കാന്‍ യുവതിയുടെ ഒപ്പ് വേണ്ടതുകൊണ്ടു മാത്രം ഒരിക്കല്‍ ബന്ധപ്പെട്ടിരുന്ന സഹോദരങ്ങള്‍ ഇക്കാര്യത്തിൽ സഹായിക്കുമെന്ന ഉറപ്പും ഇവര്‍ക്കില്ല. വിഷയം ചെറിയ തോതിലെങ്കിലും പുറത്തറിഞ്ഞതോടെ, തനിക്കെതിരെയും വീട്ടുകാര്‍ ആരോപണമുന്നയിക്കുന്നതായി ഗീത പറയുന്നുണ്ട്.

വ്യാപാരി വ്യവസായി സമിതിയുടെ സംസ്ഥാന ഭാരവാഹി കൂടെയായിരുന്ന, രാഷ്ട്രീയസ്വാധീനമുള്ളയാളാണ് യുവതി ജോലിക്കു നില്‍ക്കുന്ന വീട്ടിലെ ഗൃഹനാഥന്‍. "ഞാന്‍ പെണ്‍വാണിഭ സംഘത്തിലെ ആളാണെന്നും അവളെ വില്‍ക്കാന്‍ കൊണ്ടുപോകാന്‍ ശ്രമിച്ചതാണെന്നുമൊക്കെയാണ് ഇപ്പോള്‍ പറഞ്ഞുപരത്തുന്നത്. അവളെ ഞാന്‍ മതം മാറ്റി വിവാഹം കഴിപ്പിക്കാന്‍ ശ്രമിച്ചു എന്നെല്ലാം കേള്‍ക്കുന്നുണ്ട്. അവള്‍ക്കൊരു വിവാഹജീവിതത്തിനു താല്‍പര്യമുണ്ടെങ്കില്‍ അതിനു സഹായിക്കാം എന്നു മാത്രമാണ് ഞാന്‍ പറഞ്ഞത്. അതിനു മുന്നേ തിരിച്ചറിയല്‍ രേഖകള്‍ ശരിയാക്കി ഒരു ജോലിക്കു കയറണമെന്നും ഞാന്‍ പറഞ്ഞിരുന്നു. അതല്ലാതെ പത്തു നാല്‍പ്പതു വയസ്സുള്ള ഒരു സ്ത്രീയെ ഞാന്‍ എങ്ങനെ തട്ടിക്കൊണ്ടുപോകാനാണ്. ഒന്നോ രണ്ടോ ദിവസം, അതും രണ്ടോ മൂന്നോ മണിക്കൂറുകള്‍ മാത്രം കണ്ടു പരിചയമുള്ള എന്നോട് അവള്‍ ഇത്രയും പ്രശ്‌നങ്ങള്‍ തുറന്നു പറഞ്ഞിട്ടുണ്ടെങ്കില്‍, ആ വീട്ടുകാരുടെ അടുത്തു നിന്നും ഒന്നു മാറ്റിനിര്‍ത്തി ചോദിച്ചാല്‍ പോലീസുകാരോടും അവള്‍ സത്യം പറയും. അല്ലാതെ വീട്ടുടമസ്ഥന്റെ സാന്നിധ്യത്തില്‍ ചോദ്യം ചെയ്താല്‍ അവള്‍ എങ്ങനെ കാര്യങ്ങള്‍ തുറന്നു പറയാനാണ്. അവളുടെ പിന്നില്‍ നമ്മളുണ്ട് എന്ന് അവള്‍ അറിയുന്നില്ലല്ലോ. സത്യം പറഞ്ഞാലും അവളെ പിന്തുണയ്ക്കാന്‍ പുറത്ത് ആളുണ്ട് എന്നറിഞ്ഞാലല്ലേ അവര്‍ക്ക് ധൈര്യമുണ്ടാകൂ."

വിവരം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും, ഇക്കാര്യത്തില്‍ ശക്തമായി ഇടപെടുക തന്നെ ചെയ്യുമെന്നും ആദിവാസി ഗോത്രമഹാസഭ കോ-ഓര്‍ഡിനേറ്റര്‍ എം. ഗീതാനന്ദനും പറയുന്നു. ആദിവാസി ഊരുകളില്‍ നിന്നും ജോലിക്കെത്തുന്നവരെ തൊഴില്‍ചൂഷണത്തിനിരയാക്കുന്നത് ഒറ്റപ്പെട്ട സംഭവമല്ലെന്നും, ഈ പ്രവണത പാടേ ഇല്ലാതെയാക്കുന്ന തരത്തിലുള്ള സമഗ്രമായ നടപടികളാണ് ഈ വിഷയത്തില്‍ ആവശ്യമെന്നും ഗീതാനന്ദന്‍ വിശദീകരിക്കുന്നുണ്ട്. "ജില്ലാ കലക്ടറും ഐ.ടി.ഡി.പിയും അടിയന്തരമായി ഇടപെടേണ്ട വിഷയമാണിത്. ഇവര്‍ക്ക് ചോദിക്കാനും പറയാനും ആരുമില്ല എന്ന അവസ്ഥ കാരണമാണ് ഇത്തരം ചൂഷണങ്ങളുണ്ടാകുന്നത്. സാക്ഷിമൊഴിയില്ല എന്ന കാരണം പറഞ്ഞൊന്നും പോലീസ് ഇതില്‍ നിന്നും ഒഴിഞ്ഞുകൂടാ. തീര്‍ത്തും അരക്ഷിതാവസ്ഥയിലുള്ള ഒരു സ്ത്രീ ചിലപ്പോള്‍ ഭയം കാരണം മൊഴി മാറ്റിയെന്നു വരാം. അതിനെ മറ്റൊരു തരത്തിലാണ് കാണേണ്ടത്. രഹസ്യമായിട്ടോ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കിയോ മൊഴി റെക്കോര്‍ഡു ചെയ്താല്‍ അവര്‍ സത്യം വെളിപ്പെടുത്തും. പോലീസ് ഒരു തണുപ്പന്‍ നിലപാട് എടുക്കുന്നതാണ് ഇവിടെ പ്രശ്‌നമെന്നു തോന്നുന്നു. ആദിവാസി ഊരുകളില്‍ നിന്നും ജോലിക്കായി മറ്റിടങ്ങളിലേക്ക് പോകുന്നവരെ കഴിയുന്നതും നിരുത്സാഹപ്പെടുത്താനാണ് ശ്രമിക്കാറ്. നിയമാനുസൃതമല്ലാതെ ഇങ്ങനെ പോകുമ്പോള്‍ ഉണ്ടാകാവുന്ന പല അപകടങ്ങളുണ്ട്. അംഗീകൃത ഏജന്‍സികള്‍ വഴിയാണെങ്കില്‍ കുഴപ്പമില്ല. പക്ഷേ അങ്ങനെയല്ലല്ലോ നടക്കാറ്. വീട്ടുവേല പോലുള്ള കാര്യങ്ങള്‍ക്കു കൊണ്ടുപോകുന്നുണ്ടെങ്കില്‍, ലേബര്‍ ഡിപ്പാര്‍ട്ട്‌മെന്റോ അംഗീകൃത ഏജന്‍സികളോ വഴിയേ പാടുള്ളൂ എന്ന നിര്‍ദ്ദേശം സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കണം. കൃത്യമായ വേതനം കിട്ടുന്നുണ്ടോ, സൗകര്യങ്ങളുണ്ടോ എന്നെല്ലാം അന്വേഷിക്കാനുള്ള വ്യവസ്ഥകള്‍ വേണം."

എസ്.സി/എസ്.ടി കമ്മീഷന്റെ മുന്‍ ചെയര്‍മാനായിരുന്ന പി.എന്‍ വിജയകുമാറിന് പറയാനുള്ളത് മറ്റൊരു അനുഭവകഥയാണ്. വര്‍ഷങ്ങള്‍ക്കു മുന്‍പ് കമ്മീഷന്‍ ഇടപെട്ട് മലപ്പുറം ജില്ലയിലെ ഒരു വീട്ടില്‍ നിന്നും രക്ഷപ്പെടുത്തിയ ഒരു ആദിവാസി യുവാവിന്റെ കഥയാണത്. പതിനെട്ടു വര്‍ഷക്കാലമാണ് വീട്ടുകാര്‍ ഇയാളെ അടിമവേല ചെയ്യിച്ചത്. എഴുത്തും വായനയും അറിയില്ലായിരുന്ന യുവാവിനെ, സംസാരിക്കാന്‍ പോലും വിമുഖത കാണിക്കുന്ന അവസ്ഥയിലാണ് അധികൃതര്‍ കണ്ടെത്തിയത്. പകല്‍ മുഴുവന്‍ ജോലി ചെയ്യിപ്പിച്ച ശേഷം, വൈകിട്ട് പട്ടിക്കൂട്ടില്‍ ചങ്ങലയ്ക്കിട്ടാണ് യുവാവിനോട് വീട്ടുകാര്‍ ക്രൂരത കാണിച്ചിരുന്നത്. ഓടിപ്പോകാതിരിക്കാന്‍ വേണ്ടി വസ്ത്രങ്ങള്‍ പോലും കൊടുക്കുമായിരുന്നില്ല. ഒടുവില്‍ ജില്ലാ കലക്ടര്‍ അടക്കമുള്ളവര്‍ ഇടപെട്ട്, വീട്ടുകാരില്‍ നിന്നും നഷ്ടപരിഹാരമായി വീടും സ്ഥവും വാങ്ങിക്കൊടുത്താണ് യുവാവിനെ പുനരധിവസിപ്പിച്ചത്. "നിലമ്പൂര്‍ അടുത്തുള്ള പ്രദേശങ്ങളില്‍ കുടിയേറ്റ കര്‍ഷകരായി ചെന്നുകയറിയിട്ടുള്ള കുടുംബങ്ങളും അതല്ലാത്ത പഴയ കുറേ തറവാട്ടുകാരും ഇങ്ങനെ ചിലരെ അടിമകളെപ്പോലെ ഇപ്പോഴും നിലനിര്‍ത്തുന്നുണ്ട്. നിയമത്തിന്റെ കണ്ണില്‍ പലപ്പോഴും ഇതു പെടാറില്ല. കാര്യമായിത്തന്നെ അന്വേഷിക്കപ്പെടേണ്ട വിഷയങ്ങളാണിതൊക്കെ", അദ്ദേഹം പറയുന്നു.

കല്ലായിയിലെ അടിമവേല വിഷയത്തില്‍ കൃത്യമായി ഇടപെടുമെന്നും അന്വേഷിച്ച് വേണ്ട വിധത്തിലുള്ള നടപടികള്‍ കൈക്കൊള്ളുമെന്നും എസ്.സി/എസ്.ടി കമ്മീഷനും നേരത്തേ അറിയിച്ചിരുന്നു. കമ്മീഷന് റിപ്പോര്‍ട്ട് നല്‍കേണ്ട അധികാരികള്‍ പോലും സംഭവത്തെ നിസ്സാരമാക്കി ചിത്രീകരിക്കുമ്പോള്‍, ഇനിയെന്തു ചെയ്യണമെന്ന ആശങ്കയിലാണ് മുജീബ് അടക്കമുള്ള സാമൂഹിക പ്രവര്‍ത്തകരും.

"ആദിവാസികളുടേയും പട്ടികജാതിക്കാരുടെയും കാര്യത്തില്‍ ഇടപെടാന്‍ മാത്രം ആരും മുന്നോട്ടുവരില്ല. പല ഊരുകളില്‍ നിന്നും ഇത്തരത്തില്‍ സ്ത്രീകള്‍ ജോലി തേടി മറ്റിടങ്ങളിലേക്ക് പോകുകയും ശമ്പളം പോലുമില്ലാതെ അവിടെ പെട്ടുപോകുകയും ചെയ്യുന്ന ധാരാളം സംഭവങ്ങള്‍ മുന്‍പും ഉണ്ടായിട്ടുണ്ട്. വീടു നോക്കാന്‍ മറ്റു വഴികളില്ലാത്തുകൊണ്ടാണ് ഊരുകളില്‍ നിന്നും സ്ത്രീകള്‍ വീട്ടുവേലയ്ക്ക് എത്തിപ്പെടുന്നത്. തൊഴിലിടങ്ങളിലാകട്ടെ, കൊടിയ വിവേചനങ്ങളും ചൂഷണവുമാണ് ഇവര്‍ക്ക് നേരിടേണ്ടിവരുന്നത്. ലേബര്‍ ഡിപ്പാര്‍ട്ടുമെന്റിനെയും പോലീസിനെയും അറിയിക്കാതെ ഇങ്ങനെ ആദിവാസി സ്ത്രീകളെ ജോലിക്ക് നിര്‍ത്തുമ്പോള്‍, നിയമാനുസൃതമായ ശമ്പളമോ മറ്റാനുകൂല്യങ്ങളോ ഇവര്‍ക്കു നല്‍കേണ്ടിവരുന്നില്ലതാനും. ഈ സംഭവത്തെ നിയമപരമായി എങ്ങനെ നേരിടാം എന്നും ചിന്തിക്കേണ്ടതുണ്ട്. വയനാട്ടിലെ കോളനികളില്‍ നിന്നും എത്രയോ സ്ത്രീകളാണ് ഇങ്ങനെ കോഴിക്കോട്ടും മറ്റു ജില്ലകളിലും വീട്ടുവേലയ്ക്കായി എത്തിപ്പെടുന്നത്. അംഗീകൃത ഏജന്‍സികള്‍ വഴിയോ മറ്റു നിയമപരമായ ചട്ടങ്ങള്‍ അനുസരിച്ചോ അല്ല ഇവര്‍ ജോലിയ്‌ക്കെത്തുന്നത്. അതുകൊണ്ടുതന്നെ, അടിസ്ഥാന സൗകര്യങ്ങള്‍ പോലും പലര്‍ക്കും ലഭിക്കാറില്ല. നാലായിരവും അയ്യായിരവും രൂപ മാത്രമാണ് മിക്കപേര്‍ക്കും ശമ്പളം. ചിലര്‍ക്ക് ശമ്പളമേയില്ല", കല്ലായിയിലെ ആദിവാസി യുവതിയുടെ വിഷയം ഉയര്‍ന്നുവന്നിരിക്കുന്ന സാഹചര്യത്തില്‍, ഇത്തരത്തിലുള്ള മറ്റു സംഭവങ്ങളും പരിഗണിച്ച് ശക്തമായ നിയമനിര്‍മാണം തന്നെ നടത്തണമെന്നാണ് മുജീബിന്റെ ആവശ്യം.

സാമ്പത്തികമായും രാഷ്ട്രീയപരമായും വലിയ സ്വാധീനമുള്ള വീട്ടുകാര്‍, പ്രശ്‌നം ഉയര്‍ത്തിക്കൊണ്ടുവന്നിരിക്കുന്ന മുജീബിനും ഗീതയ്ക്കുമെതിരെ അപവാദ പ്രചരണങ്ങള്‍ നടത്തുന്നുവെന്നാണ് പുതിയ പരാതി. വിഷയത്തെക്കുറിച്ചുള്ള വാര്‍ത്തകള്‍ കൂടുതലായി പുറത്തുവരാതിരിക്കാനും, അധികൃതരുടെ ഇടപെടലുകള്‍ അധികമായി ഉണ്ടാകാതിരിക്കാനും വീട്ടുകാര്‍ ശ്രമിക്കുന്നുണ്ടെന്നും ആ ശ്രമം ഫലം കാണുന്നുണ്ടെന്നും മുജീബ് പറയുന്നു. വീട്ടുകാര്‍ക്ക് അനുകൂലമായി യുവതിയുടെ മൊഴി തന്നെ നിലവിലുള്ള സാഹചര്യത്തില്‍, അട്ടപ്പാടിയില്‍ നിന്നും യുവതിയുടെ ബന്ധുക്കളെ കണ്ടെത്തിയാല്‍ മാത്രമേ പ്രശ്‌നം പരിഹരിക്കാനാകൂ എന്നു തിരിച്ചറിഞ്ഞ് അതിനുള്ള ശ്രമത്തിലാണ് ഇവരിപ്പോള്‍. തങ്ങള്‍ തെറ്റായ ആരോപണങ്ങള്‍ ഉയര്‍ത്തി മറ്റു ലക്ഷ്യങ്ങള്‍ വച്ചു പ്രവര്‍ത്തിക്കുന്നവരാണെന്ന് തെളിയിച്ചാല്‍ മാപ്പു പറയാനും തയ്യാറാണെന്ന് മുജീബ് പറയുന്നു. മറിച്ച്, സ്വന്തം ഭാഗം ശരിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ അവരുടെ സാന്നിധ്യത്തിലല്ലാതെ യുവതിയുടെ മൊഴിയെടുക്കാന്‍ വീട്ടുകാരും അനുവദിക്കട്ടെ എന്നാണ് മുജീബിന്റെ വാദം.

Azhimukham Special: മജീദിന്റെയും സക്കരിയായുടെയും ഉമ്മ; കേരളം ഏറ്റെടുത്ത സാവിത്രി ശ്രീധരന്റെ ജീവിതം


Next Story

Related Stories