TopTop

'വീര്യം കൂടിയ' കേരള പോലീസ് ചോറ്റാനിക്കരയില്‍ തകര്‍ത്തത് ഒരു യുവാവിന്റെ ജീവിതം; അതും ഭൂമാഫിയയ്ക്ക് വേണ്ടി

എറണാകുളം ജില്ലയിലെ തിരുവാങ്കുളം സ്വദേശിയായ ജോജി ചെറിയാന്റെ ശരീരത്തിലും മനസിലും ഉണങ്ങാത്ത ഒട്ടനവധി മുറിവുകളുണ്ട്; ആറു മാസമായിട്ടും ഉണങ്ങാത്ത മുറിവുകൾ. പരിസരത്തെ ഭൂമാഫിയയെ സഹായിക്കാൻ ചോറ്റാനിക്കര പോലീസ് തനിക്കും കുടുംബത്തിനുമെതിരെ കള്ളക്കേസെടുക്കുകയായിരുന്നുവെന്നാണ് ജോജി ആരോപിക്കുന്നത്. പോലീസ് മർദ്ദനത്തിന്റെ അനന്തര ഫലങ്ങൾ നാലു മാസത്തിന് ശേഷമാണ് അനുഭവിച്ചു തുടങ്ങിയത്. ദേഹാസ്വസ്ഥതകൾക്ക് ഇപ്പോൾ ആശുപത്രികൾ കയറിയിറങ്ങുന്ന ജോജി മാനസികമായും ഏറെ തകർന്നു കഴിഞ്ഞു. രക്തം ചര്‍ദ്ദിക്കുന്നതും മലത്തിലൂടെ രക്തം പോകുന്നതും പതിവാണ്. അതിന് പുറമെയാണ് മാനസിക പ്രശ്നങ്ങൾ. വിഷാദവും മറ്റ് മാനസിക അസ്വസ്ഥതകളും നേരിടുന്നുണ്ട്. ഇപ്പോൾ അതിനും ചികിത്സ തേടുകയാണ്.

ഇക്കഴിഞ്ഞ ജനുവരി 14-ന് രാത്രി 10 മണിക്കാണ് ജോജിയുടെയും കുടുംബത്തിന്റെയും ജീവിതത്തെയാകെ മാറ്റിമറിച്ച പോലീസ് പീഡനം നടന്നത്. ചോറ്റാനിക്കര എസ് ഐ അനീഷും സംഘവും ജോജിയുടെ വീട്ടിലേക്ക് അതിക്രമിച്ചു കയറുകയായിരുന്നു. ബൈക്ക് കുറുകെയിട്ട് പോലീസിന് മാർഗ്ഗതടസം സൃഷ്ടിച്ചെന്ന് ആരോപിച്ച് ജോജിയെ അറസ്റ്റ് ചെയ്യാനാണ് പോലീസെത്തിയത്. ജോജിയെ വലിച്ചിഴച്ചാണ് പോലീസ് മർദ്ദിച്ചത്. ലോക്കപ്പിലിട്ടും പോലീസ് ക്രൂരമായി മർദ്ദിച്ചു. എതിർത്ത വീട്ടുകാർക്കും മർദ്ദനമേറ്റതായി പരാതിയുണ്ട്. വൃദ്ധരും രോഗികളുമായ മാതാപിതാക്കളെയും കേസിൽ പ്രതികളാക്കി.

താൻ നേരിട്ട പോലീസ് അതിക്രമത്തിന് പിന്നിൽ ഭൂമാഫിയയാണെന്നാണ് ജോജിയുടെ ആരോപണം. പ്രദേശത്തെ ഭൂമാഫിയയുമായി വഴി സംബന്ധിച്ചുണ്ടായ തർക്കത്തോടെയാണ് ജോജിയുടെയും കുടുംബത്തിന്റെയും ഗതികേട് ആരംഭിച്ചത്. പഞ്ചായത്ത് റോഡിൽ നിന്നും മണ്ണെടുത്തു എന്ന് ആരോപിച്ച് ഒരു വർഷം മുമ്പാണ് ജോജിക്കും സഹോദരൻ ജിജോയ്ക്കും പിതാവ് ചെറിയാനുമെതിരെ കേസെടുത്തത്. ഒരു ദിവസം മുഴുവൻ പോലീസ് സ്റ്റേഷനിൽ നിൽക്കേണ്ടി വന്ന ക്യാൻസർ രോഗിയായ ചെറിയാൻ സ്റ്റേഷനിൽ കുഴഞ്ഞു വീണിരുന്നു. ഈ വിവരങ്ങൾ ചൂണ്ടിക്കാട്ടി അന്വേഷണത്തോട് സഹകരിക്കാൻ തയ്യാറാണെന്ന് ഡി ജി പി, എസ് പി എന്നിവർക്ക് സത്യവാങ്മൂലം സമർപ്പിച്ചിരുന്നു. തങ്ങള്‍ പരാതിയല്ല നൽകിയതെങ്കിലും ഇത് പോലീസിന് ക്ഷീണമായെന്നും ഇതിന്റെ പ്രതികാരമായാണ് പോലീസ് ഇപ്പോഴും തങ്ങളെ വേട്ടയാടുന്നതെന്നുമാണ് ജോജിയുടെ ആരോപണം.

ഈ കുടുംബത്തിനെതിരായ കേസുകളിലെ സാക്ഷിയെ മാത്രം ശ്രദ്ധിച്ചാൽ ഭൂമാഫിയയുടെ ബന്ധം വ്യക്തമാകുമെന്നാണ് ചോറ്റാനിക്കര ഫസ്റ്റ് ക്ലാസ് കോടതിയിൽ ഇവർക്ക് വേണ്ടി ഹാജരാകുന്ന അഡ്വ. ആർ. സജീവ് ചൂണ്ടിക്കാട്ടുന്നു. ചെറിയാനും മക്കൾക്കുമെതിരായ കേസിലും ജോജിക്കെതിരായ മറ്റൊരു കേസിലും പ്രദേശത്തെ മുഖ്യ ഭൂമി ഇടപാടുകാരനാണ് സാക്ഷി. ജനുവരിയിൽ തന്നെ അറസ്റ്റ് ചെയ്ത ശേഷം ഈ സാക്ഷിയെയും മറ്റ് ഭൂമി ഇടപാടുകാരെയും ജീവിക്കാൻ അനുവദിക്കില്ലേയെന്ന് ചോദിച്ചാണ് പോലീസ് മർദ്ദിച്ചതെന്നും ജോജി പറയുന്നു. അറസ്റ്റിന് ഏതാനും ദിവസം മുമ്പ് ഒരു കുടുംബ പ്രശ്നത്തിൽ ഇടപെടാൻ എന്ന വ്യാജേന പോലീസ് ഇവിടെയെത്തിയെന്നും വീട്ടിനുള്ളിലായിരുന്ന ജോജിയെ പുറത്തേക്ക് വിളിച്ചു വരുത്തിയെന്നുമാണ് പറയപ്പെടുന്നത്. അയൽവക്കത്തെ വീട് അന്വേഷിച്ചെത്തിയ ഇതരസംസ്ഥാന തൊഴിലാളിയെ സഹായിക്കാനാണ് ജോജി വീട്ടിൽ നിന്നും പുറത്തേക്കിറങ്ങിയത്. കൃത്യസമയത്ത് തന്നെ അവിടെയെത്തിയ പോലീസ് ജോജിയെ ചോദ്യം ചെയ്യുകയും കയ്യേറ്റം ചെയ്യുകയും ചെയ്തു. ഭൂമി ഇടപാടുകാരുടെ പേരെടുത്ത് പറഞ്ഞായിരുന്നു ഇതെന്നും ജോജി പറയുന്നു. ഇവരുടെ വില്ല പ്രോജക്ടിലേക്കുള്ള റോഡിനായി ഭൂമി ഏറ്റെടുക്കുന്നത് സംബന്ധിച്ച് ജോജിയുടെ കുടുംബവുമായി തർക്കം നിലനിന്നിരുന്നു. നിലവിലുള്ള വഴി പഞ്ചായത്ത് റോഡാണെന്നാണ് ഭൂമാഫിയ പറയുന്നത്. എന്നാൽ ഈ റോഡ് സ്വകാര്യ വ്യക്തികളുടെ ഉടമസ്ഥതയിലുള്ളതാണെന്ന് ജോജി അവകാശപ്പെടുന്നു. ഈ ഭൂമിയുടെ കരവും ഇവർ അടയ്ക്കുന്നുണ്ട്. പോലീസുകാർക്കെതിരെ പരാതി കൊടുക്കുമല്ലേ എന്ന് ചോദിച്ചും കയ്യേറ്റത്തിന് ശ്രമിച്ചു. ജോജിയുടെ കുടുംബാംഗങ്ങൾ പുറത്തേക്ക് വന്നതോടെ പോലീസ് സംഘം പിൻവാങ്ങി.

https://www.azhimukham.com/opinion-politicisation-of-police-force-writes-ka-antony/

എന്നാൽ ജനുവരി 14-ന് വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പോലീസ് ജോജിയെ വലിച്ചിഴച്ച് ജീപ്പിൽ കയറ്റുകയായിരുന്നു. തടയാൻ ശ്രമിച്ച മാതാപിതാക്കളെയും മർദ്ദിച്ചു. കുട്ടിക്ക് ഭക്ഷണം കൊടുത്തുകൊണ്ടിരുന്ന തന്റെ കയ്യിലെ പ്ലേറ്റ് പോലീസ് സംഘം തട്ടിത്തെറിപ്പിച്ചെന്നും കുട്ടിയെ കട്ടിലിലേക്ക് വലിച്ചെറിഞ്ഞെന്നും ജോജി പറയുന്നു. ജീപ്പിനുള്ളിലും മർദ്ദനം തുടർന്നു. സ്റ്റേഷൻ പരിധിയായ ചോറ്റാനിക്കരയിലേക്ക് കൊണ്ടു പോകാതെ മുളന്തുരുത്തിയിലേക്കാണ് ഇയാളെ കൊണ്ടു പോയത്. ചോറ്റാനിക്കര പോലീസും മുളന്തുരുത്തി പോലീസും ചേർന്നാണ് അവിടെ വച്ച് മർദ്ദിച്ചത്. വായിൽ തുണി തിരുകിയ ശേഷം കുനിച്ചു നിർത്തി ഇടിക്കട്ട കൊണ്ടായിരുന്നു മർദ്ദനം. തുണി തൊണ്ട വരെയെത്തിയതിനാൽ പെട്ടെന്ന് ദാഹിച്ച ജോജിക്ക് പോലീസ് പഞ്ചസാര ലായനിയാണ് നൽകിയത്. എന്നാൽ താൻ കുടിച്ചത് മൂത്രം കലർത്തിയ ലായനിയാണെന്ന് പോലീസുകാരുടെ സംസാരത്തിൽ നിന്നും മനസിലായെന്നാണ്‌ ജോജി പറയുന്നത്. പഞ്ചസാര ലായനി കുടിച്ചാൽ ആന്തരിക അവയവങ്ങളിലെ മുറിവുകൾ ഉണങ്ങില്ലെന്നാണ് ഡോക്ടർമാർ പറയുന്നത്.

പോലീസ് തന്നെ മർദ്ദിക്കുമ്പോൾ കേസിന് പിന്നിൽ പ്രവർത്തിച്ച ഭൂമി ഇടപാടുകാരും സ്റ്റേഷനിലുണ്ടായിരുന്നെന്നാണ് ജോജിയുടെ മറ്റൊരു ആരോപണം. സ്റ്റേഷനിൽ കഴിഞ്ഞ ദിവസങ്ങളിൽ ആത്മഹത്യയെക്കുറിച്ചാണ് താൻ ചിന്തിച്ചതെന്നും ജോജി പറയുന്നു. ക്രൂരമായ പോലീസ് മർദ്ദനങ്ങൾ കഴിഞ്ഞ് മാസങ്ങൾക്ക് ശേഷമാണ് ജോജിക്ക് ദേഹാസ്വസ്ഥ്യം ആരംഭിച്ചത്. ഇതോടൊപ്പം മാനസിക ആഘാതത്തിനും ചികിത്സ തേടുന്നു. സാധാരണ ജീവിതം തനിക്കിനി സാധ്യമാകുമോയെന്ന ആശങ്കയിലാണ് ഇയാളും കുടുംബവും.

അതേസമയം, ഈ വിഷയത്തിൽ പ്രതികരിക്കാൻ ചോറ്റാനിക്കര പോലീസ് തയ്യാറായിട്ടില്ല. സംഭവം നടക്കുമ്പോൾ താനായിരുന്നില്ല എസ് ഐ എന്നാണ് ഇപ്പോഴത്തെ എസ് ഐ അഴിമുഖത്തോട് പ്രതികരിച്ചത്. അന്നത്തെ എസ് ഐ അനീഷിന് മറ്റൊരു കേസിൽ പണിഷ്മെന്റ് ട്രാൻസ്ഫർ ലഭിച്ചുവെന്നാണ് അന്വേഷണത്തിൽ അറിയാൻ കഴിഞ്ഞത്.

ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷ ഉറപ്പാക്കേണ്ട പോലീസ് ഭൂമാഫിയ്ക്ക് വേണ്ടി നടത്തിയ അധികാര ദുർവിനിയോഗം ഒരു യുവാവിന്റെ ജീവിതം തന്നെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. തങ്ങളുടെ താത്പര്യത്തിനനുസരിച്ച് പോലീസ് ഒരു കേസ് ഫ്രെയിം ചെയ്യുന്നതെങ്ങനെയാണെന്നതിന്റെ ഏറ്റവും കൃത്യമായ ഉദാഹരണമാണ് ജോജിയുടെയും കുടുംബത്തിന്റെയും കഥ. ഒരുപക്ഷെ ജോജി ആത്മഹത്യ ചെയ്തിരുന്നെങ്കിൽ വരാപ്പുഴയ്ക്ക് പിന്നാലെ മറ്റൊരു പോലീസ് മർദ്ദന മരണം കൂടി ഇവിടെ ചര്‍ച്ചയായേനെ.

ജോജി ചെറിയാന്‍ അഴിമുഖത്തോട് സംസാരിക്കുന്നു


https://www.azhimukham.com/kerala-ldf-2-years-and-home-department-police-progress-report-analysis-by-kr-dhanya/

https://www.azhimukham.com/offbeat-when-cpim-mouthpiece-deshabhimani-praises-moral-policing-by-hasna/

Next Story

Related Stories