Top

പച്ചക്കമ്പ് കുത്തിവച്ചാല്‍ പോലും ജയിക്കുമെന്ന് ലീഗുകാര്‍ ഊറ്റം കൊള്ളുന്ന മലപ്പുറം, ഇത്തവണ ചരിത്രം തിരുത്തുമോ? / മണ്ഡലങ്ങളിലൂടെ

പച്ചക്കമ്പ് കുത്തിവച്ചാല്‍ പോലും ജയിക്കുമെന്ന് ലീഗുകാര്‍ ഊറ്റം കൊള്ളുന്ന മലപ്പുറം, ഇത്തവണ ചരിത്രം തിരുത്തുമോ? / മണ്ഡലങ്ങളിലൂടെ
യൂറോപ്യന്‍മാരുടേയും ബ്രിട്ടീഷുകാരുടേയും പട്ടാള ആസ്ഥാനമായിരുന്നു മലപ്പുറം. പേരിനെ അന്വര്‍ത്ഥമാക്കുന്ന നിരവധി ചെറു കുന്നുകളും മലകളുമുള്ള പ്രദേശം. മലയാള ഭാഷയുടെ പിതാവ് തുഞ്ചത്ത് എഴുത്തച്ഛനും, കേരളത്തിലെ ആദ്യ മുഖ്യമന്ത്രിയും കമ്മ്യൂണിസ്റ്റ് അചാര്യനുമായ ഇ.എം.എസും പിറന്ന മണ്ണ്. ഖിലാഫത്തും മാപ്പിള ലഹളയും നടത്തി സാമ്രാജ്യത്വ ശക്തികളെ വിറപ്പിച്ച നാട്. ചോരയില്‍ പൊതിഞ്ഞ സ്മൃതിരൂപമായ സഖാവ് കുഞ്ഞാലിയുടെ ഓര്‍മ്മകള്‍ ഉറങ്ങാത്ത നാട്. ഏറെ തെറ്റിദ്ധരിക്കുകയും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്ത ഭൂ പ്രദേശം.

ആദ്യ തിരഞ്ഞെടുപ്പു മുതല്‍ മുസ്ലിം ലീഗിന്റെ ഉറച്ച കോട്ടയാണ് മലപ്പുറം. ഒരു പച്ചക്കമ്പ് കുത്തിവച്ചാല്‍ പോലും മലപ്പുറത്തു ജയിക്കുമെന്ന് ലീഗുകാര്‍ പണ്ടുമുതലേ ഊറ്റം കൊള്ളാറുണ്ട്. 2009-ലാണ് ഇന്നു കാണുന്ന മലപ്പുറം ലോക്‌സഭാ മണ്ഡലം നിലവില്‍ വരുന്നത്. മദിരാശി സംസ്ഥാനത്ത് മലബാര്‍ ജില്ലയുടെ ഭാഗമായിരുന്നു ആദ്യം മലപ്പുറം ജില്ല. 1956-ല്‍ ഐക്യ കേരളം പിറന്നപ്പോള്‍ മലബാര്‍ ജില്ല മൂന്നായി വിഭജിക്കപ്പെട്ടു. ഇതോടെ മലപ്പുറം പ്രദേശം കോഴിക്കോട്, പാലക്കാട് ജില്ലകളുടെ ഭാഗമായി മാറി. ഏറെ വിവാദങ്ങള്‍ക്കൊടുവില്‍ 1969-ലാണ് ഇന്നുകാണുന്ന മലപ്പുറം ജില്ല രൂപീകൃതമാകുന്നത്. പാലക്കാട് ജില്ലയുടെ ഭാഗമായിരുന്ന പെരിന്തല്‍മണ്ണ, പൊന്നാനി താലൂക്കുകളും, കോഴിക്കോട് ജില്ലയുടെ ഭാഗമായിരുന്ന ഏറനാട്, തിരൂര്‍ താലൂക്കുകളും ചേര്‍ത്ത് മലപ്പുറം ജില്ല രൂപീകരിച്ചു. 1959-മുതല്‍ 2009-വരേ മഞ്ചേരി ലോക്‌സഭാ മണ്ഡലത്തിന്റെ ഭാഗമായിരുന്നു മലപ്പുറം.

ഐക്യ കേരളം നിലവില്‍ വന്നതിനുശേഷം എല്ലാ തവണയും കോണി കയറിയ മണ്ഡലമാണ് മഞ്ചേരി. 2004-ലെ ഇടതു തരംഗമുണ്ടായ തിരഞ്ഞെടുപ്പില്‍ മാത്രമാണ് മഞ്ചേരിയും ചുവന്നത്. അരലക്ഷത്തോളം വോട്ടിന് കെ.പി.എ മജീദ് ടി.കെ ഹംസക്കുമുന്നില്‍ അടിയറവ് പറഞ്ഞു. 1999-ലെ തിരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് ഒന്നേകാല്‍ ലക്ഷത്തിന് വിജയിച്ച മഞ്ചേരിയില്‍ നേരിട്ട പരാജയം ലീഗിനെ അക്ഷരാര്‍ത്ഥത്തില്‍ ഞെട്ടിച്ചിരുന്നു. 2008-ല്‍ മണ്ഡലങ്ങള്‍ പുനക്രമീകരിച്ചപ്പോള്‍ മഞ്ചേരി പേരും കോലവും മാറി മലപ്പുറം ലോക്‌സഭാ മണ്ഡലമായി. മലപ്പുറം, കൊണ്ടോട്ടി, വേങ്ങര, വള്ളിക്കുന്ന്, പെരിന്തല്‍മണ്ണ, മങ്കട, മഞ്ചേരി തുടങ്ങിയ യു.ഡി.എഫിന്റെ ഉറച്ച കോട്ടകളാണ് മലപ്പുറത്തെ മുസ്‌ലിം ലീഗിന് മൃഗീയ ഭൂരിപക്ഷമുള്ള മണ്ഡലമാക്കി മാറ്റുന്നത്. പെരിന്തല്‍മണ്ണയിലും മങ്കടയിലും ഇടതുപക്ഷത്തിന് ശക്തമായ സ്വാധീനമുണ്ട്. പലതവണ ഇടതുസ്ഥാനാര്‍ഥികള്‍ വിജയിച്ച മണ്ഡലമാണിത്.

2009-ല്‍ മലപ്പുറം ലോക്‌സഭാ മണ്ഡലത്തില്‍ നടന്ന ആദ്യ തെരഞ്ഞെടുപ്പില്‍ ഇ. അഹമ്മദ് ഒരുലക്ഷത്തില്‍പരം വോട്ടുകള്‍ക്ക് വിജയിച്ചു. ടി.കെ ഹംസയായിരുന്നു പ്രധാന എതിരാളി. 2014-ലും, ലീഗില്‍ നിന്നുതന്നെ ഏറെ എതിര്‍പ്പുകള്‍ ഉയര്‍ന്നിട്ടും, ഇ. അഹമ്മദ് സ്ഥാനാര്‍ത്ഥിയായി. പി.കെ സൈനബയായിരുന്നു ഇടതുപക്ഷ സ്ഥാനാര്‍ത്ഥി. അഹമ്മദിന്റെ ഭൂരിപക്ഷം ഒരുലക്ഷത്തി തൊണ്ണൂറ്റി നാലായിരമായി ഉയര്‍ന്നു. 2017-ല്‍ അദ്ദേഹത്തിന്റെ ആകസ്മിക നിര്യണത്തോടെ മലപ്പുറത്ത് ഉപതിരഞ്ഞെടുപ്പിന് കളമൊരുങ്ങി.

യു.ഡി.എഫിലെ രണ്ടാംകക്ഷിയുടെ അമരക്കാരനെന്ന നിലയില്‍ പി.കെ. കുഞ്ഞാലിക്കുട്ടിയുടെ ദേശീയ രാഷ്ട്രീയത്തിലേക്കുള്ള ചുവടുവെപ്പായിരുന്നു 2017-ലെ മലപ്പുറം ഉപതിരെഞ്ഞെടുപ്പ്. ഡി.വൈ.എഫ്.ഐ നേതാവ് എം.ബി ഫൈസലിനെ സി.പി.എം രംഗത്തിറക്കി. ഇ. അഹമ്മദിനുണ്ടായിരുന്ന റെക്കോര്‍ഡ് ഭൂരിപക്ഷം കുറക്കാന്‍ സാധിച്ചതായിരുന്നു ഇടതുപക്ഷത്തിനുണ്ടായ ഏക ആശ്വാസം. മുസ്ലിം ലീഗിന് വന്‍ ഭൂരിപക്ഷമാണ് മലപ്പുറം നല്‍കുന്നതെങ്കിലും കഴിഞ്ഞ ചില വര്‍ഷങ്ങളായി വോട്ട് വര്‍ധിപ്പിക്കാന്‍ ഇടതുപക്ഷത്തിന് കഴിഞ്ഞിട്ടുണ്ട്.

കേരളത്തില്‍ മുസ്ലിം സമൂഹം ഏറ്റവും കൂടുതലുള്ള മണ്ഡലമാണ് മലപ്പുറം. ഇറാഖും പാലസ്തീനുമെല്ലാം മുഖ്യ തിരഞ്ഞെടുപ്പ് വിഷയമായിരുന്ന മലപ്പുറത്തിന്റെ മണ്ണില്‍ വികസന പ്രശ്‌നങ്ങളെക്കാള്‍ ന്യൂനപക്ഷ രാഷ്ട്രീയമായിരിക്കും സജീവമായി ചര്‍ച്ചയാകുക. മുത്വലാഖ് ബില്‍ സംബന്ധിച്ച ചര്‍ച്ചയിലും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പിലും പി.കെ കുഞ്ഞാലിക്കുട്ടി പങ്കെടുക്കാതിരുന്നത് അദ്ദേഹത്തിനെതിരെ ലീഗ് അണികള്‍ക്കിടയില്‍ തന്നെ അതൃപ്തിയുണ്ടാക്കിയിരുന്നു. എന്നാല്‍ അത് എത്രമാത്രം തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്ന് കണ്ടറിയണം. എങ്കിലും കഴിഞ്ഞ രണ്ട് തവണത്തേക്കാള്‍ കടുത്ത മത്സരമായിരിക്കും ഇക്കുറി മലപ്പുറത്ത് നടക്കുകയെന്നത് വ്യക്തമാണ്. നിലവിലെ സാഹചര്യത്തില്‍ കുഞ്ഞാലിക്കുട്ടിയുടെ ഭൂരിപക്ഷം അല്‍പ്പം കുറഞ്ഞാല്‍ പോലും കനത്ത തിരിച്ചടിയാവും അതെന്ന് ലീഗിനുതന്നെ നന്നായി അറിയാം.

ലീഗിന്റെ അപ്രമാദിത്വത്തിനെതിരെ പടപൊരുതാന്‍ ഇക്കുറി എസ്.എഫ്.ഐ അഖിലേന്ത്യാ പ്രസിഡന്റ് വി. പി. സാനുവിനേയാണ് സി.പി.എം രംഗത്തിറക്കിയിരിക്കുന്നത്. കഴിഞ്ഞ തവണ ഭൂരിപക്ഷം കുറഞ്ഞെങ്കിലും അഞ്ചുലക്ഷത്തിലധികം വോട്ടാണ് കുഞ്ഞാലിക്കുട്ടി സമാഹരിച്ചത്. എം. ബി ഫൈസലും 2014-ല്‍ നേടിയതിനേക്കാള്‍ ഒരുലക്ഷം വോട്ടുകള്‍ അധികം നേടിയിരുന്നു. ഇ.കെ സമസ്തയുടെ യുവ വിഭാഗത്തിന് മുസ്ലിം ലീഗിനോടുള്ള അതൃപ്തിയും, എ.പി സമസ്തയുടെ പരോക്ഷമായ പിന്തുണയും, എസ്.ഡി.പി.ഐ പോലുള്ള വര്‍ഗ്ഗീയ പാര്‍ട്ടികളുടെ സ്വാധീനവും കുഞ്ഞാലിക്കുട്ടിയുടെ വോട്ടു വിഹിതം കുറയ്ക്കുമോ എന്നത് കാത്തിരുന്നു കാണാം.

മണ്ഡലങ്ങളിലൂടെ


1.
 
ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്


2. സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം3. കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര4. പ്രളയാനന്തര മുറിവും കര്‍ഷകന്റെ കണ്ണീരുമാണ് ഇന്ന് വയനാട്5. 
ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി; ആര്‍ക്കും പിടിതരാത്ത കോഴിക്കോട് 


Next Story

Related Stories