Top

മികച്ച പ്രതിച്ഛായയുള്ള എം പി, കാലുവാരലിന്റെ കയ്ക്കുന്ന ചരിത്രം, വി എസിനോട് ഏറ്റുമുട്ടിയതിന്റെ കരുത്ത്; പാലക്കാട്ടെ ത്രികോണ മത്സരം ഇങ്ങനെ

മികച്ച പ്രതിച്ഛായയുള്ള എം പി, കാലുവാരലിന്റെ കയ്ക്കുന്ന ചരിത്രം, വി എസിനോട് ഏറ്റുമുട്ടിയതിന്റെ കരുത്ത്; പാലക്കാട്ടെ ത്രികോണ മത്സരം ഇങ്ങനെ
കേരളത്തിന്റെ നെല്ലറയാണ് പാലക്കാട്. എന്നിട്ടും, അർഹിച്ച ഭക്ഷണം എടുത്ത് കഴിച്ചതിന്റെ പേരില്‍ ആള്‍ക്കൂട്ടം തല്ലികൊന്ന മധുവിന്റെ നാട്. എല്‍ഡിഎഫിന്‍റെ ഉറച്ച കോട്ട. വെറും നാലു തവണ മാത്രമാണ് പാലക്കാട് മണ്ഡലത്തില്‍ യു.ഡി.എഫ് വിജയിച്ചിട്ടുള്ളത്. 1996 മുതല്‍ മണ്ഡലം സി.പി.എമ്മിന്റെ ഉരുക്കുകോട്ടയായി നിലകൊള്ളുന്നു. കോങ്ങാട്,മണ്ണാർക്കാട്, മലമ്പുഴ, പാലക്കാട്, ഒറ്റപ്പാലം, ഷൊർണൂര്‍, പട്ടാമ്പി നിയമസഭാ മണ്ഡലങ്ങള്‍ ഉള്‍പ്പെടുന്നതാണ് പാലക്കാട് ലോക്‌സഭാ മണ്ഡലം. ഇതില്‍ കോങ്ങാട്, മലമ്പുഴ, ഒറ്റപ്പാലം, ഷൊർണൂർ, പട്ടാമ്പി മണ്ഡലങ്ങള്‍ കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിനൊപ്പമാണ് നിന്നത്. മണ്ണാർക്കാടും പാലക്കാടും യു.ഡി.എഫിനൊപ്പവും.

1957-ല്‍ നടന്ന ആദ്യ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ പട്ടികജാതി സംവരണ മണ്ഡലമായിരുന്നു പാലക്കാട്. അന്ന് കോണ്ഗ്രസിലെ ഈച്ചരന്‍ വി. ഇയ്യാനി ആയിരുന്നു വിജയിച്ചത്. അവിടുന്നങ്ങോട്ട് മാർക്സിസ്റ്റ് പാർട്ടിയുടെ തേരോട്ടമായിരുന്നു. പി. കുഞ്ഞനും നായനാരും എ.കെ.ജിയുമെല്ലാം തുടർച്ചയായി വിജയക്കൊടി പാറിച്ചു. എന്നാല്‍ 1977-ല്‍ കോണ്‍ഗ്രസിന്റെ സുന്നാസാഹിബ് അട്ടിമറി വിജയം നേടി. അന്ന് കേരളത്തിലാകമാനം കോണ്‍ഗ്രസ് തരംഗമായിരുന്നു. ആകെയുള്ള ഇരുപതു സീറ്റുകളിലും യു.ഡി.എഫ് വിജയിച്ച കാലം. അടുത്ത തിരഞ്ഞെടുപ്പ് എത്തുമ്പോഴേക്കും കോണ്‍ഗ്രസ് രണ്ടായി പിളർ‌ന്നു. ആന്റണി വിഭാഗം എല്‍.ഡി.എഫിനൊപ്പം ചേർന്നു. എന്നിട്ടും 1980-ല്‍ കോണ്‍ഗ്രസ് ഐ-ക്കുവേണ്ടി രംഗത്തിറങ്ങിയ വി.എസ്. വിജയരാഘവന്‍ വിജയിച്ചു. എല്‍.ഡി.എഫ് രൂപീകരിച്ച ശേഷം നടന്ന ആദ്യത്തെ തിരഞ്ഞെടുപ്പായിരുന്നു അത്. അടുത്ത തിരഞ്ഞെടുപ്പിലും വി.എസ്. വിജയരാഘൻ വിജയം ആവർത്തിച്ചു.

തൊട്ടടുത്ത തവണ, 1989-ല്‍, എ. വിജയരാഘവനിലൂടെ നേരിയ ഭൂരിപക്ഷം നേടി ഇടതുമുന്നണി മണ്ഡലം തിരിച്ചുപിടിച്ചു. പക്ഷെ, 1991-ല്‍ വി.എസ്. വിജയരാഘവന്‍ വീണ്ടും മണ്ഡലത്തെ യു.ഡി.എഫ് പാളയത്തിലെത്തിച്ചു. തുടർന്നങ്ങോട്ട് എന്‍. എന്‍. കൃഷ്ണദാസിന്റെ കാലമായിരുന്നു. തുടർച്ചയായി നാലുതവണ വെന്നിക്കൊടിപാറിച്ച അദ്ദേഹം പാലക്കാട് മണ്ഡലത്തെ ചെങ്കൊടിക്കു കീഴില്‍ അടിയുറപ്പിച്ചു നിർത്തുന്നതിൽ നിർണായകമായ പങ്കാണ് വഹിച്ചത്. തുടർന്നാണ് 2009-ല്‍ എം.ബി രാജേഷ് വരുന്നത്. സി.പി.എമ്മിനുള്ളില്‍ വിഭാഗീയത കൊടികുത്തി വാഴുന്ന കാലമായിരുന്നു അത്. എം.ബി രാജേഷിന്റെ സ്ഥാനാര്‍ഥിത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ തന്നെ എതിർ‌പ്പുകളുണ്ടായി. അന്നത്തെ കെ.എസ്.യു നേതാവായ സതീശന്‍ പാച്ചേനിയെ കോണ്‍ഗ്രസ് രംഗത്തിറക്കി. യു.ഡി.എഫി-ന് ഒരുപാട് അനുകൂല ഘടകങ്ങളുമുണ്ടായിരുന്നു അന്ന്. ശക്തമായ പോരാട്ടത്തിനൊടുവില്‍ വെറും 1,820 വോട്ടുകൾക്കായിരുന്നു രാജേഷിന്റെ‍ വിജയം. പക്ഷെ, അന്നത്തെ ഇടതുവിരുദ്ധ തരംഗത്തിനിടയിലും സി.പി.എം പിടിച്ചെടുത്ത നാലു സീറ്റുകളില്‍ ഒന്നായിരുന്നു പാലക്കാട് എന്നത് ആ വിജയത്തിന്റെു മാറ്റുകൂട്ടി.

മികച്ച പാര്‍ലമെന്‍റേറിയനായി അറിയപ്പെടാന്‍ എം. ബി. രാജേഷിന് അഞ്ചു വർഷം തന്നെ ധാരാളമായിരുന്നു. സഭക്കകത്തും പുറത്തും മികച്ച പ്രകടനം തന്നെ അദ്ദേഹം കാഴ്ചവച്ചു. അതിനുള്ള പ്രത്യുപകാരമെന്നോണം 2014-ല്‍ ഒരു ലക്ഷത്തിലധികം ഭൂരിപക്ഷം നല്കിയയാണ്‌ പാലക്കാട്ടെ വോട്ടർമാർ അദ്ദേഹത്തെ വീണ്ടും ഇന്ദ്രപ്രസ്ഥത്തിലേക്ക് അയച്ചത്. ബി.ജെ.പി സ്ഥാനാർഥിയായിരുന്ന ശോഭാസുരേന്ദ്രന്‍ 1,36,541 വോട്ടുകള്‍ നേടിപാലക്കാട് മണ്ഡലത്തില്‍ എന്‍.ഡി.എയുടെ കരുത്ത് തെളിയിച്ച തിരഞ്ഞെടുപ്പായിരുന്നു അത്. എല്‍.ഡി.എഫ് വിട്ട് യു.ഡി.എഫില്‍ ചേക്കേറിയ മുതിർന്ന നേതാവ് എം.പി വീരേന്ദ്രകുമാര്‍ ആയിരുന്നു രാജേഷിന്റെ എതിര്‍ സ്ഥാനാർഥി.

ശക്തമായ മത്സരമാണ് പാലക്കാട് നടക്കുന്നതെന്നായിരുന്നു എല്ലാവരും കണക്കുകൂട്ടിയത്. പക്ഷേ, വീരേന്ദ്രകുമാറിന് ലഭിച്ചത് അപ്രതീക്ഷിത തിരിച്ചടിയായിരുന്നു. 1,05,300 വോട്ടുകള്‍ക്ക് അദ്ദേഹം പരാജയപ്പെട്ടു. കോണ്‍ഗ്രസ് വീരനെ കാലുവാരി തോൽപ്പിച്ചതാണെന്ന് ആക്ഷേപം വ്യാപകമായി. വിഷയം ഗൗരവമായി എടുക്കുന്നുവെന്ന് പ്രഖ്യാപിച്ച യു.ഡി.എഫ് ബാലകൃഷ്ണപിള്ളയുടെ അദ്ധ്യക്ഷതയില്‍ അന്വേഷണ കമ്മീഷനെയും നിയമിച്ചു. എന്നാൽ ആ എം.പി വീരേന്ദ്രകുമാറും ബാലകൃഷ്ണപിള്ളയും ഇന്ന് എല്‍.ഡി.എഫിനൊപ്പമാണ് എന്നതാണ് കൗതുകം.

രാജേഷിന് ഇത്തവണ ഒരു ഈസി വാക്കോവര്‍ ലഭിയ്ക്കുമെന്ന് ഒരു പക്ഷെ ഒറ്റ നോട്ടത്തില്‍ തോന്നിയേക്കാം. എന്നാല്‍ കാര്യങ്ങള്‍ അത്ര എളുപ്പമാകില്ല. ഒന്നാമത്തെ കാരണം കോണ്‍ഗ്രസ് തന്നെയാണ് ഇത്തവണ മത്സരിക്കുന്നത് എന്നതു തന്നെ. സതീശന്‍ പാച്ചേനി മത്സരിച്ചപ്പോള്‍ എന്താണ് സംഭവിച്ചതെന്ന് സി.പി.എമ്മിന് നന്നായി അറിയാം. പി.കെ. ശശിക്കെതിരെ ലൈംഗീകാരോപണം ഉയർന്നപ്പോള്‍ നടപടിയെടുക്കാന്‍ പാർട്ടിക്കുള്ളിൽ ശക്തമായി ശബ്ദിച്ചത് രാജേഷ് ആയിരുന്നു. ആ ഒറ്റക്കാരണം കൊണ്ടുതന്നെ പാർട്ടിയില്‍ ചിലർക്ക് അദ്ദേഹത്തോട് അവമതിപ്പുണ്ട്.

ശബരിമല ഒരു തിരഞ്ഞെടുപ്പ് വിഷയമാക്കരുതെന്നാണ് ഇലക്ഷന്‍ കമ്മീഷന്റെ കർശന നിർദേശം. പക്ഷെ, ബി.ജെ.പി പൂർണ്ണമായും, കോണ്‍ഗ്രസ് ഭാഗികമായും ആ വിഷയം ഉന്നയിക്കുമെന്ന കാര്യം ഉറപ്പാണ്. അങ്ങിനെയെങ്കില്‍ എഴുപത് ശതമാനത്തോളം ഹൈന്ദവ വിശ്വാസികളുള്ള പാലക്കാട് ലോക്സഭാ മണ്ഡലത്തില്‍ ശബരിമല വിഷയം തിരഞ്ഞെടുപ്പിനെ സ്വാധീനിക്കും. അത് ആർക്ക് ഗുണകരമാകും, ആർക്ക് ദോഷകരമാകും എന്നതുമാത്രമേ ഇനി പരിശോധിക്കേണ്ടതുള്ളൂ.

പാലക്കാട് ഡി.സി.സി പ്രസിഡന്റ് കൂടിയായ യു.ഡി.എഫ് സ്ഥാനാർഥി വി.കെ ശ്രീകണ്ഠന്റെ നേതൃത്വത്തില്‍ കുറച്ചു കാലമായി കോണ്‍ഗ്രസ് ശക്തമായ സംഘടനാ പ്രവർത്തനമാണ് മണ്ഡലത്തിലുടനീളം നടത്തിക്കൊണ്ടിരിക്കുന്നത്. എങ്കിലും നേരിയ ഭൂരിപക്ഷത്തില്‍ പാലക്കാട് നഗരസഭ ഭരിച്ചുകൊണ്ടിരിക്കുന്ന ബി.ജെ.പിയെ അവിശ്വാസ പ്രമേയത്തിലൂടെ പുറത്താക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല എന്നത് കോണ്‍ഗ്രസിന്റെ കഴിവുകേടായാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട്, മലമ്പുഴ മണ്ഡലങ്ങളിൽ ബി.ജെ.പിയാണ് രണ്ടാം സ്ഥാനത്ത് എന്നതും ശ്രദ്ധേയമാണ്.

മണ്ഡലത്തിൽ നിന്നു തന്നെയുള്ള സി കൃഷ്ണകുമാറിനെയാണ് ഇത്തവണ ബിജെപി മൽസര രംഗത്ത് ഇറക്കിയിരിക്കുന്നത്. ശോഭ സുരേന്ദ്രനായിരിക്കും ഇത്തവണയും സ്ഥാനാർഥിയെന്ന് കരുതിയിരുന്നിടത്താണ് പാലക്കാട്ടുകാരൻ തന്നെയായ കൃഷ്ണകുമാർ സ്ഥാനാർഥിയാവുന്നത്. കഴിഞ്ഞ നിയമ സഭാതിരഞ്ഞെടുപ്പിൽ മലമ്പുഴ മണ്ഡലത്തിൽ മൽസരിച്ചിട്ടുള്ള കൃഷ്ണകുമാർ മുതിർന്ന സിപിഎം നേതാവ് വിഎസ് അച്ചുതാനന്തന് പിന്നിൽ രണ്ടാമതെത്തിയിരുന്നു.

കണക്കുകള്‍ നോക്കുമ്പോള്‍ എല്‍.ഡി.എഫിന് ആശങ്കപ്പെടേണ്ട സാഹചര്യമൊന്നും ഇല്ല. മികച്ച പ്രതിച്ഛായയുള്ള നിലവിലെ എം.പിയെ തന്നെ മൂന്നാം തവണയും സ്ഥാനാർഥിയാക്കിയത് ഈ മണ്ഡലം നിലനിർത്താൻ തന്നെയാണ്. എന്നാല്‍ ആവനാഴിയിലെ അവസാനത്തെ അസ്ത്രവും എടുത്ത് പ്രയോഗിച്ചാല്‍ മാത്രമേ കാലങ്ങളായി കൈവിട്ടുകൊണ്ടിരിക്കുന്ന മണ്ഡലം യു.ഡി.എഫിന് കൈപ്പിടിയിലൊതുക്കാന്‍ സാധിക്കൂ. നിലവില്‍ പതിനഞ്ചു ശതമാനത്തോളം വോട്ടുകളുള്ള ബി.ജെ.പിക്ക് ജയസാധ്യത കുറവാണെങ്കിലും, അവര്‍ പിടിച്ചെടുക്കുന്ന അധിക വോട്ടുകള്‍ നിർണായകമാവും.

മണ്ഡലങ്ങളിലൂടെ


1.
 
ഇത്തവണയും വികസനം ചര്‍ച്ച ചെയ്ത് കാസറഗോഡ്


2. സിപിഎമ്മിന് ആത്മവിശ്വാസം പകരുന്ന ഒന്നേകാല്‍ ക്ഷത്തിന്റെ ഭൂരിപക്ഷം; എന്നാല്‍ കണ്ണൂരിന് ആരോടും അമിത മമതയില്ലെന്നത് ചരിത്രം3. കൊലപാതക രാഷ്ട്രീയം ചോരചിന്തിയ നാട്ടിടവഴികളുള്ള വടകര4. പ്രളയാനന്തര മുറിവും കര്‍ഷകന്റെ കണ്ണീരുമാണ് ഇന്ന് വയനാട്5. 
ജനകീയ എം.പിക്ക് ജനകീയ എംഎല്‍എയുടെ വെല്ലുവിളി; ആര്‍ക്കും പിടിതരാത്ത കോഴിക്കോട് 

6. പച്ചക്കമ്പ് കുത്തിവച്ചാല്‍ പോലും ജയിക്കുമെന്ന് ലീഗുകാര്‍ ഊറ്റം കൊള്ളുന്ന മലപ്പുറം, ഇത്തവണ ചരിത്രം തിരുത്തുമോ? / മണ്ഡലങ്ങളിലൂടെ

©

"കാലം മാറുകയാണ് വായനയും. രാവിലെ കട്ടന്റെ കൂടെ പോളണ്ടിനെ പറ്റി വരെ സംസാരിക്കാം. കൂടുതല്‍ വായനയ്ക്ക് അഴിമുഖം സന്ദര്‍ശിക്കൂ..."

Next Story

Related Stories