TopTop
Begin typing your search above and press return to search.

വിചാരണയോ ജാമ്യമോ? നാളെയറിയാം ദിലീപിന്റെ വിധി; കുരുക്കുകള്‍ മുറുക്കി പോലീസും

വിചാരണയോ ജാമ്യമോ? നാളെയറിയാം ദിലീപിന്റെ വിധി; കുരുക്കുകള്‍ മുറുക്കി പോലീസും

നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് സെപ്തംബര്‍ 13-ാം തീയതി നിര്‍ണായകമാകുകയാണ്. ആദ്യം മജിസ്‌ട്രേറ്റ് കോടതിയും പിന്നീട് ഹൈക്കോടതി രണ്ട് വട്ടവും തള്ളിയ ജാമ്യഹര്‍ജിയുമായി ദിലീപ് മൂന്നാം വട്ടവും ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജിയില്‍ നാളെ വാദം കേള്‍ക്കുന്ന ഹൈക്കോടതിയില്‍ നിന്നും അനുകൂലമായ ഒരു തീരുമാനം നേടാനായില്ലെങ്കില്‍ ജയിലിന് പുറത്തിറങ്ങുകയെന്നത് ദിലീപിന് ഏറെ ദുഷ്‌കരമാകും. അറുപത് ദിവസങ്ങളിലേറെയായി ജയിലില്‍ കഴിയുന്ന ദിലീപിന് കഴിഞ്ഞ തവണകളെക്കാള്‍ ഇക്കുറി സിനിമ മേഖലയില്‍ നിന്നുള്ള പ്രത്യക്ഷ പിന്തുണ വര്‍ദ്ധിച്ചിട്ടുണ്ടെന്നതാണ് ആശ്വാസം. അതേസമയം ദിലീപിന് ജാമ്യം അനുവദിക്കുന്നതിനെ പ്രോസിക്യൂഷന്‍ ശക്തിയുക്തം എതിര്‍ക്കുകയും ചെയ്യും. കാരണം അവര്‍ കുറ്റപത്രം സമര്‍പ്പിക്കാനുള്ള അവസാനഘട്ട ഓട്ടത്തിലാണെന്നാണ് ഇപ്പോള്‍ മനസിലാകുന്നത്. അതിനാലാണ് കേസില്‍ ദിലീപിന്റെ സുഹൃത്ത് സംവിധായകന്‍ നാദിര്‍ഷായ്ക്കുള്ള ബന്ധം തെളിയിക്കുന്നതിനുള്ള തെളിവുകള്‍ക്കായി പരക്കം പായുന്നത്.

ദിലീപ് അറസ്റ്റിലായ ദിവസം മുതല്‍ നാദിര്‍ഷയും പോലീസിന്റെ നിരീക്ഷണത്തിലാണ്. ആദ്യഘട്ടത്തില്‍ ഇയാളെ മാപ്പ് സാക്ഷിയാക്കാമെന്ന് തീരുമാനിച്ചെങ്കിലും പിന്നീട് കോടതിയില്‍ ഇയാള്‍ കൂറ് മാറാന്‍ സാധ്യതയുണ്ടെന്ന നിയമോപദേശം കിട്ടയതിനെ തുര്‍ന്ന് വേണ്ടെന്ന് വയ്ക്കുകയായിരുന്നു. ആ സാഹചര്യത്തിലാണ് നാദിര്‍ഷ ദിലീപിനെ കാണാന്‍ ജയിലില്‍ എത്തിയത്. ഇത് പോലീസിനെ പ്രകോപിപ്പിക്കുകയും നാദിര്‍ഷായ്‌ക്കെതിരായ അന്വേഷണം ശക്തമാക്കുകയും ചെയ്തിരിക്കുകയാണ്. പരസ്യമായ വിചാരണയ്ക്കിടെ സമര്‍പ്പിച്ചതിനേക്കാള്‍ രഹസ്യമായാണ് ദിലീപിനെതിരെയുള്ള തെളിവുകള്‍ പോലീസ് സമര്‍പ്പിച്ചിരിക്കുന്നത്. കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലീസിന് മുന്നില്‍ ഇനിയും മുപ്പതോളം ദിവസം കൂടിയുണ്ടെങ്കിലും എത്രയും വേഗം കുറ്റപത്രം സമര്‍പ്പിച്ച് ദിലീപിനെ പൂട്ടുക എന്നത് തന്നെയാണ് പോലീസിന്റെ ലക്ഷ്യം. ദിലീപിനെതിരായ തെളിവുകളെല്ലാം ശക്തമാണെന്നാണ് അവര്‍ അവകാശപ്പെടുന്നത്. നാളെ ജാമ്യം നിഷേധിക്കപ്പെടുകയും പോലീസ് അധികം വൈകാതെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്താല്‍ വിചാരണ നേരിടുക മാത്രമാകും ദിലീപിന് മുന്നിലുള്ള വഴി.

അതേസമയം, സിനിമ മേഖലയില്‍ നിന്നും ദിലീപിനെതിരെ സഹതാപ തരംഗം വ്യാപിക്കുന്നതും പോലീസിനെ ആശങ്കയിലാക്കുന്നു. ആദ്യം പിന്തുണ പ്രഖ്യാപിക്കുകയും പിന്നീട് തള്ളിപ്പറയുകയും അതിന് ശേഷം നിശബ്ദത പാലിക്കുകയും ചെയ്ത സിനിമ ലോകം ഇപ്പോള്‍ പരസ്യമായി തന്നെ ദിലീപിന് പിന്തുണയുമായി രംഗത്തെത്തിയിരിക്കുന്നു. അതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസങ്ങളില്‍ മലയാള സിനിമയിലെ ഒട്ടനവധി പ്രമുഖര്‍ ജയിലിലെത്തി ദിലീപിനെ കണ്ടത്. കൂടാതെ മുന്‍കാലങ്ങളേക്കാള്‍ ഒരുവിഭാഗം മാധ്യമങ്ങളുടെ നിലപാടും ദിലീപിന് അനുകൂലമായിട്ടുണ്ട്. ദിലീപ് ജയിലിലാണെങ്കിലും അദ്ദേഹത്തിന് വേണ്ടി മാധ്യമങ്ങളെ ആരൊക്കെയോ വിലയ്‌ക്കെടുക്കുന്നുവെന്നും പല കോണുകളില്‍ നിന്നും ആരോപണം ഉയര്‍ന്നു കഴിഞ്ഞു. ഇപ്പോള്‍ ഒരു ന്യൂനപക്ഷ വിഭാഗം മാത്രമാണ് ദിലീപിനെ പിന്തുണയ്ക്കുന്നതെങ്കിലും മാധ്യമങ്ങളുടെ സ്വാധീനത്താല്‍ ജനപിന്തുണ ഏറാനുള്ള സാധ്യതയും പോലീസ് കണക്കാക്കുന്നുണ്ട്.

കഴിഞ്ഞ മൂന്ന് തവണ ദിലീപ് ജാമ്യത്തിന് അപേക്ഷിച്ചപ്പോഴും അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പോലീസ് അറിയിച്ചത്. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിച്ചാല്‍ സമൂഹത്തില്‍ സ്വാധീന ശേഷിയുള്ള ദിലീപിന് സാക്ഷികളെ സ്വാധീനിക്കാന്‍ സാധിക്കുമെന്നും കേസ് അട്ടിമറിക്കപ്പെടുമെന്നുമായിരുന്നു മുഖ്യവാദം. കഴിഞ്ഞ തവണ പ്രോസിക്യൂഷന്‍ ദിലീപിനെ കിംഗ് ലയര്‍ എന്നുവരെ വിശേഷിപ്പിച്ചിരുന്നു. അതേസമയം കേസിലെ സുപ്രധാന തെളിവെന്ന് പോലീസ് തന്നെ വിശേഷിപ്പിക്കുന്ന നടിയുടെ ദൃശ്യങ്ങള്‍ പകര്‍ത്തിയ ഫോണ്‍ കണ്ടെത്താനാകാത്തതാകും ഇനിയും ദിലീപിന് അനുകൂലമായി അഭിഭാഷകര്‍ ചൂണ്ടിക്കാട്ടുക. മൊബൈല്‍ ടവറിന്റെ ലൊക്കേഷന്റെ അടിസ്ഥാനത്തില്‍ മാത്രം ഗൂഢാലോചന കുറ്റം ആരോപിക്കാനാകില്ലെന്നും ഒരു ക്രിമിനലായ സുനിയുടെ മൊഴിയുടെ മാത്രം അടിസ്ഥാനത്തില്‍ തന്നെ ജയിലിലിടാനാകില്ലെന്നും നേരത്തെ തന്നെ ദിലീപ് കോടതിയില്‍ വാദിച്ചിരുന്നു. അന്നെല്ലാം കോടതി ഈ വാദങ്ങള്‍ തള്ളുകയും ചെയ്തതാണ്.

സിനിമയിലെ ഒരു വലിയ വിഭാഗം ദിലീപിന് അനുകൂലമായി നില്‍ക്കുമ്പോള്‍ ആക്രമിക്കപ്പെട്ട നടിയുടെ പക്ഷത്ത് നില്‍ക്കുന്ന വിമന്‍ ഇന്‍ സിനിമ കളക്ടീവ് പ്രവര്‍ത്തകര്‍ ജനങ്ങളില്‍ നിന്നും പിന്തുണ നേടാനാണ് ശ്രമിക്കുന്നത്. കഴിഞ്ഞ ദിവസം സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണം ചെയ്ത തലശേരിയില്‍ വച്ച് അതിന്റെ കാമ്പെയ്‌നിംഗിനും തുടക്കമായി. 'അവള്‍ക്കൊപ്പം' എന്ന ഹാഷ് ടാഗോടെയുള്ള കാമ്പെയ്‌നിംഗ് മുതിര്‍ന്ന നാടക-ചലച്ചിത്ര അഭിനേത്രി നിലമ്പൂര്‍ ആയിഷയാണ് ഉദ്ഘാടനം ചെയ്തത്. 'കേരളത്തിലെ ജനങ്ങള്‍ അവള്‍ക്കൊപ്പം, നീതിക്കായുള്ള പോരാട്ടത്തില്‍ വിമന്‍ ഇന്‍ സിനിമ കളക്ടീവ് അവള്‍ക്കൊപ്പം' എന്ന മുദ്രാവാക്യത്തില്‍ ഊന്നിയാണ് കാമ്പെയ്ന്‍.

എന്തായാലും ജയിലില്‍ ദിലീപിനെ സന്ദര്‍ശിക്കാനെത്തിയ പ്രമുഖരെ ചൂണ്ടിക്കാട്ടിയാകും ഇയാള്‍ക്ക് സമൂഹത്തിലുള്ള സ്വാധീനവും സാക്ഷികളെയും കേസിനെയും സ്വാധീനിക്കാനുള്ള സാധ്യതയും നാളെ പ്രോസിക്യൂഷന്‍ വാദിക്കുക. അന്വേഷണം അന്തിമഘട്ടത്തിലാണെന്നും അതിനാല്‍ ജാമ്യം അനുവദിക്കരുതെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടേക്കും. കൂടാതെ കൂടുതല്‍ ശക്തമായ തെളിവുകളാണ് തങ്ങളുടെ കൈവശം ഇപ്പോഴുള്ളതെന്നും പോലീസ് പറയുന്നുണ്ട്. പോലീസിന്റെ വാക്കുകള്‍ വിലയ്‌ക്കെടുത്താല്‍ നാളെയും നിരാശയോടെ മടങ്ങാനായിരിക്കും ദിലീപിന് വിധി.


Next Story

Related Stories