TopTop
Begin typing your search above and press return to search.

എല്ലാം അദാനിക്ക് വേണ്ടി; ബിജെപിയും സിപിഎമ്മും പ്രതിഷേധം പിന്‍വലിച്ച ആയിരവല്ലിക്കുന്ന്; തുരക്കാനൊരുങ്ങുന്നത് 165 ഏക്കര്‍

എല്ലാം അദാനിക്ക് വേണ്ടി; ബിജെപിയും സിപിഎമ്മും പ്രതിഷേധം പിന്‍വലിച്ച ആയിരവല്ലിക്കുന്ന്; തുരക്കാനൊരുങ്ങുന്നത് 165 ഏക്കര്‍
പാറപൊട്ടിക്കാന്‍ തടസ്സം നില്‍ക്കാതിരുന്നാല്‍ ജനങ്ങള്‍ക്ക് എന്ത് സഹായവും ചെയ്യാമെന്ന് സര്‍ക്കാര്‍. തങ്ങളുടെ ആവശ്യങ്ങളെ പരിഗണിച്ചാല്‍ പാറപൊട്ടിച്ചുകൊള്ളാന്‍ നാട്ടുകാരും. തിരുവനന്തപുരം നഗരൂരിലെ പ്രതിഷേധത്തെ സര്‍ക്കാര്‍ അടക്കിയത് ഇങ്ങനെ.

വിഴിഞ്ഞം തുറമുഖ നിര്‍മാണ പദ്ധതിയുടെ ഭാഗമായി പുലിമുട്ട് നിര്‍മ്മിക്കുന്നതിന് അദാനി കമ്പനി ക്വാറികള്‍ക്ക് അപേക്ഷ നല്‍കിയിരുന്നു. തിരുവനന്തപുരം, പത്തനംതിട്ട, കൊല്ലം ജില്ലകളിലായി 11 ക്വാറികള്‍ക്കാണ് അപേക്ഷ നല്‍കിയിരുന്നത്. അതിവേഗത്തില്‍ ക്വാറികള്‍ക്ക് എന്‍ഒസി നല്‍കണമെന്ന സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ പലയിടത്തും നാട്ടുകാരുടെ എതിര്‍പ്പ് മൂലം ഉദ്യോഗസ്ഥര്‍ക്ക് സ്ഥലം അളന്നുതിരിക്കാന്‍ പോലും കഴിഞ്ഞിരുന്നില്ല. അദാനി കമ്പനി ക്വാറികള്‍ക്കായി അപേക്ഷ സമര്‍പ്പിച്ചതില്‍ ഒന്നാണ് തിരുവനന്തപുരം ജില്ലയിലെ നഗരൂര്‍ പഞ്ചായത്തിലുള്ള ആയിരവല്ലിക്കുന്ന്. 11 അപേക്ഷകളില്‍ എന്‍ഒസി ലഭിച്ച ഏക സ്ഥലവും 165 ഏക്കറിലായി വ്യാപിച്ചുകിടക്കുന്ന ഈ കുന്നാണ്.

ക്വാറികള്‍ തുടങ്ങാനുള്ള എന്‍ഒസി ലഭിച്ചെങ്കിലും കമ്പനിക്ക് പാറഖനനം തുടങ്ങാനായിരുന്നില്ല. നാട്ടുകാരുടെ പ്രതിഷേധമായിരുന്നു ഇതിന് കാരണമായത്. എന്നാല്‍ ജൂലൈ മൂന്നിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ തുറമുഖ, റവന്യൂ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ നഗരൂരില്‍ എത്രയും വേഗം ഖനനം ആരംഭിക്കുന്നതിനുള്ള നടപടികള്‍ തുടങ്ങാന്‍ നിര്‍ദ്ദേശിച്ചിരുന്നു. "ആറ് ക്വാറികള്‍ക്കാണ് അദാനി കമ്പനി നിരാപേക്ഷ സാക്ഷ്യപത്രത്തിന് (എന്‍ഒസി) അപേക്ഷിച്ചിട്ടുള്ളത്. ഇതില്‍ ഒരു ക്വാറിക്ക് എന്‍ഒസി നല്‍കി. ബാക്കി അഞ്ചെണ്ണം പരിഗണനയിലാണ്. നഗരൂരില്‍ അനുമതി നല്‍കിയ സ്ഥലത്ത് ക്വാറി തുടങ്ങുന്നതിന് പൊതുജനങ്ങളില്‍ നിന്ന് ശക്തമായ എതിര്‍പ്പ് ഉണ്ടായതിനെ തുടര്‍ന്ന് ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയെങ്കിലും ഒരു വിഭാഗം ഉദ്യോഗസ്ഥരും പരോക്ഷമായി പ്രതിഷേധക്കാരെ സഹായിക്കുന്ന നിലപാട് സ്വീകരിച്ചിട്ടുള്ളതുകൊണ്ട് ഈ പ്രശ്‌നം പരിഹരിക്കാന്‍ കഴിഞ്ഞിട്ടില്ല",
എന്നാണ് അന്ന് ജില്ലാ കളക്ടര്‍ യോഗത്തെ അറിയിച്ചത്. തുടര്‍ന്ന് നഗരൂരില്‍ മറ്റ് ക്വാറികളെല്ലാം പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍, ഒരു ക്വാറി മാത്രം പ്രവര്‍ത്തിക്കാന്‍ പറ്റില്ല എന്ന നിലപാട് അംഗീകരിക്കാന്‍ നിര്‍വ്വാഹമില്ലെന്നും ഈ പ്രശ്‌നം പരിഹരിക്കുന്നതിന് ജില്ലാ ഭരണകൂടം ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും മുഖ്യമന്ത്രി യോഗത്തില്‍ നിര്‍ദ്ദേശം നല്‍കി.

ഇതനുസരിച്ച് ജില്ലാ കളക്ടര്‍ സ്ഥലം സന്ദര്‍ശിക്കുകയും പല തവണ പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തുകയുമുണ്ടായി. താലൂക്ക് ഓഫീസില്‍ വച്ച് നടന്ന അവസാനവട്ട ചര്‍ച്ചയില്‍ വിഴിഞ്ഞം പദ്ധതിക്കായാണ് പാറ പൊട്ടിക്കുന്നതെന്നും അതിനോട് നാട്ടുകാര്‍ സഹകരിക്കണമെന്നും ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടു. അതിനായി സര്‍ക്കാരിന് ചെയ്യാന്‍ കഴിയുന്ന സഹായങ്ങള്‍ ജനങ്ങളിലേക്കെത്തിക്കുമെന്നും കളക്ടര്‍ ഉറപ്പു നല്‍കിയതായി സമരസമിതി ചെയര്‍മാന്‍ ഷിബു കടവിള പറയുന്നു, "
ഇരുന്നൂറിലധികം പേര്‍ പ്രതിഷേധരംഗത്തുണ്ടായിരുന്നു. എന്നാല്‍ ജില്ലാ കളക്ടര്‍ വാസുകി ഞങ്ങളുടെ വീടുകളും സ്ഥലവും എല്ലാം സന്ദര്‍ശിച്ചതിന് ശേഷം ചര്‍ച്ചകള്‍ നടത്തി. വിഴിഞ്ഞം പദ്ധതിയുടെ ആവശ്യത്തിനാണ് പാറ. രാജ്യത്തിന്റെ തന്നെ ആവശ്യമാണ് അതെന്നും അതിന് നാട്ടുകാര്‍ സഹകരിക്കണമെന്നും ഞങ്ങളോട് ആവശ്യപ്പെട്ടു. വീടുകള്‍ക്ക് നാശനഷ്ടങ്ങള്‍ ഉണ്ടാവാതെ അതീവ സുരക്ഷയോടെയായിരിക്കും പാറ പൊട്ടിക്കുക എന്നും ഞങ്ങള്‍ക്ക് ഉറപ്പ് നല്‍കി. ഇതിനായി ജനങ്ങള്‍ക്ക് എന്ത് സഹായം വേണമെങ്കിലും ചെയ്തു തരാമെന്നും അവര്‍ പറഞ്ഞു. എന്തായാലും പാറപൊട്ടിക്കുമെന്നുറപ്പായി. അപ്പോള്‍ നാട്ടുകാര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാവട്ടെ എന്ന് കരുതി ഞങ്ങളുടെ കുറേ ആവശ്യങ്ങള്‍ ഞങ്ങളും മുന്നോട്ട് വച്ചു. ലക്ഷം വീട് കോളനിയിലേക്കുള്‍പ്പെടെ റോഡുകള്‍ നിര്‍മ്മിക്കുക, കുടിവെള്ള പ്രശ്‌നമുള്ള സ്ഥലങ്ങളില്‍ കുഴല്‍ക്കിണര്‍ സ്ഥാപിക്കുക, നാട്ടിലെ അമ്പതോളമാളുകള്‍ക്ക് ജോലി അങ്ങനെയുള്ള ഇരുപതോളം കാര്യങ്ങളാണ് ഞങ്ങള്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിന്നീട് അക്കാര്യത്തില്‍ അറിയിപ്പൊന്നുമുണ്ടായിട്ടില്ല."


Also Read: വിഴിഞ്ഞം തുറമുഖം: അദാനി വാക്ക് പാലിച്ചില്ല; ഇനിയും ക്വാറികള്‍ തുറക്കാവുന്ന അവസ്ഥയിലാണോ കേരളം?

'നഗരൂരില്‍ മറ്റ് ക്വാറികള്‍ പ്രവര്‍ത്തിക്കുന്ന സാഹചര്യത്തില്‍' എന്ന സര്‍ക്കാര്‍ വാദം തെറ്റാണെന്ന് നാട്ടുകാര്‍ പറയുന്നു. നഗരൂരില്‍ നിലവില്‍ ക്വാറികള്‍ പ്രവര്‍ത്തിക്കുന്നില്ല. എന്നാല്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നു. ആയിരവല്ലിക്കുന്നിലെ 55 ഏക്കര്‍ സ്ഥലത്ത് 27 ക്വാറികളാണ് പ്രവര്‍ത്തിച്ചിരുന്നത്. കെഎസ്ആര്‍ടിസി ഡ്രൈവറായ നഗരൂര്‍ സ്വദേശി നന്ദു ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒറ്റയാള്‍ പോരാട്ടത്തിലൂടെ ക്വാറികളെല്ലാം പൂട്ടിച്ചു. എന്നാല്‍ അതേ സ്ഥലത്ത് അദാനി കമ്പനി പാറപൊട്ടിക്കാന്‍ എത്തുമ്പോള്‍ പ്രതിഷേധങ്ങള്‍ ഫലം ചെയ്യുമോ എന്ന സംശയമാണ് നന്ദുവിന്. "'
കടല്‍കാണി' പാറ എന്നാണ് ഞങ്ങള്‍ ആയിരവല്ലിപ്പാറയെ വിളിച്ചിരുന്നത്. മാനംമുട്ടുന്ന ഉയരത്തില്‍ നില്‍ക്കുന്ന ആയിരവല്ലിയുടെ മുകളില്‍ നിന്നാല്‍ അഞ്ചുതെങ്ങ് കടല് കാണാം. അതാണ് ആ പേര് വിളിക്കുന്നത്. പാറപൊട്ടിച്ച് പൊട്ടിച്ച് ഇപ്പോള്‍ കടലും ഇല്ല, കാണലുമില്ല. 27 ക്വാറികളാണ് ഈ കുന്നില്‍ പ്രവര്‍ത്തിച്ചിരുന്നത്. കൈത്തമര് അടിച്ച് പാറപൊട്ടിച്ച് തുടങ്ങിയതാണിവിടെ; 1970 കാലഘട്ടത്തില്‍. അന്ന് അത് ചെറിയ നിലയ്ക്കുള്ള പാറപൊട്ടിക്കല്‍ ആയിരുന്നു. അടുത്തുള്ളവര്‍ക്ക് വീടുവക്കാനുമൊക്കെ ഇവിടുന്ന് കല്ല് നല്‍കുന്ന ഏര്‍പ്പാടായിരുന്നു. പിന്നീട് അത് പതിയെ മാറാന്‍ തുടങ്ങി. 2000 ഒക്കെയായപ്പോള്‍ കൈത്തമര് മാറി മിഷ്യന്‍ ആയി. ജെസിബിയും ഹിറ്റാച്ചിയും വന്നു. പിന്നെ ഇത് ഒരു മാഫിയയുടെ കയ്യിലായി. ഭീമന്‍മിഷ്യനറികളും സ്‌ഫോടക വസ്തുക്കളുമായി. എങ്കിലും പരിസരവാസികള്‍ക്ക് എതിര്‍ക്കാന്‍ മടിയായിരുന്നു. ഒന്നാമത് 27 കോണ്‍ട്രാക്ടര്‍മാരും അടുത്തുള്ളവരാണ്; പിന്നെ  ഒന്നോരണ്ടോ പേര്‍ മാത്രം അവരുമായി എതിര്‍ത്ത് നില്‍ക്കാന്‍ ധൈര്യപ്പെടുകയുമില്ല. ക്വാറികള്‍ക്ക് തൊട്ടടുത്തായിരുന്നു എന്റെ വീട്. വീട്ടിലേക്ക് പാറച്ചീളുകള്‍ തെറിച്ച് വീണ് കേടുപാടുകള്‍ സംഭവിക്കാന്‍ തുടങ്ങി. പൊടി കൊണ്ട് ജീവിക്കാന്‍ പറ്റാത്ത അവസ്ഥയായി. സഹോദരിമാരുടെ മക്കള്‍ക്ക് പാറച്ചീള് വന്ന് വീഴുന്നത് ഭയന്ന് പുറത്തിറങ്ങി കളിക്കാന്‍ കൂടി പേടിയായി. അങ്ങനെ വന്നപ്പോള്‍ ഞാന്‍ ക്വാറിക്കെതിരെ ശബ്ദമുയര്‍ത്തി. അപ്പോള്‍ ജനപ്രതിനിധികളും ഉദ്യോഗസ്ഥരുമെല്ലാം വന്ന് ഇത് നാടിന് ഉപകാരമുള്ള സംഗതിയാണ്, വെറുതെ പ്രശ്‌നമുണ്ടാക്കി അത് ഇല്ലാതാക്കരുതെന്ന് അപേക്ഷിക്കും. ചീള് വീണ് ഓട് പൊട്ടിയാല്‍ ഓട് മാറ്റിത്തരാം എന്നൊക്കെ പറഞ്ഞ് പോവും. ഒരു ദിവസം പാറച്ചീള് വീണ് വീടിന്റെ മുകളില്‍ വച്ചിരുന്ന വെള്ളത്തിന്റെ ടാങ്ക് രണ്ടായിട്ട് പിളര്‍ന്നു. ഞാന്‍ പരാതി നല്‍കി. പരാതിയുമായി ചെല്ലുമ്പോള്‍ റവന്യൂ അധികൃതര്‍ക്കൊക്കെ തമാശപോലെയായിരുന്നു. ഒരു തഹസില്‍ദാര്‍ എഴുന്നേറ്റ് നിന്ന് എന്നെ തൊഴുക വരെ ചെയ്തു. പിന്നീട് ഞാന്‍ അതിനെ നിയമപരമായി നേരിടാന്‍ തീരുമാനിച്ചു. ആദ്യം മുന്‍സിഫ് കോടതിയില്‍ പോയി. അവിടെ നിന്ന് എനിക്ക് അനുകൂലമായ ഉത്തരവ് ലഭിച്ചു. പക്ഷെ എന്നിട്ടും ക്വാറി പ്രവര്‍ത്തനം തുടര്‍ന്നു. ഉദ്യോഗസ്ഥര്‍ കോടതിയെ ധരിപ്പിച്ചത് അവിടെ ക്വാറി പ്രവര്‍ത്തിക്കുന്നില്ല എന്നായിരുന്നു. അനധികൃതമായി പ്രവര്‍ത്തിക്കുന്ന ക്വാറികള്‍ക്കെതിരെ ഞാന്‍ ഹൈക്കോടതിയില്‍ പോയി. ഹൈക്കോടതി പാറപൊട്ടില്‍ സ്റ്റേ ചെയ്തു. പക്ഷെ അതുകൊണ്ടും കാര്യമുണ്ടായില്ല. കോടതിവിധിയെ മാനിക്കാതെ ക്വാറികള്‍ പ്രവര്‍ത്തിച്ചു. ഒടുവില്‍ എല്ലാ രേഖകളും സഹിതം ഞാന്‍ 20111 നവംബര്‍ 10-ന് അന്നത്തെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്പര്‍ക്ക പരിപാടിയില്‍ പോയി പരാതി നല്‍കി. അതോടെ ക്വാറികളുടെ പ്രവര്‍ത്തനം താത്ക്കാലികമായി നിര്‍ത്തിവച്ചു. അനധികൃതമായി ക്വാറി പ്രവര്‍ത്തിക്കാന്‍ കൂട്ടുനിന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ വിജിലന്‍സ് കേസും വന്നു. ഇപ്പോള്‍ വീണ്ടും ഖനനത്തിന് ഒരുങ്ങുകയാണ്. വിഴിഞ്ഞം പദ്ധതിക്കാണ്, അത് നാടിന്റെ ആവശ്യമാണ്, പാറ തെറിക്കില്ല, തലയില്‍ വീഴില്ല, അങ്ങനെ നിരവധി കാര്യങ്ങളാണ് അവര്‍ ഞങ്ങളോട് പറയുന്നത്. പശ്ചിമഘട്ടം എന്നത് സര്‍ക്കാരിന്റെ ബിസിനസ് സെന്ററാണ് ഇപ്പോള്‍. പശ്ചിമഘട്ടം തീറെഴുതി വിറ്റിട്ട് പോവുന്ന സര്‍ക്കാരിന് പാറമടകള്‍ ഒരു ബിസിനസ് മാത്രമാണ്. പക്ഷെ ഈ കുന്നും മലയും ഇരിക്കുന്നതാണ് ഞങ്ങളുടെ നാടിന്റെ അസ്തിത്വം. അതാണ് ഇല്ലാതാവാനും ഇല്ലാതാക്കാനും പോവുന്നത്."
മുമ്പ് 27 ക്വാറികള്‍ നിര്‍ത്തിയപ്പോള്‍ നാട്ടുകാരില്‍ ഭൂരിഭാഗവും ആ നടപടിയില്‍ രോഷാകുലരാവുകയാണ് ചെയ്തതെന്ന് ചില പ്രദേശവാസികള്‍ പറയുന്നു. പാറമടകളുമായി ബന്ധപ്പെട്ട് ഉപജീവനം കഴിച്ചുകൂട്ടിയിരുന്നവരാണ് പ്രദേശത്തെ  എഴുപത് ശതമാനത്തിലധികം പേരും. ടിപ്പര്‍ ലോറിക്കാരായിട്ടും സാധാരണ തൊഴിലാളികളായിട്ടും ക്വാറികളെ ആശ്രയിച്ച് ജീവിച്ചിരുന്നവര്‍ക്ക് ക്വാറികള്‍ പൂട്ടിയപ്പോള്‍ ജീവനോപാധി നഷ്ടപ്പെട്ടു. എന്നെങ്കിലും തങ്ങളുടെ പഴയജീവിതത്തിലേക്ക് മടങ്ങിപ്പോവാനാവുമെന്ന പ്രതീക്ഷ പ്രദേശത്തെ ചിലരെങ്കിലും വച്ചുപുലര്‍ത്തുന്നുണ്ട്. ഇതാണ് അദാനിക്കായി കുന്ന് വിട്ടുകൊടുക്കുകയാണെന്ന് അറിഞ്ഞിട്ടും ശക്തമായ പ്രതിഷേധം രൂപപ്പെടാത്തതിന് കാരണമെന്നും നാട്ടുകാര്‍ പറയുന്നു. ഷിബു തുടരുന്നു, "
തുടക്കത്തില്‍ പ്രതിഷേധമുണ്ടായിരുന്നെങ്കിലും പിന്നീട് പലരും ഉള്‍വലിഞ്ഞു. ആദ്യഘട്ടത്തില്‍ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും പ്രതിഷേധിക്കാന്‍ ഒന്നിച്ച് നിന്നിരുന്നെങ്കിലും അദാനിയുടെ പദ്ധതിയായതിനാല്‍ ബിജെപിയും സംസ്ഥാന സര്‍ക്കാര്‍ ഇടപെട്ട കേസായതിനാല്‍ സിപിഎമ്മും സമരത്തില്‍ നിന്ന് പിന്‍വാങ്ങി. നാട്ടുകാരിലും എതിര്‍പ്പില്ലാതായി. എഴുപത് ശതമാനം പേരും ക്വാറി വരുന്നതില്‍ കുഴപ്പമില്ലാത്തവരാണ്. സമരരംഗത്തുള്ള കുറച്ചുപേര്‍ക്ക് മാത്രമായി ഒന്നും ചെയ്യാനും കഴിയാത്ത സാഹചര്യമുണ്ട്."
ആയിരവല്ലി ക്ഷേത്രം ആയിരവല്ലിക്കുന്നിന്റെ മുകളിലാണ്. ക്വാറികള്‍ക്ക് വീണ്ടും അനുമതി നല്‍കുമ്പോള്‍ ചരിത്രപ്രസിദ്ധമായ ക്ഷേത്രം ഇല്ലാതാവുമോ എന്ന ആശങ്കയും നാട്ടുകാരില്‍ ചിലര്‍ക്കുണ്ട്. ക്ഷേത്രത്തില്‍ നിന്ന് 250 മീറ്റര്‍ മാറിയാണ് ക്വാറിക്കായി ഭൂമി അളന്നുതിരിച്ചിട്ടുള്ളതെങ്കിലും ക്ഷേത്രം തകരാനുള്ള സാധ്യത ചെറുതല്ലെന്ന് നാട്ടുകാരനായ രതീഷ് പറയുന്നു, "നാല് വശവും കുന്നുകളും പിന്നീട് വയലുമുള്ള അതിസുന്ദരമായ പ്രദേശമാണിത്. ഈ കുന്നുകളെ ചുറ്റി റോഡും ഉണ്ട്. താഴ് വാരത്തിലും കുന്നുകളോട് ചേര്‍ന്നും നിരവധിപേര്‍ തിങ്ങിപ്പാര്‍ക്കുകയും ചെയ്യുന്നു. നഗരൂര്‍ പഞ്ചായത്തിനോട് ചേര്‍ന്നുള്ള കരവാരം പഞ്ചായത്തില്‍ ഇപ്പോള്‍ പതിനഞ്ച് ക്വാറിയെങ്കിലും പ്രവര്‍ത്തിക്കുന്നുണ്ട്. അതിന്റെ വൈഷമ്യതകള്‍ ഞങ്ങളും കൂടി അനുഭവിക്കുന്നുണ്ട്. നാവായിക്കുളത്തെ ശങ്കരനാരായണ ക്ഷേത്രത്തിലെ ഉത്സവ സമയത്ത് ആയിരവല്ലിപ്പാറയുടെ മുകളിലുള്ള ആയിരവല്ലി ക്ഷേത്രത്തിലാണ് ആദ്യമെത്തുക. ഞങ്ങളെ സംബന്ധിച്ച് വലിയ പ്രാധാന്യമുള്ള ആരാധനാ കേന്ദ്രവും ആണ്. പാറ വന്‍തോതില്‍ പൊട്ടിക്കാന്‍ തുടങ്ങിയാല്‍ ഈ ക്ഷേത്രം നശിച്ചുപോകുമെന്ന ഭയം എല്ലാവരിലുമുണ്ട്. മുമ്പ് പാറപൊട്ടിച്ചിരുന്ന സമയത്ത് വീടുകളില്‍ വിള്ളലുകളുണ്ടായിരുന്നു. വന്‍ സ്‌ഫോടനത്തോടെയുള്ള പാറപൊട്ടിക്കല്‍ വലിയ ആഘാതം തന്നെ നാട്ടില്‍ ഉണ്ടാക്കും. ആയിരവല്ലിപ്പാറയിലൂടെ അരുവികളും നീര്‍ച്ചാലുകളുമുണ്ട്. ഇതുവഴി ഞങ്ങള്‍ക്ക് നല്ല ശുദ്ധമായ വെള്ളം സമൃദ്ധമായാണ് കിട്ടിക്കൊണ്ടിരിക്കുന്നത്. ഇനി അതെല്ലാം ഇല്ലാതാവും."


അനുമതി ലഭിക്കുകയും പ്രതിഷേധം തണുപ്പിക്കുകയും ചെയ്ത സാഹചര്യത്തില്‍ ഇനി ഏത് നിമിഷവും ക്വാറി തുടങ്ങുമെന്ന ആശങ്കയിലാണ് നഗരൂരിലെ ചിലരെങ്കിലും.

(അവസാനിച്ചു)

https://www.azhimukham.com/kerala-vizhinjam-port-adani-deadline-over-kerala-flood-quarries-report-by-arathi/

https://www.azhimukham.com/vizhinjam-port-project-financial-profit-adani-keralam-support-elias-john/

https://www.azhimukham.com/vizhinjam-port-project-fishemen-adani-group-kerala-government-aj-vijayan-2/

കെ.ആര്‍ ധന്യ

കെ.ആര്‍ ധന്യ

ചീഫ് ഓഫ് ബ്യൂറോ

Next Story

Related Stories