TopTop
Begin typing your search above and press return to search.

വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലുന്നു; ഇതാണ് കേരള വികസനം

വിശപ്പ് മാറിയ പൊതുജനം വിശപ്പ് മാത്രമുള്ള ആദിവാസിയെ തല്ലിക്കൊല്ലുന്നു; ഇതാണ് കേരള വികസനം

മധുവിനെ അടിച്ചുകൊന്ന സംഭവത്തിലെ പ്രധാന കുറ്റവാളികള്‍ ഭരണകൂടം തന്നെയാണ്. ആദിവാസികളെ ഇങ്ങനെ പൊതുജനങ്ങള്‍ക്ക് കയ്യേറാനും അക്രമിക്കാനും കൊല്ലാനും ഒക്കെ പറ്റുന്നത് ആദിവാസികള്‍ ദുര്‍ബലരും ഒന്നുമില്ലാത്തവരും ആണെന്നുള്ളത് കൊണ്ടാണ്. അവര്‍ക്ക് വീടില്ല, വിദ്യാഭ്യാസമില്ല, തൊഴിലില്ല. വിശപ്പ് മാത്രമേയുള്ളൂ. അങ്ങനെയുള്ള മനുഷ്യരെ ആര്‍ക്കും കൈകാര്യം ചെയ്യാം. വിശപ്പ് മാറിയ ഏത് മനുഷ്യനും അവരെ കൈകാര്യം ചെയ്യാം.

പൊതുജനം എന്നുപറയുന്നത് വിശപ്പില്ലാത്ത മനുഷ്യരാണെന്നാണ് ഞാന്‍ വിചാരിക്കുന്നത്. അവര്‍ക്ക് ഏതെങ്കിലുമൊക്കെ തരത്തിലുള്ള പ്രിവിലേജുകള്‍ ഉണ്ടാവും. ഒന്നുകില്‍ ജാതിയുടെ, അല്ലെങ്കില്‍ മതത്തിന്റെ, അതുമല്ലെങ്കില്‍ പണത്തിന്റെയോ, വിദ്യാഭ്യാസത്തിന്റെയോ, കയ്യൂക്കിന്റെയോ, കായികശേഷിയുടേയോ ഒക്കെ പ്രിവിലേജുകള്‍ അവര്‍ക്കുണ്ടാവും. ഭക്ഷണം കഴിച്ചാല്‍ മാത്രമേ കായികശേഷിയുണ്ടാവുകയുള്ളൂ. അങ്ങനെയുള്ള എല്ലാവരും പൊതുജനങ്ങളാണ്. ഏതെങ്കിലും തരത്തിലുള്ള അധികാരങ്ങളും അല്ലെങ്കില്‍ ഭരണകൂടത്തിന്റെ ഫേവറും അവര്‍ക്ക് ഉണ്ടാവും.

നമ്മുടെ നാട്ടിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും കൂടി സംയുക്തമായി മാറിമാറി ഭരിച്ച് ഉണ്ടാക്കിയിട്ടുള്ളതാണ് കേരളവികസനം. കേരളവികസനത്തെയാണ് നമ്മള്‍ ഇപ്പോള്‍ ചോദ്യം ചെയ്യേണ്ടത്. ശക്തമായിട്ട് തലതിരിച്ച് ചോദ്യം ചെയ്ത് അതിനെ കുടഞ്ഞെറിയേണ്ട കാലം കഴിഞ്ഞു. നാലേമുക്കാല്‍ ലക്ഷം ആദിവാസികളാണുള്ളത്. രോഗാതുരമായ ആദിവാസി സമൂഹത്തെ മരണത്തിലേക്കും കൊലപാതകത്തിലേക്കുമൊക്കെ തള്ളിവിടുന്ന തരത്തില്‍ ഇവിടെ മാറിമാറി വന്ന സര്‍ക്കാരുകള്‍ എന്തുതരം വികസനമാണ് ഇവിടെ നടപ്പാക്കുകയും വിഭാവനംചെയ്യുകയുമൊക്കെ ചെയ്യുന്നത്. നാലേമുക്കാല്‍ ലക്ഷം മനുഷ്യരുടെ ജീവിതപ്രശ്‌നം അല്ലെങ്കില്‍ അവരുടെ വിശപ്പിന്റെ പ്രശ്‌നം മാത്രം അഡ്രസ് ചെയ്യാന്‍ പറ്റാത്ത ഭരണകൂടങ്ങളും രാഷ്ട്രീയപാര്‍ട്ടികളും ക്രിമിനലുകളാണ്. പോലീസ് പിടിച്ചുവെന്ന് പറയുന്നത് 15 പ്രതികളെയാണ്. ഈ പ്രതികള്‍ പൊതുജനത്തിന്റെ പ്രതിനിധികള്‍ മാത്രമാണ്. പൊതുജനത്തിന് ഈ ധൈര്യം ലഭിച്ചത് ഇവിടെ ഭരിച്ച സര്‍ക്കാരുകളുടേയും അവരുടെ വികസന നയങ്ങളുടേയും ഒക്കെ ഭാഗമായി ലഭിച്ച അക്രമാസക്തിയില്‍ നിന്നാണ്. ആദിവാസി വിരുദ്ധമായ. നീചമായ അക്രമാസക്തിയില്‍ നിന്നാണ് അവര്‍ക്കത് ചെയ്യാന്‍ കഴിയുന്നത്. ചോദിക്കാനും പറയാനും ആരുമില്ല എന്ന ധാരണ തന്നെയാണ് പ്രശ്‌നം.

മധുവിനെതിരെ മോഷണക്കുറ്റമാണ് ആരോപിച്ചിട്ടുള്ളത്. ആദിവാസികളുടെ ജീവിതത്തിലും സംസ്‌കാരത്തിലും മോഷണം എന്ന് പറയുന്നതില്ല. അവര് പ്രകൃതിയില്‍ നിന്ന് എടുക്കുകയാണ് ചെയ്യുന്നത്. ഒന്നും അമിതമായി ചൂഷണം ചെയ്യുന്നുമില്ല. വിശപ്പ് മാറാനുള്ള സാധനം മാത്രം, എന്താണോ മുന്നില്‍ കാണുന്നത് അത് എടുക്കുകയാണ് ചെയ്യുന്നത്. വയനാട്ടിലെ ആദിവാസി ഊരുകളില്‍ നിരന്തരം പോവുകയും പ്രവര്‍ത്തിക്കുകയും ചെയ്യുന്നയാള്‍ എന്ന നിലയില്‍ എനിക്കത് പരിചയമുണ്ട്. അവിടെ എപ്പോഴും ഒരു അമ്മാമ്മയെ ഞാന്‍ കാണാറുണ്ട്. അവരെ പിന്തുടരുന്ന സമയങ്ങളില്‍ അപ്പുറത്തെ വലിയ പണക്കാരുടെ വീടുകളിലൊക്കെ വീണുകിടക്കുന്ന ഓലമടലുകളും തേങ്ങയും ഒക്കെ എടുക്കുന്നത് കണ്ടിട്ടുണ്ട്. അങ്ങനെ എടുക്കുന്നത് കാണുമ്പോള്‍ ചിലര്‍ ചീത്ത പറയാറുമുണ്ട്. അവര് ചീത്തപറയുന്നുണ്ടല്ലോ, പിന്നെ എന്തിനാണ് ഇതൊക്കെ എടുക്കുന്നതെന്ന് അവരോട് ചോദിച്ചപ്പോള്‍, അത് ഞാന്‍ കക്കുന്നതല്ല മോളേ, അതവിടെ കിടക്കുകയാണ്, അത് എനിക്കെടുത്തൂടെ എന്ന മറുപടിയാണ് അവര്‍ പറഞ്ഞത്. അതേ ചിന്താഗതിയാണ് ആദിവാസികള്‍ക്കെല്ലാം. അവരുടെ ഭൂമിയും വിഭവങ്ങളും കാടും മുഴുവന്‍ നാട്ടുകാരായ മനുഷ്യര്‍ കയ്യടക്കിവച്ചെങ്കിലും അവര്‍ പലരും ഇപ്പോഴും അതേ പഴയബോധത്തില്‍ തന്നെയാണ് നില്‍ക്കുന്നത്. പ്രത്യേകിച്ചും കാടിനോട് ചേര്‍ന്ന് കിടക്കുന്ന മനുഷ്യര്‍. അവര്‍ക്ക് ജീവിക്കാനും ഭക്ഷണം കഴിക്കാനുമുള്ളതാണ് പ്രകൃതി കൊടുക്കുന്നതെന്നാണ് അവരുടെ ചിന്താഗതി. അത് മോഷണമായി അവര്‍ കണക്കാക്കുന്നില്ല. മോഷണം എന്ന് പറയുന്നത് ആധുനികന്റെ, പൊതുജനത്തിന്റെ സങ്കല്‍പ്പമാണ്. സ്വന്തമാക്കി എല്ലാം പൂട്ടിവക്കുകയും അഴിമതി കാണിക്കുകയും കൊള്ളയടിക്കുകയുമൊക്കെ ചെയ്യുന്നത് പൊതുജനത്തിന്റെ സ്വഭാവമാണ്. ആദിവാസികള്‍ കൊള്ളക്കാരോ മോഷ്ടാക്കളോ കൊലയാളികളോ അല്ല. അവരെ ഏതെങ്കിലും തരത്തില്‍ അങ്ങനെ ആക്കുന്നുണ്ടെങ്കില്‍ അത് ഇവിടുത്തെ ഭരണരാഷ്ട്രീയ വര്‍ഗമാണ്. അതില്‍ ഇവരെയല്ല കുറ്റവാളികളാക്കേണ്ടത്.

ആദ്യം ഇവര്‍ ആദിവാസികളുടെ വിശപ്പ് മാറ്റട്ടെ. അതിനുള്ള ഇച്ഛാശക്തി ഇവിടുത്തെ രാഷ്ട്രീയപ്പാര്‍ട്ടികള്‍ക്കോ സര്‍ക്കാരിനോ ഉണ്ടോ എന്നതാണ് പ്രധാന ചോദ്യം. വിശക്കാത്ത ആദിവാസി ഒരാളുടേയും സാധനമെടുക്കാന്‍ പോവില്ല. ഇനി ഇവരില്‍ പലര്‍ക്കും ആദിവാസികളുടെ വിശപ്പ് മാറ്റുക എന്നതിന്റെ അര്‍ഥം മനസ്സിലാവുന്നുമില്ല. വിശപ്പ് മാറ്റണമെങ്കില്‍ ഒരുപാട് ഘടകങ്ങളുണ്ട്. ആ ഘടകങ്ങളെക്കുറിച്ച് യാതൊരു ബോധ്യവുമില്ലാത്തവരാണ് ഇവിടെ വികസനം നടപ്പാക്കുന്നത്. വിശപ്പ് എന്ന് പറയുന്നത് വെറും വിശപ്പ് മാത്രമല്ല. വിശപ്പ് മാറണമെങ്കില്‍ നല്ല വീട് വേണം, കൃഷി ചെയ്യാന്‍ പറ്റണം, അതിനുള്ള ജ്ഞാനവും സാങ്കേതികവിദ്യയും വേണം, മറ്റ് അന്തരീക്ഷം വേണം, അധികാരം വേണം. അല്ലാതെ ഒരു നേരം ഒരു രൂപയുടെ റേഷനരി കൊടുത്തതുകൊണ്ട് മാത്രം വിശപ്പ്

മാറില്ല. ഇവിടുത്തെ ഭരണകൂടങ്ങളേയും രാഷ്ട്രീയപ്പാര്‍ട്ടികളേയും അല്ലെങ്കില്‍ പൊതുജനത്തെ മുഴുവന്‍ വിശപ്പിന്റെ നിര്‍വചനം പഠിപ്പിക്കേണ്ടിയിരിക്കുന്നു.


Next Story

Related Stories