TopTop
Begin typing your search above and press return to search.

പൊതുസമൂഹമേ, ഒരു ജനത കുടിച്ചു കുടിച്ചു മരിക്കാതിരിക്കാന്‍ ഈ ആദിവാസി അമ്മമാര്‍ കാവലിരിക്കുകയാണ്; സമരപ്പന്തലില്‍

പൊതുസമൂഹമേ, ഒരു ജനത കുടിച്ചു കുടിച്ചു മരിക്കാതിരിക്കാന്‍ ഈ ആദിവാസി അമ്മമാര്‍ കാവലിരിക്കുകയാണ്; സമരപ്പന്തലില്‍

നിരവധിയായ അവകാശപ്രഖ്യാപനങ്ങളുടെ ആഘോഷ പരിപാടികള്‍ക്കിടയില്‍ പൊതു സമൂഹവും ഭരണകൂടവും നീതി നിരാകരിച്ചവരാണ് നമ്മുടെ നാട്ടിലെ ആദിമ ഗോത്ര ജനത. ഈ മാസം സെപ്റ്റംബര്‍ 13 - തദ്ദേശീയ ജനതയുടെ അവകാശങ്ങള്‍ സംബന്ധിച്ച് ഐക്യരാഷ്ട്ര സഭാ പ്രഖ്യാപനത്തിന്റെ പത്താം വാര്‍ഷിക ദിനത്തിലും 610 ദിവസം പിന്നിടുന്ന, വയനാട്ടിലെ ആദിവാസി അമ്മമാരുടെ സമരം നീതി വിതരണം ചെയ്യുന്നതിലെ വിഭാഗീയ രാഷ്ട്രീയം പറഞ്ഞു തരുന്നുണ്ട്.

വയനാട് മാനന്തവാടിയിലെ ബിവറേജ് ഔട്ട് ലെറ്റിനെതിരെ ആദിവാസി അമ്മമാര്‍ നടത്തുന്ന സമരം 610 ദിവസം പിന്നിടുകയാണ്. മാനന്തവാടി താലൂക്കിലെ വള്ളിക്കൂര്‍കാവ് റോഡില്‍ പ്രവര്‍ത്തിക്കുന്ന ബിവറേജ് ഔട്ട് ലെറ്റിനു മുന്‍പിലാണ് ഇവരുടെ സമരം. ജില്ലാ ഭരണകൂടത്തിന്റെ നേതൃത്വത്തില്‍ തദ്ദേശീയ ജനതയുടെ ഐക്യരാഷ്ട്ര അവകാശ പ്രഖ്യാപനത്തിന്റെ വാര്‍ഷികാഘോഷങ്ങള്‍ തകൃതിയായി നടക്കുമ്പോഴും ഇവരുടെ സമരം ഒരുതരം സാമൂഹിക ചര്‍ച്ചയ്ക്കും സാധ്യത നല്‍കാത്ത വിധത്തില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ അവഗണിക്കുകയാണ്. ഭൂമിക്ക് വേണ്ടി, കിടപ്പാടങ്ങള്‍ക്ക് വേണ്ടി, ന്യായമായ ജീവിത സ്വാതന്ത്ര്യത്തിനു വേണ്ടി ആദിവാസികളും ദലിതുകളും പിന്നാക്കക്കാരും നടത്തുന്ന ഏതൊരു പ്രതിഷേധങ്ങളെയും പൊതു സമൂഹത്തിന്റെ സമ്മതിയോടെ നമ്മുടെ ഭരണകൂടങ്ങള്‍ സുന്ദരമായി പൊളിച്ചതാണ് ചരിത്രങ്ങള്‍. പലയിടത്തും മദ്യഷാപ്പുകള്‍ ജനാവാസ പ്രദേശങ്ങളില്‍ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട് സമരങ്ങള്‍ നടന്നിട്ടുണ്ട്, നടക്കുന്നുമുണ്ട്; അവയെല്ലാം മിക്കതും മാറ്റപ്പെടുകയും ചെയ്തു. അവിടെ സമരം ചെയ്യുന്നത് സര്‍ക്കാരില്‍ നേരിട്ടിടപെടുന്ന പൊതുസമൂഹത്തിന്റെ പ്രതിനിധികളാണ്. എന്നാല്‍ ഇവിടെ സമരരംഗത്തുള്ളത് അവകാശപ്പെട്ട ആനുകൂല്യങ്ങള്‍ പോലും ഔദാര്യമായി ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട ആദിവാസികളാണ്.

2016- ജനുവരി 26നാണ് ബിവറേജസ് ഔട്ട്ലെറ്റ് അടച്ച് പൂട്ടണമെന്നാവശ്യപ്പെട്ട് സമരമാരംഭിച്ചത്. തുടക്കത്തത്തില്‍ ആവേശകരമായ പിന്തുണയായിരുന്നു സമരത്തിന്. റെസിഡന്‍ഷ്യല്‍ അസോസിയേഷനുകള്‍, വിവിധ മദ്യവിരുദ്ധ സംഘടനകള്‍, സംസ്‌കാരിക സംഘടനകള്‍ മതസംഘടനകള്‍ ഇവയുടെ സഹായ സഹകരണങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇത് പിന്നീട് പടിപടിയായി ഇല്ലാതായി. ഈ ആദിവാസി അമ്മമാരുടെ സമരത്തെ പരിഹസിക്കുകയും വ്യാജ പരാതികള്‍ ഉന്നയിക്കുകയും ചെയ്യുന്ന പൊതു സമൂഹത്തെയാണ് പിന്നീട് കാണുന്നത്. ഇതോടെ വലിയൊരു വിഭാഗം സമരത്തില്‍ നിന്ന് പിന്‍മാറി. 2016 ആഗസ്റ്റ് 11ന് ജില്ല കലക്ടര്‍ ബിവറേജസ് ഔട്ട്ലെറ്റ് മാറ്റണമെന്ന് ഉത്തരവിട്ടെങ്കിലും ഹൈക്കോടതി ഇത് സ്റ്റേ ചെയ്തു. തുടര്‍ന്ന് ബിവറേജസ് കോര്‍പ്പറേഷന്റെ പരാതിയില്‍ 2017 ഏപ്രില്‍ 3 ന് സമരക്കാരുടെ ഉപരോധസമരത്തിനു നേരേ ജാമ്യമില്ല വകുപ്പുകള്‍ പ്രകാരം കേസെടുത്ത് റിമാന്റ് ചെയ്തു. പിന്നീട് ജാമ്യം ലഭിച്ചെങ്കിലും ഔട്ട്ലെറ്റ് പരിസരത്ത് പ്രവേശിക്കരുതെന്ന നിബന്ധനയുള്ളതിനാല്‍ സമരം ഏപ്രില്‍ 17 മുതല്‍ സബ്ബ് കലക്ടര്‍ ഓഫീസിനു മുന്നിലേക്ക് മാറ്റുകയായിരുന്നു.

തങ്ങളുടെ സമുദായത്തിന്റെ എല്ലാ തരത്തിലുള്ള പുരോഗതികളെയും തടയുന്നത് മദ്യമാണെന്ന ജീവിതാനുഭവത്തില്‍ നിന്നാണ് ഇന്ന് ഈ സമരപന്തലില്‍ ശേഷിക്കുന്ന മാക്കമ്മയും വെള്ള സോമനും നിലയുറപ്പിക്കുന്നത്.

''ഒന്നും മോഹിച്ചിട്ടല്ല ഈ സമരപ്പന്തലില്‍ പതിവുകാരിയായി ഇരിക്കുന്നത്. കുടിച്ച് കുടിച്ചാണ് എന്റെ കെട്ട്യോന്‍ മരിച്ചത്. പിന്നെ രണ്ട് പെണ്‍കുട്ട്യോളെ പോറ്റാന്‍ ഞാന്‍ പെട്ട പാട് കുറച്ചൊന്നുമ്മല്ല. കോളനി വാതില്‍ക്കല്‍ നിന്ന് ഈ മദ്യഷാപ്പ് മാറ്റണമെന്ന ആവശ്യത്തില്‍ നിന്ന് ഒരു മാറ്റവുമില്ല. ആളും ബഹളവും കുറഞ്ഞാലും ഞങ്ങളുടെ മുദ്രാവാക്യം മാറുകയേയില്ല''- സമര നേതാവും പയ്യമ്പള്ളി അറിയ കോളനിയില്‍ താമസിക്കുന്ന വെള്ള സോമന്‍ പറഞ്ഞു.

''ഞങ്ങളും മനുഷ്യരല്ലേ മോനേ, സാധാരണ എല്ലാരെയും പോലും ഞങ്ങള്‍ ആദിവാസികള്‍ക്കും ജീവിക്കേണ്ടേ? വെള്ളച്ചി തുടര്‍ന്നു. വല്ലപ്പോഴും കിട്ടുന്ന കൂലിപ്പണിക്ക് പോയി വന്നാല്‍ കിട്ടുന്ന പൈസയ്ക്ക് മുഴുവന്‍ കുടിക്കും. വീട്ടില്‍ അരിയുണ്ടോ ഉപ്പുണ്ടോ ആരെങ്കിലും എന്തെങ്കിലും കഴിച്ചോ എന്നൊന്നും ഇവര് നോക്കില്ല. ബോധമില്ലാതെ കയറി വന്ന് അടിയും ബഹളവും. ഇത് എന്റെ വീട്ടില് മാത്രമല്ല കെട്ടോ. ചുറ്റുമുള്ള മിക്ക കോളനികളിലും ഇതു തന്നെയാണ് അവസ്ഥ. മുതിര്‍ന്ന ആണുങ്ങള്‍ക്ക് ഒന്നും ബോധമുണ്ടാകില്ല. ഇപ്പോള്‍ സ്ഥിതി കുറേ കൂടി മാറി സ്‌കൂളില്‍ പോകുന്ന കുട്ടികളും കുടി തൊടങ്ങി. അങ്ങനെ സഹികെട്ടാണ് ഞങ്ങള് എട്ട് പത്ത് പേര് ഈ സമരം തുടങ്ങിയത്. ഇന്ന് അത്രേം പേരില്ല എങ്കിലും സമരം നിര്‍ത്താനൊന്നും ഞങ്ങള്‍ക്ക് ഉദ്ദേശ്യമില്ല. ഞങ്ങളുടെ സമരത്തെ സര്‍ക്കാര് തിരിഞ്ഞു നോക്കാത്തത് കഷ്ടം തന്നെയാണ്'- വെള്ള സോമന്‍ പറയുന്നു.

ഇങ്ങനെയാണ് ആദിവാസി ജനത വ്യവസ്ഥാപിത രാഷ്ട്രിയ രീതിയോട് കലഹിച്ചു സമരം തുടങ്ങിയ ഇടങ്ങളിലൊക്കെ നടക്കുന്നത്. ഇവിടെയും അങ്ങനെ ഈ ആദിവാസി പ്രതിഷേധങ്ങളെ ഏറ്റെടുക്കേണ്ടവര്‍ മുഖം തിരിക്കുകയും പരിഹസിക്കുകയുമാണ്.

"ഞങ്ങളുടെ കെട്ട്യോന്‍മാരെയും ചെക്കന്‍മാരെയും കുടിയന്‍മാരാക്കിയതും പോരാഞ്ഞ് ഇപ്പോ അവരെ കള്ള് വാങ്ങുന്നവരുമാക്കി മാറ്റിയിരിക്കുന്നു. നേരം വെളുത്താല്‍ മദ്യം വാങ്ങാന്‍ ക്യൂ നില്‍കുകയാണ് എല്ലാവരും''- മറ്റൊരു സമര നേതാവ് മാക്കമ്മയെന്ന ആദിവാസിയമ്മ പറയുന്നു.

"അതിന് ചെറിയവരൊന്നും വലിയവരെന്നുമുള്ള വേര്‍തിരിവൊന്നുമില്ല. സ്‌കൂളില്‍ പോകാതെ കുട്ടികളടക്കമുള്ളവര്‍ മദ്യം വാങ്ങി കൊടുക്കാന്‍ നില്‍ക്കും. മദ്യം ക്യൂ നിന്ന് വാങ്ങി നല്‍കിയാല്‍ 10-ഉം 20-ഉം കൊടുക്കും, മിക്കവാറും ഒരു പെഗ്ഗും. അതു കൊണ്ട് തന്നെ എല്ലാരും ഇതിന്റെ പുറകെയാണ്. സ്‌കൂളില്‍ പഠിക്കുന്ന കുട്ടികള്‍ വരെ ചില ദിവസങ്ങളില്‍ പൂസായി വീട്ടില്‍ വരും. എന്തു ചെയ്യും ഞങ്ങള്. കുടിക്കാത്ത ആരും ഇല്ലാത്ത അവസ്ഥയാണ് ഉള്ളത്. പൈസയില്ലെങ്കിലും മദ്യം വാങ്ങാന്‍ വരുന്നവര്‍ പണം കൊടുക്കുന്നതു കൊണ്ട് ഇവര്‍ ഇതൊരു വരുമാന മാര്‍ഗ്ഗം പോലെ സ്വീകരിച്ചിട്ടുണ്ട്. എങ്ങനെ ഞങ്ങള്‍ ജീവിക്കും. പിന്നെ ഞങ്ങടെ സമരത്തെ കളിയാക്കുന്നവരും തള്ളിപ്പറയുന്നവരും ഞങ്ങളുടെ കുടുംബങ്ങളിലും കോളനികളിലും ഈ മദ്യപാനം കൊണ്ട് ഉണ്ടാവുന്ന ദുരിതങ്ങള്‍ കാണുന്നില്ല. എന്തായാലും ഈ സമരപ്പന്തലില്‍ ഇനി ആള് നിറയുമെന്ന പ്രതീക്ഷയൊന്നും ഞങ്ങള്‍ക്കില്ല. എന്തായാലും സമരം തുടരുക തന്നെ ചെയ്യും"-മാക്കാമ്മ പറയുന്നു.

"ജില്ലയിലെ ആദിവാസി വിഭാഗങ്ങളില്‍ മദ്യപാനം ഉണ്ടാക്കുന്ന പ്രശ്‌നങ്ങള്‍ വളരെ വലുതാണ്. പണിയ വിഭാഗങ്ങളില്‍ മദ്യപിച്ച് മരണപ്പെടുന്നത് നിത്യസംഭവമാണ്. ഇവരുടെ ജനസംഖ്യയില്‍ വല്ലാത്ത കുറവാണ് ഒരോ വര്‍ഷവും കാണുന്നത്. ഇത് വല്ലാത്ത ആശങ്കയുണ്ടാക്കുന്നതാണ്" -അമ്പലവയലിലെ ഊര് എഡ്യൂക്കേഷപ്പണല്‍ സൊസൈറ്റിയിലെ ആദിവാസി സാമൂഹിക പ്രവര്‍ത്തക കൂടിയായ കെ. അമ്മിണി പറയുന്നു.

"മുതിര്‍ന്നവരെന്നോ കുട്ടികളെന്നോ ഭേദമില്ലാതെയാണ് ജില്ലയിലെ ആദിവാസി സമൂഹത്തില്‍ മദ്യപാനത്തിന്റെ വ്യാപനം. ആദിവാസി സ്ത്രീകളില്‍, യുവതികളില്‍, കുട്ടികളില്‍ ഒക്കെ മദ്യഉപയോഗം വ്യാപകമാണ്. പ്രായമായ സ്ത്രീകളും ആദിവാസി യുവതികളും മദ്യപിച്ച് ലക്ക് കെട്ട് പാതിരാത്രിയില്‍ റോഡില്‍ ബോധരഹിതരായി കിടക്കുന്നത് പലപ്പോഴും പതിവാണ്. പലപ്പോഴും പല ചൂഷണങ്ങള്‍ക്കും വഴിവെക്കുന്നതും ഇത്തരം സാഹചര്യങ്ങളാണ്. പോലീസുകാരാണ് പലപ്പോഴും ഇവരെ കോളനിയിലെത്തിക്കാറ്. കോളനിക്ക് മുന്‍പിലും സമീപ പ്രദേശങ്ങളിലും മദ്യഷാപ്പ് വന്നാല്‍ ഇത്തരക്കാര്‍ വെറുതെ ഇരിക്കുമോ. അതു കൊണ്ട് തന്നെയാണ് ആദിവാസി സ്ത്രീകളുടെ ഇടയില്‍ നിന്ന് ഇതിനെതിരെ പ്രതിഷേധങ്ങള്‍ ഉയര്‍ന്ന് വരുന്നത്. മറ്റ് പലയിടങ്ങളിലും ഇത്തരം സമരങ്ങള്‍ നടക്കുമ്പോള്‍ സര്‍ക്കാര്‍ ഇടപ്പെടാറുണ്ട്. പരിഹരിക്കാന്‍ ശ്രമങ്ങള്‍ നടത്താറുണ്ട്. എന്നാല്‍ മാനന്തവാടിയിലെ സമരത്തെ സര്‍ക്കാര്‍ ഒരു തരത്തിലും പരിഗണിച്ചിട്ടില്ല. ആദിവാസികളാണ് സമരപ്പന്തലില്‍ എന്നു കരുതിയാണോ ഈ പരിഗണനയില്ലായ്മ്മ എന്ന് തോന്നിയിട്ടുണ്ട്. ആദിവാസി കോളനികളില്‍ മദ്യം വിളമ്പി ഇവരെ ചൂഷണം ചെയ്യുന്നവരെ കണ്ടെത്താന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയ്യാറാവണം. പണിക്ക് വിളിക്കുമ്പോള്‍ പെട്ടെന്ന് എത്താന്‍ ഓഫര്‍ ചെയ്യുന്നത് കുപ്പി വാങ്ങി തരാം എന്നാണ്. ഇതൊക്കെ അവസാനിപ്പിക്കണമെങ്കില്‍ പൊതുസമൂഹത്തിന്റെ ഭാഗമായി ആദിവാസി ജനതയെ കാണാന്‍ ശ്രമിക്കണം. അവരെ സര്‍ക്കാരിന്റെ സൗജന്യം പറ്റികളായി മാത്രം ചിത്രീകരിക്കരുത്"- അമ്മിണി പറഞ്ഞു.

മാനന്തവാടി സബ്കളക്ടര്‍ ആഫീസിന് മുന്നില്‍ തിരക്കൊഴിയാത്ത റോഡിന് ഓരം ചേര്‍ന്ന് കഷ്ടിച്ച് മുന്ന് പേര്‍ക്കിരിക്കാന്‍ മാത്രം സൗകര്യമുള്ള പ്ലാസ്റ്റിക്ക് ഷീറ്റിനുള്ളില്‍ ആദിവാസി വീട്ടമ്മമാരായ വെള്ളസോമനും മക്കമ്മയും സമരത്തിലാണ്. ഒരുപക്ഷെ തങ്ങളുടേത് മാത്രമല്ലാത്ത ആവശ്യത്തിന് വേണ്ടി ജില്ലയില്‍ തന്നെ ആദിവാസികള്‍ നടത്തുന്ന സമരങ്ങളില്‍ ഏറ്റവും ദൈര്‍ഘ്യമേറിയ സമരമാണിത്. നാടു നീളെ മദ്യഷാപ്പുകള്‍ തുറക്കാന്‍ സര്‍ക്കാര്‍ നയങ്ങളില്‍ പോലും മാറ്റങ്ങള്‍ വരുത്തുമ്പോഴും അക്ഷരാഭ്യാസം പോലുമില്ലാത്ത വീട്ടമ്മമാരുടെ പ്രതീക്ഷകളില്‍ മങ്ങലില്ല. പരാജയപ്പെട്ട സമരങ്ങളുടെ പട്ടികയിലേക്ക് എഴുതി തള്ളുന്നതിന് മുമ്പായി, ഈ സമരം ചരിത്രത്തിന്റെ ഭാഗമായി മാറുമെന്ന പ്രതീക്ഷയുണ്ടിവര്‍ക്ക്.

സമരപ്പന്തലില്‍ വെച്ച് അന്ത്യം സംഭവിക്കണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ഓരോ ദിവസവും സമരപ്പന്തലില്‍ അര്‍ദ്ധ പട്ടിണിയില്‍ ഇവര്‍ കഴിയുന്നത്. രാവിലെ വീട്ടില്‍ നിന്നും കഴിക്കുന്ന ഭക്ഷണത്തിന് പുറമെ വൈകുന്നേരത്തിനിടെ ആരെങ്കിലും അഭ്യുയകാംക്ഷികള്‍ കനിവ് കാട്ടിയാല്‍ മാത്രമാണ് ഇവര്‍ ചായ പോലും കഴിക്കുന്നത്. നേരത്തെ ബീവറേജസ് ഔട്ലറ്റിന് മുന്നിലെ പന്തലില്‍ സമരം നടത്തുമ്പോള്‍ വീട്ടില്‍ നിന്നും അരിയുമായെത്തി കഞ്ഞി വെച്ച് കഴിക്കുകയായിരുന്നു പതിവ്. എന്നാല്‍ പോലീസ് ചാര്‍ജ്ജ് ചെയ്ത കനത്ത വകുപ്പുകളെ തുടര്‍ന്ന് റിമാന്റിലായ വീട്ടമ്മമാര്‍ക്ക് പ്രദേശത്ത് കടക്കരുതെന്ന വ്യവസ്ഥയോടെ ജാമ്യം ലഭിച്ചപ്പോള്‍ സമരപ്പന്തലില്‍ പോകാന്‍ കഴിയാത്ത അവസ്ഥ വന്നെത്തുകയായിരുന്നു. കമല വെള്ളമുണ്ട, ചിട്ടാങ്കി, ജോച്ചി, സുശീല തുടങ്ങിയ ആദിവാസി വീട്ടമ്മമാരും ഇപ്പോള്‍ സമരരംഗത്തുണ്ട്.

എല്ലാവരും ചേര്‍ന്ന് ഈ ആദിവാസി അമ്മമാരുടെ സമരത്തെ തോല്‍പ്പിച്ചു കൊണ്ടിരിക്കുകയാണ്.


Next Story

Related Stories