UPDATES

കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിച്ചത് ബിജെപി? ശ്രീധരൻ പിള്ള നിതിൻ ഗഡ്കരിക്ക് എഴുതിയതെന്ന് ആരോപിക്കപ്പെടുന്ന കത്ത് പുറത്ത്

കേരളത്തിലെ എൻഎച്ച് 66 നാലുവരിയാക്കുന്ന പദ്ധതിക്ക് കഴിഞ്ഞദിവസമാണ് കേന്ദ്രം തടയിട്ടത്.

കേരളത്തിലെ ദേശീയപാതാ വികസനം അട്ടിമറിക്കാൻ ബിജെപി സംസ്ഥാന അധ്യക്ഷൻ പിഎസ് ശ്രീധരൻ പിള്ള കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് കത്തെഴുതിയെന്ന് ആരോപണം. ശ്രീധരൻ പിള്ള എഴുതിയതെന്നാരോപിക്കപ്പെടുന്ന കത്തിന്റെ പകർപ്പ് കൈരളി ന്യൂസ് പ്രസിദ്ധീകരിച്ചു. 2018 സെപ്തംബർ 14 ആണ് കത്തിൽ രേഖപ്പെടുത്തിയിരിക്കുന്ന തിയ്യതി. ബിജെപി സംസ്ഥാന പ്രസിഡണ്ടിന്റെ ലെറ്റർ പാഡിലാണ് കത്തെഴുതിയിരിക്കുന്നത്.

എൻഎച്ച് 66നു വേണ്ടി ദേശീയപാതാ അതോരിറ്റിയുടെ സ്ഥലമേറ്റെടുക്കലുമായി ബന്ധപ്പെട്ടുള്ള പ്രതിഷേധങ്ങൾ ചൂണ്ടിക്കാട്ടിയാണ് കത്ത്. ഇടപ്പള്ളി – മൂത്തകുന്നം റോഡിലെ സ്ഥലം ഏറ്റെടുക്കല്‍ നിർത്തി വെക്കണമെന്നാണ് കത്തിലെ ആവശ്യം. ഈയടുത്തകാലത്തുണ്ടായ പ്രളയം കൂടി കണക്കിലെടുത്താകണം ഇതിൽ മുമ്പോട്ടു പോകേണ്ടതെന്നും കത്ത് സൂചിപ്പിക്കുന്നുണ്ട്.

കണ്ണൂരിലെ ദേശീയപാതാ വികസനത്തിനെതിരെ ജനകീയ പ്രക്ഷോഭമുള്ളതും കത്തിൽ സൂചിപ്പിക്കുന്നു. ‘എൻഎച്ച് 17 സംയുക്ത സമിതി’ എന്ന സംഘടനയുടെ പേരും കത്തിൽ പരാമർശിക്കുന്നുണ്ട്. ഇവര്‍ക്കെല്ലാം വേണ്ടിയാണ് കത്ത് എന്നാണ് പറയുന്നത്.

ദേശീയപാതാ വികസനം 2021നു ശേഷമെന്ന് കേന്ദ്രം

കേരളത്തിലെ എൻഎച്ച് 66 നാലുവരിയാക്കുന്ന പദ്ധതിക്ക് കഴിഞ്ഞദിവസമാണ് കേന്ദ്രം തടയിട്ടത്. മുൻഗണനാ പട്ടികയിൽ നിന്ന് കേരളത്തെ ഒഴിവാക്കുകയായിരുന്നു. കാസറഗോഡ് ഒഴികെയുള്ള ജില്ലകളിലെ സ്ഥലമെടുപ്പ് നിർത്തിവെക്കാനാണ് ദേശീയപാതാ അതോരിറ്റിയുടെ ഉത്തരവ്. ഇതോടെ അടുത്ത രണ്ട് വർഷത്തേക്ക് തുടർനടപടികളൊന്നും ഉണ്ടാകില്ലെന്ന നിലയാണ്. നിലവിലെ എൽഡിഎഫ് സർക്കാരിന്റെ കാലാവധി തീർന്നതിനു ശേഷമേ ഇനി നടപടിയുണ്ടാകൂ എന്ന നിലയാണുള്ളത്.

സർക്കാരിന്റെ കാലാവധി പൂർത്തിയാകുന്ന 2021നകം പദ്ധതി പൂർത്തീകരിക്കാനാണ് സംസ്ഥാന സര്‍ക്കാർ ശ്രമിച്ചു വന്നിരുന്നത്. സ്ഥലമെടുപ്പു നടപടികൾ തെക്കൻ ജില്ലകളിൽ 80 ശതമാനവും പൂർത്തിയായിട്ടുണ്ട്. വടക്കൻ ജില്ലകളിൽ 60 ശതമാനവും പൂർത്തിയായിരിക്കുകയാണ്. ആകെ 1111 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതായിട്ടുണ്ട്. സ്ഥലമെടുപ്പ് വൈകുന്തോറും ഭൂമിവില വർധിക്കും. സംസ്ഥാനം സ്ഥലമേറ്റെടുപ്പ് സുഗമമാക്കിയിട്ടും കേന്ദ്രം പിന്തിരിഞ്ഞിരിക്കുകയാണെന്ന് മന്ത്രി ജി സുധാകരൻ പറഞ്ഞു. ട

കേന്ദ്രത്തിന്റെ നീക്കത്തിനു പിന്നിൽ രാഷ്ട്രീയമുണ്ടോയെന്ന സംശയം നേരത്തെ തന്നെ നിലവിലുണ്ടായിരുന്നു. ഇതിനിടെയാണ് പുതിയ റിപ്പോർട്ടുകൾ വരുന്നത്.

മോസ്റ്റ് റെഡ്


എഡിറ്റേഴ്സ് പിക്ക്


Related news


Share on

മറ്റുവാര്‍ത്തകള്‍